തിമിർത്തു പെയ്യുന്ന മഴ, ഉമ്മറത്തിരുന്നു മഴ ആസ്വദിക്കുകയാണ്, പ്രവാസിയായതിൽ പിന്നെ വല്ലപ്പോഴുമാണ് മഴ കിട്ടാറുള്ളത്.. കസേരയിലിരുന്ന്……..

എഴുത്ത്:- സൽമാൻ സാലി

സന്ധ്യാനേരത്ത് ഉമ്മറത്തിരിക്കുകയായിരുന്നു, പെട്ടെന്നാണ് മാനം ഇരുണ്ടത്, ഓലകൾക്കിടയിലൂടെ കാണാം കാർമേഘങ്ങൾ ധൃതി പിടിച്ചെങ്ങോട്ടോ ഓടുകയാണ്, അകമ്പടിയായി പിന്നാലെ മിന്നലും വന്നു… മനസ്സിൽ കുളിരണിയിച്ചുകൊണ്ട് മഴ പെയ്യാൻ തുടങ്ങി..

തിമിർത്തു പെയ്യുന്ന മഴ, ഉമ്മറത്തിരുന്നു മഴ ആസ്വദിക്കുകയാണ്, പ്രവാസിയായതിൽ പിന്നെ വല്ലപ്പോഴുമാണ് മഴ കിട്ടാറുള്ളത്.. കസേരയിലിരുന്ന് തിണ്ണയിൽ കാൽ കയറ്റിവെച്ചു മഴയെ നോക്കിയിരുന്നു..

”പേര മരത്തിൽ ഇണക്കുരുവികൾ കൊക്കുകൾ തമ്മിലുരസി സ്നേഹം പങ്കുവെക്കുന്നുണ്ട്..

“പൂവൻകോഴിയും സംഘവും അത്തിമരച്ചോട്ടിൽ സ്ഥാനം പിടിച്ചിരിക്കുന്നു..

“കണ്ടൻ പൂച്ച സ്റ്റെപ്പിനടിയിൽ ഇരിപ്പുറപ്പിച്ചിരിക്കുന്നു..

ഇടക്ക് പറയാതെ വന്ന കാറ്റിൽ മുഖത്ത് ശീതംഅടിച്ചപ്പോൾ വല്ലാത്ത ഒരു കുളിരനുഭവപ്പെട്ടു.. മഴയിൽ ലയിച്ചിരിക്കുമ്പോളാണ് പിന്നിൽനിന്നും ഒരു കുഞ്ഞു സംസാരം കേട്ടത്.. തിരിഞ്ഞു നോക്കിയപ്പോൾ അയിഷമോളാണ് വരുമ്പോൾ കൊണ്ടുവന്ന പാവക്കുട്ടിയുമായി കളിക്കുവാ അവൾ. അവളുടെ കുഞ്ഞുസംസാരം കേട്ടിരിക്കാൻ നല്ല രസമാ.. ശ്രദ്ധിച്ചാൽ നിങ്ങൾക്കും കേൾക്കാം..

“”ബാബേ കരയണ്ട ട്ടാ…. ധാ പാപ്പം കിന്നോ.. നല്ല മോളല്ലേ.. അയ്യോ.. എന്താ ബാബേ…. ഒറങ്ങിക്കോ ട്ടാ. ധാരീരം… ധാരീരം.. ധാരോ…. !!!

മോളുടെ സംസാരത്തിൽ ലയിച്ചിരിക്കുമ്പോളാണ് ‘ആവിപറക്കുന്ന സുലൈമാനിയുമായി ഒരു വളയിട്ട കൈ പ്രത്യക്ഷപ്പെട്ടത്…

വേറാരുമല്ല ഞമ്മന്റെ നല്ലപാതിയാ.. മഴയുടെ കൂടെ സുലൈമാനി ഞമ്മളുടെ വീക്നെസ്സാണെന്ന് ഓൾക്ക് നല്ലോണം അറിയാം… ചായയും വാങ്ങി കൈപിടിച്ച് ഞാമ്മെന്റെ ഖൽബിനെയും അടുത്തിരുത്തിയപ്പോൾ മഴക്ക് മൊഞ്ച് ഒന്നൂടെ കൂടി..

ചായഗ്ലാസ്‌ ചുണ്ടോടടുപ്പിച്ചതും ഏലക്കയുടെ മണം, അറിയാതെ കണ്ണടച്ച് ഒരിറക്ക് കുടിച്ചു, അപ്പോഴാണ് നമ്മുടെ തിലകൻ ചേട്ടന്റെ ഡയലോഗ് ഓർമ്മ വന്നത്

“മോനേ അബ്ദൂ ഓരോ സുലൈമാനിയിലും ഒരു മുഹബ്ബത്ത് ഉണ്ടാവണം കണ്ണടച്ചിരിക്കുമ്പോൾ ധാ ലോകം ഇങ്ങനെ ചെറുതായി വരണം… ഞമ്മളെ ലോകം ധാ അടുത്തിരിപ്പുണ്ടെന്ന് ആലോചിച്ചപ്പോൾ ചുണ്ടിൽ ഒരു ചിരിവിടർന്നു… !

എണ്ണ മണം അടിച്ചപ്പോളാണ് കണ്ണുതുറന്നത്, ഞമ്മളെ കരള് ചൂടുള്ള പരിപ്പുവട ചുണ്ടോടപ്പിച്ചു വച്ചിരിക്കുന്നു.. നല്ല പച്ചമുളകും ഇഞ്ചിയും ചതച്ചിട്ട് നല്ല എരിവിൽ ഞമ്മക്കായി ഉണ്ടാക്കിയ പരിപ്പുവട,….

“നല്ല ചൂടുള്ള പരിപ്പുവട,ഇളം മധുരമുള്ള കട്ടൻ, നല്ലമഴ അടുത്ത് നല്ലപാതി പ്രവാസിക്ക് സംഭവം കളറാകാൻ ഇനിയെന്ത് വേണം.. ചായഗ്ലാസ്‌ വീണ്ടും ചുണ്ടോടടുത്തതും ഫോൺ റിങ് ചെയ്യാൻ തുടങ്ങി, ആദ്യവട്ടം ആരാണെന്നു പോലും നോക്കാതെ ഫോൺ കട്ടചെയ്‌തു അവളെ ഒന്നുകൂടി ചേർത്തുപിടിച്ചതും ഫോൺ വീണ്ടും അടിയാൻ തുടങ്ങി…

ദേഷ്യത്തോടെ ഫോൺ എടുത്തു നോക്കി സമയം 1:45 എണീറ്റു വേഗം തോർത്തുമായി ബാത്റൂമിലേക്ക് ഓടി. ടാപ് തുറന്നു വെള്ളം ശരീരത്തിലൊഴിച്ചപ്പോളാണ് “കുളിരണിഞ്ഞ സ്വപ്നത്തിൽ നിന്നും പൊള്ളുന്ന യാഥാർഥ്യത്തിലേക്ക് തിരിച്ചു വന്നത്..

കുളിച്ചിറങ്ങി യൂണിഫോം ധരിച്ചു പൊള്ളുന്ന വെയിലത്ത് ജോലിസ്ഥലത്തേക്ക് നടക്കുമ്പോൾ അറിയാതെ ആഗ്രഹിച്ചുപോയി “ആ സ്വപ്നം യാഥാർഥ്യമായിരുന്നെങ്കിൽ……. !!

Related Posts

Leave a Reply

Your email address will not be published. Required fields are marked *