ബാംഗ്ലൂരിൽ നിന്നും കണ്ണൂരിലേക്കുള്ള ട്രെയിൻ ആണ്. ഒരു പെൺകുട്ടി തന്റെ കാമുകന്റെ നെഞ്ചിൽ ചേർന്നു കിടക്കുന്നുണ്ട്. ചുറ്റുമുള്ള ആൾക്കാരെ ഒന്നും ശ്രദ്ധിക്കാതെ…….

എഴുത്ത്:-ഹക്കീം മൊറയൂർ

ഇന്ന് രാവിലെ കോഴിക്കോട് നിന്നും കണ്ണൂരിലേക്കുള്ള ട്രെയിൻ യാത്രക്കിടെ ഒരു കാഴ്ച കണ്ടു.

  ബാംഗ്ലൂരിൽ നിന്നും കണ്ണൂരിലേക്കുള്ള ട്രെയിൻ ആണ്. ഒരു പെൺകുട്ടി തന്റെ കാമുകന്റെ നെഞ്ചിൽ ചേർന്നു കിടക്കുന്നുണ്ട്. ചുറ്റുമുള്ള ആൾക്കാരെ ഒന്നും ശ്രദ്ധിക്കാതെ അവർ പ്രേമ സല്ലാപങ്ങളിൽ മുഴുകി ഇരിക്കുന്നു. എത്ര ശ്രമിച്ചിട്ടും കണ്ണുകൾ ഇടക്കിടെ അവരുടെ അടുത്തേക്ക് പോയി. കാമുകന്റെ മുഖവും ഭാവങ്ങളും അവൻ ല ഹരിക്ക് അടിമയാണോ എന്ന സംശയം എന്നിൽ ഉണ്ടാക്കി. ഇടക്ക് അവൻ ചിരിച്ചപ്പോൾ ദ്രവിച്ചു തുടങ്ങിയ പല്ലുകൾ എന്റെ സംശയം ശരിയാണെന്നു എന്നെ ബോധ്യപ്പെടുത്തി.

  യാത്രക്കാരിൽ ആരും തന്നെ അവരെ ശ്രദ്ധിക്കുന്നില്ല എന്നത് എന്നെ ഒട്ടും അത്ഭുതപ്പെടുത്തിയില്ല. അവരൊക്കെ ട്രെയിനിൽ സ്ഥിരം യാത്ര ചെയ്യുന്നവർ ആയിരിക്കും. ഇതൊക്കെ പതിവ് കാഴ്ചകളും ആയിരിക്കും.

  മാസങ്ങൾ കൂടുമ്പോൾ വല്ലപ്പോഴും ട്രെയിൻ യാത്ര ചെയ്യുന്ന എനിക്ക് എല്ലാം അത്ഭുത കാഴ്ചകൾ ആണ്. ഇടക്ക് അവൾക്കൊരു ഫോൺ വന്നു. മിണ്ടല്ലേ എന്ന് ആംഗ്യം കാട്ടി അവൾ കാമുകന്റെ നെഞ്ചിൽ കിടന്നു സംസാരിക്കാൻ തുടങ്ങി. സംസാരം കേട്ടപ്പോൾ തന്നെ അച്ഛനാണ് വിളിക്കുന്നത് എന്ന് ഞാൻ ഊഹിച്ചു.

  കണ്ണൂർ സ്റ്റേഷനിൽ എത്തിയപ്പോൾ അവൾ ബാഗും എടുത്തു എണീറ്റു. അവൻ തികച്ചും അപരിചിതനെ പോലെ അവളുടെ പിന്നിൽ തന്നെ ഉണ്ടായിരുന്നു.

