പെട്ടന്നൊന്നും പവിയുടെ സ്ഥാനത്തു മഹിയെ കുടിയിരുത്താൻ കഴിയാത്തതു കൊണ്ട്, ബെഡ്റൂമിലെ അയാളുടെ നിസ്സഹകരണം വല്ലാത്തൊരു ആശ്വാസമായിരുന്നു…..

ഒറ്റച്ചിറകുള്ള പക്ഷി

എഴുത്ത്:-സിന്ധു അപ്പുക്കുട്ടൻ.

“നീയിതെത്ര നേരമായി ഇതിനകത്തിങ്ങനെ അടച്ചുപൂട്ടിയിരിക്കുന്നു.. നിനക്കൊന്നും കഴിക്കണ്ടേ. എല്ലാമെടുത്ത് വെച്ച് നോക്കിയിരുന്നു മടുത്തുലോ ഞാൻ.എന്താ പറ്റിയെ നിനക്ക്..?

പാതി ദേഷ്യവും, പാതി സങ്കടവും നിറച്ച് ഒച്ചയെടുത്തുകൊണ്ട് സാവിത്രി കയറി വരുമ്പോൾ ജനലോരം ചേർത്തിട്ട കസേരയിൽ ചാഞ്ഞു കിടക്കുകയായിരുന്നു ആരതി.

വിശപ്പില്ലമ്മേ . അമ്മ കഴിച്ചോളൂ

കാലം തെറ്റി പെയ്തു നിറയുന്ന മഴത്തുള്ളികൾ മുറ്റത്തിന്റെ അതിരിൽ വീണു കിടക്കുന്ന കരിയിലകളെ എങ്ങോട്ടെന്നില്ലാതെ ഒഴുക്കിക്കൊണ്ട് പോകുന്നതും നോക്കിയിരുന്ന ആരതി മുഖമുയർത്തതെ പറഞ്ഞു.

നീ കാര്യമെന്താന്ന്വെച്ചാ ഒന്ന് തുറന്നു പറ.. വന്നപ്പോ മുതല് ഇതന്നെ ഭാവം. ഇങ്ങനെയൊന്നുമായിരുന്നില്ലല്ലോ നീ.വന്നു കയറുമ്പോഴേ വിശേഷങ്ങളുടെ കൂമ്പാരം കുടഞ്ഞിടുന്നവളല്ലേ .എന്തുണ്ടെങ്കിലും എന്നോട് പറഞ്ഞൂടെ നിനക്ക്.

“എന്താ നിന്റെ മനസ്സിനെ അലട്ടുന്നെ.അമ്മയോട് പറ മോളേ.”

സാവിത്രി അവളുടെ അരികിൽ ചേർന്ന് നിന്ന് നിറുകിൽ തലോടി.

അമ്മയുടെ ശബ്ദത്തിൽ കണ്ണുനീരിന്റെ നനവ് പടർന്നു തുടങ്ങിയതറിഞ്ഞിട്ടും അവൾ മുഖമുയർത്തിയില്ല.

എന്തു ചോദിച്ചാലും മിണ്ടാട്ടമില്ല. എന്റെ ഭഗവാനെ ഇതെന്തു കഷ്ടം.

സാവിത്രിയുടെ ശബ്ദം വീണ്ടും ഉയർന്നു.

മൗനം കനത്തു നിന്ന ഏതാനും നിമിഷങ്ങൾക്കു ശേഷം അമ്മയുടെ കാലൊച്ചകൾക്കൊപ്പം അവരുടെ നെടുവീർപ്പുകളും മുറിയിൽ നിന്നിറങ്ങി പോയതറിഞ്ഞ് ആരതി മെല്ലെ കണ്ണുകളടച്ചു.

പവിയുടെ ഓർമ്മകളെയുണർത്തിക്കൊണ്ട് മേശപ്പുറത്തിരുന്ന റേഡിയോ അപ്പോഴും പടിക്കൊണ്ടിരുന്നു, സുഖമോ ദേവി…. സുഖമോ…. സുഖമോ…

മനസ്സ് ആ വരികളുടെ ആഴങ്ങളിലേക്കൂളിയിട്ടു തുടങ്ങിയപ്പോൾ, ആരതി പവിശങ്കർ എന്ന് പല വർണ്ണങ്ങളിൽ എഴുതി നിറച്ച പഴയ നോട്ടുബുക്കും, ആ താളുകൾക്കിടയിലോളിപ്പിച്ച മയിൽ‌പീലിത്തുണ്ടും അലമാരക്കുള്ളിലൊന്നു തിരഞ്ഞാലോ എന്നവൾ ചുണ്ടിലൂറിയ ചിരിയോടെ ഓർത്തു.

ഗാനം നിലച്ചതും കയ്യെത്തിച്ച് അവളത് ഓഫ്‌ ചെയ്തു. പിന്നെ കസേരയിൽ നിന്നെണീറ്റ് പുറത്തേക്കു നടന്നു.

ഊണുമുറിയിൽ അമ്മയെ കണ്ടില്ല.

കഴിക്കാനുള്ളതെല്ലാം മേശപ്പുറത്ത് അടച്ചു വെച്ചിട്ടുണ്ട്.

അവൾ അമ്മയുടെ മുറിയിലേക്ക് എത്തി നോക്കി.

സാവിത്രി കട്ടിലിൽ ചെരിഞ്ഞു കിടക്കുന്നു .. അമർത്തിയ ഏങ്ങലടികളുടെ ചീളുകൾ ഇടയ്ക്കിടെ പുറത്തേക്കു ചിതറി വീഴുന്നുണ്ട്.

അമ്മേ… എണീറ്റ് വാ. കഴിക്കാം

ആരതി വാതിൽക്കൽ നിന്നുകൊണ്ട് വിളിച്ചു പറഞ്ഞു. പിന്നെ കൈകഴുകി കഴിക്കാനിരുന്നു.

അല്പം കഴിഞ്ഞു സാവിത്രിയും അവൾക്കരികിൽ വന്നിരുന്നു.

ഞാൻ ചന്ദ്രമതിയെ വിളിച്ചിരുന്നു. അവര് ചോദിക്കുന്നു നീയൊന്നും പറഞ്ഞില്ലേന്ന്. എന്നെയിങ്ങനെ തീ തീറ്റിക്കാതെ കാര്യം എന്താന്നുവെച്ചാ നീയൊന്ന് തുറന്നു പറ.

സാവിത്രിയുടെ കണ്ണുകൾ വീണ്ടും നിറഞ്ഞൊഴുകി.

“ഞാനും മഹിയും ഡിവോഴ്സാകുന്നു.

ങേ !!!

ചോറ് പ്ളേറ്റിലേക്കു കോരിയിടുന്നതിനിടയിൽ മുഖവുരയൊന്നുമില്ലാതെ അവൾ പറഞ്ഞത് കേട്ട് സാവിത്രി ഞെട്ടിപ്പോയി.

“എന്താ….. എന്താന്ന്??

കേട്ടത് വിശ്വസിക്കാനാകാതെ, മിഴിഞ്ഞ കണ്ണുകളോടെ അവർ ആരതിയുടെ മുഖത്തേക്കുറ്റു നോക്കി.

“മഹിക്ക് ഓഫീസിലൊരു കാമുകിയുണ്ട്. പ്രിയ. രണ്ടു മതത്തിൽപ്പെട്ടവരായതു കൊണ്ട് മഹിയത് ആരെയും അറിയിച്ചില്ല..ക്യാൻസർ ബാധിച്ചു മരണം കാത്തുകിടന്ന അച്ഛനെ സന്തോഷിപ്പിക്കാൻ വേണ്ടിയാ അയാളെന്നെ കല്യാണം കഴിച്ചത്. എന്നിട്ടും പ്രിയ അവരുടെ പ്രണയത്തിൽ നിന്നും പിന്മാറാൻ തയ്യാറായില്ല. അച്ഛൻ മരിച്ചപ്പോൾ മഹിയുടെ മുന്നിലെ തടസ്സമൊക്കെ തീർന്നു കിട്ടി..

കുറച്ചു നാളുകളായി അവരൊന്നിച്ചാ. ഓഫീസിനടുത്തു ഒരു വാടക വീടെടുത്തു താമസിക്കുന്നു.ഉടനെ തന്നെ രണ്ടാളും ഗൾഫിലേക്ക് പോകാനാ ഉദ്ദേശം.

സോ… മഹിയെ ഞാനവന്റെ പാട്ടിനു വിട്ടു.

“അപ്പൊ നിൻറെ വയറ്റിൽ കിടക്കുന്ന കുഞ്ഞ്..?

അത് ചോദിക്കുമ്പോൾ സാവിത്രിയുടെ ശബ്ദം വല്ലാതെ തണുത്തുറഞ്ഞു പോയിരുന്നു.

“അതെന്റെമാത്രം കുഞ്ഞാ. അതിനെ ഞാൻ വളർത്തും.”

“എന്റീശ്വരാ ഞാൻ എന്തൊക്കയാകേൾക്കുന്നെ.. ഇതിനുവേണ്ടിയിട്ടാണോ ഇല്ലാത്ത പൊന്നും പണവുമുണ്ടാക്കി ഞാൻ നിന്നെ അവന്റെ കയ്യിൽ പിടിച്ചേൽപ്പിച്ചത്.”

സാവിത്രി ഉറക്കെ പതം പറഞ്ഞു കരയാൻ തുടങ്ങി.

അതോർത്തു അമ്മ വിഷമിക്കണ്ട. കൊടുത്തതെല്ലാം അതേപോലെ എന്റെകയ്യിലുണ്ട് വേണമെങ്കിൽ നഷ്ടപരിഹാരം തരാനും മഹി തയ്യാറാ.

നഷ്ടപരിഹാരം കിട്ടിയതുകൊണ്ട് എന്താകാനാ. നീയിനി എവിടെ താമസിക്കും.

അതോർത്തും അമ്മ പേടിക്കേണ്ട. ഞാനിവിടെ സ്ഥിരതാമസത്തിനു വന്നതല്ല.നാളെയോ മറ്റന്നാളോ ഞാനങ്ങോട്ട് തിരിച്ചു പോകും.

