അതെങ്ങനെ ശരിയാകും ഗീതു. ഏട്ടൻ്റെ കമ്പനിയിൽ ഏട്ടത്തിക്ക് ജോലി കിട്ടുമല്ലോ. അവർ അത് ചെയ്യട്ടെ.ആവൂ അവസാനം ഒരാൾ എനിക്ക് വേണ്ടി സംസാരിക്കുന്നൂ…..

ആൾ കൂട്ടത്തിൽ തനിയെ

Story written by Suja Anup

“ഇനി എപ്പോൾ എന്താ നിൻ്റെ തീരുമാനം, അവസാനം ചോദിച്ചില്ല എന്നൊന്നും പറയരുത്.”

ഞാൻ ഒന്നും പറഞ്ഞില്ല. അല്ലെങ്കിലും ആ വീട്ടിൽ എൻ്റെ തീരുമാനങ്ങൾക്കു ആര് വില നൽകുവാൻ ആണ്. വില നൽകിയിരുന്ന ആ ഒരാൾ ഇനിയില്ല. ആദ്യമായി ഞാൻ അറിഞ്ഞു എനിക്കു വേണ്ടി സംസാരിക്കുവാൻ ആരുമില്ല.

ആൾക്കൂട്ടത്തിൽ തനിയെ ആയതു പോലെ തോന്നി.

“അപ്പൻ ഏട്ടത്തിയോട് ഒന്നും ചോദിക്കേണ്ടതില്ല. അവൾ ഇവിടെ നിൽക്കട്ടെ. ഏട്ടൻ്റെ മോൻ എൻ്റെ മോനെ പോലെ തന്നെയല്ലേ. അവനെ ഞാൻ കൂടെ കൊണ്ടുപോയിക്കൊള്ളാം. എനിക്ക് ഒരു മോളല്ലേ ഉള്ളൂ. അവൾ ഇവിടെ നിൽക്കുന്നത് അമ്മയ്ക്ക് ഒരു സഹായം ആകുമല്ലോ.’ അപ്പോൾ എനിക്ക് ചിരി വന്നൂ. എന്തൊരു ത്യാഗമനസ്കത.

അവളുടെ കുട്ടിയെ സ്കൂളിൽ നിന്ന് വരുമ്പോൾ വിശ്വസിച്ചു ഏൽപ്പിക്കുവാൻ അവൾക്കു ഒരാൾ വേണം. അത്ര തന്നെ. എൻ്റെ താലി വരെ ഊരികൊടുത്തിട്ടാണ് ഏട്ടൻ അവളെ കെട്ടിച്ചു വിട്ടത്. അവൾക്കു കൊടുത്ത സ്ത്രീധനത്തിലെ ഓരോ പവനും എൻ്റെ അച്ഛൻ എനിക്ക് തന്നതാണ്. അതൊന്നും ഇപ്പോൾ അവൾക്കു ഓർമ്മ കാണില്ല. അവളുടെ പ്രസവത്തിനു, അവളുടെ വളകാപ്പിനു ഒക്കെ വേണ്ടത് ഏട്ടൻ ചെയ്തു. ഒന്നും വേണ്ട എന്ന് ഇന്നുവരെ ഞാൻ പറഞ്ഞിട്ടില്ല. അവൾക്കു ആ സ്നേഹം ഒരു തരി പോലും ഇല്ല..

“അതെങ്ങനെ ശരിയാകും ഗീതു. ഏട്ടൻ്റെ കമ്പനിയിൽ ഏട്ടത്തിക്ക് ജോലി കിട്ടുമല്ലോ. അവർ അത് ചെയ്യട്ടെ.ആവൂ അവസാനം ഒരാൾ എനിക്ക് വേണ്ടി സംസാരിക്കുന്നൂ. അത് പറഞ്ഞത് നാത്തൂൻ്റെ ഭർത്താവാണ്. അല്ലെങ്കിലും അയാൾ നല്ലവൻ ആയിരൂന്നു

അത് കേട്ടതും നാത്തൂൻ ഒന്നയാളെ നോക്കി. പിന്നീടയാളും ഒന്നും മിണ്ടിയില്ല. അവൾ ആയിരുന്നൂ അവിടെ ഭരണം നടത്തിയിരുന്നത്. അവൾ പറയുന്നതിനപ്പുറം അയാൾ ഒന്നും പറഞ്ഞു ഞാൻ കണ്ടിട്ടില്ല.

“അവൾ എട്ടനുള്ളപ്പോൾ പണിക്കൊന്നും പോയിട്ടില്ലല്ലോ. നാലാളോട് എങ്ങനെ പെരുമാറണം എന്ന് അവൾക്കറിയില്ല. പിന്നെയാണോ ജോലിക്കു പോകുന്നത്.” നാത്തൂൻ തുടർന്നൂ. ഏടത്തി മാറി, അവൾ എന്നായിരിക്കുന്നൂ. ഏട്ടൻ ഉള്ളപ്പോൾ പൈസ വാങ്ങുവാൻ വരുമ്പോൾ എന്ത് സ്നേഹം ആയിരുന്നൂ അവൾക്കു.
“മോളെ, അപ്പോൾ ചെന്നൈയിലെ ഫ്ലാറ്റ് എന്ത് ചെയ്യും. അത് അങ്ങനെ പൂട്ടി ഇടണോ” അമ്മായിഅച്ഛൻ ആണ് ചോദിച്ചത്.

“അത് അച്ഛാ ഞാൻ പറയുവാൻ മറന്നു. എൻ്റെ ആൾക്ക് വേണന്നു വച്ചാൽ അങ്ങോട്ട് മാറ്റം കിട്ടും. ഞാൻ അവിടേക്കു മാറിയാലോ എന്ന് ആലോചിക്കുവാണ്. ട്രിച്ചി മടുത്തു തുടങ്ങി ഞങ്ങൾക്ക്. അവിടാകുമ്പോൾ വാടക ലഭിക്കാമല്ലോ.” അത് കേട്ടപ്പോൾ എൻ്റെ കണ്ണുകൾ നിറഞ്ഞൊഴുകി. ഞാനും ഏട്ടനും ഓരോ നാണയവും സൂക്ഷിച്ചു വച്ച് വാങ്ങിയതാണ് അത്. എൻ്റെയും ഏട്ടൻ്റെയും സ്വപ്നം. ആ വീട്ടിൽ അദ്ദേഹം ഇപ്പോഴും ഉണ്ട്. അവിടെ കിടന്നു മരിക്കുവാൻ ആണ് ഞാൻ ആഗ്രഹിച്ചത്. അദ്ദേഹത്തിൻ്റെ അധ്വാനത്തിൻ്റെ അവസാനതുള്ളിയും അവൾക്കു വേണം. പ്രതികരിക്കുവാൻ മനസ്സ് പറഞ്ഞു. പക്ഷേ ശബ്ദം പുറത്തു വന്നില്ല.

അദ്ദേഹം ഉള്ളപ്പോൾ ആ വില ഞാൻ മനസ്സിലാക്കിയില്ല. എപ്പോഴും ഏട്ടൻ പറയും. “സുലു, നീ കുറച്ചു കൂടെ കാര്യങ്ങൾ മനസ്സിലാക്കി പ്രവർത്തിക്കണം. ഞാൻ പോയാൽ നിനക്ക് ആരുണ്ട്. നമ്മുടെ മോനെ നല്ലരീതിയിൽ നീ വളർത്തികൊണ്ടു വരണം. നീ ഒരു പാവമാണ്, അതാണെൻ്റെ പേടി.” അപ്പോഴൊക്കെ ആ നെഞ്ചിൽ തലവച്ചു ഞാൻ ചിരിക്കും. ഈ ഏട്ടൻ്റെ ഒരു കാര്യം

“ഈ നെഞ്ചിൽ തല വച്ചേ ഞാൻ മരിക്കൂ.” പ്രതീക്ഷിക്കാത്ത പലതും ജീവിതത്തിൽ സംഭവിച്ചു. ഒരു ഹാർട്ട് അറ്റാക്കിൻ്റെ രൂപത്തിൽ അദ്ദേഹം നേരത്തെ പോകുമെന്ന് ആരറിഞ്ഞു. അവസാന നിമിഷത്തിൽ അദ്ദേഹം നോക്കിയ ആ നോട്ടത്തിൽ എല്ലാം ഉണ്ടായിരുന്നൂ. മൗനമായി ഒത്തിരി കാര്യങ്ങൾ എന്നെ ഏല്പിച്ചു. പക്ഷേ, പിടിപ്പില്ലാത്ത ഒരു പെണ്ണായി പോയി ഞാൻ. ശപിക്ക പ്പെട്ടവൾ. ജനനത്തിൽ അമ്മയെ കൊ ന്നവൾ. അവസാനം താലിയും അറുത്തു നിൽക്കുന്നവൾ.

ഒരു ഗ്രാമത്തിൽ നിന്നും നഗരത്തിലേക്കു അദ്ദേഹം എന്നെ കൊണ്ട് വന്നൂ. ഒരു കുറവും വരുത്തിയിട്ടില്ല. ബിരുദം കഴിഞ്ഞായിരുന്നൂ വിവാഹം. അദ്ദേഹമാണ് പിജി വരെ പഠിപ്പിച്ചത്. ജോലിക്കു പോകുവാൻ ഒത്തിരി നിർബന്ധിച്ചിരുന്നൂ. “സുലു ആരെയും ആശ്രയിച്ചു നീ നിൽക്കരുത്, സ്വന്തമായി ഒരു വരുമാനം വേണം”. അദ്ദേഹം എപ്പോഴും പറയും. അതൊക്കെ ഞാൻ ചിരിച്ചു തള്ളി

പക്ഷേ, പിജി കഴിഞ്ഞ ഉടനെ എനിക്ക് മോനുണ്ടായി. പിന്നെ അവനു വേണ്ടിയായി ജീവിതം. മോൻ വളർന്നപ്പോൾ പിന്നെ ജോലിക്കു പോകുവാൻ മടിയുമായി. എല്ലാം എൻ്റെ തെറ്റ്, എൻ്റെ മാത്രം തെറ്റു. ഞാൻ സ്വയം ശപിച്ചു. “അപ്പോൾ പിന്നെ അങ്ങനെ ആവട്ടെ.” അമ്മായിയച്ഛൻ അതെല്ലാം ഉറപ്പിച്ച മട്ടാണ്‌. അമ്മായി യമ്മയ്ക്ക് ആയിരുന്നൂ ഒത്തിരി സന്തോഷം. ഏതായാലും അവർക്കു ഒരു ജോലിക്കാരിയെ വെറുതെ അങ്ങു കിട്ടിയല്ലോ

ഞാൻ മോനെ നോക്കി. അവൻ ഇപ്പോൾ പത്താം ക്ലാസ്സിൽ ആണ്. അവൻ എന്നെ ഇട്ടിട്ടു അമ്മായിയുടെ കൂടെ പോകുമോ. അത് ആലോചിച്ചപ്പോഴേ തലയ്ക്കു ഭ്രാന്തു പിടിക്കുന്നത് പോലെ തോന്നി. ഈ ഭൂമി പിളർന്നു എന്നെ അങ്ങു എടുത്തിരുന്നെങ്കിൽ എന്ന് ആശിച്ചു പോയി. പെട്ടെന്ന് ഞാൻ ഒരു ശബ്ദം കേട്ടു.

“എനിക്ക് ചിലതു പറയുവാനുണ്ട്” എൻ്റെ മകൻ്റെ ശബ്ദം.“മൊട്ടേന്നു വിരിഞ്ഞില്ല, അപ്പോഴേക്കും പ്രസംഗിക്കുവാൻ വന്നിരിക്കുന്നൂ. പോയി അകത്തിരിക്കെടാ ശ വമേ. എല്ലാം പെറുക്കിക്കൊ. നാളെ കൂടെ അങ്ങു പോന്നേക്കണം.” ഗീതു അവനോടു പറഞ്ഞു.

“അമ്മായി എന്ന ബഹുമാനം മനസ്സിൽ വച്ചുകൊണ്ടു ഞാൻ പറയുന്നൂ. ഇതു എൻെറ അമ്മയുടെ കാര്യം ആണ്. അച്ഛൻ കഴിഞ്ഞാൽ ആ അമ്മയ്ക്ക് വേണ്ടി സംസാരിക്കുവാൻ ഞാൻ ഉണ്ടാകും. ഇന്ന് മാത്രമല്ല, എന്നും” അവൻ തുടർന്നൂ. അമ്മായി അവനെ തല്ലുവാൻ കൈ ഉയർത്തി. പക്ഷേ അവൻ കുലുങ്ങിയില്ല. അവൻ ദൃഢമായി നിന്നൂ.

അപ്പോൾ ഞാൻ കണ്ടു, അവനു താങ്ങായി അയാൾ വീണ്ടും വന്നിരിക്കുന്നൂ. നാത്തൂൻ്റെ ഭർത്താവ്..

“ഗീതു, ഇനി നീ വാ തുറന്നാൽ, അണപ്പല്ല് താഴെ കിടക്കും. വേണ്ട, വേണ്ട എന്ന് ഞാൻ വിചാരിച്ചിട്ടാണ്. എനിക്ക് നിന്നോടുള്ളതിനേക്കാൾ കടപ്പാട് ഏട്ടനോട് ഉണ്ട്. അദ്ദേഹത്തിൻ്റെ മനസ്സ് കണ്ടിട്ടാണ് ഞാൻ നിന്നെ കെട്ടിയതു തന്നെ. അദ്ദേഹത്തിൻ്റെ മകനെ ഞാൻ ആ സ്ഥാനത്തെ കാണൂ. പിന്നെ നാളെ എല്ലാം കെട്ടിപ്പെറുക്കി കൂടെ പൊന്നോണം. വരുമ്പോൾ ഏടത്തിയുടെ ഒന്ന് രണ്ടു മാലകളും, വളകളും, കമ്മലുകളും ഏട്ടനെ ചിതയിലേക്ക് എടുത്തപ്പോൾ നീ അഴിച്ചെടുത്തിട്ടില്ലേ, അതങ്ങു അവർക്കു കൊടുത്തേക്കണം. ഇല്ലെങ്കിൽ നീ എൻ്റെ മറ്റൊരു മുഖം കൂടെ കാണും

അയാളുടെ ആ മുഖം എനിക്ക് അപരിചിതം ആയിരുന്നൂ. അതോടെ ഗീതു അടങ്ങി. മകൻ വീണ്ടും പറഞ്ഞു തുടങ്ങി. “അമ്മയ്ക്ക് അറിയാമല്ലോ, എന്നും വൈകുന്നേരങ്ങളിൽ ഞാനും അച്ഛനും നടക്കുവാൻ പോകുന്നത്. അപ്പോഴൊക്കെ അച്ഛൻ എനിക്ക് ഒരുപാടു കാര്യങ്ങൾ പറഞ്ഞു തരുമായിരുന്നൂ. ഒരു പക്ഷേ, അച്ഛൻ മരണം മുന്നിൽ കണ്ടിരുന്നിരിക്കാം. പല ആവർത്തി അച്ഛൻ എന്നോട് പറഞ്ഞിട്ടുണ്ട്

“എൻ്റെ ഉണ്ണീ, എൻ്റെ സുലു ഒരു പാവമാണ്. ഞാൻ ഇല്ലെങ്കിൽ അവൾ തകർന്നു പോകും. നിനക്കും അവൾക്കും ജീവിക്കാനുള്ള പണം ഞാൻ കരുതിയിട്ടുണ്ട്. പിന്നെ ഇൻഷുറൻസ് തുക ഉള്ളത് നീ അമ്മയുടെ പേരിൽ ഫിക്സഡ് ഇടണം. ഫ്ലാറ്റ് ലോൺ തീർന്നൂ. നീ അമ്മയ്‌ക്കൊപ്പം ആ ഫ്ലാറ്റിൽ ഉണ്ടാകണം. അവളെ നീ മാറ്റി എടുക്കണം. അവൾ ജോലിക്കു പോകണം. നീ വേണം അവളെ നോക്കുവാൻ. എനിക്ക് വേണ്ടി അവൾക്കു വേണ്ടത് ഒക്കെ നീ ചെയ്യണം. അവളെ വിഷമിപ്പിക്കുവാൻ ആരെയും അനുവദിക്കരുത്. അത് ഈ അച്ഛൻ സഹിക്കില്ല. അമ്മയെ നിന്നെ ഞാൻ ഏൽപ്പിക്കുന്നൂ. നിനക്ക് പ്രായത്തിൽ കവിഞ്ഞ പക്വത ഉണ്ട്.”

“ഇപ്പോൾ ഞാൻ പറയുന്നൂ. ഞാനും അമ്മയും തിരിച്ചു ചെന്നൈയിലേക്ക് പോകുന്നൂ. അച്ഛച്ചനും അച്ഛമ്മയ്ക്കും ഞങ്ങളുടെ കൂടെ വരാം. എൻ്റെ അമ്മ അച്ഛൻ്റെ കമ്പനിയിൽ ജോലി ചെയ്യും. അവരെ ഈ വീട്ടിൽ ഒരു മൂലയ്ക്കിരുത്താ മെന്നു ആരും കരുതേണ്ട.” എല്ലാവരും അവനെ നോക്കുന്നുണ്ടായിരുന്നൂ. “അമ്മെ, എഴുന്നേറ്റേ, വേഗം എല്ലാം പാക്ക് ചെയ്‌തോ. നാളെ തന്നെ നമ്മൾ തിരിച്ചു പോകുന്നൂ. ചടങ്ങുകൾ കഴിഞ്ഞില്ലേ. ഇനി എൻ്റെ അമ്മ ഇവിടെ നിൽക്കേണ്ട. എൻ്റെ അമ്മയ്ക്ക് ഞാൻ ഉണ്ട്.” പെട്ടെന്ന് അവൻ എൻ്റെ നേരെ കൈ നീട്ടി. അപ്പോൾ എനിക്ക് ചുറ്റും അദ്ദേഹത്തിൻ്റെ സാമിപ്യം ഞാൻ അറിയുന്നു ണ്ടായിരുന്നൂ. ഇനി ഞാൻ തനിച്ചല്ല. ഈ കുഞ്ഞു കൈകൾക്കു ഇത്രയും കരുത്തു വച്ചതു ഞാൻ അറിഞ്ഞില്ല.

Related Posts

Leave a Reply

Your email address will not be published. Required fields are marked *