നൈറ്റ്‌ ഡ്രൈവ് ഭാഗം 16 ~~ എഴുത്ത്:- മഹാ ദേവൻ

മുൻ ഭാഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ.

ബാലൻസ് നഷ്ട്ടപ്പെട്ടു കാറിന്റെ ബൊണറ്റിലേക്ക് വീണ സുദേവിനെ കാർത്തിക് കോളറിൽ പിടിച്ചുയർത്തി അവന്റ കണ്ണുകളിലേക്ക് ക്രൗര്യതയോടെ നോക്കി,

” സ്വന്തം പെങ്ങളെ ചിരിച്ചുകൊണ്ട് ചതിച്ചിട്ടു ഒന്നുമറിയാത്ത പൊന്നാങ്ങളയെ പ്പോലെ നീയിവിടെ ഞെളിഞ്ഞിരുന്നു പത്രം വായിച്ചു രസിക്കുവാണോടാ
പൊല********** മോനെ… “

കാർത്തിക്കിന്റെ ചോദ്യം കേട്ട് ഒരു നിമിഷം സ്തംഭിച്ചു നിന്നു സുദേവ്. പിന്നേ കോളറിൽ പിടിച്ചിരുന്ന കാർത്തിക്കിന്റെ കൈ ശക്തിയായി തട്ടിമാറ്റി.

” നീ ഇപ്പോൾ എന്താ പറഞ്ഞെ? ഞാൻ… ഞാൻ എന്റെ പെങ്ങളെ ചതിച്ചു കൊന്നെന്നോ. “

സുദേവ് കാർത്തിക്കിന്റെ നെഞ്ചിൽ പിടിച്ചു മുന്നോട്ട് തള്ളി ..

” പറയെടാ.. നീ ഇപ്പോൾ എന്താ പറഞ്ഞെ. ഒരിക്കൽ കൂടെ പറ നീ. ഈ മുറ്റത്തു കേറി വന്ന് എന്ത് ത ന്തയില്ലായ്മയും പറയാൻ നീയൊക്കെ ആരാടാ?നീ കണ്ടോ ഞാൻ എന്റെ പെങ്ങളെ കൊ ല്ലുന്നത്? നീ കണ്ടോ ഞാൻ എന്റെ പെങ്ങളുടെ ജീവിതം നശിപ്പിക്കുന്നത്? ദേ, ഇവന്റെ കൂടെ ഇറങ്ങിപോയതിൽ പിന്നേ അവളെ എനിക്ക് കിട്ടിയ പാതി ചത്തവൾ ആയിട്ടാ.. അന്ന് മുങ്ങിയ ഇവനെ പോലീസ് പൊക്കിയില്ലായിരുന്നെങ്കിൽ ഞാൻ കണ്ടുപിടിക്കു മായിരുന്നു. എന്റെ പെങ്ങളെ സ്നേഹം കാണിച്ചു കൂട്ടിക്കൊണ്ടുപോയി ജീവച്ഛവമാക്കി കറിവേപ്പില പോലെ വലിച്ചെറിഞ്ഞ ഈ നാറിയുടെ കൊരവള്ളി അറുക്കാൻ. ആ എന്റെ മുന്നിലേക്ക് ഇവനെയും കൂട്ടി വന്ന് ത ന്തയില്ലായ്മയുടെ തനി സ്വരൂപം കാണിച്ചാൽ നീയൊന്നും ഈ പടി കടന്ന് പോകില്ല.. ഇത് ഒരു ഏട്ടന്റ വാക്കാണ്.. പോകില്ല നീയൊന്നും. “

സുദേവിന്റെ വാക്കുകൾ കാർത്തിക് ജാള്യതയോടെ ഒന്ന് ഒതുങ്ങി. അയാളിൽ നിന്നും അത്രയൊന്നും അവൻ പ്രതീക്ഷിച്ചില്ലായിരുന്നു. പണത്തിന്റെ പത്രാസു കൊണ്ട് നടക്കുന്ന ഒരു പോങ്ങാൻ ആയിരിക്കുമെന്നാണ് കരുതിയത്. പക്ഷേ, ഇതിപ്പോ മസിലു പെരുപ്പിച്ചു വീമ്പു കാണിക്കാൻ വന്നിട്ട് പത്തി മടക്കി നിൽക്കേണ്ട അവസ്ഥയായി.

