മഴ നനഞ്ഞു കുതിർന്നയിരിക്കും എല്ലാവരും ക്ലാസ്സിൽ എത്തുക.. മഴ യുണ്ടെങ്കിൽ ബുധനാഴ്ച്ചകളിൽ അസംബ്ലി ഉണ്ടാകില്ല.. അത് കൊണ്ട് അസംബ്ലിയിൽ തല കറങ്ങി വീഴൽ…..

Story written by Unni K Parthan

കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ…

അന്നൊക്കെ സ്കൂൾ വിട്ടാൽ റോഡിലൂടെ നടക്കാൻ കഴിയില്ലായിരുന്നു….അത്രയും കുട്ടികൾ ആവും റോഡിൽ.. കിഴക്ക് ഭാഗത്തേക്കും, പടിഞ്ഞാറു ഭാഗത്തേക്കും കുട്ടികളുടെ ഒഴുക്കാണ്.. രാവിലെ ക്ലാസിൽ വരുമ്പോൾ നല്ല മഴയായിരിക്കും..

മഴ നനഞ്ഞു കുതിർന്നയിരിക്കും എല്ലാവരും ക്ലാസ്സിൽ എത്തുക.. മഴ യുണ്ടെങ്കിൽ ബുധനാഴ്ച്ചകളിൽ അസംബ്ലി ഉണ്ടാകില്ല.. അത് കൊണ്ട് അസംബ്ലിയിൽ തല കറങ്ങി വീഴൽ ആ മാസങ്ങളിൽ കുറവാണ്…എന്നാലും ചിലപ്പോൾ അങ്ങനെ തല കറങ്ങി വീണാൽ.. വീണവന്റെ, അല്ലെങ്കിൽ അവളുടെ വീടിന്റെ അടുത്തുള്ളവരുടെ മനസിൽ മോനേ ലഡു പൊട്ടും..

കാരണം മറ്റൊന്നുമല്ല.. വീട്ടിൽ കൊണ്ട് വിടാൻ ഒരാള് വേണ്ടേ.. അവർക്ക് ആണേൽ പിന്നെ സ്കൂളിലേക്ക് തിരിച്ചു വരികയും വേണ്ടാ.. ആഹാ എത്ര മനോഹരമായ ആചാരങ്ങൾ.. ഇതിൽ എത്ര പേർക്ക് അങ്ങനെയുള്ള ഭാഗ്യം കിട്ടിയിട്ടുണ്ട്.. 🙂

അക്കരെ പ്ലാന്റേഷനിൽ ഉള്ളവർക്ക് സുഖമാണ്.. ഉച്ചക്ക് ശേഷം മഴയാണേൽ നേരത്തെ പോകാം…വഞ്ചി വെയ്ക്കില്ലാന്നു കാരണം.. 🙂.നല്ല മഴയാണേൽ പിന്നെ അവർക്ക് ഒരാഴ്ച സ്കൂളിലും വരണ്ട…അടിപൊളി ടീംസ് ആണ് അവര്.. അവരുടെ ഒരു യോഗം..

രാവിലെ അന്ന് ഏതായിരുന്നു ബസ് യൂസഫ് ആണെന്ന് തോന്നുന്നു… ഓർമ്മയില്ല.. ടീച്ചർമാരുടെ ഹാജർ എടുക്കാൻ ഒരു നിൽപ്പുണ്ട്.. വരാന്തയിൽ.. സ്കൂളിലെ മുഴുവൻ കുട്ടികളും ഉണ്ടാകും വരാന്തയുടെ ഈ അറ്റം മുതൽ ആ അറ്റം വരെ..

