ഭർത്താവിനൊരു പഴയ പ്രണയം ഉണ്ടായിരുന്നതായി കൃഷ്ണിമക്ക് അറിയാമായിരുന്നെങ്കിലും വീണ്ടും അതവരുടെ ജീവിതം അലങ്കോലമാക്കാൻ അവരിലേക്ക് കടന്നു വരുമെന്നവൾ കരുതിയതേയില്ലായിരുന്നു……..

Story written by Pratheesh

കൃഷ്ണിമയുടെ ഇപ്പോഴത്തെ പ്രശ്നം, ഭർത്താവ് ശ്രീഹർഷന്റെ പഴയ കാമുകി ഹാർമ്യകയാണ് !

ഭർത്താവിനൊരു പഴയ പ്രണയം ഉണ്ടായിരുന്നതായി കൃഷ്ണിമക്ക് അറിയാമായിരുന്നെങ്കിലും വീണ്ടും അതവരുടെ ജീവിതം അലങ്കോലമാക്കാൻ അവരിലേക്ക് കടന്നു വരുമെന്നവൾ കരുതിയതേയില്ലായിരുന്നു,

അങ്ങിനെ കരുതാനുള്ള കാരണം, ശ്രീക്ക് അവളെ തന്നെ കല്യാണം കഴിക്കണമെന്നുണ്ടായിരുന്നെങ്കിലും വീട്ടുകാർക്ക് താൽപ്പര്യമില്ലെന്ന ഒറ്റ കാരണത്താൽ ഹാർമ്യക തന്നെയായിരുന്നു ശ്രീയേ ഒഴിവാക്കിയതും വിട്ടു പോയതും !

അതേ തുടർന്ന് ഹാർമ്യക മറ്റൊരാളെ വിവാഹം കഴിക്കുകയും, അതിന്റെ പേരിൽ ശ്രീ കുറച്ചു കാലം നിരാശയോടെ കഴിയുകയും ചില മാനസീക പ്രശ്നങ്ങൾ അനുഭവിക്കുകയും ഒക്കെ ചെയ്തിരുന്നു അതിനു ശേഷം ഒന്നര വർഷത്തിനു ശേഷമാണ് കൃഷ്ണിമയുമായുള്ള വിവാഹം നടക്കുന്നതും ജീവിതത്തിലേക്ക് തിരിച്ചു വരുന്നതും !

കഴിഞ്ഞ നാലു വർഷമായി പറയതക്ക വലിയ പ്രശ്നങ്ങളൊന്നുമില്ലാതെ കൃഷ്ണിമയുടെയും ശ്രീഹർഷന്റെയും ജീവിതം കടന്നു പോകുകയായിരുന്നു,

എന്നാൽ ഒരു പഴയ കൂട്ടുകാരന്റെ കല്യാണത്തിനിടയിൽ വളരെ യാതൃശ്ചികമായി ഹാർമ്യകയും ശ്രീയും വീണ്ടും കണ്ടുമുട്ടിയതോടെ ഹാർമ്യകയിൽ അതുവരേയും ഉറങ്ങികിടക്കുകയായിരുന്ന ശ്രീയോടുള്ള പഴയ ഇഷ്ടങ്ങൾക്ക് പിന്നെയും ചിറകു മുളക്കുകയായിരുന്നു!

ആ കല്യാണ പരിപാടിയിൽ ശ്രീക്കൊപ്പം കൃഷ്ണിമയും ഉണ്ടായിരുന്നെങ്കിലും ഹാർമ്യകയുടെ നോട്ടം മുഴുവൻ ശ്രീയിലായിരുന്നു കൃഷ്ണിമ ആദ്യം അതത്ര കാര്യമാക്കിയില്ലെങ്കിലും ഹാർമ്യകയുടെ നോട്ടങ്ങളിൽ പഴയ ആരാധന തെളിയാൻ തുടങ്ങിയതോടെ കൃഷ്ണിമയുടെ ഉള്ളിൽ ഭയം നിറയാൻ തുടങ്ങി,

എത്രയോക്കെ അകന്നാലും പഴയ കാമിതാക്കൾ എന്നും തീയും വെടിമരുന്നും പോലെയാണെന്നവൾക്കറിയാം, ഒരു തീപൊരി തന്നെ ധാരാളമാണ് എല്ലാം ആളിപടർന്നു ചുറ്റുമുള്ളതെല്ലാം ക ത്തി ചാമ്പലാക്കാൻ !

