സൂക്ഷിക്കണം അയാൾ ടിക്കറ്റെടുത്തപ്പോൾ ഞാൻ ശ്രദ്ധിച്ചു. ആദ്യം പോലീസ് സ്റ്റേഷൻ എവിടെയാണെന്നാ കണ്ടക്ടറോട് ചോദിച്ചത്. പിന്നെ അയാൾ പൂരം നടക്കുന്ന സ്ഥലത്തെക്കുറിച്ച്……

എട്ടേമുക്കാലിന്റെ ബസ്സ്

Story written by Suresh Menon

പതിവു പോലെ എട്ടേമുക്കാലിന്റെ ബസ്സ് വന്നു. മറ്റൊരു പതിവു കൂടിയുണ്ട്. മിക്കവാറും കയറുമ്പോൾ വാതിലിന്റെ തൊട്ടു പിറകിലുള്ള രണ്ട് സീറ്റും ഒഴിഞ്ഞു കിടപ്പായിരിക്കും .അന്നും ആ പതിവ് തെറ്റിയില്ല. രണ്ടും ഒഴിഞ്ഞു കിടപ്പായിരുന്നു … ഒന്നിൽ സ്ഥാനമുറപ്പിച്ചു.സ്ഥിരം യാത്രക്കാരനായതിനാൽ പതിവു പോലെയുള്ള പുഞ്ചിരി പാസ്സാക്കി കണ്ടക്ടർ തന്നെ കണ്ടപ്പോൾ …. ചോദിക്കാതെ തന്നെ ടിക്കറ്റ് പറിച്ച് കയ്യിൽ തന്നു . ഷർട്ടിന്റെ പോക്കറ്റിൽ നിന്ന് ടിക്കറ്റ് ചാർജ് എടുത്ത് കണ്ടക്ടർക്ക് നൽകി. അതും മേടിച്ച് മുകളിലത്തെ കമ്പിയിൽ പിടിച്ച് അയാൾ പതിയെ പിറകോട്ട് നീങ്ങി. വെറുതെ ഒന്ന് പിറകോട്ട് നോക്കി. എല്ലാ സീറ്റും ഫുള്ളാണ്. അത്യാവിശ്യം തിരക്കുണ്ട്.

പെട്രോൾ പമ്പ് കഴിഞ്ഞുള്ള വളവിൽ ബസ്സ് തിരിഞ്ഞ് മുന്നോട്ട് നീങ്ങിയപ്പോൾ പെട്ടന്നായിരുന്നു തൊട്ടു പിറകിലെ സീറ്റിൽ നിന്നും ഒരാൾ താനിരിക്കുന്ന സീറ്റിലേക്ക് കയറി തന്റെ അടുത്ത് ഇരിപ്പുറപ്പിച്ചത് ….അയാളുടെ മുഖത്തേക്ക് ഒന്ന് നോക്കി. ഏതാണ്ട് എഴുപത് വയസ്സിനോടടുത്ത് തോന്നിക്കുന്ന ഒരു മനുഷ്യൻ. കയ്യിൽ ഒരു കുടയുണ്ട്. കക്ഷത്തിൽ വക്കാൻ പാകത്തിലുള്ള ഒരു കൊച്ചു ബാഗും . അയാൾ തന്റെ മുഖത്ത് നോക്കി ഒന്നു ചിരിച്ചു.

കുറച്ചുനേരം മൗനം. എന്നാൽ അതിന് ശേഷം അയാൾ തന്നോട് എന്തൊ പറയാൻ ശ്രമിക്കുന്നത് പോലെ . അയാളുടെ മുഖത്തേക്ക് വീണ്ടും നോക്കി.

