പ്രണയത്തിന്റെ തീവ്രതയിൽ ഡിഗ്രിയുടെ ആദ്യ വർഷം തന്നെ പഠിപ്പ് മതിയാക്കി സ്നേഹിച്ച പുരുഷന്റെ കൂടെ ഇറങ്ങി ചെന്നവൾക്ക് അതിന് ഉള്ള യോഗ്യത ഇല്ലായിരുന്നു……

അതിജീവനം

Story written by Sarath Krishna

ഭാര്യക്കും അപ്പുറം ഒരു മകൾക്ക് ചെയ്യണ്ടേ ചില കടമകൾ ഉണ്ടെന്ന ബോധ്യത്തോടെയായിരുന്നു നാളെ വീട്ടിലേക് മടങ്ങി പോകണമെന്ന തീരുമാനം ഞാൻ എടുത്തത്..

ബസിന്റെ ബോർഡ് പോലും വായിക്കാൻ അറിയാത്ത അമ്മ വീട്ടു ജോലിക്ക് പോയിട്ടാണ് വീട് കഴിയുന്നതെന്നും ചേട്ടൻ ഒരു അപകടം പറ്റി കിടപ്പിലായിട്ടു നാല് മാസങ്ങളായെന്നും രേണു ഇന്ന് രാവിലെ വിളിച്ചു പറയുമ്പോൾ സ്വന്തം വീട്ടിലെ വിശേഷങ്ങൾ നാട്ടുകാരിൽ നിന്ന് അറിയണ്ടി വരുന്ന ഒരു മകളുടെ ഗതികേടോടെയാണ് ഞാൻ കേട്ടു നിന്നത്..

ചേട്ടനെ ഒന്ന് കാണണം എന്ന ആഗ്രഹം ഞാൻ വിനു ഏട്ടനോട് പറഞ്ഞപ്പോൾ കലഹത്തിന്റെ ബാക്കിയായി അവരെ കുറിച്ചെല്ലാം ഇത്ര വർഷങ്ങളായിട്ടും തീരാത്ത പകയോടെ മാത്രമാണ് അദ്ദേഹം സംസാരിച്ചത്…

പിന്നെ ആ മുഖത്തു നോക്കി അവരെ സഹായിക്കണം എന്ന വാക്ക് കൊണ്ട് യാചിക്കാൻ എനിക്ക് തോന്നിയില്ല..

എന്റെ സമ്മതമില്ലാതെ പോയാൽ ഇനി ഇങ്ങോട്ടും എന്റെ ജീവിതത്തിലേക്കും മടങ്ങി വരേണ്ട എന്ന് വിനു ഏട്ടൻ എന്നോട് തറപ്പിച്ചു പറഞ്ഞ വാക്കുകൾക്ക് ഒന്നും ഞാൻ എടുത്ത തീരുമാനത്തെ പേടിപ്പെടുത്തുന്നതായിരുന്നില്ല….

തളർന്നു കിടക്കുന്ന ചേട്ടന് ഒരു കൈതാങ്ങാകൻ എനിക്ക് കഴിയണം…

മകളായി ഞാൻ ജീവിച്ചിരിക്കുമ്പോൾ.ഈ പ്രായത്തിൽ എന്റെ അമ്മ പണിക് പോകേണ്ടി വന്നത് എന്റെ മാത്രം പരാജയമാണെന്ന ബോധ്യമായിരുന്നു മനസിൽ ..

കഴുത്തിലെ താലി ഞാൻ വലിയ മാലയിൽ നിന്ന് ഊരി ഒരു ചെറിയ മാലയിലേക്ക് കൊളുത്തി കഴുത്തിൽ ഇട്ടു..

അലമാരയിൽ നിന്ന് വില കുറഞ്ഞ നാലഞ്ച് സാരി എടുത്ത് ഞാൻ ബാഗിലാക്കി..

മോനോട് ചോദിച്ചു നീ അമ്മയുടെ കൂടെ വരുന്നുണ്ടോ എന്ന്..