മൂന്നു കാര്യങ്ങൾ കൊണ്ടാണ് അവളിൽ ആ സമയം അത്രയും ഭയം നിറഞ്ഞത് അതിലൊന്ന് വീണ്ടും അവനെ കൃഷ്ണിമയിൽ നിന്നും അവളിലേക്ക് വളച്ചെടുക്കുമോ എന്നത് !

രണ്ട്, ചെറുപ്പത്തിലേ അച്ഛനേയും അമ്മയേയും നഷ്ടപ്പെട്ട് ഒറ്റപ്പെട്ടു പോയ അവൾ വീണ്ടും ഒറ്റപ്പെട്ടു പോകുമോ എന്നതും,അന്നവളെ ആ ഒറ്റപ്പെടലിനിടയിൽ നിന്നും സംരക്ഷിച്ചു പിടിച്ചു വളർത്തി വലുതാക്കിയ ഏക ആശ്രയമായിരുന്ന അച്ഛമ്മയും ഇന്നില്ലായെന്നതും, തിരിച്ചു പോകാൻ വീടുണ്ടെങ്കിലും കൂട്ടിനാളില്ലെന്ന ഭയവും !

മൂന്ന് തന്നെ തിരഞ്ഞെത്തിയ സുഗന്ധമാണവൻ എന്ന വിശ്വസത്തോടെ സ്വന്തം ജീവനേക്കാളും ഏറെ ഇന്ന് കൃഷ്ണിമ അവനെ സ്നേഹിക്കുന്നു എന്നതു കൊണ്ടും !

ആ കല്യാണ പന്തലിൽ വെച്ചവൾ മറ്റൊന്നു കൂടി അറിഞ്ഞു ഭർത്താവുമായുള്ള സൗന്ദര്യപിണക്കവുമായി അയാളെ വിട്ട് ഹാർമ്യക സ്വന്തം വീട്ടിൽ തന്നെയാണ് കുറച്ചു നാളായി ഉള്ളതെന്നും, ചിലപ്പോൾ ആ ബന്ധം ഡിവോഴ്സിൽ അവസാനിക്കാനാണു സാധ്യതയെന്നു കൂടി കേട്ടതോടെ അവളുടെ നെഞ്ചിൽ തീയാളാൻ തുടങ്ങി,

കല്യാണം കഴിഞ്ഞ് തിരിച്ചു പോരാൻ നേരം ഹാർമ്യക ശ്രീയിൽ നിന്നവന്റെ ഫോൺ നമ്പർ കൂടി വാങ്ങി അവളുടെ ഫോണിൽ സേവ് ചെയ്യുന്നതു കൂടി കണ്ടതോടെ കൃഷ്ണിമയുടെ ഹൃദയം നിന്നു കത്താൻ തുടങ്ങി,

അവിടുന്ന് തിരിച്ചു വരുമ്പോൾ ശ്രീക്കു പിന്നാലെ ശ്രീയേ അനുഗമിച്ച് ഹാർമ്യകയും ഹാളിനു പുറത്തു വരെ വന്നു ഞങ്ങൾ കാറിൽ തിരിച്ചു പോരുമ്പോൾ പോലും കാഴ്ച്ചയിൽ നിന്നു മറയും വരെ ഹാർമ്യകയുടെ കണ്ണുകൾ ശ്രീയിൽ തന്നെ ഉടക്കി നിൽക്കുകയായിരുന്നു എന്നതും അവളെ അസ്വസ്ഥയാക്കി,

