നീലാഞ്ജനം ഭാഗം 03~~ എഴുത്ത്:- മിത്ര വിന്ദ

മുൻ ഭാഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

എടാ ശ്രീക്കുട്ടിയെ കെട്ടിച്ചു വിടണ്ടേ അവൾ പിജി കഴിയാറായി… ഇനി എത്ര നാള് കാണും അവൾ അവിടെ.. നീയൊന്ന് ഓർക്ക് എനിക്ക് തന്നെ അവിടെ വന്ന് നിൽക്കാൻ പറ്റുന്നുണ്ടോ..  അവളെയും കൂടി കെട്ടിച്ച് വിട്ടാൽ പിന്നെ അമ്മയ്ക്ക് ആരാണ് ഒരു തുണ”

. ” ഇതിൽ ഇങ്ങനെ പറയാതെ രാജീ……അതൊക്ക അവളുടെ കല്യാണം കഴിയുമ്പോൾ നമുക്ക് ആലോചിക്കാം നീ ഫോൺ വെക്ക്..”

കൂടുതലൊന്നും പറയാതെ കണ്ണൻ ഫോൺ കട്ട് ചെയ്തു.

ഇരു കൈകളും ശിരസ്സിന്റെ പിറകിൽ പിണച്ചുകൊണ്ട് കറങ്ങുന്ന ഫാനിലേക്ക് കണ്ണുംനട്ട് അവൻ കിടന്നു…

കണ്ണേട്ടാ…….. കിലുക്കാം പെട്ടി പോലെ ഒരു ചിരി അവന്റെ ഓർമകളിലേക്ക് ഓടി വന്നു… ഒപ്പം അവളുടെ വിളിയും..

ദീപ….. അമ്മയുടെ മൂത്ത സഹോദരന്റെ മകളായിരുന്നു…

കുഞ്ഞുനാളിലെ മുതൽ എല്ലാവരും പറയുമായിരുന്നു ദീപ കണ്ണന്റെ ആണെന്ന്.. ഏറ്റവും കൂടുതൽ പറഞ്ഞത് അമ്മാവൻ ആയിരുന്നു. ആദ്യം ഒന്നും തനിക്ക് അതിന്റെ അർത്ഥം മനസ്സിലായിരുന്നില്ല. പതിയെ പതിയെ  കൗമാരക്കാരനിലേക്ക് വളരുംതോറും  തന്റെ ഉള്ളിലും ഒരു പ്രണയം മൊട്ടിട്ടു തുടങ്ങി.  അത് അവളോട് തന്നെയായിരുന്നു….  ഓരോ അവധിക്കാലത്തും അമ്മ വീട്ടിലേക്ക് പോകുവാനായി  തന്റെ ഹൃദയം തുടിക്കുന്നത് അവൻ അറിഞ്ഞു.. അമ്മയുടെ അരിപ്പാട്ടയിൽ നിന്ന് ഓരോരോ നാണയത്തുട്ടുകൾ പെറുക്കി ഒ lളിപ്പിച്ചു വയ്ക്കുo…. ഒരു ദിവസം അത് അമ്മ കണ്ടുപിടിച്ചു,  തെക്കേ തൊടിയിൽ നിന്നും ഒരു പേര് മരത്തിന്റെ ചെറു ചില്ല ഉരിഞ്ഞടുത്തു കൊണ്ടുവന്ന  മുട്ടിന്മേൽ നിൽക്കുന്ന  വള്ളി നിക്കർ അൽപം ഉയർത്തി അമ്മ ആഞ്ഞടിച്ചു….  രാത്രിയിൽ അച്ഛൻ വന്നപ്പോൾ കരഞ്ഞു തളർന്നു ഉറക്കം നടിച്ചു കിടന്ന  തന്നെ നോക്കി അമ്മയും കരഞ്ഞു… പാവം അമ്മ അറിഞ്ഞിരുന്നില്ല മലമുത്തപ്പൻ കാവിലെ ഉത്സവത്തിന് അവൾക്ക് പൊട്ടും ചാന്തും മേടിച്ചു കൊടുക്കുവാൻ  ആയി താൻ ഒരു കൂട്ടി വെച്ചതാണ് ആ നാണയത്തുട്ടുകൾ എന്ന്…..

