നിസ്സാര കാര്യങ്ങളിൽ തുടങ്ങി പരസ്പരം കുറ്റപ്പെടുത്തലുകളായി ഞങ്ങളുടെ ഇടയിലെ അകലം വലുതാവുകയായിരുന്നു……

Story written by Saji Thaiparambu

മോന് രണ്ട് വയസ്സുള്ളപ്പോഴാണ് ഭർത്താവുമായി അപസ്വരങ്ങൾ ഉടലെടുക്കുന്നത്.

നിസ്സാര കാര്യങ്ങളിൽ തുടങ്ങി പരസ്പരം കുറ്റപ്പെടുത്തലുകളായി ഞങ്ങളുടെ ഇടയിലെ അകലം വലുതാവുകയായിരുന്നു.

ഒടുവിൽ ഒത്ത് പോകാൻ കഴിയില്ലെന്ന് ബോധ്യമായപ്പോൾ ഒരു രാത്രിയിൽ വഴക്ക് മൂത്ത് അദ്ദേഹം ഇറങ്ങിപ്പോവുകയായിരുന്നു.

ആദ്യമൊന്നും ആ പോക്ക് എന്നെ തെല്ലും ബാധിച്ചിരുന്നില്ല ,പക്ഷേ ഒരു ദിവസം അയൽക്കാര് വന്നിട്ട് അദ്ദേഹം മറ്റൊരു സ്ത്രീയോടൊപ്പം പൊറുതി തുടങ്ങിയെന്ന് പറഞ്ഞപ്പോഴാണ്, എനിക്കുണ്ടായ തീരാ നഷ്ടത്തിൻ്റെ വ്യാപ്തി ഞാനറിയുന്നത്.

നിൻ്റെ കെട്ടിയോനെ അവള് പിടിച്ച് വച്ചിരിക്കുവാ ,നീ പോയി, അവളുടെ കരണത്ത് രണ്ട് പൊട്ടിച്ചിട്ട് അവനെയും കൂട്ടിക്കൊണ്ട് വാ

പ്രായമായ ഉമ്മയും ബാപ്പയും അങ്ങനെയാണ് എന്നെ ഉപദേശിച്ചത്.

പക്ഷേ, എനിക്കതിന് താല്പര്യമില്ലായിരുന്നു.

കാരണം എനിക്ക് യോജിച്ച് പോകാൻ കഴിയില്ലെന്ന് മനസ്സിലായത് കൊണ്ടല്ലേ അങ്ങേര് ഇവിടുന്നിറങ്ങിപ്പോയി ദിവസങ്ങളോളം തിരിച്ച് വരാതിരുന്നിട്ടും, ഒരിക്കൽ പോലും ഞാൻ അന്വേഷിക്കാതിരുന്നത്.

ഇപ്പോൾ തോന്നുന്ന വിഷമം താല്ക്കാലികം മാത്രമാണെന്നും, കാലക്രമേണ അത് മാറുമെന്നും ഞാൻ വിശ്വസിക്കാൻ ശ്രമിച്ചു.

പിന്നീട് എൻ്റെ ശ്രദ്ധ മുഴുവൻ മകൻ്റെ ഭാവിയെക്കുറിച്ച് മാത്രമായി.

ഒരു പ്രൈവറ്റ് കമ്പനിയിൽ ജോലിക്ക് പോയി, ഞാനവനെ ഒരു കുറവും വരാതെ വളർത്തി, അവനെ സ്കൂളിൽ വിടാൻ തുടങ്ങി .

ഇടയ്ക്കൊക്കെ, ഒരു അങ്കിൾ സ്കൂളിൽ ചെന്ന് മകനെ കാണാറുണ്ടെന്ന്, അവൻ പറഞ്ഞ് ഞാനറിഞ്ഞു. മകൻ പറഞ്ഞ അടയാളങ്ങൾ വച്ച് അത് അദ്ദേഹമാണെന്ന് ഞാൻ മനസ്സിലാക്കി

ഒരിക്കൽ ഞാനവനെ, സ്കൂളിൽ നിന്ന് കൂട്ടിക്കൊണ്ട് വരാൻ ചെല്ലുമ്പോൾ, ആ അങ്കിൾ അവനോടൊപ്പമുണ്ടായിരുന്നു.

എന്നെ കണ്ട് പുള്ളിക്കാരൻ, ഒന്ന് പതറിയെങ്കിലും, സൈനബാ നിനക്ക് സുഖം തന്നെയല്ലേ? എന്ന് ചോദിച്ചത്, എൻ്റെ കരളിൽ കൊണ്ടു.

