നിമിഷങ്ങൾക്കകം ആ മുറിയിൽ പോലീസിനെയും ഫോറൻസിക്കിനെയും കൊണ്ട് നിറഞ്ഞു അവർ മുറിയിൽ നിന്നു വിവരങ്ങൾ ശേഖരിക്കാൻ തുടങ്ങി…

നീതി….

Story written by SWARAJ RAJ

സമയം രാവിടെ 8 മണി

സൽമ ലോഡ്ജ്

“സാർ നിങ്ങളുടെ ബ്രേക്ക് ഫാസ്റ്റ് കൊണ്ടു വന്നിട്ടുണ്ട് വാതിൽ തുറക്ക് “കൈയിൽ ഒരു സഞ്ചിയുമായി പതിനഞ്ച് വയസ്സ് തോന്നിക്കുന്ന ഒരു കുട്ടി വാതിക്കൽ നിന്നും വിളിച്ചു പറഞ്ഞു

കുറച്ചു സമയം കഴിഞ്ഞിട്ടും അകത്ത് നിന്ന് അനക്കമൊന്നും കേട്ടില്ല

“സാർ” അവൻ പതിയെ വാതിലിനു തട്ടി കൊണ്ട് വിളിച്ചു അവൻ വാതിലിൽ തട്ടിയതും വാതിൽ ചെറുതായി തുറന്നു അകത്ത് നിന്ന് വാതിൽ പൂട്ടിയില്ലെന്ന് അവന് മനസിലായി അവൻ പതിയെ വാതിൽ തള്ളി തുറന്ന് അകത്തെക്കു കയറി

“സാർ നിങ്ങളുടെ ഭക്ഷണം കൊണ്ടു വന്നിട്ടുണ്ട് ” അവൻ അകത്ത് നിന്ന് വിളിച്ചു പറഞ്ഞു പക്ഷേ പ്രതികരണമൊന്നുമുണ്ടായില്ല

“സാർ” അവൻ അടുക്കളയിലേക്ക് കയറി നോക്കി ആരെയും കണ്ടില്ല ആ റൂമിൽ ആരുമില്ലെന്ന് അവന് തോന്നി കൈയിലുള്ള ഭക്ഷണസഞ്ചി ടേബിളിൽ വെച്ച് തിരികെ നടക്കുമ്പോളാണവൻ ബെഡ് റൂമിലേക്ക് ശ്രദ്ധിച്ചത് ബെഡ് റൂമിലെ കിടക്കയിൽ രണ്ട് കാലുകൾ

“സാർ” എന്നും വിളിച്ചു കൊണ്ട് അവൻ ബെഡ് റൂമിനടുത്തേക്ക് നടന്നു

“സാ….. ” ബെഡ് റൂമിന്റെ വാതിക്കൽ നിന്നും കിടക്കയിലേക്ക് നോക്കിയ അവൻ അവിടെ കണ്ട കാഴ്ച കണ്ട് ഞെട്ടി രണ്ടടി പുറകോട്ടേക്ക് നടന്നു പോയി അവനു തല കറങ്ങുന്നത് പോലെ തോന്നി

“അച്ഛാ……..” സമനില വീണ്ടെടുത്ത അവൻ അലറി കൊണ്ട് പുറത്തെക്കോടി

റിസപ്ഷനിൽ ഇരിക്കുകയായിരുന്നു മുരുകൻ മകന്റെ അലർച്ച കേട്ട് ഞെട്ടി എഴുന്നേറ്റു

“മോനെ എന്ത് പറ്റി ” തനിക്കരികിലേക്ക് ഓടി വരുന്ന മകനെ കണ്ട് മുരുകൻ ചോദിച്ചു

“അച്ഛാ….. അച്ഛാ റൂം നമ്പർ പതിനാലിൽ ” അവൻ വിറയ്ക്കുന്ന കൈകളോടെ റൂമിനു നേരെ ചൂണ്ടി അവന്റെ ചുണ്ടുകൾ വിറയ്ക്കുന്നുണ്ടായിരുന്നു

” റൂം നമ്പർ പതിനാലിൽ അവിടെ എന്താ ” അവന്റെ ഇരു ചുമലിലും കൈവച്ചു കൊണ്ട് ചോദിച്ചു. മറുപടി പറയാനാവാതെ അവന്റെ ചുണ്ടുകൾ വിറച്ചു. മകന്റെ കണ്ണുകളിലെ ഭയം കണ്ട് കാര്യമായി എന്തൊ സംഭവിച്ചിട്ടുണ്ടെന്ന് മുരുകന് മനസിലായി അയാൾ പതിയെ റൂം നമ്പർ പതിനാലിനടുത്തേക്ക് നടന്നു തുറന്നു കിടക്കുന്ന വാതിലിലൂടെ അയാൾ അകത്തേക്ക് കയറി മുറിയിൽ ചുറ്റും നോക്കി മകന്റെ കൈവശം കൊടുത്തു വിട്ട ഭക്ഷണസഞ്ചി ടേബിളിന്റെ മുകളിൽ അയാൾ കണ്ടു അപ്പോളാണ് അയാൾ ബെഡ് റൂമിലേക്ക് നോക്കിയത് കട്ടിലിൽ രണ്ട് കാലുകൾ അയാൾ കണ്ടു അയാൾ പതിയെ ബെഡ് റൂമിനടുത്തേക്ക് നടന്നു വാതിലിനടുത്തെത്തിയപ്പോൾ അയാൾ അകത്തു കണ്ട കാഴ്ച കണ്ട് ഞെട്ടി നെഞ്ചത്ത് കൈവച്ചുപോയി

കഴിഞ്ഞ ദിവസം മുറി വാടകയ്ക്കെടുത്തയാൾ ബെഡ് റൂമിൽ കമിഴ്ന്ന് രക്തത്തിൽ കുളിച്ചു കിടയ്ക്കുന്നു. അയാൾ ഉടൻ തന്നെ ഫോണെടുത്ത് പോലീസിൽ വിളിച്ചു

നിമിഷങ്ങൾക്കകം ആ മുറിയിൽ പോലീസിനെയും ഫോറൻസിക്കിനെയും കൊണ്ട് നിറഞ്ഞു അവർ മുറിയിൽ നിന്നു വിവരങ്ങൾ ശേഖരിക്കാൻ തുടങ്ങി

എസ് ഐ ശിവരാജ് ഡെഡ് ബോഡി പരിശോധിക്കാൻ തുടങ്ങി. വിവരം മണത്തറിഞ്ഞ മാധ്യമങ്ങൾ സൽമ ലോഡ്ജിലേക്ക് ഒഴുകിയെത്തി പോലീസുകാർ അവരെ ലോഡ്ജിനു മുന്നിൽ തടഞ്ഞു നിർത്തി

അപ്പോളാണ് അവിടേക്ക് പോലീസ് ജീപ്പ് വന്നു നിർത്തിയത് അതിൽ നിന്നു ഡി വൈ എസ് പി സക്കീർ ഹുസൈൻ പുറത്തിറങ്ങി

സക്കീറിനെ കണ്ടതും മാധ്യമങ്ങൾ അയാൾക്കടുത്തേക്ക് ഓടി അത് കണ്ട് പോലീസ് സക്കീറിന് രക്ഷാകവചം തീർത്തു

“സാർ ഈ കൊലപാതകത്തെ കുറിച്ച് എന്താണ് പറയാനുള്ളത് കൊലയാളിയെ കുറിച്ച് എന്തെങ്കിലു വിവരം ” ഒരു മാധ്യമ പ്രവർത്തക സക്കീറിനോടായി വിളിച്ചു ചോദിച്ചു അത് കേട്ട് സക്കീർ മാധ്യമങ്ങളുടെ അടുത്തേക്ക് നടന്നു

“എടോ ഞാൻ ഇപ്പോൾ വന്നതല്ലേ ഉള്ളു ഡെഡ് ബോഡിയും കൊല നടന്ന സ്ഥലവും പരിശോധിച്ചിട്ടൊന്നുമില്ലെല്ലോ പിന്നെ ഞാൻ എങ്ങനെ കൊലപാതകത്തെ കുറിച്ചും കൊലയാളിയെ കുറിച്ചും പറയും ഇവനെയൊക്കെ ഇന്റർവ്യൂ ചെയ്ത ആളെ പറയണം” സക്കീർ പിറുപിറുത്തു കൊണ്ട് ലോഡ്ജിലേക്ക് നടന്നു

“സാർ” ഒരു പോലീസുകാരൻ സക്കീറിനു മുന്നിൽ വന്ന് സാല്യൂട്ട് അടിച്ചു

” എവിടെയാണ് കൊലപാതകം നടന്നത് “

” റൂം നമ്പർ പതിനാലിൽ”

” നമുക്ക് അങ്ങോട്ട് പോകാം” സക്കീർ റൂം നമ്പർ പതിനാല് ലക്ഷ്യമാക്കി നടന്നു

“സാർ” മുറിയിലേക്ക് കയറി വന്ന സക്കീറിനെ കണ്ട് ശിവരാജ് സാല്യൂട്ട് അടിച്ചു

” ശിവാ എന്തെങ്കിലും തുമ്പ് കിട്ടിയോ “

” ഇല്ല സാർ വിരളടയാളം പോലും കിട്ടിയില്ല”

” ഡെഡ് ബോഡി എവിടെയാണുള്ളത്” മുറിയിൽ ചുറ്റും നോക്കി കൊണ്ട് ചോദിച്ചു

” അവിടെയാണ് സാർ” ബെഡ് റൂം കാണിച്ചു കൊണ്ട് ശിവരാജ് പറഞ്ഞു രണ്ടു പേരും ബെഡ് റൂമിലേക്ക് നടന്നു. ബെഡ് റൂമിൽ കയറിയ സക്കീർ ഡെഡ് ബോഡി കണ്ട് തല ഒരു വശത്തേക്ക് തിരിച്ച് കണ്ണുകൾ അടച്ചു

സക്കീർ പതിയെ ബോഡിക്കരികിലേക്ക് നടന്നു കമിഴ്ന്ന് കിടക്കുന്ന ബോഡിയുടെ പുറകിൽ ധാരാളം കു ത്തുകളേറ്റ പാടുകൾ സക്കീർ കണ്ടു. സക്കീർ അടുത്തുള്ള പോലീസുകാരന്നെ നോക്കി അർത്ഥം മനസിലായ പോലീസുകാരൻ ബോഡി തിരിച്ചിട്ടു അപ്പോൾ കണ്ട കാഴ്ച കണ്ട് സക്കീർ കണ്ണുകൾ ഇറുക്കിയടച്ചു. മുഖത്തും കണ്ണിലും മുക്കിലും കഴുത്തിലും നെഞ്ചിലും വയറിലും ധാരാളം കു ത്തുകളേറ്റ നിലയിലായിരുന്നു ഒരു ക ണ്ണ് പുറത്തേക്ക് തൂ ങ്ങി നിന്നിരുന്നു
ഡെഡ് ബോഡി കണ്ടു നിൽക്കാനാവാതെ സക്കീർ പുറത്തേക്ക് നടന്നു കൂടെ ശിവരാജും

” ആളെ തിരിച്ചറിഞ്ഞോ ” ബെഡ് റൂമിൽ നിന്നും പുറത്തിറങ്ങിയ ശേഷം സക്കിർ ശിവരാജിനോടായി ചോദിച്ചു

” അറിഞ്ഞു അയാളുടെ പേഴ്സിൽ നിന്നും ഡ്രൈവിംഗ് ലൈസൻസ് കിട്ടി “

“ആരാണ്”

” അജയ് ദാസ് “

” അജയ് ദാസ്?”

“അതെ സാർ രണ്ട് ദിവസം മുമ്പ് ദിവ്യ കൊലക്കേസിൽ കോടതി വെറുതെ വിട്ട ആൾ ” ശിവരാജ് പറഞ്ഞത് കേട്ട് സക്കീർ ഒന്ന് നിശ്വസിച്ചു

“ആരുടെതാണ് ഈ ലോഡ്ജ് ” സക്കീർ ശിവരാജിനോടായി ചോദിച്ചു

“എന്റെതാണ് സാർ “കൈകൂപ്പി കൊണ്ട് മുരുകൻ അവർക്കരികിലേക്ക് വന്നു

” കൊല്ലപ്പെട്ടയാൾ ഇപ്പോളാണ് ഇവിടെ വന്നത് “

“ഇന്നലെ രാവിലെ വന്നതാണ് ഒരു മാസത്തെക്ക് മുറി വാടകയ്ക്ക് വേണമെന്നും പറഞ്ഞ് ഞാൻ മുറി കാണിച്ചു കൊടുത്തു അയാൾ മുറി പരിശോധിച്ച ശേഷം രാത്രി വരാം എന്നും പറഞ്ഞ് പോയതാണ് “

” എന്നിട്ട് എപ്പോളാണ് തിരിച്ചെത്തിയത് ” അടുക്കള പരിശോധിച്ചു കൊണ്ട് സക്കീർ ചോദിച്ചു അടുക്കളയിൽ തലേ ദിവസം പാചകം ചെയ്ത പാത്രങ്ങൾ കഴുകാതെ വച്ചിരിക്കുന്നത് സക്കീർ കണ്ടു

“രാത്രി പത്തര ആയിട്ടുണ്ടാകും കൈയിൽ ഒരു സഞ്ചിയുമുണ്ടായിരുന്നു മാത്രമല്ല വാടകയുടെ അഡ്വാൻസ് ആയി 5000 രൂപ തരിക്കയും ചെയ്തു പിന്നെ രാവിലത്തെ ഭക്ഷണത്തിന് ഓഡർ ചെയ്തിരുന്നു രാവിലെ അത് മുറിയിലെത്തിക്കുമ്പോളാണ് എന്റെ മകൻ അയാൾ കൊല്ലപ്പെട്ട നിലയിൽ കാണുന്നത്” മുരുകൻ പറഞ്ഞത് കേട്ട് സക്കീർ അയാളുടെ മകനെ നോക്കി പോലീസ് തന്നെ നോക്കുന്നത് കണ്ട് അവൻ മുരുകന്റെ പുറകിൽ ഒളിച്ചു

“പത്തരയ്ക്ക് ശേഷം ആരെങ്കിലും വന്നിരുന്നോ മുറി വാടകയ്ക്ക് എടുക്കാൻ അല്ലെങ്കിൽ ആരെയെങ്കിലും അന്വേഷിച്ച് “

” ഇല്ല സാർ അങ്ങനെ ആരും വന്നിട്ടില്ല”

“ഇന്നലെ ഇവിടെ പരിസ്ഥരത്ത് സംശയാസ്പദമായി ആരെയെങ്കിലും കണ്ടിരുന്നോ “

” ഇല്ല സാർ ” മുരുകൻ ഓർത്തുനോക്കി കൊണ്ട് പറഞ്ഞു

“സാർ ഇവിടെ മുറികളിൽ ഒരു ചെറിയ ഹാളും ഒരു ബെഡ് റൂമും ബാത്ത് റൂമും കിച്ചണു മാണുള്ളത് കിച്ചണിൽ നിന്നും പുറക് വശത്തേക്ക് പോകാൻ വാതിലുകളില്ല അതിനർത്ഥം കൊലയാളി വന്നത് മുന്നിൽ കൂടി തന്നെയാണ് പുറകിൽ കൂടി വരാൻ ഒരു വഴിയുമില്ല” ശിവരാജ് പറഞ്ഞത് കേട്ട് സക്കീർ മുരുകനെ നോക്കി

” അപ്പോൾ താനാണോ കൊലയാളി ” സക്കീറിന്റെ ചോദ്യം കേട്ട് മുരുകൻ ഞെട്ടി

” ഞാനോ ഞാനല്ല സാർ ഞാൻ എന്തിന് എന്റെ കസ്റ്റമറെ കൊല്ലണം”

“തനിക്ക് കൊല്ലപ്പെട്ട അജയ് ദാസിനെ അറിയാമോ ” ശിവരാജിന്റെ വകയായിരുന്നു ചോദ്യം

” അറിയാം”

” എങ്ങനെ”

“മാധ്യമങ്ങളിലൂടെ അയാൾ ദിവ്യ എന്ന ഇരുപത്തിനാലുകാരിയായ ടീച്ചറെ പീ ഡിപ്പിച്ചു കൊന്ന കേസിലെ പ്രതിയല്ലേ “

” കൊലയാളിയാണെന്നറിഞ്ഞിട്ടും നിങ്ങൾ അയാൾക്ക് എന്തിനിവിടെ മുറി കൊടുത്തു ” സക്കീറിന്റെ ചോദ്യം കേട്ട് മുരുകൻ ഒന്ന് ഞെട്ടി

” അത് അത് പിന്നെ അയാളെ കോടതി കുറ്റവിമുക്തനാക്കിയതല്ലേ ” മുരുകൻ വിറയലോടെ പറഞ്ഞു അത് കേട്ട് സക്കീറും ശിവരാജും പരസ്പരം നോക്കി

“ഇവിടെ വേറെ ഏതെങ്കിലും റൂമുകളിൽ വാടകയ്ക്കാരുണ്ടോ”

” ഉണ്ട് സാർ ഒരു മുറിയിൽ രണ്ട് പേർ താമസിക്കുന്നുണ്ട്” സക്കീറിന്റെ ചോദ്യം കേട്ട് മുരുകൻ പറഞ്ഞു

“അവരെ ഇങ്ങോട്ട് വിളിക്ക് ” സക്കീർ പറഞ്ഞത് കേട്ട് മുരുകൻ റൂമിനു പുറത്തിറങ്ങി രണ്ട് യുവാക്കളെയും കൂട്ടി വന്നു രണ്ടു പേരെ കണ്ടാലും പാവങ്ങളാണെന്നേ തോന്നു

“ഇവരാണ് സാർ”

“എന്താ നിന്റെ പേര് ” സക്കീർ രണ്ട് പേരിൽ ഒരാളോടായി ചോദിച്ചു

” വരുൺ”

” നിന്റെയോ “

“മജീദ് “

“എന്താ നിങ്ങളുടെ ജോലി “

”ഞങ്ങൾ രണ്ടു പേരും സുപ്രിയ സൂപ്പർ മാർക്കറ്റിലെ ജീവനക്കാരാണ് “

” സുപ്രിയ സൂപ്പർ മാർക്കറ്റ് അതെവിടെയാണ് “

“ഇവിടെ നിന്നും നൂറ് മീറ്റർ അകലെ ” മറുപടി പറഞ്ഞത് മുരുകനായിരുന്നു സക്കീർ അയാളെ തറപ്പിച്ചു നോക്കി അത് കണ്ട് മുരുകൻ തല താഴ്ത്തി

“കൊല്ലപ്പെട്ടയാളെ നിങ്ങൾ ഇന്നലെ എപ്പോളെങ്കിലും കണ്ടിരുന്നോ?” സക്കീറിന്റെ ചോദ്യം കേട്ട് രണ്ടു പേരും കുറച്ചു നേരം ആലോചിച്ചു

” ആ കണ്ടിരുന്നു ഇന്നലെ രാത്രി ഞാൻ ഫോൺ ചെയ്യാൻ വേണ്ടി പുറത്തിറങ്ങിയപ്പോൾ അയാൾ ആരോടോ ഫോണിൽ സംസാരിക്കുന്നത് കണ്ടു കുറച്ചു കഴിഞ്ഞപ്പോൾ മുറിയിലേക്ക് കയറിപ്പോയി പിന്നെ കണ്ടിട്ടില്ല”

” അപ്പോൾ സമയം എത്രയായിട്ടുണ്ടാകും”

“ഏകദേശം ഒരു പതിനൊന്നെ കാൽ ആയിട്ടുണ്ടാകും”

” ഉം, അതിനു ശേഷം അയാളുടെ മുറിയിൽ നിന്ന് നിലവിളിയോ ഞെരുക്കമോ മറ്റോ കേട്ടിരുന്നോ “

” ഇല്ല സാർ “

” ഉം ഇപ്പോ പോയ്ക്കോ എപ്പോൾ വിളിച്ചാലും സ്റ്റേഷനിൽ ഹാജറാവാണം”

” ശരി സാർ “രണ്ട് പേരും മുറിയിൽ നിന്നും പുറത്തിറങ്ങി

അവർ പോയപ്പോൾ സക്കീറും ശിവരാജും കൂടി ചർച്ച നടത്തി കുറച്ചു സമയത്തിനു ശേഷം അവർ രണ്ടു പേരും മുരുകന്റെ അടുത്തേക്ക് നടന്നു

” മുരുകൻ നടന്നതെല്ലാം തുറന്നു പറഞ്ഞോ കൊല നടത്തിയത് ഒന്നുകിൽ നിങ്ങൾ നിങ്ങളുടെ അറിവോടെ വേറൊരാൾ “

“സാർ നിങ്ങളെന്താണ് പറയുന്നത് എനിക്ക് ഈ കൊലപാതകത്തിൽ ഒരു പങ്കുമില്ല സാർ എനിക്കൊരു കുടുംബമുണ്ട് അവർക്ക് വേണ്ടിയാണ് ഞാൻ ജീവിക്കുന്നത് ഞാൻ ഇല്ലെങ്കിൽ അവരുടെ ജീവിതം തകരും കാരണം എന്റെ ഭാര്യയ്ക്ക് കാഴ്ചശക്തിയില്ല ഇപ്പോൾ നിങ്ങൾ വിശ്വസിക്കുന്നുണ്ടോ ഞാൻ കൊലപാതകം നടത്തുമെന്ന് ” മുരുകൻ കരഞ്ഞു കൊണ്ട് പറഞ്ഞു

” നോക്ക് മുരുകൻ നിങ്ങളറിയാതെ ഒരീച്ച പോലും അകത്ത് കയറില്ല മാത്രമല്ല നിങ്ങളുടെ നിരപരാധിത്വം തെളിയിക്കാൻ ഇവിടെ തെളിവില്ല സി സി ടിവി പോലും ” സക്കീർ പറഞ്ഞു

“സാർ ഞാനെല്ലാം പറയാം രാത്രി പതിനൊന്ന് മണിയായാൽ ഞാൻ ഇവിടെ എനിക്കായി ഒരുക്കിയ ഉറങ്ങാൻ പോകും അപ്പോൾ ഇവിടെ ഗേറ്റ് ഒന്നും അടക്കാറില്ല ആർക്കെങ്കിലും രാത്രിയിൽ മുറിവേണമെങ്കിലോ എന്നോർത്തിട്ട് ഉറങ്ങാൻ പോകുമ്പോൾ കസേരയിൽ ഒരു ഒരു ബോർഡ് വെയ്ക്കും “എന്തെങ്കിലും ആവിശ്യമുണ്ടെങ്കിൽ മുകളിലെ സ്വിച്ച് അമർത്തുക ” എന്ന് ആ സ്വിച്ച് അമർത്തിയാൽ എന്റെ മുറിയിൽ ബെല്ലടിയും ” മുരുകൻ പറഞ്ഞത് കേട്ട് സക്കീർ ശിവരാജിനെ നോക്കി അർത്ഥം മനസിലായ ശിവരാജ് പുറത്തെക്കിറങ്ങി. കുറച്ചു കഴിഞ്ഞ് ശിവരാജ് തിരികെ എത്തി

“സാർ മുരുകൻ പറഞ്ഞത് ശരിയാണ്” അത് കേട്ട് സക്കീർ മുരുകനരികിലേക്ക് നടന്നു

” ഇപ്പോൾ നിന്നെ വെറുതെ വിടുന്നു രക്ഷപ്പെട്ടെന്ന് കരുതെണ്ട”

അത് കേട്ട് മുരുകൻ കൈകൂപ്പി

അജയ് ദാസിന്റെ ബോഡി പോസ്റ്റ് മോർട്ടം ചെയ്യാൻ ആംബുലൻസിലേക്ക് കയറ്റി

പിറ്റേ ദിവസം, കോഴിക്കോട് ജില്ല മോർച്ചറി

” ഡോക്ടർ അജയ് ദാസിന്റെ മരണകാരണം ” അജയ് ദാസിന്റെ ഡെഡ് ബോഡിയിൽ നോക്കി കൊണ്ട് സക്കീർ ചോദിച്ചു

“അമിത രക്തസ്രാവം കഴുത്തിലും കൈത്തണ്ടകളിലും ആഴത്തിൽ കുത്തേറ്റിട്ടുണ്ട് അതുവഴി ധാരളം രക്തം നഷ്ടപ്പെട്ടിട്ടുണ്ട് അജയ് ദാസിന്റെ ശരീരത്തിൽ ചെറുതും വലുതുമായി നൂറ്റി അൻപതോളം കുത്തുകൾ ഏറ്റിട്ടുണ്ട് മാത്രമല്ല കൊലയാളി അജയിയെ സ്പ്രേ അടിച്ചു മയക്കിയിരുന്നു കൂടാതെ കൈകാലുകൾ കയറുകൊണ്ട് ബന്ധിച്ചിരുന്നു കൈത്തണ്ടയിൽ കയർ മുറുകിയതിന്റെ പാടുണ്ട് മാത്രമല്ല ഒച്ച വെയ്ക്കാതിരിക്കാൻ വായിൽ തുണി തിരുകി കയറ്റുകയും ചെയ്തിരുന്നു പല്ലുകൾക്കിടയിൽ നിന്നും നൂലിന്റെ കഷ്ണം കിട്ടിയിട്ടുണ്ട് “

” അപ്പോൾ സംഭവം നടന്നത് ഇങ്ങനെ കൊലയാളി അജയ് ദാസിന്റെ റൂമിന്റെ വാതിലിനു തട്ടുന്നു അജയ് വാതിൽ തുറന്നപ്പോൾ കൊലയാളി സ്പ്രേ അടിച്ചു മയക്കി ബെഡ് റൂമിലേക്ക് കൊണ്ടു പോയി വായിൽ തുണി തിരുകി കൈകാലുകൾ ബന്ധിച്ചു ബോധം വന്ന ശേഷം കുത്തി കൊലപ്പെടുത്തി “

“അതെ ” ഡോക്ടർ തല കുലുക്കി

” ഡോക്ടർ അജയ് ദാസിന്റെ ജനനേന്ദ്രിയത്തിന് എന്തെങ്കിലും “

“നോ കൊലയാളി ചെയ്തതെല്ലാം അരയ്ക്ക് മുകളിലോട്ടാണ് താഴോട്ട് ഒരു പോറലും ഏൽപ്പിച്ചിട്ടിട്ടില്ല”

“കൊലാളി ഉപയോഗിച്ച ആയുധം എന്തായിരിക്കും പെൻ കത്തി?” സക്കീർ സംശയത്തോടെ ചോദിച്ചു

” അല്ല കൂർത്ത മുനയുള്ള പേനയാണ് കൊലയാളിയുടെ ആയുധം “

“പേനയോ?”

“അതെ അജയ് ദാസിന് ആദ്യം കുത്തേറ്റത് കഴുത്തിലാണ് അവിടെ മഷിയുടെ അംശം കണ്ടിരുന്നു മഷി നിയ്ക്കുന്ന പേന കൊണ്ടാണ് കുത്തിയത് ” ഡോക്ടർ പറഞ്ഞത് കേട്ട് സക്കീർ ശിവരാജിനെ നോക്കി

“വിശ്വസിക്കാൻ പറ്റുന്നില്ല പേന കൊണ്ട് കൊലപാതകം നടത്തുക ആദ്യമായിട്ടാണ് കേൾക്കുന്നത് ” സക്കീർ പറഞ്ഞത് കേട്ട് ഡോക്ടർ ചിരിച്ചു കൊണ്ട് അലമാരയ്ക്കരികിലേക്ക് നടന്നു

“ആദ്യമായിട്ടല്ല ഇതിനു മുമ്പും ഇതുപോലെ ഒരു കേസുണ്ടായിരുന്നു കൃത്യമായി പറഞ്ഞാൽ ആറ് മാസം മുമ്പ് ഈ കോഴിക്കോട് തന്നെ” ഡോക്ടർ അലമാര തുറന്ന് ഒരു ഫയൽ എടുത്ത് കൊണ്ട് പറഞ്ഞു അത് കേട്ട് സക്കീർ ഞെട്ടി ശിവരാജിനെ നോക്കി അത് കണ്ട് ശിവരാജ് തലകുനിഞ്ഞു

” ഇതു പോലെ മുമ്പും നടന്നിരുന്നെന്നോ “

” അതെ അന്നത്തെ ഇര ഒരു ദേവൻ ഇതാ അയാളുടെ പോസ്റ്റ്മോർട്ട റിപ്പോർട്ട് ” ഫയൽ സക്കീറിനു നേരെ നീട്ടികൊണ്ട് ഡോക്ടർ പറഞ്ഞു

“ആരാണ് ദേവനെ കൊന്നത് “

” അത് എന്നെക്കാൾ കൂടുതൽ അറിയാവുന്നത് നിങ്ങൾ പോലീസുകാർക്ക് അല്ലേ”

“സോറി ഞാൻ ഇവിടെ ചാർജെടുത്തിട്ട് ഒരു മാസമേ ആയുള്ളു” സക്കീർ പറഞ്ഞത് കേട്ട് ഡോക്ടർ ചിരിച്ചു

സക്കീറും ശിവരാജനും അവിടെ നിന്നും തിരിച്ചു

” ശിവാ ഇതിനു മുമ്പ് ഇങ്ങനെ ഒരു കൊലപാതകം നടന്ന കാര്യം നീ എന്നോട് സൂചിപ്പിച്ചില്ല ” പോലീസ് ജീപ്പ് ഡ്രൈവ് ചെയ്യുന്നതിനിടയിൽ സക്കീർ ചോദിച്ചു

“സോറി സാർ”

“ദേവന്റെ കൊലയാളി ആരായിരുന്നു?”

” അത് ഇതുവരെ കണ്ടെത്താനായില്ല”

“വാട്ട്”

“അതെ സാർ ദേവൻ ഭാമ എന്ന ഇരുപത്തിനാലുകാരിയെ പീ ഡിപ്പിച്ചു കൊന്ന കേസിലെ പ്രതിയായിരുന്നു തെളിവുകളുടെ അഭാവത്തിൽ കോടതി ദേവനെ വെറുതെ വിട്ടിരുന്നു കോടതി വെറുതെ വിട്ടതിന്റെ രണ്ടാം ദിവസം ദേവനെ വാടക വീട്ടിൽ അജയ് ദാസിനെ പോലെ കൊല്ലപ്പെട്ട നിലയിൽ കാണുകയായിരുന്നു അന്ന് കേസന്വേഷിക്കാൻ ഞാനുമുണ്ടായിരുന്നു തെളിവുകളൊന്നും കിട്ടാത്തതോടെ’ കേസന്വേഷണം നിർത്തി വെയ്ക്കുകയായിരുന്നു ദേവനെ അവന്റെ വീട്ടുകാർ വരെ തള്ളിപ്പറഞ്ഞിരുന്നു അതു കൊണ്ട് വീണ്ടും അന്വേഷണം നടത്താൻ ആരും ആവിശ്യപ്പെട്ടില്ല”

” വീട്ടുകാർ വരെ തള്ളി പറഞ്ഞിട്ടുണ്ടെങ്കിൽ ദേവൻ കുറ്റവാളി തന്നെ ആയിരിക്കുമല്ലോ പിന്നെ അവനെ എങ്ങനെ കോടതി കുറ്റവിമുക്തനാക്കി “സക്കീർ സംശയത്തോടെ ചോദിച്ചു

” കേസിലെ പ്രധാന സാക്ഷികൾ കോടതിയിൽ വച്ച് കൂറ് മാറി അതോടെ വാദിഭാഗം വക്കിലിന് ദേവൻ കുറ്റവാളിയാണെന്ന് തെളിയിക്കാൻ പറ്റിയില്ല അങ്ങനെ തന്നെയാണ് അജയ് ദാസും കുറ്റവിമുക്തനായത് കേസിലെ പ്രധാന സാക്ഷികൾ കോടതിയിൽ വച്ച് മൊഴി മാറ്റി പറഞ്ഞു “

” ഉം ദേവൻ കേസിൽ പോലീസ് കൂടുതൽ സംശയിച്ചത് ആരെയായിരുന്നു “

“ഭാമയുടെ അച്ഛൻ ശങ്കരൻ “

” ഉം” സക്കീർ അമർത്തി മുളി

” അയാൾക്ക് ഈ കൊലപാതകവുമായി ബന്ധമുണ്ടാകുമോ ” ശിവരാജ് സംശയത്തോടെ ചോദിച്ചു

” ഏറെക്കുറെ “

” ദിവ്യ കൊലക്കേസിൽ കൂറ് മാറിയ സാക്ഷി ആരാണ്” കുറച്ചു നേരത്തെ മൗനത്തിന് ശേഷം സക്കീർ ചോദിച്ചു

” ദൃഷ്ടസാക്ഷി ഗോപാലൻ അയാൾ ആദ്യം കോടതിയിൽ പറഞ്ഞത് അജയ് ദാസ് ദിവ്യയെ ബലം പ്രയോഗിച്ച് കാറിൽ കയറ്റുകയായിരുന്നുവെന്ന് രണ്ടാമത് പറഞ്ഞത് ദിവ്യയെ ബലമായി കാറിൽ കയറ്റിയ ആൾ അജയ് ദാസ് തന്നെയാണെന്നുറപ്പില്ലെന്നാണ് അതോടെ പ്രതിഭാഗം വക്കീൽ ആ സമയത്ത് അജയ് ദാസ് വേറെ സ്ഥലത്താണുള്ളതെന്ന് കോടതിയെ ബോധ്യപ്പെടുത്തി “

“ഓഹോ അങ്ങനെയാണല്ലേ കാര്യങ്ങൾ ഈ കേസിൽ നമുക്ക് മൂന്ന് പേരെ ചോദ്യം ചെയ്യാനുണ്ട് ഒന്ന് അജയ് ദാസ് കൊലപ്പെടുത്തിയ ദിവ്യയുടെ അച്ഛൻ രണ്ട് ദേവൻ കൊലപ്പെടുത്തിയ ഭാമയുടെ അച്ഛൻ മൂന്ന് ദിവ്യ കൊലക്കേസിൽ കൂറ് മാറിയ സാക്ഷി ഗോപാലൻ “

“സാർ എനിക്ക് തോന്നുന്നത് അജയ് ദാസിന്റെ കൊലപാതകത്തിന് പിന്നിൽ ദിവ്യയുടെ സഹോദരി രശ്മി ആണെന്നാണ് “

” കാരണം “റോഡിലേക്ക് നോക്കി കൊണ്ട് സക്കീർ ചോദിച്ചു

” രശ്മി ആൺകുട്ടികളെ പോലെയാണ് ആരെയും പേടിയില്ലാത്തവൾ വിചാരണയ്ക്കായി അജയ് ദാസിനെ കോടതിയിലെത്തിക്കുമ്പോൾ പല തവണ അവൾ അവനെ കൈയേറ്റം ചെയ്തിരുന്നു ഒരു തവണ ചെരിപ്പൂരി അടിക്കുകയുണ്ടായി “അത് കേട്ട് സക്കീർ ചിരിച്ചു

” ശിവാ ഈ കൊലപാതകം ചെയ്തത് ഒരു സ്ത്രീ അല്ല സ്ത്രീ ആയിരുന്നെങ്കിൽ അവർ ആദ്യം ലക്ഷ്യമിടുക അജയ് ദാസിന്റെ ജ നനേന്ദ്രിയമായിരിക്കും ഡോക്ടർ പറഞ്ഞത് അജയ് ദാസിന്റെ ജ നനേന്ദ്രിയത്തിന് ഒരു പോറലും ഏറ്റിട്ടില്ലെന്നാണ് അതിനർത്ഥം കൊലയാളി സ്ത്രീയല്ല എന്നാണ് ” ശിവരാജിന് സക്കീർ പറഞ്ഞത് ശരിയാണെന്ന് തോന്നി. പോലീസ് ജീപ്പ് മുന്നോട്ട് കുതിച്ചു പാഞ്ഞു അവസാനം ചെന്നു നിർത്തിയത് ഒരു വീടിന്റെ മുന്നിൽ ആയിരുന്നു