മൂവാണ്ടൻ മാവിന്റെ ചില്ലയിൽ നീളമുള്ള ഊഞ്ഞാലിൽ ഒരുമിച്ചിരുന്ന ന്നാടുമ്പോഴും, കാവിലെ ഉത്സവത്തിന് അനുജത്തിമാരുമായി പോകുമ്പോഴും, ആരും കാണാതെ അവളോട്‌ കിന്നാരം പറയുമ്പോളും, ഒക്കെ താൻ അനുഭവിച്ച സന്തോഷം..

ഒരുമിച്ച് അമ്പലക്കുളത്തിൽ നീന്തിത്തുടിച്ചപ്പോൾ അവളുടെ അടിവയറ്റിൽ നിന്നു വന്നൊരു വേദന….  വയറ്റിൽ അമർത്തിപ്പിടിച്ചുകൊണ്ട് അവൾ ഓടി മറയുമ്പോൾ നനഞ്ഞു കുതിർന്ന അവളുടെ പാവാടത്തുമ്പിൽ ചുവപ്പ് രാശി പടർന്നിരുന്നു…

കാര്യമറിയാതെ താനും അവൾക്കൊപ്പം കരഞ്ഞു…

അവളുടെ ഒപ്പം ഓടി വീട്ടിലെത്തിയപ്പോൾ അമ്മായി അവളെ വേഗം അകത്തേക്ക് കൂട്ടിക്കൊണ്ടുപോയി…

മോള് നാണിക്കുകയൊന്നും വേണ്ട… വേറെ ആരും അല്ലല്ലോ കണ്ടത്… നിന്റെ കണ്ണേട്ടൻ അല്ലേ…. അകത്തുനിന്നും അമ്മയുടെ ആശ്വാസവാക്കുകൾജനാല വാതിലിലൂടെ മറന്നു നിന്ന് താൻ കേട്ടു.

പിന്നീട് അവൾ പതിവുപോലെ ഓടിച്ചാടി മറിയാൻ ഒന്നും തന്റെ കൂടെ വന്നില്ല…

ഞാൻ വലിയ കുട്ടി ആയില്ലേ കണ്ണേട്ടാ… അതുകൊണ്ടാണ്… എന്നോട് പിണങ്ങല്ലേ…. പൂവരശിന്റെ ചുവട്ടിൽ നിന്നുകൊണ്ട് ഒരു ദിവസം അവൾ പറഞ്ഞു.

അന്നുവരെ കണ്ണാരം പൊത്തി കളിച്ചുകൊണ്ട് നടന്ന  ദീപ പെട്ടെന്ന് പല പല  ഭാവങ്ങളിലേക്ക് പോയി….

അവധി കഴിഞ്ഞ് വീട്ടിലേക്ക് പോരുന്ന നേരം  പട്ടുപാവാടയും ബ്ലൗസും ഇട്ട് വാതിൽ പടിയിൽ മറിഞ്ഞു നിന്ന് തന്നെ യാത്രയാക്കുന്ന അവളെ നോക്കിയതും തന്റെ നെഞ്ചൊന്നു പിടഞ്ഞു.

പിന്നീടുള്ള ഓരോരോ അവധിക്കും ചെല്ലുമ്പോഴും അവളിലെ മാറ്റങ്ങൾ താനും നോക്കിക്കാണുകയായിരുന്നു.  അവളുടെ കരിനീല മിഴികളിൽ വല്ലാത്തൊരു ശോഭയായിരുന്നു,  തോളപ്പം വെട്ടിയൊതുക്കിയിരുന്ന തലമുടി നിതംബം വരെ നീണ്ടിരുന്നു, അവളുടെ കവിളിൽ ചുവപ്പു രാശി പടർന്നിരുന്നു, അവളുടെ അധരങ്ങൾ വല്ലാതെ തുടുത്തിരുന്നു….

താനും നോക്കി കാണുകയായിരുന്നു എത്ര പെട്ടെന്നാണ് അവൾ വളർന്നതെന്നു..

തന്നെ കാണുമ്പോഴും താൻ അടുത്ത് ചെല്ലുമ്പോഴും അറിയാതെ അവളുടെ ശ്വാസ താളം മാറുന്നത് താൻ നോക്കി നിന്നിട്ടുണ്ട്…  തനിക്കായി അവളുടെ ചുണ്ടിൽ അവൾ ഒരു പുഞ്ചിരി ഒളിപ്പിച്ചു വച്ചിരിക്കുന്നത് അവൻ മാത്രം അറിഞ്ഞു.

അപ്പോഴൊക്കെ താൻ വിചാരിച്ചിരുന്നു, ഇവളാണ് തന്റെ പെണ്ണെന്നു….

പക്ഷേ ഒരിക്കൽ പോലും അതിരുവിട്ടൊരു സ്നേഹപ്രകടനങ്ങൾ താനും ദീപയും നടത്തിയിട്ടില്ല.  ഒരു ചും ബനം പോലും പരസ്പരം നൽകിയിട്ടില്ല..താൻ അണിയിക്കുന്ന താലിയും ചാർത്തി, തന്റെ വീടിന്റെ ഉമ്മറത്തേക്ക് വലതുകാൽ വെച്ചുവരുന്ന അവളെയും കാത്ത് താനിരുന്നു…..

തുലാമഴ തകർത്തു പെയ്യുന്ന ഒരു ദിവസം,  ഒരു ബുധനാഴ്ച ആയിരുന്നു അന്ന്… പതിവില്ലാതെ അമ്മാവൻ വീട്ടിലേക്ക് വന്നു…

എന്താണ് ഏട്ടാ ഈ മഴയത്തു… എന്തെങ്കിലും പ്രശ്നം ഉണ്ടോ…. അമ്മാവന്റെ മുഖത്തെ അസ്വസ്ഥത കണ്ടു അമ്മക്ക് അപ്പോൾ തന്നെ പന്തികേട് തോന്നിയിരുന്നു…

ഹമ്…. ഒരു കാര്യം പറയാൻ വന്നത് ആണ് ഞാൻ…. അളിയൻ ഇല്ലേ ഇവിടെ.

ചേട്ടൻ റേഷൻ കടയിൽ പോയത് ആണ്… അവിടെ ചെല്ലും മുൻപ് മഴ തുടങ്ങി.. വരാറായി കെട്ടോ….

അപ്പോളേക്കും താനും അവിടേക്ക് ഇറങ്ങി ചെന്നു..

“ആഹ്… നിനക്ക് ഇന്ന് പണി ഒന്നും ഇല്ലാരുന്നോടാ….”?

“ഇപ്പോൾ പണി കുറവാ അമ്മാവാ…’

“ആഹ്… അതാണ് പ്രശ്നം….”അയാൾ തല കുലുക്കി…

എന്താ ചേട്ടാ…. കാര്യം പറ…. ദീപയും നാത്തൂനും എന്തിയെ…

അമ്മ ചോദിച്ചു…

ഹമ്… പറയാം… ഇനി മറച്ചു വെയ്ക്കേണ്ട കാര്യം ഇല്ല…. അയാൾ ഒന്ന് നിവർന്നു ഇരിന്നു കൊണ്ട് പറഞ്ഞു..

ദീപയുടെ ജാതകം നോക്കിയപ്പോൾ ഉടനെ തന്നെ വിവാഹം വേണമെന്ന്, അവിടെയുള്ള ഒരു ജോത്സ്യൻ പറഞ്ഞു.. ഇപ്പോൾ നടന്നില്ലെങ്കിൽ പിന്നെ 35കഴിയണം…. ചെറിയ പാപം ഉണ്ട് ജാതകത്തിൽ എന്നും, എത്രയും പെട്ടെന്ന് കണ്ണനുമായി വിവാഹം നടത്തണമെന്നും ആയിരുന്നു അമ്മാവന്റെ ആവശ്യം..

എല്ലാവരും സ്തംഭിച്ചു നിന്നു പോയി.

വെറും 24 വയസ്സ് മാത്രം പ്രായമുള്ള താൻ,  രണ്ട് സഹോദരിമാർ, ഒരാൾ വിവാഹപ്രായമായി വരുന്നു. അതിനേക്കാൾ എല്ലാം ഉപരി 10 പൈസയ്ക്ക് വരുമാനവുമില്ലത്ത താൻ എങ്ങനെ ഒരു പെൺകുട്ടിയെ വിവാഹം കഴിച്ചു പോറ്റും…. അമ്മ എതിർത്തു… പക്ഷേ അമ്മാവൻ സമ്മതിച്ചില്ല…  അന്ന് അവര് രണ്ടുപേരും തമ്മിൽ ഉഗ്രൻ വഴക്കു നടന്നു. ദീപയോട് എങ്ങനെയെങ്കിലും ഒരു രണ്ടുവർഷം കൂടെ പിടിച്ചു നിൽക്കണമെന്ന് പറയാനായി താൻ അവളെ കാണാൻ ചെന്നു. പക്ഷേ അവൾ സ്വന്തം ജീവിതം കളഞ്ഞു കുളിക്കുവാൻ തയ്യാറല്ല എന്ന് പറഞ്ഞുകൊണ്ട് ഒഴിഞ്ഞുമാറി… താൻ അത്ഭുതപ്പെട്ടുപോയി…. ഇത്രയും സ്നേഹമേ അവൾക്ക് തന്നോട് ഉണ്ടായിരുന്നുള്ളൂ…  രണ്ടുമൂന്നു തവണ കൂടി അവളെ കണ്ടു കാര്യങ്ങൾ ബോധിപ്പിക്കാൻ ശ്രമിച്ചുവെങ്കിലും ശ്രമം വിഫലമായിരുന്നു… അവൾ തന്നിൽ നിന്നും ഒഴിഞ്ഞു മാറി പോവുകയാണ് ചെയ്തത്…

ദീപേ… നീയപ്പോൾ എന്നെ സ്നേഹിച്ചത് ആത്മാർത്ഥമായിട്ടല്ലേ…. താൻ അത് ചോദിക്കുകയും കരഞ്ഞു പോയിരുന്നു..

എന്റെ കണ്ണേട്ടാ… അറിവില്ലാത്ത പ്രായത്തിൽ കുടുംബക്കാർ ഓരോന്ന് പറഞ്ഞു എന്ന് വെച്ച്  അതൊക്കെ ഓർത്തുകൊണ്ടിരുന്നാൽ പറ്റുമോ.പിന്നെ എനിക്ക് കണ്ണേട്ടനോട് ഇഷ്ടം ഉണ്ടായിരുന്നു. ….ഇല്ലെന്നു പറയുന്നില്ല….പക്ഷേ അതൊരു വിവാഹത്തിലേക്ക് ഞാൻ ആഗ്രഹിച്ചിരുന്നു എന്ന് ചോദിച്ചാൽ ഇല്ല…  പിന്നെ എന്റെ അച്ഛന്റെ ഇഷ്ടം ആണ് എന്റെയും ഇഷ്ടം. അതുകൊണ്ടാണ് അച്ഛൻ അവിടെ വന്ന് വിവാഹം ആലോചിച്ചത്. പക്ഷേ ഒരു വേലയും കൂലിയും ഇല്ലാത്ത കണ്ണേട്ടൻ എന്നെ വിവാഹം കഴിച്ച് എന്ത് ചെയ്യാനാണ്… അതുകൊണ്ട് കണ്ണേട്ടൻ കഴിഞ്ഞതൊക്കെ മറക്കണം..നല്ലൊരു ആലോചന എനിക്ക് വന്നിട്ടുണ്ട്.ആള് ദുബായിൽ ഒരു കൺസ്ട്രക്ഷൻ കമ്പനിയിൽ വർക്ക് ചെയ്യുകയാണ്…. നല്ല ആളുകളാണ്… കഴിഞ്ഞദിവസം എന്നെ കാണാൻ വന്നു… പയ്യൻ തരക്കേടില്ല… .ഗൾഫുകാരനെ കണ്ടപ്പോൾ,അവൻ കൊടുത്ത അത്തറിന്റെ മണം അറിഞ്ഞപ്പോൾ,ദീപ തന്നെ മറന്നു…

കണ്ണേട്ടന് വിധിച്ചത് ഞാനല്ല… എല്ലാം മറക്കുക…  നല്ലൊരു ജീവിതം കണ്ണേട്ടന് വേണ്ടി കാത്തിരിക്കുന്നുണ്ട്… കണ്ണേട്ടന് വിധിച്ച പെൺകുട്ടി. കണ്ണേട്ടന്റെ ഭാര്യയായി തന്നെ വരും…

അതും പറഞ്ഞുകൊണ്ട് അവൾ വേഗത്തിൽ നടന്നുപോയി…

കണ്ണൻ ബെഡിൽ നിന്നും എഴുന്നേറ്റു ഇരുന്നു….

ജീവിതം മാറിമറിഞ്ഞത്എ.ത്ര പെട്ടന്ന് ആണ്….

രാജിയുടെ കല്യാണം കഴിഞ്ഞപ്പോൾ സുമേഷിന്റെ സ്വന്തക്കാരിയായ ഒരു പെൺകുട്ടിയുടെ വിവാഹ ആലോചന വന്നു…..

താൻ ഒരുപാട് തവണ എതിർത്തു നോക്കിയെങ്കിലും ആരും സമ്മതിച്ചില്ല.. പിന്നെ തനിക്കും ഒരു വാശിയായിരുന്നു…  അങ്ങനെ മനസ്സില്ല മനസ്സോടെ വിവാഹത്തിന് സമ്മതം മൂളി…  വിവാഹ നിശ്ചയത്തിന്റെ തലേദിവസം രാജിയും അളിയനും കൂടെ പരിശ്രമത്തോടെ വീട്ടിലേക്ക് കയറി വന്നു… അമ്മയുടെ നിലവിളി ഉയർന്നു… താൻ ഓടി ചെന്നു..  അപ്പോഴാണ് അറിയുന്നത് തനിക്ക് വേണ്ടി പറഞ്ഞുവെച്ച പെണ്ണ് ഏതോ ഒരു പയ്യന്റെ കൂടെ ഒളിച്ചോടിപ്പോയെന്ന്…. അങ്ങനെയാ അധ്യായവും അടഞ്ഞു..

അന്നു താൻ തീരുമാനിച്ചു ഇനി ഒരു പെണ്ണിനെയും വിശ്വസിച്ചുകൂടാ എന്ന്…. തന്റെ ജീവിതത്തിൽ ഇനി ഒരു പെണ്ണില്ല….. പുറമേ നിന്ന് ചിരിച്ചിട്ട് ഉള്ളിൽ മറ്റൊരു ഭാവം….. വേണ്ട… തനിക്ക് ആരും വേണ്ട.. എന്റെ അച്ഛന്റെ അമ്മയുടെയും കാലം കഴിയും വരെ ഞാൻ അവരുടെ കൂടെ ഉണ്ടാകും… ബാക്കിയെല്ലാം ഈശ്വരന്റെ കയ്യിൽ.. അവൻ തീരുമാനിച്ചുറപ്പിച്ചു

********************

കല്ലു മോളെ…..

എന്താ അച്ഛമ്മേ…

മോൾ എന്താ ഉറങ്ങാത്തത്….

ഉറക്കം വരുന്നില്ല അച്ഛമ്മേ…

എന്തേ…. മോൾക്ക് എന്തെങ്കിലും വല്ലാഴികയാണോ….

ഹേയ് എനിക്ക് കുഴപ്പമൊന്നുമില്ല… ചില ദിവസം ഇങ്ങനെയാണ് ഉറക്കം വരില്ല…

മോൾ എന്നാൽ അച്ഛമ്മയുടെ ഒപ്പം കയറി കിടന്നോളൂ….

ഒരാൾക്ക് തന്നെ കഷ്ടിച്ച് കിടക്കാൻ വയ്യാത്ത ആ കട്ടിലിലേക്ക് ഞാൻ കൂടിയെനി കേറി കിടക്കാത്ത കുഴപ്പമേയുള്ളൂ….

അതൊന്നും സാരമില്ല… മോൾ ഇങ്ങോട്ട് വാ..

വേണ്ട അച്ഛമ്മേ….അച്ഛമ്മ അവിടെ കിടന്നോളൂ.

അച്ഛമ്മയുടെ കാലം കഴിഞ്ഞാൽ എന്റെ മോൾക്ക് ആരാ ഉള്ളത്… അതൊക്കെ ഓർക്കുമ്പോൾ എനിക്ക് വല്ലാത്തൊരു പരവേശമാണ് കുട്ടി…

അച്ഛമ്മ അതിന് എവിടേക്ക് പോകാനാ… ഒന്നും മിണ്ടാണ്ട് അടങ്ങി കിടക്കു കുട്ടി… അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു..

ആ ഇത് നല്ല കഥ… വയസ്സ് 75 ആയി.. എപ്പോഴാണെന്ന് ആർക്കറിയാം… അതിനു മുൻപ് നിന്നെ ആരുടെയെങ്കിലും കയ്യിൽ പിടിച്ചേൽപ്പിക്കണം…

ആഹ്… നടന്നത് തന്നെ…

അതെന്താ മോളെ നീ അങ്ങനെ പറഞ്ഞത്..

എന്റെ അച്ഛമ്മയെ വിട്ടിട്ട് ഞാൻ എങ്ങും പോകില്ല… പോയാലും നമ്മൾ ഒരുമിച്ച്..

കല്ലൂ അങ്ങനെ ഒന്നും പറയരുത്. എന്റെ മോൾക്കും വേണ്ട ഒരു ജീവിതം..  എന്റെ കണ്ണടയും മുൻപ് നിന്നെ ഒരു നല്ല കുടുംബത്തിലേക്ക് അയക്കണമെന്നാണ് എന്റെ ആഗ്രഹം.. ആണ്ടവാ  നീയത് നടത്തി തരണേ… അവർ മനമുരുകി പ്രാർത്ഥിച്ചു..

അച്ഛമ്മ ഉറങ്ങാൻ നോക്കു … ഇപ്പോൾ തിടുക്കപ്പെട്ട എനിക്ക് വിവാഹം ആലോചിക്കുകയൊന്നും വേണ്ട.. എനിക്ക് 20 വയസ്സായതല്ലേ ഉള്ളൂ. ഇനിയും കിടക്കുവല്ലേ വർഷം മുൻപോട്ട്…

ശരി ശരി…  ഞാൻ പക്ഷേ ദല്ലാൾ രാഘവനോട്  പറഞ്ഞിട്ടുണ്ട് മോളുടെ കാര്യം… നല്ല ആലോചന ഒത്തു വന്നാൽ അവൻ പറയാം എന്ന് എന്നോട് അറിയിച്ചു.

എന്റെ അച്ഛമ്മേ ഇതൊക്കെ എപ്പോൾ നടന്നു .. ഞാനറിഞ്ഞില്ലല്ലോ….

നിന്നോട് പറഞ്ഞിട്ടാണോ മോളെ ഞാൻ ഇതൊക്കെ ചെയ്യേണ്ടത്. ഒക്കെ സമയമാകുമ്പോൾ നീ അറിഞ്ഞാൽ മതി..

ആഹഹാ.. അത് ശരി അപ്പോൾ അങ്ങനെയാണ് കാര്യങ്ങൾ.. ആയിക്കോട്ടെ… സമയമാകുമ്പോൾ എന്നോട് പറഞ്ഞാൽ മതി കേട്ടോ. ഇപ്പോൾ എന്റെ മുത്തശ്ശി ഉറങ്ങ്… പാതി കളിയായും പാതി കാര്യമായും അവൾ പറഞ്ഞു…

തുടരും.

Related Posts

Leave a Reply

Your email address will not be published. Required fields are marked *