“അതേയ് …. ഞാനൊരു കാര്യം പറയാം. ശ്രദ്ധിച്ചു കേൾക്കണം … ” തന്റെ നെറ്റി ചുളിഞ്ഞു. അയാൾ ഒന്നു കൂടി തന്നോട് ചേർന്നിരുന്നു

” അപ്പുറത്തെ സൈഡിൽ തലയിലൊരു തൊപ്പിയും പിന്നെ ഒരു താടിയുമായി ഇരിക്കുന്ന ആ ചെറുപ്പക്കാരനെ ശ്രദ്ധിച്ചൊ … അവന്റെ കയ്യി ലൊരു കറുത്ത പെട്ടിയുമുണ്ട്. “

” അതിനെന്താ “

തന്റെ മറുപടി അയാൾക്കതങ്ങ് പിടിക്കാത്ത പോലെ

” സൂക്ഷിക്കണം അയാൾ ടിക്കറ്റെടുത്തപ്പോൾ ഞാൻ ശ്രദ്ധിച്ചു. ആദ്യം പോലീസ് സ്റ്റേഷൻ എവിടെയാണെന്നാ കണ്ടക്ടറോട് ചോദിച്ചത്. പിന്നെ അയാൾ പൂരം നടക്കുന്ന സ്ഥലത്തെക്കുറിച്ച് ചോദിക്കുന്നത് കണ്ടു. എന്തോ വശപ്പിശക് ഉണ്ട് “

തനിക്ക് ആദ്യം ചിരിയാണ് വന്നത്.

” അയാൾക്ക് പൂരം കാണണമെന്ന് തോന്നിക്കാണും നമ്മളെന്തിനാ അതൊക്കെ സംശയിക്കുന്നെ “

തനിക്കെന്തൊ അത് വളരെ നിസ്സാരമായാണ് തോന്നിയത് .

“ഇതിനെ നിസ്സാരമായി കാണരുത് .. ഒരു ചെറിയ ശ്രദ്ധക്കുറവ് മതി ആയിരങ്ങളുടെ ജീവൻ പോകാൻ … ” അയാൾ ഒന്നു നിർത്തി വീണ്ടും തുടർന്നു..

” ഇന്ത്യയിൽ പല സംസ്ഥാനങ്ങളിലും തീ ,വ്രവാ ദ ആ ക്രമണം ഉണ്ടാകുമെന്ന പത്രവാർത്ത വായിച്ചില്ലെ … അതിൽ കേരളമില്ല … സൊ ഡു യു തിങ്ക് കേരള ഈസ് സെയ്ഫ് .നൊ നെവർ …..”

എന്ത് പറയണമെന്നറിയാത്ത അവസ്ഥയിലായി താൻ …. ക്രമേണ അയാളുടെ ശബ്ദം കൂടി ….

“അതേയ് കാര്യത്തിന്റെ വാസ്തവം അറിയാതെ നമ്മളിങ്ങനെ ഒരാളെ ചൂണ്ടിക്കാണിക്കുന്നത് ശരിയല്ല “

താൻ പറഞ്ഞതൊന്നും അയാൾ ചെവി കൊണ്ടില്ല. അയാൾ പറയുന്നത് തന്നെ ആവർത്തിച്ചു കൊണ്ടിരുന്നു.

താൻ ആ താടി വളർത്തിയ ചെറുപ്പക്കാരനെ നോക്കി. അയാൾ ഗൗരവമായി ആരുമായോ ഫോണിൽ സംസാരിക്കയാണ്. പെട്ടെന്നായിരുന്നു എന്തോ കേട്ടെന്നോണം അയാൾ തിരിഞ്ഞ് നോക്കിയത്. തന്റെ മുഖത്തേക്ക് ദൃഷ്ടി പായിച്ചതും അയാൾ പെട്ടെന്ന് നോട്ടം പിൻവലിച്ചു. ഫോൺ കട്ട് ചെയ്ത് പോക്കറ്റിലേക്ക് നിക്ഷേപിച്ചു. അയാൾ തന്നെ ഇടങ്കണ്ണിട്ട് നോക്കുന്നത് താൻ ശ്രദ്ധിച്ചു.

തന്റെ അടുത്തിരിക്കുന്ന ആൾ പറയുന്നതിൽ വല്ല വാസ്തവുമുണ്ടൊ .. എന്ന് വച്ച് ഒരു തെളിവുമില്ലാതെ ഒരാളെ തീ,വ്രവാ,ദി എന്നൊക്കെ പറയുന്നതെങ്ങിനെ …. താനും മനസ്സിൽ കൂട്ടലും കിഴിക്കലും തുടങ്ങി …

തന്റെ ചിന്തകളെയൊക്കെ അട്ടിമറിച്ചു കൊണ്ടായിരുന്നു സമീപത്തിരിക്കുന്ന ആ മനുഷ്യൻ പെട്ടെന്ന് എഴുന്നേറ്റ് ഉറക്കെ വിളിച്ചു പറയാൻ തുടങ്ങിയത്

” ഡ്രൈവർ …. ബസ്സ് ഉടൻ പോലീസ് സ്റ്റേഷനിലേക്ക് വിടു ഇതിനകത്ത് ഒരു തീ,വ്രവാ,ദിയുണ്ട്. പൂര നഗരിയാണ് അവന്റെ ലക്ഷ്യം…”

ആ വലിയ ശബ്ദം കേട്ട ഡ്രൈവർ ബസ്സ് പെട്ടെന്ന് നിർത്തി. ബ്രേക്ക് ചവുട്ടിയ ശക്തിയിൽ യാത്രക്കാർ എല്ലാം മുന്നോട്ടാഞ്ഞു. ആ വാക്കുകൾ മൊത്തം യാത്രക്കാരെ ഒന്ന് വലച്ചു. എല്ലാവരും പരസ്പരം മുഖത്തോട് മുഖം നോക്കി …

” വണ്ടി നിർത്തരുത് .ദാ അവനാണ് അത്. പെട്ടെന്ന് പോലീസ് സ്റ്റേഷനിലേക്ക് വിട് “

അയാൾ കൈ ചൂണ്ടിയ ഇടത്തേക്ക് യാത്രക്കാർ ജിജ്ഞാസയോടെ നോക്കി. തലയിൽ തൊപ്പിയും കുറ്റി താടിയുമായിരിക്കുന്ന ആ യുവാവിനെ ഏവരും തുറിച്ചു നോക്കി …

“ശരിയാണല്ലൊ ഇവനെന്തിനാ പൂരം കാണാൻ പോകുന്നെ . ഇവന് അവിടെയെന്താ കാര്യം … ഇവനെ കണ്ടാലറിയാമല്ലൊ….”

“എന്തായാലും ഒരു തീരുമാനമെടുത്തിട്ട് പോയാ മതി കണ്ടക്ടറെ വണ്ടി പോലീസ് സ്റ്റേഷനിലേക്ക് വിട് “

” അവൻ ഇറങ്ങി ഓടാതെ നോക്കണം “

യാത്രക്കാർ പല രീതിയിൽ പ്രതികരിച്ചു തുടങ്ങി. അപ്രതീക്ഷിതമായി രണ്ടു മൂന്ന് പേർ അവൻ ഇരിക്കുന്നതിന് ചുറ്റും നിന്നു … മിക്ക യാത്രക്കാരും അസ്വസ്ഥരായി .. സമ്മർദ്ദം കൂടി വന്നപ്പോൾ ഡ്രൈവർ ബസ്സ് സ്റ്റേഷനിലേക്ക് വിട്ടു.

വണ്ടി സ്റ്റേഷനിലെത്തി. കണ്ടക്ടറും ഡ്രൈവറും അകത്തേക്ക് ചെന്നു. ഏതാനും നിമിഷങ്ങൾക്കകം രണ്ടു പോലീസുകാർ ബസ്സിനുള്ളിലേക്ക് വന്നു.

” ഇങ്ങോട്ട് ഇറങ്ങി വാടാ ….” ആ ചെറുപ്പക്കാരനെയും കൊണ്ട് പോലീസുകാർ അകത്തേക്ക് പോയി … ആകാംക്ഷയുടെ നിമിഷങ്ങളായിരുന്നു പിന്നീട് . യാത്രക്കാർ എല്ലാവരും വല്ലാത്തൊരു മൗനത്തിലായിരുന്നു …

കണ്ടക്ടർ പുറത്തേക്ക് വന്നു. ബസ്സിനുള്ളിലേക്ക് കയറി.

