പതിയെ പതിയെ പെട്രോളിന്റെ വില ഉയരുന്ന കൂട്ട് ചൊറിച്ചിലും മോളിലോട്ടേക്ക് കുതിച്ചു തുടങ്ങി. അതോടെ കണ്ണിൽ കിട്ടിയതെന്തും എടുത്തോണ്ട് …….

Story written by Adam John

വല്യപ്പച്ചന് ഷർട്ട് അലർജിയാരുന്നേ. അതോണ്ട് തന്നെ ചില സിനിമകളിലെ തിലകൻ ചേട്ടന്റെ കഥാപാത്രത്തെ പോലെ ഒറ്റ മുണ്ടുടുത്ത് ബോഡിയും കാണിച്ചോണ്ട് നടക്കുവാ പതിവ്. വല്യമ്മച്ചിക്ക് അതത്ര ഇഷ്ടവല്ലേലും പുറമെ കാണിക്കത്തില്ലായിരുന്നു.

എന്നാത്തിനാ ഷർട്ടിന്റെ പേരിൽ കലഹം ഉണ്ടാക്കുന്നെ എന്നോർത്താവും. ആയിടക്കാണ് ചൊറിച്ചിലിന്റെ രൂപത്തിൽ വല്യപ്പച്ചനൊരു അലർജിയുടെ പ്രശ്നം ഉണ്ടാവുന്നെ. ആദ്യവൊക്കെ കാലിന് താഴോട്ട് മാത്രവാരുന്നു ചൊറിച്ചിൽ. ചുമ്മാ ഒന്ന് വിരലോടിച്ചാൽ തീരുന്നത്ര കുഞ്ഞു ചൊറിച്ചിലാരുന്നു അത്. പശുക്കളെയും കൊണ്ട് പറമ്പിലൊക്കെ ചുറ്റുന്നതല്ലായോ. എന്തേലും കാട്ട് ചെടികളോ നായ്ക്കരുണ പൊടിയോ തട്ടിയതാന്ന് കരുതി ആദ്യവൊന്നും വല്യ കാര്യവാക്കിയില്ല.

പതിയെ പതിയെ പെട്രോളിന്റെ വില ഉയരുന്ന കൂട്ട് ചൊറിച്ചിലും മോളിലോട്ടേക്ക് കുതിച്ചു തുടങ്ങി. അതോടെ കണ്ണിൽ കിട്ടിയതെന്തും എടുത്തോണ്ട് ചൊറിയാനുള്ള ടെന്റൻസി കൂടി കൂടി വരുവേം ചെയ്തു. സ്വഭാവികം.

കൈകാലുകളൊക്കെ സ്വന്തവായി ചൊറിയുവെങ്കിലും ചുമലിന് കീഴോട്ട് ചൊറിയാൻ മാത്രവുള്ള നീളമൊന്നും വല്യപ്പച്ചന്റെ കൈകൾക്കില്ലായിരുന്നു. ആദ്യവൊക്കെ അമ്മാവൻ ചൊറിഞ്ഞു കൊടുത്തെങ്കിലും പിന്നെ പിന്നേ അങ്ങേർക്കും മടുപ്പായി.

വല്യ പുറവായതോണ്ട് തന്നെ പെട്ടെന്നൊന്നും ചൊറിഞ്ഞു തീരുകെലെന്നാ അമ്മാവന്റെ പക്ഷം. വല്യമ്മച്ചിക്കാന്നേൽ വീട്ട് ജോലി കഴിഞ്ഞിട്ട് ചൊറിയാൻ പോയിട്ട് ഒന്ന് മൂക്ക് പിഴിയാൻ പോലും നേരാവില്ലെന്നേ..അല്ലേൽ ചൊറിഞ്ഞു കൊടുത്തേനേ. അങ്ങനെയാണ് ചൊറിയുന്നതിന് നിശ്ചിത സംഖ്യ കൂലിയായി അമ്മാവന് കൊടുക്കാവെന്ന് തീരുമാനവായത്..കൂലി കിട്ടുമെന്ന് അറിഞ്ഞതോടെ അമ്മാവൻ പഴയതിനേക്കാൾ ഉത്സാഹത്തോടെ പുറം ചൊറി കരാർ ഏറ്റെടുക്കുവേം ചെയ്തു.