ജീവിതത്തിൽ ഇതു വരെ കാണാത്ത ഇടത്തേക്ക് പോകാൻ ഒരുങ്ങുന്ന കൗതുകത്തോടെ അവൻ എന്റെ മുന്നിൽ തലയാട്ടി.

സ്വന്തം മകളെ പോലെ കാലമിത്രയും എന്നെ സ്നേഹിച്ചിട്ടുള്ള വിനുവേട്ടന്റെ അച്ഛനോടും അമ്മയോടും ഞാൻ യാത്ര പറയുമ്പോൾ അവർ എന്നെ തടയാതെ ഇരുന്നത് ഒരു മകളുടെ കടമകളെ കുറിച്ചു അവർക്കുള്ള തിരിച്ചറിവ് കൊണ്ടായിരുന്നു..

ഇന്നലെ മുറിയിൽ നിന്ന് കേട്ട കലഹത്തിന് അവരും കൂടി സാക്ഷി ആയത്‌ കൊണ്ടായിരിക്കണം ഇറങ്ങാൻ നേരം എന്ന് മടങ്ങി വരുമെന്ന ചോദ്യം എന്നോട് അവർ ചോദിക്കാതെ ഇരുന്നത്…

പാത്രങ്ങൾ തട്ടി വീഴുന്ന ശബ്ദം കേട്ട് കൊണ്ടായിരിന്നു ഞാൻ എന്റെ വീട്ടിൽ വന്ന് കയറിയത്…

വാതിൽ ചാരിയിട്ടെ ഉണ്ടായിരുന്നുള്ളു…

എന്റെ കാൽ പെരുമാറ്റം കേട്ട് മുറിയിൽ നിന്ന് ചേട്ടന്റെ ആരാണ് എന്ന ചോദ്യം ഉയർന്നു…

ഞാനെന്ന് ” ഉച്ചത്തിൽ പറയാൻ തുടങ്ങി എങ്കിലും ശബ്ദം എന്റെ തൊണ്ടയുടെ പാതി വഴിയിൽ തടഞ്ഞു നിന്നു…

ആ ശബ്ദതെ എത്ര ശ്രമിച്ചിട്ടും എനിക്ക് പുറത്തേക്ക് വരുത്താൻ കഴിഞ്ഞില്ല…

ഞാൻ മോന്റെ കൈ പിടിച്ചു വീട്ടിലേക്ക് കയറി..

മരുന്നിന്റെ ഗന്ധം മാത്രം തങ്ങി നിൽക്കുന്ന ഒരു മുറിയുടെ കോണിലെ കട്ടിലിൽ അനങ്ങാൻ കഴിയാതെ ചേട്ടൻ കിടക്കുന്നു..

എട്ട് വർഷങ്ങൾക്ക് മുൻപ്എ ന്നെ സ്നേഹിച്ചതിന്റെ പേരിൽ വിനു ഏട്ടനെ കവലയിൽ ഇട്ട് തbല്ലി ചതച്ച കാരിരുമ്പിന്റെ കരുത്തുള്ള എന്റെ ചേട്ടൻ തന്നെ ആണോ ഇത്….

അന്ന് ആ പ്രതികാരത്തിന്റെ മുകളിൽ മാത്രമായിരുന്നില്ലേ ചേട്ടനെ തോൽപ്പിച്ചു ഈ അനിയത്തി വിനു ഏട്ടന്റെ കൂടെ ഇറങ്ങി ചെന്നത്.

പഴയ ഓർമകൾ എല്ലാം ഓരോന്നായി മനസിൽ തെളിഞ്ഞു…

ആ ചേട്ടന്റെ ഇന്നത്തെ അവസ്ഥ കണ്ടപ്പോൾ എനിക് എന്റെ കണ്ണുനീരിനെ തടഞ്ഞു നിർത്താനായില്ല..