ജീപ്പിൽ നിന്നിറങ്ങിയ ശിവരാജിന് അത് ദിവ്യയുടെ വീടാണെന്ന് മനസിലായി

സക്കീർ ജീപ്പിൽ നിന്നിറങ്ങി വീടിനടുത്തേക്ക് നടന്നു

“ഇവിടെ ആരുമില്ലേ ” വീട്ടുമുറ്റത്തു നിന്ന് സക്കീർ വിളിച്ചു ചോദിച്ചു. കുറച്ചു കഴിഞ്ഞപ്പോൾ അൻപത്തിയഞ്ച് വയസ്സ് തോന്നിക്കുന്നോരാൾ വീട്ടിനകത്തു നിന്ന് പുറത്ത് വന്നു പോലീസിനെ കണ്ടതും അയാളുടെ മുഖം വിളറി

” ദിവാകരൻ ദിവ്യയുടെ അച്ഛൻ ” നെറ്റി ചുളിച്ചു കൊണ്ട് സക്കീർ ചോദിച്ചു

“അതെ “

” ഞാൻ സക്കീർ ഹുസൈൻ ഇത് ശിവരാജ് ” ദിവാകരൻ രണ്ട് പേരെയും നോക്കി പുഞ്ചിരിച്ചു

” അജയ് ദാസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാൻ വന്നതായിരിക്കും അല്ലേ?” ദിവാകരന്റെ ചോദ്യം കേട്ട് സക്കീർ പുഞ്ചിരിച്ചു

“അതെ “

” എങ്കിൽ ഇപ്പോളെ പറയാം എനിക്ക് അവന്റെ കൊലപാതകവുമായി ഒരു ബന്ധവുമില്ല എനിക്ക് അവനെ കൊല്ലണമെന്നുണ്ടായിരുന്നു പക്ഷേ അത് ഇങ്ങനെയല്ല നടുറോഡിൽ വച്ച് ജനങ്ങളുടെ മുന്നിൽ വെച്ച് കുത്തിക്കൊല്ലാൻ അതായിരുന്നു എന്റെ ലക്ഷ്യം പക്ഷേ ഞാൻ നിർഭാഗ്യവാനായി പോയി “

” അജയ് ദാസ് ജയിൽ നിന്നിറങ്ങിയ ശേഷം നിങ്ങൾ അവനെ കണ്ടിട്ടില്ലെന്നാണോ പറയുന്നത് “

” ഇല്ല ” അപ്പോളാണ് ഒരു പെൺകുട്ടി കൈയിൽ ഒരു ഗ്ലാസുമായി അങ്ങോട്ട് വന്നത് സക്കീർ പെൺകുട്ടിയെയും ഗ്ലാസിലേക്കു മാറി മാറി നോക്കി ഗ്ലാസിൽ പാൽപായസമാണെന്ന് സക്കീറിനു മനസിലായി

” രശ്മി” ശിവരാജ് സക്കീറിന്റെ കാതുകളിൽ പറഞ്ഞു സക്കീർ അവളെ വീണ്ടും നോക്കി അവൾ യാതൊരു കൂസലുമില്ലാതെ തന്റെ കൈയിലുള്ള പായസം . കുടിച്ചു കൊണ്ടിരുന്നു

” ഇത് എന്റെ രണ്ടാമത്തെ മകളാണ് രശ്മി” ദിവകരൻ സക്കീറിനോടായി പറഞ്ഞു

“പാൽപായസമാണ് അവൻ ചത്തെന്നറിഞ്ഞപ്പോൾ ഞങ്ങൾ ആഘോഷിച്ചതാണ് കോടതിക്ക് നേടി തരാൻ പറ്റാത്ത നീതി ആരോ ഞങ്ങളുടെ ദിവ്യയ്ക്ക് നീതി നേടിക്കൊടുത്തു ” സക്കീറിന്റെ നോട്ടം മകളുടെ കൈയിലുള്ള പായസത്തിലാണെന്നറിഞ്ഞപ്പോൾ ദിവാകരൻ പറഞ്ഞു

“വിളിക്കുമ്പോൾ സ്റ്റേഷനിൽ ഹാജരായിക്കൊള്ളണം” ദിവാകരനെയും മകളെയും മാറി മാറി നോക്കി കൊണ്ട് സക്കീർ പറഞ്ഞു

” ശരി സാർ”

“സാർ എന്ത് കൊണ്ട് അയാളെ കൂടുതൽ ചോദ്യം ചെയ്തില്ല “തിരികെ വരുമ്പോൾ ശിവരാജ് ചോദിച്ചു

” അയാളെ സംശയിക്കാൻ നമ്മുടെ കൈയിൽ തെളിവുകളൊന്നുമില്ല മാത്രമല്ല അയാൾ പറഞ്ഞതുപോലെ ചെയ്യാനായിരിക്കും അയാളുടെ പ്ലാൻ “ഡ്രൈവ് ചെയ്യുന്നതിനിടയിൽ ശിവരാജിനെ നോക്കി കൊണ്ട് സക്കീർ പറഞ്ഞു

“എന്ത് നടുറോഡിൽ വച്ച് അജയ് ദാസിനെ കുത്തി കൊല്ലാൻ?” സക്കീർ അതെ എന്നർത്ഥത്തിൽ തലയാട്ടി

“ശിവാ കോൺസ്റ്റബിൾ നാരായണനെ വിളിച്ച് അജയ് ദാസിന്റ എല്ലാ വിവരങ്ങളും ശേഖരിക്കാൻ പറയണം ബന്ധുക്കൾ സുഹൃത്തുക്കൾ എല്ലാവരെക്കുറിച്ചും വിവരങ്ങൾ ശേഖരിക്കണം പിന്നെ ദിവ്യയുടെ അച്ഛൻ ദിവകാരൻ ഭാമയുടെ അച്ഛൻ ശങ്കരൻ ഇവർ കഴിഞ്ഞ രണ്ട് ദിവസം എവിടെയായിരുന്നു ആരൊക്കെയുമായി ബന്ധപ്പെട്ടു എന്നും അന്വേഷിക്കാൻ പറയണം പോലീസ് മൂന്ന് സംഘങ്ങളായി അന്വേഷിക്കട്ടെ “