പക്ഷേ, പതറിയാൽ തോറ്റു എന്നറിയാവുന്നത്കൊണ്ട്തന്നെ സുദേവിന്റെ മുഖത്തേക്ക് തന്നെ നോക്കി കൈകൾ തെറുത്തുകയറ്റി നിന്നു കാർത്തിക്.

ആ സമയം സുദേവ് ഹരിക്ക് നേരെ തിരിഞ്ഞിരുന്നു.

” എന്റെ പെങ്ങളുടെ ജീവിതം നശിപ്പിച്ചതിനു നിയമം തന്ന സുഖവാസം കഴിഞ്ഞു നീ പുറത്തിറങ്ങിയത് ഞാൻ അറിഞ്ഞില്ല. അറിഞ്ഞിരുന്നെങ്കിൽ ഈ വരവ് നീ ഇങ്ങോട്ട് വരേണ്ടിവരില്ലായിരുന്നു. ഞാൻ വന്നേനെ നീ ഇരിക്കുന്ന മടയിലേക്ക്. നോക്ക്കൊണ്ടോ വാക്ക് കൊണ്ടോ നോവിച്ചിട്ടില്ല ഞാൻ എന്റെ മോളെ.. അവളെ ആണ് നീ….. “

സുദേവ് സർവ്വശക്തിയും എടുത്തു ഹരിയെ പുറകോട്ട് തള്ളി.

പെട്ടന്നുള്ള അവന്റ ആക്രമണത്തിൽ നില തെറ്റിയ ഹരി ഒന്ന് വേച്ചു വേച്ചു നിലത്തേക്ക് ഇരിക്കുമ്പോൾ സുദേവ് ഒരു ആയുധത്തിനായി നാലുപാടും തിരയുകയായിരുന്നു. പെട്ടന്ന് കണ്ണിൽ ഉടക്കിയത് തേങ്ങ പൊത്തിക്കുന്ന പാരയായിരുന്നു. ഞൊടിയിടയിൽ സുദേവ് അത് കൈക്കലാക്കി ഹരിക്ക് നേരെ പാഞ്ഞടുക്കുമ്പോൾ രംഗം പന്തിയല്ലെന്ന് കണ്ട വാസുദേവൻ അയാൾക്ക് മുന്നിലേക്ക് ചാടിക്കയറി ആ പാരയിൽ പിടിച്ചുവലിച്ചു.

” താൻ എന്ത് പ്രാന്താടോ കാണിക്കുന്നത്? പരസ്പ്പരം കൊ ന്നും കൊ ലവിളിച്ചും നിന്നാൽ എല്ലാത്തിനും പരിഹാരം ആകുമോ. തന്റെ പെങ്ങൾ പോയതിന്റെ വിഷമം എത്രയാണോ അത്ര വിഷമം അവനും ഉണ്ട്. തന്നെ സ്നേഹിച്ചപ്പോലെ തന്നെ ഇവനെയും സ്നേഹിച്ചിരുന്നു അവൾ. അത് തന്നോട് പറഞ്ഞപ്പോൾ ഇയാൾ അന്തസ്സിന്റെയും പണക്കൊഴുപ്പിന്റെയും വലുപ്പം പറഞ്ഞ് അവളെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു. അവളുടെ ഇഷ്ടം താൻ ഒന്ന് അംഗീകരിച്ചിരുന്നെങ്കിൽ ഇന്നിപ്പോ അതിന്റ പേരിൽ ഇങ്ങനെ കടിപിടി കൂടേണ്ട ആവശ്യം ഉണ്ടായിരുന്നോ? “

വാസുദേവന്റെ വാക്കുകൾ കേട്ട് രോഷത്തോടെ സുദേവ് ഒരു കൈ കൊണ്ട് വാസുദേവന്റ കോളറിൽ പിടിച്ചു.

