ടീച്ചറുടെ ശിവ ആശുപത്രിയിൽ ആണ് കേട്ടോ. സീരിയസ് ആണെന്നാണ് കേട്ടത്. ഇനി പഠിക്കാനൊന്നും വരില്ലത്രേ..ഞാൻ ഒന്ന് ഞെട്ടി. അവനു വേണ്ടിയാണ് ഞാൻ ഈ അധ്യയന വർഷം ഇവിടെ……

എൻ്റെ കള്ളത്തടിയൻ

Story written by Suja Anup

മരണം അടുത്തു എന്നറിയുമ്പോൾ എന്താണ് നമുക്ക് തോന്നുക. അടുത്തെത്തുവാൻ കൊതിക്കുന്ന മരണത്തെ പരമാവധി അകറ്റി നിർത്തണം എന്നാകും എല്ലാവരും ആഗ്രഹിക്കുക. എനിക്കും അതുറപ്പുണ്ട്. അവനും അങ്ങനെ അല്ലെ വിചാരിച്ചിരിക്കുക. അറിയില്ല. എനിക്ക് ഇന്നും അതിനൊരു ഉത്തരമില്ല..

***************

ഇന്നലെയാണ് രമണി ടീച്ചർ പറഞ്ഞത് “നീ അവധിയിൽ ആയിരുന്നത് കൊണ്ട് ഒന്നും അറിഞ്ഞു കാണില്ലല്ലോ..” അല്ലെങ്കിലും അറിയുവാൻ മാത്രം എന്താകും ഈ പത്തു ദിവസ്സത്തിൽ സംഭവിച്ചിട്ടുണ്ടാകുക. ഞാൻ അങ്ങനെയാണ് ചിന്തിച്ചത്.

സിറ്റിയിൽ നിന്നും ഒത്തിരി അകലെത്തിൽ ഈ കുഗ്രാമത്തിൽ ഒരു ജോലി കിട്ടിയപ്പോൾ ‘വേണ്ട’ എന്ന് മനസ്സു പലവട്ടം പറഞ്ഞതാണ്. പിന്നെ തോന്നി “എൻ്റെ ഇപ്പോഴത്തെ ഈ അവസ്ഥയിൽ ഒരു മാറ്റം ആവശ്യമാണ്. ഇത്രയും നാൾ പഠനവും ജീവിതവും എല്ലാം സിറ്റിയിൽ തന്നെ ആയിരുന്നല്ലോ. നന്മകൾ മാത്രം നിറഞ്ഞു നിൽക്കുന്ന ഒരു ഗ്രാമത്തിലേക്ക് ദൈവം പറഞ്ഞയക്കുമ്പോൾ അതിനു എന്തെങ്കിലും കാരണം കാണും.”

അങ്ങനെ ഞാൻ ഈ ഗ്രാമത്തിലെത്തി. പലപ്പോഴും തോന്നിയിട്ടുണ്ട് സിറ്റിയിലെ കുട്ടികളെ പോലെ അല്ല ഈ ഗ്രാമത്തിലെ കുട്ടികൾ എന്ന്. സ്നേഹിക്കുവാൻ മാത്രമേ അവർക്കു അറിയൂ. അവരുടെ ലോകത്തിൽ കടിച്ചാൽ പൊട്ടാത്ത ഇംഗ്ലീഷ് വാക്കുകൾ ഒന്നും ഇല്ല. സ്നേഹിക്കുവാൻ അറിയാവുന്നവർ. കുറച്ചു കുറുമ്പൻമാരും ക്ലാസ്സിൽ ഉണ്ട് കേട്ടോ. കൂട്ടത്തിൽ പക്ഷേ എനിക്ക് ഏറ്റവും ഇഷ്ടം അവനെ ആയിരുന്നൂ.

