ഒരു ദിവസം കളിക്കാൻ പോവാൻ ധൃതിപ്പെട്ട് പെറുക്കിക്കോണ്ടിരിക്കുന്ന ഞാൻ ‘അനക്കീ കുരുമുളക് നിലത്ത് തൊയിക്കാണ്ട് പറിച്ചൂടെ കരീമേ ….’എന്ന് മേലോട്ട്……

Story written by Shabna shamsu

നമ്മുടെയൊക്കെ വീടുകളില് സ്ഥിരമായി കൂലിപ്പണിക്ക് വരുന്ന ഒന്നോ രണ്ടോ പേരുണ്ടാവും…

ചൂടുവെള്ളവും ഉപ്പിട്ട നേർത്ത കഞ്ഞിവെള്ളവും നിറച്ച സ്റ്റീൽ പാത്രങ്ങൾ കൈമാറുമ്പോൾ പൊടി പാറിയ തലയിലെ തോർത്ത് മുണ്ടഴിച്ച് നെറ്റിയിലെയും കഴുത്തിലേയും വിയർപ്പ് തുടച്ച് നമ്മളോട് പാത്രം വാങ്ങുന്ന ഒരു ചിത്രം എന്റെ മനസിലിങ്ങനെ പതിഞ്ഞ് നിൽക്കാറുണ്ട്..

ഞങ്ങളുടെ വീട്ടിൽ സ്ഥിരമായി വരാറ് കരീം എന്ന ഞങ്ങൾടെ വീട് കഴിഞ്ഞ് നാലഞ്ച് വീട് അപ്പുറത്തുള്ള ഒരാളാണ്..

തോട്ടത്തിലെ കുരുമുളക് പറിക്കാനും, മഞ്ഞള് കിളക്കാനും, ചേനക്ക് മണ്ണ് കൂട്ടാനും, കരീമേ എന്ന ഉപ്പാന്റെ ഒറ്റ വിളി മതി…

കരീമിന്റെ വായില് നിറയെ കോന്ത്രമ്പല്ലാണ്.. ചുണ്ട് പൂട്ടിയാലും മേലേ വരിയിലെ രണ്ട് കൂർത്ത പല്ലിന്റെ മഞ്ഞക്കറ പൂണ്ട അറ്റം കീഴ്ചുണ്ടിലിങ്ങനെ പറ്റി നിൽക്കും.

സംസാരിക്കുമ്പോ കുറേശെ വിക്കിയും തപ്പിത്തടഞ്ഞും തുപ്പല് തെറുപ്പിച്ചും പറഞ്ഞൊപ്പിക്കും..

പുറകില് അരക്കൊപ്പം പ്ലാസ്റ്റിക്ക് ചാക്ക് കെട്ടി നീളമുള്ള മുളയേണിയില് കയറി കുരുമുളക് പറിക്കുമ്പോ താഴെ വീഴുന്ന തിരികള് പെറുക്കല് എന്റെ ജോലിയാണ്…

സുബൈർക്കാന്റെ കടേന്ന് പുളിയച്ചാർ വാങ്ങാനുള്ള അമ്പത് പൈസയാണ് കൂലി…

ഒരു ദിവസം കളിക്കാൻ പോവാൻ ധൃതിപ്പെട്ട് പെറുക്കിക്കോണ്ടിരിക്കുന്ന ഞാൻ ‘അനക്കീ കുരുമുളക് നിലത്ത് തൊയിക്കാണ്ട് പറിച്ചൂടെ കരീമേ ….’എന്ന് മേലോട്ട് നോക്കി കെറുവിച്ചപ്പോ വാപ്പ കാപ്പിയുടെ ഒരു ചുള്ളിക്കമ്പെടുത്ത് എന്റെ ഇടത്തെ തുടയില് ആഞ്ഞടിച്ചു…

വയസ്സിന് മൂത്തോലെ പേര് വിളിക്കണംന്ന് ഏത് കിത്താബിലാ അന്നെ പഠിപ്പിച്ചതെന്നും ചോദിച്ച് മീശ വിറപ്പിച്ചു..

ചുവന്ന് തിണർത്ത അടിയുടെ പാട് തലോടി ഞാനന്ന് കണ്ണും മൂക്കും നിർത്താതെ തുടച്ചു…

അതിപ്പിന്നെ കരീമിനെ ഞാൻ പേര് വിളിച്ചിട്ടില്ല..

നേരം പത്ത് മണിയാവുമ്പാ ഉമ്മ ചൂടുള്ള കഞ്ഞിയും നേന്ത്രക്കായ പുഴുക്കും ചുട്ടരച്ച ചമ്മന്തിയും വിളമ്പി വെക്കുമ്പോ തറവാട് വീടിന്റെ മൂലക്കല് നിന്ന് ഞാൻ ഉറക്കെ വിളിച്ച് കൂവും…

“കരീമിക്കാ.. കഞ്ഞി കുടിക്കാൻ വിളിക്കണ്…”

വരുമ്പോ നാരങ്ങ മരത്തീന്ന് പറിച്ചെടുത്ത പഴുക്കാനായ നാരങ്ങ കാണും മടിക്കുത്തില്..

“ഇന്ന കുട്ട്യോ.. തിന്നൂട്… പല്ല് പുളിച്ചിട്ട് തലേലെ ഈരും പേനും ചത്ത് പോട്ടെ..”

രാവിലെ മദ്‌റസിൽ പോവുമ്പോ കുരച്ച് ചാടുന്ന പട്ടികളെ കല്ലെറിഞ്ഞും, നബിദിനത്തിന്റെ നേർച്ചച്ചോറ് വാങ്ങാൻ അലൂമിനിയ കുടുക്കയും തൂക്കുപാത്രവും കൊണ്ട് പൊരിവെയിലത്ത് വരിയില് നിക്കുമ്പോ എന്നോട് പാത്രം വാങ്ങിയും കരീമിക്ക പലവട്ടം രക്ഷകനായി…

ഒരിക്കൽ ഒരവധിക്കാലത്ത് മുറിഞ്ഞ് പെയ്യുന്ന പെരുമഴയത്ത് കൊടുവള്ളി ഉമ്മാന്റെ വീട്ടിന്ന് കുറേ വിരുന്നുകാര് വന്നു..

വീട് നിറയെ വാസന സോപ്പിന്റെയും ഗൾഫിലെ അത്തറിന്റെയും മടുപ്പിക്കുന്ന മണം..

പള പള കുപ്പായങ്ങളോടും പൗഡറിട്ട, കൺമഷി കൊണ്ട് കുത്തിട്ട മുഖങ്ങളോടും കൃത്യമായി അകലം പാലിച്ച, ഉമ്മാന്റെ പിന്നിയ സാരി കൊണ്ട് തയ്ച്ച പാവാടയിട്ട ഞാനന്നേരം ആരോടും മിണ്ടാതെ കോലായിലെ ഗ്രിൽസിന്റെ ചതുര വട്ടത്തിലൂടെ കൈയ്യിട്ട് എന്റെ കുപ്പിവളകളിലൂടെ ഊർന്നിറങ്ങുന്ന മഴവെള്ളത്തിലെ വർണ്ണങ്ങള് നോക്കി നിക്കുന്ന സമയം…

അടുക്കളയില് രാവിലെ കാല് കെട്ടിയിട്ട പൂവൻ കോഴി തേങ്ങാപ്പാലിലും കുരുമുളകിലും കിടന്ന് തിളച്ച് കൊണ്ടിരിക്കുന്നു.. ഞങ്ങളുടെ വയലിലുണ്ടായ ഗന്ധകശാല അരിയുടെ നെയ്ച്ചോറ്.. ചുരത്തിന് താഴെയുള്ളവർക്ക് വയനാടെത്തിയാ ബിരിയാണിക്കൊപ്പവും ചീരപ്പേരി നിർബ്ബന്ധം ഉള്ളതോണ്ട് തെങ്ങിന്റെ ചോട്ടിലെ അടക്കാ തൊണ്ടില് സമൃദ്ധമായി ഉണ്ടായ പച്ചച്ചീരയുടെ ഉപ്പേരിയും ഒന്നും എന്നിൽ യാതാരു വിധ കൊതിയും ഉണ്ടാക്കിയില്ല…

അവർക്കിടയിൽ റേഷനരിയിലെ കറുത്ത നെല്ലാണ് ഞാനെന്നുള്ള അപകർഷതയുടെ നേർത്ത പാട കൊണ്ട് ഞാൻ സ്വയം എന്നെ ചുറ്റി വരിഞ്ഞതിനാലാവാം…

ആ സമയത്താണ് ഷർട്ട് കൊണ്ട് തലമറച്ച് ചെരിപ്പിടാത്ത കാലും കൊണ്ട് കരീമിക്ക മുറ്റത്ത് കൂലി വാങ്ങാൻ വന്നത്..

ഞാൻ ചതുരവട്ടത്തിലൂടെ കൈ വലിച്ചു.. കുപ്പിവള കോറി അങ്ങിങ്ങായി മുറിവേറ്റു…

ഓടിച്ചെന്ന് എന്റെ സ്ക്കൂൾ ബാഗിന്ന് നരച്ച ശീട്ടിക്കുടയെടുത്ത് നിവർത്തി കരീമിക്കാക്ക് കൊടുത്തു…

“ഇന്നാ.. മയ കൊണ്ട് നഞ്ഞ് പോണ്ട… കുട ചൂടിക്കാളി…. “

ചുകന്ന മണ്ണില് ചക്കക്കുരു വിതറിയ പോലെ കരീമിക്ക നനഞ്ഞ് കുതിർന്ന് ചിരിച്ചു.,.