ഒരു ദിവസം പറമ്പിലോട്ട് പോയി വന്ന് കുളിയൊക്കെ കഴിഞ്ഞേച്ച് വേഷം മാറാൻ നോക്കുമ്പോഴാ വല്യപ്പച്ചന് ചൊറിയാൻ മുട്ടിയെ. കയ്യെത്തുന്നിടം ഒക്കെ വല്യപ്പച്ചൻ ചൊറിഞ്ഞാരുന്നേലും ബാക്കി ചൊറിയാനുള്ള കരാർ ഏറ്റെടുത്ത അമ്മാവനെ അവിടെങ്ങും നോക്കിയിട്ട് കണ്ടീല. അടുക്കള സാധനങ്ങൾ ആരേലും തൊടുന്നത് വല്യമ്മച്ചിക്കിഷ്ടല്ലവല്ലാരുന്നു. അതോണ്ട് തന്നെ അടുക്കളയീന്ന് തവിയോ വേറെന്തേലുവൊക്കെ എടുത്തോണ്ട് ചൊറിയാവെന്ന് വെച്ചാൽ അതിന്റെ പേരിലൊരു യുദ്ധം നടക്കേം ചെയ്യും. ഇനി എന്നാ ചെയ്യുവെന്നോർത്ത് പുറത്തോട്ട് ചെന്നപ്പോ വല്യമ്മച്ചിയുണ്ട് പതിവ് പോലെ കറവയൊക്കെ കഴിഞ്ഞേച്ച് പശുവിനെ അഴിച്ചു കെട്ടുന്നു.

എന്താന്നെലും ഇനി അവളെക്കൊണ്ട് ചൊറിയിപ്പിക്കാം എന്ന് കരുതി യിരിക്കുമ്പോഴാ വല്യപ്പച്ചൻ ആ കാഴ്ച കാണുന്നെ. പശു തെങ്ങിനോട് ചേർന്ന് മേലുരസിക്കൊണ്ട് ചൊറിച്ചിൽ മാറ്റുന്ന കാഴ്ച. വല്യപ്പച്ചൻ അപ്പോ തന്നെ യുറേക്കാന്ന് അലറി വിളിച്ചോണ്ട് ഉടുത്തിരുന്ന തോർത്തോടെ മുറ്റത്തേക്കൊടി. നേരെച്ചെന്ന് തെങ്ങിനോട് ചേർന്ന് ചുമല് ഉരസാൻ തുടങ്ങി. ചൊറിയുന്ന തിനേക്കാൾ സുഖം വേറെന്തിനെലും കിട്ടുവോ. അതിന്റെ ആവേശത്തിൽ അങ്ങേര് ഉരസലിന്റെ ശക്തി കൊറച്ചൂടെ കൂട്ടുവേം ചെയ്തു.

ആവേശം മൂത്തതാന്നോ എന്തോ ഇടക്ക് ഇംഗ്ലീഷ് സിനിമയിലെ കൂട്ട് എന്തൊക്കെയോ ശബ്ദങ്ങൾ പുറപ്പെടുവിക്കുകയും ചെയ്താരുന്നു.
ഇങ്ങേരിതെന്നാ കാണിക്കുന്നെ ന്നുള്ള മട്ടിൽ വല്യപ്പച്ചനെ ഒന്ന് നോക്കിയേച്ച് വല്യമ്മച്ചി അകത്തോട്ട് പോവേം ചെയ്തു.