“ശിവ”

എല്ലാവരും തടിയൻ എന്ന് വിളിച്ചു കളിയാക്കുന്ന ശിവ. ആരോടും ഒരിക്കലും അവൻ ദേഷ്യപ്പെടാറില്ല. അത് അങ്ങനെ ഒരു പാവം ജന്മം. ഭക്ഷണ പ്രേമിയാണ് അവൻ. എല്ലാ ദിവസ്സവും ചിക്കൻ ബിരിയാണി കിട്ടിയാൽ അത്രയും സന്തോഷമാണ് അവനു. എത്രയോ പ്രാവശ്യം മറ്റു കുട്ടികളോട് ഞാൻ പറഞ്ഞട്ടുണ്ട് അവനെ ‘തടിയാ’ എന്ന് വിളിക്കരുത് എന്ന്. എന്നിട്ടും ആരും കാണാതെ ഇടയ്ക്കൊക്കെ അവനെ ഞാൻ വിളിച്ചിരുന്നത് എന്തായിരുന്നൂ.

“എൻ്റെ കള്ളത്തടിയാ” ആ വിളി കേൾക്കുമ്പോൾ അവൻ്റെ മുഖത്തു വിരിയുന്ന ഒരു പുഞ്ചിരി ഉണ്ട്. അത് കാണുവാൻ വേണ്ടി മാത്രമാണ് ഞാൻ അങ്ങനെ വിളിച്ചിരുന്നത്. അവനു എന്നെ ഒത്തിരി കാര്യമായിരുന്നൂ. അവധിക്കു പോകുവാൻ ഞാൻ തയ്യാറെടുക്കുമ്പോൾ അവൻ വന്നു ചോദിച്ചു.

“ടീച്ചർ പോയാൽ പിന്നെ തിരിച്ചു വരുമോ”

“അതെന്താ കുട്ടി, നീ അങ്ങനെ ചോദിച്ചത്. നീ തന്നെ പറ. ഞാൻ തിരിച്ചു വരണോ..”

“ടീച്ചർ ഇനി വരില്ല എന്നൊക്കെ എൻ്റെ കൂട്ടുകാർ പറഞ്ഞു. കുറച്ചു നാളത്തേയ്ക്ക് എക്സ്പീരിയൻസിനു വേണ്ടി മാത്രമാണത്രെ ടീച്ചർ ഇവിടെ വന്നിരിക്കുന്നത്.”

“ആരാ കുട്ടീ, നിന്നോട് ഇതു പറഞ്ഞത്. എൻ്റെ കള്ളത്തടിയനെ വിട്ടു ഞാൻ അങ്ങനെ പോകുമോ?” അത് കേട്ടതും അവൻ പുഞ്ചിരിച്ചു.

സത്യത്തിൽ ഇനി ഈ നാട്ടിലേക്കു മടങ്ങണ്ട എന്ന് ഞാൻ തീരുമാനിച്ചിരുന്നൂ. സിറ്റിയിൽ തന്നെ നല്ലൊരു സ്കൂളിലേക്ക് മാറണം. പിന്നെ PSCക്കു വേണ്ടി തയ്യാറെടുക്കണം. അതിനിടയിൽ കല്യാണ ആലോചനകളും വരുന്നുണ്ട്. അതിലും ഒരു തീരുമാനം ഉണ്ടാക്കണം. ഏതായാലും ഈ അധ്യയനവർഷം ഇവിടെ തന്നെ തുടരാം എന്ന് തീരുമാനിച്ചു. അല്ലെങ്കിൽ അവൻ വിഷമിക്കും.

***************

“ടീച്ചർ ഏതു ലോകത്തിൽ ആണ്. ഞാൻ പറയുന്നത് വല്ലതും കേൾക്കുന്നുണ്ടോ?”
രമണി ടീച്ചർ ആണ്. ടീച്ചർ ഈ സ്‌കൂളിൽ ഒത്തിരി നാളായി കേട്ടോ. ഈ നാട്ടുകാരി തന്നെയാണ്. നാട്ടിലെ എല്ലാവരും തന്നെ ടീച്ചറെ അറിയും.
ഞാൻ പെട്ടെന്ന് ചിന്തയിൽ നിന്നും ഉണർന്നൂ. പിന്നെ തലയാട്ടി.

