നീലാഞ്ജനം ഭാഗം 61~~ എഴുത്ത്:- മിത്ര വിന്ദ

മുൻ ഭാഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കണ്ണേട്ടാ….. ഒന്ന് സൂചിപ്പിച്ചു പോലും ഇല്ലാലോ…

പരിഭവത്തോടെ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു അവൾ..

“നിനക്ക് ഒരു സർപ്രൈസ് ആവട്ടെ എന്ന് കരുതി…” . കയ്യിൽ ഇരുന്ന പലഹാരപ്പൊതി അവളിലേക്ക് ഏൽപ്പിച്ചു കൊണ്ട് കണ്ണൻ അവളെ ചേർത്തു പിടിച്ചു..

അപ്പോളേക്കും അവന്റെ ശബ്ദം കേട്ടതും കല്ലുവിന്റെ വയറ്റിൽകിടന്നു കുഞ്ഞു ഒന്ന് ചലിച്ചു..

“ആഹ്ഹ… അച്ഛന്റെ ശബ്ദം കേട്ടതും മനസിലായല്ലോ…”

അവൾ കണ്ണനെ നോക്കി പറഞ്ഞു.

“എന്നാലും….എന്നോട് ഒന്ന് പറയാമായിരുന്നു….”.ചുണ്ട് കൂർപ്പിച്ചു കൊണ്ട് അവന്റെ വയറിലേക്ക് തന്റെ ചൂണ്ടു വിരൽ കൊണ്ട് കുത്തി അവള്….

“നിന്നെ ഒന്ന് ഞെട്ടിക്കുവാൻ അല്ലയിരുന്നോ പെണ്ണേ.. അല്ലേ അച്ഛന്മേ “

ഇറയത്തു നിൽക്കുന്ന അച്ഛമ്മയെ നോക്കി ആണ് അവൻ അത് പറഞ്ഞത്.

“മോൻ ഇങ്ങട് കേറി വരട്ടെ മോളെ…. വണ്ടി ഓടിച്ചു മടുത്തു വന്നത് അല്ലെ “

അച്ഛമ്മ കല്ലുവിനെ നോക്കി കണ്ണിറുക്കി…

അച്ഛമ്മ കൊടുത്ത നാരങ്ങ വെള്ളം കുടിച്ചു കൊണ്ട് അര ഭിത്തിയിൽ ഇരിക്കുക ആണ് കണ്ണൻ..

അവൻ കൊണ്ട് വന്ന നെയ്യപ്പം എടുത്തു കൊതിയോടെ കഴിക്കുക ആണ് കല്ലു..

അത് നോക്കി കണ്ണൻ ചിരിച്ചു.

“എന്റെ കല്ലുവേ…. നി ഇങ്ങനെ ആർത്തിയോടെ കഴിച്ചാൽ വയറ്റിൽ കിടക്കുന്ന കുഞ്ഞിന് കൊതിച്ചിപ്പാറു എന്ന് പേരിടേണ്ടി വരും….”

അച്ഛമ്മ കളിയാക്കിയപ്പോൾ അവൾ അച്ഛമ്മയെ കുറുമ്പോടെ വീണ്ടും നോക്കി…..

അല്പ സമയം കഴിഞ്ഞപ്പോൾ ഉഷയും എത്തിയിരുന്നു.

അച്ഛമ്മ വിളിച്ചു പറഞ്ഞത് കൊണ്ട് ഉഷ ആണെങ്കിൽ കുറച്ചു കപ്പയും മീനും ഒക്കെ മേടിച്ചു കൊണ്ട് ആണ് വന്നത്..

കണ്ണനോട് കുശലം ഒക്കെ പറഞ്ഞതിന് ശേഷം അവർ വേഗം അടുക്കളയിലേക്ക് പോയി.

അച്ഛമ്മ അപ്പോളേക്കും ഒരു മുറം എടുത്തു കൊണ്ട് വന്നു അതിലേക്ക് കപ്പ എല്ലാം എടുത്തു വെച്ചു.

“മീൻ എന്തുവാടി മോളെ “

“വറ്റ ആണ് അമ്മേ… അതെല്ലാം കഷ്ണം ആക്കി ആണ് മേടിച്ചത്… അതുകൊണ്ട് എളുപ്പം ഉണ്ട് ‘

“മ്മ്… അത് നന്നായി മക്കളെ….വേഗന്നു ഉണ്ടാക്കാം… ആ കൊച്ചൻ വന്നിട്ട് കുറച്ചു സമയം ആയി.. ഒന്നും കൊടുത്തില്ല ഇതേ വരെ..”

“അമ്മേ… കല്ലുമോൾക്ക് മേടിച്ചു വെച്ച തിൽ നിന്നു കുറച്ചു ബേക്കറി എടുത്തു കൊടുക്കാൻ പാടില്ലായിരുന്നോ…”

“അതിന് കണ്ണൻ സമ്മതിച്ചില്ല… വെറും നാരങ്ങ വെള്ളം മാത്രം കുടിച്ചു…”

“ആഹ്… നമ്മൾക്ക് വേഗം കപ്പ പുഴുങ്ങാ….മീനും പറ്റിക്കാം…. വൈകിട്ട് ചേട്ടനോട് ഒരു താറാവിനെ മേടിച്ചോണ്ട് വരാൻ വിളിച്ചു പറഞ്ഞിട്ടുണ്ട് “

“കണ്ണന് ഇന്ന് തന്നെ പോകണം എന്ന് പറഞ്ഞു മോളെ “…

“അതൊന്നും സാരമില്ല അമ്മേ… ഇന്ന് എന്തായാലും ഇവിടെ നിൽക്കട്ടെ… അവൾക്കും സന്തോഷം ആകുല്ലോ.പെണ്ണിന് വെള്ളം പോലും ഇറങ്ങില്ലായിരുന്നു, കണ്ണേട്ടനെ കാണാഞ്ഞിട്ട്…..”ഉഷ അമ്മയോട് പറഞ്ഞു..

അച്ഛമ്മ അത് കേട്ടു ഒന്ന് ചിരിച്ചു കൊണ്ട് കപ്പയുടെ ഒക്കെ തോലുകളഞ്ഞു മുറത്തിന്റെ ഒരു കോണിലേക്ക് വെച്ചു.

ഈ സമയം കണ്ണനും കല്ലുവും അവളുട മുറിയിൽ ആയിരുന്നു.

അവളുടെ വീർത്ത വയറിമേൽ ചുണ്ടുകൾ ചേർത്ത ശേഷം അവൻ അവളെ നോക്കി മന്ദഹസിച്ചു..

“മ്മ്… എന്തേ “

അവൾ അവന്റെ വലതു കൈ എടുത്തു വയറിന്മേൽ ചേർത്തു..

“രണ്ട് മൂന്ന് ദിവസം കഴിഞ്ഞത് എങ്കിലും ഒരുപാട് ആയതു പോലെ തോന്നുന്നു “

“സത്യം ആണ് ഏട്ടാ….. ഞാനും അത് ഓർത്തിരുന്നു “

അവളുടെ കാലുകൾ ഒക്കെ ചെറുതായി നീര് വന്നു വീർക്കാൻ തുടങ്ങി.. ഇടയ്ക്കു വല്ലാത്ത കടച്ചിലും ഉണ്ടന്ന് അവൾ പറഞ്ഞു.

“വീട്ടിലേക്ക് പോയേക്കാം… അവിടെ ആകുമ്പോൾ ആ കുഴമ്പ് ഒക്കെ ഇട്ടു തേച്ചു കുളിച്ചു കഴിഞ്ഞാൽ ഒരു അല്പം ആശ്വാസം കിട്ടും….”

കണ്ണൻ അവളോട് ശബ്ദം താഴ്ത്തി പറഞ്ഞു.

“അച്ഛമ്മ ആണെങ്കിൽ ഇനി വീട്ടിലേക്ക് വിടില്ല എന്ന് പറഞ്ഞു ആണ് ഏട്ടാ “

“ആരെ…”അവന്റെ പുരികം ചുളിഞ്ഞു.

“എന്നേ… അല്ലാതെ പിന്നെ ആരെ ആണ് “

“എന്താ കാരണം “…

“അത്.. ഏഴു മാസം പകുതി കഴിഞ്ഞു… ഇനി എന്നാ പോകാനാ.. ദൂരം കൂടുതൽ അല്ലേ എന്ന്..”

“അതൊക്കെ അങ്ങ് പള്ളിൽ പറഞ്ഞാൽ മതി… നിന്നെ കൊണ്ട് പോകാൻ ആണ് ഞാൻ വന്നത് “

“എങ്ങനെ… ബൈക്കിലോ “?

