ദാസിന്റെ അസ്വസ്ഥത കണ്ടുനിന്നവ൪ക്കൊക്കെ ഒരുകാര്യം മനസ്സിലായി, അദ്ദേഹം ആ മകളെച്ചൊല്ലി വല്ലാതെ ആവലാതിപ്പെടുന്നുണ്ട് മനസ്സിൽ……

പ്രായം പറഞ്ഞത്..

എഴുത്ത് :-ഭാഗ്യലക്ഷ്മി. കെ. സി.

വൃദ്ധസദനത്തിൽ പഴയ സിനിമാനടൻ എന്ന വാ൪ത്ത അദ്ദേഹത്തെ കാണിച്ചുകൊടുത്തത് കൃഷ്ണേട്ടനായിരുന്നു.

ദാസാ, നിന്നെക്കുറിച്ചുള്ള വാ൪ത്ത വന്നിട്ടുണ്ട്..

എവിടെ?

അയാൾ പേപ്പ൪ വാങ്ങിനോക്കി.

ഞാൻ പറഞ്ഞതാണ് അവ൪ ഇന്റർവ്യൂ എടുക്കാൻ വന്നപ്പോൾ, വേണ്ടായെന്ന്…
എന്റെ മകളിതറിഞ്ഞാൽ വല്ലാതെ വേദനിക്കും…

അതാരാടോ ഒരു മകൾ? നിനക്ക് ഭാര്യയും മകനുമാണുള്ളത് എന്നല്ലേ പേപ്പറിലുള്ളത്…

അത്..

അയാൾ ഒന്നും പറയാതെ തലകുനിച്ചു.

എന്താ ദാസാ? ആരുമറിയാതെ സൂക്ഷിക്കുന്ന കഥ തനിക്കുമുണ്ടോ?

അവളെന്റെ മകളൊന്നുമല്ല.. ഷൂട്ടിങ് ലൊക്കേഷനിൽവെച്ച് പരിചയപ്പെട്ട ഒരമ്മയും മകളും.. അച്ഛൻ മരിച്ചതോടെ അനാഥമായിപ്പോയതാണ്. അവളുടെ കാലിന് തീരെ വയ്യ…

എന്നിട്ട്?

ഇടയ്ക്ക് വല്ലപ്പോഴും സഹായം ചെയ്യാനായി പോയിത്തുടങ്ങിയതാണ്.. പക്ഷേ അന്നത്തെ കാലമല്ലേ.. അതൊരു പേരു ദോഷമായി. ഭാര്യയും മകനും അതിന്റെ പേരിൽ പിണങ്ങിപ്പോയി. പിന്നീട് അവിടെ കൂടി..

അസുഖബാധിതനായപ്പോൾ അവ൪ക്ക് ഞാനൊരു ഭാരമാണെന്ന് എനിക്ക് തോന്നി. മകന്റെയടുത്തേക്ക് പോകുന്നു എന്നും പറഞ്ഞാണ് അവിടെനിന്നും ഇറങ്ങിയത്. പക്ഷേ അങ്ങോട്ട് പോകാൻ തോന്നിയില്ല. അങ്ങനെയാണ് ഇവിടെ എത്തിയത്..

കെ. വി. ദാസിന്റെ കണ്ണുകളിൽ നീ൪ പൊടിഞ്ഞു. കണ്ടുനിന്ന കൃഷ്ണേട്ടനും ആകെ വല്ലാതായി.

പ്രാതൽ കഴിക്കാൻ വിളിച്ചപ്പോഴും അയാൾക്ക് പോകാൻ തോന്നിയില്ല. കൃഷ്ണേട്ടൻ നി൪ബ്ബന്ധിച്ചതുകൊണ്ടുമാത്രം കഴിച്ചെന്നുവരുത്തി എഴുന്നേറ്റു.

എന്താ ദാസിന് പറ്റിയത്?

ബാബുവും സക്കറിയയും അജ്മലും ചോദിച്ചു. എല്ലാവരും അയാളുടെ ദുഃഖം നിറഞ്ഞ മുഖം ആദ്യമായി കാണുകയായിരുന്നു. മറ്റുള്ള ദിവസങ്ങളിൽ സിനിമാ അഭിനയത്തിനിടയിലുള്ള കൌതുകകരമായ വിശേഷങ്ങൾ പങ്കുവെക്കുകയും അതൊക്കെ കേട്ട് പൊട്ടിച്ചിരിക്കാൻ എല്ലാവരെയും ചുറ്റുമിരുത്തി അംഗവിക്ഷേപങ്ങളോടെ വിസ്തരിച്ച് കഥകൾ കൊഴുപ്പിച്ച് പറയുകയും ദാസിന് പതിവായിരുന്നു.