“ബന്ധം പിരിഞ്ഞാൽപ്പിന്നെ മഹിയുടെ വീട്ടിൽ താമസിക്കാൻ പറ്റോ നിനക്ക് ?

പറ്റും.. എന്റെ മരണംവരെ എനിക്കവിടെ താമസിക്കാനുള്ള അധികാരം മഹിയുടെയമ്മ എനിക്ക് തന്നിട്ടുണ്ട്. മഹിക്കാണ് ആ വീട്ടിലിനി യാതൊരു അവകാശവുമില്ലാത്തത്.കാരണം ഒരിക്കൽ ഇതേ വേദന അനുഭവിച്ചവളാ അമ്മ.അതുകൊണ് അമ്മയുണ്ട് എന്റെ കൂടെ.

ഓ.. വല്യ കാര്യായിപ്പോയി. ഒരു പുണ്യാളത്തി വന്നേക്കുന്നു.മക്കളെ നല്ലതു പറഞ്ഞു കൊടുത്തു വളർത്താതെ പോയതിന്റെ കേടാ ഇതൊക്കെ.

പ്രസാദ് നിന്റെ കല്യാണം നടത്തിക്കൊള്ളാം എന്ന് പറഞ്ഞപ്പോ ഈ വീടും പറമ്പും ആവണിയുടെ പേരിൽ എഴുതി കൊടുത്തുപോയി. അല്ലായിരുന്നെങ്കിൽ അവരുടെ ഔദാര്യം പറ്റിക്കിടക്കാതെ നിനക്കിവിടെ കഴിയാരുന്നു.

അവര് ചോദിച്ചതിലും കൂടുതൽ സ്വർണ്ണവും പണവുമുണ്ടാക്കിത്തന്നില്ലേ പ്രസാദ്. അതവന്റെ നല്ല മനസ്സ്. അല്ലായിരുന്നെങ്കിൽ ഞാൻ എന്തു ചെയ്തേനെ നിന്റെ കാര്യത്തിൽ.

അച്ഛൻ പോകുമ്പോ പത്തു പൈസയുടെ സമ്പാദ്യമില്ലായിരുന്നു ഇവിടെ. ഒരു തയ്യൽമെഷിൻ ഉണ്ടായിരുന്നതു കൊണ്ട് നിങ്ങളെ രണ്ടിനേം വളർത്താൻ കൂലിപ്പണിക്ക് പോകേണ്ടി വന്നില്ല .ഉള്ളതെല്ലാം സൊരുക്കൂട്ടി ആവണിയുടെ കല്യാണം നടത്തിക്കഴിഞ്ഞപ്പോ നിന്നെയൊർത്തുള്ള ആധിയായിരുന്നു. അതിനും ദൈവം ഒരു വഴികാട്ടിത്തന്നു.പ്രസാദിനെപ്പോലെ ഒരു മരുമോനെ തന്നിട്ട്.

എല്ലാം ഒരു കരക്കെത്തിയ ആശ്വാസമായിരുന്നു. എന്നിട്ടിപ്പോ കണ്ടില്ലേ എല്ലാ സമാധാനവും പോയിക്കിട്ടി.എന്റെ കൃഷ്ണാ…ഇതെന്തൊരു വിധിയാണ്.

സാവിത്രി തലയിൽ തല്ലി വിലപിച്ചു കൊണ്ടിരുന്നു.

“പവിയുടെ കണ്ണീരിന്റെ ശക്തിയായിരിക്കും.

അവരുടെ ആവലാതികളും വേവലാതികളും ഗൗനിക്കാതെ ചോറുണ്ടു കൊണ്ടിരുന്ന ആരതി പറഞ്ഞു.

അത് കേട്ടതും സാവിത്രിയുടെ കരച്ചിൽ സ്വിച്ചിട്ടപോലെ നിന്നുപോയി.

“ഒരു തരി പൊന്നോ, പണമോ ചോദിക്കാതെ എന്നെ കൂടെക്കൂട്ടാൻ തയ്യാറായതല്ലേ അവൻ. ആറു വർഷത്തെ പ്രണയം ജാതിയുടെയും തറവാട്ടു മഹിമയുടെയും പേര് പറഞ്ഞു തകർത്തു കളഞ്ഞില്ലേ നിങ്ങൾ. അതിന്റെ ശിക്ഷയാണ്.. പക്ഷേ അനുഭവിക്കുന്നത് ഞാൻ മാത്രമായിപ്പോയി എന്ന സങ്കടമേ എനിക്കുള്ളൂ. അമ്മയുടെ പായാരം പറച്ചിലൊക്കെ ഒന്നോ രണ്ടോ ദിവസം കൂടി കാണുമായിരിക്കും. അതു കഴിഞ്ഞാൽ അമ്മ പിന്നേം പഴയ ആളാകും.തകർന്നു പോയത് ഞാൻ മാത്രമാ. പക്ഷേ അങ്ങനെ തോറ്റു കൊടുക്കില്ല ഞാൻ . അയാളുടെ മുന്നിൽ തലയുയർത്തിത്തന്നെ ജീവിച്ചു കാണിച്ചു കൊടുക്കും. എന്റെ കുഞ്ഞിനേയും കൊണ്ട്.