  സ്റ്റേഷന്റെ ഉള്ളിൽ നിന്നും ചായ കുടിക്കുമ്പോൾ ഞാൻ അവളെ വീണ്ടും കണ്ടു. ഇത്തവണ മെല്ലിച്ച ഒരു മനുഷ്യൻ അവളുടെ കൂടെ ഉണ്ടായിരുന്നു. അയാളുടെ കാക്കി കണ്ടപ്പോൾ ഒരു ഓട്ടോ ഡ്രൈവർ ആണെന്ന് എനിക്ക് മനസ്സിലായി. അയാളുടെ ജീവിത പ്രാരാബ്ധങ്ങൾ കൊണ്ടെന്ന പോലെ അല്പം വളഞ്ഞ മുതുക് വെള്ളം കിട്ടാതെ മെലിഞ്ഞു പോയ ഒരു ഒട്ടകത്തെ ഓർമിപ്പിച്ചു. അല്ലെങ്കിൽ കുടുംബമെന്ന തേര് ഒറ്റക്ക് വലിച്ചു വളഞ്ഞു പോയതാവാം എന്ന് ഞാൻ കരുതി.

  അയാൾ മോൾക്ക് ചായയും വടയും വാങ്ങി കൊടുത്തു. അത് കഴിക്കുന്ന മോളേ നോക്കി നിൽക്കുന്ന അയാളുടെ കണ്ണിലെ സ്നേഹ വായ്‌പ് എനിക്ക് മനസ്സിലാവുന്നുണ്ടായിരുന്നു. ആ അച്ഛൻ അറിയുന്നുണ്ടാവുമോ അവളുടെ പ്രണയം. ഇനി ആ കുട്ടിയും മ യക്കു മ രുന്നിനു അടിമയായിരിക്കുമോ?. അവളുടെ ഭാവി എന്തായിരിക്കും എന്നിങ്ങനെയുള്ള സംശയങ്ങൾ എന്റെ മനസ്സിനെ വല്ലാതെ നീറ്റാൻ തുടങ്ങി.

  രാവും പകലും ഓട്ടോ ഓടിച്ചു മകളെ ബാംഗ്ലൂരിലേക്ക് പഠിക്കാൻ അയച്ച ആ അച്ഛന്റെ മനസ്സിൽ എന്തെല്ലാം സ്വപ്‌നങ്ങൾ ഉണ്ടായിരിക്കും.

  മകൾ പഠിച്ചു നല്ല ജോലി നേടുന്നത്. അവളൊരു കല്യാണം കഴിക്കുന്നത്. അവൾക്ക് മക്കൾ ഉണ്ടാവുന്നത്. അവരെ കളിപ്പിക്കുന്നത്. അങ്ങനെ എന്തെല്ലാം മോഹങ്ങളാണ് ഓരോ അച്ഛനും തന്റെ മക്കളെ കുറിച്ച് ഉണ്ടാവുക.

  പ്രേമം തെറ്റാണെന്നു എനിക്ക് അഭിപ്രായമില്ല. പക്ഷെ പ്രേമിക്കുമ്പോൾ ഇങ്ങനെയുള്ള ആളുകളെ പ്രേമിക്കാമോ?.

  ചിലപ്പോൾ ഞാനും ഒരു അച്ഛനാണല്ലോ എന്ന ആശങ്കയിൽ എനിക്ക് തോന്നിയ സംശയങ്ങൾ ആവാം.

ചായ കുടിക്കുന്നതിനിടെ ആ അച്ഛനെ നോക്കി കൊണ്ടിരുന്നപ്പോൾ എന്റെ നെഞ്ച് വീണ്ടും വിങ്ങാൻ തുടങ്ങി. കണ്ണുകൾ നനഞ്ഞു. അയാളുടെ മുഖം കാണാതിരിക്കാനായി ഞാൻ മനപ്പൂർവം തിരിഞ്ഞു നിന്നു.

  അല്ലെങ്കിലും ചില കാഴ്ചകളിൽ നിന്നും പുറം തിരിഞ്ഞു നിൽക്കുകയാണ് പലപ്പോഴും നല്ലത്. അല്ലെങ്കിൽ നമ്മുടെ മനസ്സ് എന്തിനെന്നറിയാതെ ഇങ്ങനെ വിങ്ങി കൊണ്ടിരിക്കും.

  പെണ്മക്കളുള്ള അച്ഛന്മാർക്ക് മാത്രം തോന്നുന്ന പ്രത്യേക വിങ്ങൽ.

Related Posts

Leave a Reply

Your email address will not be published. Required fields are marked *