ദ്വിതാരകം~ഭാഗം 04~~എഴുത്ത്:-ശ്രീജ ശ്രീജിത്ത്‌

മുന്‍ ഭാഗം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

സിസ്റ്റർ……. കരയാതെ….. അനന്ദുവിന് ഒന്നും പറ്റിയിട്ടില്ല. ഇനിയും അവിടെ അറിയിക്കാതിരുന്നാൽ ശരിയാകില്ലെന്നു തോന്നി. അതാ ഞാൻ ഇപ്പോൾ അങ്ങോട്ട് വിളിച്ചത്.

ഗംഗ മോളേ…… അനന്തുവിന്റെ കയ്യിൽ ഒന്ന് ഫോൺ കൊടുത്തേ….. സിസ്റ്റർ ലിനെറ്റിന്റെ ശബ്ദം കൂരമ്പ് കൊള്ളുന്നതുപോലെയാണ് ഗംഗയുടെ കാതിൽ പതിച്ചത്..

അത്….. സിസ്റ്റർ അമ്മേ……. അവൻ….. അവൻ ഞങ്ങളുടെ അടുത്തില്ല. ഐ സി യു വിലാ….. പേടിക്കാനൊന്നുമില്ല സിസ്റ്റർ അമ്മേ….

എന്റെ മാതാവേ…… ഞങ്ങളുടെ കൊച്ചിനെ ഒരാപത്തും കൂടാതെ ഇങ്ങോട്ട് തിരിച്ചുതരണേ…….

മോളേ…. മോളേ ഗംഗേ… ഞങ്ങൾ ഇപ്പോൾ തന്നെ അങ്ങോട്ട് വരാം. പറഞ്ഞ് തീർന്നതും കോൾ കട്ടായി.

പാവങ്ങൾ അവരുടെ ആകെ പ്രതീക്ഷയാ അകത്തു കിടക്കുന്നത്. ഗംഗ ഹരിയോടായി പറഞ്ഞു.

അല്ല ഗംഗേ ആരാ ഈ സിസ്റ്ററമ്മ?…. നിനക്കിവരെയൊക്കെ എങ്ങനെയാ പരിചയം?

അനന്ദു പറഞ്ഞ് എനിക്ക് അവരെ ഒക്കെ അറിയാം ഹരിയേട്ടാ….ഗംഗ പറഞ്ഞുതീരും മുൻപ് ഹരി അടുത്ത ചോദ്യവും ചോദിച്ചു.

അനന്ദു പിന്നെ എന്തൊക്കെ നിന്നോട് പറഞ്ഞിട്ടുണ്ട്? നിന്നെ അവന് ഇഷ്ട മാണെന്ന് പറഞ്ഞിട്ടില്ലേ?

ഒരു നിമിഷം ഗംഗ ദയനീയ ഭാവത്തിൽ ഹരിയെ നോക്കി.

ഹരിയേട്ടാ…… അവന് എന്നെ ഇഷ്ടമായിരുന്നു എന്നുള്ളത് സത്യാണ്… പക്ഷെ..

നിർത്ത് ഗംഗേ….. ബാക്കി ഞാൻ പറയാം….. നിനക്ക് അവനോടും ആ ഇഷ്ടമാണ്… അതാണ് ഇത്രയും നേരം എന്റെ കൺമുൻപിൽ ഞാൻ കണ്ടത്… ഞാൻ ഒരു വിഡ്ഢിയാണെന്നാണോ നീ കരുതിയത്?ഹരിയുടെ ദേഷ്യം കണ്ടപ്പോൾ ഗംഗയുടെ നിയന്ത്രണവും കൈവിട്ടു.

അങ്ങനെ ആണ് ഹരിയേട്ടൻ കരുതിയിരിക്കുന്നതെങ്കിൽ അതിൽ എന്താ ഒരുതെറ്റ്? അനന്തുവിന് എന്താ സൗന്ദര്യമില്ലേ? സ്നേഹിക്കാനുള്ള ഒരു മനസ്സില്ലേ? പിന്നെ ആകെ എല്ലാവരും പറയുന്ന ഒരു പോരായ്മ അവൻ അനാഥനാണ് എന്നതാണ്.

ഒരു കണക്കിന് നോക്കിയാൽ അതാണ് നല്ലത്.

അല്ല ഞാൻ അനന്തുവിനെ സ്നേഹിക്കുന്നതിന് ഹരിയേട്ടനെന്താ പ്രശ്നം?ഗംഗ വിട്ടുകൊടുക്കാൻ തയ്യാറല്ലായിരുന്നു.

ഹരിയുടെ മറുപടി വരുന്നതിനു മുൻപ് തന്നെ… ഗംഗേ…. മോളേ എന്നുള്ള വിളി കേട്ട് ഹരിയും ഗംഗയും ഞെട്ടി തിരിഞ്ഞു.

ഗംഗ മോളേ ഞാനാ അനന്തുമോന്റെ സിസ്റ്ററമ്മ. എനിക്കവനെ ഒന്ന് കാണാൻ പറ്റുമോ?

അനന്തുവിനെ കാണാം. ഡോക്ടർ അവിടെ നിന്നിറങ്ങി വരട്ടെ. നമുക്ക് ചോദിക്കാം. പേടിക്കാനൊന്നുമില്ല. ഗംഗ അവരെ സ്നേഹപൂർവ്വം കസേരയിലേയ്ക്ക് പിടിച്ചിരുത്തി. വയസ്സ് അറുപതോളമുണ്ടെങ്കിലും നല്ല ഐശ്വര്യമുള്ള മുഖമാണ്. അവൾ മനസ്സിൽ ഉരുവിട്ടു.

സിസ്റ്ററമ്മയുടെ കൂടെ ആരും വന്നില്ലേ?ഗംഗ ചോദിച്ചു.

ഇല്ല മോളേ… ഞാൻ നമ്മുടെ ഡ്രൈവർ വർക്കികുഞ്ഞിന്റെ കൂടെയാ വന്നത്. എല്ലാവരും ഒരുപോലെ ഇങ്ങോട്ട് വരാൻ ഇരുന്നതാ. ഞാനാ പറഞ്ഞത് വേണ്ടാന്ന്. അവരെല്ലാവരും മാതാവിന്റെ മുൻപിൽ അനന്തുമോന് വേണ്ടി കരഞ്ഞു പ്രാർത്ഥിക്കുന്നുണ്ട്. അല്ലെങ്കിലും എന്റെ കുഞ്ഞിനിപ്പോൾ വേണ്ടത് പ്രാർത്ഥന മാത്രമാണ്. അവർ നെടുവീർപ്പിട്ടു.

മോളേ മോൾ അവനെ കണ്ടായിരുന്നോ? അവൻ ഞങ്ങളെ തിരക്കിയോ?ആകാംക്ഷ നിറഞ്ഞ അവരുടെ ചോദ്യത്തിന് മുൻപിൽ ഒരു നിമിഷം ഗംഗ പകച്ചു നിന്നു.

ഇല്ല ഇവിടെ വന്നതിനു ശേഷം ഞങ്ങൾ അനന്തുവിനെ കണ്ടില്ല….. ഹരിയാണ് സംസാരിച്ചത്.

മോളേ… മോള് എന്തെങ്കിലും എന്നിൽനിന്ന് ഒളിക്കുന്നുണ്ടോ ഗംഗയുടെ കയ്യിൽ പിടിച്ചുകൊണ്ട് സിസ്റ്റർ ചോദിച്ചു.

ഇല്ല… എന്താ ഒളിക്കാനുള്ളത്? അനന്തുവിന് ഒരു കുഴപ്പവുമില്ല സിസ്റ്ററമ്മേ….. ഗംഗ അവൾക്കാകും വിധത്തിൽ അവരെ സമാധാനിപ്പിച്ചു.

മോളേ…. നിന്നേ അവന് ജീവനായിരുന്നു. എപ്പോഴും നിന്നെക്കുറിച്ച് അവൻ വാ തോരാതെ സംസാരിക്കുമായിരുന്നു.

പക്ഷെ ഒരു ദിവസം വളരെ വിഷത്തോടെ അവൻ എന്റെ അടുത്ത് വന്നു. അവന്റെ ലക്ഷ്യങ്ങളെക്കുറിച്ചെല്ലാം വിശദമായി സംസാരിച്ചു. അവിടെയൊന്നും ഗംഗമോളുടെ പേര് അവൻ പറഞ്ഞതേയില്ല.

