നിങ്ങൾ എന്തിനാ ഇവിടെ വന്ന് നിൽക്കുന്നത്, എന്നെ നാണം കെടുത്താൻ ആണോ? ആനിയുടെ നേർക്ക് പൊട്ടിത്തെറിച്ചു കൊണ്ടവൻ വീടിനുള്ളിലേക്ക് കയറി പോയി……

സ്നേഹ ഗാഥാ

എഴുത്ത്:ലൈന മാർട്ടിൻ

“പപ്പാ എനിക്ക് ഇഷ്ടം അല്ല പപ്പാ ഈ അമ്മയെ.. എനിക്ക് അവരെ അമ്മ എന്ന് വിളിക്കാൻ തോന്നുന്നില്ല, എനിക്ക് എന്റെ മമ്മിയെ മതി, പന്ത്രണ്ട് വയസുകാരൻ ദയാൻ കരഞ്ഞു കൊണ്ട് അവന്റെ പപ്പാ ഡേവിസിന്റെ കൈകളിൽ മുറുക്കെ പിടിച്ചു,

“നിന്നെയും എന്നെയും ഉപേക്ഷിച്ചു പോയവളാ നിന്റെ അമ്മ, ഇനി ഒരിക്കലും അവള് വരില്ല, ആനി ആണ് ഇനിമുതൽ നിന്റെ അമ്മ, നീ വെറുതെ വാശി പിടിക്കണ്ട,”

അൽപ്പം ഉച്ചത്തിൽ തന്നെ അവനോട് മറുപടി പറഞ്ഞു കൊണ്ട് അയാൾ മകന്റെ കൈകൾ പിടിച്ച് മാറ്റി കൊണ്ട് എഴുന്നേറ്റു, അപ്പോഴാണ് അയാൾ ഹാളിൽ നിൽക്കുന്ന ആനിയെ കാണുന്നത്, ദയാൻ പറഞ്ഞത് ആനി കേട്ടുകാണുമോ?

അയാളുടെ ചിന്ത മനസിലാക്കിയെന്ന പോലെ ആനി ചിരിച്ചു കൊണ്ട് അയാളുടെ കൈകളിൽ പിടിച്ചു,

“കുട്ടിയല്ലേ , അവന് എന്തറിയാം, സാരമില്ല, നിങ്ങൾ പോയേച്ചും വാ,”

“നിനക്ക് വിഷമം ആയോ?

“എനിക്കെന്തു വിഷമം അവന്റെ കുഞ്ഞ് മനസല്ലേ?”

ആനി പറയുന്നത് കേട്ട് ആശ്വാസത്തോടെ അവളെ ഒന്ന് നോക്കിയിട്ട് ഡേവിസ് പുറത്തേക്ക് പോയി, അയാളുടെ വണ്ടി ഗേറ്റ് കടന്നു പോകുന്നത് ആനി നോക്കി നിന്നു,

ദയാന്റെ മുറിയിലേക്ക് ചെല്ലുമ്പോൾ അവൻ എന്തോ ആലോചിച്ചിട്ടെന്ന പോലെ ഫാനും നോക്കി കിടപ്പുണ്ടായിരുന്നു,

ആനിയെ കണ്ടതും അവൻ ബെഡിൽ കമിഴ്ന്നു കിടന്നു,

“നിനക്ക് എന്താ എന്നെ ഇഷ്ടം അല്ലാത്തെ? നിന്നെ പ്രസവിച്ചിട്ടില്ല എന്നേയുള്ളു.. നീയെന്റെ മകന്റെ സ്ഥാനത്ത് ആണ്.”,

“പ്രസവിക്കാതെ എങ്ങനെ നിങ്ങൾ എന്റെ അമ്മയാകും?

അവന്റെ ആ ചോദ്യത്തിനുള്ള ഉത്തരം എങ്ങനെ അവന്റെ മുൻപിൽ പറഞ്ഞു ബോധ്യപ്പെടുത്തും എന്നറിയാതെ ആനി പതറി നിന്നു, പിന്നെ പതിയെ ആ മുറിയിൽ നിന്നു പിന്തിരിഞ്ഞു, ദയാന്റെ അമ്മ അവർക്കിഷ്ടമുള്ള ആളോടൊപ്പം ജീവിക്കാൻ ഭർത്താവിനെയും, മകനെയും,ഉപേക്ഷിച്ചു പോയതിന്റെ പിറകെ ആണ്‌ ആനിക്ക്‌ ഡേവിസിന്റെ ആലോചന വരുന്നത്,

തന്നെക്കാൾ പ്രായ വ്യത്യാസം ഉണ്ടായിട്ടും രണ്ടാം വിവാഹമായിട്ടും, പന്ത്രണ്ട് വയസുള്ള കുട്ടിയുടെ അച്ഛൻ ആണെന്ന് അറിഞ്ഞിട്ടും ധനികൻ ആണെന്നുള്ള ഒറ്റ കാരണം പറഞ്ഞു അമ്മച്ചി നിർബന്ധം പിടിച്ച് ഈ വിവാഹം നടത്തിയത് തന്റെ ഇളയവരുടെ ഭാവി കൂടി തനിക്ക് കരകയറ്റാനാകും എന്ന പ്രതീക്ഷയിൽ ആകണം, ഒട്ടും ഇഷ്ടം ഇല്ലാതിരുന്നിട്ടും താനും ഈ വിവാഹത്തിന് സമ്മതിച്ചത് തനിക്ക് ഇളയവരായ അന്നയുടെയും, ഗ്രേസിയുടെ പഠിത്തവും ജീവിതവും ഓർത്തു കൊണ്ടുതന്നെയാണ് , തനിക്ക് ഏതു സാഹചര്യവുമായി പൊരുത്തപ്പെട്ടു പോകാനുള്ള ധൈര്യം ഉണ്ടെന്ന് ആനി ഓർത്തു.. എന്നാൽ ഇവിടെ…

മറ്റൊരു ആളിനൊപ്പം ഇറങ്ങി പോയിട്ട് കൂടി തന്റെ അമ്മയെ ഇത്രമേൽ സ്നേഹിക്കുന്ന അവരുടെ സ്ഥാനത്തു തന്നെ ഒരിക്കലും കാണാൻ സാധിക്കാത്ത ദയാനെ എങ്ങനെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കി തന്നോട് അടുപ്പിക്കു മെന്നറിയാതെ അവൾ കുഴഞ്ഞു…

“നിന്റെ പപ്പാ രണ്ടാമത് കല്യാണം കഴിച്ചല്ലേ, എന്റെ അമ്മയും അച്ഛനും പറഞ്ഞല്ലോ “, കൂട്ടുകാരൻ കിരൺന്റെ ചോദ്യത്തിനു ഉത്തരം പറയാതെ ദയാൻ മുഖം താഴ്ത്തി,

“ഇനി നിന്റെ അച്ഛന് വേറെ കുട്ടികൾ വരും അപ്പോ നിന്നെ വേണ്ടതാകും നിന്റെ കാര്യമാ കഷ്ടത്തിലാകാൻ പോണെന്നു അമ്മ പറഞ്ഞ്,” ദയാൻ ഒന്നും മിണ്ടാതെ ക്ലാസ്സിലേക്ക് നടന്നു,

“നിന്റെ അച്ഛന് വേറെ കുട്ടികൾ വരും അപ്പോ നിന്നെ വേണ്ടതാകും” കിരൺ പറഞ്ഞ വാക്കുകൾ അപ്പോഴും അവന്റെ കാതുകളിൽ മുഴങ്ങി കേട്ടു കൊണ്ടിരുന്നു, വൈകുന്നേരം സ്കൂൾ ബസിൽ നിന്നിറങ്ങിയ ദയാനെ കാത്ത് ആനി ഗേറ്റ് ന് അടുത്തുണ്ടായിരുന്നു..

“ദേണ്ടെടാ നിന്റെ പുതിയ അമ്മ”!.കൂട്ടുകാർക്കൊപ്പം ബസിലെ ആയയും ഡ്രൈവറും കളിയാക്കി ചിരിക്കുന്നത് കണ്ടു അവന്റെ മുഖം അപമാനം കൊണ്ട് ചുവന്നു,

“നിങ്ങൾ എന്തിനാ ഇവിടെ വന്ന് നിൽക്കുന്നത്, എന്നെ നാണം കെടുത്താൻ ആണോ?” ആനിയുടെ നേർക്ക് പൊട്ടിത്തെറിച്ചു കൊണ്ടവൻ വീടിനുള്ളിലേക്ക് കയറി പോയി.. പിന്നിടുള്ള ദിവസങ്ങളിൽ ദയാന്റെ ഇഷ്ട ഭക്ഷണമൊരുക്കിയും, അവന്റെ കാര്യങ്ങളെല്ലാം മുടക്കമില്ലാതെ ചെയ്തും അമ്മയെന്ന തന്റെ റോൾ ആനി എത്ര ഭംഗിയായി ചെയ്തിട്ടും ദയാന്ആ നിയോടുള്ള സമീപനത്തിൽ യാതൊരു വിധ മാറ്റവും ഉണ്ടായില്ല,

നാളുകൾ കഴിഞ്ഞു പോയി.. ഇതിനിടയിൽ ഡേവിസ് പലയിടങ്ങളിലായി മോശമായ സാഹചര്യങ്ങളിൽ തന്റെ ആദ്യ ഭാര്യ ക്ലാരയെ കാണാനിടയായി അവരോടുള്ള വെറുപ്പ് പതിയെ ദയാനോടുള്ള ദേഷ്യമായി മാറി.. ചെറിയ തെറ്റുകൾക്ക് പോലും അവനോട് അയാൾ ഒച്ച വച്ചു, വല്ലപ്പോഴും മ ദ്യപിക്കുമായിരുന്ന അയാൾ സ്ഥിരമായി മ ദ്യപിക്കാൻ തുടങ്ങി.. ആ സമയം പതിയെ അയാളൊരു മൃഗത്തെ പോലെ വിവേക ബുദ്ധി ഒട്ടുമില്ലാതെ മകനെ ഒരു ശത്രുവിനെയെന്നോണം ഉപദ്രവിക്കാൻ തുടങ്ങി, മകന്റെ വേദന കാണുമ്പോൾ അപമാനത്തിന്റെ പടുകുഴിയിൽ തന്നെ തള്ളിയിട്ട അവന്റെ അമ്മ ക്ലാര വേദനിച്ചു കരയുന്നതായി അയാൾ സങ്കൽപ്പിച്ചു,

ഡേവിസിന്റെ മാറ്റം തിരിച്ചറിഞ്ഞ ആനി പലപ്പോഴും കുടിച്ചിട്ട് വരുന്ന അയാളുടെ അടുത്ത് നിന്നും ദയാനെ മാറ്റി നിർത്താൻ ശ്രമിച്ചു, പക്ഷെ ആനിയോടുള്ള വിരോധം മൂലം ദയാന് തോന്നിയത് തന്നെ പപ്പയിൽ നിന്ന് പിരിക്കാൻ ആനി ശ്രമിക്കുന്നതിന്റെ ഫലമായാണ് പപ്പാ തന്നെ ഉപദ്രവിക്കുന്നത് എന്നായിരുന്നു…

രണ്ട് വർഷം കടന്ന് പോയി, നാൾക്ക് നാൾ ഡേവിസിന്റെ സ്വഭാവം മോശമായി കൊണ്ടിരുന്നു, അക്രമണ സ്വഭാവം കൂടി വന്നു, ദയാനെയും അവനെ ഉപദ്രവിക്കുന്നത് തടയാൻ ശ്രമിക്കുന്ന ആനിയെയും അയാൾ മൃഗീയമായി ഉപദ്രവിച്ചു, ഡേവിസ് വളരെയധികം മ ദ്യപിച്ചു വന്ന അതുപോലൊരു ദിവസം ആണ് ആനിയുടെയും, ദയാന്റെയും ജീവിതം മാറ്റി മറിച്ച സംഭവം ഉണ്ടാകുന്നത്!

അന്ന് രാത്രി വൈകിയാണ് ഡേവിസ് വീട്ടിൽ എത്തിയത്, വന്നപാടെ അയാൾ ഹാളിൽ ഇരുന്നു വീണ്ടും മ ദ്യപിക്കാൻ തുടങ്ങി, ല ഹരി തലക്ക് പിടിച്ചിട്ടാകണം ആനി എത്രയൊക്കെ തടുക്കാൻ ശ്രമിച്ചിട്ടും ഉറങ്ങിക്കിടന്ന മകനെ വിളിച്ചു ഉണർത്തി അയാൾ അവനെയും അവന്റെ അമ്മ ക്ലാരയെയും തെ റി പറഞ്ഞു കൊണ്ടേയിരുന്നു,

“പപ്പയെ വെറുതെ അല്ല എന്റെ മമ്മി ഇട്ടേച്ചു പോയതെന്ന് എനിക്കിപ്പോ അറിയാം ഇത്രയും മോശം ഒരാള് ആണെന്ന് അറിഞ്ഞത് കൊണ്ടാകും എന്റെ മമ്മി ഇട്ടേച്ചു പോയത്,”

എത്ര ചീ ത്ത ആണെന്ന് മറ്റുള്ളവർ പറഞ്ഞാലും ക്ലാര തനിക്ക് ജന്മം നൽകിയ അമ്മ ആണെന്നുള്ള ചിന്തയും, ഉറക്കത്തിൽ നിന്നും വിളിച്ചുണർത്തി അനാവശ്യമായി തന്നെ തെ റി പറയുന്ന പപ്പയോടുള്ള അമർഷവും അന്ന് ആദ്യമായി അവനെ ഡേവിസിന് എതിരെ സംസാരിക്കാൻ പ്രേരിപ്പിച്ചു,

പക്ഷെ മകൻ തനിക്കെതിരെ സംസാരിച്ചത് ഡേവിസിനെ ഭ്രാന്ത് പിടിപ്പിച്ചു, കസേരയിൽ നിന്ന് ചാടിയെഴുന്നേറ്റ് കൊണ്ട്അ യാൾ അവനെ കഴുത്തിനു കു ത്തിപിടിച്ചു ചുവരോട് ചേർത്ത് നിർത്തി, കൈയിൽ ആദ്യം തടഞ്ഞ ബോട്ടിൽ മേശമേൽ അടിച്ചു ആ ചില്ല് തന്റെ മകന്റെ ശരീരത്തിലേക്കു താഴ്ത്തുമ്പോൾ അയാൾ തികഞ്ഞ ഉന്മാദവസ്ഥയിൽ ആയിരുന്നു.. ചില്ലിനിടയിലൂടെ തന്റെ കൈകളിലേക്ക് ഇറ്റ് വീഴുന്നത് ക്ലാരയുടെ രക്തമാണ് എന്നയാൾക്ക് തോന്നി,,

തനിക്ക് മുൻപിൽ സംഭവിക്കുന്നത് വിശ്വസിക്കാനാകാതെ ആനി പകച്ചു നിന്നു, പരിസരബോധം വീണ്ടെടുത്തവൾ ഡേവിസിനെ തള്ളി മാറ്റി നോക്കുമ്പോൾ ചുറ്റും ഒഴുകിപരക്കുന്ന രക്തത്തിന് നടുവിലായി ദയാൻ തറയിൽ വീണു കിടപ്പുണ്ടായിരുന്നു.,

“മോനെ.. കണ്ണ് തുറക്ക്,

മോനെ.. ” ആനിയുടെ വിളികൾക്കൊന്നും ദയാനെ ഉണർത്താൻ ആയില്ല.. എങ്കിലുമവനിൽ നേർത്ത സ്പന്ദനം അവളറിഞ്ഞു,

തന്റെ മുൻപിൽ ര ക്‌തത്തിൽ കുളിച്ചു കിടക്കുന്ന മകനെ ഡേവിസ് ഒന്നു രണ്ട് നിമിഷം പകച്ചിട്ടെന്ന പോലെ നോക്കി നിന്നു, പിന്നെ പെട്ടെന്ന് തന്റെ മുറിയിലേക്കോടി വാതിൽ അകത്ത് നിന്ന് പൂട്ടി, ദയാനെ ഹോസ്പിറ്റലിൽ കൊണ്ട് പോകാനായി ആനി ഡേവിസിന്റെ വാതിലിൽ ആഞ്ഞു തട്ടി, എത്ര വിളിച്ചിട്ടും അയാൾ വാതിൽ തുറന്നില്ല, തനിക്ക് മുൻപിൽ ഉള്ള ഓരോ നിമിഷത്തിന്റെയും വില ദയാന്റെ ജീവന്റെ വിലയാണെന്നു തിരിച്ചറിഞ്ഞ ആനി പിന്തിരിഞ്ഞു ഹാളിലേക്കോടി,

ഫോണിൽ ആംബുലൻസ് വിളിച്ചിട്ടും ലൈൻ കിട്ടാതെ വന്നപ്പോൾ അവൾ ദയാനെ തറയിൽ നിന്ന് ഉയർത്താൻ ശ്രമിച്ചു, എന്നാൽ തനിക്കൊപ്പം തന്നെ പൊക്കമുള്ള ദയാനെ വലിച്ചു പൊക്കാൻ കഴിയാതെ തറയിലൂടെ കാലിഴയുന്ന അവന്റെ ദേഹവും ചേർത്ത് പിടിച്ച് കൊണ്ടവൾ റോഡിൽ എത്തി, വരുന്ന വണ്ടികൾക്കൊക്കെ കൈ കാണിച്ചു, വണ്ടികൾ ഒക്കെയും നിർത്താതെ പോയി മനസലിവുള്ള ഒരു ടാക്സിക്കാരൻ വണ്ടി നിർത്തും വരെ അവളാ ശ്രമം തുടർന്നു,

ഹോസ്പിറ്റലിൽ എത്തുമ്പോൾ ശ്വാസത്തിന്റെ നേർത്ത മിടിപ്പായി ദയാന്റെ ശരീരം മാറിയിരുന്നു.. അവന്റെ ജീവന് വേണ്ടി പ്രാർത്ഥിച്ചു കൊണ്ട്ഐ സി യു വിന് മുൻപിൽ ഉള്ള ആനിയുടെ കാത്തിരിപ്പ് മണിക്കൂറുകളുടെയും, ദിവസങ്ങളുടെയും ദൈർഘ്യമായി നീണ്ടു.

ഇതിനിടയിൽ മകനെ കു ത്തികൊലപ്പെടുത്താൻ ശ്രമിച്ച ഡേവിസിനെ അറസ്റ്റ് ചെയ്യാൻ ചെന്ന പോലീസ് കണ്ടത് ഫാനിൽ തൂങ്ങി നിന്ന അയാളുടെ ജീവനറ്റ ശരീരമായിരുന്നു, ഭർത്താവിന്റെ ശവമടക്കിനു പോലും പോകാതെ തന്നെ ഒരിക്കലും അമ്മയെന്നു വിളിച്ചിട്ടില്ലാത്ത തന്നെ ഒരിക്കലും സ്നേഹിച്ചിട്ടില്ലാത്ത, താനുമായി ഒരു രnക്ത ബന്ധവുമില്ലാത്ത തന്റെ മകന് വേണ്ടി പ്രാർത്ഥിച്ചു കൊണ്ടവൾ അത്യാഹിത രോഗികൾക്കുള്ള ആ മുറിയുടെ മുൻപിൽ ഇരുന്നു, ദിവസങ്ങൾ കഴിഞ്ഞ് ദയാൻ കണ്ണ് തുറക്കുമ്പോൾ ആനി അടുത്തുണ്ടായിരുന്നു… അവളെ കണ്ടു കണ്ണുകൾ ഇറുക്കെയടച്ചു അവൻ കിടന്നു… അവന്റെ ഇരു കണ്ണിലൂടെയും കണ്ണീർ ഒഴുകി കവിളിലേക്ക് വീഴുന്നുണ്ടായിരുന്നു. ദയാനെ ഡിസ്ചാർജ് ചെയ്ത് വീട്ടിൽ കൊണ്ട് വന്നു, അവന് വേണ്ടതെല്ലാം ഒരു മടുപ്പുമില്ലാതെ ചെയ്തു കൊടുത്തു ആനി അവനെ പരിചരിച്ചു, ഓർമകളുടെ ഞെട്ടലിൽ നിന്നും പൂർണമായും മുക്തനാകാൻ കഴിയാതെ രാത്രികളിൽ അവൻ ഞെട്ടിയുണർന്നു നോക്കുമ്പോഴും ആനി അവന്റെ അടുത്തുണ്ടായിരുന്നു…..

കാളിങ് ബെൽ കേട്ടാണ് ആനി ചെന്നു ഡോർ തുറന്നത്, പുറത്തു നിന്ന ആളെ കണ്ടു ആനി പിറകിലേക്ക് രണ്ട് ചുവടുകൾ വച്ചു, ആൽബത്തിലേ ഫോട്ടോ കണ്ടു പരിചയമുള്ളത് കൊണ്ട് ക്ലാരയെ തിരിച്ചറിയാൻ അവൾക്ക് അധിക സമയം വേണ്ടി വന്നില്ല

“എന്റെ മകൻ എവിടെ “?

“അകത്തുണ്ട്” ക്ലാരയുടെ ചോദ്യത്തിന് പതിഞ്ഞ ഒച്ചയിൽ മറുപടി നൽകി കൊണ്ട് ആനി അകത്തേക്ക് വിരൽ ചൂണ്ടി, പുച്ഛത്തോടെ അവളുടെ നേർക്കു നോക്കി കൊണ്ട് ക്ലാര അകത്തേക്ക് പോയി.. എന്ത് ചെയ്യണം എന്നറിയാതെ ആനി നിന്നു

കുറച്ച് സമയം കഴിഞ്ഞു ക്ലാര മുറിയിൽ നിന്നും പുറത്തേക്ക് വന്നു ആനിയുടെ മുൻപിൽ നിന്നു,

“നീ ആരാണ് എന്നൊന്നും എനിക്ക് അറിയണ്ട, ഇത് എന്റെ മകന് മാത്രം അവകാശപ്പെട്ട വീടാണ്,.അവന്റെ അമ്മയായ എനിക്ക് ആണ്‌ ഇവിടെ സ്ഥാനം ഉള്ളത്, നീ ഇപ്പോൾ ഇവിടെ നിന്നു ഇറങ്ങണം,”

ഒരു നിമിഷം എന്ത് ചെയ്യണം, പറയണം എന്നറിയാതെ നിന്ന ആനി പതിയെ സമനില വീണ്ടെടുത്തു.. അകത്തേക്ക് പോയി ഒരു തുകൽ ബാഗിൽ കുറച്ച് വസ്ത്രങ്ങളുമെടുത്തു പുറത്തേക്ക് വന്നു .. ക്ലാരയുടെ മുൻപിൽ നിന്നു,.

“ഞാൻ ദയാനെ ഒന്നു കണ്ടോട്ടോ”?

“അതിന്റെ ആവശ്യമില്ല, അവൻ അത് ആഗ്രഹിക്കുന്നില്ല “

അവളുടെ നേരെ അറുത്തു മുറിച്ചു പറഞ്ഞു കൊണ്ട് ക്ലാര മുഖം തിരിച്ചു നിന്നു. ആനി വേച്ചു പോകുന്ന ചുവടുകളെ അമർത്തി പിടിച്ചു കൊണ്ട് തിരിഞ്ഞു നടന്നു…

വാതിൽ കടന്നു പുറത്തേക്കു ചുവട് വച്ച ആനിയുടെ കൈകളിൽ പെട്ടെന്നൊരു പിടിത്തം വീണു.. ഒപ്പം” അമ്മേ “ന്നൊരു വിളിയും, തിരിഞ്ഞു നോക്കിയ ആനി കണ്ടതു കണ്ണുകൾ നിറഞ്ഞു തന്റെ നേർക്കു നോക്കി നിന്നു വിങ്ങിപൊട്ടുന്ന ദയാനെ ആണ്‌,

“എന്നെ തനിച്ചു വിട്ട് അമ്മ പോകുവാന്നോ ?”

ആദ്യമായി അവൻ തന്നെ അമ്മേ ന്നു വിളിച്ചിരിക്കുന്നു ആനി മനസ് നിറഞ്ഞ് അവനെ നോക്കി…

“ഞാനാണ് അവളോട് പോകാൻ പറഞ്ഞത്, നിന്റെ അമ്മ ഞാൻ അല്ലേ?

അവരുടെ അടുത്തേക്ക് വന്നു ക്ലാര ദയാന്റെ കൈകൾ പിടിച്ച് മാറ്റാൻ നോക്കി, പെട്ടെന്ന് ശക്തിയായി ക്ലാരയെ തള്ളിമാറ്റികൊണ്ട് ദയാൻ ആനിയെ ചേർത്ത് പിടിച്ചു,

“ജന്മം തന്നത് കൊണ്ട് മാത്രം അമ്മ ആകില്ല,, അതെനിക്ക് മനസിലാക്കി തന്നത് ഈ അമ്മയാണ്.. കഴിഞ്ഞ കുറെ നാളുകളായി ഈ അമ്മയോട് ഞാൻ കാണിച്ച അവഗണന ഓർത്തു ഞാൻ ഓരോ നിമിഷവും ഉള്ളിൽ കരയുക ആയിരുന്നു.. പപ്പയും മമ്മിയും എനിക്ക് എന്താണ് തന്നത്.. സങ്കടവും, അപമാനവും, മരണ ഭീതിയുമല്ലാതെ .. പക്ഷെ എന്റെ ജീവന് വേണ്ടി സ്വന്തം പ്രാണൻ മറന്നു കൂട്ടിരുന്ന ഈ അമ്മ ആണ്‌ ഇന്നെനിക്കു മറ്റ്‌ ആരെക്കാളും വലുത്..”

ആനി തന്റെ കാതുകളെ വിശ്വസിക്കാനാകാതെ ദയാനെ നോക്കി നിന്നു..

“മമ്മിക്ക് എപ്പോ വേണമെങ്കിലും ഇവിടെ വരാം, എന്നെ കാണാം, അത് പക്ഷെ എന്റെ ഈ അമ്മയെ പുറത്താക്കാം എന്നുള്ള ചിന്തയിൽ വേണ്ടാ, “ഞാൻ പറഞ്ഞതെല്ലാം മനസിലായെങ്കിൽ മമ്മിക്ക് ഇപ്പോൾ പോകാം”

മകൻ വാതിലിനു പുറത്തേക്ക് ചൂണ്ടിയ വിരലുകൾ നോക്കി ഒരക്ഷരം മറുപടി പറയാനാകാതെ ക്ലാര പുറത്തേക്ക് നടന്നു…

ഭൂമിയിലെ ഏറ്റവും സന്തോഷവതിയായ ഒരു അമ്മയുടെ കൈകളിൽ പിടിച്ച് കൊണ്ട് ദയാൻ മുറിക്കുള്ളിലേക്കും നടന്നു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *