പെൺകുട്ടികൾ ആയാൽ സഹിക്കണമെന്നും ക്ഷമിക്കണം എന്നും ഞാൻ അവളെ പഠിപ്പിച്ചു….

എഴുത്ത്:-രേഷ്മ രാജ്

“ദേ ഭ്രാന്തി വരുന്നുണ്ട് ” “ഭ്രാന്തീ…” “ഭ്രാന്തി തള്ള ഇറങ്ങിയല്ലോ “

എല്ലാവർക്കും അവർ ഭ്രാന്തിയാണ്. പക്ഷെ ആ രണ്ട് അക്ഷരത്തിനുള്ളിൽ അവരെ തളച്ചു ഇടാൻ എനിക്ക് മാത്രം കഴിഞ്ഞില്ല. ആ കണ്ണുകളിൽ സഹതാപവും വാത്സല്യവും പ്രതികാരവും ഒക്കെ ഞാൻ മാത്രം ശ്രദ്ധിച്ചിട്ടുണ്ട്.

റോഡ് മുറിച്ചു കടക്കുന്ന കുട്ടികളുടെ ഓരോ ചുവടും ശ്രദ്ധിച്ചു നിൽക്കുന്ന ആ കണ്ണുകളിൽ ഒരു മാതൃസ്നേഹം ഞാൻ കണ്ടിട്ടുണ്ട്. കാ മത്തോടെ പെൺകുട്ടികളെ ശല്യപ്പെടുത്തുന്ന ഓരോ പുരുഷനെയും മണ്ണ് വാരി എറിയുന്ന ആ കണ്ണുകളിലെ തീയും ഞാൻ കണ്ടിട്ടുണ്ട്. പ്രായമായ സ്ത്രീകൾക്ക് ഇരിക്കാൻ ചെറുപ്പക്കാരെ ഗോഷ്ടി കാണിച്ചു ഓടിച്ചു ബസ് സ്റ്റാൻഡിൽ സ്ഥലം ഉണ്ടാക്കുന്ന അവരുടെ കണ്ണിലെ കരുതലും എനിക്ക് മാത്രം മനസ്സായിലായിട്ടുണ്ട്. അതുകൊണ്ട് തന്നെ ബാക്കി ഉള്ളവരെ പോലെ അവരെ കാണുമ്പോൾ ഓടിമറയാനോ ആട്ടി അകറ്റാനോ എനിക്ക് കഴിഞ്ഞിട്ടില്ല.

അന്ന് ഞാൻ ഒറ്റക്ക് ആയിരുന്നു ബസ് സ്റ്റോപ്പിൽ. പിറന്നാൾ ദിവസം അമ്പലത്തിൽ പോയിട്ട് വന്നപ്പോഴേക്കും കൂട്ടുകാർ ഒക്കെ പോയിരുന്നു. അന്ന് അവർ വന്നു എന്നോട് വെള്ളം തരാമോ എന്ന് ആംഗ്യം കാണിച്ചു. വെള്ളം നിറച്ച കുപ്പി കൊടുത്തപ്പോൾ അതിൽ തൊടാതെ കയ്യിൽ ഒഴിച്ച് തരാൻ അവർ ആംഗ്യം കാണിച്ചു. സാരമില്ല അമ്മ കുപ്പിയിൽ നിന്ന് കുടിച്ചോളൂ എന്ന് ഞാൻ പറഞ്ഞപ്പോൾ ആ കണ്ണുകൾ നിറഞ്ഞു ഒഴുകുന്നത് ഞാൻ കണ്ടു. എന്തിനാ കരയുന്നത് എന്ന എന്റെ ചോദ്യത്തിന് മുന്നിൽ അവർ മൗനമായി തന്നെ നിന്നു. പിന്നീടുള്ള ദിവസങ്ങളിൽ അവർ ചോദിക്കാതെ തന്നെ ഞാൻ അവർക്ക് വെള്ളം നൽകി. ആ നിറഞ്ഞ കണ്ണുകളിലെ വാത്സല്യം എനിക്ക് ഒരു ല ഹരി ആയി. ഒരു വാക്ക് പോലും മിണ്ടാതെ അവർ എനിക്ക് ആരൊക്കെയോ ആയി. പിന്നീട് എന്റെ സ്നേഹം പലഹാരം ആയിട്ടും മിട്ടായികൾ ആയിട്ടും ഒക്കെ ഞാൻ അവർക്ക് നീട്ടി. മടി കൂടാതെ സന്തോഷത്തോടെ അവർ അതൊക്കെ സ്വീകരിച്ചു.

പിന്നീട് ഒരു ദിവസം അവരോട് സംസാരിക്കാൻ ഞാൻ തീരുമാനിച്ചു.

“അമ്മ ആരാണ്?”

“ഞാൻ അമ്മയല്ല… എനിക്ക് അത് കേൾക്കാൻ യോഗ്യത ഇല്ല.”

“ഈ കണ്ണുകളിലെ വാത്സല്യം മാത്രം മതി എനിക്ക് അമ്മ എന്ന് വിളിക്കാൻ.”

“ഞാൻ ഒരു നല്ല അമ്മ ആയിരുന്നില്ല ഒരിക്കലും.”

“ആരും പെർഫെക്ട് അല്ലല്ലോ അമ്മേ”

“എനിക്ക് എന്റെ മകളെ സംരക്ഷിക്കാൻ കഴിഞ്ഞില്ല. ഞാൻ അവളെ കൊന്നു.”

ഞാൻ ഒന്ന് പതറിയെങ്കിലും അത് പുറത്ത് കാണിക്കാതെ ഞാൻ പിന്നെയും തുടർന്നു.

” എന്താ അമ്മയുടെ മകൾക്ക് സംഭവിച്ചത്? “

” ഞാൻ അവൾക്ക് സ്നേഹം നൽകി, വാത്സല്യം നൽകി, വിദ്യാഭ്യാസം നൽകി. പക്ഷെ എന്നിട്ടും എനിക്ക് അവളെ സംരക്ഷിക്കാൻ പറ്റിയില്ല. ഞങ്ങളുടെ പൊന്നോമന ആയിരുന്നു അവൾ. കുറുമ്പത്തി ആയിരുന്നു. നുണക്കിഴികളിൽ കുസൃതി ഒളിപ്പിച്ചു കണ്ണുകളിൽ നിഷ്കളങ്കത നിറച്ച ഒരു പാവം ആയിരുന്നു എന്റെ മകൾ. “

“എന്നിട്ട് “

“അവൾ ഒരു പാവം ആയിരുന്നു. അവിടെ ആണ് എനിക്ക് പി ഴച്ചത്. തന്റേടത്തോടെ പ്രതികരിക്കാൻ ഞാൻ അവളെ പഠിപ്പിച്ചില്ല. ആയുഷ്കാലം മുഴുവൻ സമ്പാദിച്ചത് ഒക്കെ കൂട്ടി വെച്ച് ഞങ്ങൾ അവളെ ഒരു ഭാര്യ ആക്കി. കതിര്മണ്ഡപത്തിലേക്ക് അവൾ അണിഞ്ഞൊരുങ്ങി ഇറങ്ങിയപ്പോൾ ഞങ്ങൾ അഭിമാനത്തോടെ നോക്കി നിന്നു.”

” എന്നിട്ട് “

“പെൺകുട്ടികൾ ആയാൽ സഹിക്കണമെന്നും ക്ഷമിക്കണം എന്നും ഞാൻ അവളെ പഠിപ്പിച്ചു. ആർത്തി മൂത്ത ആ ചെന്നായ എന്റെ കുഞ്ഞിനെ വലിച്ചു കീറിയപ്പോൾ അവൾ എന്നെ അനുസരിച്ചു. പണത്തിനു വേണ്ടി അവൻ അവളെ ക്രൂ രമായി മർദിച്ചപ്പോൾ അവൾ അതൊക്കെ ക്ഷമിച്ചു. ഞങ്ങൾ അവളെ സ്നേഹിക്കാൻ മാത്രമേ പഠിപ്പിച്ചിട്ടുള്ളായിരുന്നു. ഞങ്ങളുടെ മുന്നിൽ അവൾ കെട്ടി ആടിയ വേഷം ഒരിക്കൽ ആ ഭ്രാന്തൻ വലിച്ചു കീറിയപ്പോൾ ഞങ്ങൾ അവളെ തിരികെ കൊണ്ട് വന്നു. നാട്ടുകാർ എന്റെ വിഷമങ്ങൾ അറിഞ്ഞു സഹതപിക്കണ്ട എന്നത് അവളുടെ തീരുമാനം ആയിരുന്നു. നാട്ടുകാരുടെ ചോദ്യങ്ങൾ തള്ളിക്കളയാൻ ഞങ്ങൾക്കു അവളെ പഠിപ്പിക്കാൻ കഴിഞ്ഞില്ല. ക്രൂരമായ അവന്റെ പീ ഡനങ്ങൾ ദൈവത്തിനു പോലും സഹിക്കാൻ വയ്യാതെ ആയപ്പോൾ ഞങ്ങളുടെ മാലാഖയെ ദൈവം കൂടെ കൂട്ടി. അപ്പോഴും ആ മുഖത്ത് ഒരു പുഞ്ചിരി ഉണ്ടായിരുന്നു.”

എന്റെയും കണ്ണുകൾ നിറഞ്ഞു പോയി. അവരെ എന്ത് പറഞ്ഞു ആശ്വസിപ്പിക്കണം എന്ന് എനിക്ക് അറിയില്ലായിരുന്നു.

” അവൾക്ക് വേണ്ടി ചോദിക്കാൻ ഒരുപാട് പേര് വന്നു. അവൾ വാർത്തകളിൽ നിറഞ്ഞു നിന്നു. അവൾക്ക് വേണ്ടി കഥകളും കവിതകളും ചർച്ചകളും ഉണ്ടായി. പതുക്കെ പതുക്കെ എല്ലാവരും അവളെ മറന്നു. പക്ഷെ ഞങ്ങൾക്ക് പറ്റില്ലല്ലോ അവളെ മറക്കാൻ. അവൾ ഞങ്ങളുടെ എല്ലാം ആയിരുന്നില്ലേ.”

ആ മുഖത്ത് നോക്കാൻ പറ്റാതെ തല കുനിച്ചു ഞാൻ ഇരുന്നു.

” കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ അവളുടെ അച്ഛൻ ഹൃദയം പൊട്ടി മരിച്ചു. അദ്ദേഹം പോയപ്പോൾ ഞാൻ സന്തോഷിച്ചു. ആർത്തു ചിരിച്ചു. കാരണം എന്റെ മകൾ ഇനി ഒറ്റക്ക് അല്ലല്ലോ. ചുറ്റും ഉള്ളവർ എന്നെ ഭ്രാന്തി ആക്കി. അവൾക്ക് എന്നോട് പിണക്കം ആവും. അതുകൊണ്ട് അല്ലെ അച്ഛനെ മാത്രം അവൾ കൂടെ കൊണ്ട് പോയത്. കുറുമ്പി ആണ് അവൾ. അച്ഛന്റെ പൊന്നുമോൾ ആയിരുന്നു. എന്നോട് ഉള്ള പിണക്കo മാറുമ്പോൾ അവൾ എന്നെയും കൊണ്ട് പോകും. ഞാൻ അത് നോക്കി ഇരിക്കുവാ. അതുവരെ ഞാൻ ചെയ്ത തെറ്റുകൾക്കു ഒക്കെ പ്രായശ്ചിതം ചെയ്യാൻ ശ്രമിക്കുവാ ഞാൻ ഇവിടെ. അതിനു ഈ ഭ്രാന്തി ആയി തുടരുന്നതാണ് നല്ലത്.പാപങ്ങൾ കൂടുതൽ ഉള്ളോണ്ട് ആവും എനിക്ക് ഇതുവരെ എന്റെ മകളെ കാണാൻ പറ്റാത്തെ.”

ഇത്തവണ എനിക്ക് ആണ് ഒന്നും മിണ്ടാൻ പറ്റാതെ ആയത്. ഇത് പോലെയുള്ള ഓരോ പെൺകുട്ടികളുടെ മരണത്തിനും ഞാൻ അടങ്ങുന്ന മുഴുവൻ സമൂഹത്തിനും ഉത്തരവാദിത്തം ഉണ്ടെന്ന് എനിക്ക് അറിയാം. ഈ അമ്മയുടെ ദുഖത്തിന് ഞാനും കാരണക്കാരി ആണ്. കുറ്റബോധം കാരണം എനിക്ക് തല ഉയർത്താൻ പറ്റിയില്ല. കുറച്ചു നേരം ഞങ്ങൾ മൗനം ആയി ഇരുന്നു. പിന്നീട് ആ അമ്മ അവിടെ നിന്നും ഇറങ്ങി നടന്നു. എവിടെ നിന്നോ കാതടപ്പിക്കുന്ന ഒരു ഒച്ചയും ഒരു നിലവിളിയും ഉയർന്നു. നാട്ടുകാർ ഒക്കെ ഓടി കൂടുന്നത് കണ്ടു. പലരും ഫോണിൽ വീഡിയോ എടുക്കുന്നുണ്ട്.

“ആ ഭ്രാന്തി തള്ള മരിച്ചു. ഭ്രാന്ത് ആണെങ്കിലും അവർ ഒരു പാവം ആയിരുന്നു.” ഞാൻ ഉറക്കെ ചിരിച്ചു. നാട്ടുകാർ എനിക്കും ഭ്രാന്തായി എന്ന് കരുതി. പക്ഷെ എന്റെ മനസ്സ് നിറഞ്ഞാണ്‌ ഞാൻ ചിരിച്ചത്. ആ അമ്മയും അച്ഛനും മകളും ചിരിക്കുന്നത് ഞാൻ കണ്ടു. അവൾ ഇപ്പോഴും അമ്മയുടേം അച്ഛന്റെയും കുറുമ്പി പെണ്ണ് ആണ്. നാട്ടുകാർ എന്ത് പറയും എന്ന് ചിന്തിക്കാതെ ഞാൻ ആർത്തു ചിരിച്ചു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *