ആറിലും എഴിലും എട്ടിലുമൊക്കെ പഠിക്കുമ്പോൾ വളരെ ചുരുക്കം പേരാണ് അങ്ങനെ വിളിച്ചിരുന്നത്. വാശിയോടെ, വൈരാഗ്യത്തോടെ അവരാ പേര്……..

എഴുത്ത് :- ഹക്കീം മൊറയൂർ

ഇരട്ട പേര് ഇല്ലാത്തവർ ആരും ഉണ്ടാവില്ല. കുട്ടിക്കാലത്തെ പേരുകൾ ഇപ്പോൾ ഓർക്കുമ്പോൾ ഭയങ്കര രസമാണ്.

മനോഹരമായ പേരുകൾ കൊണ്ടായിരുന്നു അന്ന് കുട്ടികൾ പല അധ്യാപകരെയും വിശേഷിപ്പിച്ചിരുന്നത്. അത് ഞാനിവിടെ സൂചിപ്പിക്കുന്നില്ല.

എനിക്കും ധാരാളം ഇരട്ട പേര് ഉണ്ടായിരുന്നു.

അതിൽ ഏറ്റവും അധികം എന്നെ വേദനിപ്പിച്ച പേര് ചക്കിക്കുട്ടി എന്ന വിളിയായിരുന്നു.

ആറിലും എഴിലും എട്ടിലുമൊക്കെ പഠിക്കുമ്പോൾ വളരെ ചുരുക്കം പേരാണ് അങ്ങനെ വിളിച്ചിരുന്നത്. വാശിയോടെ, വൈരാഗ്യത്തോടെ അവരാ പേര് വിളിക്കുമ്പോൾ ഞാൻ നിന്നു ഉരുകാറുണ്ടായിരുന്നു.

എന്റെ ക്ലാസ്സിലെ ഒരുത്തനാണ് അതിന് തുടക്കമിട്ടത്. അവന്റെ നാട്ടിലെ പാടത്തു പണിയെടുക്കുന്ന ചക്കിക്കുട്ടി എന്ന സ്ത്രീക്കും എനിക്കും ഒരേ മുഖച്ഛായ ആണെന്നായിരുന്നു അവന്റെ കണ്ടു പിടുത്തം. അന്ന് മുതൽ അവനും ഒരു അഞ്ചാറു പേരും അത് തന്നെയായിരുന്നു പിന്നെ എന്നെ വിളിച്ചിരുന്നത്.

ഒരു പാട് പ്രാവശ്യം ഞാൻ അവരോട് വഴക്ക് കൂടിയിട്ടുണ്ട്. എന്റെ പൊങ്ങിയ പല്ലും കറുത്തു മെലിഞ്ഞ ശരീരവും കാണുമ്പോഴൊക്കെ അവർ ക്രൂരമായി ആ പേര് വിളിച്ചു ആനന്ദിച്ചു പോന്നു. അവരെ ഇരട്ട പേര് വിളിച്ചാൽ അവർ ഉപദ്രവിക്കുകയും ചെയ്യും. അന്നത് വളരെ മനോവിഷമം ഉണ്ടാക്കിയെങ്കിലും ഇന്നത് ഓർക്കുമ്പോൾ എന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിയുന്നുണ്ട്.

പിന്നീട് ഞാൻ ഓർക്കുന്നത് ഹാപ്പി മാൻ എന്ന പേരാണ്. പത്താം തരം കഴിഞ്ഞ ഉടനെയായിരുന്നു അത്. സ്കൂൾ വിട്ട് ഗ്രൗണ്ടിലേക്ക് കളിക്കാൻ പോവുമ്പോൾ ഞാൻ കണ്ട വല്ല സിനിമയിലെ രംഗങ്ങൾ ആലോചിക്കുകയായിരിക്കും. അല്ലെങ്കിൽ എന്തെങ്കിലും മധുര സ്വപ്‌നങ്ങൾ നെയ്തു കൂട്ടുകയായിരിക്കും.

ദൂരെ നിന്നെ എന്റെ ജ്യേഷ്ഠന്റെ കൂട്ടുകാർ ഈ ചിരി കാണും. അന്ന് ഞാൻ ആരെ കണ്ടാലും ചിരിക്കും. ഇവർക്കും എന്റെ ചിരി കാണുമ്പോൾ ചിരി വരും. അങ്ങനെ എനിക്ക് വീണ പേരാണ് ഹാപ്പി മാൻ.

എപ്പോഴും, ആരോടും ചിരിക്കുന്ന ഒരാൾക്ക് ഇതിലും മനോഹരമായ മറ്റൊരു പേര് എനിക്കും അറിയില്ലായിരുന്നു. ഒന്ന് രണ്ട് പേര് അവരുടെ മൊബൈലിൽ വരെ ഈ പേരാണ് വെച്ചിരുന്നത്. ഇപ്പഴും ഒന്ന് രണ്ട് പേര് തമാശയായി ആ പേര് വിളിക്കാറുണ്ട്. ഞാനത് ആസ്വദിക്കുകയും ചെയ്യാറുണ്ട്.

പിന്നീട് ഞാൻ ഓർക്കുന്നത് കുവൈറ്റിൽ വെച്ചു ഒരു മിസ്‌രി എന്നെ വിളിക്കുന്ന പേരാണ്. അയാൾ അവിടെ ക്ലീനിങ് തൊഴിലാളി ആയിരുന്നു. അയാളെന്നെ വിളിച്ചിരുന്നത് കരീം എന്നായിരുന്നു. എന്റെ പേര് ഹക്കീം എന്നാണെന്നു എത്ര പറഞ്ഞാലും പിന്നീട് അയാൾ എന്നെ കാണുമ്പോഴൊക്കെ കരീം എന്നെ വിളിക്കൂ. അങ്ങനെ ഞാൻ അയാൾക്ക് മാത്രം കരീമും മറ്റുള്ളവർക്ക് ഹക്കീമും ആയി.

ഇനിയുണ്ട് കുറെ ഓർമ്മകൾ. അന്നതൊക്കെ കേൾക്കുമ്പോൾ വലിയ സങ്കടമായിരുന്നു. എന്നാൽ ഇന്ന് ഓർക്കുമ്പോൾ പുഞ്ചിരിയാണ്.

ജീവിതം അങ്ങനെയാണ്. ഇന്ന് നമ്മൾ ഫേസ് ചെയ്യുന്ന പല പ്രശ്നങ്ങളും കുറെ നാൾ കഴിഞ്ഞു ഓർക്കുമ്പോൾ നമ്മുടെ ചുണ്ടിൽ നാം അറിയാതെ ഒരു ചെറു പുഞ്ചിരി വിരിയിക്കുന്ന വെറും ഓർമ മാത്രമായിരിക്കും.

നിങ്ങൾക്കുമുണ്ടാവില്ലേ ഒരു ഇരട്ട പേരിന്റെ കഥ പറയാൻ. വേദനിപ്പിച്ച, സന്തോഷിപ്പിച്ചു ചില പേരുകൾ.പറയൂ. ഞാനും കേൾക്കട്ടെ.

Related Posts

Leave a Reply

Your email address will not be published. Required fields are marked *