നിനക്ക് എപ്പോഴാ ലാഭം ഉണ്ടായത്? നഷ്ടം മാത്രം അല്ലെ ഉണ്ടായിട്ടുള്ളൂ. ഹോ ദൈവമേ ഏത് നേരത്താണോ എനിക്ക് ഈ കല്യാണത്തിന്…..

മധുരം

Story written by Ammu Santhosh

“ഇനിയെത്ര പേര് വരും ഇത് പോലെ കാശ് ചോദിച്ചു കൊണ്ട്?”

ലയ പൊട്ടിത്തെറിച്ചു കൊണ്ട് റാമിന്റെ മുഖത്ത് നോക്കി. കടം മേടിച്ചവർ ഓരോന്നായി വന്നത് കണ്ട് അവൾ പൊട്ടിത്തെറിച്ചു പോയതാണ്. അവന്റെ മുഖത്ത് സർവവും നഷ്ടം ആയവന്റെ നിസംഗത മാത്രം നിറഞ്ഞു നിന്നു

“പറ റാം നിന്റെ വായിൽ നാവില്ലേ?” അവൻ തല തിരിച്ച് അവളെ ഒന്ന് നോക്കി

“ബിസിനസ് ആണ്. നഷ്ടങ്ങൾ സ്വാഭാവികം ആണ്. ലാഭവും നഷ്ടവും മാറി മാറി വരും “

അവൻ തണുത്ത സ്വരത്തിൽ പറഞ്ഞു

“നിനക്ക് എപ്പോഴാ ലാഭം ഉണ്ടായത്? നഷ്ടം മാത്രം അല്ലെ ഉണ്ടായിട്ടുള്ളൂ. ഹോ ദൈവമേ ഏത് നേരത്താണോ എനിക്ക് ഈ കല്യാണത്തിന് yes മൂളാൻ തോന്നിയത്. കൂടെ പഠിച്ചവരൊക്കെ അയർലണ്ടിലും കാനഡയിലും കിടന്നു ആഘോഷിക്കുവാ. ഞാൻ ഇവിടെ ഇങ്ങനെ…. എന്റെ വിധി. സത്യത്തിൽ ആ പെണ്ണില്ലേ നിന്റെ ആദ്യ ഭാര്യ അപർണ.അവള് രക്ഷപ്പെട്ടതാ. അവൾക്കറിയാ മായിരുന്നു നീ മുങ്ങി കൊണ്ടിരിക്കുന്ന കപ്പൽ ആണെന്ന് “

അവൻ പൊട്ടിച്ചിരിച്ചു പോയി

“എടി അവൾ പിരിഞ്ഞു പോയതല്ല. ഞങ്ങൾ തമ്മിൽ ഒറ്റ പൊരുത്ത മുണ്ടായിരുന്നില്ല. കല്യാണം കഴിഞ്ഞ നാൾ മുതൽ അത് ഞങ്ങൾക്ക് മനസിലായി. ഞങ്ങൾ പരസ്പരം ആലോചിച്ചു തീരുമാനിച്ചതാ ഡിവോഴ്സ് “

“അത് ശരി ഇപ്പൊ അങ്ങനെ ആയോ? എന്നിട്ടും ഇപ്പോഴും ഫ്രണ്ട്സ് ആണല്ലോ “

“അതെ ഫ്രണ്ട്സ് ആണ്. അവൾക്ക് നല്ല വൈഫ് ആകാൻ പറ്റിയില്ല എനിക്ക് നല്ല ഹസ്ബൻഡ് ആകാനും പറ്റിയില്ല. ഇതൊക്കെ നീയുമായുള്ളു കല്യാണത്തിന് മുന്നേ ഞാൻ പറഞ്ഞിരുന്നു. നന്നായി ആലോചിച്ചു മതി എന്നും പറഞ്ഞു.”

“എനിക്ക് അന്നേരം നിന്നോട് ഒടുക്കത്തെ പ്രേമം തോന്നിപ്പോയി എന്നാ ചെയ്യാനാ ഇത് ഇങ്ങനെ ഒക്കെ വരും എന്ന് അറിയാമായിരുന്നോ?”

റാം അവളെ ഒന്ന് നോക്കി

നിരാശ നിറഞ്ഞ മുഖം

“ലയ ഞാൻ എന്റെ ഈ വീട് ഞാൻ വിൽക്കാൻ പോവാ ഇന്ന് നോക്കാൻ ആള് വരും. കടം തീർക്കാൻ ഉള്ളത് കിട്ടും. അത് കഴിഞ്ഞു പിന്നെ തീരുമാനിക്കും എന്താ വേണ്ടതെന്ന് “

“എന്റെ ദൈവമേ വീട് വിൽക്കണോ? തമാശ പറയല്ലേ. നമ്മൾ എങ്ങോട്ട് പോകും? ആൾക്കാരുടെ മുഖത്ത് എങ്ങനെ നോക്കും? എനിക്ക് പറ്റില്ല റാം.ഞാൻ പപ്പയെ വിളിച്ചു വീട്ടിൽ പോവാ. അല്ലെങ്കിൽ തന്നെ പപ്പ പറഞ്ഞതാ ഈ റിലേഷൻ ശരിയാവില്ലന്ന്.ഒരു രണ്ടാം കെട്ടുകാരനെ വേണ്ടാന്ന് മമ്മിയും പറഞ്ഞതാ.”

റാം അവളുടെ മുന്നിൽ ചെന്നു നിന്ന് ആ തോളിൽ മെല്ലെ കൈ വെച്ചു

“നിന്റെ ഇഷ്ടം “അവൻ ചിരിച്ചു “നീ പറഞ്ഞത് പോലെ ഇത് മുങ്ങി കൊണ്ടിരിക്കുന്ന കപ്പലാ. നിന്നേ പോലെ സർവ്വ സുഖങ്ങൾക്കുമിടയിൽ ജീവിച്ച ഒരു പെണ്ണിന് പറ്റില്ല ഇതൊന്നും. പൊയ്ക്കോ എന്നെ വെറുക്കാതിരുന്നാ മതി “

