പെണ്ണായ് പിറന്നതിന്റെ പേരിൽ പിന്നിലേക്ക് തഴയപ്പെടാനോ ചിന്നിച്ചിതറി ഇല്ലാതായിപ്പോകാനോ,ആണിന്റെ കാൽക്കീഴിൽ ചവിട്ടി അരയ്ക്കപ്പെടാനോ മാത്രം വിധിയുള്ളവരെന്ന……

മൂന്ന് പെൺകുഞ്ഞുങ്ങൾ വേണമെനിക്ക്….

Story written by Bindhya Balan

ഇന്നലെയും ഞാനാ സ്വപ്നം കണ്ടിരുന്നു..

കണ്ണുകളിൽ അഗ്നിത്തിളക്കവുമായി നിലാ വെട്ടം പോലെ ചിരിക്കുന്ന മുഖമുള്ള മൂന്നു പെൺകുട്ടികൾ…

പ്രാണന്റെ പാതിയായവനെ,എന്റെയാ സ്വപ്നത്തിലേതു പോലെ

മൂന്ന് പെൺകുഞ്ഞുങ്ങൾ വേണമെനിക്ക്..

എല്ലാവർക്കും നിന്റെ മുഖം ആയിരിക്കണം

ഒരാൾ നിന്നെപ്പോലെ ചിരിക്കുന്നവളാവണം…

അടുത്തയാൾ നിന്നെപ്പോലെ ഇടം കവിളിൽ നുണക്കുഴിച്ചന്തമുള്ളവൾ ആകണം……

ഇനിയുമൊരാൾ,നിന്നെപ്പോലെ കണ്ണുകളിലെ ശാന്തതയ്ക്ക് കീഴിലൊരു അഗ്നി പർവതം ഒളിപ്പിച്ചവളാകണം….

നീ പറഞ്ഞു കൊടുത്ത പൊരുളുകളെ,

നീ പകുത്തു കൊടുത്ത നിന്റെ കനവുകളെ,

നീ ചൊല്ലിക്കൊടുത്ത നേരുകളെ

ഉയിരിലേക്കെടുത്തു വച്ച് മൂവരും നീ തന്നെയെന്ന് എനിക്ക് കാട്ടി തരാൻ മൂന്ന് പെൺകുഞ്ഞുങ്ങളെ വേണമെനിക്ക്……

എന്നിട്ടവർ വളരട്ടെ….നീ തന്നെയായി

നെറികേടുകൾക്ക് നേരെ കണ്ണുകളിൽ അഗ്നിയാളിച്ച് അവർ ലോകത്തോട് പൊരുതട്ടെ….

അവർക്ക് ചുറ്റും വട്ടമിട്ടു പറക്കാൻ ചിറക് നീർത്തുന്ന കഴുകൻമാരുടെ കണ്ണുകളെ അവർ ചൂഴ്ന്നെടുക്കട്ടെ….

അവർക്ക് നേരെ ചൂണ്ടുന്ന ശരികേടുകളുടെ കറുത്ത വിരലുകൾ അവർ വെട്ടി വീഴ്ത്തട്ടെ…..

ആത്മാഭിമാനം മുറുകെപ്പിടിച്ചു ജീവിക്കാൻ ഈ ലോകത്തോട് പടവെട്ടാനുള്ള ഉൾക്കരുത്തുമായി അവർ കുതിക്കട്ടെ….

കത്തിയാളുന്ന സൂര്യനെപ്പോലെ നീതിക്കേടുകൾക്ക് നേരെ തീക്കാറ്റ് പായിക്കുമ്പോഴും, സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ശീലിച്ചും ആഗ്രഹിച്ചും സ്വന്തം പെണ്മയെ അവർ വാനോളം ഉയർത്തട്ടേ….

ആർക്കും കീഴ്പ്പെട്ടു നിൽക്കാതെ സ്വയം ആരെന്നറിഞ്ഞ് ലോകത്തിനു മുന്നിലവർ തലയുയർത്തി നിൽക്കട്ടെ…..

സ്നേഹമൊരു ബാധ്യതായി തലയിലേറ്റാതെ അതൊരു പ്രാർത്ഥനയായി അവർ നെഞ്ചിനുള്ളിൽ കാത്തു വയ്ക്കട്ടെ…

പെണ്ണായ് പിറന്നതിന്റെ പേരിൽ പിന്നിലേക്ക് തഴയപ്പെടാനോ ചിന്നിച്ചിതറി ഇല്ലാതായിപ്പോകാനോ,ആണിന്റെ കാൽക്കീഴിൽ ചവിട്ടി അരയ്ക്കപ്പെടാനോ മാത്രം വിധിയുള്ളവരെന്ന പിഞ്ഞിപ്പോയ വിശ്വാസത്തെ നെഞ്ചിലെ നേരിന്റെ അഗ്നിയാലെരിച്ച്‌ ഈ ലോകം തങ്ങളുടേതെന്നു കൂടി അവരിവിടെ എഴുതി ചേർക്കട്ടെ……

അക്ഷരങ്ങളെ കൂട്ടുകാരാക്കട്ടെ.. പുസ്തകങ്ങളെ കൂടെപ്പിറപ്പുകളും…

ലോകത്തിന്റെ ന്യായാന്യായങ്ങളെ പൊരുളുകളെ വേർതിരിച്ചറിയാൻ നിന്നോളം അവർക്കും അകകണ്ണിന്റെ കാഴ്ച തെളിയട്ടെ…

ലോകത്തിന്റെ എല്ലാ അശുദ്ധികളെയും ഉള്ളിലെ അഗ്നിയാലെരിച്ചു സ്വയം മുക്തി നേടട്ടെ അവർ……

അങ്ങനെയങ്ങനെ, നിന്റെ കൈപിടിച്ച് നിന്റെതായ നാൾ തൊട്ട് ഈ നിമിഷം വരെ നീയെന്നെ എങ്ങനെ ഊതിയുരുക്കി കാച്ചിയെടുത്തോ അത് പോലെ അവരും ആവട്ടെ…

മൂന്ന് പൊന്നിൻകട്ടകളാവട്ടെ….

എന്റെയും നിന്റെയും പാതി പാതി പ്രണാനുകളെന്നു പലയാവർത്തി നാം ഉരുവിടുമ്പോഴും,

അവർ നീ ആയി വളരട്ടെ. എല്ലാവരുടെയും സ്നേഹത്തിനു പാത്രമാകട്ടെ…

എന്റെ മോഹമാണത്..

നിത്യവും ഞാൻ കാണാറുള്ള സ്വപ്നത്തിലേത് പോലെ മൂന്ന്പെൺകുഞ്ഞുങ്ങൾ.. കണ്ണുകളിൽ അഗ്നിത്തിളക്കമുള്ളവർ…

എന്നിൽ പാതിയായവനെ, എന്റെ പ്രാർത്ഥനയാണിത്നി ന്റെ ബീ ജങ്ങളെല്ലാം പെൺകുട്ടികാളവട്ടെ..

മൂന്ന് അഗ്നി നക്ഷത്രങ്ങൾക്ക് ജന്മം കൊടുത്ത് ഞാനും അമ്മയെന്ന വിശുദ്ധിയിൽ അലിയട്ടെ.. മുക്തി നേടട്ടെ….

Related Posts

Leave a Reply

Your email address will not be published. Required fields are marked *