“ഡാ സമീറെ നിനക്ക് പറ്റിയ കുട്ട്യോളൊന്നും നമ്മുടെ ക്ലാസ്സിലില്ല… വേണെങ്കി ദാ പൈപ്പിനടുത്തു നിന്ന് ചോറ്റുപാത്രം കഴുകുന്ന ക്ടാവിനെ കണ്ടോ…

എന്റെ ആദ്യ പ്രണയം

Story written by Lis Lona

“ഡാ സമീറെ നിനക്ക് പറ്റിയ കുട്ട്യോളൊന്നും നമ്മുടെ ക്ലാസ്സിലില്ല… വേണെങ്കി ദാ പൈപ്പിനടുത്തു നിന്ന് ചോറ്റുപാത്രം കഴുകുന്ന ക്ടാവിനെ കണ്ടോ…നിന്റെ കരിങ്കുരങ്ങുനിറത്തിനു ചേരുന്ന കളറാണ് ട്ടാ…”

ഉച്ചത്തിലുള്ള സംസാരവും അതിന് ശേഷമുള്ള പൊട്ടിച്ചിരികളും കേട്ടാണ് ഞാൻ അടുത്തുള്ള കടത്തിണ്ണയിൽ നിൽക്കുന്ന ആൺകുട്ടികളെ നോക്കിയത്.. എന്നെതന്നെ നോക്കി അവരും…

കാര്യം എന്താണെന്നു മനസിലായില്ലെങ്കിലും അവർക്ക് നടുവിൽ കണ്ണുകളിൽ കുസൃതിയൊളിപ്പിച് എന്നിൽ നിന്നും തിരക്കിട്ട് മിഴികൾ മാറ്റുന്ന അവനെ ഞാൻ ശ്രദ്ധിച്ചു…

സ്കൂളിന് പുറത്തു റോഡരികിലുള്ള പൈപ്പിനടുത്താണ് ഞാൻ , എന്നും ഉച്ചക്ക് ഊണ് കഴിഞ്ഞു അവിടെയാണ് പാത്രം കഴുകുന്നത്…തൊട്ടടുത്ത കടത്തിണ്ണയിൽ നിൽക്കുന്ന ആൺകുട്ടികളെ കാണാറുണ്ടെങ്കിലും അന്നാദ്യമായാണ് ഞാനവനെ കാണുന്നത്…

അവന്റെയും എന്റെയും നിറത്തെച്ചൊല്ലിയുള്ള കൂട്ടുകാരുടെ കളിയാക്കലുകൾക്ക് കാതോർക്കാതെ ആ ഒൻപതാം ക്ലാസുകാരന്റെ കണ്ണുകളിൽ എന്നെ നോക്കുമ്പോൾ മാത്രം ഒരു പ്രത്യേകതയില്ലേയില്ലേയെന്ന് തോന്നാതിരുന്നില്ല…

പിന്നെയുള്ള ദിവസങ്ങളിൽ എനിക്ക് മനസിലായി എന്നെ കാണാൻ വേണ്ടി മാത്രമാണ് അവനവിടെ വന്ന് നിൽക്കുന്നതെന്ന്…

പിന്നീടങ്ങോട്ട് പതിയെ പതിയെ അസംബ്ലിയിൽ പങ്കെടുക്കാൻ പോകുമ്പോഴും ഇന്റെർവെല്ലിനു പുറത്തിറങ്ങുമ്പോഴും അടുത്ത ക്ലാസ്സിലെ ആ കറുമ്പനെ എന്റെ കണ്ണുകളും തിരഞ്ഞുതുടങ്ങി…

സ്കൂളിലേക്ക് പുറപ്പെടുമ്പോളുള്ള എന്റെയൊരുക്കങ്ങൾക്ക് ദൈർഘ്യം കൂടിയതിന് അമ്മ കാരണം തിരക്കാൻ തുടങ്ങി…..അവനായി എന്റെ കണ്ണുകളിൽ ഞാൻ സുറുമയെഴുതാൻ തുടങ്ങി…