ലയയുടെ കണ്ണ് ഒന്ന് നിറഞ്ഞു

പെട്ടെന്ന് കാളിംഗ് ബെൽ അടിച്ചു

“വാതിൽ തുറന്നു കിടക്കുവാ കേറി പോരെ “

അവൻ ഉറക്കെ വിളിച്ചു പറഞ്ഞു

“ഞാനാ സാറെ വീട് നോക്കാൻ ആളെ കൊണ്ട് വന്നതാ “

കമ്പനി സ്റ്റാഫ് അലക്സ്‌ അച്ചായന്റെ ശബ്ദം കേട്ട് അവൻ പുറത്തേക്ക് ചെന്നു

“ഇതാണ് ആൾ. “

സുന്ദരനായ ഒരു ചെറുപ്പക്കാരൻ അവന്റെ നേരേ കൈ നീട്ടി

“ദേവ് മേനോൻ “

“റാം “റാം തിരിച്ചു ആ കയ്യിൽ കൈ ചേർത്തു

“ഞാൻ ഒന്ന് ചുറ്റി കണ്ടോട്ടെ? “

“അതിനെന്താ.. അച്ചായാ ഒന്ന് കൂടെ ചെല്ല് “

അവർ വീട് ചുറ്റി നടന്നു കാണാൻ പോയപ്പോൾ അവൻ ഗേറ്റിനരികിൽ പോയി നിന്നു. സ്വന്തമായി ഉണ്ടാക്കിയ വീടും സ്ഥലവും ആണ്. ബിസിനസ് തന്നത് ബിസിനസ് എടുക്കുന്നു. സാരമില്ല ഒന്നെന്നു തുടങ്ങണം. അച്ഛൻ കുറച്ചു പൈസ തരാമെന്ന് പറഞ്ഞിട്ടുണ്ട്. അമ്മ കുറച്ചു സ്വർണം. അനിയത്തി അവളുട പോക്കറ്റ് മണി എടുത്തോളാൻ ചിരിച്ചു കൊണ്ട് പറഞ്ഞപ്പോൾ ഒരു സങ്കടം തോന്നി. പാവം കൂട്ടി വെച്ചിരുന്നതാണ്. എന്നാലും അടുത്ത ഇൻവെസ്റ്റ്മെന്റിനു അതൊന്നും പോരാ. പുതിയ പ്ലാൻ വേണം.ലയയോട് ചോദിക്കില്ല. ചോദിക്കാതെ തന്നെ തരുമെന്ന് കരുതുന്നുമില്ല അത് ആഗ്രഹിക്കുന്നില്ല അവൾ രക്ഷപെട്ടു പോകുന്നെങ്കിൽ പോവട്ടെ

“സാറെ ” അലക്സ് അച്ചായൻ കൂടെ അയാളും

“വീട് ഇഷ്ടായി.. എന്നത്തേക്ക് ഡീൽ നടത്താം?” റാമിന്റെ ഉള്ളിൽ ഒരു തണുപ്പ് നിറഞ്ഞു

അല്പം കൂടുതൽ വിലയായിരുന്നു താൻ ഇട്ടിരുന്നത്. അയാൾ ഒട്ടും വില പേശിയില്ല. അത് അവനെ അത്ഭുതപ്പെടുത്തി

“പേപ്പേഴ്സ് ഒക്കെ റെഡിയാണ്. വെള്ളിയാഴ്ച ?”

“ഓ sure ” അയാൾ പോയി

“താങ്ക്സ് അച്ചായാ.. ഈ ഉപകാരം ഞാൻ മറക്കില്ല. ഇനി അച്ചായൻ ഒരു പുതിയ ജോലി നോക്ക്. എന്റെ കൂടെ നിന്നാൽ ഒരു പ്രയോജനവുമില്ല ട്ടോ “

അയാളുടെ മുഖം ഒന്ന് മാറി സങ്കടം കൊണ്ടോ എന്തൊ ആ കണ്ണുകൾ ഒന്ന് കലങ്ങി

“പ്രയോജനം കിട്ടുമെന്ന് കരുതി മാത്രം കൂടെ നിൽക്കാൻ ശീലിച്ചിട്ടില്ല സാറെ. അച്ചായൻ എന്തായാലും ഇവിടെ കാണും. പുതിയ എന്തെങ്കിലും തുടങ്ങുമ്പോൾ കൂടെ ഓടാൻ ആള് വേണ്ടേ? എന്തെങ്കിലും ഒന്ന് ആയിട്ട് സാലറി ഒക്കെ മതി. പോവാൻ പറയരുത് “

അവന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി

“നിങ്ങൾ എന്നെ കരയിപ്പിക്കാതെ പോയെ..”

അവൻ തിരിഞ്ഞു നടന്നു

ലയയുടെ അച്ഛൻ വന്നവളെ കൂട്ടിക്കൊണ്ട് പോയി.പോകുമെന്ന് പറഞ്ഞു എങ്കിലും അവൾ പോയിക്കളയുമെന്ന് അവൻ ഓർത്തില്ല.നഷ്ടങ്ങൾ ഒത്തിരി ഉണ്ടായിട്ടുള്ളത് കൊണ്ടാവും വേദന അത്ര ഭയങ്കരമായി അനുഭവപ്പെട്ടില്ല.

