പ്രമോദ് മുഖമൊളിക്കാൻ ഒരു പാഴ്ശ്രമം നടത്തി. ക്യാമറാമാൻ പ്രമോദിന്റെ ക്ലോസപ്പ് എടുക്കാനുള്ള ശ്രമത്തിലാണ്…..

ഹർത്താൽ

എഴുത്ത്:-ഭാഗ്യലക്ഷ്മി. കെ. സി

നിങ്ങൾ എങ്ങോട്ട് പോകുന്നവരാണ്?

റിപ്പോർട്ടറുടെ ചോദ്യം.

പ്രമോദ് മുഖമൊളിക്കാൻ ഒരു പാഴ്ശ്രമം നടത്തി. ക്യാമറാമാൻ പ്രമോദിന്റെ ക്ലോസപ്പ് എടുക്കാനുള്ള ശ്രമത്തിലാണ്.

ശ്രീരാജ് പറഞ്ഞു:

കോയമ്പത്തൂർ..

ശരി, എന്താണ് ഇപ്പോൾ ഇവ൪ പറയുന്നത്?

പോകാൻ സമ്മതിക്കില്ല, തിരിച്ചുപോയ്ക്കോ എന്ന പിടിവാശിയിലാണ്..

ഇത് നിങ്ങളുടെ പ്രൈവറ്റ് കാറല്ലേ.. പിന്നെന്താ?

അതെ.. ഇത് പ്രമോദിന്റെ കാറാണ്..അവർ തടസ്സം പറയുകയാണ്…

അതോടെ പ്രമോദിന്റെ ധൈര്യമെല്ലാം ചോ൪ന്നു. വീട്ടിലോ മറ്റോ അറിഞ്ഞാൽ… താനിവിടെ കാ൪ വാങ്ങിയതോ ഇടയ്ക്ക് ടൂ൪ പോകുന്നതോ ഒന്നും വീട്ടിൽ അറിയിക്കാറില്ല..

ഹ൪ത്താലല്ലേ വരുന്നത് ചേട്ടൻ വരുന്നില്ലേ ഈയാഴ്ചയും?

നിമ്മി പരിഭവത്തോടെ ചോദിച്ചതാണ്..

ദേ.. മോനെന്തൊക്കെയോ വാങ്ങാനുണ്ടെന്ന്.. ഞാൻ പറഞ്ഞു അച്ഛൻ വന്നിട്ട് വാങ്ങാമെന്ന്..

നീയെന്തിനാ അതൊക്കെ വാങ്ങിക്കൊടുക്കാമെന്ന് ഏൽക്കുന്നത്? എന്റെ കൈയിൽ കാശൊന്നുമില്ല.. വീടെടുത്തതിന്റെ ലോണടവും കഴിഞ്ഞാൽ പിന്നെ കൈയിൽ കിട്ടുന്നതെത്രയാ? എനിക്കിവിടെ താമസിക്കാനും ചിലവില്ലേ?

നിങ്ങൾ രണ്ട് ദിവസം അടിച്ചു പൊളിക്കാൻ പോകുന്നതാണോ സുഹൃത്തുക്കൾ മൂന്നുപേരും ചേർന്ന്?

റിപ്പോർട്ടറുടെ അടുത്ത ചോദ്യം.

പ്രമോദിന് എന്തെങ്കിലും പറയാൻ പറ്റുന്നതിനുമുമ്പ് ശരത് പറഞ്ഞു:

അതേ.. രണ്ടാഴ്ചയായി പ്ലാൻ ചെയ്തതാ..

എന്താ ഇയാൾ മാത്രം മാറിനിൽക്കുന്നത്? പ്രതീക്ഷ യോടെ പുറപ്പെട്ട നല്ലൊരു യാത്ര മുടങ്ങിയതിന്റെ നിരാശയാണോ?

റിപ്പോർട്ട൪ പ്രമോദിന്റെ നേരെ തിരിഞ്ഞു.

അയാൾ ഒന്നും പറയാതെ ഒരു ‌ചമ്മിയ ചിരി ചിരിച്ചു.

ദാ.. പോലീസ് വരുന്നുണ്ട്..

ക്യാമറ അങ്ങോട്ട് തിരിഞ്ഞപ്പോൾ സമരക്കാർ മുദ്രാവാക്യം വിളി തുടങ്ങി.

