മതില് ചാടിയാത്രേ കടന്നേ… തെക്കേപ്പുറത്തെ പായല് നിറഞ്ഞ ഭാഗത്തു ചെരിപ്പടയാളമുണ്ട്…

Story written by Saran Prakash

”മതില് ചാടിയാത്രേ കടന്നേ… തെക്കേപ്പുറത്തെ പായല് നിറഞ്ഞ ഭാഗത്തു ചെരിപ്പടയാളമുണ്ട്…”

ഓടിക്കിതച്ചെത്തിയ ഉഷേച്ചി ശ്വാസത്തിന് മുൻപേ പുറത്തുവിട്ടത് കേട്ട് കൂടിനിന്നിരുന്നവരേവരും മൂക്കത്തു വിരൽ വെച്ചു…

”വേറെ തെളിവൊന്നും കിട്ടീലേ..?”

കൂട്ടത്തിൽ നിന്നും ആവേശത്തോടെ ലളിതേച്ചി കാതുകൂർപ്പിച്ചു…

”പൊലീസിന് എന്തൊക്കെയോ കിട്ടീട്ടുണ്ട്… അതെങ്ങനാ… എന്തേലുമൊന്നു അറിയാമെന്നുവെച്ചാൽ ചക്കയിൽ ഈച്ചയാർക്കുംപോലെയല്ലേ ആളുകൾ കൂടുന്നത്… പോലീസെല്ലാരേം ആട്ടിയോടിച്ചു….”

പരിഭവത്തോടെ ഉഷേച്ചി മുഖം ചുളിച്ച് ഉമ്മറപ്പടിയിൽ ഇരിപ്പുറപ്പിച്ചു…

”അല്ലേലും നമ്മുടെ കുടുംബശ്രീ ഒത്തൊരുമ വേറെ ആർക്കൂല്യല്ലോ…”

അല്പമൊരഹങ്കാരത്തോടെ ലളിതേച്ചി മുറ്റത്ത് ഉലാത്തിക്കൊണ്ടിരിക്കുന്നു….

അയലത്തെ കൃഷ്ണേട്ടന്റെ വീട്ടിൽ കള്ളൻ കേറിയെന്നും പോലീസുണ്ടെന്നു മറിഞ്ഞപ്പോൾ, ഓടികൂടിയവരേവരെയും തടഞ്ഞുനിർത്തി ലളിതേച്ചിയാണ് ആ പ്രഖ്യാപനം പുറപ്പെടുവിച്ചത്..

”ആളുകൂടിയാൽ പോലീസ് ആട്ടിയോടിക്കും… നമ്മുടെ കൂട്ടായ്‌മയുടെ പ്രതിനിധിയെന്നോണം ഉഷ ഈ ദൗത്യം ഏറ്റെടുക്കട്ടെ….”

വഴിയേപോകുന്ന അപരിചിതന്റെ ചരിത്രംവരെ ചികഞ്ഞെടുക്കുന്ന ഉഷേച്ചിയേക്കാൾ ആ ദൗത്യത്തിന് ഉതകുന്ന മാറ്റരുമില്ലെന്ന തിരിച്ചറിവാകാം, കൂട്ടായ്മ്മ ഒന്നടങ്കം ലളിതേച്ചിയുടെ ആ പ്രഖ്യാപനത്തെ കയ്യടിച്ചു പാസാക്കി….

അഴിഞ്ഞുകിടന്നിരുന്ന കേശധാരങ്ങൾ വാരികെട്ടി, ആ ദൗത്യത്തിനിറങ്ങുമ്പോൾ, ഉഷേച്ചിയിൽനിന്നും അവർ ഇതിലേറെ പ്രതീക്ഷിച്ചിരിക്കാം…!!!

”എന്നാലും മതിലുചാടിയത് വെച്ചുകൊണ്ട് മാത്രം എങ്ങനെ നമ്മൾ ആളെ കണ്ടെത്തും..??”

കൂട്ടത്തിലാരുടേയോ ആ സംശയത്തിന് മറുപടി പറഞ്ഞത് കൂട്ടായ്മയിൽ നിന്നും വിരമിച്ച നാണിത്തള്ളയായിരുന്നു… ഉഷേച്ചിയുടെ അമ്മായമ്മ….

”കാര്യഗൗരവമുള്ള മറ്റാരെയെങ്കിലും വിട്ടാൽ മതിയെന്ന് ഞാനപ്പഴേ പറഞ്ഞതല്ലേ..!!”

നാണിത്തള്ളയുടെ സ്വരത്തിലെ പുച്ഛം സഹിക്കവയ്യാതെ ഉഷേച്ചി മുഖം കറുവിച്ചു…

അല്ലേലും ഉഷേച്ചിക്കെതിരെ വീണുകിട്ടുന്ന അവസരങ്ങളൊന്നുംതന്നെ നാണിത്തള്ള പാഴാക്കാറില്ല….

തെങ്ങുകേറ്റക്കാരനായ കുമാരേട്ടനെ പഞ്ചാരയിട്ട കട്ടൻ കൊടുത്തു ഉഷേച്ചി വശീകരിച്ചതാത്രേ…. പ്രേമേഹമുള്ളതിനാൽ പഞ്ചാരവിലക്കേർപ്പെടുത്തിയ നാണിത്തള്ളയെ മറികടന്നതും, നാളതുവരെ ഒരു പെണ്ണിന്റെ മുഖത്തുപോലും നോക്കാത്ത കുമാരേട്ടൻ, ഉഷേച്ചിയെ ജീവിത സഖിയായി കൂടെ കൂട്ടിയതും അതുകൊണ്ടാണെന്നാ നാണിത്തള്ളയുടെ പക്ഷം…

പക്ഷേ ഉഷേച്ചി പറയുന്നത് മറ്റൊന്നാ…

കരിക്കിൻ വെള്ളത്തെ പ്രണയിച്ച ഉഷേച്ചിയെ കുമാരേട്ടൻ ഇളം കരിക്ക് നൽകി വശീകരിച്ചതാണെന്ന്….

സത്യമെന്തെന്ന് ആർക്കുമറിയില്ലേലും, ചായപ്പീടികേല് കാർന്നോരന്മാര് പറഞ്ഞു ചിരിക്കുന്നത് കേട്ടിട്ടുണ്ട്…

എന്തന്ന്യായാലും, എന്തോ ഒരു കൊടുക്കൽ വാങ്ങൽ നടന്നിട്ടുണ്ടെന്ന്…

”ഒരുപക്ഷേ,, ഇനി അങ്ങനെ വല്ലതുമായിരിക്കുമോ…?”

ചിന്തയിലാഴ്ന്ന് ഉലാത്തിയിരുന്ന ലളിതേച്ചി, ഒരുനിമിഷം നിലയുറപ്പിച്ചുകൊണ്ട് ഏവരേയും മാറി മാറി നോക്കി…

”എങ്ങനെ..?”

കുടുംബിനികൾ ഒരുമിച്ച് കണ്ണുമിഴിച്ചു….

”കൃഷ്ണേട്ടന്റെ മൂത്തമകൾ ലക്ഷ്മിയെ കാണാനോ… അതോ മറ്റെന്തിനെങ്കിലും……??”

വാക്കുകൾ മുഴുവനാക്കാതെ ലളിതേച്ചി കണ്ണിറുമ്മി….

കൂടിയിരുന്നവർ ആവേശത്തോടെ പരസ്പരം മുഖത്തോടു മുഖം നോക്കി…

പുതുതലമുറകളുടെ കേട്ടുകേൾവിയുള്ള പലതരം രഹസ്യബന്ധങ്ങൾ അവിടമാകെ മുഴങ്ങിക്കൊണ്ടിരുന്നു…

അന്യമതക്കാരനൊപ്പം ഒളിച്ചോടിപ്പോയ പട്ടാളം ഭാർഗ്ഗവന്റെ മകളുടെ… വീട് തേപ്പിനെത്തിയവനൊപ്പം നാട് കടന്ന പ്രമാണി ഔസേപ്പിന്റെ കൊച്ചുമകളുടെ….

”അങ്ങനെയൊന്നുമാകില്ല… അതൊരു പാവം കൊച്ചല്ലേ… ”

ഇടയ്ക്കിടെ പത്തും നൂറുമായി നോട്ടുകൾ ലക്ഷ്മിയിൽ നിന്നും കൈപ്പറ്റിയതിനാലാകാം ഉഷേച്ചി തന്റെ എതിരഭിപ്രായം രേഖപ്പെടുത്തിക്കൊണ്ട് ആ നോട്ടുകൾക്കുള്ള നന്ദി അറിയിച്ചു….

”നിന്നെയും ഞാൻ അങ്ങനാ കരുതിയിരുന്നത്… എന്നിട്ടെന്തായി….!!!! എന്റെ പാവം കുമാരൻ…”

ഉഷേച്ചിക്കുള്ള മറുപടിയെന്നോണം നാണിത്തള്ള അകലങ്ങളിലേക്ക് നോക്കി നെടുവീർപ്പിട്ടു…

തലതിരിച്ചുകൊണ്ട് ഉഷേച്ചി പല്ലിറുമ്മി…

”ഈ തള്ളയെ ഞാനിന്ന് കൊ ല്ലും…!!!”

തെളിവെടുപ്പ് കഴിഞ്ഞിറങ്ങിയ പൊലീസുകാരെ യാത്രയാക്കി, മെമ്പർ വേലിയരികിലെത്തി….

”ഭാഗ്യത്തിന് കളവൊന്നും പോയിട്ടില്ല…”

മെമ്പറുടെ ആ വാക്കുകളിൽ, അല്പമഹങ്കാരത്തോടെ ലളിതേച്ചി കൂടെയുള്ളവരെ നോക്കി…

ലളിതേച്ചിയുടെ കണ്ടെത്തൽ ശരിയെന്നവണ്ണം അവരുടെ മുഖത്തെല്ലാം ഒരു നേർത്ത പുഞ്ചിരി വിടർന്നു…

”കളവൊന്നും പോയിട്ടില്ലേൽ ഇത് അതുതന്നെ… ആളെ ഞങ്ങൾ കണ്ടെത്തി തരാം മെമ്പറെ…”

ലളിതേച്ചിയും കൂട്ടാളികളും വട്ടമിട്ടിരുന്നു… ഇരു ദ്രുവങ്ങളിലായി ഉഷേച്ചിയും നാണിത്തള്ളയും…. ഒപ്പം പൊരുളറിയാതെ മെമ്പറും…

കൂടിയിരുന്നിരുന്നവരിൽ ചിലർ അപരിചിതരായ ചെറുപ്പക്കാരുടെ മുഖങ്ങൾ ഓരോന്നായി ചികഞ്ഞെടുത്തു…

ചിലർ, കൃഷ്ണേട്ടന്റെ വീട്ടുപടിക്കൽ നിലയുറപ്പിച്ചിരുന്നവരുടെ…. മറ്റുചിലർ, കൃഷ്ണേട്ടന്റെ മകളുടെ ഒപ്പം നടന്നിരുന്നവരെ….

പത്രമിടുന്നവന്റേയും, പാൽക്കാരന്റേയും, പുസ്തകം വിൽക്കാനെത്തിയവരുടേയും മുഖങ്ങൾ നിരനിരയായി അവർക്കിടയിലേക്ക് ഒഴുകിയെത്തി…

വാലുകൊണ്ട് ഈച്ചയാട്ടിയിരുന്ന കൂട്ടിലെ അൽസേഷ്യൻ നായ ഒരുനിമിഷം അവർക്ക് മുൻപിൽ ശിരസ്സു നമിച്ചു…. പിന്നെ മുരണ്ടുകൊണ്ട്, സമാധാനമായൊരു നിദ്രയിലേക്ക്…

കാഴ്ചയില്ലാത്ത അഞ്ചുപേർ ആനയെ അറിഞ്ഞെന്നപോലെ, ഏവരും തങ്ങൾ കണ്ടെത്തിയവരിൽ നിലയുറപ്പിച്ചു… കൂടുതൽ കൂടുതൽ തെളിവുകൾ മെനഞ്ഞുകൊണ്ട്…

കൃത്യമായൊരു മുഖം തിട്ടപ്പെടുത്താനാകാതെ ഏവരും മുഖത്തോടു മുഖം നോക്കി… അവരിലേക്ക് പ്രതീക്ഷയർപ്പിച്ചുകൊണ്ട് മെമ്പറും…

ആരുതന്നെയായാലും പുതിയ തലമുറയുടെ ഈ ചിട്ടകളും രീതികളും ഇനിയും വച്ചുപുലർത്താനിവില്ലെന്ന് ലളിതേച്ചി ചട്ടം കെട്ടി…

വളർന്നുവരുന്ന മറ്റു തലമുറകൾക്കും മാന്യമായൊരു ജീവിതം വേണമെന്നുറക്കെ പ്രഖ്യാപിച്ചുകൊണ്ട് ലളിതേച്ചിയുടെ വാക്കുകൾക്ക് കൂടെനിന്നിരുന്നവരേവരും കൈകളുയർത്തി മുഷ്ടിചുരുട്ടി ഒരേസ്വരത്തിൽ ഐകദാർഢ്യമേകി….

അകലങ്ങളിൽ നിന്നും മെമ്പറുടെ ശിങ്കിടി ദാസേട്ടൻ കിതച്ചുകൊണ്ട് ഓടിയെത്തി…

”മോഷണം നടന്നിട്ടുണ്ട് മെമ്പറെ…”

കിതപ്പ് സഹിക്കാനാകാതെ അയാൾ തല കുനിഞ്ഞിരുന്നു….

ചുരുട്ടിപ്പിടിച്ച മുഷ്ടികൾ പതിയെ അഴഞ്ഞു… അവർ നിശബ്ദരായി മുഖത്തോടു മുഖം നോക്കി… കൂട്ടിലെ അൽസേഷ്യൻ നായ പരിസരം മറന്നൊരു കോട്ടുവായിട്ടു…

കക്ഷത്തിലെ ചുരുട്ടിപ്പിടിച്ച പേപ്പറുകളെടുത്ത് മെമ്പർ ആവേശത്തോടെ ദാസേട്ടനുനേരെ വീശി….

”സ്വർണ്ണമോ… പണമോ..??”

ശ്വാസമെടുക്കാനാകാതെ ദാസേട്ടൻ അല്ലെന്നു തലയാട്ടി… മറുപടിയായെന്തോ പറയുവാൻ തുനിഞ്ഞു…

”ക… ക…”

കിതപ്പ് ദാസേട്ടന്റെ വാക്കുകളെ മുറിവേല്പിച്ചുകൊണ്ടേയിരുന്നു…

മെമ്പറെ തള്ളിനീക്കി ആവേശത്തോടെ ലളിതേച്ചി മുന്നിലേക്കെത്തി… അരയിൽ തിരുകിയിരുന്ന സാരിത്തലപ്പഴിച്ച് അവർ ആഞ്ഞുവീശി…

”പറ ക.. ക..”

ഉഷേച്ചിയും നാണിത്തള്ളയും മറ്റു കുടുബിനികളും ആവേശത്തോടെ ഒപ്പം ചേർന്നു… മെമ്പറെ വീണ്ടും വീണ്ടും പുറകിലാക്കി അവർ മുന്നിലേക്കാഞ്ഞു…

”പറ ദാസേട്ടാ,, ക… ക…”

ലളിതേച്ചിയുടെ സാരിത്തലപ്പിലെ തണുത്ത കാറ്റിൽ, ശ്വാസം നേരെ വീണ ദാസേട്ടൻ പതിയെ തലയുയർത്തി…

”കരിക്ക്… പിന്നാമ്പുറത്തെ ചെന്തെങ്ങിലെ ഇളം കരിക്ക്…”

നിശബ്ദത തളം കെട്ടിയ ആ നിമിഷത്തിൽ, കൂടി നിൽക്കുന്ന വർക്കിടയിൽനിന്നുമൊരു ഏമ്പക്കം ഉയർന്നുപൊങ്ങി…. വീശിയടിച്ച തെക്കൻ കാറ്റിൽ അവിടമാകെ ആ ഗന്ധം പരന്നു… ഇളം ചെന്തെങ്ങിൻ കരിക്കിന്റെ ഗന്ധം….

ഉഷേച്ചി……!!!!

തലേന്നാൾ രാത്രിയുടെ ഏഴാം യാമങ്ങളിൽ കിന്നാരം ചൊല്ലാനെത്തിയ കണവൻ കുമാരേട്ടനോട് തനിക്കൊരു ചെന്തെങ്ങിൻ കരിക്ക് വേണമെന്ന ആഗ്രഹം പ്രകടിപ്പിച്ചത് ഉഷേച്ചി മുഖത്തൊരു ജാള്യതയോടെ ഓർത്തെടുത്തു….

”ഓഹ്.. അപ്പൊ അതായിരുന്നു വെളുപ്പാങ്കാലത്ത് ഉമ്മറത്തിണ്ണയിലൊരു കരിക്ക് കണ്ടതല്ലേ….!!”

വീണുകിട്ടിയ ആ അവസരത്തിലും നാണിത്തള്ള പരിഹസിച്ചുകൊണ്ട് മുഖം ചുളിച്ചു…

”സ്നേഹത്തിനു വേണ്ടി ഒരിളം കരിക്ക് എടുത്തത് അത്ര വലിയ തെറ്റല്ല…”

ഉഷേച്ചിയെ നോക്കി കണ്ണു ചിമ്മിക്കൊണ്ട് മെമ്പർ ഉത്തരവിറക്കുമ്പോൾ, കൂടിനിന്നിരുന്നവരേവരും, കുമാരേട്ടന്റെ സ്നേഹത്തെ വാനോളം പുകഴ്ത്തി… ഒരാളൊഴികെ… ശിങ്കിടി ദാസേട്ടൻ….

”ഒരു കരിക്കല്ല… മോഷണം പോയത് ഒരു കുല കരിക്കാണ് മെമ്പറെ…”

പരിഹാസം മാത്രം നിറഞ്ഞിരുന്ന നാണിത്തള്ളയുടെ മുഖത്ത് രോഷം പൂണ്ടുകയറി.. ”ആ കുലയിൽ നിന്നും ഒരെണ്ണമെങ്കിലും….” മുറുക്കാൻ നിറഞ്ഞ ആ ചുണ്ടുകൾ ഉറഞ്ഞുതുള്ളി…

അത്രനേരം നാണം തുളുമ്പിരിയിരുന്ന ഉഷേച്ചിയുടെ മുഖം ചുവന്നുതുടുത്തു… ചെന്തെങ്ങിൻ കരിക്ക് പോലെ…

”എനിക്കൊന്നേ കിട്ടിയുള്ളൂ….!!!”

കൂടിനിന്നിരുന്നവർ പിന്നെയും മൂക്കത്തു വിരലർപ്പിച്ച് ആകാംക്ഷാ മൂകരായി…

ആ നിമിഷം വീണ്ടുമൊരു ഏമ്പക്കം ഉയർന്നുപൊങ്ങി… തെക്കോട്ടുവീശിയടിച്ച അതേ കാറ്റ്, അതിലും വേഗതയിൽ വടക്കോട്ടു വീശിയടിച്ചു… വീണ്ടും അവിടമാകെ ചെന്തെങ്ങിൻ ഗന്ധം…

ലളിതേച്ചി….!!!!

കൂട്ടിലെ അൽസേഷ്യൻ നായ വീണ്ടും തലയുയർത്തി… ഉണ്ണുന്ന ചോറിന് നന്ദിയുള്ളവൻ താൻ മാത്രം എന്ന തിരിച്ചറിവോടെ….!!!

ശുഭം….!!!

Related Posts

Leave a Reply

Your email address will not be published. Required fields are marked *