ശ്രീ സ്വന്തമായതു മുതൽ കൃഷ്ണിമയിൽ നില നിന്നിരുന്ന സന്തോഷമെല്ലാം ആ സമയം മുതൽ കൃഷ്ണിമക്കു കൈമോശം വന്നിരുന്നു, വീടെത്തിയിട്ടും അവളുടെ ചിന്തകൾ അതുവരെ കഴിഞ്ഞു പോയ കാര്യങ്ങളിൽ തന്നെയായിരുന്നു,

രാത്രിയിലെ ഉറക്കവും പകലിന്റെ സമാധാനവും അവൾക്കു നഷ്ടമായി,

കുറച്ചു ദിവസത്തിനപ്പുറം ഒരു ദിവസം രാവിലെ ശ്രീക്കു പ്രാതൽ വിളമ്പി കൊടുത്തു കൊണ്ടിരിക്കേ പെട്ടന്നു ശ്രീയുടെ ഫോണിൽ ഒരു വാട്ട്സാപ്പ് മെസേജ് ശബ്ദം കേട്ടതും കൃഷ്ണിമയുടെയും ശ്രീയുടെയും നോട്ടം ഒന്നിച്ചു ഫോണിലായതും കൃഷ്ണിമ ഫോണിൽ ഹാർമ്യകയുടെ പേരു കണ്ടു ആ നിമിഷം അവളുടെ ഹൃദയം പെട്ടന്നൊന്നു പിടഞ്ഞു, ശ്രീ പെട്ടന്നു തന്നെ ഫോണിന്റെ സൈഡ് സ്വിച്ച് പിടിച്ചമർത്തി ഫോണിലെ ലൈറ്റ് കെടുത്തി ഫോൺ കമഴ്ത്തി വെച്ചതും കൃഷ്ണിമയുടെ നെഞ്ച് പിന്നെയും ഒന്നു വെട്ടി !

രണ്ടു ദിവസത്തിനു ശേഷം ഒരു ഫോൺ വന്നതും ശ്രീ ഫോണുമായി വീടിനു പുറത്തിറങ്ങീ ഗെയ്റ്റിനടുത്തു പോയി സംസാരിക്കാൻ തുടങ്ങി, സാധാരണ വീട്ടിലുള്ളപ്പോൾ ആരുടെ ഫോൺ വന്നാലും TV യുടെ വോളിയം കുറച്ച് അവിടെ ഇരുന്നു തന്നെ സംസാരിക്കാറുള്ള ശ്രീയുടെ മാറ്റം കൃഷ്ണിമക്കു കാര്യങ്ങൾ കൂടുതൽ വ്യക്തമാക്കി കൊടുക്കുന്നതായിരുന്നു,

കാര്യങ്ങൾ പതിവിനു വിവരീതമായി സംഭവിക്കാൻ തുടങ്ങിയതോടെ തന്റെ പ്രിയപ്പെട്ടവൻ തന്നിൽ നിന്നും പതിയേ അകലുകയാണെന്ന സത്യം കൃഷ്ണിമ മനസിലാക്കി,

എന്നാലും ശ്രീയേ നഷ്ടപ്പെടുകയെന്നത് അവൾക്കു ഒാർക്കാൻ കൂടി സാധിക്കുമായിരുന്നില്ല,

എത്രയോക്കെ വേദനകൾ നൽകി പിരിഞ്ഞു പോയാലും പഴയ കാമുകിയേ മിക്ക ആണുങ്ങളും അത്രപെട്ടന്ന് മറക്കില്ലെന്ന സത്യം അവളെ അന്നേരം ഏറേ വേദനിപ്പിച്ചു, അതോടെ അവൾ പതിയെ ശ്രീയിൽ നിന്നും ഉൾവലിയാൻ തുടങ്ങി,

