ബെല്ലടിക്കാൻ താമസിച്ചതിനു ഡ്രൈവർ കണ്ടക്ടറെ വഴക്ക് പറയുന്നു. കുഞ്ഞുങ്ങളുമായി കയറുമ്പോൾ താമസിക്കും എന്നുള്ള അയാളുടെ മറുപടിക്ക് നിനക്ക് ഫിലോസഫി പറഞ്ഞോണ്ടിരുന്നാൽ മതി നാളെ………

കാലം തെറ്റി പെയ്യുന്ന പെരുമഴ.

Story written by Sumayya Beegum T A

അല്ലെങ്കിൽ തന്നെ എഴുതിവെച്ചത് പോലെ എല്ലാം നടന്നിരുന്നെങ്കിൽ ജീവിതത്തിന് ഒരു ഭംഗിയുമുണ്ടാകുമായിരുന്നില്ല. അപ്രതീക്ഷിതമായി ഓരോന്ന് സംഭവിക്കുമ്പോൾ മാത്രമാണ് ജീവിതം പുതിയ വഴിത്തിരിവുകളിലേക്ക് ചലിക്കുന്നത്.

മഴ വകവെക്കാതെ മനുഷ്യർ ഓട്ടത്തിലാണ്. പോകേണ്ട സ്ഥലത്തേക്കുള്ള ബസ് വന്നു. കുഞ്ഞുങ്ങളുമായി നിൽക്കുന്ന രണ്ട് അമ്മമാരെ കണ്ടപ്പോൾ മാറിക്കൊടുത്തു. അവർക്ക് സീറ്റ് കിട്ടി എന്നുറപ്പ് വരുത്തികൊണ്ട് മെല്ലെയാണ് അകത്തോട്ടു കയറിയത്.

ബെല്ലടിക്കാൻ താമസിച്ചതിനു ഡ്രൈവർ കണ്ടക്ടറെ വഴക്ക് പറയുന്നു. കുഞ്ഞുങ്ങളുമായി കയറുമ്പോൾ താമസിക്കും എന്നുള്ള അയാളുടെ മറുപടിക്ക് നിനക്ക് ഫിലോസഫി പറഞ്ഞോണ്ടിരുന്നാൽ മതി നാളെ സ്റ്റേഷനിൽ ലൈസെൻസുമായി ഞാൻ ചെല്ലേണ്ടി വരുമെന്ന് പറഞ്ഞയാൾ വീണ്ടും കയർക്കുന്നു. പോലീസുകാരൻ പോകാൻ കൈ കാണിച്ചിട്ടും രണ്ട് മിനുട്ട് താമസിച്ചതിലുള്ള അയാളുടെ വെപ്രാളം.

ഇതൊക്കെ കണ്ടു അടുത്തിരുന്ന പ്രായം ചെന്ന ഒരമ്മ തനിയെ പിറുപിറുത്തു. ഇവിടെ എല്ലാം നിയമം നോക്കി നടന്നിരുന്നെങ്കിൽ എത്ര നന്നായേനെ.നിയമം നോക്കുന്ന കുറെ ആൾക്കാർ. അവർ പുച്ഛിച്ചു ചിറി കോട്ടി.

ഞാൻ നോക്കുമ്പോൾ ഡ്രൈവർ യൂണിഫോം ഷർട്ട്‌ വണ്ടി ഓടിക്കുന്നതിനിടയിൽ ഊരി മാറ്റുന്നു. അയാളുടെ നിയമബോധത്തിന്റെ രണ്ട് തലങ്ങൾക്ക് നിമിഷങ്ങൾക്കുള്ളിൽ സാക്ഷി ആവേണ്ടി വന്നപ്പോൾ എന്റെ ചുണ്ടിലും വരണ്ടൊരു ചിരി പടർന്നു.

എല്ലാം നടക്കേണ്ട പോലെ നടന്നിന്നെങ്കിൽ ഭൂമി എന്ന് വിളിപ്പേര് വരില്ലല്ലോ സ്വർഗത്തിനിത്ര പ്രാധാന്യവും വരില്ല.

നീ എനിക്ക് വേണ്ടി എന്ത് ചെയ്തു?

എന്റെ കുടുംബത്തിന് വേണ്ടി എന്ത് ചെയ്തു?

നീ എനിക്ക് ശല്യമാണ്.

എങ്ങോട്ടേലും പോയി തരുമോ?

കാതിലിപ്പോഴും അയാളുടെ ആക്രോശം.

ഒരു സ്ത്രീ ഒരു വീടിനു വേണ്ടി എന്താണ് ചെയ്യുന്നത്?

അവൾക്കറിയില്ല.

അയാളെ സ്നേഹിച്ചതോ കൂടെ കിടന്നു സുഖം പകർന്നതോ എണ്ണി പറയാൻ അവളിലെ പാരമ്പര്യം അനുവദിക്കുന്നില്ല.

ഒരു കുഞ്ഞിനെ വളർത്തിയതോ അതിനൊപ്പം തന്നെ ജോലി ചെയ്തു അയാൾക്കൊരു കൈത്താങ്ങ് ആയതോ വിളിച്ചുകൂവാനുള്ളതാണെന്ന് തോന്നുന്നുമില്ല.

അപ്രതീക്ഷിതമായി വന്നു ചേർന്ന ആരോഗ്യ പ്രശ്നങ്ങളാൽ അവൾ രാവും പകലും വേദനിച്ചു പിടയുമ്പോൾ സ്വാന്തനിപ്പിക്കാൻ അയാൾ ഉണ്ടാകില്ല എന്നതും അവളെ വേദനിപ്പിച്ചില്ല.

പക്ഷേ ഓരോ പ്രതിസന്ധിയിൽ നിന്നും കുതിച്ചുയരുന്ന അവളുടെ ആത്മവിശ്വാസത്തിനു മേൽ അയാൾ ചൊരിയുന്ന ആക്ഷേപങ്ങൾ അവളെ തളർത്തുകയാണ്…

ചുളിയാത്ത ആകാരവും ചുറുചുറുക്കും നഷ്ടപ്പെടുമ്പോൾ ചില പെണ്ണുങ്ങൾക്ക് അതുവരെ കൂടെ ഉണ്ടെന്ന് വിശ്വസിച്ചിരുന്നതൊക്കെ നഷ്ടപ്പെടുമെന്ന് ഇന്നവൾക്ക് അറിയാം.

മഴ അല്പം കുറഞ്ഞു. ബസിന്റെ വിൻഡോ ഗ്ലാസ്‌ മാറ്റി. ഉള്ളിലേക്ക് തണുത്ത കാറ്റ് ആർത്തിയോടെ വീശി. ആ സുഖത്തിൽ സീറ്റിലേക്ക് ചാരി അവൾ കണ്ണുകളടച്ചു.

പ്രായം ചെന്ന അമ്മയ്ക്ക് പകരം ആരോ തൊട്ടടുത്തു വന്നിരുന്നു. അവർ ഫോണിൽ സംസാരത്തിലാണ്. മകളുടെ വിവാഹകാര്യം ആണ്. ആവേശത്തോടെ അവർ സംസാരിക്കുന്നു. ചെക്കന് സർക്കാർ ജോലിയാണ് അതുകൊണ്ട് അവൾ രക്ഷപെട്ടു. ജീവിതത്തിനു സ്ഥിരത ഉണ്ടല്ലോ.പിന്നെ വിദ്യാഭ്യാസമുള്ള ചെക്കൻ ആവുമ്പോൾ അവനൊരു സ്റ്റാൻഡേർഡ് ഉണ്ടാവുമല്ലോ?

ഉള്ളിൽ അവൾ പൊട്ടിപ്പൊട്ടി ചിരിച്ചു.സ്ഥിരത, നിലവാരം ഇതൊക്കെ നിർണയിക്കുന്ന പി എ സി പരീക്ഷ ഉണ്ടായിരുന്നെങ്കിൽ അന്തിയോളം പണിതു കയ്യിൽ കുഞ്ഞുങ്ങൾക്കുള്ള പലഹാരവും നാളത്തേക്കുള്ള വീട്ടു സാധനങ്ങളും വാങ്ങി വന്നു മക്കളെയും ഭാര്യയെയും ചേർത്തു പിടിച്ചുറങ്ങുന്ന സാധാരണക്കാരന് കൊടുക്കണം ഒന്നാം റാങ്ക്.
അയാളോളം ലോക പരിചയവും വിവേകവും ഉന്നത വിദ്യാഭ്യാസമുള്ളവർക്ക് ഉണ്ടാകണമെന്നില്ല..

ആ യാത്രയ്ക്കിടയിൽ പിന്നെയും മഴ പെയ്തു ഇടയ്ക്കു തോർന്നു. എല്ലാം മറന്നൊരു ഉറക്കത്തിനു ശേഷം ഇറങ്ങേണ്ട സ്ഥലത്തു ഇറങ്ങിയേ പറ്റു എന്ന തിരിച്ചറിവോടെ അവൾ യാത്ര തുടർന്നു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *