നല്ലൊരു ഫോട്ടോയ്ക്കായി അയാൾ ആ പാർക്ക്‌ മുഴുവൻ തന്റെ ക്യാമറ ഫോക്കസ് ചെയ്തു നോക്കി. പക്ഷേ ഫോട്ടോ എടുക്കാൻ പറ്റിയ……

ലാസ്റ്റ് പേജ്

Story written by Rivin Lal

അയാൾക്ക്‌ ഫോട്ടോഗ്രാഫി ഒരു ദൗർബല്യമായിരുന്നു. അത് കൊണ്ടു തന്നെയാവും നോർവേയിലെ ഏകാന്ത ജീവിതത്തിൽ അയാളെടുക്കുന്ന ഫോട്ടോകളെ അയാൾ അത്രയുമതികം ഇഷ്ടപെട്ടതും.

അന്നും പതിവ് പോലെ തന്റെ DSLR ക്യാമറയുമായി അയാൾ നല്ലൊരു ഫോട്ടോയ്ക്ക് വേണ്ടി താൻ സ്ഥിരം പോകാറുള്ള പാർക്കിലേക്ക് നടന്നു.

ആ പാർക്കിൽ ആളുകൾ വളരെ കുറവായിരുന്നു. നല്ലൊരു ഫോട്ടോയ്ക്കായി അയാൾ ആ പാർക്ക്‌ മുഴുവൻ തന്റെ ക്യാമറ ഫോക്കസ് ചെയ്തു നോക്കി. പക്ഷേ ഫോട്ടോ എടുക്കാൻ പറ്റിയ ഒരൊറ്റ നല്ല ഫ്രെയിം പോലും അയാൾക്ക്‌ കിട്ടിയില്ല.

അപ്പോളാണ് തന്റെ എതിരായി നടന്നു വരുന്ന ഒരു യുവമിഥുനങ്ങളെ അയാൾ ശ്രദ്ധിച്ചത്. അവർ തന്നെ കടന്നു പോയപ്പോൾ അയാൾ തിരിഞ്ഞു നിന്ന് ആ കപ്പിൾസിന്റെ കോർത്തു പിടിച്ച കൈകൾ തന്റെ ക്യാമെറയിൽ പകർത്തി.

ആ ഫോട്ടോയിൽ നോക്കി ചിരിച്ചു കൊണ്ടു അയാൾ അടുത്ത ഫോട്ടോയ്ക്കായി ക്യാമറ വീണ്ടും ഫോക്കസ് ചെയ്തു. ഇത്തവണ കണ്ടത് സുന്ദരിയായ ഒരു പെൺകുട്ടി ആ പാർക്കിലെ ബെഞ്ചിലിരുന്നു കയ്യിൽ ഒരു ഡയറിയും പിടിച്ച് അതിൽ പെൻസിൽ ഡ്രോയിങ് ചെയ്യുന്നതാണ്. ആ ഫ്രെയിം അയാളെ വല്ലാതെ ആകർഷിച്ചു. ക്ലിയർ ഫോക്കസ് ചെയ്തു അയാൾ ഫോട്ടോ എടുത്തതും അവൾ പെട്ടെന്ന് അപ്രതീക്ഷിതമായി അയാളെ നോക്കി.

അവളുടെ നോട്ടം കണ്ടതും അയാൾ ക്യാമറ വേറെ ഭാഗത്തേക്ക് ഫോക്കസ് ചെയ്തു അവളുടെ ഫോട്ടോ എടുത്തിട്ടേയില്ല എന്ന മട്ടിൽ നിന്നു. എന്ത് കൊണ്ടോ അയാളുടെ നിൽപ്പിൽ അവൾക്കു സംശയം ഒന്നും തോന്നിയില്ല, അത് കൊണ്ടു അവൾ ഒന്നും പറഞ്ഞതുമില്ല. അവളുടെ നോട്ടത്തിൽ ഇനിയും പെടാതിരിക്കാൻ അയാൾ അവിടുന്ന് വീട്ടിലേക്ക്‌ തിരിച്ചു പോയി.

അടുത്ത ദിവസവും അയാൾ അതേ സമയത്ത് അവളെ കാണാൻ ആ പാർക്കിൽ വന്നു. അന്നും അവൾ ഇന്നലത്തെ അതേ ബെഞ്ചിലിരുന്നു ചിത്രം വരയ്ക്കുന്നുണ്ടായിരുന്നു. പക്ഷേ ഇന്ന് അയാൾ അവളുടെ നേരെ ക്യാമറ ഫോക്കസ് ചെയ്തില്ല. പകരം അവളോട്‌ സംസാരിക്കാനായി അവളുടെ അടുത്തേക്ക് മെല്ലെ നടന്നു നീങ്ങി.

അല്പം പരിഭവത്തോടെയാണെങ്കിലും അയാൾ അവളുടെ അടുത്തെത്താനായി. പെട്ടെന്നാണ് അവൾക്കൊരു ഫോൺ കാൾ വരുന്നതും അവൾ എടിപിടീന്ന് കയ്യിലെ ബാഗും പെൻസിലുമെല്ലാം എടുത്ത് പാർക്കിന്‌ പുറത്തേക്കു ഇറങ്ങിയതും.

അവളുടെ പേര് അറിയാത്തതു കൊണ്ടു അയാൾക്ക്‌ അവളെ പിന്നിൽ നിന്നും ഒന്ന് വിളിക്കാൻ പോലും പറ്റിയില്ല. അവൾ പോകുന്നതും നോക്കി നിരാശയോടെ അയാൾ അവളിരുന്ന ബെഞ്ചിലിരുന്നു. അപ്പോളാണ് അയാൾ ശ്രദ്ധിച്ചത് അവളുടെ ഡയറി ആ ബെഞ്ചിൽ അവൾ മറന്നു വെച്ചിരിക്കുന്നു.

അയാൾ ആ ഡയറി എടുത്ത് ഓരോ പേജുകളും മറിച്ചു നോക്കി. ആദ്യത്തെ ചിത്രങ്ങൾ ആ പാർക്കിലെ ചെടികളും മരങ്ങളുമെല്ലാ മായിരുന്നു. അതിലെ ആറു പേജുകൾ മറിച്ചു ഏഴാമത്തെ പേജ് തുറന്നപ്പോൾ അയാൾ ചെറുതായൊന്നു ഞെട്ടി. കാരണം ഏഴാമത്തെ ആ പേജിലെ പെൻസിൽ ഡ്രോയിങ് അയാൾ ക്യാമറയും പിടിച്ച് അവളെ ഫോക്കസ് ചെയുന്ന ഒരു ചിത്രമായിരുന്നു. താൻ പോലും അറിയാതെ അവൾ വരച്ച ആ ചിത്രം കണ്ടപ്പോൾ അയാളുടെ മുഖത്തൊരു പുഞ്ചിരി താനെ വന്നു. അടുത്തടുത്ത പേജുകൾ മറിച്ചപ്പോൾ അതിലൊന്നും വേറെ ചിത്രങ്ങൾ ഒന്നും തന്നെ അയാൾ കണ്ടില്ല. ഡയറി മടക്കി അതുമായി അയാൾ വീട്ടിലേക്കു നടന്നു.

അടുത്ത ദിവസവും അയാൾ അവളെ കാണാനായി ആ പാർക്കിൽ വന്നു. അതേ ബെഞ്ചിൽ വീണ്ടും ഇരുന്നു. അയാളുടെ കയ്യിൽ തിരിച്ചു കൊടുക്കാൻ അവളുടെ ഡയറിയുമുണ്ടായിരുന്നു. അയാൾ കുറേ സമയം അവളെയും കാത്തിരുന്നു. പക്ഷേ അവൾ അന്ന് വന്നില്ല.

അതിന്റെ അടുത്ത ദിവസവും അയാൾ അവിടെ വന്നു അവൾക്കു വേണ്ടി കാത്തിരുന്നു. പക്ഷേ അന്നും അവൾ വന്നില്ല.

അടുത്തടുത്ത ഓരോ ദിവസവും അയാൾ അവൾക്കു വേണ്ടി ആ പാർക്കിൽ അവൾ വന്നിരുന്ന സമയത്ത് വന്നു കുറേ സമയം കാത്തിരിക്കും. പക്ഷേ അന്നൊന്നും അവൾ തിരിച്ചു വന്നില്ല.

