എന്നോട് ക്ഷമിക്കണം ഫെലൻ..നിങ്ങളെക്കൂടി ഇതിലേക്ക് വലിച്ചിട്ടതിൽ.. പൊയ്ക്കൊള്ളു……

Story written by Nitya Dilshe

ഭാവ്നി ക്ലോക്കിലേക്കു നോക്കി..സമയം തീരെ നീങ്ങുന്നില്ല….ഇന്ന് രാത്രി തനിക്കുറങ്ങാനാവില്ലെന്ന് അവൾക്കറിയാമായിരുന്നു..അഞ്ചുമണിക്ക് റെഡിയായിരിക്കാനാണ് ഫെലൻ പറഞ്ഞിരിക്കുന്നത്..ഈ സൂചി അഞ്ചിലേക്കെത്താൻ ഇനി എത്ര നേരം കാത്തിരിക്കണം…

അച്ഛനെയും അമ്മയെയും കണ്ടിട്ട് ഒരു വർഷമാകാൻ പോകുന്നു…ഇക്കഴിഞ്ഞ കാലമത്രയും ആ ശബ്ദങ്ങൾ ഒരു “ഹലോ” യിൽ മാത്രം ഒതുങ്ങിപ്പോയിരുന്നു.. അത്രയേ ഞാനും ആഗ്രഹിച്ചുള്ളൂ..അതിനുമാത്രമുള്ള അർഹതയേ എനിക്കുള്ളൂ…കഴിഞ്ഞ അഞ്ചുദിവസങ്ങൾ അതും കൂടി നിലച്ചുപോയപ്പോൾ, ആ ഒരു ‘ഹലോ’ ആണ് എന്നെ ഇതുവരെ ജീവിപ്പിച്ചതെന്നു തോന്നി….

ഇന്നലെ ഫോണിലൂടെ വീണ്ടും “ഹലോ’ കേൾക്കുന്നതുവരെ ഞാൻ അനുഭവിച്ച വേദന….ഭ്രാന്ത് പിടിക്കുമോ എന്നുപോലും ഭയപ്പെട്ടു.. .പതിവ് പോലെ ഫോൺ കട്ട് ചെയ്യാൻ ഒരുങ്ങുമ്പോഴാണ് “മോളെ ഭവീ…” എന്ന അമ്മയുടെ ശബ്ദം കൂടി കാതിലെത്തിയത്..

എന്റെ ഈ ഒളിച്ചുവിളി അമ്മക്ക് കൂടി അറിയാമായിരുന്നു എന്ന്‌ അപ്പോഴാണ് മനസ്സിലായത്… ശബ്ദം തൊണ്ടയിൽ തടഞ്ഞു നിന്നു ..രണ്ടുപേരും കരയുകയായിരുന്നു.. കരച്ചിലൊന്നൊതുങ്ങിയപ്പോൾ ഇടറുന്ന ശബ്ദത്തിൽ പറഞ്ഞു..

“അവന്റെ സമ്മതം കൂടി വാങ്ങി രണ്ടുപേരും കൂടി അച്ഛനെ കാണാൻ വരണം….ഇനിയും വേദന താങ്ങാനുള്ള ശക്തി ആ ഹൃദയത്തിനില്ല ഭവീ.. നീ പോയ അന്ന് തൊട്ടു നീറിക്കൊണ്ടിരിക്കുന്നതാ..ഹോസ്പിറ്റലിൽ ആയിരുന്നു നാലഞ്ചു ദിവസം..നീ വിളിച്ചു നോക്കിയിട്ടുണ്ടായിരിക്കുമല്ലേ.. അറ്റാക്ക് ആയിരുന്നു..” കേട്ടതും നെഞ്ചിലെ മുറിവ് വല്ലാതൊന്നു വിങ്ങി ….കരച്ചിൽ തൊണ്ടക്കുഴിയിൽ വന്നു നിന്നു.. മറുപടി പറയാതെ ഫോൺ കട്ട് ചെയ്തു..ആർത്തലച്ചു കരഞ്ഞു…

തോറ്റുപോയ ജീവിതവും കൊണ്ട് അവർക്ക് മുന്നിൽ ചെല്ലാൻ വയ്യായിരുന്നു..കാണാൻ ആഗ്രഹമുണ്ടായിട്ടും പോവാതിരുന്നത് അതുകൊണ്ടാണ്…

എനിക്കൊരാളെ ഇഷ്ടമുണ്ടെന്നു കേട്ടപ്പോഴല്ല അത് ക്രിസ്ത്യൻ ആണെന് പറഞ്ഞപ്പോഴാണ് അച്ഛന്റെ ആദ്യത്തെ അടി കിട്ടിയത്..ഇതുവരെ നുള്ളിനോവിച്ചിട്ടില്ല..അന്ന് ‘അമ്മ തടഞ്ഞില്ലെങ്കിൽ കൊല്ലുമെന്ന് തോന്നി…. പെണ്ണ്കാണാൻ വന്നവർക്ക് മുൻപിൽ എതിർപ്പൊന്നും ഇല്ലാതെ ചെന്നുനിന്നപ്പോഴാണ് റൂമിലെ തടവിൽ നിന്നും കുറച്ചൊരിളവ്‌ കിട്ടിയത്..കുടുംബക്ഷേത്രത്തിലെ ഉത്സവം കഴിഞ്ഞാൽ അടുത്ത മുഹൂർത്തത്തിൽ വിവാഹമെന്ന് ഉറപ്പിച്ചു..

ഉത്സവത്തിന്റെ അന്ന് രാത്രി ഇഷ്ടപ്പെട്ടവനൊപ്പം പോകുന്നു എന്നൊരു കുറിപ്പുമെഴുതി വച്ചു , കെവിനൊപ്പം പോകുമ്പോൾ മനസ്സിൽ അച്ഛനോടുമമ്മയോടും മാപ്പു ചോദിച്ചിരുന്നു.. ഒരാളെ മനസ്സിൽ വച്ചു മറ്റൊരാളുടെ താലി സ്വീകരിക്കാൻ ആവില്ലായിരുന്നു…

എല്ലാവരുടെയും കണ്ണുവെട്ടിച്ചു ദൂരെയുള്ള കെവിന്റെ ജോലിസ്ഥലത്തേക്ക് പോകാൻ തിടുക്കപ്പെട്ടു റയിൽവേ സ്റ്റേഷനിൽ നിൽക്കുമ്പോഴാണ് അവന്റെ പപ്പക്കു ആക്സിഡന്റ് ..ക്രിട്ടിക്കൽ സ്റ്റേജാണ്..എന്ന കാൾ എത്തിയത്…തിരിച്ചു വീട്ടിൽ പോകാനുള്ള ധൈര്യം എനിക്കില്ലായിരുന്നു..കൂടെ കൂട്ടാൻ കെവിനും..

പപ്പയെ കണ്ടു എത്രയും പെട്ടെന്ന് വരാമെന്നുള്ള കെവിന്റെ ഉറപ്പിന്മേലാണ് തനിച്ചവന്റെ ജോലി സ്ഥലത്തേക്കു വന്നത്…കോളേജിൽ അവന്റൊപ്പം പഠിച്ച കസിൻ കൂടിയായ ഫെലന്റെ കമ്പനിയിലായിരുന്നു അവൻ വർക് ചെയ്തിരുന്നത്…

ദിവസങ്ങൾ കഴിഞ്ഞും അവനെ കാണാതിരുന്നപ്പോൾ തന്നെ മനസ്സു പിടഞ്ഞിരുന്നു…പിന്നീട് കേട്ടു മരണക്കിടക്കിയിൽ വച്ചു പപ്പക്കു കൊടുത്ത വാക്കിന്മേൽ പപ്പയുടെ സുഹൃത്തിന്റെ മകളുമായി അവന്റെ വിവാഹം കഴിഞ്ഞെന്ന്…

തളർന്നുവീണ തനിക്കു ജീവിക്കാൻ ധൈര്യം തന്നത് ഫെലെന്റെ സൗഹൃദമാണ്..അവന്റെ കമ്പനിയിൽ തന്നെ ജോലി തന്നു സഹായിച്ചു..എന്റെ മുഖത്തുനോക്കി മനസ്സുവായിക്കാൻ കഴിവുള്ളവൻ.. പലപ്പോഴും അതോർത്തു അദ്‌ഭുതം തോന്നിയിട്ടുണ്ട്…

ഇന്നാലെവരെ നാട്ടിലേക്ക് പോകാൻ ഭയന്നിരുന്ന തനിക്ക് ഇപ്പോൾ ധൈര്യം തന്ന് പറഞ്ഞയക്കുന്നതും അവനാണ്..അവനും കൂടി നാട്ടിലേക്ക് പോകേണ്ട ആവശ്യമുള്ളത് കൊണ്ടാണ് ഒരുമിച്ചു കാറിൽ പോകാമെന്ന് പറഞ്ഞത്..

പറഞ്ഞതിലും നേരത്തെ തന്നെ കുളിച്ചു റെഡിയായി അവന്റെ വിളിയും കാത്തിരുന്നു…

“ഇന്നലെ തീരെ ഉറങ്ങിയില്ലെന്നു തോന്നുന്നല്ലോ …യാത്രയിലൊരു കൂട്ടാവട്ടേന്നു കരുതി കൂടെ കൂട്ടിയതാ….താൻ ഇപ്പോൾ തന്നെ കിടന്നുറങ്ങിക്കളയോ..” എന്നെ കണ്ടതും അവൻ കളിയാക്കി..

“ഇല്ല ഫെലൻ..അവരെ കാണാതെ എനിക്കിനി ഉറങ്ങാൻ കഴിയില്ല..എല്ലാം തുറന്നു പറഞ്ഞു ആ കാൽക്കൽ വീഴണം.. ചെയ്ത തെറ്റിനുള്ള ശിക്ഷ അനുഭവിച്ചു കഴിഞ്ഞു…മാപ്പു തരാതിരിക്കില്ല..”

എന്റെ കണ്ണുകൾ നിറഞ്ഞിരുന്നു…എന്റെ തോളിൽ തട്ടി അവൻ കണ്ണടച്ചു..

യാത്രയിലുടനീളം ഞങ്ങൾക്ക് പറയാനുണ്ടായിരുന്നത് ഞങ്ങളുടെ പഴയ കോളേജ് വിശേഷങ്ങളാണ്…ഞാൻ ഡിഗ്രിക്ക് പഠിക്കുമ്പോൾ അവിടെത്തന്നെ PG ചെയ്യുകയായിരുന്നു കെവിനും ഫെലനും…കുറച്ചു നാൾക്കുള്ളിൽ തന്നെ കോഴ്സ് കംപ്ലീറ്റ് ചെയ്യാതെ ഫെലൻ കോളേജ് വിട്ടു…വിശേഷങ്ങൾ പറയുന്ന കൂട്ടത്തിൽ അതിനെപറ്റിയും ചോദിച്ചു… മങ്ങിയ ചിരിയോടെ, മാസ്റ്റേഴ്സ് UK ചെയ്യാമെന്ന് വിചാരിച്ചു എന്നു പറഞ്ഞവൻ ഒഴിഞ്ഞുമാറി…

“തനിക്കു അതൊക്കെ അറിയാമായിരുന്നോ ” എന്ന അത്ഭുതത്തോടെയുള്ള ചോദ്യത്തിന്, കെവിനെക്കാൾ മുൻപ് ഞാനന്ന് ഫെലനെ ശ്രദ്ധിച്ചിരുന്നു എന്നു പറഞ്ഞപ്പോൾ അവൻ അമ്പരപ്പോടെ എന്നെ നോക്കി…പറഞ്ഞു കഴിഞ്ഞപ്പോൾ എനിക്കല്പം ചമ്മൽ തോന്നി..അതുമറക്കാനായി ചോദിച്ചു..