സങ്കടം കൊണ്ട് ശബ്ദം നഷ്ടമായ ഞാൻ, നിറഞ്ഞ കണ്ണുകളാൽ മറുപടി നല്കിയത്, തല കുലുക്കി കൊണ്ടായിരുന്നു.

അന്ന് രാത്രിയിൽ, എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല.

ദിവസങ്ങൾ പിന്നെയും കടന്ന് പോയി.

ഒരു ദിവസം പനി പിടിച്ച് കിടന്നത് കൊണ്ട് ,മോനെ സ്കൂളിൽ വിട്ടില്ലായിരുന്നു.

അത് കൊണ്ടാവാം, ഞാൻ കമ്പനിയിൽ നിന്ന് തിരിച്ച് വരുന്ന വഴിയിൽ ,അദ്ദേഹം എന്നെ കാത്ത് നിന്നതും , മോനെ സ്കൂളിൽ കാണാത്തതിനെ കുറിച്ച് അന്വേഷിച്ചതും

സുഖമില്ലാത്ത മോനേ കാണണമെന്നും ,പക്ഷേ എൻ്റെ മാതാപിതാക്കളെ ഫെയ്സ് ചെയ്യാൻ മടിയാണെന്നും പറഞ്ഞപ്പോൾ ,വൈകുന്നേരം ഡോക്ടറുടെ വീട്ടിൽ വന്നാൽ മതിയെന്നും, അവിടെ വച്ച് കാണാമെന്നും പറഞ്ഞ്, അദ്ദേഹത്തെ സമാധാനിപ്പിച്ച് വിടുകയായിരുന്നു.

ഞാൻ മോനെയും കൊണ്ട് ചെല്ലുന്നതിന് മുമ്പ് തന്നെ, അദ്ദേഹമവിടെയെത്തി പേര് രജിസ്റ്റർ ചെയ്തിരുന്നു.

അത് കൊണ്ട് കാത്തിരിക്കേണ്ടി വന്നില്ല ,എന്നെ വെളിയിലിരുത്തി അദ്ദേഹം തന്നെയാണ് മോനെയും കൊണ്ട് ഡോക്ടറുടെ റൂമിലേക്ക് കയറിയത്.

തിരിച്ചവിടുന്നിറങ്ങുമ്പോൾ, വിരോധമില്ലെങ്കിൽ ഒരു ചായ കുടിച്ചിട്ട് പോകാമെന്ന്, അദ്ദേഹം പറഞ്ഞു.

ഞാനത് നിരസിച്ചില്ല.

ഞങ്ങൾ ഒരു ടേബിളിൻ്റെ അപ്പുറവും ഇപ്പുറവും, പരസ്പരം മുഖത്ത് നോക്കാൻ കഴിയാതെ ഇരുന്നു.

എന്താ വേണ്ടത്?

സപ്ളയർ വന്ന് ചോദിച്ചു.

രണ്ട് ചായയും ഒരു ഹോർലിക്സും

കഴിക്കാൻ പൊറോട്ട അപ്പം ദോശ?

സപ്ളയർ ധൃതി പിടിച്ച് നിന്നു.

അവിടെ ഒരു മസാല ദോശയും രസവടയും കൊടുക്ക് ,മോന് ബണ്ണ് മതി, അവന് പനിയുള്ളതാ

എന്നോട് ചോദിക്കാതെ തന്നെ, എനിക്ക് ഏറെ പ്രിയമുള്ള ആഹാരം ഓർഡർ ചെയ്തപ്പോൾ, എൻ്റെ അഭിരുചികളൊന്നും അദ്ദേഹം മറന്നിട്ടില്ല, എന്നറിഞ്ഞ എനിക്കത്ഭുതം തോന്നി.

ആ ദിവസവും, എനിക്ക് ഏറെ പ്രിയപ്പെട്ടതായിരുന്നു.

പിന്നെയും മഴ വന്നു, വെയിൽ വന്നു, മഞ്ഞ് വീണു, ഒപ്പം മോനും വളർന്നു.

ഞങ്ങളുടെ കൂടിക്കാഴ്‌ചകളും വർദ്ധിച്ചു.

ഓരോ പ്രാവശ്യം കണ്ട് മുട്ടുമ്പോഴും, ശരിക്കും ഞങ്ങളുടെ ഇടയിലെ അകലം കുറയുകയായിരുന്നു.

അപ്പോഴാണ്, ഞങ്ങൾ പരസ്പരം മനസ്സിലാക്കി തുടങ്ങിയത്, ഞങ്ങൾക്ക് അങ്ങോട്ടുമിങ്ങേട്ടും പുകഴ്ത്താനല്ലാതെ കുറ്റപ്പെടുത്താനൊന്നുമില്ലായിരുന്നു.

ഒരു ദിവസം വൈകുന്നേരം, സ്കൂള് വിട്ടപ്പോൾ ,പ്രതീക്ഷിക്കാതെ മഴ പെയ്തു ,ഞാൻ റെയിൻ കോട്ടെടുത്തിട്ടില്ലായിരുന്നു, മഴ മാറാനായി, ഏറെ നേരം സ്കൂൾ വരാന്തയിൽ നിന്നെങ്കിലും, കുറയുന്ന ലക്ഷണമൊന്നും കണ്ടില്ല.

ഒടുവിൽ അദ്ദേഹത്തിൻ്റെ ബൈക്കിൻ്റെ കവറിലിരുന്ന റെയിൻകോട്ടെടുത്ത്, എനിക്ക് തന്നു.

മോൻ്റെ ബാഗിൽ ,അവൻ്റെ റെയിൻകോട്ടുമുണ്ടായിരുന്നു.

അദ്ദേഹത്തിൻ്റെ റെയിൻകോട്ട് ഇട്ട് കൊണ്ട് സ്കൂട്ടർ ഓടിക്കുമ്പോൾ, വല്ലാത്തൊരു സുരക്ഷിതത്വം എനിക്കനുഭവപ്പെട്ടു.

വർഷങ്ങൾക്കിപ്പുറവും, അദ്ദേഹത്തിൻ്റെ വിയർപ്പ് ഗന്ധം, എന്നെ ഉന്മത്തയാക്കി ,വീട്ടിലെത്തിയിട്ടും എനിക്കാ റെയിൻകോട്ട് ഊരിമാറ്റാൻ തോന്നിയില്ല.

അന്നാദ്യമായി എനിക്കദ്ദേഹത്തെ മിസ്സ് ചെയ്തു.

പിറ്റേന്ന് സ്കൂളിൽ വച്ച് റെയിൻകോട്ട് തിരിച്ച് കൊടുക്കുമ്പോൾ അദ്ദേഹമെന്നോട് ചോദിച്ചത് കേട്ട് ഞാൻ ഞെട്ടി .

ഇപ്പോൾ നമ്മുടെ ഇടയിലെ അകലം കുറഞ്ഞില്ലേ ?ഇനി നമുക്ക് ഒരുമിച്ച് കൂടെ?

അതിന് മറുപടി പറയാൻ ,എനിക്ക് ഒരു പാടാലോചിക്കേണ്ടി വന്നു.

അതിന് നിങ്ങടെ രണ്ടാം ഭാര്യ സമ്മതിക്കുമോ?

എൻ്റെ ചോദ്യത്തിൽ അമർഷമുണ്ടായിരുന്നു.

അപ്പോൾ നീയുമത് വിശ്വസിച്ചിരുന്നോ?

അദ്ദേഹത്തിൻ്റെ മറു ചോദ്യം എന്നെ ആകാംക്ഷ ഭരിതയാക്കി.

അതെൻ്റെ വകയിലൊരു ബന്ധുവാണ് ,വിധവയായ അവൾക്കും ,ഉമ്മയ്ക്കും ഒരു തുണയില്ലാതിരുന്നപ്പോൾ, അവരോടൊപ്പം കൂട്ടായി കൂടിയതാണ് ഞാൻ ,അവളെന്നെ സഹോദരനെ പോലെയും, ആ ഉമ്മയ്ക്ക് ഞാൻ മകനെപ്പോലെ യുമായിരുന്നു ,.എൻ്റെ ഭാര്യയും മകനുമുള്ള ഈ നാട്ടിൽ, എനിക്ക് താമസിക്കാനുള്ള, ഒരവസരം കൂടിയായിട്ടാണ് ,ഞാനതിനെ കണ്ടത്.

അത് കേട്ടപ്പോൾ, എനിക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി .

നിങ്ങള് നാളെ വീട്ടിലേക്ക് വാ, ഉമ്മയോടും ബാപ്പയോടും സംസാരിക്ക് ,ആദ്യം അവരുടെ തെറ്റിദ്ധാരണ മാറട്ടെ

ഉള്ളിൽ സന്തോഷം കൊണ്ട് വീർപ്പ് മുട്ടിയെങ്കിലും, അത് പുറത്ത് കാണിക്കാതെ ഞാൻ ബലം പിടിച്ച് നിന്നു.