” ശരി സാർ”

“പിന്നെ ദിവ്യ കൊലക്കേസിൽ കൂറ് മാറിയ സാക്ഷി”

“ഗോപാലൻ “

” ആ അയാളോട് എത്രയും പെട്ടന്ന് പോലീസ് ക്ലബ്ബ് എത്താൻ പറയണം”

” ശരി സാർ” ശിവരാജ് ഫോണെടുത്ത് കോൺസ്റ്റബിൾ നാരായണനെ വിളിച്ചു കാര്യങ്ങൾ പറഞ്ഞു

പോലീസ് ക്ലബ്ബ് കോഴിക്കോട്

“ഗോപാലൻ അഥവാ വാക്കു മാറുന്നവൻ” തനിക്ക് മുന്നിലിരിക്കുന്ന ഗോപലനെ നോക്കി കൊണ്ട് സക്കീർ പറഞ്ഞു ഗോപാലൻ ഭയത്തോടെ സക്കീറിനെയും ശിവരാജിനെയും നോക്കി

“ഗോപാലൻ കോടതിയിൽ മൊഴി മാറ്റി പറയാൻ നിങ്ങൾ എത്ര കൈപ്പറ്റി ” സക്കീറിന്റെ ചോദ്യം കേട്ട് ഗോപാലൻ ഞെട്ടി

“മൊഴി മാറ്റി പറഞ്ഞെന്നോ ഞാൻ മൊഴി മാറ്റി പറഞ്ഞിട്ടില്ല” ഗോപാലൻ വിറയലോടെ പറഞ്ഞു

“ആദ്യം നിങ്ങൾ കോടതിയിൽ പറഞ്ഞത് അജയ് ദാസ് ദിവ്യയെ ബലമായി കാറിൽ കയറ്റുകയായിരുന്നുവെന്ന് പിന്നെ പറയുന്നു അത് അജയ് ദാസ് അല്ല എന്ന് ”

” അജയ് ദാസ് അല്ല എന്ന് ഞാൻ പറഞ്ഞിട്ടില്ല അത് അജയ് ദാസ് തന്നെയാണൊ എന്ന് ഉറപ്പില്ലെന്നാണ്” അത് കേട്ട് സക്കീർ ചിരിച്ചു

“മോനേ ഗോപാലാ അതിനർത്ഥം അത് അജയ് ദാസ് അല്ല എന്നു തന്നെയാണ് ഇങ്ങനെ രണ്ടാമതൊന്ന് പറയാൻ താൻ കണ്ണ് റീ അടിച്ച് വീണ്ടും സംഭവം കണ്ടിരുന്നോ മര്യാദയ്ക്ക് സത്യം പറയുന്നതാണ് നല്ലത് ” സക്കീർ തെല്ലു ദേഷ്യത്തോടെ പറഞ്ഞു

” ഞാൻ പറഞ്ഞത് സത്യമാണ് ഞാൻ കണ്ട കാര്യം തന്നെയാണ് പറഞ്ഞത് “

“സാർ ഇങ്ങനെ ചോദിച്ചാൽ ഇയാൾ ഒന്നും പറയില്ല നമുക്ക് മൂന്നാം മുറ തന്നെ എടുക്കാം ” ശിവരാജ് മുഷ്ടി ചുരുട്ടിക്കൊണ്ട് പറഞ്ഞു

“അങ്ങനെയാണെങ്കിൽ അങ്ങനെ” സക്കീർ പറഞ്ഞത് കേട്ട് ഗോപാലൻ ഞെട്ടി

” വേണ്ട സാർ ഞാൻ പറയാം ആ മൂന്ന് പേർ പറഞ്ഞിട്ടാണ് ഞാൻ അങ്ങനെ ചെയ്തത് “

“ഏത് മൂന്ന് പേർ ” സക്കീർ സംശയത്തോടെ ചോദിച്ചു

” അറിയില്ല കോടതിയിൽ രണ്ടാമത് വിചാരണ നടക്കുന്നതിന്റെ തലേ ദിവസം രാത്രിയാണ് മുഖംമൂടി ധരിച്ച മൂന്ന് പേർ എന്റെ വീട്ടിൽ അതിക്രമിച്ചു കയറുന്നത് അവരുടെ കൈയിൽ മാരകായുധങ്ങൾ ഉണ്ടായിരുന്നു അവർ പറയുന്നത് പോലെ ചെയ്തില്ലെങ്കിൽ എന്റെ കൈകാലുകൾ വെട്ടിക്കളയുമെന്നും ഭാര്യയെയും മകളെയും തട്ടിക്കൊണ്ട് പോയി വിദേശത്ത് വിൽക്കുമെന്നും അവരും സായിപ്പ്മാരും ഒപ്പമുള്ള വീഡിയോ അയച്ചു തരുമെന്നും ഭീഷണിപ്പെടുത്തി എന്റെ ഭാര്യയെയും മകളെയും ഓർത്തിട്ടാണ് ഞാൻ അവർ പറഞ്ഞത് പോലെ ചെയ്യേണ്ടി വന്നത് ” ഗോപാലൻ പൊട്ടിക്കരഞ്ഞു കൊണ്ട് പറഞ്ഞു ഗോപാലൻ പറഞ്ഞത് കേട്ട് സക്കീറും ശിവരാജും മുഖാമുഖം നോക്കി

” അതിനു ശേഷം അവർ വീണ്ടും നിങ്ങളെ കാണാൻ വന്നിരുന്നോ “

” ഇല്ല സാർ പക്ഷേ അവൻ വന്നിരുന്നു”

“ആര്?” സക്കീർ സംശയത്തോടെ ചോദിച്ചു

” അജയ് ദാസ് “

അടുത്തഭാഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ….

Related Posts

Leave a Reply

Your email address will not be published. Required fields are marked *