“ഫെലൻ ഇപ്പോൾ നാട്ടിൽ പോകുന്നതെന്തിനാ..വല്ല വിശേഷവുമുണ്ടോ ?”

“പെണ്ണ് കാണാനാണ്..” ഉടൻ മറുപടി വന്നു..

“അപ്പോൾ അടുത്തു തന്നെ ഒരു കല്യാണം കൂടാനുള്ള വകുപ്പുണ്ട്…”ഞാൻ ചിരിയോടെ പറഞ്ഞു…

“ഇല്ലഡോ..എല്ലാം മമ്മീടെ ഇഷ്ടത്തിനാണ് വിട്ടുകൊടുത്തിരിക്കുന്നത്… പെണ്ണ് കണ്ട് എന്റെ ഇഷ്ടം പറയുന്നതിന്മുൻപ് തന്നെ മമ്മി പറയും ഇത് മോന് ശരിയാവില്ലെന്നു.. അങ്ങനെ പോകുന്നു..”

“അതെന്താ..??”കേട്ടപ്പോൾ കൗതുകം തോന്നി..

“എന്നേക്കാൾ എന്റെ മനസ്സ് മമ്മിക്കറിയാവുന്നത് കൊണ്ട്….” ആ സംഭാഷണം നീട്ടിക്കൊണ്ടു പോവാൻ താൽപര്യമില്ലാത്ത പോലെ അവൻ സ്റ്റീരിയോവിലെ പാട്ടിന്റെ വോളിയം കൂട്ടി…..

“വഴിയിൽ വിട്ടാൽ മതി.. .ബാക്കി ടാക്സിയിൽ പൊയ്ക്കൊള്ളാം എന്നു പറഞ്ഞെങ്കിലും സമ്മതിച്ചില്ല….അവന് ഇനിയും നാലഞ്ചു മണിക്കൂർ ഡ്രൈവ് ഉണ്ട്..സന്ധ്യ കഴിഞ്ഞപ്പോഴാണ് നാട്ടിൽ എത്തിയത്..വീട്ടിലേക്കുള്ള വഴി തിരിഞ്ഞപ്പോഴേക്കും ഹൃദയമിടിപ്പ് കൂടുന്നതറിഞ്ഞു.. പഴയ ഓർമകൾ മനസ്സിൽ വന്നു നോവിക്കാൻ തുടങ്ങി..

വീടും മുറ്റവും ഒന്നിനും മാറ്റമില്ല..തുളസിത്തറയിൽ വിളക്ക് വച്ച് അധികനേരമായിട്ടില്ല…കാറിൽ നിന്നും ഇറങ്ങുമ്പോഴേ തളർന്നു വീഴുമെന്ന് തോന്നി..എന്റെ മുഖം കണ്ടാവണം ഫെലൻ വന്നു ചേർത്തു പിടിച്ചു.
.
ശബ്ദം കേട്ടാവാം അമ്മ വന്നു വാതിൽ തുറന്നു….പ്രതീക്ഷിക്കാതെ കണ്ടത് കൊണ്ടാവണം അമ്മയുടെ കണ്ണൊന്നു വിടർന്നു …ചുണ്ടുകൾ വിറക്കുന്നത് കണ്ടു ..ഹൃദയം നിലക്കുമെന്നു തോന്നി..ആ കാൽക്കലേക്ക് വീണു… ‘അമ്മ ഒരു കരച്ചിലോടെ എന്നെ പിടിച്ചുയർത്തി.. മുഖം ഉമ്മകൾ കൊണ്ടു മൂടി..

എന്നെ ചേർത്തുപിടിച്ചു അച്ഛന്റെ മുറിയിലേക്ക്‌ കൊണ്ടുപോയി.. അച്ഛൻ കസേരയിൽ എന്തോ വായിച്ചിരിപ്പുണ്ട്… പുറത്തെ ബഹളമൊന്നും അറിഞ്ഞിട്ടില്ല ..

നിഴലനക്കം കണ്ട് മുഖം ഉയർത്തി നോക്കി..പഴയ അച്ഛന്റെ എല്ലിൻ രൂപം.. നിമിഷം കൊണ്ട് ആ കുഴിഞ്ഞ കണ്ണുകൾ തിളങ്ങുന്നത് കണ്ടു..സഹിക്കാൻ കഴിഞ്ഞില്ല…ഓടിച്ചെന്ന് ആ മുൻപിൽ മുട്ടുകുത്തിയിരുന്നു ..കൈകൾ കൊണ്ട് ആ കാൽ ചുറ്റിപ്പിടിച്ചു ..മുഖം മടിയിലേക്കു വച്ചു ഉറക്കെ കരഞ്ഞു..

“ഭവീ..അച്ഛന്റെ മോളെ..ആദ്യമായി അച്ഛൻ കരയുന്നത് കണ്ടു..ചെയ്ത തെറ്റിന്റെ ആഴം വീണ്ടും വീണ്ടും കുത്തിനോവിച്ചു കൊണ്ടിരുന്നു..

എന്നെ മാറ്റി അച്ഛൻ പതുക്കെ എഴുന്നേറ്റു..ഞാൻ എന്തെങ്കിലും പറയും മുൻപേ ഫെലനെ ആശ്ലേഷിച്ചു.. അവന്റെ കൈകൾ കൂട്ടിപിടിച്ചു അതിലേക്കു മുഖം ചേർത്തു… എന്നെപ്പപോലെ അവനും ഞെട്ടിയെന്നു തോന്നുന്നു.. അവനും ഒപ്പമുണ്ടായിരുന്നു എന്ന് അപ്പോഴാണോർത്തത്..

“അച്ഛനോട് ക്ഷമിക്കണം..കുറച്ച് പഴഞ്ചനായിരുന്നു.. ജാതി..കുലമഹിമ ഒക്കെയാണ് മരുമകനായി വരുന്നവന് വേണ്ടതെന്നു തോന്നിയിരുന്നു..അതിൽ നിങ്ങളുടെ ഇഷ്ടം കാണാതെ പോയി.. നഷ്ടപ്പെട്ടു പോയപ്പോഴാണ് ചെയ്ത തെറ്റു മനസ്സിലായത്..” അച്ഛൻ ഫെലന്റെ കൈകൾ കൂട്ടിപ്പിടിച്ചു..

തോറ്റുപോയാണ് മകൾ വന്നിരിക്കുന്നതെന്ന ഷോക്ക് കൂടി താങ്ങാനുള്ള ശക്തി ഇപ്പോൾ ആ ഹൃദയത്തിനില്ലെന്ന് തോന്നി… പറയാൻ വന്ന സത്യം തൊണ്ടയിൽ തന്നെ തടഞ്ഞു നിന്നു..

“ഭദ്രേ..കുട്ടികൾക്ക് കുടിക്കാനെന്തെങ്കിലും എടുക്കൂ… യാത്ര ചെയ്തു ക്ഷീണിച്ചതല്ലേ..അതു കഴിഞ്ഞാവാം കുളി..” അച്ഛന്റെ ശബ്ദത്തിനു ഉണർവ്വ് വന്നിരുന്നു…

“അച്ഛാ..ഞാനിവിടെ ഉണ്ടാകും..ഫെലന് ഇന്ന് തന്നെ വീട്ടിൽ പോണം..” അങ്ങനെ പറയാനാണ് തോന്നിയത്.. അച്ഛന്റെ മുഖം മങ്ങുന്നത് കണ്ടു..

“ഇല്ലച്ഛാ…ഞാൻ രാവിലെയെ പോകുന്നുള്ളൂ…” എന്നെ അമ്പരപ്പിച്ചു കൊണ്ട് ഫെലൻ പറഞ്ഞു.. പറയുന്നത് അച്ഛനോടാണെങ്കിലും കണ്ണുകൾ എന്റെ മുഖത്തായിരുന്നു.. അച്ഛന്റെ മുഖം തെളിഞ്ഞു…

“ഇവിടെ നോൺ പതിവില്ല..നിർബന്ധച്ചാൽ ആരെയെങ്കിലും വിട്ടു വാങ്ങിപ്പിക്കാം….” പുതിയൊരച്ഛനെ കാണുകയായിരുന്നു ഞാനപ്പോൾ…

“ഒന്നും വേണ്ട..ഇവിടുള്ളത് മതി..”

“മോളെ ..അവനു മോൾടെ മുറി കാണിച്ചു കൊടുക്കു..എത്ര വയ്യെങ്കിലും മറ്റാരെക്കൊണ്ടും ചെയ്യിക്കാതെ അമ്മ തന്നെ എന്നുമത് പൊടിതുടച്ചിടാറുണ്ട്…” നിറഞ്ഞ കണ്ണുകൾ താഴ്ത്തി ഞാൻ പുറത്തേക്കു നടന്നു.

ഭക്ഷണം കഴിഞ്ഞു റൂമിലേക്ക് വരുമ്പോൾ ഫെലൻ അച്ഛനുമായി സംസാരിക്കുകയായിരുന്നു..കിടക്കാനായി അച്ഛൻ പറഞ്ഞപ്പോൾ ഞാനിന്നു അവർക്കൊപ്പമാണ് ഉറങ്ങുന്നതെന്നു പറഞ്ഞു.. “മോന് സമ്മതമാണങ്കിൽ മോളിവിടെ കിടന്നോട്ടെ” അച്ഛനെന്റെ നെറുകയിൽ തഴുകി…

“ഞങ്ങളെ സങ്കടപ്പെടുത്തിയതോർത്ത് മോൾ ഒരുപാട് വിഷമി ക്കുന്നുണ്ടെന്നറിയാം..നിങ്ങളെക്കണ്ടപ്പോൾ ഞങ്ങൾടെ വിഷമമൊക്കെ മാറി.. ഇനി സന്തോഷായിട്ടിരിക്കണം..”

ഉറങ്ങുന്നതുവരെ ഫെലനെ കുറിച്ച് പറഞ്ഞു അച്ഛന് മതിവരുന്നുണ്ടായിരുന്നില്ല…ഒരുപാട് നാളുകൾക്കു ശേഷം ഞാനും സമാധാനമായി ഉറങ്ങി…

പിറ്റേന്ന് രാവിലെ ഭക്ഷണം കഴിച്ചു കൊണ്ടിരുന്നപ്പോൾ അച്ഛനെന്തോ പറയാനുണ്ടെന്ന് തോന്നി.

“മോന് വിരോധമില്ലെങ്കിൽ ഇവിടുത്തെ കുടുംബ ക്ഷേത്രത്തിൽ വച്ചു മോൾടെ കഴുത്തിലൊരു താലികെട്ടണം.. വീട്ടുകാരോട് കൂടി ആലോചിച്ചു മതി…ആദ്യമായി ഇവളെ കൈയ്യിൽ വാങ്ങിയപ്പോൾ തൊട്ടുള്ള മോഹമാണ്…ആ ചിത്രം കൂടി മനസ്സിൽ പതിഞ്ഞാൽ സന്തോഷത്തോടെ എനിക്ക് കണ്ണടക്കാം..” അച്ഛന്റെ ശബ്ദം ഇടറിയിരുന്നു…

ഭീതിയോടെ ഞാൻ ഫെലനെ നോക്കി..പൊന്തി വന്ന തേങ്ങൽ കടിച്ചമർത്തി ഞാൻ മുറിയിലേക്കോടി..

ഇനിയും ഈ വേദന സഹിക്കാനാവില്ലെന്നു തോന്നി…മുറിയിലേക്കാരോ വരുന്ന ശബ്ദം കേട്ടപ്പോൾ കണ്ണുകൾ തുടച്ച് എഴുന്നേറ്റിരുന്നു.. ഫെലനാണ്..

“എന്നോട് ക്ഷമിക്കണം ഫെലൻ..നിങ്ങളെക്കൂടി ഇതിലേക്ക് വലിച്ചിട്ടതിൽ.. പൊയ്ക്കൊള്ളു.ഇനി ഇങ്ങോട്ട് വരരുത്..അച്ഛനോട് ഞാൻ എന്തെങ്കിലും പറഞ്ഞുകൊള്ളാം…സാവകാശം എല്ലാം പറയാമെന്നാണ് വിചാരിച്ചിരുന്നത്…. ഇതുവരെ ചെയ്തു തന്ന എല്ലാറ്റിനും..”ഞാൻ അവനു നേരെ കൈകൂപ്പി..

“ഞാൻ ഇറങ്ങുകയാണ്..ആരുമൊന്നുമറിയരുത്..നാളെ മുഹൂർത്തമുണ്ട്…. രാവിലെ ഞാൻ വരും..” അവന്റെ വാക്കുകളിൽ പതിവിലും ഗൗരവം…

എന്നെയൊന്നു നോക്കി ഫെലൻ തിരിഞ്ഞു നടന്നു.. എത്രനേരം അങ്ങനെ കിടന്നുവെന്നറിയില്ല..താഴെ ബഹളങ്ങൾ കേൾക്കുന്നുണ്ട്..ആരൊക്കെയോ വന്നിട്ടുണ്ട്..അച്ഛന് പഴയ പ്രസരിപ്പ് തിരിച്ചു കിട്ടിയെന്നു തോന്നി..ഓടി നടന്നു കാര്യങ്ങൾ ചെയ്യുകയാണ്..

പിറ്റേന്ന്‌ അച്ഛൻ ആഗ്രഹിച്ചപോലെ സർവാഭരണ വിഭൂഷിതയായി തലയിൽ മുല്ലപ്പൂ ചൂടുമ്പോഴാണ് ഒരു പെണ്കുട്ടി ഓടി വന്നെന്നെ കെട്ടിപ്പിടിച്ചത്…

“ചേച്ചിക്കെന്നെ മനസ്സിലായോ ??” ആരാണെന്ന ഭാവത്തിൽ നോക്കുമ്പോൾ കണ്ടു..വാതിലിനരുകിൽ വിവാഹവേഷത്തിൽ ഫെലനും ഒപ്പം പ്രൗഢയായൊരു സ്ത്രീയും.. ഞങ്ങൾക്കു സംസാരിക്കാൻ സൗകര്യമൊരുക്കി എന്നെ ഒരുക്കിക്കഴിഞ്ഞു റൂമിലെ ബന്ധുക്കൾ പുറത്തേക്കിറങ്ങി…

“ചേച്ചിക്കൊരു മാറ്റവുമില്ല അല്ലേ മമ്മീ..ഈ വേഷത്തിൽ ഒന്നുകൂടി സുന്ദരിയായി…””അവളെന്റെ കവിളിൽ ഉമ്മ വച്ചു..

ഫെലന്റെ മമ്മി അടുത്തുവന്നു നെറുകയിൽ ഉമ്മ വച്ചു..അവർക്കെല്ലാം എന്നെ ഒരുപാട് പരിചയമുള്ളപോലെ..

“അന്നെന്റെ മോൻ ‘ഞാൻ വൈകിപ്പോയി മമ്മീ’ എനിക്കവളെ വിധിച്ചിട്ടില്ലെന്നു പറഞ്ഞൊരുപാട് കരഞ്ഞതാണ്.. ഇപ്പോഴിതാ വിധി മോളെ എന്റെ മോന്റെ മുന്നിൽ കൊണ്ടു നിർത്തിയിരിക്കുന്നു… “

മമ്മിയുടെ കണ്ണുകൾ ചെറുതായി നനഞ്ഞു..ഒന്നും മനസ്സിലാവാതെ ഞാൻ ഫെലനെ നോക്കി..ആ മുഖത്തു നിറഞ്ഞ ചിരിയാണ്..

“ദൈവനിശ്ചയം ഇങ്ങനാണ്…അതുകൊണ്ടാ മോളെപ്പോലൊരു പെണ്കുട്ടിയെ നോക്കി നടന്ന് എനിക്ക് കിട്ടാതെപോയത്..”

ഫെലന്റെ പപ്പ അകത്തേക്ക് വന്നു..മുൻപ് ഓഫീസിൽ വച്ചു കണ്ടിട്ടുണ്ട്.. “”ആഘോഷങ്ങൾ ഇവിടുന്നു തുടങ്ങാം.. അല്ലെ മോളെ..”‘ പപ്പ എന്റെ തലയിൽ തലോടി..

“”താഴേക്കു ചെല്ലട്ടെ..അവിടെ എല്ലാവരും കാത്തിരിക്കുന്നുണ്ട്… മോളെ കാണാൻ തിരക്കുപിടിച്ചു ഇങ്ങോട്ടാ ആദ്യം വന്നത്..””

എന്റെ കവിളിൽ തട്ടി അവർ പുറത്തേക്കു നടന്നു…ഒപ്പം പോകാനിറങ്ങിയ ഫെലനെ ഞാൻ തടഞ്ഞു വച്ചു ..

“എന്തൊക്കെയാ ഇത് ..എനിക്കൊന്നും മനസ്സിലാവുന്നില്ല…”

“ഇപ്പോൾ പറയണോ..അതോ കെട്ടു കഴിഞ്ഞു മതിയോ..??” ആ കണ്ണുകളിൽ കുറുമ്പാണ്‌…അതുവരെ കാത്തിരിക്കാനുള്ള ക്ഷമ എനിക്കുണ്ടായിരുന്നില്ല..

“പണ്ട് കോളേജിൽ വച്ചു നിന്നെ കണ്ടപ്പോൾ തന്നെ എന്റെ പെണ്ണാണെന്നു തോന്നിയിരുന്നു..ആദ്യമായ് പ്രണയം തോന്നിയ പെണ്കുട്ടി…എന്റെ ഇഷ്ടങ്ങളും ആഗ്രഹങ്ങളും ആദ്യം പറയുന്നത് വീട്ടിലാണ്..ഇതും അങ്ങനെതന്നെ വേണമെന്ന് കരുതി..നീ അറിയാതെ നിന്റെ ഫോട്ടോയുമെടുത്ത് വീട്ടുകാരെ കാണിച്ചു..അവരുടെ സമ്മതവും വാങ്ങി കോളേജിൽ വന്നപ്പോഴാണറിഞ്ഞത് കെവിന് നിന്നെ ഇഷ്ടമാണെന്നും നിന്നോടത് പറഞ്ഞിട്ടുണ്ടെന്നും…. പിന്നെ അവിടെ നിൽക്കാൻ തോന്നിയില്ല….അതാ കോഴ്‌സ് കംപ്ലീറ്റ് ചെയ്യാതെ അവിടം വിട്ടത്..

വീണ്ടും കണ്ടപ്പോൾ പ്രണയത്തേക്കാൾ സൗഹൃദമാണ് നിനക്കാവശ്യമെന്നു തോന്നി…എല്ലാവരോടും എല്ലാം പതിയെ പറയാമെന്നു കരുതി…പ്രതീക്ഷിക്കാതെ ഇങ്ങനെയൊക്കെ സംഭവിച്ചു….”

കേട്ടത് വിശ്വസിക്കാനാവാതെ ഞാനവന്റെ മുഖത്തേക്ക് നോക്കി…

” കുട്ടികളെ….മുഹൂർത്തത്തിനു സമയമായിട്ടോ….”

താഴെ നിന്നും അച്ഛൻ വിളിച്ചു.. ഫെലൻ എന്റെ ഇടതു കൈ അവന്റെ വലത് കയ്യുമായി കോർത്തു പിടിച്ചു… താഴേക്കുള്ള പടികളിറങ്ങുമ്പോൾ എന്റെ വിരലുകളും അവന്റെ വിരലുകളുമായ് പിടിമുറുക്കിയിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *