നമ്മളിലാരാണ്, ആദ്യം ഫ്രണ്ട് റിക്വസ്റ്റ് അയച്ചത് ? ജയ ഓർക്കുന്നുണ്ടോ? എനിക്കോർമ്മയില്ല, നമ്മളെന്നാണ് സുഹൃത്തുക്കളായതെന്ന്. എനിക്കു തോന്നുന്നത്, നമ്മൾ സോഷ്യൽ മീഡിയാക്കാലങ്ങൾക്കും…….

ആറ്റുവഞ്ചിപ്പൂക്കൾ

എഴുത്ത് :- രഘു കുന്നുമ്മക്കര പുതുക്കാട്

ബസ് ഓടിക്കൊണ്ടേയിരുന്നു. തൃശൂരിൽ നിന്നും കോഴിക്കോട്ടേക്ക്. പുറംകാഴ്ച്ചകളിലേക്കു കണ്ണുംനട്ട് യദു ഇരുന്നു. രണ്ടാൾക്കിരിക്കാവുന്ന സീറ്റു പങ്കിട്ടത്, ഏതോ പുതുതലമുറക്കാരനാണ്. അവൻ, സ്വന്തം ഫോണിന്റെ ഇത്തിരിച്ചതുരത്തിലേക്കു ഒതുങ്ങിക്കൂടിയിരിക്കുന്നു. ഇടയ്ക്കിടെ ഫോണിൽ നിന്നും ഉയരുന്ന സന്ദേശസൂചക ധ്വനികൾ. കൊടിയ വേനലിൽ, ദീർഘദൂര ബസ് യാത്ര ഏറെ അരോചകം തന്നെയാണ്. സായാഹ്നമായിട്ടും ഉഷ്ണാംശു പ്രതാപം ദേഹത്തേ പൊള്ളിക്കുന്നു. അൽപ്പം മേദസ്സു കൂടിയ തനുവിലേക്കു വിയർപ്പിന്റെ ഉപ്പുചാലുകളരിച്ചിറങ്ങുന്നു.

ഏതോ സിനിമ വച്ചിട്ടുണ്ട്. യാത്രികരുടെ മുഴുവൻ ശ്രദ്ധയും ഡ്രൈവിംഗ് സീറ്റിനു പുറകിലേ സ്ക്രീനിലേക്കാണ്. ഏതോ ന്യൂജനറേഷൻ ചിത്രം. ഓരോ ദ്വയാർത്ഥത്തിലും ലിം ഗഭേദമില്ലാതെ സഞ്ചാരികൾ ചിരിക്കുന്നു. മനസ്സിലടക്കി പ്പിടിച്ച വൈകൃതചിന്തകൾ സിനിമ പരസ്യമായി തിരശ്ശീലയിൽ പകർത്തുന്നു.

മൊബൈൽ ഫോണിൽ ഹെഡ്സെറ്റ് കുത്തി, ഇയർഫോൺ കാതുകൾ ക്കുള്ളിലേക്കു തിരുകി. ഏറ്റവും പ്രിയപ്പെട്ട പാട്ടുകളിലൊന്നു ചെവിയിൽ കിടന്നലയടിക്കാൻ തുടങ്ങി.

“കിഴക്കേമലയിലെ വെണ്ണിലാവൊരു ക്രിസ്ത്യാനിപ്പെണ്ണ്….”

എ.എം. രാജായുടെ സുന്ദര ഗീതം.

കുന്നംകുളവും എടപ്പാളും പിന്നിട്ട ബസ്, കുറ്റിപ്പുറത്തു വന്നുനിന്നു. മെല്ലെയിറങ്ങി, മുന്നോട്ടു നടന്നു. ലക്ഷ്യം, ഭാരതപ്പുഴയുടെ തീരത്തേ ആ വീടാണ്. ആകെ മെലിഞ്ഞു പോയിരിക്കുന്നു പേരാർ. വിശാലമായ മണൽപ്പരപ്പിൽ ആറ്റു വഞ്ചിപ്പൂക്കൾ വിടർന്നു നിന്നു. ഓർമ്മകളിൽ ഓടിവന്നത്, നഖക്ഷതങ്ങളിലെ ആ പാട്ടാണ്. ഒരോട്ടോ പിടിച്ച്, ആ വീട്ടിലേക്കു യാത്രയായി. തെല്ലുദൂരം സഞ്ചരിച്ച്, ഒടുവിൽ അവിടെയെത്തുമ്പോൾ സന്ധ്യ കഴിഞ്ഞിരുന്നു.