“ടീച്ചറുടെ ശിവ ആശുപത്രിയിൽ ആണ് കേട്ടോ. സീരിയസ് ആണെന്നാണ് കേട്ടത്. ഇനി പഠിക്കാനൊന്നും വരില്ലത്രേ..” ഞാൻ ഒന്ന് ഞെട്ടി. അവനു വേണ്ടിയാണ് ഞാൻ ഈ അധ്യയന വർഷം ഇവിടെ തുടരുവാൻ തീരുമാനിച്ചത് തന്നെ.

“എന്താ പറ്റിയെ എൻ്റെ ടീച്ചറെ?”

“അവധി തുടങ്ങിയതിൽ പിന്നെ അവനു കലശലായ വയറുവേദനയും ഛർദിയും ഉണ്ടായിരുന്നത്രെ. എവിടെ നിന്നെങ്കിലും എന്തെങ്കിലും ഒക്കെ വാരി വലിച്ചു തിന്നു കാണും എന്നാണ് അവൻ്റെ അമ്മ കരുതിയത്. ആദ്യമൊക്കെ നാട്ടുവൈദ്യം നോക്കി. പിന്നെയും അസുഖം ശമിക്കാതെ വന്നപ്പോഴാണ് നഗരത്തിലെ ആശുപത്രിൽ ആക്കിയതത്രെ. അവിടെ വച്ചാണ് അവൻ്റെ കിഡ്‌നികൾ പരാജയപ്പെട്ടു എന്ന് അവർ മനസ്സിലാക്കിയത്.” എനിക്ക് എൻ്റെ കാതുകളെ വിശ്വസിക്കുവാൻ ആയില്ല. പിന്നെയും അവൾ തുടർന്നു. “ഇപ്പോൾ ഡയാലിസിസ് ചെയ്യുകയാണ്.

ഈ പ്രായത്തിൽ കിഡ്‌നി ട്രാൻസ്പ്ലാൻറ്റേഷൻ സാധ്യമല്ലത്രെ. അതും അവൻ്റെ ആരോഗ്യസ്ഥിതി അത് ഒട്ടും തൃപ്തികരമല്ലാത്ത അവസ്ഥയിൽ. പ്രശ്നങ്ങൾ തുടങ്ങിയിട്ടു കാലം ഒത്തിരി ആയത്രേ. വീട്ടുകാർ ശ്രദ്ധിച്ചില്ല പോലും. മുന്നേ തന്നെ ഭക്ഷണം കൺട്രോൾ ചെയ്യണമായിരുന്നൂ പോലും.” ബാക്കി കേൾക്കുവാൻ ഞാൻ നിന്നില്ല. ലീവെടുത്തു അന്ന് തന്നെ ഞാൻ ആശുപത്രിയിലേക്ക് തിരിച്ചു. അവിടെ ഞാൻ കണ്ടു.

“എൻ്റെ കള്ളത്തടിയൻ അങ്ങനെ ബെഡ്‌ഡിൽ കിടക്കുന്നൂ. ആ മുഖത്തു പുഞ്ചിരി ഇല്ല. ഭയം മാത്രം.” എന്നെ കണ്ടതും അവൻ്റെ അമ്മ എൻ്റെ കൈപിടിച്ച് പൊട്ടിക്കരഞ്ഞു.

“എല്ലാം എൻ്റെ തെറ്റാണു ടീച്ചറെ. ഞാൻ അവനെ നോക്കിയില്ല നന്നായിട്ട്. എന്നാലും എൻ്റെ മോന് ഈ ഗതി വന്നല്ലോ. എല്ലാവരും എന്നെ കുറ്റപ്പെടുത്തുന്നൂ. അവനില്ലാത്ത ലോകത്തിൽ ഞാൻ ജീവിച്ചിരിക്കില്ല.”

അവരെ എന്ത് പറഞ്ഞു ആശ്വസിപ്പിക്കണം എന്ന് എനിക്ക് അറിയില്ലായിരുന്നൂ. ഏതെങ്കിലും അമ്മ സ്വന്തം മകനെ കൊലയ്ക്കു കൊടുക്കുമോ. ഞാൻ അവൻ്റെ അരികിൽ ചെന്നിരുന്നൂ. ബെഡ്‌ഡിൽ വച്ച എൻ്റെ കൈ അവൻ മുറുകെ പിടിച്ചു. എന്നിട്ടു എന്നോട് ചോദിച്ചു.