“ബാപ്പുട്ടി കാലത്തെ കാറും ആയിട്ട് ഇങ്ങോട്ട് വരും..നമ്മൾക്ക് അതിൽ പോകാം . എന്റെ വണ്ടി അവൻ തിരിച്ചു അങ്ങ് കൊണ്ട് പൊയ്ക്കോളും…”

“എന്നാൽ പിന്നെ ഏട്ടൻ ആ കാറും ആയിട്ട് വന്നാൽ പോരായിരുന്നോ “

“അത് അവന്റെ പെങ്ങളുടെ വീട്ടിൽ എല്ലാവരും കൂടി പോയേക്കുവാ.. രാത്രി യിൽ എത്തുവൊള്ളൂ “

“ശോ….ഏട്ടൻ എങ്കിൽ നാളെ വന്നാൽ മതി ആയിരുന്നു “

“ആദ്യം ഞാനും അങ്ങനെ ഓർത്തത് ആണ്… പക്ഷെ എനിക്ക് നിന്നെ കാണാഞ്ഞിട്ട് ഒരു സമാധാനവും ഇല്ലായിരുന്നു.. അതാണ്.. കിടന്നിട്ട് ഉറങ്ങാൻ പോലും പറ്റണില്ല കല്ലുവേ..”

അവന്റ അത്രമേൽ ആർദ്രമായ വാക്കുകൾ അവളുടെ ഹൃദയത്തെ പുളകിതമാക്കി.

“നീ നാളെ വരുന്നുണ്ടോ “

“ഏട്ടൻ അച്ഛമ്മയോട് പറയാമോ…. ഒരാഴ്ച പോലും നിൽക്കാതെ എങ്ങനെ ആണ് “

“ഹ്മ്മ്… അത് ഒന്നും സാരമില്ല… വേറാരുമല്ലലോ വിളിക്കുന്നത്.. നിന്റെ കെട്ടിയോൻ അല്ലേടി “

“ഒക്കെ ശരിയാണ്… പക്ഷെ… “

“നിനക്ക് വരാൻ മനസില്ലെങ്കിൽ അത് പറഞ്ഞാൽ മതി.. ഞാൻ ഇപ്പോൾ തന്നെ പോയേക്കാം “

കേറുവോടെ പറയുന്നവനെ നോക്കി നിന്ന് പോയി കല്ലു..

“എന്റെ ഏട്ടാ… ഏട്ടന്റെ മനസിൽ എത്രത്തോളം വിഷമം ഉണ്ടായോ, അതിന്റെ പതിന്മടങ്ങു സങ്കടത്തോടെ ആണ് ഞാൻ ഇവിടെ നിന്നേ… ആദ്യം ആയിട്ട് ആണ് ഏട്ടനെ പിരിഞ്ഞു ഈ രണ്ട് മൂന്ന് ദിവസം കഴിച്ചു കൂട്ടിയത്…എങ്ങനെ എങ്കിലും ഏട്ടൻ ഒന്ന് വരണേ എന്നത് ആയിരുന്നു എന്റെ പ്രാർത്ഥന.. ഇന്നലെ രാത്രിയിൽ ആണെങ്കിൽ എനിക്ക് കരച്ചിൽ കൂടി വന്നു…അച്ഛമ്മ ചോദിച്ചപ്പോൾ കാലിനു വേദന ആണെന്ന് കള്ളം പറഞ്ഞു…. അറിയാമോ….”

അത് പറയുമ്പോൾ അവളുടെ ശബ്ദം ഇടറി…

“ഞാൻ നിന്നെ വേദനിപ്പിക്കാൻ പറഞ്ഞത് അല്ല കല്ലു….. എന്റെ അവസ്ഥ യും ഇങ്ങനെ ഒക്കെ തന്നെ ആണ്… അതുകൊണ്ട് അല്ലേ ഞാൻ ഇപ്പോൾ ഓടി പാഞ്ഞു വന്നത്… ബാപ്പു ഒരുപാട് തവണ പറഞ്ഞു, നാളെ കാലത്തെ പോകാം… വണ്ടിയും ആയിട്ട് എന്ന്… അതിനു പോലും നിൽക്കാതെ ഞാൻ വന്നത്, നിന്നെ ഒരു നോക്ക് ഒന്ന് കാണാൻ വേണ്ടി മാത്രം ആണ്…”

രണ്ടാളും തങ്ങളുടെ വിരഹവേദന.ഒരുപോലെ പങ്ക് വെയ്ക്കുക ആണ്…

“മോളെ… കല്ലുവേ… കണ്ണനെ വിളിച്ചോണ്ട് വായോ… ആ കുട്ടി വന്നിട്ട് ഇത്രയു നേരമായിട്ടും ഒന്നും കഴിച്ചില്ലല്ലോ..” അച്ഛമ്മയാണ്…

“കണ്ണേട്ടാ… വാ കേട്ടോ… അപ്പച്ചി കപ്പ യും മീൻ കറിയും ഉണ്ടാക്കിയിട്ടുണ്ട് “

അവനെ വിളിച്ചു കൊണ്ട് കല്ലു ഊണ് മുറിയിലേക്ക് പോയി..

“അച്ഛമ്മയും അപ്പച്ചിയും കൂടെ കൈ കഴുകു.. നമ്മൾക്ക് ഒരുമിച്ചു ഇരിക്കാം “

കണ്ണൻ നിർബന്ധിച്ചു എങ്കിലും അവർ പിന്നീട് ഇരുന്നോളാം എന്ന് പറഞ്ഞു ഒഴിഞ്ഞു മാറി.

കല്ലു ആണെങ്കി ഒരല്പം മാത്രമേ കഴിച്ചോള്ളൂ…. ഇടയ്ക്ക് ഒക്കെ വയറ്റിൽ ഗ്യാസ് കെട്ടും എന്ന് പറഞ്ഞു ആണ് അവൾ കപ്പ കഴിക്കാതെ ഇരുന്നത്…

“മോനേ…. നാളെ പോയാൽ മതി കേട്ടോ… എന്തായാലും വന്നത് അല്ലേ…”

അവന്റ പാത്രത്തിലേക്ക് ഇത്തിരി മീൻ കൂട്ടാൻ കൂടി ഒഴിച്ച് കൊണ്ട് ഉഷ പറഞ്ഞു.

“അപ്പച്ചി… ഞാൻ എന്നാലേ … നാളെ കല്ലുവിനെ കൂടി അങ്ങ് കൊണ്ട് പോയാലോ എന്ന് ആലോചിക്കുക ആയിരുന്നു..”

“നാളെയോ….. രണ്ട് ദിവസം ആയത് അല്ലേ ഒള്ളൂ മോനേ ഈ കുട്ടി വന്നിട്ട് “

അച്ഛമ്മയുടെ കണ്ണുകൾ മിഴിഞ്ഞു..

“അത് ഒന്നും സാരമില്ല അച്ഛമ്മേ…. കല്ലു അവിടെ നിന്നോളും…. അടുത്ത ആഴ്ച ഹോസ്പിറ്റലിൽ ഒന്നു പോകേം വേണം… “

“എന്നാലും എന്റെ മോനേ… ആളോൾ ഒക്കെ എന്ത് വിചാരിക്കും…. “

“അത് ഒന്നും സാരമില്ല അപ്പച്ചി… ഇവിടെ ആണേൽ അച്ഛമ്മ ഒറ്റയ്ക്ക് അല്ലേ ഒള്ളൂ… അപ്പച്ചിക്ക് ജോലിക്കും പോണ്ടേ…. ഞാൻ കല്ലുവിനെ കൊണ്ട് പോയ്കോളാം…. അച്ഛമ്മ കൂടി വരുന്നോ അങ്ങട് “

“ഞാൻ ഇല്ല്യ മോനേ…… കല്ലു മോൾ അവിടെ നിന്നും ആശുപത്രിയിൽ പോയ്കോളാം എന്ന് എന്നോട് പറഞ്ഞു… ശോഭ യും പറഞ്ഞിരുന്നേ… പക്ഷെ ഇത്രയും പെട്ടന്ന്…. ഈ കുട്ടി ആണെങ്കിൽ എന്റെ ഒപ്പം കല്യാണ കഴിഞ്ഞു ഒന്നു നിന്നിട്ട് പോലും ഇല്ലാലോ… ഇനി എങ്കിലും എന്റെ കൂടെ നിൽക്കട്ടെ എന്ന് കരുതി സന്തോഷിച്ചു ഇരിക്കുക ആയിരുന്നു ഞാന്…”

അച്ഛമ്മയുടെ പരിഭവം കേട്ടപ്പോൾ കണ്ണനും കല്ലുവിനും വിഷമം ആയിരുന്നു..

“മോള് പൊന്നുണ്ടോ കണ്ണന്റെ ഒപ്പം…”

അച്ഛമ്മ ചോദിച്ചപ്പോൾ കല്ലുവിന് പെട്ടന്ന് എന്ത് പറയണം എന്ന് അറിയില്ലായിരുന്നു.

“അത് പിന്നെ അച്ഛമ്മേ… ഞാൻ ഇപ്പോൾ “

അവളുടെ വാക്കുകൾ മുറിഞ്ഞു.

“എങ്കിൽ സാരമില്ല അച്ഛമ്മേ… കുറച്ചു ദിവസം കഴിഞ്ഞ ഞാൻ വന്നു കൊണ്ട് പോയ്ക്കോളാം… കല്ലു ഇവിടെ നിൽക്കട്ടെ “

അവളുടെ അവസ്ഥ മനസിലാക്കിയ കണ്ണൻ വേഗം പറഞ്ഞു…

അച്ഛമ്മക്ക് സങ്കടം ആവൂല്ലോ എന്ന് കരുതി ആണ് കല്ലു ഒന്നും മിണ്ടാതെ നിന്നതു…

“സാരമില്ല മോളെ…. നി പോകുന്നുണ്ടെങ്കിൽ പൊയ്ക്കോളൂ….എപ്പോളും ഓടി വരാൻ കണ്ണനും ബുദ്ധിമുട്ട് ഇല്ലേ “

“കുഴപ്പമില്ല അച്ഛമ്മേ….. ഞാൻ ഹോസ്പിറ്റലിൽ പോയിട്ട് അവിടേക്ക് പോയ്കോളാം…”

കല്ലു പറഞ്ഞപ്പോൾ കണ്ണനും അങ്ങനെ തന്നെ മതി എന്ന് പറഞ്ഞു.

അവന്റ ഫോൺ ശബ്ധിച്ചപ്പോൾ വേഗം കൈ കഴുകി തുടച്ചിട്ട് ഫോൺ എടുക്കാനായി അവൻ മുറിയിലേക്ക് പോയി.

“കല്ലു…”

അല്പം കഴിഞ്ഞതും അവൻ ഫോൺ പോക്കറ്റിൽ ഇട്ടു കൊണ്ട് അവരുടെ അടുത്തേക്ക് വന്നു.

“എന്തോ “

“ഞാൻ എന്നാൽ ഇറങ്ങുവാ കേട്ടോ.. നാളെ കാലത്തെ രണ്ട് ഓട്ടം ഉണ്ട്… നമ്മുടെ മുതലാളി ആണ് ഇപ്പോൾ വിളിച്ചത് “

അവൻ തിടുക്കത്തിൽ അവരുട അടുത്തേക്ക് വന്നു.

“അയ്യോ… ഇന്ന് പോണില്ല എന്ന് പറഞ്ഞിട്ടോ “

“കല്ലു… നമ്മുടെ മേലെപ്പറമ്പിലെ സിബി ക്ക് വീട് പണിയാൻ അത്യാവശ്യം ആയിട്ട് കല്ലെറക്കണം… പോകാതെ പറ്റില്ല…. “
..

കല്ലു സങ്കടത്തോടെ അവനെ നോക്കി.

“വല്ലപ്പോഴും അല്ലേ പണി ഒള്ളൂ… കിട്ടുന്ന ഓട്ടം കളഞ്ഞാൽ പിന്നെ എന്നാ ചെയ്യും.. ഒരുപാട് പൈസ ആവശ്യം ഉണ്ട് കല്ലു “
..

അവൻ അത് പറഞ്ഞപ്പോൾ കല്ലു പിന്നീട് ഒന്നും പറഞ്ഞില്ല.

അര മണിക്കൂറിനു ഉള്ളിൽ അവൻ എല്ലാവരോടും യാത്ര പറഞ്ഞു പോയി..

നിറമിഴികളോട് തന്നെ നോക്കി നിൽക്കുന്ന കല്ലുവിനെ അവൻ ബൈക്ക്ന്റെ കണ്ണാടിയിൽ കൂടി കണ്ടിരുന്നു…

അവന്റെ മനസിലും സങ്കടം ഏറെ ഉണ്ട്… പക്ഷെ പോവാതെ വേറെ നിർവാഹം ഇല്ലായിരുന്നു.

“മോളെ…. ത്രി സന്ധ്യ ആണ്… മുറിയിലേക്ക് കയറി വായോ…”

അച്ഛമ്മ വിളിച്ചപ്പോൾ കല്ലു വരാന്തയിലേക്ക് കയറി..

തുടരും….

Related Posts

Leave a Reply

Your email address will not be published. Required fields are marked *