എന്നെ കാണുമ്പോൾ ചേട്ടനിൽ നിന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നു പൊട്ടി തെറികൾ ഒന്നും തന്നെ ഉണ്ടായില്ല…

പകരം ഏറെ നാളായി എന്നെ കാത്തിരിക്കുന്ന പോലെ ……

മോനെയും എന്നെയും കണ്ടപ്പോൾ സന്തോഷത്തോടെ ചേട്ടൻ എണീറ്റ് ഇരിക്കാൻ ശ്രമിച്ചു..

ഒരു പരസഹായം ഇല്ലാതെ അതിന് പോലും ചേട്ടന് കഴിയുമായിരുന്നില്ല…

തലയിണ പുറകിൽ വെച്ചു ഞാൻ പതിയെ ചേട്ടനെ ചാരി ഇരുത്തി..

നിറഞ്ഞ കണ്ണുകളോടെ പുതപ്പിനുള്ളിലെ തളർന്ന കാലുകൾ തൊട്ട് ഞാൻ മാപ്പിരക്കുമ്പോൾ എന്റെ നെറുകയിൽ ചേട്ടൻ തലോടി..

ആ തലോടലിൽ ഉണ്ടായിരുന്നു ഇന്നും എന്നോട് ചോരാത്ത സ്നേഹവും വാത്സല്യവും..

എല്ലാം കണ്ട് വാതിൽക്കൽ നിന്നിരുന്ന മോനെ ചേട്ടൻ അടുത്തേക്ക് വിളിച്ചു..

അവന്റെ കവിളിൽ തലോടി..

വിനു വന്നില്ലേ എന്ന ചോദ്യത്തിന്.. എനിക്ക് ഉത്തരമില്ലായിരുന്നു..

എന്റെ താഴ്ന്ന മുഖത്തോട് ചേട്ടൻ പിന്നെ ആ ചോദ്യം ചോദിച്ചില്ല…

അവനെ അടുത്ത് ഇരുത്തി അവനോട് അവന്റെ പേര് ചോദിച്ചു..

ഞാൻ ആരാണ് എന്നറിയോ എന്ന് ചോദിച്ചു..

ആദ്യമായി അവന്റെ ചുണ്ടുകൾ മാമ്മൻ എന്ന് മന്ത്രിച്ചപ്പോൾ ആ കണ്ണുകൾ ഒരിക്കൽ കൂടെ നിറയുന്നത് ഞാൻ കണ്ടു….

‘അമ്മ എവിടുന്ന് ഞാൻ ചേട്ടനോട് അന്വേഷിച്ചപ്പോൾ ‘അമ്മ ജോലിക്ക് പോകുന്ന കാര്യം ഇടറുന്ന വാക്കുകൾ കൂട്ടി ചേർത്താണ് ചേട്ടൻ പറഞ്ഞത് ..

പണ്ടൊരിക്കൽ ഞങ്ങളെ ഇട്ടറിഞ്ഞു അച്ഛൻ സ്വന്തം സുഖം തേടി പോയപ്പോൾ അന്ന് ജോലിക്ക് പോകാൻ ഒരുങ്ങിയ അമ്മയെ തടഞ്ഞ പതിനാല് വയസുക്കാരനിൽ ഞാൻ കാണാത്ത നിസ്സഹായത ഇന്ന് ചേട്ടന്റെ മുഖത് ഇന്ന് തളം കെട്ടി നിൽക്കുന്ന കണ്ടപ്പോൾ എനിക്ക് അധിക നേരം ആ മുറിയിൽ ഇരിക്കാൻ കഴിഞ്ഞില്ല..

ഞാൻ അവന്റെ കൈ പിടിച്ചു മുറിയുടെ പുറത്തേക്ക് ഇറങ്ങി..

