അല്ലേലും ഇവറ്റകളെ സ്‌നേഹിക്കാൻ ആളുകളേറെയാണ്… മനുഷ്യന് മനുഷ്യരെ സ്നേഹിക്കാനാണ് ബുദ്ധിമുട്ടുകളത്രയും……

Story written by Saran Prakash

അന്നും കുറുകെ ചാടി.. ആ നശിച്ച കരിമ്പൂച്ച…

കിഴക്കേതിലെ അവറാച്ചൻ പെമ്പറന്നോത്തിക്ക് പിറന്നാളിന് സമ്മാനായി അയച്ചതാണ്.. പേർഷ്യയെന്നോ ബൂർഷ്വായെന്നോ ആണത്രേ ഇനം.. കൂട്ടം കൂടിയ അയൽക്കൂട്ടം പെണ്ണുങ്ങള് പറഞ്ഞുകേട്ടതാണ്…

എന്തായാലെന്ത്… മനുഷ്യനെക്കഴിഞ്ഞേ ഇവറ്റകളുള്ളൂ…

കൊണ്ടുവന്നതിന്റെ പിറ്റേന്നുതൊട്ടുള്ള അങ്കമാണിത്… വീടുവിട്ടൊന്ന് പുറത്തിറങ്ങിയാൽ അപ്പൊ ചാടും എന്റെ കുറുകെ…

ശേഷമുള്ളത് എടുത്തുപറയേണ്ടല്ലോ…!! നാടനായാലും പേർഷ്യനായാലും കരിമ്പൂച്ച കുറുകെ ചാടിയാൽ ദുശ്ശകുനം തന്നെയാണ്…

പല തവണ ഞാൻ ആ പെമ്പറന്നോത്തിയോട് പറഞ്ഞതാണ്, അതിനെ പിടിച്ചു പൂട്ടിയിടാൻ…

അപ്പോഴൊക്കെ അവര് പറയും… അതൊരു കുഞ്ഞല്ലേ.. ആർക്കുമൊരു ഉപദ്രവുമില്ലല്ലോന്ന്….!!

മീൻ തല ഇട്ടുകൊടുത്ത്കൊണ്ട് അമ്മച്ചിയും പറയും… അതൊരു മിണ്ടാപ്രാണിയല്ലേന്ന്…!!

അല്ലേലും ഇവറ്റകളെ സ്‌നേഹിക്കാൻ ആളുകളേറെയാണ്… മനുഷ്യന് മനുഷ്യരെ സ്നേഹിക്കാനാണ് ബുദ്ധിമുട്ടുകളത്രയും..!!

അതുകൊണ്ടാണല്ലോ കിഴക്കേ അതിരിലെ തെങ്ങുകൾക്കെല്ലാം ഉടലില്ലാതെ പോയത്…

പണ്ടൊരിക്കൽ തെങ്ങുകയറാനെത്തിയ വാസുവേട്ടന്റെ കണക്ക് താളം പിഴച്ച്, ഒരു തേങ്ങാ തെറിച്ചുവീണതാ അവറാച്ചന്റെ പറമ്പിലേക്ക്… ഗൾഫീന്ന് അവധിയാഘോഷിക്കാനെത്തിയ അവറാച്ചൻ പ്രകൃതി ഭംഗിയും ആസ്വദിച്ചു നിക്കണ നേരത്ത് ..

ചിരിച്ചുകൊണ്ടന്നത് എടുത്തുതന്നതെങ്കിലും, അവറാച്ചൻ തന്റെ പ്രതിഷേധ മറിയിച്ചത് പള്ളീലച്ചനിലൂടെയായിരുന്നു…

ന്യായമോ അന്യായമോ അല്ലാ.. അച്ചൻ വേർതിരിച്ചത് പണവും പ്രതാപവു മായിരുന്നിരിക്കണം… അതാണല്ലോ വന്നപാടെ ആ തെങ്ങുകളുടെ ഉടലുകൾ വെnട്ടി യരിയാൻ ഉത്തരവിറക്കിയത്…!!

