ഞാൻ, സുരേഷേട്ടൻ മുൻപ് പറഞ്ഞൊരു കഥയെക്കുറിച്ച് ചിന്തിച്ചതാണ്.'”എന്താണ്?” അത് മുൻപൊരിക്കൽ നമ്മളൊരുമിച്ച്‌ ദുബായിൽ ഉണ്ടായിരുന്നപ്പോൾ…..

ചക്രം

Story written by Jayachandran N T

”എന്താ ആലോചിക്കുന്നത്?”.രാത്രിജോലികളൊതുക്കി ലൈറ്റുകളുമണച്ച്, ചോദ്യവുമായാണവൾ വന്നത്.

‘ഞാൻ, സുരേഷേട്ടൻ മുൻപ് പറഞ്ഞൊരു കഥയെക്കുറിച്ച് ചിന്തിച്ചതാണ്.’ “എന്താണ്?” ‘അത് മുൻപൊരിക്കൽ നമ്മളൊരുമിച്ച്‌ ദുബായിൽ ഉണ്ടായിരുന്നപ്പോൾ നടന്ന സംഭവമാണ്.’

“പറയൂ?” ‘മോനുറങ്ങിയോ?’

“ഇല്ല, അപ്പുറത്തെ മുറിയിൽ ഫോണും നോക്കിയിരുപ്പുണ്ട്.” ‘നാളെയവന് ജോലിയുണ്ടോ?’ “അറിയില്ല. ഈ ആഴ്ച്ച മുഴുവൻ ഉണ്ടായിരുന്നു.”

‘ഉം’ “സംഭവമെന്താ അതു പറയൂ” “അത്, അന്നൊരിക്കൽ പണി നടക്കുന്നൊരു പെട്രോൾ പമ്പിലായിരുന്നു സുരേഷേട്ടന് ജോലി. അതാണെങ്കിലോ മരുഭൂമിയുടെ മദ്ധ്യത്തിലൂടെയുള്ള റോഡരികിലായിരുന്നു. പരിസരത്തൊന്നും ആൾവാസമില്ല.
രാവിലെ ഡ്യൂട്ടിക്കിറങ്ങുമ്പോൾ ആവശ്യമുള്ള ഭക്ഷണവും കുടിവെള്ളവും കുപ്പിയിലാക്കി കൊണ്ടുപോകണം. രാത്രി തിരിച്ചുവിളിക്കാൻ ബസ് വന്നില്ലെങ്കിൽ പെട്ടതു തന്നെ..വെള്ളവും കാണില്ല. പട്ടിണിയുമാകും.

അന്നൊക്കെ വെള്ളിയാഴ്ച്ചയായിരുന്നു അവധി. സുരേഷേട്ടൻ മാത്രമാണന്നവിടെ ഉണ്ടാകുന്നത്. അങ്ങനെ ഒരു വെള്ളിയാഴ്ച്ച, ഉച്ചകഴിഞ്ഞനേരം. അരക്കുപ്പി വെള്ളവും, ഒരു ബട്ടർബന്നും ലഘുഭക്ഷണമായി സുരേഷേട്ടൻ്റെ ടുത്തുണ്ടായിരുന്നു.സെക്യൂരിറ്റി കാബിൻ്റെ പുറത്താരോ തട്ടുന്ന ശബ്ദം കേട്ടു വാതിൽ തുറന്നുപുറത്തൊരാൾ നിൽക്കുന്നു.

മുഷിഞ്ഞ വേഷവും, പാറിപ്പറന്ന തലമുടിയുമൊക്കെയാണ്. നടന്ന് തളർന്നിട്ടുണ്ട്. വിയർപ്പിൽ കുതിർന്ന വസ്ത്രങ്ങൾ. അയാൾ കുറച്ച് വെള്ളം തരാമോന്ന് സുരേഷേട്ടനോട് ചോദിച്ചു. വിശക്കുന്നുണ്ടെന്നും പറഞ്ഞു. ഇയാൾ ഇതെവിടെ നിന്ന് വന്നെന്നാണ് സുരേഷേട്ടൻ ഓർത്തത്. പുറത്തെല്ലാം കത്തുന്ന വെയിലാണ്ഒ രറ്റത്ത് കണ്ണെത്താ ദൂരത്തോളം മരുഭൂമി. ഒരറ്റത്ത് മണൽ കുന്നുപോലെ കിടക്കുന്നതിനാൽ മറുവശം കാണാൻ വയ്യ. അതുവഴി ഒരാൾ നടന്നുവന്ന മണ്ണിൽക്കുഴിഞ്ഞ കാൽപ്പാദങ്ങളുടെ അടയാളങ്ങളുണ്ട്. ‘അതിനപ്പുറത്ത് നിന്ന് വന്നതായിരിക്കാം.’ വെള്ളം കൊടുക്കണോ വേണ്ടയോ മനസ്സ് ധർമ്മസങ്കടത്തിലായി കൊടുത്താൽ പട്ടിണിയാകും. ഒരു തുള്ളിവെള്ളം തിരികെ കിട്ടാൻ ഒരു മാർഗ്ഗവുമില്ലതാനും..

‘ഇല്ലെങ്കിൽ വേണ്ട.’.അയാൾ തിരിച്ചു നടക്കാനൊരുങ്ങിയപ്പോൾ.’വെള്ളം തരാമെന്നു സുരേഷേട്ടൻ പറഞ്ഞു..അരക്കുപ്പിവെള്ളം അയാൾ വെപ്രാളത്തോടെ കുടിച്ചു. മുഴുവനും തീർക്കല്ലേയെന്ന് പറയാനും തോന്നിയില്ല. ലഘുഭക്ഷണമായി സൂക്ഷിച്ചിരുന്ന ബന്നും അയാൾക്കു നൽകി. കൊതിയോടെ അയാളത് തിന്നുതീർത്തു. കുന്നിനപ്പുറത്തേക്കു നടന്നു മറഞ്ഞു.

വൈകുന്നേര മായപ്പോൾ പൊടിക്കാറ്റും, ചാറ്റൽ മഴയും ആരംഭിച്ചു. വർഷത്തിൽ ഒരിക്കലാണ് മഴ. ചൂട് മാറി തണുപ്പാകുന്നതിനായി ഭൂമിപ്പെണ്ണിനെ ഒരുക്കുന്ന വർഷമേഘങ്ങൾ. മൊബൈലിൽ അലർട്ട് മെസേജ് വന്നു..പൊടിക്കാറ്റും, മഴയും കാരണം റോഡെല്ലാം ബ്ലോക്കാണ്. ഡ്രൈവ് ചെയ്യുന്നവർ ശ്രദ്ധിക്കുക. അപ്പോൾ ബസ് വരാൻ വൈകും. എപ്പൊ എത്തുമെന്നുമറിയില്ല. ചിലപ്പോൾ വന്നില്ലെന്നു മിരിക്കാം. ഇരുട്ടുവീണു തുടങ്ങി.

സുരേഷേട്ടന് വിശപ്പും, ദാഹവും കലശലായി. അയാൾ എങ്ങോട്ടാണ് പോയിട്ടുണ്ടാകുക. ആ ദിശ നോക്കി മണൽക്കുന്ന് കയറിപ്പോയാലോ എന്നൊക്കെ തോന്നി. കാബിനിൽ നിന്ന് പുറത്തിറങ്ങാൻ വയ്യ. മണൽക്കാറ്റാണ്. അൽപ്പസമയം നീണ്ടു നിന്ന മഴ തോർന്നു. കാറ്റിൻ്റെ ശബ്ദവും നിലച്ചു. അകലെ നിന്നു നേരിയ വെട്ടം കാബിൻ്റെ ഗ്ലാസിൽ പതിച്ചു. അടുത്തേക്കു വന്നു. കടന്നുപോയി.

റോഡിലൂടെ ഏതോ വാഹനം കടന്നു പോയതാണ്. അൽപ്പസമയം. വാഹനം പുറകോട്ടുവരുന്ന ഒച്ച. പമ്പിനു നേരെ വന്നു നിന്നു. ഹോൺ മുഴക്കി. ക്യാബിൻ്റെ വാതിൽ അൽപ്പം തുറന്നു നോക്കി. കാറിനുള്ളിൽ നിന്നൊരാൾ കൈകാട്ടി വിളിക്കുന്നു. അറബിവേഷമാണ്. തലയിലെ വട്ടക്കെട്ടു കാണാം. പോകണമോ ഒരു നിമിഷം ആലോചിച്ചു. ചെന്നില്ലെങ്കിൽ പ്രശ്നമാകുമോ ഇവൻമാർക്കൊക്കെ ദേഷ്യം വന്നാൽ പ്രശ്നമാണ്.