‘അമ്മ ജനിച്ചു വളർന്ന വീടാണെന്ന് പറഞ്ഞു അവന്റെ മുന്നിൽ ഓരോന്ന് കാണിച്ചു ഓർമ്മ പുതുക്കുമ്പോൾ എന്നിൽ ഉണ്ടായിരുന്ന കൗതുകം പോലും ഇന്നത്തെ തലമുറയിൽപ്പെട്ട അവനിൽ ഞാൻ കണ്ടില്ല…

സന്ധ്യ ആകുമ്പോഴേക്കും ‘അമ്മ ജോലി കഴിഞ്ഞു വരുന്നത് ദൂരെ നിന്ന് തന്നെ ഞാൻ കണ്ടു..

കൈയിൽ ഏതോ ഒരു തുണിക്കടയുടെ കവർ ഉണ്ട് ..

അമ്മയുടെ മുടിയെല്ലാം ഏറെയും നരച്ചിരിക്കുന്നു…

ഇന്നത്തെ അധ്വാനത്തിന്റെ ക്ഷീണത്തിന് പുറമേ ആരോടും പറയാതെ മാറ്റി വെച്ചിരിക്കുന്ന എന്തൊക്കെയോ അസുഖങ്ങൾ ആ ശരീരത്തെ പിടി കൂടിയ പോല അമ്മ ഒരുപ്പാട് ശോഷിച്ചിരിക്കുന്നു..

കോലായിൽ നിൽക്കുന്ന എന്നെ ‘അമ്മ കാണുമ്പോൾ മുഖത് നിറഞ്ഞ അത്ഭുതത്തിന് അപ്പുറം ആ കണ്ണിൽ പ്രതീക്ഷയുടെ ഒരു തിളക്കം തെളിയുന്നത് ഞാൻ കണ്ടു…

എന്നെ ‘അമ്മ കെട്ടി പുണ്ണർന്നിട്ടും അവനെ ചേർത്ത് നിർത്തി തുരു തുരാ ഉമ്മ കൊണ്ട് മൂടിയിട്ടും ഞാൻ തിരിച്ചു വന്നെന്ന് വിശ്വസിക്കാൻ അമ്മക് പെട്ടന്ന് ഒന്നും കഴിഞ്ഞില്ല.

രാത്രി അത്താഴത്തിന് വിളമ്പിയ റേഷനരിയുടെ ചോറിൽ കറുത്ത വറ്റ്‌ കണ്ട് അവൻ എന്നോട് ചോദിച്ചു എന്താ അമ്മെ ഈ ചോറ് എല്ലാം കറുത്തു ഇരിക്കുന്നതെന്ന്….

രുചി കുറഞ്ഞ ചോറും കൂട്ടാനും മതിയാക്കി അവൻ ഏണിക്കുമ്പോൾ നിസഹായമായി മുറിയിൽ കിടന്ന് തേങ്ങി കരഞ്ഞത് ചേട്ടനായിരുന്നു….

ചെത്തി തേക്കാത്ത മുറിയിലെ ചൂടിൽ കിടന്നിട്ടു ഉറക്കം വരുന്നില്ലന്ന് അവൻ എന്നോട് പറഞ്ഞത് എങ്ങനെയോ ‘അമ്മ കേട്ടു..

അല്ലെങ്കിലും Ac യുടെ ശീതീകരിച്ച മുറിയിൽ മാത്രം കിടന്നു ശീലിച്ച അവന് ഇവിടുത്തെ ജീവിതം ഒന്നും തൃപ്തിയാവില്ല..

പിറ്റേന്ന് സ്കൂൾ നിന്ന് അവനെ വിനു ഏട്ടൻ കൊണ്ട് പോയന്ന് അറിഞ്ഞപ്പോൾ ഞാൻ അവനെ തേടി പോകാഞ്ഞത് എന്നിലെ അമ്മയുടെ സ്വാർത്ഥ സ്നേഹത്തിന്റെ പേരിൽ അവനു കിട്ടേണ്ട സുഖങ്ങൾ ഞാൻ കാരണം നഷ്ടപ്പെടരുതെന്ന് കരുതിയിട്ടായിരുന്നു..

സ്കൂളിൽ നിന്ന് ഇറങ്ങി ഞാൻ നേരെ പോയത് ടൗണിലെ സ്ഥിരമായി ഡ്രെസ്സ് എടുക്കാറുള്ള തുണിക്കടയിലേക്ക് ആണ്..