ദൈവമേ…ഇന്ന് കണക്ക് ടീച്ചർ വരല്ലേ.. ഇംഗ്ലീഷ് ടീച്ചർ വരല്ലേ എന്നുള്ള പ്രാർത്ഥന.. ഓരോരുത്തരും ഇറങ്ങുമ്പോ.. ശ്ശോ…എന്നുള്ള ഒരു സീൽക്കാരം വരും ഹൃദയത്തിൽ നിന്ന്.. ഇവർക്കൊക്കെ ഒരു ദിവസം ലീവ് ഇട്ടൂടെ എന്ന് ചോദിച്ചു പോകാറുണ്ട് നമ്മളിൽ പലരും.. ശരിയല്ലേ 🙂

പിന്നീട് വരുന്നത് സ്കൂളിൽ ഇലക്ഷൻ ആണ്.. ആഹാ.. അടിപൊളി ആണ് വോട്ട് പിടുത്തം…ചെമ്പക പൂവിന്റെ സീസൺ ആയത് കൊണ്ട് മിക്കവാറും സ്ഥാനാർ ഥികളുടെയും കൈയ്യിൽ കാണും ചെമ്പകം.. അത് ഒരു ഐറ്റം ആണ്.. പിന്നെ ആണ് മിട്ടായി(ആ ഫീൽ കിട്ടാൻ ആണ് “ട്ട” എന്നുള്ള പ്രയോഗം) കൊടുത്തുള്ള വോട്ട് പിടുത്തം.. വോട്ട് എണ്ണി കഴിഞ്ഞു തോൽക്കുമ്പോൾ വഴക്കിട്ട് കുറച്ചു നാൾ മിണ്ടാതെ ഇരിക്കുന്നവരും ഉണ്ട്.. 🙂

പിന്നെ ഉള്ളതാണ് രാവിലെ “ദിവസം” കൂടുക എന്നുള്ള പരിപാടി.. ദേവ്യേ.. ഇപ്പൊ തന്നെ മിക്കവാറും എല്ലാരും ചിരിക്കുന്നുണ്ടാകും.. തൂണിന്റെ മറയിലും, ക്ലാസ്സ്‌ റൂമിന്റെ വാതിലിന്റെ മറയിലും, കാട്ടിലും മറഞ്ഞിരുന്നു ഇരയുടെ നേരെ കുതിച്ചു ചാടി തുടയിൽ വലതു കൈ ആഞ്ഞു പതിക്കുമ്പോൾ.. അയ്യോ എന്ന് ആരായാലും വിളിച്ചു പോകും.. പെൺകുട്ടികൾ ഇത് കാണുന്നുണ്ടേൽ.. ഹേയ് ഇതൊക്കെ എന്ത് എന്ന് പറഞ്ഞു വേദന കടിച്ചു പിടിച്ചു മൂ ത്രപെരയിലേക്ക് ഓടുന്നവരും കുറവല്ല.

ദാസൻ പാപ്പന്റെയും, ബാലകൃഷ്ണൻ അച്ഛിച്ചന്റെയും കടകളിലെ ചെണ്ട മിട്ടായി, നാരങ്ങ മിട്ടായി, പല്ലൊട്ടി, നൂല് മിട്ടായി, നാരങ്ങ അച്ചാർ, മാങ്ങ അച്ചാർ, ഉപ്പ് വെള്ളം, കോള, ബംബ്ലോസ് നാരങ്ങ, അതിനു തൊട്ടു അടുത്തായി സൈക്കിളിൽ ഐസുമായി നിൽക്കുന്ന ചേട്ടൻ.. എന്താ പറയാ.. ഇതൊക്കെ നോക്കി നിൽക്കണ നമ്മളും.. നോക്കി നിൽക്കാനേ മ്മളെ കൊണ്ട് പറ്റൂ.. കാരണം ഇതൊക്കെ വാങ്ങാൻ പൈസ വേണ്ടേ.. മ്മ്‌ടെൽ അത് ഇല്ല ലോ.. വെള്ളമിറക്കി നിൽക്കുന്ന ബാല്യം.. 😃

ഉച്ചക്ക് ഭക്ഷണം കഴിച്ചു പൈപ്പിന്റെ ചുവട്ടിൽ ബഹളമാണ്.. പാത്രം കഴുകാൻ.. അറിയാലോ.. രണ്ടാളു വേണം ആ പൈപ്പിന്റെ ടാപ് ഒന്ന് പിടിച്ചു പൊന്തിക്കാൻ.. പൊന്തിച്ചാലോ.. വെള്ളം ശക്തിയിൽ പതിച്ചു പാത്രം കൈയ്യിൽ നിന്നു തെറിച്ചു പോകും.. തൊട്ട് അടുത്ത് നിൽക്കുന്നവരുടെ ദേഹം മൊത്തം നനയും.. നനയുന്നത് പെൺകുട്ടികൾ ആണേൽ ചിലപ്പോൾ കരയും.. അങ്ങനെ യുള്ള പൈപ്പുകൾ ഒന്നും തന്നെ ഇപ്പൊ ഇല്ല ലേ..

പിന്നെ ഉള്ളത് ഗ്രൗണ്ടിൽ ആണ്.. പൂര പറമ്പ് പോലെ ആണ് കുട്ടികൾ.. എത്ര ടീം ഉണ്ടാകും.. കുഞ്ഞു റമ്പർ ബോൾ കൊണ്ട് മാജിക് രചിക്കുന്ന ഫുട്ബോൾ കളിക്കാർ ഉണ്ട് അവിടെ ഒരുപാട്.. സ്വന്തം ടീമിന്റെ ബോൾ ഏതാണ് എന്ന് അറിയാതെ മറ്റ് ടീമുകളുടെ ബോളുകൾ അടിച്ചു കളയുമ്പോൾ ഇടയ്ക്ക് കളി കൈയ്യാങ്കളിയിലേക്ക് മാറും.. അത് കഴിഞ്ഞു വീണ്ടും ഓട്ടം പൈപ്പിന്റെ ചുവട്ടിലേക്ക്.. ചിലപ്പോൾ വെള്ളം ഉണ്ടാവില്ല.. നേരെ ഓടും പുഴയിലേക്ക്.. അപ്പോൾ സെക്കന്റ്‌ ബെൽ അടിച്ചു കാണും.. പുഴയിൽ പോയി വെള്ളം കുടിച്ചു ഓടി വരുമ്പോൾ തേർഡ് ബെൽ അടിച്ചു കാണും.. ചിലപ്പോൾ ടീച്ചർമാരും നമ്മളും മുഖാമുഖം.. ചിലപ്പോൾ ടീച്ചർമാർ ക്ലാസ്സിൽ.. അപ്പോൾ ചിലപ്പോൾ ചൂരൽ കഥ പറയും…

ആഹാ.. ഏതെങ്കിലും പഠിപ്പിസ്റ്റ് കൂടെ ഉണ്ടേൽ ചിലപ്പോൾ നമ്മൾ രക്ഷപെട്ടു പോകും.. അവർ ഉണ്ടേൽ ടീച്ചേർസ് അടിക്കില്ല..

പിന്നെ ഉള്ളത് സമരം.. ആഹാ.. സമരം കളറായി തുടങ്ങിത് പ്ലസ് ടു ബാച്ച് വന്നതോടെയാണ്.. ഒരു ക്യാമ്പസിൽ പഠിക്കുന്ന ഫീൽ.. തല്ലും, വഴക്കും, ആകെ ബഹളമയം.. ഹൈ സ്കൂളിൽ ഉള്ള പെൺകുട്ടികളെ പഞ്ചാരയടിക്കാൻ വരുന്ന പ്ലസ്ടു ടീമുകൾ.. രൂപത്തിൽ അവരെക്കാൾ വലുപ്പം ഉള്ള ഹൈസ്കൂളിലെ മുകിലന്മാർ പിന്നെ പറയേണ്ട ലോ.. അടിയുടെ, ഇടിയുടെ, വെടിയുടെ പൂരം..
പിന്നെ അത് സമരത്തിലേക്ക്.. സ്കൂൾ അടച്ചിടേണ്ടി വന്നിട്ടുണ്ടോ ന്ന് ഒരു സംശയമുണ്ട്.. ഓർമയില്ല..

ഇതിനിടയിൽ ആണ് ഇപ്പൊ ഉള്ള റഷ്യ ഉക്രൈൻ യുദ്ധം പോലെ.. ഇപ്പുറത്തെ ക്ലാസിൽ നിന്നും അപ്പുറത്തെ ക്ലാസിലേക്ക് കടലാസിൽ മണ്ണ് പൊതിഞ്ഞു വീക്കുന്നത്.. ആഹാ.. ഒരെണ്ണം ഇവിടന്ന് വീക്കിയാൽ രണ്ടെണ്ണം അപ്പുറത്ത് നിന്ന്.. പിന്നെ ചറ പറ വീക്ക്..