പോലീസ് വന്നതും തടഞ്ഞുവെച്ച വാഹനങ്ങൾ‌ കടത്തിവിടാൻ തുടങ്ങി. പെട്ടെന്നാണ് ഒരാൾ കൈയിൽ കിട്ടിയ കല്ലെടുത്ത് കാറിനെ ലക്ഷ്യമാക്കി എറിഞ്ഞത്. ഗ്ലാസ്സിന് കൊണ്ട് ചില്ല് പൊട്ടിയതും ഒരു കഷണം വന്ന് പ്രമോദിന്റെ നെറ്റിയിൽത്തട്ടി മുറിഞ്ഞതും ക്ഷണംകൊണ്ട് കഴിഞ്ഞു.

ശ്രീരാജ് ടവലെടുത്ത് പ്രമോദിന്റെ നെറ്റി‌ തുടക്കുമ്പോഴേക്കും ക്യാമറ വീണ്ടും പ്രമോദിന്റെ നേ൪ക്ക് നീണ്ടുവന്നിരുന്നു. റിപ്പോർട്ട൪ അതിവിശാലമായി അവതരിപ്പിക്കുകയാണ്:

ഹൈവേയിൽ സമാരാനുകൂലികൾ വാഹനങ്ങൾ തടഞ്ഞു. മുന്നോട്ടെടുക്കുക യായിരുന്ന ഒരു കാറിന്റെ ചില്ല് അവ൪ എറിഞ്ഞുപൊളിച്ചു. കാ൪ ഡ്രൈവ് ചെയ്യുകയായിരുന്ന ഉടമസ്ഥൻ പ്രമോദിന്റെ നെറ്റിയിൽ ഗുരുതരമായി മുറിവ് പറ്റിയിട്ടുണ്ട്..

പ്രമോദിന് തല ചുറ്റുന്നതായി തോന്നി. നിമ്മി വാർത്തകൾ കേൾക്കാറില്ലങ്കിലും ഏത് സമയവും വാർത്തകൾ കേൾക്കുന്ന ഒരുപാട് ആളുകളുടെ നടുവിലാണല്ലോ അവൾ..

പ്രമോദിനെ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോകാൻ പോലീസ് നിർദ്ദേശിച്ചു.

സ്റ്റിച്ചിടേണ്ടി വരുമോ.. ആഴത്തിലുള്ള മുറിവാണോ..

മനസ്സൊക്കെ കലങ്ങിമറിഞ്ഞു..

ദാ.. പ്രമോദിന്റെ ഫോൺ റിങ് ചെയ്യുന്നു.

ശരത് ഫോൺ എടുത്ത് പ്രമോദിന്റെ ചെവിയിൽ ചേ൪ത്തുവെച്ചു.

എന്താ ചേട്ടാ? എന്താ പറ്റിയത്?

നിമ്മിയുടെ കരച്ചിൽ കേൾക്കാം..

അയാളുടെ തൊണ്ട വരണ്ടു. വാക്കുകൾക്കായി അയാൾ പരതി. ദൃശ്യങ്ങൾ ലൈവായി പോകുന്നുണ്ടായിരുന്നു എന്ന് അയാൾക്ക് മനസ്സിലായി.

അതു പിന്നെ…

ദേ.. മക്കളും ടിവിയിൽ അച്ഛന്റെ നെറ്റി മുറിഞ്ഞതുകണ്ട് കരച്ചിലാണ്..

അയാളുടെ കണ്ണ് നിറഞ്ഞു.

ഞാൻ ഹോസ്പിറ്റലിൽ ചെന്നിട്ട് വിളിക്കാം.

പ്രമോദ് കാൾ കട്ട് ചെയ്തു.

ഹോസ്പിറ്റലിൽ എത്തി മുറിവ് മരുന്നുവെച്ച് കെട്ടിയതും ശ്രീരാജ് പറഞ്ഞു:

കുഴപ്പമൊന്നുമില്ലല്ലോ.. നമുക്കെന്നാൽ കോയമ്പത്തൂ൪ക്ക് വിട്ടാലോ?

ഇല്ല.. ഇനി ഞാൻ വീട്ടിലൊന്ന് പോയ്വരട്ടെ.. എനിക്കെന്റെ മക്കളെ കാണണം.. വൈകിട്ടാകുമ്പോഴേക്കും അങ്ങെത്താം.

പ്രമോദ് അവരുടെ ബാഗെടുത്ത് കൈയിൽ കൊടുത്തശേഷം കാ൪ മുന്നോട്ടെടുത്തു.

വഴിയിൽ തനിച്ചായിപ്പോയ ശ്രീരാജും ശരത്തും പരസ്പരം നോക്കി.

ഇനിയെങ്ങനെ താമസസ്ഥലത്ത് തിരിച്ചെത്തും?

നടക്കുകതന്നെ… വൈകുന്നേരമാകുമ്പോഴേക്കും നമുക്കും അങ്ങെത്താം..

Related Posts

Leave a Reply

Your email address will not be published. Required fields are marked *