സുരേഷേട്ടൻ പതിയെ നടന്ന് കാറിനരികിലെത്തി. അറബി തന്നെയായിരുന്നു കാറിനുള്ളിൽ ഉണ്ടായിരുന്നത്. അയാൾ അറബിഭാഷയിൽ എന്തൊക്കൊയോ ചോദിച്ചു. സുരേഷേട്ടനൊന്നും മനസ്സിലായില്ല. മിണ്ടാതെ നിന്നാൽ അയാൾ തല്ലുമെന്നു ഭയന്ന് പേടിച്ചുനിന്നു. കൈ വായിലേക്കടുപ്പിച്ച് ആംഗ്യം കാട്ടിയ പ്പോഴാണ് ഭക്ഷണം ആണ് അയാൾ ചോദിക്കുന്നതെന്ന് മനസ്സിലായി. ധർമ്മ സങ്കടത്തിലായ സുരേഷേട്ടൻ അറിയാവുന്ന അറബിഭാഷയിൽ എൻ്റെടുത്തൊന്നുമില്ല എന്നൊക്കെ പറഞ്ഞൊപ്പിച്ചു.

അയാൾ തലയിൽ കൈവച്ച് കാറിനുള്ളിൽ നിന്നൊരു കാർട്ടൂൺ ബോക്സ് എടുത്ത് സുരേഷേട്ടനു നൽകി. രണ്ടു ലിറ്ററിൻ്റെ വലിയൊരു കുപ്പി പെപ്സിയും കൊടുത്തു. കാർ ഇരപ്പിച്ചു കൊണ്ടയാൾ ഓടിച്ചു പോയി. റോഡിൽ പൊടിപറന്ന് കാഴ്ച്ച മറഞ്ഞു. കാറിൻ്റെ പുറകിലെ ചുവന്ന വെളിച്ചം പൊട്ടുപോലെ അകന്നകന്നു പോയി. കാബിനിൽ തിരിച്ചെത്തി. ബോക്സ് തുറന്നു. കെ ഫ് സി ചിക്കനും, ഒരു ബോട്ടിൽ വെള്ളവും, ആപ്പിളും ഉണ്ടായിരുന്നു. നടന്നതെല്ലാം ഒരത്ഭുതമായി സുരേഷേട്ടനു തോന്നി. ഫോണെടുത്ത് എന്നെ വിളിച്ചു..

ഈ കഥകളെല്ലാം പറഞ്ഞു. സുരേഷേട്ടൻ്റെ ഒച്ചയടഞ്ഞു കരയുന്നതായെനിക്കു തോന്നി. ഈ മരുഭൂമിയിൽ ഇങ്ങനെ ഒരാൾ വരേണ്ട ഒരാവശ്യവുമില്ല. എന്നാലും അയാൾ ആരായിരിക്കും? അമ്പരപ്പോടെ സുരേഷേട്ടൻ ഫോൺ വച്ചപ്പോൾ ഞാനും ആലോചിക്കുകയായിരുന്നു. അയാൾ ആരായിരുന്നെന്ന്..ഇതാണ് ആ സംഭവം. എവിടെ? കഥകേട്ടുകിടന്നവളുടെ കൂർക്കംവലി കേൾക്കുന്നു. ചെക്കൻ്റെ മുറിയിലെ ലൈറ്റണഞ്ഞു.

പിറ്റേന്ന് ഞായറാഴ്ച്ച വൈകിയാണ് ഞാനുണർന്നത്. ചെക്കൻ പുറത്തെവിടെയോ പോയിരുന്നു. അടുക്കളയിൽ ചെന്നിരുന്നു. ആവി പറക്കുന്ന ഒരു ഗ്ലാസ് ചായയും കുടിച്ചിരുന്നപ്പോൾ കുറച്ച് പൈസയെടുത്ത് അവൾ മേശപ്പുറത്ത് വച്ചു. ചെക്കൻ തന്നിട്ടുപോയതാണ്ഇ ന്ന് മട്ടനൊക്കെ വാങ്ങി ബിരിയാണി വയ്ക്കാംന്നവൻ പറഞ്ഞു. പിന്നെ അച്ഛനോടു പറയാനൊരു മെസേജും അയച്ചിട്ടുണ്ട്.”

”എന്തേയ്? ഓണാക്കിയേ ” ”അതെ അച്ഛാ, കൊടുത്താലേ നമുക്ക് തിരിച്ചും കിട്ടുകയുള്ളു. അതെനിക്കും അറിയാട്ടാ അതിനീപ്പാടുപെട്ട് സുരേഷട്ടൻ്റെ തലയിൽ വെച്ചൊരു കള്ളക്കഥ യുണ്ടാക്കിപ്പറയണോ മഴയത്ത് അറബി വന്ന് കെ എഫ് സി കൊടുത്തിട്ട് പോയി. അതും മരുഭൂമിയില്. എൻ്റെച്ചാ ഒരു മയത്തി ലൊക്കെ തള്ളിയാപ്പോരായിരുന്നോ.പോരാത്തോണ്ട് വീണ്ടുമൊരു ദുരൂഹത. അറബിയൊരു മായയാണെന്ന്.”

”അല്ല ചേട്ടായി ഇവനിങ്ങനൊക്കെ പറയാൻ നിങ്ങള് എന്ത് കഥയാ പറഞ്ഞത്?” ഓള ചോദ്യം ശ്രദ്ധിക്കാതെ ഞാനടുത്ത വോയിസ് മെസേജ് ഓൺ ചെയ്തു.

”പിന്നെ, കൊടുത്താലേ കിട്ടൂന്ന് പഠിപ്പിച്ച പോലെ, കൊടുത്താലും കിട്ടാത്ത ചിലതുണ്ടെന്നും അച്ഛനാണ് ട്ടാ പഠിപ്പിച്ചത്. അന്നച്ഛൻ പറഞ്ഞു. സ്നേഹിച്ചോ പ്രേമിച്ചോ തിരിച്ചു കിട്ടണോന്നും, സ്വന്തമാക്കണോന്നും വാശി വേണ്ടെന്ന്. അതു പിന്നെ കടം കൊടുക്കലല്ലേന്നൊരു തത്ത്വവും. അന്നും പറഞ്ഞൊരു കഥ ഏകലവ്യൻ്റെ. പാവത്തിനോൻ്റെ വിരലും പോയി.”

”അല്ല ചേട്ടാ നിങ്ങളെന്തു കഥയാ ഇന്നലെ പറഞ്ഞേ? മരുഭൂമിയില് മഴ പെയ്തിട്ട് പിന്നെ സുരേഷേട്ടൻ?”

നാവ് ചൊറിഞ്ഞോണ്ടു വന്നതാണ്. അപ്പൊഴേക്കും അകത്തിരുന്ന ഫോൺ ബെല്ലടിച്ചു. അവളതെടുക്കാൻ പോയി. ‘ദേ നിങ്ങള സുരേഷേട്ടൻ വിളിക്കണ്.’ ഫോണെടുത്തു മറുവശത്ത് സുരേഷേട്ടനായിരുന്നു.

”ഹലോ” ‘സുരേഷേട്ടാ എന്താ വിശേഷം?’ ”അന്നത്തെ സംഭവം കഥയാക്കിയല്ലേ”

‘ഉം’

”ശരിക്കും അതുവായിച്ചപ്പോൾ എൻ്റെ ശരീരത്തിലൂടൊരു തണുപ്പ് കടന്നുപോയി. അന്നത്തെ ദിവസവും ആ സംഭവവും ഓർമ്മയിലേക്കെത്തിയപ്പോൾ രോമങ്ങളെഴുന്നേറ്റെന്നേ!.എന്നാലും! ആ രാത്രിയിൽ, മരുഭൂമിയിൽ! അയാൾ ആരായിരുന്നിരിക്കാം.?” പിന്നെയും സുരേഷേട്ടൻ എന്തൊക്കെയോ പറഞ്ഞു. അയാൾ ആരായിരിക്കാം. അതുവഴി പോയൊരാൾ..കർമ്മയുടെ ചക്രത്തിനു ബലമേകുന്ന ആരക്കാലുകളിലൊന്ന്..അത്രന്നെ..അതൊയിനി!

Related Posts

Leave a Reply

Your email address will not be published. Required fields are marked *