മമ്മിക്ക് ജോലിക്ക് പോകാൻ സൗകര്യം നോക്കി ഇനി മക്കൾ വേണ്ടാന്ന് വെച്ചതാവും. ഒരാളെ മാത്രം നോക്കി മമ്മിക്ക് ഫ്രീ ആകാമല്ലോ എന്നിട്ട് പഴി മൊത്തം എനിക്ക്……..

Story written by Sumayya Beegum T A

ഇളം പിങ്ക് നിറത്തിൽ മനോഹരമായി അലങ്കരിച്ച സ്ട്രോബറി കേക്ക് അസാധ്യ രുചിയായിരുന്നു. കഴിച്ചു കഴിഞ്ഞിട്ടും ആ രുചി നാവിൽ നിന്ന് പോകുന്നില്ല. കേക്കിന്റെ രുചി ഓർത്ത് ഹാളിലേക്ക് കയറി വന്ന അനുഷ്ക കേക്ക് വിതരണം ചെയ്ത ട്രേയിൽ ഇരുന്ന അവസാന കഷണം കേക്ക് കണ്ടു സന്തോഷിച്ചു. അതെടുത്ത് രുചിയോടെ കഴിക്കാൻ തുടങ്ങി.

അതു കണ്ടു കൊണ്ടാണ് മേരി ആന്റിയുംഅനുഷ്കയുടെ മമ്മിയും ദീപ ആന്റിയും കൂടി ആ സമയം ഹാളിലേക്ക് കടന്നുവന്നത്.

നീ എന്നെ പണിയാ കൊച്ചേ ഈ കാണിക്കുന്നത്?ഞാനത് എന്റെ ലിയോണിന് വേണ്ടി മാറ്റിവെച്ച കേക്ക് ആയിരുന്നല്ലോ നീ ആരോട് ചോദിച്ചിട്ടാ അതെടുത്ത് കഴിച്ചത്? മേരി ആന്റി അല്പം നീരസത്തോടെ തന്നെ അനുഷ്കയോട് ചോദിച്ചു.

ആകെ വിളറി വെളുത്തു പോയി അനുഷ്ക. എന്ത് മറുപടി പറയണമെന്ന് അറിയാതെ കയ്യിലെ കേക്ക് കഷണവുമായി അവൾ ദയനീയമായി മമ്മിയെ നോക്കി. ആനി ഒന്നും മിണ്ടിയില്ല.

അവരുടെ അവസ്ഥ കണ്ട് ദീപ ഇടപെട്ടു. സാരമില്ല മേരി,മോൾക്ക് കേക്ക് ഇഷ്ടപ്പെട്ടു കാണും അതുകൊണ്ട് എടുത്തു കഴിച്ചതാവും നമുക്ക് റോയിച്ചൻ ഇപ്പോൾ ടൗണിലേക്ക് ഇറങ്ങുമ്പോൾ ഒരു പീസ് കൂടി വാങ്ങിപ്പിക്കാം.

അല്ലേലും ഈ കൊച്ചിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.

അപ്പനും അമ്മയും അവരുടെ സൗകര്യം നോക്കി പിള്ളേര് ഒരെണ്ണം മതിയെന്ന് വെക്കും.

ഈ ഒറ്റയ്ക്ക് വളരുന്ന കുട്ടികൾക്ക് ഷെയറിങ് കെയറിങ് ഇതൊന്നും എന്താണെന്ന് പോലും അറിയില്ല.അവരെ പറഞ്ഞിട്ട് എന്തോ കാര്യം. അവർക്ക് അവരുടെ കാര്യം മാത്രം നടന്നാൽ മതി മറ്റുള്ളവരുടെ കാര്യത്തെ പറ്റി ഒരു ചിന്തയുമില്ല. അങ്ങനെയൊക്കെ തോന്നണമെങ്കിൽ ഒരു കൂടപ്പിറപ്പ് എങ്കിലും വേണം.

നാളെ ഈ പിള്ളേർ കല്യാണം കഴിഞ്ഞു വേറൊരു വീട്ടിൽ ചെന്നാൽ പോലും അഡ്ജസ്റ്റ് ആവില്ല ദീപ.

മേരി, ആവശ്യമുള്ളത് സംസാരിച്ചാൽ പോരെ?ഞാൻ ബെസ്റ്റ് ബേക്കേർസിലേക്ക് ഒരു സ്ട്രോബറി കേക്ക് ഓർഡർ ചെയ്തിട്ടുണ്ട് ഒരു മണിക്കൂറിനുള്ളിൽ കേക്ക് എത്തും.

അത്രയും നേരം മൗനയായി നിന്നിരുന്ന ആനി ഇടപെട്ടു.

വൈകുന്നേരം ബർത്ത് ഡേ പാർട്ടി കഴിഞ്ഞ് വീട്ടിൽ എത്തുമ്പോൾ അനുഷ്കയുടെ പപ്പാ അലക്സ് ജോലി കഴിഞ്ഞു എത്തിയിട്ടുണ്ടായിരുന്നു.

പിറന്നാൾ ആഘോഷിക്കാൻ മമ്മിയുടെ ബന്ധുവീട്ടിൽ പോയിട്ട് എന്തുപറ്റി മോളെ മുഖം വല്ലാതെ ഇരിക്കുന്നത്?

അകത്തേക്ക് കയറിയ മോളോട് അലക്സ് ചോദിക്കുന്നത് കേട്ട് ആനി ഒരു നിമിഷം അവിടെ നിന്നു.

പപ്പാ ഞാൻ ഒറ്റ കുട്ടിയായത് എന്റെ കുഴപ്പം കൊണ്ടാണോ?

കുഞ്ഞുനാൾ തൊട്ട് എവിടെ ചെന്നാലും എല്ലാരും പറയുന്ന കേൾക്കാം.ഒറ്റ കുട്ടി ആയതുകൊണ്ട് അങ്ങനെ ആണ് ഇങ്ങനെ ആണെന്ന്. കേട്ട് കേട്ട് മടുത്തു.ഞാൻ സെൽഫിഷ് ആണോ? സ്നേഹിക്കാൻ അറിയാത്ത കുട്ടിയാണോ? പറ പപ്പാ അതും പറഞ്ഞു അനുഷ്ക കരയാൻ തുടങ്ങി.

എല്ലാം ഈ മമ്മി കാരണമല്ലേ?

മമ്മിക്ക് ജോലിക്ക് പോകാൻ സൗകര്യം നോക്കി ഇനി മക്കൾ വേണ്ടാന്ന് വെച്ചതാവും. ഒരാളെ മാത്രം നോക്കി മമ്മിക്ക് ഫ്രീ ആകാമല്ലോ എന്നിട്ട് പഴി മൊത്തം എനിക്ക്. കൂട്ടുകാർക്ക് എല്ലാം അനിയനെയോ അനിയത്തിയോ ഒക്കെയുണ്ട് എനിക്കോ? എനിക്ക് മാത്രം ആരുമില്ല.

അലക്സ് ആനിയെ നോക്കി ആനി ഒന്നും മിണ്ടാതെ റൂമിലേക്ക് കയറിപ്പോയി.

അനു ഇവിടെ വന്നിരിക്ക്.

അലക്സ് മോളെ അടുത്തിരുത്തി.എന്താണ് ഇന്ന് അവിടെ നടന്നത്.

അനുഷ്ക എല്ലാം പറഞ്ഞു.

അയ്യേ ഇത്രയും സില്ലി കാര്യത്തിനാണോ മോൾടെ മമ്മിയെ വേദനിപ്പിച്ചു മോളിപ്പോ ആവശ്യമില്ലാത്തത് ഒക്കെ പറഞ്ഞത്.

മോൾക്ക്‌ അറിയാല്ലോ കല്യാണം കഴിഞ്ഞു ഒരുപാട് നാൾ കഴിഞ്ഞാണ് ഞങ്ങൾക്ക് മോളെ കിട്ടിയത്. മോൾടെ ഒപ്പം തന്നെ ഒരു ട്യൂമറും മമ്മിക്ക് വയറ്റിൽ ഉണ്ടായിരുന്നു. അബോർഷൻ ചെയ്യേണ്ടി വരും ഇല്ലെങ്കിൽ മമ്മിക്ക് ആപത്ത് ആണെന്ന് ഡോക്ടർ പലവട്ടം പറഞ്ഞിട്ടും മമ്മി സമ്മതിച്ചില്ല. ഡോക്ടർസിന്റെ മിടുക്കും ദൈവാനുഗ്രഹവും ഞങ്ങൾക്ക് മോളെ കിട്ടി.

