ഡോക്ടർ അവളുടെ തോളിൽ തട്ടി പുഞ്ചിരിക്കുമ്പോൾ ദിയയുടെ ചുണ്ടുകളിൽ ഒരു വരണ്ട പുഞ്ചിരി മിന്നിമാഞ്ഞു. ആ ആശ്വാസവാക്കുകളിൽ പോലും…..

എഴുത്ത് :- മഹാ ദേവൻ

“ഡോക്ടറെ, ഇനിയുമിങ്ങനെ വേദനിക്കാൻ വയ്യാത്തോണ്ടാ.. ന്നേ ഒന്ന് കൊ ന്നുതരോ.. “

പലപ്പോഴും ചോദിച്ച ചോദ്യമായിരുന്നു. ക്യാൻസർവാർഡിന്റെ നാല് ചുവരുകൾക്കുള്ളിൽ സ്വയം വേദന തിന്ന് മറ്റുള്ളവരെ വേദനിപ്പിച്ചും ഈ ജന്മം എന്തിനെന്നു ചിന്തിക്കുമ്പോൾ മരണംപ്പോലും തന്നോട് ഒരിറ്റ് ദയ കാട്ടുന്നില്ലല്ലോ എന്ന് കരുതും.

” ബി പോസിറ്റീവ് ദിയ. ഏതൊരു പ്രതിസന്ധിയും തരണം ചെയ്യാൻ നമുക്ക് വേണ്ടത് ആത്മവിശ്വാസം ആണ്. തോൽക്കാൻ ആർക്കും കഴിയുമെടോ. ജയിക്കാൻ ആണ് പ്രയാസം. നാളെ ഒരു ദിവസം താൻ പഴയപോലെ പറന്നു നടക്കുന്നത് കാണാൻ ആണ് ഞങ്ങളും ആഗ്രഹിക്കുന്നത്. ആ താനിങ്ങനെ മരണത്തെ കുറിച്ച് മാത്രം ചിന്തിച്ചാൽ….. “

ഡോക്ടർ അവളുടെ തോളിൽ തട്ടി പുഞ്ചിരിക്കുമ്പോൾ ദിയയുടെ ചുണ്ടുകളിൽ ഒരു വരണ്ട പുഞ്ചിരി മിന്നിമാഞ്ഞു. ആ ആശ്വാസവാക്കുകളിൽ പോലും മരണമുണ്ടെന്നു തോന്നി അവൾക്ക്.അവൾ പതിയെ എഴുനേറ്റ് ജനൽപാളികൾക്കിടയിലൂടെ ആകാശത്തേക്ക് നോക്കി.

” ആകാശം ഇരുണ്ടിരിക്കുന്നു എന്റെ മനസ്സ് പോലെ. ഒന്ന് ആർത്തലച്ചുപെയ്യാൻ കൊതിക്കുന്നുണ്ടാകണം എന്റെ കണ്ണുകൾപോലെ. ഓരോ അണുവിലും കൊതിയുണ്ട് ജീവിക്കാൻ. പക്ഷേ, സ്നേഹിച്ചവർക്കെല്ലാം ഞാനിപ്പോൾ ഒരു ബാധ്യതയാണ്. അവർക്ക് ഞാൻ പ്രിയപ്പെട്ടവളാണെന്ന് അറിയാം. പക്ഷേ, ശരിക്കും ഞാൻ ഒരു ബാധ്യതയായി മറ്റുള്ളവരുടെ ജീവിതവും വിലപ്പെട്ട സമയവും അപഹരിക്കുകയാണ്. മടുപ്പ് മനസ്സിനെ കീഴ്‌പ്പെടുത്തിതുടങ്ങിയത് മുതൽ മരണമെന്ന വാക്ക് നാവിന്റെ തുമ്പിലിങ്ങനെ ഓളംവെട്ടുന്നു.

” ഏയ്‌ ദിയ.. “

പിന്നിൽ നിന്നുള്ള വിളി കേട്ടപ്പോൾ അവൾ പതിയെ തിരിഞ്ഞു..തന്നെ നോക്കി പുഞ്ചിരിച്ചു നിൽക്കുന്ന ദേവനെ നോക്കി അവളും പുഞ്ചിരിക്കാൻ ശ്രമിച്ചു.

