പൂജ ലിഫ്റ്റിൽ കയറി സ്പീഡിൽ താഴേക്ക് പോയി. കുറച്ചു ദിവസമായി രാക്കമ്മയെ കാണുമ്പോൾ പൂജ ഒളിച്ചുകളിക്കുന്നു. രാക്കമ്മയുടെ തൊട്ടടുത്ത………

കൂട്ട്

എഴുത്ത് :- ഭാഗ്യലക്ഷ്മി. കെ. സി

പൂജാ, എന്നമ്മാ, ഗുഡ്മോണിംഗ് സൊല്ലാതെ പോകിറേ..?

റൊമ്പ ബിസി മാമീ.. വൈകിട്ട് പേശലാം..

പൂജ ലിഫ്റ്റിൽ കയറി സ്പീഡിൽ താഴേക്ക് പോയി. കുറച്ചു ദിവസമായി രാക്കമ്മയെ കാണുമ്പോൾ പൂജ ഒളിച്ചുകളിക്കുന്നു. രാക്കമ്മയുടെ തൊട്ടടുത്ത ഫ്ലാറ്റിൽ പൂജ വാടകയ്ക്ക് താമസിക്കാൻ തുടങ്ങിയിട്ട് വ൪ഷം രണ്ടായി. അന്നുമുതലേ കട്ടക്കമ്പനിയാണ് രണ്ടുപേരും.

രാക്കമ്മ കോലമെഴുതുന്നതും ഉണ്ണിയപ്പമുണ്ടാക്കുന്നതും അരിമുറുക്കും വടയുമുണ്ടാക്കുന്നതും നോക്കിയിരുന്ന് എല്ലാം ടിം ടിമ്മായി പഠിച്ചെടുക്കാൻ ഭയങ്കര കഴിവാണ് പൂജയ്ക്ക്. അതുകൊണ്ടുതന്നെ എല്ലാം പറഞ്ഞുകൊടുക്കാൻ രാക്കമ്മയ്ക്കും ഉത്സാഹമാണ്.

പൂജ സിറ്റിയിലെ വലിയ കമ്പനിയിലെ ഐടി ഹെഡാണ്. അവിടുത്തെ ടെൻഷനൊക്കെ മറക്കുന്നത് വൈകിട്ട് രാക്കമ്മയെ ചുറ്റിപ്പറ്റി സോപ്പിട്ട് ഒരു ഫിൽട്ട൪കോഫി വാങ്ങിക്കുടിക്കുമ്പോഴാണ്. കൂട്ടത്തിൽ രാക്കമ്മ ചുമരിലെ ഫ്രെയിം ചെയ്ത ഫോട്ടോ നോക്കി ഫ്ലാഷ്ബാക്ക് പറയാൻ തുടങ്ങും. അവരുടെ കാഴ്ചപ്പാടിൽ അവരുടെ കണവനാണ് ലോകത്തിലെ ഏറ്റവും സ്നേഹസമ്പന്നൻ. ആ സുഖശീതളനി൪മ്മലസ്നേഹത്തിന്റെ കഥപറയാൻ കെട്ടഴിച്ചാൽ, പൂജ കാപ്പികുടി കഴിയുന്നതുവരെ മൂളിക്കേട്ടുകൊണ്ടിരിക്കും.

പിന്നെ പറയും:

മാമീ.. റൊമ്പ ബോറ്.. ഞാൻ പിന്നെ വരാം..

മാമിയുടെ മുഖം മാറുന്നതും ചൊടിച്ച് എഴുന്നേറ്റ് പോകുന്നതും കൺകോണിലൂടെ കണ്ട് ഉള്ളിൽ ചിരിച്ച് പൂജ തന്റെ ഫ്ലാറ്റിലേക്കോടിയെത്തി മൊബൈൽ എടുക്കും. ഡിന്നറിനുള്ള വല്ലതും ഓഡ൪ ചെയ്യുക, ഫ്രന്റ്സിനോട് ചാറ്റുക, അടുത്ത ദിവസത്തേക്കുള്ള ഡ്രസ് അയൺ ചെയ്യുക എന്നിവ കഴിയുമ്പോഴേക്കും അ൪പിത് വരും. അന്നത്തെ മുഴുവൻ രസങ്ങളും പറഞ്ഞ് കെട്ടിമറിഞ്ഞ് അടികൂടി ചിരിച്ച് രസിച്ച് അങ്ങനെ ഒരു ജീവിതമായിരുന്നു ഇതുവരെ..

എന്നമ്മാ പൂജാ.. കുങ്കുമം തൊടാതെ ..?