പാവം ചെറിയാൻ മാഷും ഓമന ടീച്ചറും.. ചെറിയാൻ മാഷ് ഓടിയത് തലയിൽ ടെക്സ്റ്റ്‌ ബുക്ക്‌ വെച്ചിട്ടായിരുന്നു.. അത്രേം ഭീകരമായിരുന്നു ആക്രമണം..

ഓമന ടീച്ചറുടെ മുടി പിന്നെ അന്ന് പ്രെത്യേക സ്റ്റൈലിൽ ആയിരുന്നു അന്നൊന്നും ട്രോള്കാർ ഇല്ലാത്തത് ടീച്ചറുടെ ഭാഗ്യം.. പാവം ടീച്ചറുടെ മുടിയിൽ ആരോ വിട്ട “ആരോ”വന്നിരുന്നത് അറിയാതെ വരാന്തയിലൂടെ നടന്നു വരുന്ന രൂപം ഇപ്പോളും മനസിൽ ഉണ്ട്. (ടീച്ചറെ ക്ഷെമിക്കണം ഓർമകളിൽ ഇങ്ങനെ വന്നപ്പോൾ എഴുതി പോയി )

പിന്നെ ഉള്ളത് യൂത്ത് ഫെസ്റ്റിവൽ.. അത് പിന്നെ പണ്ട് മുതൽ അടിപൊളി ആണ്.. റിഹേഴ്സ്‍ൽ ക്യാമ്പ് എന്ന് പറഞ്ഞു കശുമാവിൻ തോപ്പിലേക്ക് പോകുന്നത് പതിവ്.. അത് ഉച്ച കഴിഞ്ഞുള്ള പിരീഡിൽ മിക്കവാറും ഉണ്ടാകും.. ഗാനമേള, ടാബ്ലോ, ദേശീയഗാനം, നാടകം, ഒപ്പന, തിരുവാതിര കളി, സിംഗിൾ ഡാൻസ്, ഗ്രൂപ്പ്‌ ഡാൻസ്, പദ്യം ചൊല്ലൽ, കവിതാപാരായണം,ലളിതഗാനം, മാപ്പിള പാട്ട് എന്ന് വേണ്ടാ സകല പരിപാടിയും ഉണ്ടാകും..

ഗാനമേളയുടെ അന്ന് പാട്ട് പുസ്തകം എടുക്കാൻ മറന്നതിന് ടീച്ചർ ചിലരെ പഞ്ഞിക്കിട്ടിട്ടുണ്ട് 😃 നാടകത്തിൽ മികച്ച നടനായി എന്നും നമ്മുടെ സുകുമാരനെ ആണ് തിരഞ്ഞെടുക്കാറ്.. ശവം തീനികൾ നാടകം ഇപ്പോളും മനസിൽ ഉണ്ട്..

അന്നത്തെ ഓട്ടോഗ്രാഫുകൾ ആരുടെയെങ്കിലുമൊക്കെ കൈയ്യിൽ ഉണ്ടോ ആവോ..

ഇനിയും ഇനിയും ഒരുപാട് ഒരുപാട് ഓർമ്മകൾ ഉണ്ട്.. എല്ലാവരും പല വഴിക്ക് പിരിഞ്ഞു.. ഇന്നിപ്പോ പല വഴിയിൽ ഇരുന്നു ദാ ഇങ്ങനെ കൂടുന്നു.. പ്രവാസി ജീവിതത്തിൽ.. കുവൈറ്റിലെ എന്റെ മുറിയിൽ നിന്നും ചുമ്മാ ഒന്ന് പിറകിലേക്ക് പോയി നോക്കിയതാ..

ഓർമ്മകൾ ഇനിയും ഉണ്ട് ഒരുപാട്.. എന്നേലും ഇനീം എഴുതാം.. എല്ലാരും തിരക്കിൽ ആണ്.. എന്നാലും.. ഒരു ദിവസം നമുക്ക് ഒത്തു കൂടാം.. നമ്മുടെ ആ ക്ലാസ്സ്‌ മുറികളിൽ..

Related Posts

Leave a Reply

Your email address will not be published. Required fields are marked *