ഡോ താനിത്ര വൃത്തികെട്ടവനായിരുന്നോ. വെറുതെയല്ല തന്റെ ഭാര്യ തന്നെ ഒരിക്കൽ ഉപേക്ഷിച്ചു പോയത്…,

രണ്ടാം കെട്ട്

Story written by Akhilesh Reshja

“ഡോ താനിത്ര വൃത്തികെട്ടവനായിരുന്നോ. വെറുതെയല്ല തന്റെ ഭാര്യ തന്നെ ഒരിക്കൽ ഉപേക്ഷിച്ചു പോയത് ” കണ്ണിൽ നിന്ന് ഒഴുകുന്ന കണ്ണുനീര് തടയാനായാകാതെ കാവ്യ പാടു പെട്ടു. ഇത്രയും നാൾ മനസ്സിൽ കൊണ്ടു നടന്ന ആളുടെ തനി സ്വഭാവം പുറത്തു വന്നിരിക്കുന്നു. സ്വയം അപമാനിതയായ ദുഃഖത്തിൽ അവൾ തളർന്നു പോയിരുന്നു

അപ്രതീക്ഷിതമായി കാവ്യയിലുണ്ടായ മാറ്റം ഉൾക്കൊള്ളാനാകാതെ അഭിമന്യു ഒരു നിമിഷം പതറിപ്പോയി.

“ഓഹ്. എന്റെ സ്വഭാവത്തെക്കുറിച്ച് പറയാൻ നീയാരാ. കുറേനാളായില്ലേ നീയെന്റെ പുറകെ നടക്കാൻ തുടങ്ങിയിട്ട്. നിന്റെ സ്വഭാവം അത്രയ്ക്കു നല്ലതാണെങ്കിൽ പിന്നെന്തിനാ നീയെന്റെ പുറകെ വന്നെ?” അഭിമന്യു പൊട്ടിത്തെറിച്ചു.

“ശരിയാണ്. എല്ലാം എന്റെ തെറ്റാണ്. പറ്റിപ്പോയി. ഇതോടെ തീർന്നു. മേലാൽ എന്റെ പുറകെ വരരുത്. ഗുഡ് ബൈ ” അത്രയും പറഞ്ഞ് കൊണ്ട് കാവ്യ പകയോടെ നിന്നു. പഴയ സംഭവവങ്ങളിലേയ്ക് അവളുടെ മനസ്സിൽ തിരയടിച്ചു.

നടന്നതെല്ലാം വിശ്വസിക്കാൻ അവൾക് പ്രയാസമായിരുന്നു. മൂന്ന് മാസങ്ങൾക് മുൻപ് കൂട്ടുകാർക്കൊപ്പം ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കുന്ന അഭിമന്യുവിനെ കണ്ടത് മുതൽ എന്തോ ഒരു ആകർഷണം തോന്നിയിരുന്നു. പിന്നീട് കാണുമ്പോഴെല്ലാം അറിയാതെ നോക്കി പോകുന്നു. പിന്നീടാണറിഞ്ഞത് അഭിമന്യു തന്നെയും ശ്രദ്ധിക്കുന്നുണ്ടായിരുന്നുവെന്ന്. പോകുന്ന വഴികളിൽ ആകസ്മികമെന്നോണം കണ്ടു മുട്ടാറുണ്ടായിരുന്നു. പേരോ നാളോ വീടോ അങ്ങനെയൊന്നും അറിയില്ലായിരുന്നു. കാവ്യയ്ക്ക് അഭിമന്യുവിനെ ക്കുറിച്ചറിയാൻ വളരെ താല്പര്യം ഉണ്ടായിരുന്നു. ആകെക്കൂടി അറിയാമായിരുന്നത് അഭിമന്യു തന്റെ അയൽവാസിയായ ശരത്തിന്റെ കോളേജിൽ ആയിരുന്നു പഠിച്ചിരുന്നത് എന്നു മാത്രമായിരുന്നു. ശരത്തും അഭിമന്യുവും തമ്മിൽ സംസാരിക്കുന്നത് പല തവണ കണ്ടിട്ട് ഊഹിച്ചതാണ് ഇക്കാര്യം. പിന്നീട് അഭിമന്യു എന്നാണ് കക്ഷിയുടെ പേരെന്നും ശരത്തിൽ നിന്നും അറിയാനിടയായി. സോഷ്യൽ മീഡിയ വഴി അവൾ അവന്റ വിവരങ്ങൾ അന്വേഷിച്ചു കൊണ്ടിരുന്നു. ഫേസ്ബുക്കിൽ കാവ്യയുടെയും അഭിമന്യുവിന്റെയും മ്യുച്വൽ ഫ്രണ്ട് ആയി തന്റെ പഴയ കൂട്ടുകാരി അനഘയുള്ളത് കാവ്യയുടെ ശ്രദ്ധയിൽപ്പെട്ടു. അനഘയ്ക്കു അഭിമന്യുവിനെക്കുറിച്ച് ഏതാണ്ടൊക്കെ അറിയാമായിരുന്നു

“ആൾടെ കല്യാണം കഴിഞ്ഞതാണ്. ഒരാഴ്ച തികയും മുൻപേ ഭാര്യ ഇട്ടേച്ചു പോയെന്ന കേട്ടത് ” അനഘയുടെ വാക്കുകൾ അവൾക്കു വിശ്വസിക്കാനായില്ല. അവൾക്കാതൊരു ആഘാതമായിരുന്നു. പക്ഷേ അവനോടുള്ള സ്നേഹത്തിനുമേൽ കരിനിഴൽ വീഴ്ത്താൻ മാത്രം ആ വാർത്തയ്ക്കു ശേഷിയുണ്ടായിരുന്നില്ല. എങ്കിലും തമ്മിൽ പറയാതെ പറഞ്ഞു കൊണ്ടിരുന്ന സ്നേഹത്തിനു ഒരു തടയിടുവാൻ കാവ്യ ഒരുപാട് ശ്രമിച്ചു. വഴിയിൽ കാണുവാൻ മാത്രമായി പതിവുപോലെ കാത്തു നിന്നിരുന്ന അഭിയെ അവൾ പല അവഗണിച്ചു. പക്ഷേ ഒരുപാട് നാൾ അവൾക്ക് പിടിച്ചു നിൽക്കുവാനായില്ല.

“തനിക്കെന്നെ ഇഷ്ടമാണോ. അല്ലയോ രണ്ടിലൊന്ന് എനിക്ക് അറിയണം. ശല്ല്യമാകാൻ ഞാൻ വരില്ല.” ഇഷ്ട്ടമാണെന്ന് അവൾ മറുപടി പറഞ്ഞു. പിന്നേയും നാളുകൾ പലതും തമ്മിൽ ഒരു പുഞ്ചിരിമാത്രം നൽകി മൗനമായി കടന്നു പോയി.

കോളേജിലേക്കു പോകും വഴിയാണ് അഭിയുടെ കാർ വഴിയരികിൽ നിർത്തിയിട്ടിരിക്കുന്നത് കണ്ടത്. സ്കൂട്ടി നിർത്തി നോക്കിയപ്പോൾ അഭിയും മറ്റൊരു പെണ്ണും കൂടി കാറിൽ ചാരി നിന്ന് സെൽഫി എടുക്കുകയാണ്. തോളിൽ കൈയിട്ടുകൊണ്ട് വളരെ സന്തോഷപൂർവ്വം അഭി മറ്റൊരു പെണ്ണുമായി നിൽക്കുന്നു. അത് അവന്റ പിണങ്ങിപ്പോയ ഭാര്യയാണെന്ന് കാവ്യ കണ്ടെത്തി. നെറ്റിയിൽ സിന്ദൂരവും അണിഞ്ഞു ഇത്രയും അടുത്തിടപെഴുകാൻ മറ്റാരാണ്! കാവ്യ സങ്കടം സഹിക്കാനാകാതെ സ്കൂട്ടിയെടുത്തു അഭിയുടെ നേരെ മുൻപിൽ ചെന്നു നിന്നു. അഭി കാവ്യയെ കണ്ടതും അമ്പരന്നു. ചെറിയ പേടിയോടെ കൂടെ യുള്ള പെൺകുട്ടിയെ നോക്കി. അഭി പെട്ടന്ന് പോക്കറ്റിൽ നിന്നും പേഴ്സ് എടുത്തു വേഗത്തിൽ അടുത്തു നിന്ന പെൺകുട്ടിയ്ക്കു നൽകി

“നീ വേഗം പോയി വാങ്ങാനുള്ളതെല്ലാം വാങ്ങിയിട്ട് വരൂ. ഞാൻ ഇവിടെ വെയിറ്റ് ചെയ്യാം.” വെപ്രാളത്തോടെ അഭി പറഞ്ഞു നിർത്തി.

പേഴ്സ് വാങ്ങി ആ പെൺകുട്ടി കാവ്യയെ ഒന്ന് സൂക്ഷിച്ചു നോക്കിയ ശേഷം റോഡ് ന്റെ മറു വശത്തുള്ള ഫ്രൂട്സ് കടയെ ലക്ഷ്യമാക്കി നടന്നു. കാവ്യ അവളെ ഇമ വെട്ടാതെ നോക്കി നിന്നു. തന്നെക്കാൾ സുന്ദരിയാണ്.

“താനെന്താ ഇവിടെ ” അഭിയുടെ ശബ്ദം അവളുടെ നോട്ടത്തെ പിൻവലിച്ചു.
“എന്താ എനിക്ക് വരാൻ പാടില്ലേ. രണ്ടാം കെട്ടാണെന്നറിഞ്ഞിട്ടും ഞാൻ നിങ്ങളെ സ്നേഹിച്ചു. പക്ഷെ നിങ്ങളോ ” “ഡീ ഞാൻ പറഞ്ഞോ നിന്നോട് എന്നെ സ്നേഹിക്കാൻ ” അഭി തമാശ രൂപേണ പറഞ്ഞു. കാവ്യ നിന്ന നിൽപ്പിൽ കലിയടങ്ങാതെ നിന്നു വിറച്ചു. രണ്ടുപേരുടെയും ഇടയിലേക് ഫ്രൂട്സും വാങ്ങി ആ പെൺകുട്ടി തിരിച്ചെത്തി. “കാവ്യാ… ഇതാണ് നിമ… പ്രെഗ്നന്റ് ആണ്. അവളെ ചെക്കപ്പിന് കൊണ്ടു പോകുന്ന വഴിയാ”

ഇത്രയും കേട്ടതും കാവ്യ തന്റെ രോക്ഷമടക്കാനാകാതെ തന്റെ വായിൽ തോന്നിയതെല്ലാം വിളിച്ചു പറഞ്ഞു. അഭി വൃത്തികെട്ടവനാണെന്നും മറ്റും. അവനെ സ്നേഹിക്കാൻ പുറകെ നടന്നത് അവളല്ലേയെന്ന് അവനും തിരിച്ചടിച്ചു. ഒന്നും മനസ്സിലാകാതെ നിമയും.

“ആരാ ഏട്ടാ ഇത്‌. എന്തൊക്കെയാ ഈ കുട്ടി പറയുന്നേ ” നിമയുടെ പെട്ടന്നുള്ള സംസാരം ഇതുവരെയുള്ള ഓർമ്മകളിൽ ലയിച്ചു നിന്നിരുന്ന കാവ്യയെ ഉണർത്തി.

“ആരാണെന്നോ ഞാൻ പറയാം. ഞാൻ നിന്റെ ഭർത്താവിന്റെ കാമുകി. അറിയാതെ ഇഷ്ട്ടപ്പെട്ടു പോയി. ഭാര്യ ഉപേക്ഷിച്ചു പോയി എന്നാണറിഞ്ഞത്. ഭാര്യ തിരിച്ചു വന്നിട്ടും നിന്റെ ഭർത്താവ് എന്നെ വഞ്ചിക്കുകയായിരുന്നു “

കണ്ണീരോടെ കാവ്യ പറഞ്ഞു നിർത്തിയതും അഭി ചിരിയ്ക്കാൻ തുടങ്ങി. കാവ്യയുടെ കൺകളിൽ തീ പാറി. “അപ്പൊ ഏട്ടാ ഇതാണല്ലേ ഏട്ടന്റെ പുറകെ നടക്കുന്ന, ഏട്ടന്റെ ഹൃദയം മോഷ്ടിച്ച പെൺകുട്ടി?” നിമയുടെ വാക്കുകൾ വിശ്വസിക്കാനാകാതെ അവൾ മിഴിച്ചു നിന്നു.

“എന്റെ പൊന്നു കാവ്യെ. ഇതെന്റെ സ്വന്തം അനിയത്തിയാണ്. അവളുടെ ഭർത്താവ് കഴിഞ്ഞ ആഴ്ച ദുബായ് ക് പോയി. ഞാൻ നിന്റെ കാര്യം വീട്ടിൽ പറഞ്ഞിരുന്നു. ഒരു സർപ്രൈസ് ആയിട്ട് വരാമെന്ന് കരുതിയിരിക്കയിരുന്നു. പിന്നെ രണ്ടാം കെട്ടെന്നു പറഞ്ഞല്ലോ. അത് എന്റെ തെറ്റല്ല. ഇഷ്ടമില്ലാത്ത ഒരാളുടെ ഒപ്പം കഴിയാൻ ആഗ്രഹിക്കുന്നില്ലെന്നു പറഞ്ഞു പഴയ കാമുകനെ തേടി അവൾ ആദ്യമേ പോയത് എന്റെ ഭാഗ്യമാണെന്ന് ഞാൻ വിശ്വസിക്കുന്നു.എന്നാലും നിയെന്നെ തെറ്റിദ്ധരിച്ചല്ലോ “

“അതുപിന്നെ… എന്റെ ഫ്രണ്ട് ഉണ്ടല്ലോ അനഘ… അവൾ അഭിയേട്ടന് ഒരു അനിയത്തി ഉള്ള കാര്യം എന്നോട് പറഞ്ഞിരുന്നില്ല. പിണങ്ങിപ്പോയ ഭാര്യ തിരിച്ചു വന്നെന്നു വിചാരിച്ചിട്ട ഞാൻ… സോറിട്ടോ “… ഇത്തവണ കാവ്യയുടെ കണ്ണിലും കവിളിലും ചുണ്ടിലും കണ്ണീരിന്റെ നനവിനൊപ്പം ഒരുപാട് കുഞ്ഞു നക്ഷത്രങ്ങൾ മിന്നിയ പോലെ തോന്നി അഭിയ്ക്ക്.

“അപ്പൊ എങ്ങനാ ഏട്ടാ ഈ സൂപ്പർഫാസ്റ്റ് നെ ചുമക്കാൻ തന്നെ തീരുമാനിച്ചുലെ ” കുസൃതിയോടെ നിമ കാവ്യയെ കളിയാക്കി.

“ന്നാ ഞാൻ പോവട്ടെ “…. ചമ്മൽ മറയ്ക്കാൻ പാടുപെട്ടു കൊണ്ട് കാവ്യ സ്കൂട്ടിയെടുത്ത് നീങ്ങി.

“ഏട്ടോ… ഏട്ടൻ പെട്ടു. കാള പെറ്റൂന്ന് കേൾക്കുമ്പോഴേക്കും കുഞ്ഞുടുപ്പും ബേബി സോപ്പും വാങ്ങാൻ പോണ ഐറ്റത്തെയാണല്ലോ കണ്ടു പിടിച്ചത് “

നിമയും അഭിയും കാവ്യയുടെ ചമ്മിയ പോക്കു കണ്ട് പരിസരം മറന്നു ചിരിച്ചു പോയി.

Related Posts

Leave a Reply

Your email address will not be published. Required fields are marked *