“പിന്ന എന്താ ഞാൻ ചെയ്യേണ്ടത്. എട്ടും പൊട്ടും തിരിയാത്ത ഒരു പെൺകുട്ടിയെ പീ ഡിപ്പിച്ചു ജയിലിൽ പോയ ഒരുത്തനെ എന്റെ പെങ്ങളുടെ ഭർത്താവായി മാലയിട്ട് സ്വീകരിക്കണോ ഞാൻ? അങ്ങനെ ഒരുത്തന്റെ കയ്യിൽ എന്റെ മോളുടെ ജീവിതം വെച്ചുകൊടുത്തിട്ട് സന്തോഷിക്കാൻ മാത്രം മഹാമനസ്‌ക്കാനല്ല ഞാൻ. “

അത് പറയുമ്പോൾ അവന്റ കണ്ണുകളിൽ അഗ്നി ചിതറുകയായിരുന്നു. ഒരു നിമിഷം കൊണ്ട് ഹരിയെ ഇല്ലാതാക്കാനുള്ള ദേഷ്യം സുദേവിന്റെ വാക്കുകളിൽ ഉണ്ടായിരുന്നു. അതിനേക്കാൾ ഉപരി കൂടപ്പിറപ്പിനോടുള്ള സ്നേഹവും കരുതലും.!

” ശരിയാണ് നീ പറഞ്ഞതൊക്കെ, ഇവൻ ഒരിക്കൽ ജയിലിൽ കിടന്നിട്ടുണ്ട്. പക്ഷേ ആതിന്റ സത്യാവസ്ഥ നീ അന്വോഷിച്ചോ? അന്ന് ആ പെൺകുട്ടി തന്നെ ഇവനല്ലെന്ന് ചൂണ്ടിക്കാട്ടിയതാണ്. ഇവന്റെ തന്നെ വേണ്ടപ്പെട്ടവരുടെ ചതിയിൽ പെട്ടുപോയതാണ്. അതെല്ലാം മായയ്ക്ക് അറിയാമായിരുന്നു. ഏല്ലാം അറിഞ്ഞിട്ട് തന്നെ ആണ് അവളിവിനെ ഇഷ്ടപ്പെട്ടതും. അന്ന് നീ നിന്റ മനസ്സിന് കല്ലുകടിയായി തോന്നിയ ഈ കാര്യങ്ങൾ മായയോട് തുറന്ന് പറഞ്ഞിരുന്നെങ്കിൽ ചിലപ്പോൾ തെറ്റിദ്ധാരണകൾ മാറുമായിരുന്നു. എന്നാൽ മായ ഇന്നും നിങ്ങളോടൊപ്പം ചിരിച്ചും കളിച്ചും സന്തോഷിച്ചും ഉണ്ടാകുമായിരുന്നു.

വാസുദേവൻ പറഞ്ഞതെല്ലാം കേട്ടിട്ടും ഒന്നും വിശ്വസിക്കാൻ കഴിയാതെ സുദേവൻ തല കുടഞ്ഞു.

” ഞാൻ ഇതൊക്കെ വിശ്വസിക്കണോ? എങ്കിൽ പറ. എന്റെ പെങ്ങളെ ഹോട്ടൽമുറിയിൽ കൊണ്ടുപോയിട്ട് പിന്നേ ഒരു മാസക്കാലം ഇവൻ എവിടെ ആയിരുന്നു. പ്രത്യേകിച്ച് ഇവന്റെ കൂടെ വിശ്വസിച്ചു വന്ന ഒരു പെണ്ണിനെ ഒറ്റയ്ക്ക് അവിടെ ആക്കി ഇവൻ എവിടെ പോയി. പിന്നേ ഒരു മാസം കഴിഞ്ഞ് പോലീസ് പിടിക്കുമ്പോൾ ആണ് ഇവന്റെ മുഖം കാണുന്നത്. “

ആ ചോദ്യങ്ങൾക്കെല്ലാം പറയാൻ ഉത്തരം ഉണ്ടെങ്കിലും ഏല്ലാം വിശദമാക്കി കളയാനുള്ള സമയം ഇല്ലാത്തത് കൊണ്ട് തന്നെ അവന്റ കയ്യിലെ പാര പിടിച്ചു വാങ്ങി വളരെ സൗമ്യമായി കയ്യിലെ ഫോൺ എടുത്ത് അതിലെ ഓഡിയോക്ലിപ്പ് ഓൺ ആക്കി അവനു നേരെ നീട്ടി വാസുദേവൻ.

