നിങ്ങളെന്തിനാണിങ്ങനെ മോളെ ഇനിയും ആശ്രയിക്കുന്നത് ? അവളിപ്പോൾ മറ്റൊരാളുടെ ഭാര്യയാണ് ,അവള് പ്രസവിച്ച കുഞ്ഞിൻ്റെ അവകാശം നമുക്കല്ല……….

എഴുത്ത് :- സജി തൈപ്പറമ്പ്

ഹലോ അച്ഛാ പറയൂ,,

രാവിലെ മൊബൈലിൽ അച്ഛൻ്റെ കോള് വന്നത് കണ്ട് വൈമനസ്യത്തോടെയാണ് ദിവ്യ ,ഫോൺ അറ്റൻ്റ് ചെയ്തത്.

മോളേ ,, ഇത് അമ്മയാടീ,,,

ങ്ഹേ അമ്മയാണോ ? എന്താ അമ്മേ?

അതേ മോളേ.. അച്ഛന് ഭയങ്കര വിഷമം, അമ്മൂസിനെയും കൂട്ടി വരുമോന്ന് ചോദിച്ചപ്പോൾ നീയിന്നലെ അച്ഛനോട് തട്ടിക്കയറിയില്ലേ? അതും പറഞ്ഞ് ഇന്നലെരാത്രി തീരെ ഉറങ്ങിയിട്ടില്ല,.മോളെന്തിനാ അങ്ങനൊക്കെ പറയാൻ പോയത്,? നിനക്കറിയാമല്ലോ? അച്ഛന് ഈ ലോകത്ത് ഏറ്റവും പ്രിയപ്പെട്ടവൾ നീയാണെന്ന്, സ്വന്തം ഭാര്യയായ എനിക്ക് പോലും രണ്ടാം സ്ഥാനമേയുള്ളു,,,

ഓഹ് എൻ്റമ്മേ .. ഞാൻ പിന്നെന്ത് ചെയ്യാനാണ്, എനിക്കെൻ്റെ ഭർത്താവിൻ്റെ അഭിപ്രായം മാനിക്കണ്ടെ ? അമ്മൂസിനെ അച്ഛൻ്റെയടുത്ത് കൊണ്ട് വരുന്നതോ, അവിടെ നിർത്തുന്നതോ ഒന്നും ഗിരീഷേട്ടന് ഇഷ്ടമല്ല ,ഏട്ടൻ പറയുന്നത്, അച്ഛന്, ഉമിനീരിലുടെയും വിയർപ്പിലൂടെയുമൊക്കെ വേഗം പകരാൻ സാധ്യതയുള്ള രോഗമാണെന്നാണ് ,അമ്മൂസിനെ കണ്ടാൽ, അച്ഛൻ അവളെയെടുത്ത് മടിയിൽ വയ്ക്കുകയും, കൊഞ്ചിക്കുകയും, ഉമ്മ വയ്ക്കുകയുമൊക്കെ ചെയ്യില്ലേ?

അയ്യോ മോളേ ,,ഗിരീഷ് തെറ്റിദ്ധരിച്ചിരിക്കുവാണ്, ഡോക്ടർ പ്രത്യേകം പറഞ്ഞതാണ് ,ഇതൊരിക്കലും പകരുന്ന അസുഖമല്ലെന്ന് ,, പിന്നെ അച്ഛൻ്റെ അപ്പൂപ്പന് ഉണ്ടായിരുന്നത്രേ ,എന്ന് വച്ച് എല്ലാതലമുറയ്ക്കും വരുമെന്ന് ഉറപ്പ് പറയാനും കഴിയില്ലെന്നാണ് അന്ന് ഡോക്ടർ പറഞ്ഞത് , നീയത് കൊണ്ട് ഗിരീഷിനോട് കാര്യങ്ങൾ ബോധ്യപ്പെടുത്തിയിട്ട്, വൈകുന്നേരം കുഞ്ഞിനെയും കൂട്ടി വരാൻ നോക്ക് ,അച്ഛന് ചെറുപ്പത്തിലെ നിന്നോടുണ്ടായിരുന്ന അതേ വാത്സല്യമാണ് അമ്മൂസിനോടുമുള്ളത് , അറിയാമല്ലോ? അവളെ കണ്ടാൽ പിന്നെ അച്ഛന് ആഹാരം പോലും വേണ്ട, അത്രയ്ക്ക് ജീവനാടീ അവളെ…