നല്ലപോലെ കായ്ഫലമുള്ള തെങ്ങുങ്ങളായിരുന്നു അവറാച്ചന്റെ വരവോടെ അന്ന് നിലംപതിച്ചത്…!!

പൂച്ചകൂടി വന്നതോടെ അവശേഷിച്ചിരുന്ന എന്റെ പലഹാര കച്ചോടവും നഷ്ടത്തിലായി.. വീടുകളെത്ര കയറിയിറങ്ങിയിട്ടും കാര്യമുണ്ടായില്ല…!! കുറുകെ ചാടിയത് ആ നാ ശമല്ലേ..!!

കാലാവധി കഴിയാറായ പലഹാര പൊതികൾ ബാഗിലിരുന്നെന്നെ നോക്കി ദിവസങ്ങളോളം പല്ലിളിച്ചു..!!

കച്ചോടം കുറഞ്ഞതിന് ഞാനാ കരിമ്പൂച്ചയെ പഴിക്കുമ്പോൾ, ആദ്യമെല്ലാം അമ്മച്ചി കളിയാക്കുമായിരുന്നു… കാലം ശാസ്ത്രത്തോടൊപ്പം മുന്നോട്ട് പായുമ്പോൾ, ഞാൻ മാത്രം പുറകിലോട്ടാണത്രേ… പഴയ വിശ്വാസങ്ങളിലേക്ക്…

ദിവസങ്ങളേറിയപ്പോൾ കളിയാക്കലുകൾ പതിയെ നെടുവീർപ്പുകളായി മാറിക്കൊണ്ടിരുന്നു.. ഒരുപക്ഷേ പട്ടിണി മുന്നിൽകണ്ട് അമ്മച്ചിയും എനിക്കൊപ്പം പുറകിലേക്ക് സഞ്ചരിച്ചിരുന്നിരിക്കണം…

എങ്കിലും ആ കരിമ്പൂച്ചക്ക്,, മീൻതലയിൽ പകുത്തുനൽകിയ സ്നേഹത്തിൽ അമ്മച്ചി കുറവൊന്നും വരുത്തിയില്ല… അല്ലേലും അതാണല്ലോ അമ്മയെന്ന വാക്കിന്റെ പൊരുളും…!!

പക്ഷേ താളം തെറ്റുന്ന എന്റെ കണക്കുകൂട്ടലുകളിൽ, അരിശം കേറുമ്പോൾ ഞാൻ പറഞ്ഞതത്രയും പകുത്തുകൊണ്ട് പോകുന്ന മീ ൻതലയിൽ വി ഷം ചേർക്കുന്നതിനെ കുറിച്ചായിരുന്നു…

അവറാച്ചനെ പോലെ, പള്ളീലച്ചനോട് പരാതിയുന്നയിച്ചെങ്കിലും,, നാട്ടിലെ പട്ടീടേം പൂച്ചേടേം കാര്യമന്വേഷിക്കലല്ല മൂപ്പരുടെ പണിയത്രേ…

മുഖത്തുനോക്കിയല്ലെങ്കിലും, ആ പട്ടിയെന്ന് വിശേഷിപ്പിച്ചത് എന്നെയായിരുന്നു.. പുതുക്കിപ്പണിയാൻ പോണ കപ്പേളക്ക് സംഭാവന നൽകാത്തതിന്റെ പ്രതിഷേധം…!

എനിക്കിത് കേട്ടാൽ മതിയെന്നും പറഞ്ഞിറങ്ങുമ്പോൾ, ഓർത്തിരുന്നില്ല ഞാൻ, അന്നും പള്ളിലേക്ക് ഇറങ്ങുമ്പോൾ ആ മാരണം കുറുകെ ചാടിയിരുന്നെന്ന്…

പള്ളിക്കാരും അവറാച്ചനും പിറ്റേന്ന് വെളുപ്പിനെ വീടുകയറി വന്നപ്പോഴാ ണറിയുന്നത്.. പൂച്ചയെ കാണാനില്ലത്രേ…

പ്രതി ഞാനാണെന്നവർ ഉറപ്പിച്ചിരുന്നു… അച്ചനോടുള്ള വെല്ലുവിളിയായിരുന്നു അവർക്ക് നിരത്താനുണ്ടായിരുന്ന തെളിവ്..

അതുകൊണ്ടുതന്നെ അവറാച്ചനറിയേണ്ടത് ഒന്നുമാത്രമായിരുന്നു… കൊ ന്നോ..? അതോ കളഞ്ഞോ..?

അകത്തളത്തിലന്നേരം അമ്മച്ചിയുടെ നേർത്ത കരച്ചിലുയർന്നു…!! തലേന്നാൾ അവസാനമായി പകുത്തുനൽകിയ മീ ൻതലയോർത്തിട്ടാകാം…!!

അവറാച്ചൻ എന്റെ നേർക്ക് കയ്യുയർത്തി… പള്ളിക്കാർ തടഞ്ഞുനിർത്തി..

അതിരിനപ്പുറത്ത്, പെമ്പറന്നോത്തി ശപിച്ചുകൊണ്ട് കണ്ണീർപൊഴിച്ചു…

ഞാനൊരുകാലത്തും ഗുണം പിടിക്കില്ലത്രേ…!!

അന്നുച്ചക്ക് ചോറുണ്ണുമ്പോൾ മീൻകറി ചട്ടിയിലേക്ക് അമ്മച്ചി നോക്കിയതേയില്ല… പകരം നിസ്സംഗതയോടെ പറയുന്നുണ്ടായിരുന്നു… ഇനി ഇവിടെ മീൻ വേണ്ടെന്ന്…

പക്ഷേ ഞാൻ ആ മീൻകറി മതിയാവോളമെടുത്തു.. തലേന്നാൾ വെച്ച മീൻകറിയോളം സ്വാദുള്ള മറ്റെന്തുണ്ട്..!!

ബാഗും തൂക്കി കച്ചോടത്തിനിറങ്ങി.. ആത്മ സംതൃപ്തിയോടെ.. ദൂരങ്ങളോളം.. ഇടക്ക് ചില്ലറ കച്ചവടങ്ങളും…!!

പതിയെ പതിയെ മുന്നിൽകണ്ട പട്ടിണി കണ്ണിൽനിന്നും അകലേക്ക്…!!

അവറാച്ചൻ പുതിയൊരു പൂച്ചകുട്ടിയെ വാങ്ങി… വെളുത്ത് തുടുത്ത് പളുങ്കുപോലെ കണ്ണുള്ളത്…

അതിരിനടുത്തെത്തുമ്പോഴെല്ലാം പെമ്പറന്നോത്തി വന്നതിനെ എടുത്തു കൊണ്ടുപോയ്… അയലത്തുകാരനൊരു നരഭോജിയാണെന്നതിനെ ഓർമ്മപ്പെടുത്തികൊണ്ട്…!!

കച്ചോടത്തീന്ന് കിട്ടിയതിലൊരു വിഹിതം കപ്പേളക്ക് സംഭാവന നൽകിയപ്പോൾ, തെങ്ങ് വെട്ടേണ്ടിവന്നതിൽ അച്ചൻ ഖേദം പ്രകടിപ്പിച്ചു… ഒപ്പം ആ പൂച്ചയെ ഇ ല്ലാതാക്കിയതിന് രഹസ്യമായൊരു അഭിനന്ദനവും… കരിമ്പൂച്ചകൾ അല്ലേലും സാ ത്താന്റെ സൃഷ്ടികളാണത്രേ..!!

അങ്ങനെയൊന്ന് വേദപുസ്തകത്തിലുണ്ടോ…!! ആ.. ആർക്കറിയാം… എന്റെ വേദപുസ്തകം എന്റെ മനസാണ്.. കർത്താവ് മനഃസാക്ഷിയും…!!

എങ്കിലും എത്ര മനോഹരമായാണ് അച്ചൻ മലക്കം മറിഞ്ഞത്…!!

പോകെ പോകെ കരിമ്പൂച്ചയെ ഏവരും മറന്നു… മീൻതലക്ക് വേണ്ടി കാക്കകൾ കൊത്തുകൂടുമ്പോൾമാത്രം, അവറ്റകളെ ശകാരിച്ചുകൊണ്ട് അമ്മച്ചി ഓർത്തെടുത്തു.. അവന് നല്ല അനുസരണയായിരുന്നെന്ന്..!!

അങ്ങനെ ഒരുനാൾ അവറാച്ചന്റെ വീട്ടിൽ മൃഗാശുപത്രീന്ന് ആളുകളെത്തി.. അവരുടെ കയ്യിലൊരു കൂടുണ്ടായിരുന്നു… അതിൽ ക്ഷീണിച്ചവശനായൊരു കരിമ്പൂച്ചയും… അവറാച്ചന്റെ കരിമ്പൂച്ച..!!

മരണമുഖത്തുനിന്നും ആരോ രക്ഷിച്ചെടുത്ത് ആശുപത്രിയിലാക്കിയതാണത്രേ… രോഗം ബേധമാകുമ്പോൾ എത്തിക്കാൻ നൽകിയത് അവറാച്ചന്റെ വിലാസവും…!!

പക്ഷേ പെമ്പറന്നോത്തി മുഖം തിരിച്ചു.. അവർക്കവിടെ മറ്റൊന്നുണ്ട് പോലും… വെളുത്ത് തുടുത്ത്… പളുങ്കുപോലെ… കരിമ്പനേക്കാൾ ഭംഗിയുള്ളത്…!!

പുതിയ കാലത്തിന്റെ പരിഷ്കരിച്ച മൃഗസ്നേഹം…!!

ആശുപ്രതിക്കാർ സങ്കുചിതരായി… ഒന്നിനെക്കൂടി പോറ്റാൻ അവർക്കാവില്ലത്രേ… അതും അവശനായൊരെണ്ണത്തിനെ…!!

പള്ളീലച്ചനും, പള്ളിക്കാരുമെത്തി… ചർച്ചകൾ കൊടുമ്പിരി കയറി… വീട്ടിലെ ഇരുകാലുള്ള അവശരെ ഒഴിവാക്കാൻ വഴിതേടുന്നവരായിരുന്നു അവരെല്ലാം…!! പിന്നെയാണോ നാലുകാലുള്ള ഒന്നിനെക്കൂടി…!!

ഒടുക്കം പടികയറി അവരൊരുമിച്ച് എന്റെ വീട്ടിലേക്കെത്തി..

ഒരിക്കൽ കൊ ല്ലാൻ നോക്കിയതല്ലേ…!! ഒരിക്കൽക്കൂടി അതൊന്നു ആവർത്തിച്ചുകൂടെന്ന്…!!

കുർബ്ബാനകളിൽ നന്മയും തിന്മയും വേർതിരിക്കുന്ന അച്ചനാണാ പറഞ്ഞത്…

എന്റെ മറുപടിയുംകാത്ത് കൂട്ടത്തിൽ അവറാച്ചൻ കാതോർത്തുനിൽക്കുന്നുണ്ട്… കാലമെത്രപെട്ടന്നാണ്‌ മലക്കം മറിഞ്ഞത്… അച്ചനെപ്പോലെ…!!

കൈനീട്ടി ഞാനാ കൂടെറ്റുവാങ്ങുമ്പോൾ അകത്തളത്തിൽ അമ്മച്ചിയുടെ തേങ്ങലുയർന്നു…

മ രണം കാത്തുകിടക്കുന്നവരെ അന്ത്യകൂദാശനല്കി ഇഹലോക ത്തെത്തിക്കുന്നത് പുണ്യമാണെന്ന് അച്ചൻ അകത്തളത്തിലേക്ക് നോക്കി പറയണുണ്ടായിരുന്നു..

പക്ഷേ ഏതുവേദപുസ്തകത്തിലാണ് സഹജീവിയെ കൊ ല്ലാനുള്ള അധികാരം മനുഷ്യന് നല്കിയിട്ടുള്ളതെന്ന് അമ്മച്ചി തിരികെ ചോദിച്ചപ്പോൾ, അച്ചൻ മൂകനായി…!!

പകരം മറുപടി നൽകിയത് അതിരിനപ്പുറത്തുനിന്നും ആ പെമ്പറന്നോത്തിയായിരുന്നു….

അത് വെറുമൊരു പൂച്ചയല്ലേ…!!

അവരുടെ കൈകളിലുണ്ടായിരുന്ന വെളുത്ത പൂച്ച ആ നിമിഷമൊന്നുകുതറി.. ര ക്ഷപ്പെടാനെന്ന പോലെ…!!

അച്ചനും പള്ളിക്കാരും അവറാച്ചനും പടിയിറങ്ങിപ്പോയി…

അമ്മച്ചിയുടെ കണ്ണുകൾ എന്നെനോക്കി അരുതെന്നാവർത്തിച്ചു പറഞ്ഞുകൊണ്ടേയിരുന്നു…!!

ഞാനൊന്നു പുഞ്ചിരിച്ചു… ബാഗിലെ പലഹാര പൊതികൾക്കിടയിൽനിന്നും, ഒരുപൊതിയെടുത്തു… അതിൽനിറയെ നിറം മങ്ങിയ മഞ്ചാടിക്കുരു പോലെയൊന്ന്…

കൂട്ടിലെ കരിമ്പൂച്ച മണംപിടിച്ചെഴുന്നേറ്റു… ആർത്തിയോടെയവൻ ഓരോന്നായി നുണഞ്ഞെടുക്കുമ്പോൾ,, അമ്മച്ചി കണ്ണുമിഴിച്ചു…

അമ്മച്ചിയുടെ മീ ൻതലയേക്കാൾ അവന്റെ ഇഷ്ട ഭക്ഷണമാണതെന്ന് പറയുമ്പോൾ, ആ കണ്ണുകളിൽ കൗതുകമേറിക്കൊണ്ടേയിരുന്നു…!!

പള്ളീലച്ചനോടന്ന് പരാതിയും പറഞ്ഞുവരുമ്പോൾ വഴിയരികിൽ അവശനായി കിടന്നിരുന്ന അവനെ ആശുപത്രീയിലെത്തിച്ചത് ഞാനായിരുന്നു… ചികിത്സക്കുള്ള പണവും, അവറാച്ചന്റെ വിലാസവുമേൽപ്പിച്ചു…

കണ്ണിമചിമ്മാതെ അമ്മച്ചിയെന്നെ നോക്കിക്കൊണ്ടേയിരുന്നു…!! പിന്നെന്തിനീ കാലമിത്രയും ആ സാധുവിനെ പഴിച്ചതെന്ന് ചോദിച്ചുകൊണ്ട്…

ഉത്തരമൊന്നേയുള്ളൂ…

തന്റെ തോൽവികളിൽ വിശ്വാസത്തേയും ദൈവത്തേയും പഴിച്ച് ആത്മനിർവൃതിയടയുന്നവരല്ലേ നമ്മൾ മനുഷ്യർ..!! അതുകൊണ്ട് മാത്രം…!!

അവറാച്ചനും പള്ളിക്കാരുമെത്തി കയ്യുയർത്തിയിട്ടും, എന്തിനിതെല്ലാം രഹസ്യമായി സൂക്ഷിച്ചെന്ന് ചോദിച്ചാൽ,, നഷ്ടമായത് അപ്രതീക്ഷിതമായി തിരിച്ചു കിട്ടുന്നതിനേക്കാൾ സുഖമുള്ള മറ്റെന്തുണ്ട്…!!

ഞാൻ ലാളിച്ചു പോറ്റിയ തെങ്ങുകളുടെ ഉടലുകൾ വെ ട്ടിയരിഞ്ഞ അവറാച്ചനോടുള്ള എന്റെ മധുരപ്ര തികാരം..!!

ചില മനുഷ്യരെ തിരുത്താൻ പ്രതികാരത്തെക്കാൾ, നല്ലതല്ലേ മധുര പ്രതികാരങ്ങൾ..!!

പക്ഷേ, നഷ്ടമായതിനേക്കാൾ വേഗത്തിൽ അവറാച്ചൻ പുതിയൊരെണ്ണത്തിനെ വാങ്ങിയെന്നറിഞ്ഞപ്പോൾ തിരിച്ചറിഞ്ഞു… അവർക്കത് ജീവനുള്ള വെറും കളിപ്പാവകളാണെന്ന്…!! ആർഭാടത്തിന്റെ മറ്റൊരു മുഖം…!!

അന്നുതൊട്ടുള്ള കാത്തിരിപ്പാണ് ഞാൻ.. നിറം മങ്ങിയ ഒരു പൊതി മഞ്ചാടിക്കുരുവും സൂക്ഷിച്ച്…

ഉള്ളം തിരിച്ചറിയാൻ വൈകിയതിന് ക്ഷമാപണം പോലെ,, നെഞ്ചോരം ചേർത്തിയെന്റെ നെറുകയിൽ ചുംബിച്ചു ആ അമ്മ മനസ്സ്…!!

തെറ്റ് അമ്മയുടേതല്ല… ചെയ്യുന്ന നന്മകൾ വിളിച്ചോതുന്നവർക്കിടയിൽ ചില മനുഷ്യരിങ്ങനെയുമുണ്ട്…!! ആരെയും അറിയിക്കാതെ… ആരാലും അറിയാതെ..!!

കൂട്ടിൽനിന്നും അമ്മയവനെ കൈകളിലെടുത്തു… അവൻറെ നെറുകയിൽ തലോടി, ആരാണെന്റെ കുട്ടിയെ കണ്ണുവെച്ചതെന്ന് വ്യാകുലപ്പെട്ടു..!!

ആ നിമിഷം ചങ്കൊന്നുപ്പിടഞ്ഞു…!!

പകുത്തു നൽകിയ മീൻ തലകളായിരുന്നെന്നറിഞ്ഞാൽ നീറിപ്പുകയുന്ന ആ അമ്മ മനസ്സോർത്തു…!! വേണ്ടാ… അറിയണ്ടാ…!! പച്ചമീനുകൾ ഇവറ്റകൾക്ക് നല്ലതല്ലെന്ന അറിവില്ലായ്മകൊണ്ടല്ലേ…!!

അല്ലേലും അമ്മയെ കുറ്റപ്പെടുത്താൻ അവനുമാകില്ലല്ലോ… ആ മീൻതലകളിൽ അവൻ കണ്ടതത്രയും ഒരമ്മ മനസ്സിന്റെ സ്നേഹം മാത്രമല്ലേ….!!

ബാഗുമായി പടിയിറങ്ങുമ്പോൾ ഉമ്മറത്തിണ്ണയിൽ അവനിരിപ്പുണ്ട്… ഒരു ചിരിയോടെ കുറുകെ ചാടുന്നില്ലേന്ന് ആ നെറുകയിൽ തലോടി ചോദിക്കുമ്പോൾ ആ കണ്ണുകളെന്നോട് പറയുന്ന പോലെ…

ഇനി ചാടാനാഗ്രഹം അതിരില് നിക്കണ ആ മതിലാണെന്ന്… മതിൽകെട്ടി നപ്പുറത്തെ ആ പളുങ്ക് സുന്ദരിയിലേക്ക്…!!

Related Posts

Leave a Reply

Your email address will not be published. Required fields are marked *