” അതേയ് നിങ്ങളോട് അങ്ങോട്ട് ചെല്ലാൻ പറഞ്ഞു ” തന്റെ അടുത്തിരുന്ന ആ മനുഷ്യനോട് കണ്ടക്ടർ അത് പറഞ്ഞപ്പോൾ അയാൾ ഒന്ന് പതറി പേടിച്ച പോലെ എന്റെ മുഖത്തേക്കൊന്ന് നോക്കി …

“എന്റെ കൂടെ ഒന്ന് വരാമൊ.. എനിക്ക് ഈ പോലീസ് സ്റ്റേഷൻ എന്ന് പറഞ്ഞാൽ വല്ലാത്ത പേടിയാ….”

മനസ്സില്ലാമനസ്സോടെ താനും കൂടെ ചെന്നു..

അകത്ത് കയറിയപ്പോൾ സ്ഥലം എസ് ഐ കസേരയിൽ ഇരിപ്പുണ്ടായിരുന്നു. ആ യുവാവ് അവിടെ ഒരു വശത്ത് നിൽപ്പുണ്ട് …

“നിങ്ങളാണൊ ഇയാൾ തീ,വ്രവാ,ദിയാണ് എന്ന് പറഞ്ഞത് .പൂരപറമ്പാണ് അവന്റെ ഉന്നം എന്നൊക്കെ പറഞ്ഞ് ബസ്സിൽ ബഹളമുണ്ടാക്കിയത് “

എസ് ഐ ആ മനുഷ്യനോട് ചോദിച്ചു

“അതെ സാർ ….” “നിങ്ങളാരാ ….” എന്ന് എസ് ഐ എന്റെ നേരെ വിരൽ ചൂണ്ടി. “സർ ഞാൻ ഇയാളുടെ തൊട്ടടുത്തായിരുന്നു ഇരുന്നത് ….” ” ഉം….”

എസ് ഐ പതിയെ എഴുന്നേറ്റു .

“ഞാൻ ചോദിച്ചതിന് നിങ്ങൾ മറുപടി പറഞ്ഞില്ല. നിങ്ങളോട് ആരു പറഞ്ഞ് ഈ മനുഷ്യൻ ഒരു തീ ,വ്രവാ ദിയാണെന്ന് ” രൂക്ഷമായി എസ് ഐ ആ മനുഷ്യനെ നോക്കി നിന്നു …

“ഛീ പറയെടൊ….”

“സർ അത് ….അത് ….അവന്റെ രൂപം കണ്ടാലറിഞ്ഞൂടെ … ആ തൊപ്പിയും താടിയും കറുത്ത പെട്ടിയും … അല്ലെങ്കി തന്നെ ഇവനെന്താ പൂര പറമ്പിൽ കാര്യം … അവിടെ അലങ്കോലമാക്കാൻ തന്നെയാണ് ഉദ്ദേശം .. “

“ഛീ നിറുത്തെടൊ … തൊപ്പിയും താടിയും ഉണ്ടെങ്കിൽ ഉടൻ നീയൊക്കെ പിടിച്ച് ആരേയും തീ വ്രവാ ദിയാക്കുമൊ.. എന്ത് തെളിവുണ്ടെ ടൊ തന്റെ കയ്യിൽ .പിന്നെ പൂരം നിന്റെ യൊക്കെ ത ,ന്തയുടെ വകയാണൊ . ഇന്ത്യയുടെ ഏതൊരു പൗരനും അത് കാണാനും ആസ്വദിക്കാനുമുള്ള അവകാശമുണ്ട് …. പ്രായം കുറെയായി പോയി ….ഇല്ലെങ്കിൽ ചവുട്ടിക്കൂട്ടി ഞാൻ ലോക്കപ്പിലിട്ടേനെ …..”

” ഇല്ല സർ ഞാൻ സമ്മതിക്കില്ല … സാർ ആ പെട്ടി തുറന്ന് നോക്ക് … അതിൽ നിറയെ ബോം. ബായിരിക്കും. വിടില്ല ഞാൻ …ഇവന്മാരാ എന്റെ മോളെ ബോം, ബു വച്ച് കൊ iന്നത്. ടാ .. കൊiല്ലും ഞാൻ നിന്നെ..”

അയാൾ ആക്രോശിച്ചു കൊണ്ട് ആ യുവാവിന്റെ നേരെ പാഞ്ഞടുത്തു .പെട്ടെന്ന് തന്നെ രണ്ടു പോലീസുകാർ ആ മനുഷ്യന്റെ മേൽ ചാടി വീണ് ബലം പ്രയോഗിച്ച് കീഴ്പെടുത്തി.

“പിടിച്ച് അകത്തിടടൊ . അയാളെ…” എസ് ഐ ആക്രോശിച്ചു ….

“സർ പ്ലീസ് ……”.

വാതിൽക്കൽ ഭാഗത്ത് നിന്ന് ഒരു ശബ്ദം കേട്ട ഞാൻ തിരിഞ്ഞു നോക്കി. നല്ല രീതിയിൽ വസ്ത്രധാരണം ചെയ്ത ഒരു ചെറുപ്പക്കാരൻ . അയാൾ മുന്നോട്ട് നടന്ന് എസ് ഐ യുടെ മുന്നിലെത്തി.

“സർ പ്ലീസ് അച്ഛനെ ഒന്നും ചെയ്യരുത് ….” എസ് ഐ യുടെ നെറ്റിചുളിഞ്ഞു

“സർ ഇതെന്റെ അച്ഛനാണ് സ്വൽപ്പം മാനസികനില തകർന്ന കൂട്ടത്തിലാ …”

“മാനസിക അസുഖമുണ്ടെങ്കിൽ വീട്ടിൽ പൂട്ടിയിടണം അല്ലാതെ ഞങ്ങൾക്ക് പണിയുണ്ടാക്കി വക്കരുത്. “

വന്നയാൾ ഒന്നും മിണ്ടാതെ നിന്നു .

“നിങ്ങളുടെ പേരെന്താ ….”

“മാധവൻ “

“എന്ത് ചെയ്യുന്നു. “

” സർ ഞാൻ ഒരു ചാർട്ടേർഡ് അക്കൗണ്ടന്റാണ്. “

“എവിടെ വർക്ക് ചെയ്യുന്നു “

” ടൗണിൽ വാരിയർ ആൻഡ് വാരിയർ അസോസിയേറ്റ്സിൽ “

അയാൾ തന്റെ വിസിറ്റിങ്ങ് കാർഡെടുത്ത് നീട്ടി … എസ് ഐ അതെടുത്ത് വായിച്ചു

” ഉം ഇരിക്കു. അച്ഛന് എന്തുപറ്റിയെന്നാ പറഞ്ഞെ “

” സർ അച്ഛൻ ഒരു റിട്ടയർഡ് അദ്ധ്യാപകനാണ് അതും സംസ്ഥാന

ഗവർമ്മെണ്ടിന്റെ അവാർഡ് നേടിയ ഒരാൾ .. “

“ന്നിട്ടാണൊ ഈ കോപ്രായങ്ങൾ കാണിക്കുന്നത് “

” അതല്ല സർ … ഞങ്ങടെ കൂടുംബത്തിൽ നടന്ന ഒരു വലിയ അപകടം ആണ്അ

ച്ഛനെ ഈ നിലയിലെത്തിച്ചത് … “

എ സ് ഐ യുടെ നെറ്റിചുളിഞ്ഞു …

“എനിക്ക് ഒരു ചേച്ചിയുണ്ടായിരുന്നു. മാലിനി . വളരെ ബ്രൈറ്റ് ആയിരുന്നു .ചേച്ചി മദ്രാസ് ഐ ഐ ടി പ്രൊഡക്ട് ആണ് .ബോം ബെയിൽ ഒരു എം എൻ സി യിൽ എൻജീനിയറായിരുന്നു. കല്യാണം ഏതാണ്ട് ഉറച്ച സമയത്ത് നാട്ടിലേക്ക് വരാനിരുന്നതാ . പത്ത് മണിയോടെ എത്തുന്ന ട്രെയിനിൽ ചേച്ചിയെ കൊണ്ടുവരാൻ റയിൽവേ സ്റ്റേഷനിലേക്ക് പോകാൻ പിറ്റെ ദിവസം എട്ടേമുക്കാലിന്റെ ബസ്സിന് പോകാൻ അച്ഛൻ തയ്യാറായി ഇരിക്കയായിരുന്നു. ഹി വാസ് റിയലി എക്സ്ഐ റ്റഡ് …..”

മാധവൻ തന്റെ മുഖത്തെ കണ്ണട ഊരി നനഞ്ഞ കണ്ണുകൾ തുടച്ചു ..

“അന്ന് സന്ധ്യക്കാണ് നാടിനെ നടുക്കിയ ആ ട്രെയിൻ സ്ഫോ,iടനം ലോകം അറിയുന്നത് ….”

മാധവൻ കൂടുതൽ ഒന്നും പറയാനാകാതെ തല കുനിച്ചിരുന്നു …. ഒരു നീണ്ട മൗനം …

” അതിന് ശേഷം അച്ഛൻ ആകെ തകർന്നു . ഒരു ഓർമ്മ തെറ്റെന്ന പോലെ ചേച്ചിയെ കൊണ്ടുവരാൻ റെയിൽവേ സ്റ്റേഷനിലേക്ക് പോകയാണെന്നും പറഞ്ഞ് എട്ടേമുക്കാലിന്റെ ബസ്സിന് ബാഗും കുടയുമായി മിക്കവാറും ദിവസം പുറപ്പെടും. പലപ്പോഴും ഞങ്ങൾ തടഞ്ഞിട്ടുണ്ട്.. ഇങ്ങനെ വേഷം ധരിച്ച ആൾക്കാരെ കാണുമ്പോൾ അച്ചന്റെ സമനില തെറ്റും ….”

എസ് ഐ സീറ്റിൽ നിന്നെഴുന്നേറ്റു … മാധവന്റെ ചുമലിൽ തട്ടി ആശ്വസിപ്പിച്ചു …..

“കാര്യങ്ങൾ എനിക്ക് മനസ്സിലാകും … പക്ഷെ ഒന്നോർക്കണം. ഈയുവാവിനെ എനിക്ക് നേരത്തെ അറിയാം .അത് കൊണ്ട് കാര്യങ്ങൾ ഈസിയായി .. അല്ലായിരുന്നെങ്കിൽ സംശയത്തിന്റെ പുറത്ത് ഇയാൾ അകത്ത് പോയേനെ. പിന്നെ മീഡിയ കൂടി ഇതറിഞ്ഞാൽ ഉണ്ടാകുന്ന പുകില് എന്താണെന്ന് ഞാൻ മാധവന് പറഞ്ഞു തരണ്ടല്ലൊ…. ഒരു നിരപരാധി ഒരു പക്ഷെ വർഷങ്ങളോളം വിചാരണ നേരിടേണ്ടി വന്നേനെ ….”

എല്ലാം കേട്ടുകൊണ്ടിരുന്ന എസ് ഐ തന്റെ മുഖത്തൊന്ന് നോക്കി തിരിച്ചു പോയി കസേരയിൽ ഇരുന്നു …

“ശരി അച്ഛനെയും കൊണ്ടു പൊക്കോളു…”……….

പതിയെ ബസ്സിലേക്ക് കയറി .യാത്രക്കാർ എല്ലാവരും മൗനത്തിലായിരുന്നു … ബസ്സ് പുറപ്പെടുന്നതിന് മുൻപ് തൊപ്പി വെച്ച താടി വെച്ച ആ യാത്രക്കാരൻ തന്റെ അടുത്ത് വന്നിരുന്നു … ബസ്സ് പതിയെ മുന്നോട്ട് നീങ്ങി …..

കുറച്ചു നേരം ഞങ്ങൾ ഒന്നും മിണ്ടിയില്ല : പിന്നെ ” പതിയെ ഞാൻ ചോദിച്ചു

“എന്താ പേര് …” “സൈമൺ …സൈമൺ ജോർജ് … “

ഒരു നിമിഷം എന്റെ നെറ്റി ചുളിഞ്ഞു ….

“ഹ ഹ ഹ ” ആ യുവാവ് എന്റെ സംശയം കണ്ടതും പൊട്ടിച്ചിരിച്ചു …

“വേറെ എന്തൊ പേരാണ് ഉദ്ദേശിച്ചത് അല്ലെ … എനിക്കറിയാം . സത്യത്തിൽ അതാണ് നമ്മുടെ നാടിന്റെ പ്രശ്നം “

അയാൾ പഴ്സ് തുറന്ന് ഒരു വിസിറ്റിങ്ങ് കാർഡെടുത്ത് കയ്യിൽ തന്നു . താനത് വായിച്ചു

” സൈമൺ ജോർജ് …..”

” ബേസിക്കലി ഐ ആം എൻ എൻജിനീയർ . ഇൻഫോപാർക്കിൽ എന്റെതായ രണ്ടു സ്റ്റാർട്ട് അപ് കമ്പനിയുണ്ട്. പിന്നെ ഞാൻ ഒരു ട്രാവലർ ആണ് … ആൻഡ് എ ബ്ലോഗർ …. ഇറ്റ് സ് മൈ പാഷൻ … “

. “ഒരു പാട് സ്ഥലങ്ങൾ ഞാൻ സന്ദർശിച്ചിട്ടുണ്ട് പലരുമായി ഇടപഴകിയിട്ടുണ്ട്. . പല കാര്യങ്ങളിലും പലർക്കും പലതും പറയാൻ ഒരു വല്ലാത്ത ഭയമാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ഭയന്ന് ജീവിക്കേണ്ടവരാണൊ നമ്മൾ .എന്ത് ധരിക്കണം എന്ത് കഴിക്കണം എന്ത് കുടിക്കണം ഇതൊക്കെ തീരുമാനിക്കാൻ നമുക്ക് സ്വാതന്ത്ര്യം വേണ്ടെ…”

അയാൾ പറയുന്നതിൽ എന്തൊക്കെയൊ കാര്യമുണ്ടെന്ന് എനിക്ക് തോന്നാതിരുന്നില്ല ..

“പൂരം കാണാൻ പോകുമ്പൊ ഈ വസ്ത്രം ധരിച്ചു തന്നെ പോണമെന്ന് ഞാൻ കരുതി. എന്താ അങ്ങിനെ പൊക്കൂടെ… അതിനുള്ള സ്വാതന്ത്ര്യം ഒരു പൗരൻ എന്ന നിലക്ക് എനിക്കില്ലെ .മാറാനുണ്ട് സർ പലതും … തെറ്റിദ്ധരിപ്പിക്കപെടുന്ന പലതും “

ഒന്നും മിണ്ടിയില്ല ..

“മാൻ ഇസ് ബോ ൺ ഫ്രീ… ബട്ട് എവ്വരി വേർ ഹി ഈസ് ഇൻ ചെയ്ൻസ് “

റൂസ്സോയുടെ ആ പ്രസിദ്ധ വാചകം ഞാൻ ഓർത്തു …

എട്ടേ മുക്കാലിന്റെ ബസ്സ് എന്നെ ഓർമ്മിപ്പിച്ചു. അങ്ങിനെ പറയുന്നതാകും കൂടുതൽ ശരി. അന്നത്തെ ആ യാത്ര എന്നോടങ്ങനെ പലതും പറയുന്നുണ്ടാ യിരുന്നു … പലതും ഓർമ്മിപ്പിക്കുന്നുണ്ടായിരുന്നു … ഇത് വരെ എന്നോട് പറയാത്ത പലതും ….

(അവസാനിച്ചു)

Related Posts

Leave a Reply

Your email address will not be published. Required fields are marked *