” ആദ്യം നീ ഇത് കേൾക്ക്. അന്ന് ഇവർ താമസിച്ച ഹോട്ടലിലെ റൂം ബോയ് പറഞ്ഞതാണ് അതിൽ അത് മുഴുവൻ കേട്ടിട്ട് നമുക്ക് തീരുമാനിക്കാം ആരൊക്ക ചാവണം , ജീവിക്കണം എന്നൊക്കെ “

ഒരു നിമിഷം വാസുദേവന്റെ മുഖത്തേക്ക് നോക്കികൊണ്ട് സുദേവ് ഫോൺ വാങ്ങി ചെവിയോട് ചേർത്തു.

ഏല്ലാം കേട്ട് കഴിഞ്ഞ് വിശ്വസിക്കാൻ കഴിയാതെ ആണ് സുദേവ് മൂന്ന് പേരുടെയും മുഖത്തേക്ക് നോക്കിയത്. ” ഇല്ല.. ഞാൻ അല്ല അത്… ഏട്ടനെന്ന് പറഞ്ഞ് മാറ്റാരോ ആണ്… അന്ന് ഇവർ പോയത് ഞാൻ അറിയുന്നത് തന്നെ വളരെ വൈകിയാണ്. പിന്നേ എങ്ങനെ ആണ് ഞാൻ ആ സമയത്ത് അവിടെ എത്തുന്നതും റൂമെടുക്കുന്നതും…. പിന്നേ ഞാൻ ന്റെ മോളെ… “

അത് പറയുമ്പോൾ അത്ര നേരം കനലുപ്പോലെ കത്തി നിന്ന ആ കണ്ണുകളിൽ കണ്ണുനീർ പൊള്ളിപ്പിടയുന്നത് കാണുകയായിരുന്നു എല്ലാവരും.

” ഇപ്പോൾ മനസ്സിലായോ ഞങ്ങൾ വന്നതെന്തിനാണെന്ന്? ഒന്നുമറിയാത്ത ഇവന്റെ നെഞ്ചിൽ എല്ലാ കുറ്റവും ചാർത്തിക്കൊടുത്തിട്ട് ഒളിച്ചിരുന്ന് കളി കാണുന്നത് ചേട്ടൻ ആണെന്ന് ആ റൂംബോയ് പറഞ്ഞപ്പോൾ തനിക്കതിൽ പങ്കുണ്ടെങ്കിൽ ഒന്നുകൂടെ ജയിലിലേക്ക് പോകാൻ വന്നതാ ഇവൻ.. പക്ഷേ……”

കാർത്തിക് ആണ് അത് പറഞ്ഞത്. അത് വരെ നിശബ്ദനായിരുന്ന അവൻ ഒന്ന് ഉണർന്നപ്പോൾ സുദേവ് കണ്ണുകൾ തുടച്ചുകൊണ്ട് വീടിന്റെ ഉമ്മറത്തേക്ക് നിരാശയോടെ ഇരുന്നു.

” എന്റെ മോളാണ് അവൾ.. അവളെ ഞാൻ….. “

അവന്റ ആ കണ്ണുനീരിനു സത്യം ഉണ്ടെന്ന് തോന്നി ഹരിക്ക്. ഇനിയും കാര്യങ്ങൾ തകിടം മറിയുകയാണല്ലോ എന്ന് ചിന്തിച്ചിരിക്കുമ്പോൾ വാസുദേവൻ പതിയെ സുദേവനരികിലേക്ക് നടന്നു. പിന്നേ അവനരികിലിരുന്ന് അവന്റ തോളിൽ കൈ വെച്ചു.