നെറ്റിയിലെ കുങ്കുമപൊട്ട് അവനിഷ്ടമാകില്ലെന്ന് കരുതി ഒഴിവാക്കിയപ്പോൾ മനസ്സ്‌ മന്ത്രിച്ചു… പാവാടക്കാരിയിൽ പ്രണയവസന്തം പൂക്കാൻ തുടങ്ങിയിരിക്കുന്നു…

ആഴ്ചയിലൊരിക്കൽ മാത്രം യൂണിഫോമിന് അവധി കിട്ടുമ്പോൾ ഉള്ളതിൽ നല്ല പാവാടയും ജാക്കറ്റും ധരിച്ചെത്തുന്ന, എന്നെയും നോക്കിയുള്ള ആ കുസൃതിക്കണ്ണുകളിലെ സന്തോഷവും ചുണ്ടിലെ പുഞ്ചിരിയും പറയാതെ പറയുന്നുണ്ടായിരുന്നു അവന് എന്നോടുള്ള ഇഷ്ടം..

അകലെ സമീറിനെ കാണുമ്പോഴേക്കും പിടഞ്ഞുയരുന്ന എന്റെ ഹൃദയതാളങ്ങൾ എന്തിനെന്നറിയാതെ എന്നെ ലജ്ജാവതിയാക്കി…

തീഷ്ണതയോടെ പെരുവിരലിൽ നിന്നും ഇരച്ചുകയറുന്ന വിദ്യുത് തരംഗങ്ങളാലെന്റെ ര ക്തപ്രവാഹം കൂടുന്നതും ദേഹമാകെ സുഖമുള്ള ഒരുഷ്ണം വന്ന് നിറയാനും തുടങ്ങിയപ്പോൾ നാണമില്ലാത്ത മനസാഗ്രഹിച്ചു ഇനിയുള്ള മഴക്കാലങ്ങൾ ഇവനൊപ്പമാകണേയെന്ന്…

അതേ ..അവന്റെ സാമിപ്യത്തിൽ മഴക്കാറ് കണ്ട മയൂരത്തെപോലെ നൃത്തം വക്കുന്ന‌ എന്റെ മനസ്സ്‌ എനിക്ക് കൈമോശം വന്നിരിക്കുന്നു… പ്രണയമത് എന്നിൽ നിന്നും കവർന്നെടുത്തിരിക്കുന്നു അവനായി…

റമദാൻ നോമ്പെടുക്കുന്ന അവനോടൊപ്പം പട്ടിണിയിരിക്കാൻ വീട്ടിൽ നിന്നും കൊണ്ടുവന്ന ഭക്ഷണം കൂട്ടുകാർക്ക് കൊടുത്തു ഞാനുമിരുന്നു ഒഴിഞ്ഞ വയറോടെ…

കൊല്ലമൊന്ന് കഴിഞ്ഞു… മനസ്സിൽ ഇഷ്ടവും സൂക്ഷിച്ചു, കണ്ണുകൾകൊണ്ട് കഥകൾ കൈമാറി ഹൃദയം കൊണ്ട് ഒന്നായി ഒരുതവണ പോലും ഉരിയാടാതെ ഞങ്ങൾ സ്നേഹിച്ചു പരസ്പരം…

കൂട്ടുകാർക്കിടയിൽ ഒളിഞ്ഞും തെളിഞ്ഞും പരന്നുതുടങ്ങിയ കഥകളും കളിയാക്കലുകളും ഞാനേറെ ആസ്വദിച്ചു…

അന്നത്തെ പൊട്ടിപ്പെണ്ണ് ആദ്യാനുരാഗത്തിന്റെ അനുഭൂതികളാൽ ധൈര്യ മാർജ്ജിച്ച മനസ്സിലുറപ്പിച്ചു… ലിസി, സമീറിന്റെ പെണ്ണെന്ന്…

നമ്മളാഗ്രഹിക്കുന്നതും ദൈവം തീരുമാനിക്കുന്നതും ഒന്നായിരിക്കണമെന്ന് ഒരു നിർബന്ധവുമില്ല എന്ന ജീവിതപാഠം ആദ്യമായി മനസിലാക്കിച്ചു കൊണ്ട് കാരണമൊന്നും പറയാതെ ആ വർഷം സമീർ പഠിപ്പവസാനിപ്പിച്ചു…

അന്നത്തെ ഒൻപതാം ക്ലാസുകാരന്റെ ധൈര്യമില്ലായ്മയാണോ!! ഇന്നും അറിയില്ല ഒരിക്കൽ പോലും എന്നോടവന്റെ ഇഷ്ടം പറയാതെ…എന്തിന് ഒരു യാത്ര പോലും പറയാതെ അന്ന് അവനിറങ്ങിപോയി ആ സ്കൂളിൽനിന്നും … എന്നന്നേക്കുമായി എന്റെ ജീവിതത്തിൽ നിന്നും…

യാത്രപറയാതെ….തിരിഞ്ഞുനോക്കാതെ എന്നിൽ നിന്നും പടിയിറങ്ങിപ്പോയ ആദ്യപ്രണയമെന്നിലേൽപിച്ച നോവിൽ ഞാൻ വെന്തുരുകി…

ആരോടും ഒന്നും പറയാനാകാതെ ഉരുകിയൊലിക്കുന്ന മെഴുകുതിരിയായി ഞാൻ മാറി… എന്റെ സങ്കടമഴകൾ ആരുടേയും കണ്ണിൽപ്പെടാതെ സ്വയമുരുകി തലയിണകളിൽ പെയ്തലിഞ്ഞു…

വർഷങ്ങൾക്കിപ്പുറം ഇന്നിതാ എന്റെ മകളുടെ ജന്മദിനമാണിന്ന്… പ്രായ പൂർത്തിയായി പക്വത എത്തിയതിനു ശേഷം ഞാൻ ഹൃദയം കൈമാറിയ എന്റെ പുരുഷൻ എനിക്ക് നൽകിയ വാലന്റൈൻ സമ്മാനമാണവൾ…

അവൾക്കായി ഇന്നെന്റെ മെസ്സഞ്ചറിൽ ആദ്യ പിറന്നാളു മ്മകൾ വന്നത് അഞ്ചു വർഷങ്ങൾക്ക് മുൻപ് മുഖപുസ്തകത്തിൽ എന്നെ തേടികണ്ടെത്തി സുഹൃത്തായ സമീറിന്റേതാണ്…

സ്വർണനിറമുള്ള മണൽത്തരികളിലൂടെ കൈപിടിച്ച് നടക്കാനും എന്റെ മാത്രം മഞ്ഞുപുതപ്പാക്കി അവനോടൊത്തു ജീവിക്കാനും ഞാൻ കൊതിച്ചിരുന്നെന്ന് പ്രിയതമനോട് മൊഴിഞ്ഞപ്പോൾ…

“ഇനി വേണ്ട… അവനൊരു കൊച്ചായി…നിനക്ക് കൊച്ചുങ്ങൾ മൂന്നുമായി…മണൽത്തരികളില്ലെങ്കിലും വെള്ളാരംകല്ലുകളിലൂടെ വെള്ളിനൂൽ പൊഴിയുന്ന മഴയിൽ കൂടി നിന്നോടൊപ്പം നടക്കാൻ ഞാനുണ്ട് ഈ നെഞ്ചിലെ ചൂടണയുവോളം…”

ഇതിലപ്പുറമെന്ത് പ്രണയദിനസമ്മാനമെന്നോർത്തു ആദ്യപ്രണയത്തിന്റെ ഓർമ്മകൾ മെല്ലെ മായ്ച്ചുകളഞ് ഞാനെന്റെ പ്രണയത്തിന്റെ നെഞ്ചിലേക്ക് ഒരു കുഞ്ഞിക്കിളിയായി കൊക്കുരുമ്മി ചേക്കേറി..

ആദ്യപ്രണയത്തിനായി ഞാനൊഴിവാക്കിയ കുങ്കുമപ്പൊട്ടിനൊപ്പം സീമന്തരേഖയിലെ സിന്ദൂരവും ആ നെഞ്ചിൽ ചിത്രങ്ങളായി പടരുന്നതും നോക്കി നിർവൃതിയോടെ ഞാനുമെന്റെ പ്രണയവും പുഞ്ചിരിച്ചു…

Related Posts

Leave a Reply

Your email address will not be published. Required fields are marked *