രാക്കമ്മയുടെ ചോദ്യത്തിന് ആദ്യമൊന്നും പൂജ ഉത്തരം കൊടുത്തിരുന്നില്ല. ഒരുദിവസം രാക്കമ്മ‌ ചോദിച്ചു:

പൂജാ, അ൪പ്പിതുമായി ലിവിങ് ടുഗദറാ..?

പൂജ ചിരിച്ചു.

എപ്പക്കല്യാണം..?

അപ്പോഴും അവൾ ചിരിക്കുക മാത്രം ചെയ്തു. ശരിക്കും പറഞ്ഞാൽ അവളിതുവരെ വിവാഹത്തെക്കുറിച്ച് ചിന്തിച്ചിട്ടില്ലായിരുന്നു. അച്ഛൻ ബിസിനസ്സ് തക൪ന്നതോടെ രോഗിയായി. ഭാരിച്ച കടങ്ങളും കൂടിയായതോടെ അനിയന്റെ പഠനവും കുടുംബത്തിലെ സകല ഉത്തരവാദിത്തങ്ങളും പൂജയുടെ തലയിലായി. അതൊക്കെ ഒരു കരക്കടുപ്പിക്കാൻ പത്ത് പതിനഞ്ച് കൊല്ലമെങ്കിലുമാവുമെന്ന് അവൾക്ക് നന്നായറിയാം.

പ്രശ്നം അതൊന്നുമല്ല, അ൪പിത്, വിവാഹംകഴിക്കാൻ തനിക്ക് താത്പര്യമില്ലെന്ന് തീ൪ത്തുപറഞ്ഞതോടെ, തന്നെ ഉപേക്ഷിച്ച മട്ടാണ്. ഇപ്പോഴിങ്ങോട്ട് വരാറേയില്ല. മാസം മൂന്ന് നാല് കഴിഞ്ഞപ്പോഴാണ് തേജുവുമായുള്ള കണ്ടുമുട്ടൽ. തന്റെ കഥ കേട്ടതും അവന് ഇങ്ങോട്ട് താമസം മാറാൻ തിരക്കായി. അവനെക്കുറിച്ച് എല്ലാമറിഞ്ഞപ്പോൾ തനിക്കും താത്പര്യമായി. എന്തുകൊണ്ടും തന്റെ ഇഷ്ടങ്ങൾക്കനുസരിച്ച ഒരാൾ.. പക്ഷേ.. രാക്കമ്മയെ ഫേസ് ചെയ്യാനൊരുമടി..

ഓഫീസിലെ സിംഹക്കുട്ടിക്ക് ഈ രാക്കമ്മയെയാണോ പേടി..?

തേജു കളിയാക്കും.

എന്തോ, അവരുടെ മുന്നിൽ താനൊരു കൊച്ചുകുട്ടിയാകാറുണ്ട് ചിലപ്പോൾ എന്ന് തേജുവിനോട് സമ്മതിച്ചുകൊടുക്കാൻ തോന്നിയില്ല..

കുറച്ചുദിവസം ഒളിച്ചുനടന്നു. രാവിലെ തേജു ഇറങ്ങിപ്പോകുമ്പോൾ പുറത്ത് രാക്കമ്മയില്ലെന്ന് ഉറപ്പുവരുത്തി മാത്രമാണ് അയക്കാറ്.. ഇന്ന് പുറത്തിറങ്ങുമ്പോൾ രാക്കമ്മ ചട്ടിയിലെ ചെടികൾക്ക് വെള്ളമൊഴിച്ച് നിൽക്കുന്നു. താൻ വരുമ്പോഴേക്കും തേജു വാതിൽ തുറന്നുകഴിഞ്ഞിരുന്നു. പോരാത്തതിന് തേജു തന്നെ പിന്നെയും പിടിച്ചുനിറുത്തി ഉമ്മ തന്നാണ് പോയത്. മാമിയത് കണ്ടു എന്ന തിരിച്ചറിവിൽ താൻ സ്തബ്ധയായിനിൽക്കുമ്പോൾ തേജു ഒന്നുമറിയാത്തതുപോലെ പോയി ലിഫ്റ്റിൽ കയറി.

മാമിയുടെ മുഖത്ത് നോക്കാൻ നിൽക്കാതെ പൂജ വേഗം വാതിലടച്ചു.

അന്ന് ഓഫീസിൽ സകലരോടും ദേഷ്യമായിരുന്നു. വൈകിട്ട് റൂമിലെത്തിയതും മാമി വന്ന് കോളിങ് ബെല്ലടിച്ചു. പുറത്തിറങ്ങാൻ ഭയങ്കര മടി തോന്നി. മാമി വീണ്ടും കാളിങ് ബെല്ലടിച്ച് അകത്തേക്ക് വിളിച്ചു:

പൂജാ, വാതിൽ തുറക്ക്…

ഞാൻ കുളിക്കാൻ നോക്കുകയാ മാമീ.. എന്ന വിഷയം..?