” കുറച്ചു മുന്നേ നീ ചോദിച്ചില്ലേ സുദേവാ പെങ്ങളെ കൊ ല്ലുന്നത് കണ്ടോ അവളുടെ ജീവിതം നശിപ്പിക്കുന്നത് കണ്ടോ എന്നൊക്കെ. അതെ ചോദ്യം ഞാനും ചോദിക്കട്ടെ. ഇവൻ അവളെ കൊ ല്ലുന്നതോ നശി പ്പിക്കുന്നതോ നീ കണ്ടോ? ഇവന്റെ തിരോധനവും മുന്നേ നീ കണ്ടെത്തിയ ഒരു നെഗറ്റീവ് മാർക്കും അല്ലെ നിന്നെ അങ്ങനെ ചിന്തിപ്പിച്ചത്. അതെ ചിന്ത തന്നെ ആണ് ഇപ്പോൾ ഞങ്ങളെ ഇവിടെ എത്തിച്ചതും. പിന്നേ നീ ചോദിച്ചല്ലോ ഇവൻ ഒരുമാസക്കാലം എവിടെ ആയിരുന്നു എന്ന്. “

ആ ചോദ്യത്തിനുള്ള ഉത്തരവും വാസുദേവൻ പറഞ്ഞ് തീരുമ്പോൾ ആർക്ക് എവിടെ ആണ് പിഴച്ചത് എന്ന് അറിയാത്ത അവസ്ഥയിൽ ആയിരുന്നു സുദേവ്.

” അപ്പൊ പിന്നേ ആർക്കാണ് അവളിടിത്ര ,.. “

സുദേവ് ദേഷ്യത്തോടെ തല കുടയുമ്പോൾ ഹരി മുന്നോട്ട് വന്നു.

“ഇത് അവളോടുള്ള ദേഷ്യം ആകണമെന്നില്ല. എന്നോടുള്ള ശത്രുതയ്ക്ക് പാത്രമായതാകാം അവൾ.”

അത് പറയുമ്പോൾ ഹരിയുടെ തൊണ്ടയിടറി. വാക്കുകൾ പാതി മുറിഞ്ഞു. ആ വിങ്ങൽ സുദേവനും അറിയാൻ കഴിയുന്നുണ്ടായിരുന്നു.

” എനിക്കറിയണം അവരാരാണെന്ന്. നീ അല്ലെങ്കിൽ നിന്റ പേരിൽ എന്റെ പെങ്ങളെ ന ശിപ്പിച്ചവൻ ആരായാലും എനിക്ക് വേണം അവനെ. “

സുദേവൻ വൈകാരികമായി പറഞ്ഞുകൊണ്ട് ഉമ്മറത്ത്‌ നിന്ന് എഴുനേറ്റു..

അവനൊപ്പം എഴുന്നേറ്റ വാസുദേവൻ ഹരിക്കരികിലേക്ക് എത്തുമ്പോൾ ” ഇനി എന്ത് ചെയ്യും ” എന്ന ചോദ്യമായിരുന്നു രണ്ട് പേരിലും.

” എന്തെങ്കിലും വഴി ദൈവം കാണിച്ചു തരും വാസുവേട്ടാ, ദൈവം നമ്മളെ അങ്ങനെ കൈ വിടുമോ “

ഹരിയുടെ വാക്കുകളിൽ പ്രതീക്ഷ ഉണ്ടായിരുന്നു.

” ഹരി, നിങ്ങളൊരു കാര്യം ചെയ്യ്. കിട്ടിയ തുമ്പിൽ മുന്നോട്ട് പോക്. നിനക്കറിയാലോ എന്റെ കാര്യം. ഞാൻ വീട്ടിൽ നിന്ന് പോന്നിട്ട് ദിവസം കുറച്ചായി. അതുകൊണ്ട് ഞാൻ വീട് വരെ പോയി വരാം. ഈ കാറ് നീ വെച്ചോ, ആവശ്യം വരും. എന്നെ പോകും വഴി പാലക്കാട്ടേക്ക് ബസ്സ് കിട്ടുന്ന ജഗ്ഷനിൽ ഇറക്കിയാൽ മതി “

കാർത്തിക് പറയുന്നത് ശരിയാണെന്നു ഹരിക്കും തോന്നി. ജയിലിൽ നിന്ന് ഇറക്കാൻ വന്നതാണ് ഇവൻ. അന്ന് മുതൽ ഈ നിമിഷം വരെ കൂടെ ഉണ്ട് എല്ലാത്തിനും.