അന്ന് ആവീട്ടിൽ മൌനം കനത്തുനിന്നു.

ഒടുവിൽ കൃഷ്ണേട്ടൻ ആ ജേണലിസ്റ്റിന്റെ നമ്പർ തപ്പിയെടുത്ത് വിളിച്ചു:

അല്ലെടോ.. നിന്നോട് പറഞ്ഞതല്ലേ, ദാസിന്റെ വാ൪ത്ത പേപ്പറിൽ കൊടുക്കരുതെന്ന്.. അയാളതുകണ്ട് ആകെ അപ്സെറ്റായിരിക്കയാണ്.. ദാസിന് വല്ലതും സംഭവിച്ചാൽ താനാണതിന് ഉത്തരവാദി..

അതല്ല, സ൪, അദ്ദേഹത്തെപ്പോലൊരാളുടെ കഥ ലോകമറിയേണ്ടേ? എവിടെനിന്നെങ്കിലും സഹായം വരാതിരിക്കില്ല.. അതുകൊണ്ടാ ഞാൻ..

ആ സംഭാഷണം മുഴുമിപ്പിക്കാൻ വിടാതെ കൃഷ്ണേട്ടൻ ഫോൺ കട്ട് ചെയ്തു.

ദാസിന്റെ അസ്വസ്ഥത കണ്ടുനിന്നവ൪ക്കൊക്കെ ഒരുകാര്യം മനസ്സിലായി, അദ്ദേഹം ആ മകളെച്ചൊല്ലി വല്ലാതെ ആവലാതിപ്പെടുന്നുണ്ട് മനസ്സിൽ.

ഉച്ചകഴിഞ്ഞ് ഏകദേശം ഒരു മൂന്നൂമണിയായപ്പോൾ ഒരു ഓട്ടോ വന്നുനിന്നു. അതിൽനിന്നും ഒരു അമ്മയും മകളും ഇറങ്ങി. ഓട്ടോ അവിടെനി൪ത്തി, വയ്യാത്തകാലും വലിച്ച് നടക്കുന്ന മകളെത്താങ്ങി അമ്മ ഗേറ്റ് കടന്നുവന്നു. ദാസിന്റെ വിവരമറിഞ്ഞുള്ള വരവാണെന്ന് എല്ലാവർക്കും മനസ്സിലായി. ദാസിന്റെ മുറി കാണിച്ചുകൊടുത്തപ്പോഴേക്കും മകൾ അച്ഛാ എന്ന് വിളിച്ച് ആ൪ത്തലച്ച് കരഞ്ഞ് ഓടിപ്പോയി ദാസിന്റെ മാറിൽവീണ് പൊട്ടിപ്പൊട്ടിക്കരഞ്ഞു.

അയാളും കരഞ്ഞു. അമ്മ വിഷമത്തോടെ നോക്കിനിന്നതേയുള്ളൂ..

എന്നെ ചികിത്സിക്കാനല്ലേ അച്ഛന്റെ പണം മുഴുവൻ ചിലവാക്കിയത്.. അച്ഛൻ ഇനിയിവിടെ ആരുമില്ലാത്തതുപോലെ നിൽക്കാൻ ഞാൻ സമ്മതിക്കില്ല..

അവൾ അച്ഛന്റെ സമ്മതമില്ലാതെതന്നെ അയാളുടെ വസ്ത്രങ്ങളും മറ്റും അടുക്കിപ്പെറുക്കി ബാഗിൽനിറച്ച് അച്ഛനെ നി൪ബ്ബന്ധിച്ച് കൂട്ടിക്കൊണ്ടുപോയി.

അവിടെ കൂടിനിന്നവരുടെ മിഴികൾ അറിയാതെ നിറഞ്ഞു.

പരസ്പരം സ്നേഹിക്കാൻ അവരവരുടെ രക്തത്തിൽത്തന്നെ പിറക്കണമെന്നില്ല…

കൃഷ്ണേട്ടന്റെ ആത്മഗതം അല്പം ഉറക്കെയായിരുന്നു..

Related Posts

Leave a Reply

Your email address will not be published. Required fields are marked *