പാർക്കിലെ ഊഞ്ഞാലിൽ നിന്നു വീണു മോളുടെ മുട്ടൊന്നു പൊട്ടി. അതിനു ഞാൻ കേൾക്കാത്ത വഴക്കൊന്നും ബാക്കിയില്ലായിരുന്നു.മോളുടെ വിയർത്തു തണുത്ത കൈകൾ കഴുത്തിൽ അമർന്നിരുന്നു…..

Story written by Sowmya Sahadevan

പാർക്കിലെ ഊഞ്ഞാലിൽ നിന്നു വീണു മോളുടെ മുട്ടൊന്നു പൊട്ടി. അതിനു ഞാൻ കേൾക്കാത്ത വഴക്കൊന്നും ബാക്കിയില്ലായിരുന്നു.മോളുടെ വിയർത്തു തണുത്ത കൈകൾ കഴുത്തിൽ അമർന്നിരുന്നു, കരഞ്ഞുകൊണ്ടവൾ ഉറങ്ങിപോയിരുന്നു.

രേഖ ചേച്ചിയുടെ വീട്ടിലായിരുന്നു ഞങ്ങളുടെ ചെറുപ്പത്തിലേ കളികളെല്ലാം, വേനൽ അവധിക്ക് ഞങ്ങൾ ഒന്നരാടം ദിവസങ്ങളിൽ ഊഞ്ഞാൽ കെട്ടിയിരുന്നു. കിണറ്റിലെ വെള്ളം കോരുന്ന കയറു വച്ചായിരുന്നു ഊഞ്ഞാൽ കെട്ടുന്നത്. വിരുന്നു വരുന്ന ചേച്ചിമാരും ഞങ്ങളും കൂടെ വരി വരിയായി ഊഴം കാത്തു നില്കും ഊഞ്ഞാലാടാൻ. രേഖ ചേച്ചിയുടെ അച്ചാച്ഛന്റെ വീടിന്റെ മുറ്റത്തെ പേരമരത്തിലായിരുന്നു ഊഞ്ഞാലിടാറ്.

 

ഓരോരുത്തർക്കും 10 തവണയായിരിക്കും ആടാൻ അവസരം, ഓരോരുത്തർക്കും വലിയവർ ആട്ടിതരും. ബാക്കിയുള്ളവർ എണ്ണം പിടിക്കും. എണ്ണം കൂടും തോറും സ്പീഡ് കൂടികൊണ്ടിരിക്കും. ഉയരം കൂടുതലുള്ളവർ അവസാനത്തെ ആട്ടത്തിൽ ഉമ്മറത്തെ ഓടിൽ കാലുമുട്ടിക്കും. സ്പീഡ് കൂടും തോറും കുട്ടികൾ ചിലപ്പോൾ കരഞ്ഞുകൊണ്ട് നിർത്താൻ ഒക്കെ പറഞ്ഞു ഊഞ്ഞാലിൽ നിന്നും ഇറങ്ങും.

ആർത്തലച്ചു ബഹളങ്ങൾ നിറയുമ്പോൾ രേഖചേച്ചിയുടെ അച്ഛമ്മ ഇറങ്ങിവരും, ഞങ്ങളെ വഴക്കു പറയും, ഊഞ്ഞാലിന്റെ കയറഴിച്ചുകൊണ്ടുപോവും. കയറു വീണ്ടും കിണറ്റിൻ കരയിലെ ബക്കറ്റിൽ ചേർന്നുകൊണ്ട് തുടി കാലിൽ. മാനം നോക്കി കിടക്കും.വേറെ കളികൾ മടുക്കുമ്പോൾ വീണ്ടും ഞങ്ങൾ ആ കയറിനെ ഊഞ്ഞാലാക്കി മാറ്റാറുണ്ടായിരുന്നു.

ഓരോ തവണ ആകാശത്തോളം ഉയരുമ്പോളും താഴെ വീഴാതെ മുറുക്കി പിടിക്കാൻ ചുറ്റും കൂടി നില്കുന്നൊരു ആരവങ്ങൾ മതിയായിരുന്നു. ഓരോ ഉയർച്ചയിലും താഴേക്കു വരുമ്പോൾ, സ്നേഹത്തോടെ മുകളിലേക്കു തള്ളിവിടാൻ ആ കൈകൾ മാത്രം മതിയായിരുന്നു…

          

Related Posts

Leave a Reply

Your email address will not be published. Required fields are marked *