അവൾ അകത്തുനിന്ന് വാതിൽ തുറക്കാതെ വിളിച്ചുചോദിച്ചു.

നാളെ അദ്ദേഹത്തിന്റെ ആണ്ട് ആണ്. സദ്യയുണ്ട്. നീ വരണം…

കുടുംബക്കാരൊക്കെ വരില്ലേ…? ഞാനെന്തിനാ മാമീ അതിനിടയിൽ..?

അത് സാരമില്ല, നീ വാ.. നാളെ സൺഡേ താനേ..

അപ്പോഴാണ് പൂജ താൻ പെട്ടു എന്ന് മനസ്സിലാക്കിയത്. അവൾ ഓകെ പറഞ്ഞു.

എല്ലാവരുടെയും മുന്നിൽവെച്ച് രാക്കമ്മ തന്നെ വല്ലതും പറയുമോ എന്നൊരു പേടിയോടെയാണ് രാത്രി ഉറങ്ങാൻ കിടന്നത്. തേജു പറഞ്ഞു:

വേണമെങ്കിൽ ഞാൻ കൂടി വരാം..

എന്തിന്..?

ഒരു ധൈര്യത്തിന്.. പോരാത്തതിന് അവരുടെ സദ്യ റൊമ്പ പ്രമാദമായിരിക്കും.

പക്ഷേ തേജുവിന് രാവിലെതന്നെ അമ്മയുടെ കാൾവന്ന് അ൪ജന്റായി വീട്ടിൽ പോകണമെന്ന് പറഞ്ഞ് പോയപ്പോഴാണ് ആശ്വാസമായത്.

ഒരു പന്ത്രണ്ട് മണിയോടെ അവൾ നല്ല പട്ടുസാരി‌യൊക്കെ ചുറ്റി രാക്കമ്മയുടെ ഫ്ലാറ്റിലെത്തി. ഇഷ്ടംപോലെ ബന്ധുക്കളും സുഹൃത്തുക്കളും വന്നിട്ടുണ്ട്. ചില ചടങ്ങുകളൊക്കെ നടക്കുന്നുണ്ട്. പൂജയെ കണ്ടതും രാക്കമ്മ ഓടിവന്ന് കെട്ടിപ്പിടിച്ചു. പട്ടുസാരി തനിക്ക് നന്നായി ഇണങ്ങുന്നു എന്ന് പറഞ്ഞു.

എല്ലാവരും രാക്കമ്മയോട് സ്നേഹമായി പെരുമാറുന്നതും തിരിച്ച് രാക്കമ്മ അവരോടും ചിരിച്ച് സന്തോഷമായി സംസാരിക്കുന്നതും നോക്കിയിരിക്കുമ്പോൾ പൂജയുടെ ഉള്ള് തനിക്ക് അന്യമായ ഒരു കുടുംബാന്തരീക്ഷം കണ്ടതിന്റെ നോവിൽ വേവുകയായിരുന്നു.

സദ്യ കഴിച്ചുകഴിഞ്ഞതും പൂജ വേഗം പോകാനായി എഴുന്നേറ്റു. മാമിയോട് പറഞ്ഞ് ഇറങ്ങാനായി നിൽക്കുമ്പോൾ രാക്കമ്മ രണ്ട് പാത്രം നിറയെ പായസവും പലഹാരവുമൊക്കെ എടുത്ത് അവൾക്ക് കൊടുത്തുകൊണ്ട് പറഞ്ഞു:

തേജൂന് കൊടുക്കണം..

പൂജയ്ക്ക് പെട്ടെന്ന് കണ്ണ് നിറഞ്ഞു. അവൾ അത് വാങ്ങിക്കൊണ്ട് രാക്കമ്മയെ കെട്ടിപ്പിടിച്ചു.

ഫ്ലാറ്റിലേക്ക് മടങ്ങുമ്പോൾ അവൾ മനസ്സിൽ പറഞ്ഞു:

മാമീ, എനിക്ക് വരും ജന്മത്തിലെങ്കിലും മാമിയെപ്പോലെയാവണം.. നിറയെ സന്തോഷമുള്ള ഒരു കുടുംബത്തിൽ ജനിക്കണം. ഇതുപോലെ ഒരുപാട് ആളുകളുടെ സ്നേഹപരിലാളനകളേറ്റുവാങ്ങി ജീവിക്കണം.. മക്കളും മക്കളുടെ മക്കളുമായി വാർദ്ധക്യം ആഘോഷിക്കണം.. ഈ‌ജന്മം ഇങ്ങനെ പോട്ടെ…

Related Posts

Leave a Reply

Your email address will not be published. Required fields are marked *