അടഞ്ഞുകിടന്ന ഗേറ്റ് പതിയേ തുറന്നു അകത്തേക്കു പ്രവേശിക്കുമ്പോൾ കണ്ടു. പൂമുഖത്ത് ജയലക്ഷ്മി കാത്തു നിൽപ്പുണ്ട്. സൗഹൃദഭാവത്തിന്റെ പുതുപൂക്കൾ വിടർന്ന മിഴികളോടെ.

“യദൂ, വീടു കണ്ടെത്തുവാൻ ഏറെ വിഷമിച്ചു വോ?”

“ഇല്ല”

യദു പറഞ്ഞു.

“കയറിയിരിക്കൂ യദൂ, ഞാൻ ഒരുപാടു നേരമായി കാത്തിരിക്കുന്നു. എന്തേ, കുറ്റിപ്പുറത്തുവന്നിറങ്ങിയിട്ട് എന്നെ ഫോണിൽ വിളിച്ചില്ലാ, അല്ലെങ്കിലും നിനക്കു ചോദ്യങ്ങൾ കുറവായിരുന്നുവല്ലോ.. ആരോടും ചോദിക്കാതെയല്ലേ, നീയെന്റെ നല്ല ചങ്ങാതിയായത്. മുഖപുസ്തകത്തിനു നന്ദി, നിന്നെയെനിക്കു ചങ്ങാതിയായി തന്നതിന്…”

യദു ഒന്നും സംസാരിച്ചില്ല. അവന്റെ നോട്ടം മുഴുവൻ തുറന്നിട്ട ജനലഴികൾ ക്കപ്പുറത്തേക്കായിരുന്നു. കുറ്റിപ്പുറം മുതൽ, യാത്രയ്ക്കിടയിൽ തന്നേ പിന്തുടർന്ന പുഴ;

ജനലിന്റെ ചതുരത്തിലൂടെ പുഴക്കാഴ്ച്ച വീണ്ടും വിരുന്നു വരുന്നു. മണലിറമ്പും ആറ്റുവഞ്ചിപ്പൂക്കളും. ഉലയുന്ന, വെൺചാമരം കണക്കേയുള്ള പൂക്കൾ.

മുറിയിലെ മുനിഞ്ഞ വെളിച്ചത്തിൽ അൽപ്പനേരം മൗനമുറഞ്ഞു. ആദ്യം സംസാരിച്ചത്, യദുവാണ്.

“ജയാ, നീയെന്തേ ഇപ്പോൾ കവിതകൾ എഴുതാത്തത്? പ്രദീപിനെ മിസ് ചെയ്യുന്നതു കൊണ്ടാണോ? അവനോടു നാട്ടിലെന്തെങ്കിലും നോക്കാൻ പറയാമായിരുന്നില്ലേ; എങ്കിൽ നിനക്ക് ഈ ഏകാന്തതയേ നേരിടേണ്ടി വരുമായിരുന്നോ?.അയൽവീട്ടിലെ വൃദ്ധയേ, രാക്കൂട്ടിനു വിളിക്കേണ്ട അവസ്ഥയും ഒഴിവാക്കാലോ…”

“ഇല്ല യദൂ, നീ, ആ ഷെൽഫിലിരിക്കുന്ന പാതിയൊഴിഞ്ഞ മ ദ്യക്കുപ്പികൾ കണ്ടോ? ഒരേ ബ്രാൻഡ്. അതിലൊന്നെടുത്തു തുറന്ന് മൂക്കിനോടു ചേർത്താൽ, എനിക്കു പ്രദീപിനേ ഓർമ്മ വരും. ആ ഗന്ധത്തിലേ പ്രദീപ് എന്റെ ഓർമ്മയിലുള്ളൂ. വിവാഹരാത്രി മുതൽ, കഴിഞ്ഞവർഷം ഞാൻ നാട്ടിലേക്കു പോരുന്ന നിമിഷം വരേ,
കവിതകളായിരുന്നു ഞാൻ പ്രസവിച്ച കുഞ്ഞുങ്ങൾ. പക്ഷേ, ഒരു കുഞ്ഞിനു പകരമാകാൻ ഏതു കവിതയ്ക്കു സാധിക്കും? ഞാനിനി അങ്ങോട്ടു പോണില്ല, യദൂ… പ്രദീപ്, സ്വയം തോന്നുമ്പോൾ മടങ്ങട്ടേ.”