ഇത്തിരി കഴിഞ്ഞേച്ച് യ്യൊ ന്നുള്ള ശബ്ദം കേട്ടോടി വന്ന വല്യമ്മച്ചി കാണുന്നത് വീണ് കിടക്കുന്ന വല്യപ്പച്ചനെയാ. തൊട്ടടുത്തായി ഒരു തേങ്ങയും കിടപ്പുണ്ടാരുന്നു. ഉരസലിന്റെ ആവേശത്തിൽ തെങ്ങ് കുലുങ്ങിയപ്പോ മോളിൽ താമസിക്കുവാരുന്ന തേങ്ങാ കുഞ്ഞുങ്ങളിൽ ഒരെണ്ണം താഴോട്ട് ചാടിയതാവാനെ വഴിയുള്ളൂ. തെങ്ങിന്റെ മോളിലോട്ടും വല്യപ്പച്ചനേം മാറി മാറി നോക്കി നിക്കുന്ന വല്യമ്മച്ചിയോട് കാഴ്ച കണ്ട് നിക്കാതെ എന്നെയൊന്ന് പിടിച്ചെഴുന്നേൽപ്പിക്കെടി ന്ന് പറഞ്ഞപ്പോ വല്യമ്മച്ചി പറയുവാ. എങ്കിപ്പിന്നെ ബാക്കി തേങ്ങായും കൂടേ കുലുക്കി ഇട്ടേച്ച് വീണാൽ പോരായിരുന്നൊന്ന്.

തേങ്ങാ വീഴുമെന്ന് പേടിച്ചാന്നോ എന്തോ അതീ പിന്നേ വല്യപ്പച്ചൻ തെങ്ങിന്റെ ചോട്ടിൽ ഇരുന്നോണ്ടുള്ള അഭ്യാസത്തിന് മുതിർന്നീല. അമ്മാവ നാന്നേൽ സമയത്തിനും കാലത്തിനും ചൊറിയാൻ വന്നതുമില്ല. അതോടെ എല്ലാവരാലും അവഗണിക്കപ്പെട്ട് ഒരു മൂലയിൽ കിടപ്പാരുന്ന പഴയ വെട്ട് ക ത്തിയായി വല്യപ്പച്ചന്റെ ചൊറിയായുധം. അതിന് മൂർച്ച കുറവായതോണ്ടന്നേ വല്യ കുഴപ്പവില്ലാരുന്നു. നന്നായി ചൊറിയാൻ ഒക്കത്തില്ലായോ.

ഒരു ദിവസം ക ത്തി മൂർച്ചയാക്കാൻ വന്നയാൾ കാശ് കൂടുതൽ വാങ്ങിച്ചെന്നും പറഞ്ഞോണ്ട് ബഹളം കൂട്ടിയ വല്യമ്മച്ചിയെ ഒന്ന് തണുപ്പിക്കാൻ വേണ്ടി അയാൾ വല്യപ്പച്ചൻ ഉപയോഗിച്ചോണ്ടിരുന്ന വെട്ട് കത്തി കൂടി കാശ് വാങ്ങിക്കാതെ മൂർച്ചയാക്കി കൊടുത്താരുന്നു.

ഇതൊന്നും അറിയാതെ പതിവ് പോലെ വെ ട്ട് ക ത്തിയെടുത്ത് ചൊറിഞ്ഞതെ വല്യപ്പച്ചന് ഓർമ്മയുണ്ടാരുന്നുള്ളൂ. സത്യം പറയാലോ പേപ്പട്ടി കേറി മേഞ്ഞ പോലായിരുന്നു വല്യപ്പച്ചന്റെ ഒന്നരയേക്കർ വരുന്ന പുറമിടം. മുറിവുണ ങ്ങിയിട്ടും ടാറ്റൂ അടിച്ച കൂട്ട് പുറത്തുള്ള പാട് ആളുകൾ കാണുവെന്ന് പേടിച്ചാവും അതീ പിന്നേ വല്യപ്പച്ചൻ ഷർട്ടിടാതെ പുറത്തൊട്ട് ഇറങ്ങുന്നത് പാടെ നിർത്തിയാരുന്നു.

കാര്യങ്ങൾ ഇങ്ങനൊക്കെ ആന്നേലും വല്യപ്പച്ചൻ ഇപ്പഴും വിശ്വസിക്കുന്നത് അങ്ങേർക്കിട്ട് പണി കൊടുക്കാൻ വല്യമ്മച്ചി മനഃപൂർവം കത്തിക്ക് മൂർച്ച കൂട്ടിയതെന്നാ.

Related Posts

Leave a Reply

Your email address will not be published. Required fields are marked *