എന്നിട്ടും ശ്രീയേ നഷ്ടപ്പെട്ടേക്കുമോ എന്ന ഭയത്താൽ മനസിന്റെ നിയന്ത്രണം നഷ്ടമായ കൃഷ്ണിമ ഒരു ദിവസം ഫോണുമായി പുറത്തേക്കിറങ്ങിയ ശ്രീ ഹാർമ്യകയുമായി സംസാരിക്കുന്നതു ഒളിച്ചു കേൾക്കാൻ ശ്രമിച്ചു അവർ പറയുന്നതെല്ലാം കേൾക്കാൻ സാധിച്ചില്ലെങ്കിലും അവരുടെ സംസാരങ്ങളിൽ നിന്നു തെറിച്ചു അവളുടെ കാതുകളിൽ വീണ ബീച്ച്, കാണാം, 5 മണി എന്നീ മൂന്നു വാക്കുകളിൽ അവളുടെ ശ്രദ്ധ വല്ലാതെ പതിഞ്ഞു അതിൽ നിന്നവൾ കാര്യങ്ങളെ കൂടുതലായി ഊഹിച്ചു മനസിലാക്കി,

അവർ തമ്മിൽ അന്ന് വൈകുന്നേരം അഞ്ചു മണിക്ക് ബീച്ചിൽ വെച്ച് കാണാൻ പോകുന്നു എന്നത് കൃഷ്ണിമയേ വല്ലാതെ ഭയപ്പെടുത്തുന്ന ഒന്നായിരുന്നു !

അതോടെ സങ്കടങ്ങളുടെ അഗ്നിപർവ്വതം പോലെ അവൾ നിന്ന് ഉരുകാൻ തുടങ്ങി, സങ്കടങ്ങളെല്ലാം പെരുകി വന്നതോടെ ഉള്ളിലുള്ളതെല്ലാം ഒന്നിച്ച് പൊട്ടിതെറിച്ച് സ്വയം ഇല്ലാതെയാവുമോ എന്നു ഭയപ്പെട്ട അവൾ അവസാനം ഒരാശ്വാസത്തിനായി ശ്രീയുടെ അമ്മയോട് കാര്യങ്ങൾ തുറന്നു പറഞ്ഞു,

എല്ലാം കേട്ട അവളോട് അമ്മ പറഞ്ഞു, അങ്ങിനെ ഒരു കാര്യം ഉണ്ടെങ്കിൽ അവരുടെ കണ്ടുമുട്ടൽ നമുക്കും ഒന്നു കണ്ടുകളയാമെന്ന് അമ്മയും തീർത്തു പറഞ്ഞു,

എന്നാൽ അവൾക്ക് ആ കാഴ്ച്ച കാണാനുള്ള ത്രാണി അപ്പോഴും ഇല്ലായിരുന്നു എന്നാൽ അമ്മയുടെ വാക്കുകളെ നിഷേധിക്കാനുള്ള ശക്തിയും അവൾക്കില്ലായിരുന്നു,

അങ്ങിനെ അന്നു ശ്രീ ഇറങ്ങിയതിനു പിന്നാലെ അവരും ഇറങ്ങി ശ്രീ കാണാതെ അവരും അവനു പിന്നാലേ ബീച്ചിലെത്തി, കുറച്ചു കഴിഞ്ഞതോടെ അവർ തമ്മിൽ പറഞ്ഞുറപ്പിച്ച സ്ഥലത്ത് ശ്രീ ഹാർമ്യകക്കായി കാത്തു നിൽക്കുകയും വളരെ സന്തോഷത്തോടെയും ചിരിച്ച മുഖത്തോടെയും ഹാർമ്യക അവനടുത്തേക്ക് കടന്നു വരുകയും ചെയ്തു അതു കണ്ടതും കൃഷ്ണിമയുടെ ഉള്ളു കിടന്നു പിടക്കാൻ തുടങ്ങി,

എന്നാൽ അതെ കാഴ്ച്ച കണ്ട അമ്മ കൃഷ്ണിമയേ നോക്കി അവളോടു പറഞ്ഞു,

നീ നോക്കിക്കോ ആ പെണ്ണിന്റെ ചിരിച്ച മുഖം ഇപ്പോൾ മാറും ! അമ്മ അതു പറഞ്ഞു തീർന്നതും അടുത്ത നിമിഷം ഹാർമ്യകയുടെ മുഖം മാറി ! ആഗ്രഹിച്ചതു കേൾക്കാൻ കഴിയാത്ത ഭാവങ്ങൾ കൊണ്ട് അവളുടെ മുഖം നിറഞ്ഞു, അമ്മ പറഞ്ഞതവിടെ സംഭവിച്ചെങ്കിലും അതു കണ്ടും കൃഷ്ണിമക്ക് പ്രത്യേകിച്ചൊന്നും മനസിലായില്ല,

വളരെ കുറച്ചു സമയം കൊണ്ടു തന്നെ ശ്രീയുടെയും ഹാർമ്യകയുടെയും സംഭാഷണം അവസാനിക്കുകയും വിവർണ്ണമായ മുഖത്തോടെ ഹാർമ്യക തിരിച്ചു പോകുകയും ചെയ്തു !

അതു കണ്ട അമ്മ കൃഷ്ണിമയോടു പറഞ്ഞു, പല പെണ്ണുങ്ങൾക്കും ഒരു വിചാരമുണ്ട് ബാങ്കിൽ പണയം വെച്ച സ്വർണ്ണ ഉരുപ്പടി പോലെയാണ് പഴയ കാമുകനെന്നും, ഇന്ററസ്റ്റ് അടച്ച് മുതല് തിരിച്ചെടുക്കും പോലെ എപ്പോൾ വേണമെങ്കിലും അവരെ തിരിച്ചെടുക്കാമെന്നും !

എന്നാൽ ഈ ആണുങ്ങൾക്ക് ഒരു കുഴപ്പമുണ്ട് പ്രണയിച്ച പെണ്ണിനെ അവരൊരിക്കലും മറക്കില്ലാ എന്നതു പോലെ സ്വന്തം ഭാര്യയേ കൈവിട്ട് അവളെ തിരിച്ചവർ ഒരിക്കലും സ്വന്തം ജീവിതത്തിലേക്ക് ചേർത്തു വെക്കുകയുമില്ല !

ഒരാണ് ഒരുവൾക്കു വേണ്ടി വാശി പിടിക്കുകയും അവൾക്കു വേണ്ടി ഈ ലോകം തന്നെ നഷ്ടപ്പെടുത്താൻ തയ്യാറാവുകയും ചെയ്യും എന്നാൽ പോലും എന്തെങ്കിലും കാരണം കൊണ്ട് അതിനൊരു കോട്ടം തട്ടി അവർ മറ്റൊരു ജീവിതം തിരഞ്ഞെടുത്താൽ പിന്നെയവളെ പൊന്നിൽ തീർത്തു കൊടുത്താൽ പോലും അവരവളെ സ്വീകരിക്കണമെന്നില്ല !

ആണുങ്ങൾക്ക് സ്വന്തം ഭാര്യമാരോട് പലപ്പോഴും ദേഷ്യവും, കോപവും, ഇഷ്ട കുറവും ഒക്കെയുണ്ടാവാമെങ്കിലും അവർക്കുള്ളിൽ അവരുടെ കുഞ്ഞിന്റെ അമ്മയോടവർക്കു വലിയൊരു മതിപ്പുണ്ട്, എക്കാലവും മാറ്റമില്ലാതെ തുടരുന്ന ഒന്നാണത് !

ഒരുവൾ എത്ര സുന്ദരിയും പ്രിയപ്പെട്ടവളും ആയിരുന്നാൽ പോലും ഈ ആണുങ്ങൾ പെണ്ണുങ്ങൾക്ക് ഒരവസരം മാത്രമേ നൽകുകയുള്ളു അതു പോലും പല പെണ്ണുങ്ങൾക്കും അറിയുക പോലുമില്ല, സ്ഥിരം ഒരു കാമുകി മാത്ര മായിരിക്കണോ അതോ ഭാര്യയും അവന്റെ കുഞ്ഞിന്റെ അമ്മയു മായിരിക്കണമോ എന്നത് അവൻ സ്നേഹിക്കുന്ന പെണ്ണിന്റെ തീരുമാന മായിരിക്കാം, എന്നാൽ എക്കാലവും ഇതിൽ ഏതെങ്കിലും ഒന്നു മാത്രമേ സാധ്യമാവുകയുള്ളൂ !

ഒരിക്കൽ അവളെ ഒരുപാട് സ്നേഹിച്ചിരുന്നു എന്നതു കൊണ്ട് അവർ കാമുകിയേ എല്ലാ വിധത്തിലും പരിഗണിച്ചേക്കാം, സ്വന്തം ജീവിതത്തിലേക്ക് വീണ്ടും അവരെ ചേർത്തു വെക്കുന്നതൊഴിച്ച് !

നമ്മൾ ഇപ്പോൾ അവിടെ കണ്ടത് അതാണ് ! അവളെ പോലുള്ളവർക്ക് ഇത്തരം സന്ദർഭം വന്നു ചേരുമ്പോഴേ അതു മനസിലാവുകയുള്ളു എന്നു മാത്രം !

അവനു വേണ്ടി നിന്റെ ആലോചന വന്നപ്പോൾ ഞങ്ങളിൽ പലരും അവനോടു ചോദിച്ചു, ഒരച്ഛമ്മയല്ലാതെ ഉറ്റവരും ഉടയവരും ആയി അങ്ങിനെ പറയത്തക്ക ബന്ധുക്കളാരും ഇല്ലാത്ത കൊച്ചാണ് ഈ ബന്ധം നമുക്ക് വേണമോയെന്ന് ?
അന്നവൻ അതിനു മറുപടി പറഞ്ഞത്അ ങ്ങിനെയെങ്കിൽ അവളിലെ സ്നേഹം പങ്കുവെച്ചു പോകാതെ അവളെന്നെ മാത്രം സ്നേഹിച്ചോളുമല്ലോ എന്നാണ് ! അമ്മയതു പറഞ്ഞതും കൃഷ്ണിമയുടെ മുഖം സന്തോഷം കൊണ്ടു നിറയുകയും അവളുടെ കണ്ണുകളിലെ തിളക്കം വീണ്ടും അവളിലേക്ക് തിരിച്ചു വരുകയും ചെയ്തു,

ആ സമയം ശ്രീയും അവർക്കു മുന്നിലോട്ടു എത്തിപ്പെടുകയും പെട്ടന്നവരെ അവിടെ കണ്ട് ഒന്നത്ഭുതപ്പെടുകയും തുടർന്നവരേ നോക്കി നിങ്ങളിവിടെ ? എന്നു ചോദിച്ചതും അമ്മ പറഞ്ഞു ഞങ്ങളും ബീച്ച് കാണാൻ വന്നതാണെന്ന് ! എന്നാ പോയാലോ ? എന്നമ്മ തിരിച്ചവനോടു ചോദിച്ചതും അവനതിന് ഒന്നു തലയാട്ടി കൊണ്ട് ഡ്രൈവിങ്ങ് സീറ്റിൽ കയറാനായി പോയതും കാറിന്റെ മുന്നിലെ ഡോർ അവൾക്കായി തുറന്നു കൊടുത്തു കൊണ്ട് അമ്മ അവളോടു പറഞ്ഞു അവനോടൊപ്പം ഈ സീറ്റ് എന്നും നിനക്ക് അവകാശപ്പെട്ടതാണെന്ന് !

അതു കേട്ടതും കൃഷ്ണിമയുടെ കണ്ണുകളും വന്നു നിറഞ്ഞു….!!!!!

Related Posts

Leave a Reply

Your email address will not be published. Required fields are marked *