ആരതി എഴുന്നേറ്റു കൈകഴുകി വീണ്ടും അവളുടെ മുറിയിലേക്ക് പോയി.

സാവിത്രി പിന്നെയും അതേയിരുപ്പ് തുടർന്നു. ആരതി കോരിയിട്ടിട്ടുപോയ ഉമിത്തിയിൽ വെന്തു നീറി.

****************

മോളേ ആരതി …. എന്തൊരിരുപ്പായിത്. അവരിങ്ങെത്താറായി. മാമ്പഴപ്പുളിശ്ശേരി ഏട്ടത്തിതന്നെ ഉണ്ടാക്കിയാൽ മതി എന്നാ മനുവിന്റെ ഓർഡർ. എല്ലാം എടുത്തു വെച്ചിട്ടുണ്ട്. ഇനിയത് പാകം നോക്കി ഉണ്ടാക്കിയാ മാത്രം മതി. മോളെണീറ്റു വന്നേ.

ചന്ദ്രമതി അവളുടെ മുടിയിഴകളിൽ തലോടി.

ഇപ്പോ റെഡിയാക്കാം അമ്മേ.

ആരതി കൈകൊണ്ട് വയർ താങ്ങിപ്പിടിച്ച് മെല്ലെ എഴുന്നേറ്റു.

അവളുടെ എല്ലുന്തിയ തോളും, വിളറിയ മുഖവും കണ്ട് ചന്ദ്രമതിക്കു വല്ലാത്ത വേദന തോന്നി.

മോളേ, സംഭവിച്ചു കഴിഞ്ഞതിനെപ്പറ്റി ആലോചിച്ചു വിഷമിച്ചിട്ടിനി എന്താ കാര്യം. ഒരിക്കൽ ഞാനും അനുഭവിച്ച വേദനയാ. എനിക്കറിയാം ഇതിന്റെ കാഠിന്യം. എന്നാലും പറയുവാ മോളെല്ലാം മറക്കണം.

മഹിയുടെ അച്ഛന് വേറൊരു ഭാര്യയും മക്കളുമുണ്ടെന്നറിഞ്ഞപ്പോൾ മരിച്ചുകളഞ്ഞാലോ എന്നുവരെ ചിന്തിച്ചതാ ഞാൻ. നിന്റെയത്രേം ധൈര്യം പോലുമില്ലായിരുന്നു അന്നെനിക്ക്. ഒരു പൊട്ടിപ്പെണ്ണ്. എന്നിട്ടും മക്കളെയോർത്തു പിടിച്ചു നിന്നില്ലേ. അങ്ങേര് മാസത്തിൽ ഒന്നോ രണ്ടോ ആഴ്ച ഇവിടെ തങ്ങും. അപ്പോഴൊക്കെ കൂടെ കി ടന്നു കൊടു ത്തില്ലെങ്കിൽ ക്രൂ ര മർ ദ്ധനമായിരുന്നു. എതിർക്കാനുള്ള തന്റേടമില്ല. എല്ലാം സഹിച്ചു..ഈ മക്കൾക്ക് വേണ്ടി. അരുതുകളെ അരുത് എന്നുപറഞ്ഞുകൊടുത്തു തന്നെയാ രണ്ടുപേരെയും ഞാൻ വളർത്തിയത്.എന്നിട്ടും അവൻ അവന്റച്ഛന്റെ തനിസ്വഭാവം കാണിച്ചു.ഇനിയവനെ ഈ പടിക്കകത്തോട്ടു കടത്തില്ല. ഞാൻ തിന്ന തീ ഇനിയൊരു പെൺകുട്ടി കൂടി തിന്നണ്ട.

മക്കളെ അങ്ങേർക്ക് ജീവനായിരുന്നു. അതുപോലെയാ രണ്ടുപേരെയും കൊണ്ടു നടന്നത്. അതുകൊണ്ടാ അച്ഛന്റെ അവസാനത്തേ ആഗ്രഹമാ മോനേ എന്നും പറഞ്ഞു കരഞ്ഞപ്പോൾ അവനിതിനു സമ്മതിച്ചേ വിവാഹത്തിന് മുൻപ് അവനിക്കാര്യം എന്നോടൊന്നു പറഞ്ഞിരുന്നെങ്കിൽ ഞാനിതിനു സമ്മതിക്കില്ലായിരുന്നു മോളെ.

ചന്ദ്രമതി ഇടർച്ചയോടെ പറഞ്ഞു.

സാരമില്ലമ്മേ. അതൊക്കെ സംഭവിച്ചു കഴിഞ്ഞില്ലേ.എനിക്കതിൽ സങ്കടമൊന്നുമില്ല. കുറച്ചു ദിവസമായി നല്ല ക്ഷീണം തോന്നുന്നുണ്ട്. അതാ ഇങ്ങനെ ചടഞ്ഞു കൂടിയിരിക്കുന്നെ.

ഡേറ്റ് ആകാറായില്ലേ. അതാകും മോളെ. മോള് വിഷമിക്കണ്ട.

ആ… പിന്നേ മനുന്റെ കുട്ടിക്ക് ഇതൊന്നും അറിയില്ലന്നാ അവൻ പറഞ്ഞത്. മോള് ഇപ്പോഴൊന്നും അവളോട് പറയാൻ നിൽക്കണ്ടാട്ടോ.മനു സാവധാനം പറഞ്ഞു മനസ്സിലാക്കിക്കൊള്ളും.അവർ ഒരാഴ്ചയിലധികം ഇവിടെ ഉണ്ടാകില്ല. അവളുടെ അച്ഛൻ ഡൽഹിയിൽ അവർക്കൊരു ഫ്ലാറ്റ് വാങ്ങിയിട്ടുണ്ട് എന്നാ പറഞ്ഞത്. അവരങ്ങോട്ട് താമസം മാറിയാൽപ്പിന്നെ വല്ലപ്പോഴും ഒന്ന് വന്നലായി ഇങ്ങോട്ട്.

അവന്റെ കാര്യത്തിൽ സ്വന്തം ഇഷ്ടത്തിൽ മുറുകെ പിടിച്ചു നിന്നു. അതോണ്ട് ആഗ്രഹിച്ച പെണ്ണിനെത്തന്നേ കിട്ടി.എതിര് പറയാൻ അങ്ങേരും ഉണ്ടായില്ല.

നന്നായി ജീവിച്ചു കണ്ടാൽ മതി. വേറൊന്നും വേണ്ടെനിക്ക്.ഇനിയീ വീട്ടിൽ നീയും ഞാനും മാത്രേയുള്ളൂ. അതോർക്കുമ്പോഴാ ഒരു വിഷമം.അല്ല ഒന്നോർത്താൽ അതും ഒരു സമാധാനം തന്നെയാ. അല്ലെ..?

ഉം… അതെയമ്മേ.. ആരതി തലയാട്ടിക്കൊണ്ട് മൂളി.

ചന്ദ്രമതി അവളുടെ കൈപിടിച്ച് അടുക്കളയിലേക്ക് നടന്നു.

ഉച്ചയൂണിന്റെ സമയം കഴിഞ്ഞിട്ടും മനുവും പുതുപ്പെണ്ണും എത്തിച്ചേർന്നില്ല.

ധൃതി പിടിച്ച് എല്ലാം ഉണ്ടാക്കിയത് വെറുതെയായല്ലോയെന്ന് ചന്ദ്രമതി പരിഭവം പറഞ്ഞു.

“മോള് പോയി കിടന്നോ. ഞാനും ഒന്ന് നടു നീർത്തട്ടെ..”

ആരൊക്കെയോ ഉറക്കെ സംസാരിക്കുന്നത് കേട്ടാണ് ആരതി ഉച്ചമയക്കത്തിൽ നിന്ന് കണ്ണ് തുറന്നത്.

മനുവും, ശീതളും അവളുടെ അച്ഛനമ്മമാരും ഊണുമുറിയിലിരിപ്പുണ്ട്.

അവൾ വേഗം എഴുന്നേറ്റ് മുഖം കഴുകി അവർക്കരികിലേക്ക് ചെന്നു.

ആ… മോള് ഉണർന്നോ. ഞാൻ വന്നു നോക്കുമ്പോ നല്ല ഉറക്കമായിരുന്നു. അതാ വിളിക്കാഞ്ഞത്.

ചന്ദ്രമതി, പ്ലേറ്റിലിരുന്ന ഹലുവയുടെ ഒരു കഷ്ണം അവൾക്ക് നേരെ നീട്ടിക്കൊണ്ട് പറഞ്ഞു.

മനുവിന്റെ കണ്ണുകൾ അവളുടെ വീർത്തുന്തിയ വയറിലായിരുന്നു.

അവളുടെ മിഴികളുമായി നോട്ടം കൊരുത്തതും അവൻ പെട്ടന്ന് തല താഴ്ത്തി.

മനസ്സിൽ വിരിഞ്ഞ ഗൂഢമായ പുഞ്ചിരി മെല്ലെ അവളുടെ ചുണ്ടുകളിലേക്കും ഒളിച്ചുകളി നടത്തി.

“പ്രിയയെയല്ലാതെ മറ്റൊരു പെണ്ണിനേ എനിക്ക് സങ്കൽപ്പിക്കാൻ പോലും കഴിയില്ല. മറ്റുള്ളവർക്കുമുന്നിൽ നീയെന്റെ ഭാര്യതന്നെയായിരിക്കും. അതിനപ്പുറം മറ്റൊന്നും എന്നിൽ നിന്നും പ്രതീക്ഷിക്കരുത്.എന്നെ അനുസരിക്കുന്നതുകൊണ്ട് നിനക്ക് നഷ്ടമൊന്നും വരാനില്ല. നിന്റെ വീട്ടിലേതിനേക്കാൾ സുഖസൗകര്യങ്ങൾ നിനക്കിവിടെയുണ്ട്”

മഹിയുടെ പരുഷമായ വാക്കുകൾ കാതിൽ വീണ്ടും വീണ്ടും അലയിടാൻ തുടങ്ങി.

“ഒരു പെൺകുട്ടിയുടെ ജീവിതവും സ്വപ്നങ്ങളും നശിപ്പിച്ചിട്ടുവേണമായിരുന്നോ നിങ്ങൾക്ക് അച്ഛന്റെ അവസാനയാഗ്രഹം സാധിപ്പിച്ചു കൊടുക്കാൻ.?

ആരതി കോപം കൊണ്ട് വിറക്കുകയായിരുന്നു.

അപ്പൊ അതൊന്നും ആലോചിച്ചില്ല. നിനക്ക് വേണമെങ്കിൽ ഈ ബന്ധത്തിൽ നിന്ന് പിന്മാറാം. അത് നിന്റെ മാത്രം തീരുമാനമായിരിക്കണം എന്നൊരു നിബന്ധനയേ എനിക്കുള്ളൂ.

അയാളുടെ വാക്കുകളിലെ നിസാരത അവളെ വിസ്മയിപ്പിച്ചു കളഞ്ഞു.

അലറി വിളിക്കാൻ തോന്നിയെങ്കിലും,ചേച്ചിയുടെ സ്വന്തമായ വീട്ടിൽ ഒരഭയാർത്ഥിയെപ്പോലെ വീണ്ടും കയറിച്ചെല്ലുന്നതോർത്തപ്പോൾ വാക്കുകൾ തൊണ്ടയിൽ കുരുങ്ങി ശ്വാസം മുട്ടി നിന്നുപോയി.

പെട്ടന്നൊന്നും പവിയുടെ സ്ഥാനത്തു മഹിയെ കുടിയിരുത്താൻ കഴിയാത്തതു കൊണ്ട്, ബെഡ്റൂമിലെ അയാളുടെ നിസ്സഹകരണം വല്ലാത്തൊരു ആശ്വാസമായിരുന്നു.

തന്റെ നിസ്സഹയാവസ്ഥ പവിയെ അറിയിച്ചാലോ എന്നൊരു നിമിഷം ചിന്തിച്ചു പോയി. എല്ലാവർക്കും മുന്നിലൂടെ തന്നെ വിളിച്ചിറക്കി കൊണ്ടുപോകാൻ യാതൊരു മടിയും കാണിക്കില്ലവൻ എന്ന് തീർച്ചയായിരുന്നു. പക്ഷേ, ഒരിക്കൽ തിരസ്കരിക്കപ്പെട്ട് തല താഴ്ത്തി കണ്ണുനീരോടെ ഇറങ്ങിപ്പോയ ഒരുവന്റെ ചിത്രം ഹൃദയത്തേ കീറിമുറിച്ചപ്പോൾ ആ ചിന്തകളെയവൾ വേരോടെ അറുത്തുമാറ്റി.

പിന്നെയങ്ങോട്ട് അഭിനയിച്ചു തകർക്കുകയായിരുന്നു. പകയെരിയുന്ന മനസ്സുമായി.

ഒടുവിലൊരു ദിവസം,

ആരുടെ കുഞ്ഞാ നിന്റെ വയറ്റിൽ വളരുന്നത് എന്ന മഹിയുടെ ആകാംഷ നിറഞ്ഞ ചോദ്യത്തിന് മറുപടി കൊടുക്കാതെ അവൾ വിജയിയുടെ പൊൻതൂവലെടുത്തണിഞ്ഞു.

“എന്റെ കണ്മുന്നിൽ നിങ്ങൾക്ക് നിങ്ങളുടെ കാമുകിയുമായി സല്ലപിക്കാമെങ്കിൽ എനിക്കും എന്റെ സന്തോഷങ്ങളെ സ്വയം കണ്ടെത്താം. അഭിനയിക്കുന്ന വർക്കിടയിൽ ചോദ്യങ്ങൾക്കും ഉത്തരങ്ങൾക്കുമൊന്നും സ്ഥാനവുമില്ല ന്നറിഞ്ഞോളൂ . അച്ഛനെപ്പോലെ അവിടെയും ഇവിടെയും ഓരോ ഭാര്യമാർ ഉണ്ടായിരിക്കട്ടെ എന്നല്ലായിരുന്നോ നിങ്ങളും മനസ്സിൽ കണ്ടത്.അവളെ മടുക്കുമ്പോ എന്നെ ഉപയോഗിക്കാം എന്ന കണക്കുകൂട്ടൽ. അത് നിങ്ങളുടെ മനസ്സിലിരുന്നോട്ടെ. നിങ്ങളുടേയീ ഒളിച്ചു കളി അമ്മയറിഞ്ഞാൽ അവരൊരിക്കലും നിങ്ങൾക്ക് മാപ്പു തരില്ല. എന്റെ കൂടെ നിൽക്കുമവർ. കുറഞ്ഞ നാളുകൾ കൊണ്ട് ഞാനത് മനസ്സിലാക്കിയിട്ടുണ്ട്.അതുകൊണ്ട് ഒച്ചയെടുത്തു എല്ലാരേയും അറിയിക്കാൻ നോക്കണ്ട നിങ്ങൾ. മിണ്ടാതിരുന്നോളൂ.

അച്ഛന്റെ ആഗ്രഹങ്ങളെല്ലാം നിറവേറി . ഇനിയീ കുഞ്ഞിനെക്കൂടി കാണാനാ അങ്ങേരുടെ ഒടുക്കത്തെ ആഗ്രഹം. അതെന്തായാലും നടക്കുമെന്ന് എനിക്ക് തോന്നുന്നില്ല. അതിനും മുന്നേ അയാളുടെ ചീട്ട് കീറും. അപ്പൊ മഹിയേട്ടനും സ്വതന്ത്രനാകും. നിങ്ങൾ എന്തു തന്നെ തീരുമാനിച്ചാലും ശരി ഞാനീ വീട്ടിൽ തന്നെ കഴിയും.

ആരതി, എനിക്ക് നിന്നോട് ദേഷ്യമൊന്നുമില്ല. നിന്നെയിവിടുന്നു ഇറക്കി വിടാനൊന്നും ഞാൻ ശ്രമിക്കില്ല. നീ ഇവിടെത്തന്നേ താമസിച്ചോളൂ.ഞാൻ ചെയ്ത തെറ്റിനുള്ള പ്രായ്ശ്ചിത്തമായിക്കോട്ടെ.

പരാജിതന്റെ മുഖമായിരുന്നു അപ്പോഴായാൾക്ക്.

അത് കണ്ടു നിൽക്കേ അവൾക്ക് അട്ടഹസിച്ചു ചിരിക്കാൻ തോന്നി.

“ഏട്ടത്തി… സുഖമാണോ.?

മനുവിന്റെ ചോദ്യം അവളെ ചിന്തകളിൽനിന്നുണർത്തി.

“ഡേറ്റ് അടുക്കാറായതിൻറെ ക്ഷീണമാ അവൾക്ക്. എത്ര പറഞ്ഞാലും വയറു നിറയെ ആഹാരം കഴിക്കില്ല.കണ്ടില്ലേ കോലം. എല്ലുന്തി തുടങ്ങി.”

മറുപടി പറഞ്ഞത് ചന്ദ്രമതിയായിരുന്നു.

എല്ലാ കണ്ണുകളും തന്റെ മുഖത്തേക്കാണെന്നറിഞ്ഞ് അവൾ എല്ലാവർക്കും ഓരോ പുഞ്ചിരി സമ്മാനിച്ചു.മനു ആ പുഞ്ചിരി മടക്കി നൽകാനാകാതെ വീർപ്പുമുട്ടുന്നത് അവന്റെ കണ്ണുകളിൽ നിന്നവൾ വായിച്ചെടുത്തു.

ഏട്ടത്തി ഇവിടെയിരിക്കൂ..ശീതൾ അവളുടെ കൈ പിടിച്ച് അടുത്തിരുത്തി.

അവളോട് ചേർന്നിരിക്കുമ്പോൾ തകർത്തുപെയ്യുന്നൊരു ഇടവപ്പാതി മഴ കൂരിരുൾ തീർത്തൊരു സന്ധ്യ അവളുടെ മനസ്സിലേക്കോടിയെത്തി.

പവിയുടെ ഓർമ്മകളെ താലോലിച്ച്, ഇടയ്ക്കിടെ ഉയർന്നു വരുന്ന ശ രീരത്തിന്റെ വികാരങ്ങളെ അടക്കി നിർത്താൻ പണിപ്പെട്ട് മഴയുടെ തണുപ്പും ആസ്വദിച്ചു കട്ടിലിൽ ചുരുണ്ടുകൂടിക്കിടന്നൊരു സന്ധ്യയിലാണ്, ആകെ നനഞ്ഞു കുളിച്ച് മനു ഓടിക്കയറിവന്നത്.

“ഏട്ടത്തീ, അമ്മയെവിടെപ്പോയി.

“അമ്മ ഇളയച്ഛന്റെ വീട്ടിലേക്ക് പോയതാ. മഴ തോരാൻ കാത്തു നിൽക്കയാവും അവിടെ.

ആകെ നനഞ്ഞൂലോ നീ. എന്തിനാ ഈ മഴയത്ത് വണ്ടിയോടിച്ചേ..?

വെറുതെ ഒരു രസം.

അവൾ നീട്ടിയ ടവ്വൽ വാങ്ങി തല തൂവർത്തുമ്പോൾ അവൻ ചിരിയോടെ പറഞ്ഞു.

വരാന്തയിൽ നിന്നുകൊണ്ട് തന്നെ അവൻ നനഞ്ഞഡ്രസ്സുകൾ മാറ്റി ടവ്വൽ ഉടുത്തു.

പെട്ടന്നൊരു ഇടി വെട്ടി. അടുത്ത നിമിഷം കറന്റും പോയി.

അകത്തേക്ക് കയറാൻ തുടങ്ങിയ മനു, കണ്ണിൽ കു,ത്തിത്തറച്ച ഇരുട്ടിൽ തട്ടിത്തടഞ്ഞു ആരതിയുടെ ദേഹത്തേക്ക് വന്നലച്ചു.

പവിയുടെ അതേ മണമായിരുന്നു അവനും.അതവളെ വന്നു പൊതിഞ്ഞതും പവീ എന്ന മ ർമ്മരമുതിർത്തുകൊണ്ടവൾ ഒരു തളർച്ചയോടെ അവന്റെ നെഞ്ചിലേക്ക് മുഖം ചേർത്തു.

ഒരു നിമിഷം സ്തംഭിച്ചു നിന്നുപോയ മനുവും അവന്റെ ദേഹത്തേക്കമരുന്ന അവളുടെ നി,മ്ന്നോന്നതകളിൽ നിലവിട്ടുപോയി.

വികാരങ്ങളുടെ വേലിയേറ്റത്തിൽ ശ,രീരത്തിലൂടെ ഇഴഞ്ഞു നടക്കുന്ന കൈകൾ അവളിൽ ഇക്കിളിയുണർത്തി.. അതവളെ കിലുകിലെ ചിരിപ്പിച്ചു. ചിരിക്കിടയിൽ പവീ എന്നവൾ കൊഞ്ചിക്കൊണ്ടിരുന്നു.

ആരൂ എന്നൊരു വിളി കാതിൽ മർമ്മരം തീർത്ത നിമിഷങ്ങളിൽ, അവൾ പവിയുടേതാകുകയായിരുന്നു.ഉയർന്നു താഴുന്ന കിതപ്പുകൾക്കിടയിൽ,ആരൂ ഇനി നീയെന്റെയാണ്, എന്റെ മാത്രം എന്ന മന്ത്രണം കേട്ട് അവൾ ആകെ പൂത്തുലഞ്ഞു പോയി.

ചെയ്ത് പോയ തെറ്റുകളെയോർത്തു യാതൊരു കുറ്റബോധവും തോന്നിയില്ല. തന്റെ ജീവിതം വെച്ച് കളിച്ചവരോടെല്ലാമുള്ള പ്രതികാരം മാത്രമായിരുന്നു മനസ്സിൽ.

അതുകൊണ്ടുതന്നെ ദാഹം പെയ്തു തോർന്ന രാത്രികൾ ആവർത്തിച്ചു കൊണ്ടിരുന്നു.

ഓരോ വേ,iഴ്ച്ചക്കു ശേഷവും മനു അവൾക്ക് വാക്ക് കൊടുത്തു. നീയെന്റെയാണ്. എന്റെ മാത്രം.

എന്നിട്ടിപ്പോ…

പാഴ്വാക്കുകൾ ചൊരിഞ്ഞ് പെണ്ണിനെ മയക്കാൻ ആണിനെന്തൊരു മിടുക്കാണ്.

ആരതി പല്ലുകൾ കടിച്ചമർത്തി.

പക്ഷേ ആരതി തോൽക്കില്ല. ആർക്ക് മുന്നിലും. ആരതിക്ക് ജീവിച്ചേ മതിയാകൂ.

അവൾ ശീതളിന്റെ കണ്ണുകളിലേക്ക് നോക്കി. അവളോടുള്ള സ്നേഹവും അനുകമ്പയും ആ മിഴികളിൽ നിറഞ്ഞു നിൽക്കുന്നുണ്ടായിരുന്നു.

“ഏട്ടത്തി, പ്രസവം കഴിയുന്നവരെ ഞങ്ങളിവിടെ ഉണ്ടാകുട്ടോ. വാവയെ കണ്ടിട്ടേ ഞങ്ങൾ ഡൽഹിക്കു പോകുന്നുള്ളൂ അല്ലെ മനു.”

“ഹാ… അതേ.

മനു ശീതളിന്റെ അഭിപ്രായത്തേ സമ്മതിച്ചു കൊടുത്തുകൊണ്ട് തലയാട്ടി.

അതെന്തായാലും നന്നായി മോളേ.. മഹിയിവിടെ ഇല്ലാത്തതോർത്ത്‌ ആകെയൊരു വിഷമം ആയിരുന്നു. ഇപ്പൊ അത് മാറിക്കിട്ടി അമ്മക്ക്.

ചന്ദ്രമതി നന്ദി നിറഞ്ഞൊരു പുഞ്ചിരി ശീതളിന് സമ്മാനിച്ചു.

ശീതൾ അവളുടെ കൈപിടിച്ച് അകമുറിയിലേക്ക് കയറി.

മനൂ,ഞാനീ വീടും പറമ്പും ആരതിയുടെ പേരിൽ എഴുതിവെക്കാൻ തീരുമാനിച്ചുട്ടോ. നിന്റെ ഓഹരി ഞാനങ്ങു തന്നേക്കാം.

രാത്രി, മറ്റാരും കേൾക്കാതെ അമ്മ മനുവിനോട് പറയുന്ന കേട്ടപ്പോൾ ആരതിയുടെ ചുണ്ടിലൊരു ചിരി വിരിഞ്ഞു. പകയുടെ ഉലയൂതി വീണ്ടും വീണ്ടും വിജയക്കൊടി പാറിച്ച ഒരുവളുടെ ഗൂഢസ്മിതം.

Related Posts

Leave a Reply

Your email address will not be published. Required fields are marked *