എൻ്റമ്മേ ,, അമ്മയെങ്കിലുമൊന്ന് ഞാൻ പറയുന്നത് മനസ്സിലാക്ക്, ഗിരീഷേട്ടൻ ഒരു പ്രത്യേക ക്യാരക്ടറാണ് ,തത്ക്കാലം എനിക്കങ്ങേര് പറയുന്നതാണ് വേദ വാക്യം,,,

പറഞ്ഞവസാനിപ്പിച്ചത് പോലെ ദിവ്യ ,പെട്ടെന്ന് ഫോൺ കട്ട് ചെയ്തപ്പോൾ ദേവകിയുടെ ഉള്ളിൽ ഒരു മരവിപ്പവശേഷിച്ചു.

എന്താ അവള് പറഞ്ഞത്? വരാമെന്നല്ലേ?

പിന്നിൽ ,ചൂടാറ്റിയ കാപ്പി മൊത്തിക്കുടിച്ച് കൊണ്ടിരുന്ന ദയാനന്ദൻ ചോദിച്ചു.

അവള് വരില്ല ,, നിങ്ങള് കാപ്പി കുടിച്ചിട്ട് എനിക്കൊരു തേങ്ങ ചിരണ്ടി തരൂ ,ചെമ്മീൻ കൊണ്ട് വന്നത് വെള്ളത്തിൽ കിടക്കുവാണ് , വറുത്തരച്ച് വച്ചാലല്ലേ ? നിങ്ങൾക്കിഷ്ടപ്പെടുകയുള്ളു,,,

വിഷയം മാറ്റാനായി ദേവകി, ഭർത്താവിനെ കുറ്റപ്പെടുത്തുന്നത് പോലെ സംസാരിച്ചു.

മോൾക്ക് പേടിയുണ്ടല്ലേ ദേവൂ ,,?

അയാളുടെ കണ്ഠമിടറിയപ്പോൾ ദേവകിക്ക് സഹിക്കാൻ കഴിഞ്ഞില്ല.

നിങ്ങളെന്തിനാണിങ്ങനെ മോളെ ഇനിയും ആശ്രയിക്കുന്നത് ? അവളിപ്പോൾ മറ്റൊരാളുടെ ഭാര്യയാണ് ,അവള് പ്രസവിച്ച കുഞ്ഞിൻ്റെ അവകാശം നമുക്കല്ല ,അവൾക്കും ഗിരീഷിനുമാണ് , അതെന്താ നിങ്ങള് മനസ്സിലാകാത്തത് ?

ദേവൂ ,,,നീയെന്തായീ പറയുന്നത്? ദിവ്യ മോളേ ,,, എൻ്റെയീ നെഞ്ചത്തിട്ടല്ലേ ഞാൻ വളർത്തിയത്? അവള് പ്രായപൂർത്തിയായിട്ട് പോലും ഞാനെൻ്റെ അടുത്ത് നിന്ന് ഒരു നിമിഷം പോലും മാറ്റി നിർത്തിയിട്ടില്ലെന്ന് നിനക്കറിയാമല്ലോ ? അവൾക്ക് വിവാഹ പ്രായമെത്തിയപ്പോൾ, മറ്റൊരാളുടെ കൈ പിടിച്ച് കൊടുക്കേണ്ടി വരുല്ലോന്നോർത്ത് എത്ര രാത്രികൾ ഞാൻ ഉറക്കമിളച്ചിട്ടുണ്ട് ,ഒടുവിലവൾ, ഗിരീഷിൻ്റെ കൈ പിടിച്ച് ഈ പടിയിറങ്ങുമ്പോൾ , ഹൃദയം നുറുങ്ങുന്ന വേദന ഞാൻ കടിച്ചമർത്തിയത് ,അവളെൻ്റെ കൈയ്യെത്തും ദൂരത്തുണ്ടല്ലോ, എന്ന ഒറ്റ കാരണത്താലായിരുന്നു , അറിയാമോ നിനക്ക്?

അയാൾ വിതുമ്പുന്നത് കണ്ട് നില്ക്കാൻ, ദേവകിക്ക് കഴിഞ്ഞില്ല.

അവർ ഒന്നും മിണ്ടാതെ അടുക്കളയിലേയ്ക്ക് പോയി.

അവിടെ ഫ്രിഡ്ജിന് മുകളിലിരുന്ന അമ്മൂസിൻ്റെ ബാർബിഡോൾ അവരെ നോക്കി കൊഞ്ഞനം കുത്തി.

*****************

ദേവൂ ,,, എന്താ നിനക്ക് ? ഇതൊന്നും പതിവില്ലാത്തതാണല്ലോ ? ആകെ മൊത്തം ഒരു റൊമാൻ്റിക് മൂഡിലാണല്ലോ? മുല്ലപ്പൂവും, സെറ്റും മുണ്ടും ,എനിക്കൊന്നും മനസ്സിലാകുന്നില്ലാ ,,,?

ഞാനിടയ്ക്ക് , ഇതൊക്കെ ഒരാഗ്രഹം പോലെ പറയുമ്പോൾ, നീ ചോദിക്കുമായിരുന്നല്ലോ ? കിളവനും കിളവിയുമായപ്പോഴാണ് അങ്ങേരുടെ ഒരു പൂതിയെന്ന്, ങ്ഹേ? ഇതിപ്പോൾ ,,,,,

അന്ന് രാത്രിയിൽ ദേവകിയുടെ പെരുമാറ്റത്തിൽ ,ആകെയൊരു പൊരുത്തക്കേട് തോന്നിയത് കൊണ്ടാണ്, അയാൾ തൻ്റെ ജിജ്ഞാസ ഭാര്യയോട് പങ്ക് വച്ചത്

അതേ,,, നമുക്ക് ഒരങ്കത്തിനുള്ള ബാല്യമുണ്ടെന്ന് നിങ്ങളെപ്പോഴും പറയാറില്ലേ? അമ്മൂസിനെ അവരെന്തായാലും വിട്ട് തരില്ലെന്ന് ഉറപ്പായ സ്ഥിതിയ്ക്ക് ,ഒരങ്കത്തിന് ഞാൻ മനസ്സ് കൊണ്ടും ശരീരം കൊണ്ടും തയ്യാറാണ് ,, ലൈറ്റണയ്ക്കട്ടെ ,,,

നാളുകൾക്ക് ശേഷം ,, ദേവകിയുടെ മുഖത്ത് കണ്ട ശൃംഗാര ഭാവം കണ്ടില്ലെന്ന് നടിക്കാൻ ദയാനന്ദനുമാവില്ലായിരുന്നു, കാരണം ഒരു കുഞ്ഞിനെ താലോലിക്കാനുള്ള അടങ്ങാത്ത ത്വരയിലായിരുന്നു അയാളപ്പോൾ …

NB :- പുതിയ വീട് പണിയുമ്പോൾ ഉമ്മറത്തുള്ള കിണർ ഇൻ്റർലോക്കിടാനായി ചിലർ മണ്ണിട്ട് മൂടിക്കളയാറുണ്ട് ,പമ്പ് ഹൗസിൽ നിന്ന് വരുന്ന വെള്ളമുണ്ടല്ലോ? എന്ന ആത്മവിശ്വാസത്തിലാണത് ചെയ്യുന്നത് ,പക്ഷേ വേനൽ കടുക്കുമ്പോഴും, വിതരണ പൈപ്പ് പൊട്ടുമ്പോഴും ചിലപ്പോൾ ,ആഴ്ചകളോളം ശുദ്ധജലം മുടങ്ങാൻ സാധ്യതയുണ്ട്, അത് കൊണ്ട്, എന്ത് വന്നാലും ഉറവയുള്ള കിണർ ഒരിക്കലും പൂർണ്ണമായി അടച്ച്കളയരുത് , കാരണം ,ചില സന്ദർഭങ്ങളിൽ നമ്മൾ, ഉമ്മറത്തെ കിണറിനെ തന്നെ ആശ്രയിക്കേണ്ടി വരും,,

Related Posts

Leave a Reply

Your email address will not be published. Required fields are marked *