വെള്ളിയാഴ്ച ഡീൽ നടന്നു. പറഞ്ഞ തുക മുഴുവൻ അവന്റെ അക്കൗണ്ടിൽ വന്നപ്പോൾ അവന് ഒരു സമാധാനം തോന്നി ഇത്രയും എളുപ്പം ഇത് നടക്കുമെന്ന് അവൻ കരുതിയില്ല. സാധനങ്ങൾ ഒക്കെ ഷിഫ്റ്റ്‌ ചെയ്യാൻ ഒരാഴ്ച കൂടി സമയം ചോദിച്ചപ്പോൾ സമ്മതിക്കുകയും ചെയ്തു

“ഇതാ.. ഇത് നിനക്കുള്ളതാണ്‌ “

ദേവ് ഡോക്യൂമെന്റസ് അപർണയുടെ മുന്നിലേക്ക് വെച്ചു അപർണ മെല്ലെ അതിലൊന്നു തൊട്ടു

“പക്ഷെ അപർണ.. അയാൾ പറഞ്ഞ തുക വളരെ കൂടുതൽ ആയിരുന്നു. നേരേ ഇരട്ടിയോളം. എന്നിട്ടും എന്തിനാണ് നീ?”

അപർണ പുഞ്ചിരിച്ചു

“അവൻ ഒരു പാവാ. ഞാൻ സഹായിക്കാൻ ചെന്നാൽ കോംപ്ലക്സ് അടിക്കും. എന്നോടിത് വരെ പ്രോബ്ലംസ് ഒന്നും പറഞ്ഞിട്ടുമില്ല.ചിലത് അറിഞ്ഞു ചെയ്യണം. ആ വീട്ടിൽ ആണ് ഞാൻ വിവാഹം കഴിഞ്ഞു ചെന്നത്.അവിടെ ഒത്തിരി ഓർമ്മകൾ ഉണ്ട്. സങ്കടങ്ങൾ, സന്തോഷങ്ങൾ.. പിരിയേണ്ടവരായിരുന്നു പിരിഞ്ഞു. പക്ഷെ എനിക്ക് അവനോട് ഇന്നും സ്നേഹം ഉണ്ട്. സത്യത്തിൽ അവൻ ഒരു പാവമാ.നീ വിട്ടോ. ഞാൻ ഈ തുക നിന്റെ അക്കൗണ്ടിൽ ക്രെഡിറ്റ്‌ ചെയ്തിട്ടുണ്ട് “

“ഓക്കേ “

അവൻ എഴുന്നേറ്റു

കുറച്ചു മാസങ്ങൾക്ക് ശേഷം ഒരു പകൽ

ഒരു കൊച്ച് വീടായിരുന്നു വാടകക്കായി എടുത്തത്.കുറച്ചു ജോലികൾക്കായ് ശ്രമിച്ചെങ്കിലും ഒന്നും ശരിയാകുന്നില്ലായിരുന്നു.

ആ പകൽ അപർണ വന്നപ്പോൾ അവൻ കുറച്ചു ചോറും കറികളും ഉണ്ടാക്കുന്ന തിരക്കിലായിരുന്നു

“മീൻ കറി ഉണ്ടെങ്കിൽ ഒരു പ്ലേറ്റ് എനിക്ക് കൂടെ വെച്ചോ “

“ആഹാ നീ എന്താ ഈ വഴി ഒക്കെ?”

“നിന്റെ രണ്ടാമത്തെ ഭാര്യ പിണങ്ങി പോയതറിഞ്ഞു വന്നതാടാ “

അവൾ കണ്ണിറുക്കി ചിരിച്ചു

“ഓ കോമഡി… ഡിവോഴ്സ് ആയാ?”

“ആ ആയി.. ഇനി അതും പറഞ്ഞു ദേ ഈ ശവത്തിൽ കുത്തല്ലേ “

“കുത്തുന്നില്ല കുത്തുന്നില്ല. നല്ല വിശപ്പ് കുറച്ചു ചോറ് താടാ

ഉവ്വേ “

“ചമ്മന്തിയും മുട്ടയും മാത്രം ഉള്ളെടി “

“മതി..”

അവൾ സ്റ്റാൻഡിൽ നിന്നു ഒരു പ്ലേറ്റ് എടുത്തു കുറച്ചു ചോറ് വിളമ്പി.