ദിവസങ്ങൾ ആഴ്ചകളായി. മാസങ്ങളായി. അങ്ങിനെ മൂന്നു മാസം കഴിഞ്ഞൊരു ദിവസം. അന്നും അയാൾ അവളെ കാണാനായി ആ പാർക്കിൽ ചെന്നു. അന്ന് കൂടി കണ്ടില്ലെങ്കിൽ അയാൾ അവിടേക്കുള്ള വരവ് നിർത്താനുള്ള തീരുമാനത്തിലായിരുന്നു.

അന്നും കാത്തിരുന്നു, പക്ഷേ അവൾ വന്നില്ല. അയാളുടെ കണ്ണുകൾ അറിയാതെ നിറഞ്ഞു തുടങ്ങി. ഡയറിയിൽ അവൾ വരച്ച അയാളുടെ ഫോട്ടോയിലൂടെ അയാൾ മെല്ലെ വിര ലോടിച്ചു. എന്നിട്ടു കണ്ണുകൾ തുടച്ചു അയാൾ ഡയറി മടക്കി ആ പാർക്കിൽ നിന്നും തിരിച്ചു പോവാനൊരുങ്ങി, ഇനി ഒരിക്കലും ആ പാർക്കിലേക്ക് അവളെ കാണാൻ വരില്ല എന്ന ഉദ്ദേശത്തോടെ.

പക്ഷേ അയാളുടെ പ്രതീക്ഷകളെല്ലാം അട്ടി മറിച്ചു കൊണ്ട് അവൾ അയാൾക്കെതിരായി അപ്പോൾ മെല്ലെ നടന്നു വന്നു. അവളെ കണ്ടപ്പോൾ അയാൾക്ക്‌ അതിയായ സന്തോഷം തോന്നി. അത്രയും നാളത്തെ കാത്തിരിപ്പിന് ഒരു അവസാനം വന്നപ്പോൾ അയാളുടെ മുഖത്തു അറിയാതെ ഒരു പുഞ്ചിരി വീണ്ടും വന്നു.

അവൾ വളരെ നിരാശയായ മുഖത്തോടെയായിരുന്നു അയാൾക്കഭിമുഖമായി നടന്നു വന്നത്. അയാളെ കണ്ടപ്പോൾ അവളുടെ മുഖത്തും എന്തെന്നില്ലാത്ത സന്തോഷം തോന്നി. അവൾ പണ്ടിരുന്ന ബെഞ്ചിലേക്ക് അവളെ ഇരിക്കാൻ അയാൾ ക്ഷണിച്ചു.

അവൾ ആ ബെഞ്ചിൽ ഇരുന്നു. അയാളും അവൾക്കടുത്തായി ഇരുന്നു. എന്നിട്ടു തന്റെ കയ്യിലുള്ള അവളുടെ ഡയറി അവളുടെ കയ്യിലേക്ക് കൊടുത്തു. അവൾ എന്തെ ങ്കിലും പറയും മുൻപേ അയാൾ ആംഗ്യ ഭാഷ കൊണ്ടു അവളോട്‌ അയാൾക്ക്‌ സംസാരിക്കാൻ കഴിയില്ലെന്നു കാണിച്ചു.

അയാളൊരു ഊമയാണെന്നു അറിഞ്ഞ നിമിഷം അവളുടെ മുഖം വാടി. അവളുടെ മുഖ ഭാവം മാറിയത് കണ്ടത് കൊണ്ടാവണം അയാളുടെ കണ്ണുകളും നിറഞ്ഞു. പിന്നെ അയാൾക്കവിടെ അധിക സമയമിരിക്കാൻ തോന്നിയില്ല. ഒരു ചെറിയ കൃത്രിമ പുഞ്ചിരിയും മുഖത്തു വരുത്തി അയാൾ ആ പാർക്കിൽ നിന്നും പുറത്തേക്കിറങ്ങാൻ തീരുമാനിച്ചു.

അയാൾ ബെഞ്ചിൽ നിന്നും എണീറ്റു നടന്നപ്പോൾ അവൾ പിന്നിൽ നിന്നും അയാളെ “ഹലോ” എന്ന് വിളിച്ചു. അയാളൊന്നു തിരിഞ്ഞു നോക്കി മുഖത്തെ പുഞ്ചിരിയോടെ അയാൾ പുറത്തേക്കു നടന്നു.

അയാൾ പോയപ്പോൾ അവൾ കയ്യിലുള്ള ഡയറിയിലെ പേജുകൾ ഓരോന്നായി മറിച്ചു നോക്കി. അവൾ വരച്ച അയാളുടെ ചിത്രത്തിന്റെ അടുത്ത പേജിൽ അവ്യക്തമായി എന്തോ എഴുതിയതായി അവൾക്കു കാണാൻ കഴിഞ്ഞു. അവൾ പെൻസില് കൊണ്ടു ആ പേജ് മുഴുവൻ വരകൾ ഇട്ടപ്പോൾ അയാൾ എഴുതിയത് തെളിഞ്ഞു വന്നു.

ആദ്യത്തെ പേജിൽ എഴുതിയത് “നീ ഭയങ്കര സുന്ദരിയാണ്” എന്നായിരുന്നു. അടുത്ത പേജിൽ “നിന്റെ കണ്ണുകൾക്ക്‌ ഒരു ഭയങ്കര ആകർഷണമാണ് ” എന്നായിരുന്നു. അടുത്ത പേജിൽ “എനിക്ക് നിന്നെ ഇഷ്ടപ്പെട്ടു” എന്നായിരുന്നു.
അവസാനത്തെ മുൻപത്തെ പേജിൽ “ഞാനൊരു ഊമയാണ്. എന്നെ തിരിച്ചും ഇഷ്ടമാണെങ്കിൽ നാളെ ഞാൻ വീണ്ടും വരും. അപ്പോൾ എനിക്കൊരു മറുപടി തരണം എന്നായിരുന്നു..!”. എല്ലാം വായിച്ചു കഴിഞ്ഞപ്പോൾ അവൾ പെൻസിൽ അവളുടെ ചുണ്ടിൽ വെച്ചു കാര്യമായി എന്തോ ആലോചിച്ചു കൊണ്ടിരുന്നു.

അടുത്ത ദിവസം അയാൾ വീണ്ടും ആ പാർക്കിൽ എത്തി. അവളും അതെ സ്ഥലത്തു തന്നെ ഇരിക്കുണ്ടായിരുന്നു. അയാൾ അവളുടെ അടുത്ത് ചെന്നിരുന്നു. മുഖത്തു ഒരു ചമ്മൽ ഉണ്ടായിരുന്നെങ്കിലും അയാൾ അവളോട്‌ എന്താണ് അവളുടെ മറുപടി എന്ന് ആംഗ്യ ഭാഷയിൽ ചോദിച്ചു. അവൾ മറുപടിയായി അവളുടെ കയ്യിലെ ഡയറി അയാൾക്ക്‌ കൊടുത്തു.

അയാൾ ഡയറിയിലെ ഓരോ പേജും മറിച്ചു നോക്കി. അതിൽ അവസാനത്തെ പേജിൽ അയാൾ അവൾക്കു എഴുതി കൊടുത്ത പോലെ ഒരു ചിത്രം ഒളിഞ്ഞിരിക്കുന്നതായി അയാൾക്കു മനസിലായി. അയാൾ അവളുടെ കയ്യിൽ നിന്നും പെൻസിൽ വാങ്ങി ആ പേജിൽ മുഴുവൻ വരച്ചു നോക്കി, അപ്പോൾ ആ പേജിലെ ചിത്രം തെളിഞ്ഞു വന്നു.

ആ ചിത്രം കണ്ടതും നിറഞ്ഞ കണ്ണുകളോടെ അയാൾ അവളെ തന്റെ തോളോട് ചേർത്തു പിടിച്ചു. കാരണം ആ ചിത്രത്തിൽ അവൾ വരച്ചതും അയാളുടെ തോളോട് അവൾ ചേർന്നിരിക്കുന്ന അതേ ചിത്രമായിരുന്നു…!!!

അവസാനിച്ചു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *