നീ അതൊന്നും ആലോചിച്ചു മനസ്സുവിഷമിപ്പിക്കേണ്ട. അവള് താഴേക്ക് വന്നാലും ഒന്നും ചോദിച്ചു വിഷമിപ്പിക്കാതെ…..

Story written by Latheesh Kaitheri

“എവിടെ സുഭദ്രേ നിന്റെ മരുമകൾ?”

“മരുമകൾ അല്ലെടോ മകൾ! അങ്ങനെ പറയുന്നതാ എനിക്കിഷ്ടം.”

“ശരി ശരി! എന്നിട്ടു മകൾ എവിടെ?”

“അവൾ അനുവിന്റെ കൂടെ അമ്പലത്തിൽ പോയിരിക്കുകയാണ്.”

“സമയം എട്ടര ആയല്ലോ? എന്നിട്ടും രണ്ടാൾക്കും വരാറായില്ലേ?”

“അവൾ അതിരാവിലെ എഴുന്നേറ്റു എന്നെ അടുക്കളയിൽ സഹായിച്ചിട്ടാ അമ്പലത്തിൽ പോകാൻ തുടങ്ങിയത്. ഞാൻ അപ്പോൾ തന്നെ പറഞ്ഞതാ, മോള് അമ്പലത്തിൽ പോയി വരൂ, അമ്മ അടുക്കളക്കാര്യം നോക്കിക്കൊള്ളാം എന്ന്. എന്ത് ചെയ്യാം ആ കുട്ടി സമ്മതിക്കേണ്ടേ? ഒരു വിധം രാവിലേക്കുള്ള മുഴുവൻ ഭക്ഷണത്തിന്റെ കാര്യവും റെഡി ആക്കിയാണ് അവൾ അമ്പലത്തിലേക്ക് പോയത്.”

“താൻ വളരെ ഭാഗ്യവതി ആണല്ലോടോ സുഭദ്രേ?”

“നമ്മള് കുട്ടികളോട് എങ്ങനെ പെരുമാറുന്നു അത് നമുക്ക് തിരിച്ചു കിട്ടും.”

“എന്നാപ്പിന്നെ ശരി, ഞാൻ വൈകിട്ടു വരാം. അമ്മയുടെ മെയിൻ ചങ്ങായിച്ചി ഉഷച്ചേച്ചി വന്നു അവൾക്കുവേണ്ടി കുറെ കാത്തിരുന്നു എന്ന് നീ അവളോട് പറയണം.”

“ഞാൻ പറയടോ. അല്ലെങ്കിലും അവൾ ഇനി എന്നും എന്റെ ഒപ്പം ഉണ്ടാകും. തനിക്ക് എപ്പോഴും കാണാലോ?”

സുഭദ്രാമ്മ പതിയെ പതിയെ മുകളിലേക്കുള്ള പടികൾ കയറി മകന്റെ മുറിയുടെ മുന്നിലെത്തി.

“മോനെ സുമേഷേ, വാതിൽ തുറക്കു മോനെ.”

അകത്തുനിന്നും വാതിൽ തുറന്നുകൊണ്ടു സുമേഷ്,”എന്താ അമ്മേ?”

“മോളേ ഇതുവരെ താഴെക്കൊന്നും കണ്ടില്ല. എന്താ അസുഖം വല്ലതും ഉണ്ടോ?”

“ഓ, ഞാൻ ശ്രദ്ധിച്ചില്ല അമ്മെ. ഞാൻ നല്ല വണ്ണം ഉറങ്ങിപ്പോയി. മൂന്നു ദിവസമായി യാത്രാ,പാർട്ടി,ഒക്കെ കൂടി ഒരുപോള കണ്ണടിച്ചില്ല. അതുകൊണ്ടു ഇന്നലെ വന്നു കിടന്നതേ ഓർമ്മയുള്ളു. അമ്മ വിളിക്കുമ്പോഴാ ഞെട്ടിയത്!”

“അമ്മയ്ക്കറിയില്ലോ നിന്റെ ഉറക്കം? ഞാൻ രേഷമയ്‌ക്കെന്തു പറ്റി എന്നു വിഷമിച്ചു വന്നതാ.”

“അത് അമ്മേ, സമയം ഒന്പതുമണി ആവാറായല്ലോ? അവളെന്താ ഈ കാട്ടികൂട്ടിയെ? ചേച്ചിമാരും മറ്റുള്ളവരുമൊക്കെ എന്തു വിചാരിക്കും?”

“നീ അതൊന്നും ആലോചിച്ചു മനസ്സുവിഷമിപ്പിക്കേണ്ട. അവള് താഴേക്ക് വന്നാലും ഒന്നും ചോദിച്ചു വിഷമിപ്പിക്കാതെ കുട്ടിയോട് നല്ല സ്നേഹത്തിൽ പെരുമാറാൻ അമ്മ അവരോടു പറഞ്ഞിട്ടുണ്ട്.”

“അമ്മ താഴേക്ക് പോയിക്കോളൂ. ഞാൻ അവളെ വിളിച്ചു അങ്ങോട്ട് അയയ്ക്കാം.”

“രേഷ്മേ,രേഷ്മേ,നീ എഴുന്നേറ്റെ, സമയം ഒൻമ്പതായി.”

“സോറി സുമേഷേട്ടാ, ഞാൻ വീട്ടിലും എട്ടുമണിക്കൊക്കെയേ എഴുന്നേൽക്കാറുള്ളു. ഇതു പിന്നെ ഇന്നലത്തെ ചേട്ടന്റെ കസർത്തും കൂടി ആയപ്പോൾ ശരീരത്തിന് തീരെ വയ്യാ, അതുകൊണ്ടാ.”

“അതൊന്നും പറഞ്ഞിട്ടു കാര്യമില്ല മോളെ. ഇതു നിന്റെ വീടല്ല. ഭർതൃവീടാണ്. ഒന്നാമത് പ്രണയ വിവാഹം,അവിടെ ആദ്യത്തെ ദിവസം തന്നെ ഇങ്ങനെയൊക്കെ ആയാൽ മറ്റുള്ളവരുടെ മുൻപിൽ നീ മോശക്കാരിയാകും ,അതുകൊണ്ടു പെട്ടെന്ന് കുളിച്ചു നീ താഴേക്ക് പോയെ.”

രേഷ്മ മടിച്ചുമടിച്ചു പടികൾ ഓരോന്നായി ഇറങ്ങി അടുക്കളയിലെത്തി.

“മോളേ, ഈ ചായ കുടിച്ചേ. മോൾക്ക് ഇവിടുത്തെ സാഹചര്യങ്ങളുമായി പൊരുത്ത പ്പെടാൻ ബുദ്ധിമുട്ടുണ്ടാകും. അറിയാം. എങ്കിലും മോൾക്ക് എന്താവശ്യമുണ്ടെങ്കിലും അമ്മയോട് പറയണം.”

“അത് അമ്മെ, ഞാൻ, കുറച്ചു…”

“മോളൊന്നും അമ്മയോട് പറയേണ്ട. അമ്മയ്ക്ക് ഇത്രയും നല്ല ഒരു മോളേ അവൻ കൊണ്ട് തന്നല്ലോ? അതുമതി ഈ അമ്മയ്ക്ക്. അമ്മയ്ക്ക് ഒരുപാടു ഇഷ്ടായി മോളെ. ഞാൻ എപ്പോഴും അവനോടു പറയും കെട്ടികൊണ്ടു വരുന്ന കുട്ടിയുടെ കണ്ണുനനയുന്ന ഒരു പ്രവർത്തിയും ചെയ്യരുത് എന്ന്. അമ്മ ഒരു പാട് അനുഭവിച്ചതാണ് മോളെ. മറ്റൊരു ജീവിത ചുറ്റുപാടിൽ നിന്നും വരുന്ന ഒരു കുട്ടിയുടെ പേടിയും വേവലാതികളും വിഷമവും ഒക്കെ ഈ അമ്മയ്‌ക്ക്‌ മനസ്സിലാകും. മോളുടെ രീതികൾ ഒന്നും ഈ അമ്മയ്ക്കറിയില്ല. എല്ലാം തുറന്നു പറയണം. പ്രത്യേകിച്ചും ഭക്ഷണകാര്യങ്ങളിൽ?”

“അങ്ങനെ ഒന്നുമില്ല അമ്മെ എനിക്ക്. നിങ്ങൾ എന്തുകഴിക്കുന്നു അത് തന്നെ എനിക്കും മതി.”

“അതൊന്നും പറഞ്ഞാൽ പറ്റില്ല. മോളുടെ അച്ഛനും അമ്മയും എന്നെയാണ് തെറ്റിദ്ധരിക്കുക. മോൾക്ക് ഇഷ്ടപെട്ടത് എന്തുതന്നെ ആയാലും നമുക്ക് ഇവിടെ ഉണ്ടാക്കാം.”

പറഞ്ഞു മുഴുമിപ്പിക്കും മുൻപേ രേഷ്മ സുഭദ്രയെ കെട്ടിപ്പിടിച്ചു കരഞ്ഞുതുടങ്ങിയിരുന്നു.

“എന്തിനാ അമ്മെ എന്നെ ഇങ്ങനെ സ്നേഹിക്കുന്നത്? അതിനു മാത്രം എന്തു പുണ്യമാ ഞാൻ ചെയ്തത്. ആർക്കും വേണ്ടാത്ത ഒരു ജന്മമായിരുന്നു ഞാൻ. പണം ഉണ്ടായിട്ടും അതിനു പിറകേ പോകുന്ന അച്ഛനും അമ്മയും. സ്റ്റാറ്റസിന് വേണ്ടി ഊട്ടിയിലെ ഉന്നത സ്കൂളിൽ അവർ എനിക്കും സീറ്റു വാങ്ങി തന്നു. അച്ചന്റേയും അമ്മയുടെയും സ്നേഹവാത്സല്യങ്ങൾ അനുഭവിക്കേണ്ട പത്തു വർഷങ്ങൾ ബോർഡിങ് സ്കൂളിലെ ചുമരുകൾക്കുള്ളിൽ ജീവിച്ചു. അവരുടെ കൃത്യമായ ശാസനകൾ തന്റെ മനസ്സിനേയും ശക്തിപ്പെടുത്തുകയായിരുന്നു. എത്രതന്നെ സ്നേഹിക്കാൻ ശ്രമിച്ചിട്ടും മനസു തുറന്നു അവരെ എനിക്ക് സ്നേഹിക്കാൻ പറ്റുന്നില്ല. കാരണം എന്റെ ഓർമ്മച്ചെപ്പിൽ സൂക്ഷിച്ചുവെക്കാൻ മാത്രമുള്ള ഒരു സുവർണ്ണ നിമിഷങ്ങളും അവരിൽ നിന്നും തനിക്കു ലഭിച്ചില്ല. എപ്പൊ ഉണ്ടാലും,ഉറങ്ങിയാലും,എഴുന്നേറ്റാലും ആരും എന്റെ കാര്യങ്ങൾ അന്വേഷിക്കാറുമില്ല. അങ്ങനെയുള്ള ഒറ്റപ്പെടലിൽ ആണ് സുമേഷുച്ചേട്ടനെ പരിചയപ്പെടുന്നത്. അതിനേയും അവർ എതിർത്തു. എങ്കിലും എന്റെ തീരുമാനത്തിൽ ഒരിലക്കലും മാറ്റം ഉണ്ടാകില്ല എന്ന് മനസ്സിലാക്കിയത് കൊണ്ട് മാത്രം ഈ വിവാഹത്തിന് സമ്മതിക്കുക യായിരുന്നു. ഇപ്പൊ എനിക്ക് മനസ്സിലായി എനിക്കു വേണ്ടി ദൈവം കാത്തുവെച്ച അമ്മ ഇതാണ്. എന്റെ ഈ കഴിഞ്ഞ ചെറിയ ജീവിതത്തിൽ എനിക്ക് നഷ്ടപ്പെട്ടുപോയ അമ്മയുടെ സ്നേഹം, സാമിപ്യം ഇപ്പോൾ കുറച്ചു നിമിഷങ്ങൾ കൊണ്ട് ഞാൻ അനുഭവിച്ചറിയുന്നു. എന്റെ ഭാഗത്തു നിന്നും എന്തെങ്കിലും തെറ്റ് സംഭവിച്ചാൽ അമ്മയെന്നെ ശാസിക്കണം, തിരുത്തിത്തരണം, അമ്മയെന്റെ അമ്മയാകണം!”

സുഭദ്ര അവളുടെ മുഖം കയ്യിലെടുത്തു. അവളുടെ കണ്ണിൽ നിന്നും താഴ്ന്നിറങ്ങുന്ന കണ്ണീർ തന്റെ നേരിയത് കൊണ്ടു ഒപ്പി. മൂർദ്ധാവിൽ ചുംബിച്ചു. “എന്തെ മോളേ നീ ഈ അമ്മയുടെ അടുത്തെത്താൻ ഇത്രയും വൈകി?”

Related Posts

Leave a Reply

Your email address will not be published. Required fields are marked *