ബാലൻ മാഷ് എനിക്ക് എന്നും അത്ഭുതമായിരുന്നു. എന്റെ  അച്ഛനും മാഷും ഒന്നിച്ചു പഠിച്ചവരായിരുന്നു. എന്തിനും ദേഷ്യപ്പെടുന്ന അച്ഛന്റെ മുന്നിൽ ഒന്നിനും ദേഷ്യപ്പെടാത്ത മാഷ്…..

Story Written by Sowmya Sahadevan

ബാലൻ മാഷ് മരിച്ചത്  പെട്ടെന്നായിരുന്നു. മാഷിന്റെ വീട് നാളുകളായി അടഞ്ഞു കിടക്കുകയായിരുന്നു. മരണ വാർത്ത എന്നെ അത്ഭുതപെടുത്തി. നാളുകളായി മാഷ് ചികിത്സയിലായിരുന്നുവെന്നും,ആരും ഒന്നുമറിഞ്ഞിരുന്നില്ല.     

ബാലൻ മാഷ് എനിക്ക് എന്നും അത്ഭുതമായിരുന്നു. എന്റെ  അച്ഛനും മാഷും ഒന്നിച്ചു പഠിച്ചവരായിരുന്നു. എന്തിനും ദേഷ്യപ്പെടുന്ന അച്ഛന്റെ മുന്നിൽ ഒന്നിനും ദേഷ്യപ്പെടാത്ത മാഷ്. പാവാടക്ക് ഇറക്കമില്ലാത്തതിന് അനിയത്തിയെ വഴക്കു പറയുന്ന അച്ഛന് മുന്നിൽ പെണ്മക്കളെ ജീൻസ് ഇടാൻ അനുവദിച്ചിരുന്ന മാഷ് ഒരു വിപ്ലവം ആയിരുന്നു.അവരുടെ ചെല്ലപേരുകളെല്ലാം ആൺകുട്ടി കളുടെതായിരുന്നു.എനിക്കൊപ്പം അവർ കളരിയിലും വായനശാലയിലും, സൈക്കിൾ റേസിലും ഒന്നിച്ചു മത്സരിച്ചു.

ഈ പെൺകുട്ടികൾക്കു എന്തിനാ കളരിയെന്നും, ജീൻസ് എന്നും സൈക്കിൾ എന്നും ചോദിച്ചിരുന്ന നാട്ടിൽ , അവരെ മാഷ് ബൈക്ക് ഓടിക്കാൻ പഠിപ്പിച്ചത് വിപ്ലവമായി തുടർന്നു .എനിക്കും തോന്നിയിട്ടുണ്ട് ഇതൊക്ക കുറച്ചു കൂടുതലാണെന്നു, ആരോടും പറയാറില്ലെന്നു മാത്രം.അവർ സ്വാതന്ത്രമായി പഠിച്ചും, കളിച്ചും, വായിച്ചും, യാത്രകൾ ചെയ്തും ജീവിച്ചു.

എന്റെ അനിയത്തിക്കു ഡിഗ്രിക്കു ഫസ്റ്റ്ക്ലാസ്സ്‌ കിട്ടിയതിന്റെ റിസൾട് പറയനായി ഞാൻ അവളുടെ ഭർത്താവിന്റെ വീട്ടിൽ ചെന്നപ്പോൾ,അവൾ  കരിപോലും പോവാത്ത കൈയും കൊണ്ടായിരുന്നു ചായ കൊണ്ട് തന്നത്.അപ്പോൾ തുടങ്ങി എനിക്ക് മാഷോട് സ്നേഹവും ബഹുമാനവും ആഴത്തിൽ ആയി തുടങ്ങി.

മാഷിന്റെ മൂത്ത മകൾ ഒരു പഞ്ചാബിയേയും ഇളയവൾ ഒരു ക്രിസ്ത്യാനി പയ്യനെയും വിവാഹം ചെയ്തത് ഈ അടുത്തായിരുന്നു.രണ്ടാമത്തവൾ വിവാഹമേ വേണ്ടെന്നു പറഞ്ഞു നിൽക്കുന്നു. എന്റെ അനിയത്തിയുടെ വിവാഹത്തിന്റെ വായ്പ തീർക്കാനും അവൾക്കു വീട് വയ്ക്കാനും കൂടെ പറമ്പ് വിറ്റു രജിസ്റ്റർ ആക്കാൻ രജിസ്റ്റർ ഓഫീസിൽ നിൽകുമ്പോളായിരുന്നു ഇളയവളുടെ വിവാഹം കണ്ടത്. ചിരികൾ മാത്രം നിറഞ്ഞു നിന്ന ചെറിയ ഒരു ചടങ്ങ്, കുറച്ചു ഫോട്ടോസ്, ചെറിയ ഒരു മധുരം അത്രെയെ ഉണ്ടായിരുന്നുള്ളൂ.

രണ്ടാമത്തെ മോളുടെ കൂടെ മാഷ് ഗൾഫിലായിരുന്നു, അവൾ നേഴ്സ് ആണ്. യാത്രകളും വയനാകളുമായിരുന്നു മാഷിന്റെ ലോകം. മാഷും ഭാര്യയും നാട്ടിൽ വന്നതറിഞ്ഞിരുന്നില്ല.

അച്ഛൻ പോയിട്ടും പതറാതെ നിൽക്കുന്ന മാഷിന്റെ മക്കളെ കണ്ടപ്പോൾ ഞാൻ വീണ്ടും അത്ഭുതപെടുകയായിരുന്നു.ആശുപത്രികൾ, ബില്ലുകൾ,
ആംബുലൻസ് മുതൽ, ചടങ്ങുകൾക്ക് വേണ്ടതു വരെ അവർ ഒരുക്കുന്നു . ഉള്ളു പിടയുമ്പോളും കരയാൻ അവരെ മാഷ് പഠിപ്പിച്ചിരുന്നില്ല. കണ്ണു നിറയാത്തോരാളുടെ മനസ്സ് പിടയുന്നത് കാണാൻ മാഷ് അവരെ പഠിപ്പിച്ചിരുന്നു. ആ ക്ലാസ്സ്‌ ഞാൻ എപ്പോളോ പുറത്തു നിന്നു ഞാനും കുറച്ചു കെട്ടിട്ടുണ്ടെന്നു തോന്നുന്നു.എന്നിട്ടും അവരെ കണ്ടപ്പോൾ എന്റെ കണ്ണു വീണ്ടും നിറയുന്നു…..

Related Posts

Leave a Reply

Your email address will not be published. Required fields are marked *