തന്റെ മുടിയിൽ വലിച്ചു പിടിച്ചിരിക്കുന്ന കുട്ടിയുടെ കൈകൾ പറിച്ചെറിഞ്ഞു കൊണ്ട് ആ സ്ത്രീ ആക്രോശിക്കുമ്പോൾ മീര അപ്പുവിന്റെ ഉടൽ തന്നോട് ചേർത്ത് പിടിച്ചു പിന്നിലേക്ക് മാറി…..

മാലാഖമാരുടെ ആകാശം

Story written by Ammu Santhosh

“ഇങ്ങനെയുള്ള കുഞ്ഞുങ്ങളെ കൊണ്ട് പൊതുസ്ഥലത്തു വരാതെയിരുന്നു കൂടെ? മനുഷ്യനെ ഉപദ്രവിക്കാനായിട്ട് “

തന്റെ മുടിയിൽ വലിച്ചു പിടിച്ചിരിക്കുന്ന കുട്ടിയുടെ കൈകൾ പറിച്ചെറിഞ്ഞു കൊണ്ട് ആ സ്ത്രീ ആക്രോശിക്കുമ്പോൾ മീര അപ്പുവിന്റെ ഉടൽ തന്നോട് ചേർത്ത് പിടിച്ചു പിന്നിലേക്ക് മാറി. അപ്പുവാകട്ടെ അലറി കരയാനും തുടങ്ങി. മീരയുടെ ഉള്ളിലും ആ കരച്ചിൽ തുടങ്ങി കഴിഞ്ഞിരുന്നു. ഇതാദ്യമല്ല അവളിതൊക്ക കേൾക്കുന്നത്. എന്നാലും വീട്ടിൽ അടച്ചിട്ടു കൊണ്ട് എത്ര നാൾ കുഞ്ഞിനെ വളർത്തും. അവനും ഈ ഭൂമിയിൽ ജീവിക്കാൻ അവകാശമില്ലേ? ഈ ഭൂമി അവനും കൂടി വേണ്ടതല്ലേ? ആകാശം, മഴ, കാറ്റ്, പൂക്കൾ, ചിത്രശലഭങ്ങൾ, പക്ഷികൾ ഒക്കെ അവർക്ക് കൂടി ഉള്ളതല്ലേ?

“കൊച്ചേ പറയുന്നത് കൊണ്ടൊന്നും തോന്നരുത്. ഇത് ക്ഷേത്രമാണ്. ഇവിടെ ഇജ്ജാതി കുഞ്ഞുങ്ങളെ കൊണ്ട് വരരുത്. ഈ തിരക്കിനിടയിൽ ഇവൻ എന്തെങ്കിലും മറ്റ് കുഞ്ഞുങ്ങളെ ഉപദ്രവിച്ചാൽ… അല്ലെങ്കിൽ ഇതിനുള്ളിൽ തുപ്പുകയോ മല മൂത്ര വിസർജ്ജനം ചെയ്യുകയോ ചെയ്താൽ? മറ്റ് കുഞ്ഞുങ്ങളെ പോലെ വിവരവും ബുദ്ധിയുമൊന്നുമില്ലല്ലോ ഇതിന്. മേലിൽ വരുമ്പോൾ ആരെയെങ്കിലും ഏല്പിച്ചിട്ട് വരണം “

ഒരു പ്രായം ചെന്ന സ്ത്രീ ആയിരുന്നു അത് പറഞ്ഞത്. എല്ലാവരും അവർക്ക് പിന്തുണ കൊടുക്കുന്ന പോലെ തലയാട്ടി

പ്രസാദം ഇല ചീന്തിൽ നൽകുകയായിരുന്ന പൂജാരി അത് കേട്ടു. അദ്ദേഹം ചെയ്തിരുന്ന ജോലി പാതിയിൽ നിർത്തി അങ്ങോട്ടേയ്ക്ക് ചെന്നു.

“നാണമില്ലല്ലോ അമ്മേ നിങ്ങൾക്ക്? നിങ്ങളൊക്കെ എന്തിനാ ക്ഷേത്രത്തിൽ വരുന്നത്? ഇത് പോലെ ദുഷിച്ച മനസുമായി ഇവിടെ വന്ന് പ്രാർത്ഥിച്ചാൽ ദൈവം നിങ്ങളെ അനുഗ്രഹിക്കുക പോയിട്ട് ഇവിടെ നിൽക്കുക പോലുമില്ല.ഇവിടെ നിന്ന് ഓടിക്കളയും. വയസ്സ് ഇത്രയായിട്ടും വകതിരിവ് പഠിച്ചില്ലല്ലോ.
കഷ്ടം “

പിന്നെ കണ്ണീർ വാർക്കുകയിരുന്ന മീരയുടെ അടുത്ത് ചെന്നു.

“മോള് തൊഴുതായിരുന്നോ?” അവൾ ഇല്ല എന്ന് തലയാട്ടി

“മോന് എത്ര വയസ്സായി?”

“ആറു വയസ്സ് “

“വരൂ..”

അദ്ദേഹം മുന്നേ നടന്നു

പിന്നാലെ അവരും

കൂടി നിന്നവരുടെ പിറുപിറുപ്പുകൾ ശ്രദ്ധിക്കാതെ അദ്ദേഹം ആൾക്കാരോട് രണ്ടു വശങ്ങളിലായ് അകന്ന് നിൽക്കുവാൻ പറഞ്ഞു. പിന്നീട് അവരെ നടയ്ക്ക് നേരേ നിർത്തി

“എല്ലാം അവിടെ പറഞ്ഞോളൂ. സങ്കടമായിട്ടല്ല. വിശേഷങ്ങൾ ആയിട്ട്. എല്ലാം പറഞ്ഞോളൂ.” അദ്ദേഹം ശ്രീക്കോവിലിനുള്ളിലേക്ക് കയറി

പിടിച്ചു നിർത്തിയ പോലെ അപ്പുവിന്റെ കരച്ചിൽ നിന്നത് മീര അറിഞ്ഞില്ല. അവൾ ഭഗവാനെ നോക്കുകയായിരുന്നു. ഏറെ നാളായി ക്ഷേത്രത്തിൽ വന്നിട്ട്. ഏറെ പ്രാർത്ഥനകളുടെ ഒടുവിൽ ജനിച്ച കുട്ടിയായിരുന്നു അപ്പു. അവൻ ഇങ്ങനെ ആണെന്ന് തിരിച്ചറിഞ്ഞ ശേഷം അവൾ ക്ഷേത്രത്തിൽ വന്നിട്ടില്ല. പ്രാർത്ഥിച്ചിട്ടുമില്ല. ദൈവങ്ങളോട് അവൾക്ക് ദേഷ്യമായിരുന്നു. ആരോടും താൻ ഒരു തെറ്റും ചെയ്തിട്ടില്ല. ആരെയും ഉപദ്രവിച്ചിട്ടില്ല. കഴിയുന്നതും സഹായിച്ചിട്ടേയുള്ളു. എന്നിട്ടും തനിക്കിങ്ങനെ… ദുഷ്ടൻമാർക്ക് ഒന്നും ഇങ്ങനെ ഒരു സങ്കടവും ഇല്ല. അവരൊക്കെ എത്ര സന്തോഷം ആയി കഴിയുന്നു. താൻ ജീവിതകാലം മുഴുവൻ ഈ വേദന തിന്നു കൊണ്ട് ജീവിക്കണം.. പെട്ടെന്ന് അപ്പു എന്തോ മൂളും പോലെ തോന്നിയിട്ട് അവൾ അവനെ നോക്കി. അഷ്ടപദി പാടുന്നുണ്ട് ക്ഷേത്രത്തിൽ. അത് ഏറ്റു മൂളുകയാണവൻ. അവൾ അത്ഭുതത്തോടെ അവൻ കൈ കൊണ്ട് മെല്ലെ താളമടിച്ചു മൂളുന്നത് കണ്ടു നിന്നു. അവനെയും കൊണ്ട് അവൾ ആൾ ഒഴിഞ്ഞ ഒരു ഭാഗത്തു പോയി ഇരുന്നു. അപ്പു പിന്നീട് കരയുന്നില്ലായിരുന്നു. അവൻ കുഞ്ഞി കണ്ണുകൾ ഒക്കെ വിടർത്തി ചുറ്റും നോക്കിയിരുന്നു.

“മീരയല്ലേ?”

അവൾ തിരിഞ്ഞു നോക്കി

അനുപമ ടീച്ചർ

“ടീച്ചർ “അവൾ പെട്ടെന്ന് എഴുന്നേറ്റു

“കുറെ നാളായല്ലോ കണ്ടിട്ട്.ഞാനിടയ്ക്ക് അന്വേഷിച്ചു “

മീര വിഷാദത്തോടെ ഒന്ന് ചിരിച്ചു

“മോൻ മിടുക്കൻ ആണല്ലോ. എന്താ കുട്ടാ പേര്?”

അപ്പു വേറെ എങ്ങോട്ടാ നോക്കി

“ഭർത്താവ്?”

“കഴിഞ്ഞ വർഷം ഡിവോഴ്സ് ആയി ” അവൾ തണുത്ത സ്വരത്തിൽ പറഞ്ഞു

“ഇങ്ങനെ ഒരു മോൻ ഉണ്ടായത് എന്റെ മാത്രം കുറ്റമാണോ ടീച്ചർ? അതോ ഇങ്ങനെ ഒരു കുഞ്ഞു ണ്ടായാൽ മരിച്ചു കളയണോ? അതോ ഇവനെ കൊല്ലണോ?”

അവൾ ചീറി

ടീച്ചർ അവളെ ചേർത്ത് പിടിച്ചു

“മോൾ വാ “

ടീച്ചറിന്റെ വീട്ടിൽ പണ്ടെങ്ങോ പോയതാണ്. അതിപ്പോ ഒരു നഴ്സറി പോലെ തോന്നിച്ചു

കുറെ കുഞ്ഞുങ്ങൾ

എല്ലാരും തന്റെ അപ്പുവിനെ പോലെയോ അതിൽ കൂടുതലോ വൈകല്യം ഉള്ളവർ.

“ഇത് എന്റെ മകൻ ഡോക്ടർ ആണ്. ” ടീച്ചർ പരിചയപ്പെടുത്തിയ ചെറുപ്പക്കാരൻ പുഞ്ചിരിച്ചു

“ഇത് അവന്റെ ഭാര്യ.. ഇവര് രണ്ടു പേരും കൂടിയാണ് ഇത് നടത്തുന്നത്..”

അവൾ ആ പെൺകുട്ടിയെ ഒന്നുടെ നോക്കി. ടീച്ചർ അവളുടെ നോട്ടം കണ്ടു പുഞ്ചിരിച്ചു

അവർ മറ്റൊരു ഭാഗത്തേക്ക്‌ നടന്നു

“എന്റെ മകൻ പ്രണയിച്ചു വിവാഹം കഴിച്ചതാണ കുട്ടിയെ. സമൂഹം വിളിക്കുന്ന ഭിന്ന ശേഷിക്കാരുടെ ലേബൽ ഉണ്ട് അവൾക്കും. പക്ഷെ ഞങ്ങൾക്ക് അവൾ രാജകുമാരിയാണ്. അതീവ ബുദ്ധിശാലിയായ ഞങ്ങളുടെ രാജകുമാരി.നിന്റെ മോന് ഞങ്ങൾ ഉണ്ട്. അവൻ ഇവിടെ വളരട്ടെ. മിടുക്കനാവും ഞാൻ ഉറപ്പ് തരുന്നു “

മീര ആർത്തലച്ചു കരഞ്ഞു കൊണ്ട് ടീച്ചറെ കെട്ടിപിടിച്ചു.

“കുഞ്ഞുങ്ങൾ ദൈവത്തിന്റെ പ്രതിരൂപങ്ങളാണ് മോളെ. ഇത് ഒരു ശിക്ഷ ഒന്നുമല്ല. ചെറിയ ഒരു അസുഖം. അങ്ങനെ കണ്ടാൽ മതി. മാരക രോഗങ്ങൾ ബാധിച്ചു വിഷമിക്കുന്ന ആൾക്കാർ ഇല്ലെ? കുഞ്ഞുങ്ങൾ ഇല്ലെ? വേദനയുടെ തീ തിന്നു ജീവിക്കുന്ന കൊച്ച് കുഞ്ഞുങ്ങളെ നമുക്ക് ആർ സി സിയിൽ പോയാൽ കാണാം.. അവർ അനുഭവിക്കുന്ന വേദന, അവരുടെ അച്ഛനും അമ്മയും അനുഭവിക്കുന്ന വേദന അതിനേക്കാൾ വലുതാണോ മോളെ നിന്റെ വേദന?”

മീര സ്വയമറിയാതെ കണ്ണ് തുടച്ചു

“നിന്റെ മകൻ മിടുക്കൻ ആവും. നിന്റെ മനസ്സ് ക്ഷമ ഒക്കെ കൂടെ വേണം.”

മീര തലയാട്ടി

“അപ്പൊ എങ്ങനെയാ കൂടെ നിൽക്കുകയല്ലേ “

ടീച്ചർ ചിരിച്ചു

മീര തലയാട്ടി

അപ്പു ഇതിനിടയിൽ എപ്പോഴോ ഡോക്ടറുടെ ഭാര്യയോട് ഇണങ്ങി മറ്റു കുട്ടികൾക്കിടയിലേക്ക് പോയിരുന്നു.

ചില വാതിലുകൾ അടയുന്നത് നല്ലതാണ്. എന്നാലേ ചില വഴികൾ നമുക്ക് കാണാനാവു. എന്നാലേ നമ്മൾ അതിലൂടെ യാത്ര ചെയ്യൂ. അടയുന്ന വാതിൽ നോക്കിയിരുന്നു കരയാതെ തുറന്ന വഴികളിലൂടെ പോവാൻ കഴിയട്ടെ.

ദൈവത്തിന്റെ കുഞ്ഞുങ്ങൾക്ക് കരുതലും സ്നേഹവും കൂടുതൽ വേണമെന്നത് പോലെ തന്നെ പ്രധാനമാണ് അവരുടെ കുടുബത്തിന് സമൂഹം കൊടുക്കുന്ന ശക്തിയും പിന്തുണയും.

ചേർത്ത് നിർത്താം

ഒപ്പം കൂട്ടാം

അവരെയും….

Related Posts

Leave a Reply

Your email address will not be published. Required fields are marked *