പിന്നീട് ഒരു പ്രെഗ്നൻസി ആലോചിക്കാൻ കൂടി പറ്റില്ലായിരുന്നു. മോൾടെ മമ്മിക്ക് ഹെൽത്ത്‌ പ്രോബ്ലെംസ് ഒരുപാട് ഉണ്ടായിരുന്നു. അതെല്ലാം ഇപ്പോൾ പറഞ്ഞാൽ മോൾക്ക്‌ മനസ്സിലാവില്ല. എന്നിട്ടും മോൾ വളർന്നു കുഞ്ഞാവ വേണമെന്ന് നിർബന്ധം പിടിക്കാൻ തുടങ്ങിയപ്പോൾ മമ്മി വീണ്ടും പ്രെഗ്നന്റ് ആവാൻ തയ്യാറായതാണ്. ഇനിയും പ്രെഗ്നന്റ് ആയാൽ മോൾക്ക്‌ മമ്മി ഇല്ലാതെ വരും ആനി എന്ന് ഡോക്ടർ വഴക്ക് പറഞ്ഞപ്പോൾ മാത്രം ആണ് മമ്മി എല്ലാം വേണ്ടെന്ന് വെച്ചത്. അതും മോൾക്ക്‌ വേണ്ടി മോളോടുള്ള ഇഷ്ടം കൊണ്ട്.

ഒരു കൂടപ്പിറപ്പിനെക്കാൾ മോളെ സ്നേഹിക്കുന്ന മമ്മി ഉള്ളപ്പോൾ മോൾക്ക് എന്തിനാണ് വേറൊരു കൂട്ട്. അങ്ങനെ ചിന്തിച്ചു കൂടെ. അമ്മയും അച്ഛനും ഇല്ലാത്ത എത്രയോ കുഞ്ഞുങ്ങൾ ഈ ഭൂമിയിൽ ഉണ്ട്. ദൈവം എല്ലാം തന്നിട്ടും ഇല്ലാത്തത് ഓർത്തു പരിഭവിക്കുന്നവർ ആണ് സ്വാർത്ഥർ. ഇനി മോൾ പറ മോൾ സെൽഫിഷ് ആണോ? അതോ സ്നേഹത്തിന്റെ നിറകുടം ആണോന്നു.

സോറി പപ്പാ കുറെയൊക്കെ എനിക്ക് അറിയാം എന്നിട്ടും മേരി ആന്റി എല്ലാരുടെയും മുമ്പിൽ അപമാനിച്ചപ്പോൾ ഞാൻ എല്ലാം മറന്നു.

മേരിക്ക് ആനിയുടെ എല്ലാ കാര്യവും അറിയാം എന്നിട്ടും അവളത് പറയുന്നത് മോളെ മനഃപൂർവം വേദനിപ്പിക്കാൻ ആണ്. ചില മനുഷ്യർ അങ്ങനെയാണ്. മറ്റുള്ളവരുടെ സന്തോഷം കാണുമ്പോൾ ഇരിക്കപൊറുതി ഉണ്ടാവില്ല. അങ്ങനെ ഉള്ള ദുഷ്ട മനസ്സുകളെ അവഗണിക്കാൻ മോൾ പഠിക്കണം.

ഓക്കേ പപ്പാ.

എങ്കിൽ ചെന്നു മോൾ മമ്മിയോട്‌ സോറി പറ.

അത് മിസ്റ്റർ അലക്സ് പ്രത്യേകം പറയേണ്ട കാര്യമില്ല അനുഷ്ക മിടുക്കി കുട്ടിയല്ലേ.

സാരി മാറി നൈറ്റി ധരിച്ചു അലക്സിനുള്ള ഫുഡ് വിളമ്പുകയായിരുന്നു ആനി. അനുഷ്ക ചെന്നു കെട്ടിപിടിച്ചു കവിളിലൊരുമ്മ കൊടുത്തു.

മമ്മി..

വേണ്ട സോറി പറയണ്ട നീ ആനിയുടെയും അലക്സിന്റെയും മകൾ ആണ്. തെറ്റ് പറ്റാം പക്ഷേ എത്രയും പെട്ടന്ന് തിരുത്താനും ഇനി അങ്ങനെ ഉണ്ടാവാതെ നോക്കാനും നിനക്ക് പറ്റും. എനിക്ക് നിന്നെ വിശ്വാസമാണ് മോളെ.

മകളെ ചേർത്തു പിടിച്ചു ആനി അതുപറയുമ്പോൾ അലക്സ് ഭക്ഷണം കഴിച്ചു തുടങ്ങിയിരുന്നു.

കുട്ടികളുടെ അത്ര പോലും മനസ്സിന് വലിപ്പമില്ലാത്ത ചില മനുഷ്യരുടെ ദുഷിച്ച ചിന്തകളെ കുറിച്ചു അയാൾ വെറുതെ ഓർത്തു. ആർക്കും ആരെയും നന്നാക്കാൻ പറ്റില്ല പക്ഷേ മാറി നടക്കേണ്ടിടത്തു മാറി നടക്കുക എന്നതാണ് പോംവഴി ♥️

Related Posts

Leave a Reply

Your email address will not be published. Required fields are marked *