“എടാ നിനക്ക് കാനഡയിൽ പോകാൻ ആഗ്രഹം ഉണ്ടെങ്കിൽ ഒരു ഓഫർ ഉണ്ട്. എന്റെ കമ്പനിയിലെ ജോൺ സാർ പറഞ്ഞതാ. നിന്റെ ക്വാളിഫിക്കേഷൻ കറക്റ്റ് ആണ്. കുറച്ചു കാശ് ഒക്കെ ഉണ്ടാക്കി വന്നു ഒന്നേന്ന് തുടങ്ങ്. അതല്ലേ സേഫ്?”

അവൻ ചോറിലേക്ക് കുറച്ചു തൈര് ഒഴിച്ച് കുഴച്ചു

“നീ എങ്ങനെ അറിഞ്ഞേ ഞാൻ വീട് വിറ്റതും ഇങ്ങോട്ട് മാറിയതും. ഡിവോഴ്സ് ആയതുമൊക്കെ “

“അലക്സ് അച്ചായൻ പറഞ്ഞു. അത് വിട്.നീ ഇത് നോക്കു. ഓക്കേ ആണെങ്കിൽ എന്നെ വിളിച്ചു പറ “

“നിന്റെ കമ്പനിയിൽ ഒരു ജോലി കിട്ടുമോ?”

അവൻ ചിരിച്ചു കൊണ്ട് ചോദിച്ചു

അപർണ അവനെ തന്നെ ഒന്ന് നോക്കിയിരുന്നു

“നാട് വിട്ട് പോകാൻ ഒരു മടി “

“എന്തിന്? ഒരു അഞ്ചു വർഷം പോയി ഇങ്ങോട്ട് പൊന്നേക്കണം. കിടിലൻ ഒരു കമ്പനി സ്റ്റാർട്ട്‌ ചെയ്യുക പൊളിക്കുക. അപ്പൊ വേണേൽ നിന്റെ കമ്പനിയിൽ ഞാനും വരും “

അവൻ വിളറി ചിരിച്ചു

“നീ വരണ്ട. എന്റെ കൂടെ ചേരുന്നവർക്കെല്ലാം സങ്കടം മാത്രമേ ഞാനിതു വരെ കൊടുത്തിട്ടുള്ളു. ലയ രക്ഷപെട്ടു. നീ അതിലും മുന്നേ രക്ഷപെട്ടു. ഇനി വരണ്ട..”അവൻ ചോറ് കഴിച്ചു തുടങ്ങി

“വേണ്ടെങ്കിൽ വേണ്ട. നീ എന്തായാലും ഒന്ന് ആലോചിച്ചു നോക്ക് ട്ടോ. പോവാ “
അവൾ എഴുനേറ്റു

പെട്ടെന്ന് അവൻ ആ കൈയിൽ പിടിച്ചു നിർത്തി

“നീ എന്തിനാ അപർണ എന്നെ വിട്ട് പോയെ? പൊരുത്തപ്പെടുമോ എന്ന് ശ്രമിക്കാമായിരുന്നു നമുക്ക്. നീ പോയതോടെയാ ഞാൻ തോറ്റു തുടങ്ങിയെ. “

അപർണ ആ ശിരസ്സിൽ ഒന്ന് തലോടി

“നീ ഈ നാട്ടിൽ നിന്ന് ഒന്ന് മാറി നിൽക്ക് “

അവൾ അവന്റെ കൈ വിടുവിച്ചു പുറത്തേക്ക് പോയി.

അഞ്ചു വർഷങ്ങൾ കഴിഞ്ഞു

റാമിനെ കാത്ത് എയർപോർട്ടിൽ അപർണ ഉണ്ടായിരുന്നു

“വീട്ടിലേക്ക് അല്ലെ?” അവനൊന്നു മൂളി

അവൾ അവന്റെ വീട്ടിലേക്കുള്ള വഴി തിരിഞ്ഞപ്പോൾ അവൻ ആ കയ്യിൽ പിടിച്ചു

“നീ മേടിച്ച എന്റെ വീട്ടിലേക്ക് വിട് “

അപർണ വിളറിപ്പോയി വീട് വൃത്തിയായി,മനോഹരമായി ഇട്ടിരിക്കുന്നു

“ഒരു കോഫീ ഉണ്ടാക്കി തരാമോ?”

അപർണ ചിരിച്ചു

“അലക്സ് അച്ചായനെ ഞാനിന്ന് ശരിയാക്കും നോക്കിക്കോ “അവൾ പറഞ്ഞു

അവൻ ആ മൂക്കിൽ മെല്ലെ ഒന്ന് തൊട്ടു

“എന്റെ കമ്പനിയിലേക്ക് സ്വാഗതം “

അപർണയുടെ മുഖം ചുവന്നു

“വരുന്നില്ല “

“ശരിക്കും?”

“ഉം “

“പിന്നെ എന്ത് ചെയ്യാൻ പോണ്?”

“നിനക്ക് കോഫി ഉണ്ടാക്കി തരാൻ “അവൾ പൊട്ടിച്ചിരിച്ചു കൊണ്ട് അവന്റെ നീണ്ടു വന്ന കൈകൾ തട്ടി മാറ്റി അടുക്കളയിലേക്ക് ഓടി

കാലം തങ്ങളെ വല്ലാതെ മാറ്റി കളഞ്ഞു. അവൻ ഓർത്തു. ഇപ്പൊ ഈഗോ ഇല്ല, വാശിയില്ല, മത്സരം ഇല്ല. പരസ്പരം സ്നേഹം, ബഹുമാനം, പ്രണയം.. പ്രണയം? അത് അവൾക്കുണ്ടോ?

അവൻ കിച്ചണിൽ ചെന്നു

“അപ്പു…”പണ്ട് വിവാഹം കഴിഞ്ഞ നാളുകളിൽ വിളിച്ചിരുന്ന പേരായിരുന്നു അത്. അപർണ എന്നതിന്റെ ഷോർട് ഫോം

“എന്തോ “

അവൾ വേഗം തിരിഞ്ഞു നോക്കി

“ഇങ്ങനെ വേറെ ആരെങ്കിലും വിളിക്കുമോ?”

അവൾ ഇല്ല എന്ന് മെല്ലെ തലയാട്ടി

അവൻ തൊട്ടടുത്തായിരുന്നു ആ ശ്വാസം മുഖത്ത് തട്ടുന്നുണ്ട്

അവൻ കുനിഞ്ഞ് ആ കവിളിൽ ചും ബിച്ചു

അപർണ ആ മുഖത്ത് കുഞ്ഞ് ഒരടി വെച്ചു കൊടുത്തു

പിന്നെ കോഫി കൊടുത്തു

“കുടിക്ക്. മധുരം ഉണ്ടോന്ന് നോക്ക് “

“നീ മാറുകേയില്ല അല്ലെ?”

അവൾ പൊട്ടിച്ചിരിച്ചു

“ദുഷ്ട “

അവൻ അവളെ നെഞ്ചിൽ ചേർത്ത് പിടിച്ചു കൊണ്ട് കോഫീ മൊത്തി

“നമുക്ക് ഒന്നുടെ ജീവിച്ചു നോക്കാം.. ഉം?”

“വേണോ?”അപർണ കുസൃതിയിൽ ചിരിച്ചു

“കാല് പിടിക്കും വേണ്ടി വന്നാൽ. പ്ലീസ് നോ പറയരുത്.”

അവൾ വീണ്ടും ഉറക്കെ പൊട്ടിച്ചിരിച്ചു

അവൻ ആ ചിരിയിലേക്ക് നോക്കി നിന്നു

ജീവിതം തന്നോട് ചിരിച്ചു തുടങ്ങി…

അവനും മെല്ലെ ചിരിച്ചു

Related Posts

Leave a Reply

Your email address will not be published. Required fields are marked *