ഇനി മുതൽ, മോൻ അങ്കിളിനെ വാപ്പി എന്ന് വിളിച്ചാൽ മതി കെട്ടോ?

അന്ന് വൈകിട്ട് മോനെ പഠിപ്പിച്ച് കൊണ്ടിരിക്കുമ്പോൾ, ഞാനവനോട് പറഞ്ഞു.

അയ്യേ.. എനിക്കിഷ്ടമല്ലാ ഞാനങ്കിളേന്നേ വിളിക്കു

അയ്യോ മോനേ… അത് നിൻ്റെ വാപ്പിയാ, അങ്കിളല്ല

അല്ല, ഞാൻ ചോദിച്ചപ്പോഴൊക്കെ എൻ്റെ വാപ്പി മരിച്ച് പോയെന്നാണല്ലോ വല്ലുമ്മിയും,വല്ലുപ്പയും പറഞ്ഞത്അ ത് ഞാൻ ആ അങ്കിളിനോടും പറഞ്ഞിട്ടുണ്ട്

ഞാനാകെ ധർമ്മസങ്കടത്തിലായി, എൻ്റെ ഉമ്മയും ബാപ്പയും, അവനെ അങ്ങനെ ധരിപ്പിച്ചിരുന്നത് കൊണ്ടും, ഞങ്ങൾ ഒരുമിക്കാൻ സാധ്യതയില്ലാതിരുന്നത് കൊണ്ടും, മോനെ തിരുത്താൻ ഞാനിത് വരെ ശ്രമിച്ചിരുന്നില്ല.

മോനെ.. നാളെ മുതൽ, അദ്ദേഹം ഇവിടെ നമ്മുടെ കൂടെയാ താമസിക്കാൻ പോകുന്നത്, മോനത് ഇഷ്ടമാണല്ലോ?

ഞാനവനെ മെരുക്കാൻ നോക്കി.

അല്ല ,എനിക്കിഷ്ടമല്ല ,എൻ്റെ കൂട്ട്കാര് അങ്കിളിനെ ചൂണ്ടി എന്നോട് ചോദിക്കുമായിരുന്നു എടാ അത് നിൻ്റെ വാപ്പയാണോന്ന്, ഞാൻ പറയും, അല്ല അതെൻ്റെ അങ്കിളാണെന്ന്, അങ്കിളിനെ കേറി വാപ്പാന്ന് വിളിച്ചാൽ, ഇനി അവരെന്നെ കളിയാക്കില്ലേ? അത് മാത്രമല്ല, അങ്കിള് വന്നാൽ പിന്നെ, ഉമ്മയ്ക്ക് എന്നോട് സ്നേഹം കാണില്ല ,ഞാൻ പിന്നെ തനിച്ചായിപ്പോകും, എനിക്ക് എൻ്റെ ഉമ്മിച്ചിയെ മാത്രം മതി

എൻ്റെ മോനെ.. ഇതൊക്കെ നിന്നോടാര് പറഞ്ഞു ,അതൊക്കെ മോൻ്റെ വെറും തോന്നലാണ്

അല്ല ,എനിക്കറിയാം ഞാൻ സിനിമയിലൊക്കെ കണ്ടിട്ടുണ്ട്, ഉമ്മി അങ്കിളിനെ ഇവിടെ കൊണ്ട് വന്നാൽ ഞാനിവിടെ നില്ക്കില്ല

അയ്യോ, എൻ്റെ പൊന്ന് മോനേ.. നീ അങ്ങനൊന്നും പറയല്ലേടാ, എനിക്ക് നീയല്ലാതെ വേറെയാരാ ഉള്ളത്, നിനക്ക് വേണ്ടിയല്ലേ ഞാൻ ജീവിക്കുന്നത്

അവനെ സമാധാനിപ്പിച്ച് നെഞ്ചോട് ചേർത്തെങ്കിലും, എൻ്റെയുള്ളിൽ നിരാശ കൂട് കൂട്ടിയിരുന്നു.

ആലിൻകായ് പഴുത്തപ്പോൾ, കാക്കയ്ക്ക് വായിൽ പുണ്ണെന്ന് പറഞ്ഞ പോലായി, എൻ്റെ ജീവിതം.

Related Posts

Leave a Reply

Your email address will not be published. Required fields are marked *