കുടയും ചൂടി ചളി വെള്ളം തട്ടിത്തെറിപ്പിച്ച് നടന്നകന്നു…

“ഉം.. ഉം… അനക്ക് കരീമിനോട് ലൗ ആണ് ലേ…. തൊള്ള നെറച്ച് കോന്ദ്ര പ്പല്ലുള്ളോണ്ട് രണ്ടാളും നല്ല ജോഡിയാ… “

എനിക്കധികം പരിചയമില്ലാത്ത വാസന സോപ്പിന്നാണ് ഈ ശബ്ദം… അകമ്പടിയായി ഒരു കൂട്ടം അത്തറിന്റെ ചിരികളും..

ഞാനപ്പോ ഒരു കുഴിയാനയേക്കാൾ ചെറുതായി.. നിറയെ മണ്ണിട്ട് മൂടി ഒളിച്ചിരിക്കാൻ പാകത്തിന് ചെറുതാവാൻ തോന്നി…

ഒന്നും മിണ്ടാതെ എന്റെ ചപ്രത്തല നിറയെ വെള്ളം നിറച്ച് ആ പെരുമഴയത്ത് ഇറങ്ങിയോടി…

അപ്പുറത്തെ വീട്ടിലെ കാൽമുട്ടിന് കീഴെ നിറയെ ചൊറി പിടിച്ച പെണ്ണുട്ടി അന്നേരം മുമ്പിലത്തെ ഛേദിയില് ഉപ്പുമാങ്ങ മുളക് പൊടിയില് മുക്കി മഴനോക്കി തിന്നോണ്ടിരിക്കുന്നു.. പകുത്ത് തന്ന മാങ്ങാപ്പൂള് എരിവില് മുക്കി ആകാശം നോക്കി ഞാനെന്റെ കുപ്പിവള കിലുക്കി…

മാനത്തെ മേഘങ്ങള് മുറുക്കി പിഴിഞ്ഞ് മഴയെ ഇറ്റിറ്റായി തുള്ളിയിട്ടൊടുവിൽ നേർത്ത തണുപ്പാവും വരേക്കും ഞങ്ങളുടെ കുപ്പിവളകൾ കിലുങ്ങി കൊണ്ടേയിരുന്നു…

രണ്ട് ദിവസം മുമ്പ് വീട്ടിലേക്ക് വിരുന്ന് വരുമ്പോ നേർത്ത മഴയുണ്ടായിരുന്നു…

അകവും പുറമേയും നിറയേ കുളിര് പാകിയ ആ വൈകുന്നേരത്താണ് വയൽ വരമ്പത്തൂടെ പശുവിനുള്ള വലിയ കെട്ട് പുല്ലും തലയിൽ ചുമന്ന് വരുന്ന കരീമിക്കയെ കണ്ടത്..

എന്റെ മനസിലപ്പോ നനഞ്ഞ ശീട്ടിക്കുടയുടെ മണം…ഉള്ളം കയ്യില് കുപ്പി വള കോറിയ നീറ്റല്..

ഉപ്പ് മാങ്ങയുടെ പുളി..

എനിക്കിതൊക്കെയും പൊയ്പ്പോയ കാലത്തിലെ അടയാളപ്പെടുത്തലായപ്പോ ഒരു കാലത്തിലും ഒരു മാറ്റവും ഇല്ലാത്ത കരീമിക്കയെ പോലെ ഒരു പറ്റം മനുഷ്യരുണ്ട്..

മഴ നനഞ്ഞ്, വെയിലേറ്റ് ജീവിതത്തിലെ വസന്തത്തിന്റെ മുക്കാലും ചോർന്ന് പോയവർ..

നെറ്റിത്തടത്തിലെ വിയർപ്പിന്റെ രുചി അവരുടെ വീടുകളിലേക്കും സ്വന്തങ്ങളിലേക്കും ഒട്ടും മുഷിയാതെ എത്തിച്ച് കൊടുക്കുന്നവർ…

തിരിഞ്ഞ് നോക്കുമ്പോ, എത്രയെത്ര മുഖങ്ങളാണ്, എന്തൊക്കെ അനുഭവങ്ങളാണ്, ജീവിതം എന്നത് ഓരോ കാലത്തും ഉത്തരം കിട്ടാത്ത സമസ്യയാണ്.

❤️

Related Posts

Leave a Reply

Your email address will not be published. Required fields are marked *