“നമ്മളിലാരാണ്, ആദ്യം ഫ്രണ്ട് റിക്വസ്റ്റ് അയച്ചത് ? ജയ ഓർക്കുന്നുണ്ടോ? എനിക്കോർമ്മയില്ല, നമ്മളെന്നാണ് സുഹൃത്തുക്കളായതെന്ന്. എനിക്കു തോന്നുന്നത്, നമ്മൾ സോഷ്യൽ മീഡിയാക്കാലങ്ങൾക്കും മുൻപേ അടുത്തവരാണെന്ന്. സൗഹൃദത്തിനു നാലുവർഷം പ്രായമെന്നു മുഖപുസ്തകം ഓർമ്മിപ്പിച്ചപ്പോൾ, എനിക്കു തോന്നിയതു ഫേസ്ബുക്കിനു തെറ്റുപറ്റിയെന്നാണ്. കാലങ്ങളായി സുപരിചിതരേപ്പോലെയല്ലേ നാം.”

“എത്ര ശരിയാണ് യദൂ, നിന്നെയും എന്നെയും അകലങ്ങളിലിരുന്നു കോർത്തിണക്കിയ അക്ഷരജാലങ്ങൾ. നിന്റെ എഴുത്തിലെ വിരഹവും രോക്ഷങ്ങളും നിസ്സാഹയതകളും ഞാൻ നേരിൽ അറിയുകയായിരുന്നു. ഞാൻ, നിന്നിൽ എന്നെത്തന്നെയാണു കണ്ടത്.”

സമയം, ഏറെ കടന്നുപോയിരിക്കുന്നു. വലിയ അകത്തളത്തിലേ സ്റ്റീരിയോ സ്വരം താഴ്ത്തി പാടി.

“തളിർവലയോ, താമര വലയോ…”

ഇരുവർക്കും ഏറെ പ്രിയമായ ഗീതം.

യദു, ചുടുചായ നുകർന്ന ശേഷം മെല്ലെ എഴുന്നേറ്റു.

“ജയാ, ഞാൻ പോകട്ടേ; തൃശൂർ എത്തുമ്പോൾ, ഇനി ഏറെ വൈകും. തീർത്തും നിറമുള്ള ഒരു സായന്തനത്തിന്റെ ഓർമ്മയിൽ, തിരികേ പോകാമല്ലോ; നന്ദിയുണ്ട്, ഏറെ…”

മറുപടിയ്ക്കു കാത്തുനിൽക്കാതെ പടികളിറങ്ങി നടുമുറ്റം താണ്ടി ഗേറ്റിലേക്കു നടന്നു. ഗേറ്റിന്റെ കൊളുത്തു നീക്കുമ്പോൾ വീണ്ടും കേട്ടു, ഫോണിലൂടെ ഏറെ പരിചിതമായ ആ ശബ്ദം.

“യദൂ, നീ ഇനിയുമെഴുതണം. നിന്റെ ഏകാന്തതകളേയും, വിഷമചിന്തകളേയും അതിജീവിക്കുവാനായി. നിന്റെ കഥകൾ വായിക്കാൻ കാത്തിരിക്കുന്നവർ ഏറെപ്പേരുണ്ട്; ഞാനടക്കം. തുടരണം യദൂ, നീ അക്ഷരങ്ങളിൽ തീർത്ത വിസ്മയങ്ങളേ”

ഒന്നും മറുപടി പറയാതെ ഗേറ്റിനു പുറത്തേക്കു നടക്കുമ്പോൾ വീണ്ടും കേട്ടു.

“യദൂ, കാൻസർ ഒരു രോഗമല്ല, അതൊരവസ്ഥയാണ്. കോശങ്ങളുടെ മാത്രം കുറുമ്പ്. നീയത് അതിജീവിക്കും, എനിക്കു തീർച്ചയുണ്ട്. അതിജീവനങ്ങളുടെ അവതാരമല്ലേ, നീ… ഞാൻ കാത്തിരിക്കും, നിന്റെ ജീവിതഗന്ധിയായ രചനകൾക്കായി”

മെല്ലെ മുന്നോട്ടു നടന്നു. രാവെട്ടത്തിൽ, നിള തിളങ്ങുന്നു. അപ്പോഴും തലയാട്ടി, വെളുക്കേച്ചിരിച്ചു നിൽപ്പുണ്ടായിരുന്നു; പ്രിയപ്പെട്ട ആറ്റുവഞ്ചിപ്പൂക്കൾ.

Related Posts

Leave a Reply

Your email address will not be published. Required fields are marked *