“ടീച്ചറെ പുതിയ പാഠം തുടങ്ങിയോ. അയ്യോ എനിക്ക് ഇനി ക്ലാസ്സിൽ വന്നാൽ വല്ലതും മനസ്സിലാകുമോ..” എൻ്റെ കണ്ണ് നിറഞ്ഞു. “എൻ്റെ കുട്ടി, അടുത്ത ആഴ്ച നീ അങ്ങു ക്ലാസ്സിലേക്ക് മടങ്ങി വരില്ലേ. പിന്നെ ടീച്ചർ എല്ലാം മോന് വീണ്ടും പറഞ്ഞു തരുവല്ലോ. ഇപ്പോൾ മിടുക്കനായി ഡോക്ടർ പറയുന്നത് കേൾക്കണം. ടീച്ചർ മോന് വേണ്ടതൊക്കെ വാങ്ങി തരാം”

“എനിക്കിനി ഒന്നും വേണ്ട ടീച്ചറെ. ബിരിയാണി ഒന്നും കഴിക്കുവാൻ തോന്നുന്നില്ല ഇപ്പോൾ. എന്ത് വേദനയാണ് ശരീരത്തിന് എന്നോ. എനിക്കാകെ വയ്യ.”

“കുഴപ്പമില്ല. എൻ്റെ കുട്ടി വിഷമിക്കേണ്ട.” പിന്നെയും എന്തൊക്കെയോ പറഞ്ഞു കുറെ സമയം ഞാൻ അവിടെ ഇരുന്നൂ. ഇറങ്ങുവാൻ നേരാം പറഞ്ഞു.

“ടീച്ചർ ഇനിയും വരാട്ടോ..”

അവിടെ നിന്ന് പോരുമ്പോൾ മനസ്സു ശൂന്യമായിരുന്നൂ. പഠിപ്പിക്കുവാൻ ക്ലാസ്സിൽ ചെല്ലുമ്പോഴൊക്കെ കാലിയായി കിടക്കുന്ന അവൻ്റെ ഇരിപ്പിടം എന്നെ ഒത്തിരി വേദനിപ്പിച്ചു. ഇടയ്ക്കൊക്കെ ഞാൻ അവനെ പോയി ആശുപത്രിയിൽ കണ്ടു.

****************

വേനലവധി അടുക്കാറായിരിക്കുന്നൂ. റിവിഷൻ ക്ലാസുകൾ നടക്കുന്നുണ്ട്. പെട്ടന്നാണ് പ്യൂൺ ഗോപാലേട്ടൻ ക്ലാസ്സിലേക്ക് വന്നത്.

“ടീച്ചറെ വേഗം ഓഫീസ് റൂമിലേക്ക് ചെല്ലുവാൻ പറഞ്ഞു” ഞാൻ കുട്ടികൾക്ക് വർക്ക് കൊടുത്തതിനു ശേഷം ഓഫീസ്‌ റൂമിലേക്ക് ചെന്നൂ. ഹെഡ്മിസ്ട്രസ് മേരി ടീച്ചർ എന്നെയും കാത്തിരിക്കുകയായിരുന്നൂ. ടീച്ചറുടെ മുഖം ആകെ മാറിയിട്ടുണ്ട്. എന്താണ് കാര്യം എന്ന് എനിക്ക് ഊഹിക്കുവാൻ കഴിഞ്ഞില്ല.

“ടീച്ചറൊന്ന് ആശുപത്രിയിലേക്ക് വേഗം ചെല്ലണം. ശിവയുടെ അമ്മയാണ് വിളിച്ചത്. അവനു തീരെ വയ്യ. ടീച്ചറെ കാണണം എന്ന് അവൻ പറഞ്ഞത്രേ.”
കേട്ട പാതി കേൾക്കാത്ത പാതി ഞാൻ ഒരു ഓട്ടോയും എടുത്തു ആശുപത്രിയിലേക്ക് ചെന്നു.