അവന്റ മുഖത്തെ വിഷമഭാവത്തിൽനിന്ന് ഞാൻ ഊഹിച്ചത് നിങ്ങൾ എന്തെങ്കിലും കാര്യത്തിന് പിണങ്ങി എന്നാണ്. പക്ഷെ അവനൊരിക്കലും ഗംഗ മോളെ കിട്ടില്ലെന്നും ഏതോ ഒരു സാറുമായിട്ട് മോൾ ഇഷ്ടത്തിലാണെന്നും അവനന്ന് ഞങ്ങളോട് പറഞ്ഞു.

പിന്നീടന്നു തൊട്ടിന്നുവരെ പഠനത്തിൽ മാത്രമായിരുന്നു അവന്റെ ശ്രദ്ധ.

ഒരു നിമിഷം എന്തുപറയണമെന്നറിയാതെ ഗംഗ സിസ്റ്ററിന്റെ മുഖത്തേയ്ക്ക് നിറകണ്ണുകളോടെ നോക്കി നിന്നു.

എന്താണ് പറയേണ്ടത് എന്നറിയാതെ ഹരി രണ്ടുപേരെയും മാറി മാറി നോക്കി.

ഗംഗേ…. മോളേ എന്റെ കൂടെ ഒന്ന് വരാമോ….? നമുക്ക് ഡോക്ടറെ ഒന്ന് പോയി കണ്ടു നോക്കാം. എന്താണ് അവന്റെ അവസ്ഥ എന്ന് നമുക്കറിയാല്ലോ……

നമുക്ക് നോക്കാം. സിസ്റ്ററമ്മ വിഷമിക്കാതെ…. ഹരിയേട്ടാ…. ഒന്ന് വരൂ… നമുക്ക് ഡോക്ടറെ ഒന്ന് പോയി കാണാം.

ഹരി….. മോളേ… ഗംഗേ.. ഇതാണോ മോളേ കെട്ടാൻ പോകുന്ന ആൾ….. സിസ്റ്റർ ജാള്യതയോടെ ഹരിയുടെ മുഖത്തേയ്ക്ക് നോക്കി.

അതെ സിസ്റ്ററമ്മേ… ഇതാ അനന്തു പറഞ്ഞ എന്നെ കെട്ടാൻപോകുന്നു എന്ന് പറഞ്ഞ ഹരിയേട്ടൻ….

ആയിരം സൂര്യന്മാർ ഉതിച്ചുയർന്നത് പോലെ ഹരിയുടെ മുഖം സന്തോഷത്താൽ തിളങ്ങി. താൻ നാളുകളായി കേൾക്കാൻ കൊതിച്ച കാര്യം അവൾ എത്ര കൂൾ ആയിട്ടാ പറഞ്ഞത്….. ഹരി ഗംഗയെ തന്നെ നോക്കി നിന്നു.

ഹരിയേട്ടാ…. വാ നമുക്കൊന്നു പോയി ഡോക്ടറെ കാണാൻ പറ്റുമോ എന്ന് നോക്കാം.ഗംഗ പറഞ്ഞതും ഹരി ഡോക്ടറുടെ റൂമിനെ ലക്ഷ്യമാക്കി നീങ്ങി.

പക്ഷെ ഡോക്ടറിന്റെ കാബിനിൽ അദ്ദേഹത്തെ കാണാൻ കഴിഞ്ഞില്ല.

ഡോക്ടറോട് സംസാരിക്കാനാണോ നിങ്ങൾ ഇവിടെ ഇരിക്കുന്നത്? ഡോക്ടറുടെ കാബിനിൽ നിന്നു വന്ന നേഴ്സ് അവരോട് ഐ സി യു ന്റെ മുൻപിൽ വെയിറ്റ് ചെയ്യാൻ ആവശ്യപ്പെട്ടു.

വീണ്ടും ഡോക്ടർ വിളിക്കുമെന്ന പ്രതീക്ഷയിൽ മൂന്നുപേരും അക്ഷമയോടെ ഐ സി യു ന്റെ മുൻപിൽ കാത്തിരുന്നു.

ഇവിടെ ഗംഗ എന്ന് പറഞ്ഞ കുട്ടി ഉണ്ടോ?ഐ സി യു ന്റെ വാതിൽ തുറന്ന് തല മാത്രം പുറത്തേയ്ക്ക് നീട്ടികൊണ്ട് ഒരു നേഴ്സ് ചോദിച്ചു.

ഉണ്ട് ഞാനാ ഗംഗ….. ഗംഗ പെട്ടെന്ന് തന്നെ അവരുടെ അടുത്തേയ്ക്ക് ചെന്നു. അതേ ആ അനന്തുവിന് ബോധം വന്നിട്ടുണ്ട്.ഗംഗയെ ആണ് തിരക്കുന്നത്.

ഗംഗ മെല്ലെ തല തിരിച്ച് ഹരിയെ നോക്കി.

ഹരി മെല്ലെ തലയിളക്കി പൊയ്ക്കോളാൻ അനുവാദം കൊടുത്തു.

ഗംഗ ഐ സി യു ന്റെ അകത്തു കടന്നു. അവിടുത്തെ നേഴ്സ് ഗംഗയെ അനന്തുവിന്റെ അടുത്തെത്തി ച്ചു.

അനന്തു… എടാ….. ഗംഗ അനന്തുവിന്റെ കൈയ്യിൽ മെല്ലെ സ്പർശിച്ചു.

ഗംഗാ …. ഗംഗാ….. അനന്തു പാതി മയക്കത്തിൽ വിളിച്ചുകൊണ്ടിരുന്നു…. ഗംഗയുടെ കണ്ണുകൾ ഈറനണിഞ്ഞു…. ദൈവമേ…. അനന്തുവിന് തന്നെ ഇത്രയ്ക് ഇഷ്ടമായിരുന്നോ…..? ഗംഗയ്ക്ക് അവളുടെ സങ്കടത്തെ നിയന്ത്രിയ്ക്കാനായില്ല.

അനന്തു… അവൾ വീണ്ടും അവനെ വിളിച്ചു.

ഗംഗ…. അല്ലേ….

പിന്നിൽ നിന്ന് ഒരു ഗാംഭീര്യമുള്ള ശബ്ദം കേട്ടപ്പോൾ ഗംഗ ഞെട്ടി തിരിഞ്ഞു നോക്കി.

ഗംഗാ…. ഞാൻ ഡോക്ടർ അനിരുദ്ധൻ….. അനന്തുവിനെ ഞാനാണ് നോക്കുന്നത്.

സർ… സർ ഞങ്ങളുടെ അനന്തുവിന് എങ്ങനെയുണ്ട്?

നോക്ക് ഗംഗാ… അനന്തുവിന് ബോധം വന്നപ്പോൾ ആദ്യം തിരക്കിയത് ഗംഗയെയാണ്. അനന്തുവിന്റെ കാഴ്ചപ്പാടിൽ ബോൾഡ് ആയ പെൺകുട്ടി.

ഗംഗ ഡോക്ടർ പറയുന്നത് കേട്ടുകൊണ്ടിരുന്നു.

ഗംഗാ…. അനന്തുവിന് ചെറിയ ഒരു പ്രോബ്ലം ഉണ്ട്.ഒരുപക്ഷെ കുറെ നാളുകൾക്കു ശേഷം അനന്തു പഴയതുപോലെ ജീവിതത്തിലേക്ക് തിരിച്ചു വരാം. സ്നേഹ പൂർവമായ പെരുമാറ്റം അനന്തുവിൽ മാറ്റങ്ങൾ ഉണ്ടാക്കും.

ഡോക്ടർ…. ഇപ്പോഴും അനന്തുവിന്റെ പ്രശ്നം എന്താന്ന് പറഞ്ഞില്ലല്ലോ….ഗംഗാ ആരാഞ്ഞു…..

പറയാം ഗംഗ…. അനന്തുവിന്റെ അരയ്ക്ക് താഴോട്ട് തളർന്നു പോയിട്ടുണ്ട്. അയാൾക്കതറിയാം..ഇനി അയാൾക്ക് വേണ്ടത് എല്ലാ തരത്തിലുമുള്ള നിങ്ങളുടെ ഒക്കെ സപ്പോർട്ട് ആണ്.

തലയിൽ ഇടിത്തീ വീഴുന്നത് പോലെയാണ്ഗം ഗയ്ക്ക് തോന്നിയത്…….. നിറകണ്ണുകളോടെ ഐ സി യു ന്റെ പുറത്തേക്കിറങ്ങുമ്പോൾ അവളുടെ കാഴ്ച കണ്ണുനീരാൽ മങ്ങിക്കൊണ്ടിരുന്നു.

തുടരും……….

Related Posts

Leave a Reply

Your email address will not be published. Required fields are marked *