കാർത്തിക് പറയുന്നത് കേട്ടാണ് സുദേവൻ മുന്നോട്ട് വന്നത്.

” ഇത്ര നാൾ ഞാൻ കരുതിയത് ഇവനാണ് എല്ലാത്തിനും കാരണക്കാരൻ എന്നാണ്. എന്നാൽ എന്റെ പേരിൽ ഒരുത്തൻ ഇമ്മാതിരി ചെ റ്റത്തരം കാണിച്ച സ്ഥിതിക്ക് ഇനി അവനെ കണ്ടെത്തുന്നത് വരെ ഞാനും ഉണ്ട് നിങ്ങടെ കൂടെ. ഇയാൾ കാർ കൊണ്ടുപൊക്കോ. എന്റെ വണ്ടി എടുത്തോളാം ഞാൻ. “

അത് കേട്ടപ്പോ വാസുദേവൻ ഒന്ന് ഉഷാർ ആയി. ഹരിയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു.

“എന്നാ,ശരി. നീ ശ്രദ്ധിക്കണം ഹരി. പിറകിൽ ആളുകൾ ഉണ്ടെന്ന്ഓർമ്മ വേണം “

ഓർമ്മപ്പെടുത്താലെന്നൊണം പറഞ്ഞുകൊണ്ട് കാർത്തിക് കാറിലേക്ക് കയറി.

പെട്ടന്ന് എന്തോ ഓർത്തപ്പോലെ ഹരി വാസുദേവനെ നോക്കി.

” വാസുവേട്ടൻ ആ ഫോൺ ഒന്ന് തന്നെ, ഒരാളെ വിളിക്കട്ടെ. “

വാസുദേവൻ നീട്ടിയ ഫോൺ വാങ്ങി ഒരു നമ്പർ ഡയൽ ചെയ്ത് ചെവിയോട് ചേർക്കുമ്പോൾ ബാലൻസ് ഇല്ലേന്ന മറുപടി ആയിരുന്നു കിട്ടിയത്.

” ഇതിൽ ബാലൻസ് ഇല്ലല്ലോ വാസുവേട്ടാ.. “

ഹരി പുഞ്ചിരിക്കുമ്പോൾ കാറിൽ നിന്ന് കാർത്തിക് ഫോൺ ഹരിക്ക് നേരെ നീട്ടി ” ഇതിൽ നിന്ന് വിളിച്ചോ ” എന്നും പറഞ്ഞുകൊണ്ട്.

ഹരി ആ ഫോൺ വാങ്ങി അതിൽ നമ്പർ ഡയൽ ചെയ്തു. കുറച്ചു നേരം അതിലേക്ക് തന്നെ നോക്കി നിന്ന് കാൾ കട്ട് ചെയ്ത് കാർത്തിക്കിന്‌ നേരെ നീട്ടി.

” ആ നമ്പർ ഓഫ്‌.. ആണ്.. എന്ന നീ വിട്ടോ.. വീട്ടുകാരെ ഒക്കെ കണ്ടിട്ട് വാ.. ഞാൻ വിളിച്ചോളാം “

” ഒക്കെ ഡാ ” എന്നും പറഞ്ഞ് പുഞ്ചിരിച്ചുകൊണ്ട് കാർത്തിക് കാർ മുന്നോട്ട് എടുത്തു.

ആ കാർ കണ്ണിൽ നിന്ന് മറയുന്നത് വരെ ഹരി നോക്കി നിന്നു.Bപിന്നേ വാസുദേവനെയും സുദേവനെയും നോക്കി.

” നമുക്ക് ഒരാളെ കാണണമല്ലോ വാസുവേട്ടാ… “

ആരെന്ന് അറിയാനുള്ള ആകാംഷ ഉണ്ടായിരുന്നു വാസുദേവന്റ മുഖത്ത്‌.

അത് കണ്ട് ഹരി ഒന്ന് പുഞ്ചിരിച്ചു.

” കാണണം വാസുവേട്ടാ എനിക്കവനെ.. എന്നെ ഇവിടെ എത്തിച്ച എന്റെ കൂട്ടുകാരനെ!! “

തുടരും……..

Related Posts

Leave a Reply

Your email address will not be published. Required fields are marked *