എന്നെ കണ്ടതും ശിവ പുഞ്ചിരിച്ചു. അപ്പോൾ അവൻ്റെ അമ്മ പറഞ്ഞു.
“മരിച്ചു പോകുമെന്നും പറഞ്ഞു എൻ്റെ കുഞ്ഞു ഉറങ്ങുന്നില്ല. രണ്ടു ദിവസ്സമായിട്ടു ഇതാണ് അവസ്ഥ. ടീച്ചർ അല്ലാതെ ആരാണ് അവനു ധൈര്യം കൊടുക്കുക. അവൻ ഇങ്ങനെ ഇതുവരെ പേടിച്ചിട്ടില്ല. അവൻ ഒന്നും കഴിക്കുന്നു കൂടിയില്ല ടീച്ചറെ”

ഞാൻ അവൻ്റെ കട്ടിലിനു അരികിൽ ഇരുന്നു ആ കൈ പിടിച്ചു. ഡോക്ടർ കൊടുക്കുവാൻ പറഞ്ഞ ജ്യൂസ് കുറച്ചു മാത്രം അവനു ഞാൻ കൊടുത്തു. അവൻ അത് കഴിക്കുവാൻ നന്നായി വിഷമിക്കുന്നുണ്ടായിരുന്നൂ. അവൻ എൻ്റെ കൈയ്യിൽ മുറുകെ പിടിച്ചു.

“ഞാൻ ടീച്ചറുടെ കൈ പിടിച്ചു ഒന്നുറങ്ങിക്കോട്ടെ. ഉറങ്ങി കഴിയുമ്പോൾ എന്നെ ഇട്ടേച്ചു ടീച്ചർ പോകുമോ..” എൻ്റെ കണ്ണുകൾ നിറഞ്ഞു. വിതുമ്പൽ അടക്കി “ഇല്ല” എന്ന് ഞാൻ തലയാട്ടി. അവൻ എൻ്റെ കൈ പിടിച്ചു ശാന്താനായി ഉറങ്ങുവാൻ തുടങ്ങി. അവനെ നോക്കി ഞാൻ അങ്ങനെ ഇരുന്നൂ. ഉറക്കത്തിനിടയിൽ എപ്പോഴോ അവൻ്റെ കൈയ്യിൽ തണുപ്പ് പടരുന്നത് ഞാൻ അറിഞ്ഞു. അപ്പോൾ അവൻ്റെ അമ്മ ആർത്തു നിലവിളിക്കുകയായിരുന്നൂ.

**************

വേനലവധിക്കാലം നാളെ തുടങ്ങും. ഇനി ഈ നാട്ടിലേക്കു ഞാൻ മടങ്ങി വരില്ല. ശിവയില്ലാത്ത ഈ ഗ്രാമം ഞാൻ ഇഷ്ടപ്പെടുന്നില്ല. സിറ്റിയിലേക്ക് പോകും മുൻപേ അവൻ്റെ കുഴിമാടത്തിൽ പോയി എനിക്ക് യാത്ര പറയണം.

എന്തിനാണ് ദൈവം എന്നെ ഇങ്ങനെ എന്നെ ശിക്ഷിച്ചത് എന്ന് എനിക്കറിയില്ല. അവൻ്റെ മരണം കാണുവാൻ വേണ്ടിയാണോ എന്നെ ഈ ഗ്രാമത്തിൽ കൊണ്ടുവന്നത്. അതോ അവൻ്റെ മരണസമയത്തു അവനെ ആശ്വസിപ്പിക്കുവാനോ. അവൻ ചെയ്ത തെറ്റെന്താണ്? ജീവിച്ചു കൊതി തീർന്നിട്ടില്ല അവനു. ആ നിമിഷം ഞാൻ ദൈവത്തോട് ഒന്നേ ചോദിച്ചുള്ളൂ..

“ഇതാണോ നിൻ്റെ നീതി….”

Related Posts

Leave a Reply

Your email address will not be published. Required fields are marked *