” ദേവാ, നമുക്കൊന്ന് മഴ നനഞ്ഞാലോ.? ചിലപ്പോൾ ഇനി… “

വാക്കുകൾ ഒന്ന് ഇടറിയോ. അവൾ പെട്ടന്ന് മുഖം തിരിച്ചു.

ഇപ്പോൾ അവളിലെ വികാരമെന്താണെന്ന് മനസ്സിലായപ്പോലെ ദേവൻ അവളെ നെഞ്ചിലേക്ക് ചേർത്തു പിടിക്കുമ്പോൾ അവളുടെ കണ്ണുനീരിനെ ചുണ്ടുകൾ കൊണ്ട് ഒപ്പിയെടുത്തു.

” എടി പെണ്ണെ.. ഒരു മഴയല്ല, ഒരു മഴക്കാലം തന്നെ നിനക്ക് വേണ്ടി കാത്തിരിപ്പുണ്ട് നമുക്ക് വേണ്ടി മാത്രം പെയ്യാൻ കൊതിച്ച്. ഈ മുറിയിടങ്ങൾ താൽക്കാലികമായ വിശ്രമക്കാലത്തെ അടയാളപ്പെടുത്താൻ വേണ്ടി മാത്രമാണ്. കണ്ണുനീർകൊണ്ട് നീ അതിനെ അലിയിച്ചുകളയാതെ ചിരിക്കടി. നീ അല്ലല്ലോ ഇവിടെ, നമ്മൾ അല്ലേ…. “

അവളെ നെഞ്ചിലേക്ക് ചേർത്തുപിടിക്കുമ്പോൾ അവന്റെ ഉള്ളം വിങ്ങുക യായിരുന്നു. എത്രകാലം ഇവളെ ഇങ്ങനെ ചേർത്തുപിടിക്കാൻ…. പക്ഷേ, വാക്കുകൾ കൊണ്ട് പോലും തോറ്റുപോകുകയാണെന്ന് തോന്നരുത് അവൾക്ക് തോൽക്കുംവരെ ജയിക്കുമെന്ന് ചിന്തിച്ചെങ്കിലും അവൾ…

കണ്ണുകൾ നിറയുന്നത് അവൾ കാണാതിരിക്കാൻ പാട് പെടുകയായിരുന്നു ദേവൻ.

കോളേജ്കാലം തന്റെ കണ്ണുകളിൽ നിന്റെ ഉൾവലിയുന്ന പെണ്ണിനെ മനസ്സിലേക്ക് ചേർത്തുവെച്ചത് ആ ഓണാഘോഷനാളിൽ ആയിരുന്നു.

സെറ്റ്സാരിയിൽ സുന്ദരിയായി വന്നവൾ. പക്ഷേ, എല്ലാവരിൽ നിന്നും ഒഴിഞ്ഞൊരിടത്തേക്ക് സ്വയം ഉൾവലിയുന്ന അവളെ ശ്രദ്ധിച്ചുതുടങ്ങിയത് അന്നായിരുന്നു. ആഘോഷങ്ങൾ അവൾക്ക് അന്യംനിന്നപോലെ. കളിയും ചിരിയുമില്ലാതെ ചിന്തകളുടെ നോവ്ഭാരം പേറുന്നവളാണെന്ന് അറിഞ്ഞത് പിന്നെയും വൈകിയായിരുന്നു. ഓരോ തവണ അവൾക്കരികിൽ ചെല്ലുമ്പോഴും ഒഴിഞ്ഞമാറുന്നവൾ. ഇങ്ങനെ ഒരു സ്ഥലത്ത്, എന്നും ഓർക്കാൻ കുറെ നല്ല ഓർമ്മകൾ നൽകുന്ന ഈ കലാലയകാലത്ത് ഇവൾ മാത്രം വിഷാദചുവയുള്ള മൗനത്തിന്റെ ലോകത്തേക്ക് ചേക്കേറുന്നത് എന്തിനെന്ന് ഒരുപാട് ആലോചിച്ചിട്ടുണ്ട്. ചോദിക്കണമെന്ന് തോന്നി. പക്ഷേ, മുഖം തരാതെ മിഴി താഴ്ത്തിപോകുന്നവളോട് എന്ത് ചോദിക്കാൻ. പക്ഷേ, അന്ന് തുടങ്ങിയ ഒരിഷ്ടം. ഒന്നും മിണ്ടിയില്ലെങ്കിലും ഒരുപാട് പറഞ്ഞപോലെ ഒരു ഫീൽ. മൂന്നു വർഷക്കാലത്തെ ക്യാംപസ്ജീവിതം അവസാനിച്ചു പടിയിറങ്ങുന്ന ആ ദിവസം..

എല്ലാവരും പരസ്പരം കരഞ്ഞും ചിരിച്ചും പല വഴികളിലേക്ക് പിരിയുന്ന ആ മുഹൂർത്തം. കൂട്ടത്തിൽ ദിയയുമുണ്ട്. ആരോടൊക്കെയോ ചിരിക്കാൻ ശ്രമിക്കുന്നുണ്ട്. ദേവനിൽ നിന്നും മാത്രം അവൾ അകന്ന്, മുഖം കൊടുക്കാതെ ഗേറ്റിനരികിലേക്ക് നടക്കുമ്പോൾ പിന്നിൽ നിന്നും ആ വിളി അവളുടെ കാലുകളെ ഒരു നിമിഷം നിശ്ചലമാക്കി.

” ദിയാ….. “

അവൾക്കറിയാം അത് ദേവൻ ആണെന്ന്.

” എല്ലാവരോടും താൻ യാത്ര പറഞ്ഞല്ലോ. എന്നോട് ഒരു യാത്ര പറയുന്നില്ലേ. ഞാനും നിന്റ ക്ലാസ്മേറ്റ് അല്ലേ? !! “

അവളുടെ ഉള്ളൊന്ന് പിടഞ്ഞു. ” ഇതുവരെ ഒരു വാക്ക് പറഞ്ഞിട്ടില്ല, കാണുമ്പോൾ കണ്ണുകൾ താഴ്ത്തി, അവന്റെ നിഴലിനരികിൽ നിന്ന് പോലും അകന്നുനിന്നു. പക്ഷേ, അവസാനയാത്ര പറയാൻ നേരം നിന്നെ മാത്രം വിട്ടത് എനിക്ക് നിന്നോട് ഒരു യാത്ര പറയാൻ കഴിയാത്തത് കൊണ്ടാണ് ദേവാ , ഒരു യാത്ര പറച്ചിൽകൊണ്ട് നിന്നെ…. ” എന്ന് മനസ്സ് പറയുന്നുണ്ട്.

” ടോ, “

ദേവൻ പിന്നെയും അവളുടെ മറുപടി പ്രതീക്ഷിച്ചു നിൽക്കുമ്പോൾ അവൾ പതിയെ തിരിഞ്ഞൊന്ന് പുഞ്ചിരിച്ചു.

” ടോ ദിയ, എന്നോട് മാത്രം താൻ ഒരു യാത്ര പറഞ്ഞില്ല. ചിലപ്പോൾ ഇനി നമ്മൾ കണ്ടില്ലെങ്കിലോ? “

അവളും ഒന്ന് പുഞ്ചിരിച്ചു.

” അതെ ദേവാ.. ചിലപ്പോൾ എന്നല്ല, നമുക്ക് കാണാൻ കഴിയുമെന്ന് തോന്നുന്നില്ല. എന്നെ മാത്രം പ്രതീക്ഷിച്ച് എന്നോടൊപ്പം ഒരു യാത്ര കൊതിച്ചൊരാൾ കാത്തിരിപ്പുണ്ട്. വൈകാതെ എനിക്കവനോടൊപ്പം പോയെ പറ്റൂ. വരില്ലെന്ന് പറയാൻ കഴിയില്ല. അവനിപ്പോ എന്നോട് വല്ലത്ത പ്രണയമാണെടോ “

അവളുടെ വാക്കിലും ചിരിയിലും നിറഞ്ഞുനിൽക്കുന്ന വിഷാദച്ചുവ ദേവന് തിരിച്ചറിയാൻ കഴിയുന്നുണ്ടായിരുന്നു.

” പക്ഷേ, ദേവാ. ഇയാളോട് എന്തോ എനിക്ക് യാത്ര പറയാൻ തോന്നിയില്ലാട്ടോ. മൗനത്തിൽ പോലും പറയാതെ പറഞ്ഞൊരിഷ്ടം. ഒരാളെ ഇഷ്ടപ്പെടാൻ കുറെ വാക്കുകളോ ചിരിയോ ഒന്നും വേണ്ടല്ലോ. മൗനം കൊണ്ട് പോലും ഒരിഷ്ടത്തെ പറയാം. നമ്മളെ അറിയാൻ കഴിയുന്നവൻ അതും തിരിച്ചറിയും. “

അവളുടെ വാക്കുകൾ അവന് അത്ഭുതമായിരുന്നു. അവളിൽ എവിടെയോ താനുണ്ടെന്ന തിരിച്ചറിവ്. അവൾ പറഞ്ഞതെത്ര ശരിയാണ്. മൗനം കൊണ്ടും മറക്കാത്ത ഒരിഷ്ടത്തെ ചേർത്തുപിടിക്കാൻ കഴിയും. അതുകൊണ്ട് ആണല്ലോ ഒരു യാത്രപറച്ചിൽ ആണെങ്കിൽപ്പോലും ഏറെ കൊതിയോടെ അവൾക്ക് അരികിലേക്ക് ഓടിവന്നത്.

പക്ഷേ, പിന്നീട് ആണ് അറിയുന്നത് അവളെ വിടാതെ പിന്തുടരുന്ന ആ കൂട്ടുകാരൻ മരണമാണെന്ന്. അവൾക്കൊപ്പം യാത്ര കൊതിച്ച മരണമെന്ന കൂട്ടുകാരനിൽ നിന്നും തട്ടിപ്പറിക്കുകയായിരുന്നു അവളെ. ഒരു വിവാഹത്തെ ആദ്യമൊക്കെ എതിർത്തെങ്കിലും ദേവന്റെ സ്നേഹത്തോടെയുള്ള വാശിക്ക് മുന്നിൽ ദിയ കഴുത്തുനീട്ടി. അന്ന് മുതൽ അവളുടെ വേദനയോടൊപ്പമായിരുന്നു യാത്ര. അവളെ കൊതിക്കുന്നവന് വിട്ടുകൊടുക്കാതെ. പക്ഷേ, എപ്പോൾ വേണമെങ്കിലും…..

അന്ന് അവൾക്ക് ഭക്ഷണം കോരികൊടുക്കുമ്പോൾ അവൾ ഒരു ആഗ്രഹം പറഞ്ഞിരുന്നു.

” ദേവാ.. എനിക്കിപ്പോ ഒരു ആഗ്രഹം. ഒരു അമ്മയാകാൻ. പിന്നെ ഞാനും നീയും നമ്മുടെ കുഞ്ഞുമൊക്കെ ആയി ആ കോളേജിന്റെ വരാന്തയിൽ ഒരുപാട് നേരം നടക്കണം. അന്ന് നമ്മൾ പറയാതെപോയതെല്ലാം വാ തോരാതെ പറയണം. നടക്കില്ലെന്ന് അറിയാം… ന്നാലും ഒരു മോഹം. “

” നടക്കുമെടി. നീ ആഗ്രഹിച്ചിട്ടുണ്ടെങ്കിൽ നമ്മൾ നടത്തും. “

ഉറപ്പ് കൊടുക്കാനേ കഴിഞ്ഞുള്ളു. പാലിക്കാൻ കഴിഞ്ഞില്ല. അവൾ പോയി അവളെ ഏറെ സ്നേഹിച്ച ആ കൂട്ടുകാരനോടൊപ്പം ഒരുപാട് ആഗ്രഹങ്ങൾ ബാക്കിവെച്ച്.

ഇന്നവളുടെ ഏഴാണ്‌.

പലരും പറഞ്ഞു മൂത്തവർ ഇരിക്കുമ്പോൾ ബലിച്ചോറു വെക്കരുതെന്ന്. പക്ഷേ, എനിക്കറിയാം ഞാൻ വരുന്നതും കാത്ത് നിളയുടെ മണൽതിട്ടകളിൽ അവൾ കാത്തിരിപ്പുണ്ടാകുമെന്ന്. എന്റെ ഒരു ഉരുള ചോറ് കൂടി കഴിച്ചേ അവൾ പോകൂ.

ബലിക്കാക്കകൾ ഒരുപാട് ഉണ്ട്. അതിൽ ഒന്ന് അവളാണ്. പഴയ ആ കോളേജ്കാലംപ്പോലെ മറഞ്ഞിരുന്നവൾ എന്നെ നോക്കുന്നുണ്ടാകും. മൗനം കൊണ്ട് പ്രണയിച്ച ദേവന്റെ മാത്രം പെണ്ണ്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *