നിങ്ങളെ രണ്ടാളേയും അല്ലാതെ പിന്നെയാരെയാ കണ്ണാ അമ്മക്കിഷ്ട്ടം പറയെടാ.. രേഷ്മ സ്വല്പം സീരിയസ് ആയി…….

സ്‌നേഹവീട്..

Story written by Aswathy Joy Arakkal

“അമ്മേ.. അമ്മക്ക് ഈ ലോകത്തു ഏറ്റവും ഇഷ്ടം ആരെയാ.. “

ഓഫീസിൽ നിന്നു വന്നു ധൃതി പിടിച്ചു വീട്ടുപണികളും തീർത്തു രാത്രി അപ്‌ലോഡ് ചെയ്യാനുള്ള ടിക്ടോക് വീഡിയോ തിരക്കിട്ടു ഷൂട്ട്‌ ചെയ്യുന്നതുനിടയിൽ ഉള്ള കണ്ണന്റെ ചോദ്യം രേഷ്മ മൈൻഡ് ചെയ്യാതെ അവഗണിച്ചു.

“പറയമ്മേ, അമ്മക്കാരെയാ ഏറ്റവും ഇഷ്ടം..” ശ്രദ്ധിക്കാതിരുന്ന അമ്മയെ പിടിച്ചു കുലുക്കി കൊണ്ടായിരുന്നു കണ്ണൻ വീണ്ടും ചോദിച്ചത്.

“ഒന്ന് പോ കണ്ണാ ശല്യം ചെയ്യാതെ. പോയി രണ്ടക്ഷരം പഠിക്കു. അമ്മ ഇവിടെ ഒരു ജോലി ചെയ്യുന്നത് കണ്ടില്ലേ.. ” നാലാം ക്ലാസ്സുകാരനായ കണ്ണനോടുള്ള രേഷ്മയുടെ പ്രതികരണം കുറച്ചു പരുഷ മായിരുന്നു.

കണ്ണന്റെ മുഖഭാവവും, നിറഞ്ഞ കണ്ണുകളും കണ്ടപ്പോൾ തന്റെ പെരുമാറ്റവനെ വല്ലാതെ വിഷമിപ്പിച്ചെന്നു അവൾക്കു തോന്നി. പതുക്കെ മൊബൈൽ മാറ്റിവെച്ചു അവൾ കണ്ണന് അരികിലെത്തി.

“അമ്മക്ക് ഏറ്റവും ഇഷ്ടം അമ്മേടെ മോനെ അല്ലേടാ, അതിപ്പോ എന്താ ഇത്ര ചോദിക്കാൻ മാത്രം…” അവനെ ചേർത്തു പിടിച്ചു കൊണ്ടവൾ ചോദിച്ചു.

“അല്ല. അമ്മക്ക് ഏറ്റവും ഇഷ്ടം എന്നെയല്ല. എനിക്കു നന്നായറിയാം…” പിണക്കം മാറാതെ ആയിരുന്നു അവന്റെ മറുപടി.

“പിന്നെയാരെയാ…അച്ഛനെയോ…. “രേഷ്മ പൊട്ടിച്ചിരിച്ചു കൊണ്ട് ചോദിച്ചു.

“അച്ഛനെയും അല്ല. എനിക്ക് നന്നായിട്ടറിയാം ആരെയാണെന്നു…”

കണ്ണന്റെ ആ മറുപടി കേട്ടപ്പോഴാണ് വാട്സപ്പിലായിരുന്ന സുധി പെട്ടന്ന് തന്റെ ചെവി അവരിലേക്ക്‌ കൂർപ്പിച്ചത്.

“നിങ്ങളെ രണ്ടാളേയും അല്ലാതെ പിന്നെയാരെയാ കണ്ണാ അമ്മക്കിഷ്ട്ടം പറയെടാ.. ” രേഷ്മ സ്വല്പം സീരിയസ് ആയി.

“ഞാൻ പറയട്ടെ… “

“മം.. പറയ്.. ” രേഷ്മ ഗൗരവത്തോടെ പറഞ്ഞു.

“അമ്മക്ക് അമ്മയുടെ മൊബൈൽ അല്ലേ ഏറ്റവും ഇഷ്ടം “എന്നു പറഞ്ഞു, അവളുടെ കൈയിലിരുന്ന മൊബൈലും തട്ടിയെടുത്തു കണ്ണനോടി.

അവന്റെയാ മറുപടി കേട്ടതും… പെട്ടന്ന് സുധിയുടെ കൈയിലിരുന്ന മൊബൈലും അറിയാതെ താഴെവീണു.

കണ്ണന്റെ പ്രതികരണം പെട്ടന്ന് രേഷ്മയിൽ ഒരു ഞെട്ടൽ ഉളവാക്കി..എന്റെ മോൻ കണ്ണൻ… അവൻ..

ആലോചിക്കുംതോറും അവൻ പറഞ്ഞതു സത്യമാണെന്നു അവൾക്കു തോന്നി തുടങ്ങി.. മൊബൈൽ ഉപയോഗം തനിക്കൊരു അഡിക്ഷൻ തന്നെയാണ്. മൊബൈൽ കൈയിൽ വന്നതിൽ പിന്നെ മൊബൈലു തന്നെയായി തന്റെ ലോകം.

വാട്സപ്പും, ഫേസ്ബുക്കുമായി പഴയ ബന്ധങ്ങളും, സൗഹ്രദങ്ങളും പുതുക്കുന്നതിന് ഇടയിൽ സുധിയേട്ടനേയും, കണ്ണനെയും താൻ മറന്നു. ടിക്ക്ടോക്കിൽ അപരിചിതരുടെ ലൈക്കുകൾ വാരികൂട്ടുന്നതിനിടയിൽ വേണ്ടപ്പെട്ടവരെയൊക്കെ… എന്തിനു സ്വന്തം അച്ഛനെയും അമ്മയെയും പോയി കാണാൻ പോലും സമയമില്ലാതായി.

ഓഫീസിൽ നിന്നു വന്നാൽ പിന്നെ മൊബൈലാണ് തന്റെ ലോകം, ആദ്യമൊക്കെ കണ്ണനെ പഠിപ്പിച്ചിരുന്നത് താനാണ്.. മൊബൈൽ അഡിക്ഷൻ വന്നതിൽ പിന്നെ അവനെ ട്യൂഷനു അയച്ചു.. സത്യത്തിൽ അവനെ ഒഴിവാക്കുക ആയിരുന്നില്ലേ താൻ. കണ്ണന്റെ ഒപ്പം ഇരിക്കാനോ,കണ്ണന്റെ വിശേഷങ്ങൾ കേൾക്കാനോ സമയമില്ലാത്ത തനിക്ക് മണിക്കൂറുകൾ പഴയ കൂട്ടുകാരുമായി ചാറ്റ് ചെയ്തിരിക്കാൻ നേരമുണ്ട്. അവനെന്തെങ്കിലും പറഞ്ഞു വന്നാൽ തന്നെ അവനെ ഒഴിവാക്കാനായി കാർട്ടൂൺ വെച്ചു കൊടുക്കുകയോ, കമ്പ്യൂട്ടർ ഗെയിം ഓൺ ചെയ്തു കൊടുക്കുകയോ ചെയ്യും.

സുധിയേട്ടനോട് ഒന്ന് മനസ്സു തുറന്നു സംസാരിച്ചിട്ടെത്ര നാളായി. ഏട്ടന്റെ നെഞ്ചിലൊന്നു ചേർന്നിരുന്ന കാലം മറന്നു.. കിടന്നാലും രണ്ടും പേരും രണ്ടറ്റത്തും കിടന്നു മൊബൈലിലാണ്. ഒരുമിച്ചിരുന്നു ഭക്ഷണം കഴിച്ച കാലം പോലും മറന്നിരിക്കുന്നു. മുൻപൊക്കെ ഭക്ഷണം ഉണ്ടാക്കലും, കഴിക്കലും, കഴിപ്പിക്കലും, കണ്ണന്റെ കളിചിരികളുമായ് ഒരു സ്വർഗ്ഗമായിരുന്ന വീട് എപ്പോഴൊക്കെയോ ആയി മൊബൈൽ ഫോൺ തട്ടി എടുത്തു.. അവധി ദിവസങ്ങളിലെ ഔട്ടിങ്ങും, ബന്ധുവീട് സന്ദർശനങ്ങളുമൊക്കെ ഇപ്പൊ ഓൺലൈൻ സംഭാഷണങ്ങൾക്കു വഴിമാറിയിരിക്കുന്നു. സ്നേഹം പോലും പ്രകടമാക്കാതെ യാന്ത്രിക മായിരിക്കുന്നു…

“പ്രകടമാകാത്ത സ്നേഹം നിരർത്ഥകമാണ് പിശുക്കന്റെ ക്ലാവ് പിടിച്ച നാണ്യശേഖരം പോലെ ഉപയോഗശൂന്യവും” മുൻപേങ്ങോ വായിച്ച മാധവിക്കുട്ടിയുടെ വരികൾ ഹൃദയത്തെ നൊമ്പരപ്പെടുത്തി കൊണ്ടിരുന്നു.

പിന്നെ കണ്ണൻ പറഞ്ഞതിലെന്താണ് തെറ്റ്. തനിക്കേറ്റവും ഇഷ്ടം മൊബൈലിനെ തന്നെയല്ലേ.. കണ്ണന്റെ വാക്കുകൾ വരുത്തിയ തിരിച്ചറിവുകൾ അവളെ ഭ്രാന്തു പിടിപ്പിച്ചു കൊണ്ടിരുന്നു.

മുഖം പൊത്തി ആർത്തു കരഞ്ഞകൊണ്ടിരുന്നവളുടെ ചുമലിൽ ഒരു കരസ്പർശം വന്നു പതിച്ചപ്പോഴാണ് അവൾ മുഖമുയർത്തിയത്.

നോക്കുമ്പോൾ സുധിയേട്ടനാണ്.

തനിക്കു വന്ന തിരിച്ചറിവുകളുടെ അതെ പാതയിലാണ് സുധിയേട്ടനും എന്നു ആ മുഖത്ത് വ്യക്തമായിരുന്നു..

“ചിന്നു..” അയാൾ ആർദ്രമായി അവളെ വിളിച്ചു..

“എത്ര നാളായി സുധിയേട്ടാ എന്നെ അങ്ങനെ വിളിച്ചിട്ടു…. ” വാക്കുകൾ മുഴുവനാക്കാതെ വിങ്ങി കരഞ്ഞു കൊണ്ടവൾ സുധിയുടെ തോളിലേക്ക് ചാഞ്ഞു….

നിറഞ്ഞ മിഴികളും, മനസുമായി അവളുടെ നെറുകയിൽ ചുംവിഎൽ ബിക്കുമ്പോൾ അവർ തിരിച്ചറിയുകയായിരുന്നു ഒരു ചാറ്റിനും, ലൈക്കിനും തരാനാകില്ല ഈ നിറഞ്ഞ സന്തോഷമെന്നു.

“അയ്യേ.. അച്ഛനമ്മയെ ഉമ്മ വച്ചേ “എന്നു പറഞ്ഞു കണ്ണൻ അവരുടെ ഇടയിലേക്ക് വന്നു കയറുമ്പോൾ സ്നേഹത്തിൽ പൊതിഞ്ഞ സ്വർഗ്ഗതുല്യമായ ഒരു കുടുംബം, അവരുടേത് മാത്രമായൊരു കുഞ്ഞു കൂട് ..ഒരു സ്വപ്നകൂട് സൃഷ്ടിക്കപ്പെടുക യായിരുന്നു അവിടെ..

***************

(ആധുനിക യുഗത്തിൽ മൊബൈൽ ഫോണും, ലാപ്‌ടോപ്പുമൊന്നും ഒഴിവാക്കി ജീവിക്കുക എന്നത് എളുപ്പമല്ല പക്ഷെ അധികമായാൽ അമൃതും വിഷം എന്നപോലെ ഇതും അധികമായാൽ… വിഷം തന്നെയാണ്… )

Related Posts

Leave a Reply

Your email address will not be published. Required fields are marked *