ആ പരിചയത്തിന്റെ പുറത്താണ് അവിടെത്തെ മേനജരോട് എനിക്ക് ഇവിടെ എന്തെങ്കിലും ഒരു ജോലി കിട്ടുമോ എന്ന് ഞാൻ ചോദിച്ചത്…

പതിനായിരങ്ങളുടെ സാരി വാങ്ങാറുള്ള വിനു മോഹന്റെ ഭാര്യക്ക് എന്തിനാ ഇവിടുത്തെ ജോലി എന്ന അയാളുടെ അത്ഭുതം നിറഞ്ഞ സംശയത്തിന് എനിക് എന്റെ ജീവിതം മുഴുവൻ അയാളോട് പറയേണ്ടി വന്നു…

എല്ലാം കേട്ട് കഴിഞ്ഞപ്പോൾ അയാൾ പറഞ്ഞു ഏതേലും ഡിഗ്രി ഉണ്ടങ്കിൽ അക്കൗണ്ടസിൽ ഒരു ഒഴിവ് ഉണ്ടന്ന്…..

പ്രണയത്തിന്റെ തീവ്രതയിൽ ഡിഗ്രിയുടെ ആദ്യ വർഷം തന്നെ പഠിപ്പ് മതിയാക്കി സ്നേഹിച്ച പുരുഷന്റെ കൂടെ ഇറങ്ങി ചെന്നവൾക്ക് അതിന് ഉള്ള യോഗ്യത ഇല്ലായിരുന്നു…

പിന്നെയുള്ള ഒഴിവ് സെയിൽസിൽ ആണെന്ന്…

പരിപൂർണ സമ്മതത്തോടെ ഞാൻ അത് സമ്മതിച്ചു നാളെ തൊട്ട് വരാമെന്ന് ഏറ്റ് അയാളുടെ മുറിയിൽ നിന്ന് പുറത്തേക്ക് ഇറങ്ങുമ്പോൾ അവിടെ ഞാൻ കണ്ടു തുണി നിരത്തി വെച്ച ഷെൽഫിനും മേശക്കും ഇടയിൽ എന്നെ പോലെ അതി ജീവനത്തിനായി പൊരുതുന്ന ഒരുപ്പാട് മുഖങ്ങളെ…..

ഒരേ നിറത്തിൽ ഉള്ള സാരി ഉടുത്തു മുഖത് ഒരു പുഞ്ചിരി തൂകി കസ്റ്റമേഴ്‌സ് നെ വരവേൽക്കാനായി അവർ നില്കുന്നു.. ഇനി മുതൽ ഞാനും ഇവരിൽ ഒരുവളാണെന്ന് ഓർത്തപ്പോൾ എന്റെ കണ്ണുകൾ അറിയാതെ നിറഞ്ഞു..

ഞാൻ ഡ്രെസ് എടുക്കാൻ വരുമ്പോഴൊക്കെ എന്റെ മുന്നിലേക്ക് സാരികൾ വിരിച്ചിട്ട് നിന്നവർ പിറ്റേന്ന് എന്നെ അവരുടെ അതേ വേഷത്തിൽ കണ്ടപ്പോൾ അവർക്കും ഉണ്ടായിരുന്നു അത്ഭുതം നിറഞ്ഞ ഒരുപ്പാട് ചോദ്യങ്ങൾ..

എല്ലാം അറിഞ്ഞു കഴിഞ്ഞപ്പോൾ ചോദ്യങ്ങൾ ഒകെ ആശ്വാസവാക്കുകളും സ്വാന്തനവും ആയി മാറി..

ജോലിക്ക് പോയി തുടങ്ങി ഒരാഴ്ച കഴിഞ്ഞപ്പോൾ അമ്മ ജോലിക്ക് പോക് ഞാൻ നിർത്തിച്ചു…

എന്റെ ഒരു സുഹൃത്തു വഴി ചേട്ടനെ കുറെ കൂടെ നല്ല ഒരു ഡോക്ടർ കാണ്ണിച്ചു ..

പതിയെ ആണെങ്കിലും ചേട്ടനെ പഴയപടി ജീവിതത്തിലേക്കു മടക്കി കൊണ്ട് വരാൻ കഴിയുമെന്ന് ഡോക്ടർ തന്ന ഉറപ്പ് ഇനി മുന്നോട്ടുള്ള ജീവിതത്തിന്റെ ഏറ്റവും വലിയ ഒരു കരുതലായിരുന്നു..

പതിയെ ആഴ്ചകളെയും മാസങ്ങളെയും തള്ളി നീക്കി രണ്ട് വർഷങ്ങൾ മുന്നോട്ട് പോയി..

ചേട്ടന്റെ തളർന്ന കാലുകൾ പതിയെ ചലിച്ചു തുടങ്ങി…

പരസഹായമില്ലാതെ ഇന്ന് ചേട്ടന് കട്ടിൽ ചാരി ഇരിക്കാൻ കഴിയും.

മോനെ ഇടക്കി ഞാൻ സ്കൂൾ പോയി കാണാറുണ്ട്.. അവനോട് അച്ഛൻ അമ്മയെ കുറിച്ച് ചോദിക്കാറുണ്ടോ എന്ന ചോദ്യത്തിന് ഇല്ല എന്ന മറുപടിയിൽ പലപ്പോഴും എന്റെ കണ്ണുകൾ നിറയാറുണ്ട്…

അതിനിടയിൽ പാതി വഴിയിൽ മുടങ്ങി കിടന്ന ഡിഗ്രി പഠനം ഞാൻ പൂർത്തിയാക്കി…

പിന്നെ അങ്ങോട്ടുള്ള പല രാത്രിയിലെയും ഉറക്കം മറന്ന് പഠിച്ചു എഴുതി കൂട്ടിയ psc ടെസ്റ്റുകളുടെ റിസൽട്ട് വന്നത് അടുത്തുള്ള പഞ്ചായത്ത് ഓഫീസിലെ ക്ലാർക്ക് എന്ന തസ്തികയിലേക്ക് എന്നെ നിയമിച്ചു കൊണ്ടായിരുന്നു…..

ജീവിതം കുറെ ഏറെ മെച്ചപ്പെട്ടു….

വീടിന്റെ ഉമ്മറവും ചേട്ടന്റെ മുറിയും ഓട് മാറ്റി വാർത്തിട്ടു…

ചേട്ടൻ ഇപ്പൊ ചുമര് പിടിച്ചു നടക്കാം എന്ന നിലയിലേക്ക് എത്തി ..

സ്വന്തം ജീവിതം നഷ്ടപ്പെടുത്തിയിട്ട് വീട്ടുകാർക്ക് ഈ കാണുന്ന സൗകര്യങ്ങൾ ഉണ്ടാക്കി കൊടുക്കുന്നത് മണ്ടത്തരമാണെന്ന് പറഞ്ഞവരുടെ മുന്നിൽ ഒരു പുഞ്ചിരി കൊണ്ട് ഞാൻ ഉത്തരം പറഞ്ഞു….

പിന്നെയും മാസങ്ങൾ കടന്നു പോയി…

ഒരിക്കൽ മോനെ കാണാൻ സ്കൂൾക്ക് ഞാൻ ചെന്നപ്പോഴാണ് വീട്ടിലെ അവസ്ഥകളെ കുറിച്ചവൻ പറയുന്നത് രണ്ടാഴ്ചയായി അവിടുത്തെ ‘അമ്മക്ക് തീരെ വയ്യാ എന്ന്..

അമ്മ നോക്കാൻ വന്ന വിനു ഏട്ടന്റെ ചേച്ചി മകളുടെ പഠിപ്പിന്റെ പേരും പറഞ്ഞു ഒരാഴ്ച നിന്നിട്ട് മടങ്ങി പോയെന്ന്..

പിന്നെ അവൻ പറഞ്ഞത് മാറി മാറി വന്ന വേലക്കാരികളെ കുറിച്ചായിരുന്നു…

അവസാനത്തെ വേലക്കാരിയും വിനുവേട്ടനായി വഴക്കിട്ടു ഇറങ്ങിപോയത് ഇന്നലെ ആയിരുന്നു വെന്ന്..

ഇന്നലെ രാത്രി കിടക്കാൻ നേരം പതിവില്ലാതെ അവനോട് വിനുഏട്ടൻ എന്നെ കുറിച്ച് ഒരുപ്പാട് സംസാരിച്ചു എന്ന്…

‘അമ്മ എന്നാ വീട്ടിലേക്ക് മടങ്ങി വരുന്നേ ” എന്ന അവന്റെ ചോദ്യത്തിന് അപ്പോഴും എന്റെ പക്കൽ ഉത്തരമില്ലായിരുന്നു…

മടങ്ങി സ്കൂളിൽ നിന്ന് വീട്ടിൽ എത്തുമ്പോൾ ഒരു കാർ വീടിന്റെ മുന്നിൽ കിടക്കുന്നു..

ചേട്ടന് എന്തങ്കിലും സംഭവിച്ചോ എന്ന് കരുതി വീട്ടിലേക്ക് ഓടുമ്പോൾ ഉമ്മറത്തെ കസേരയിൽ ചേട്ടനോട് സംസാരിച്ചു വിനുഏട്ടൻ ഇരിക്കുന്നു..

ഓടി എത്തിയ എന്റെ കാലിന്റെ വേഗത കുറഞ്ഞു..

വീട്ടിലേക്ക് കയറുമ്പോൾ ഉമ്മറത് ഇരുന്നിരുന്ന വിനു ഏട്ടന്റെ മുഖത് നോക്കാനുള്ള കരുത്ത് എന്റെ മനസിന് ഉണ്ടായിരുന്നില്ല..

മുറിയിൽ ചെന്ന് ബാഗ് തൂക്കി ഇടുമ്പോൾ.. എന്റെ തോളിൽ പതിഞ്ഞ വിരൽ സ്പര്ശത്തിൽ ഞാൻ അറിഞ്ഞു എന്റെ പാതിയുടെ സാമീപ്യം…

എന്റെ കണ്ണുകൾ അപ്പോഴും നിറഞ്ഞൊഴുക്കി

മുഖം താഴ്ത്തി നിൽക്കുന്ന എന്റെ മുന്നിൽ ക്ഷമ ചോദ്യക്കാൻ ഒരുങ്ങിയ വിനു ഏട്ടൻ ആ ചുണ്ടുകൾ ഞാൻ എന്റെ വിരൽ കൊണ്ട് തടഞ്ഞു..
.

പൊട്ടി കരഞ്ഞു ഞാൻ ആ മാറിലേക് വീണു..

എന്നെ ഹൃദയത്തോട് ചേർത്ത് പിടിക്കുമ്പോൾ ആ കണ്ണുകൾക്ക് ആദ്യമായ് നിറയുന്നത് ഞാൻ കണ്ടു..

എന്റെ ചേട്ടൻ ഞങ്ങളുടെ കൈകൾ ചേർത്ത് തന്ന പുണ്ണ്യത്തോടെ ഞാൻ വിനു എട്ടനൊപ്പം ആ കാറിൽ കയറുമ്പോൾ.. ഞങ്ങളെ യാത്രയാക്കാൻ ചുമര് പിടിച്ചു നിൽക്കുന്ന ചേട്ടനെ ചൂണ്ടി കാണിച്ചു ഞാൻ വിനു ഏട്ടനോട് അഭിമാനത്തോടെ പറയാതെ പറഞ്ഞു ഒരു മകളുടെ കടമകളെ കുറിച്ച്…..

Related Posts

Leave a Reply

Your email address will not be published. Required fields are marked *