മുറ്റത്തു നിന്നും കയ്യൊക്കെ കഴുകി അടുക്കളയിലെ ഇറയത്താണ് ഞങ്ങൾ പിള്ളേരെല്ലാരും കൂടി ഭക്ഷണം കഴിക്കാനിരിക്കുക…

ആർത്തി(വിശന്നിരിക്കുന്നവർ വായിക്കരുത്)

എഴുത്ത്: അച്ചു വിപിൻ

ഭക്ഷണം എന്നുമെന്റെ വീക്നെസ് ആയിരുന്നു അത് കിട്ടാനായി എന്ത് വേലയും ഞാൻ കാട്ടുമായിരുന്നു. കുഞ്ഞായിരുന്നപ്പോൾ ലഡ്ഡുവും ജിലേബിയും ബൂസ്റ്റ്മൊക്കെ അമ്മ കാണാതെ അടുക്കളയിൽ നിന്നും കട്ട് തിന്നുന്നതെന്റെ സ്ഥിരം പരിപാടി ആയിരുന്നു.

പ്ലാസ്റ്റിക് കുപ്പിയിൽ ഇട്ടു വെച്ചിരിക്കുന്ന രിക്കുന്നവർ മിച്ചറും,കായവറുത്തതും എത്ര തവണ എന്റെ പാവാടയുടെ പോക്കറ്റിൽ സ്ഥാനം പിടിച്ചിട്ടുണ്ടെന്നറിയുമോ?പലഹാരങ്ങൾ വെച്ചടച്ചു വെച്ച സ്റ്റീൽ പാത്രങ്ങൾ തുറക്കുമ്പോൾ പുറത്ത് വരുന്നയാ ഗന്ധം ഹാ!! ഇപ്പഴും മൂക്കിന്റെ തുമ്പത്തുണ്ട്..

പണ്ടൊക്കെ എന്റെ അമ്മ വീട്ടിൽ തന്നെയാണ് പലഹാരങ്ങൾ ഉണ്ടാക്കിയിരുന്നത്.വിറകടുപ്പ് കത്തിച്ചു ചീനചട്ടി ചൂടാക്കി വെളിച്ചെണ്ണ ഒഴിച്ച് വറുത്തെടുക്കുന്ന ചക്ക ഉപ്പേരിയൊക്കെ ആർത്തിയോടെ ചൂടാറും മുൻപ് ഒരുപാടു തവണ വാരി കഴിച്ചിട്ടുണ്ട്.അതൊക്കെ ഒരു കാലം.

കുഞ്ഞായിരിക്കുമ്പോൾ ഇടയ്ക്കു ഞാൻ അമ്മ വീട്ടിൽ നിക്കാൻ പോകുമായിരുന്നു.അമ്മ വീട്ടിൽ നിക്കുന്നത് എനിക്ക് വല്യ ഇഷ്ടമാണ്. പ്രത്യേകിച്ചും അമ്മമ്മയുടെ കൂടെ നിക്കാനാണ് പ്രിയം.അവിടെ മാമന്റെ മക്കൾ തൊട്ടപ്പുറത്തെ വല്യമ്മയുടെ രണ്ടു പെണ്മക്കൾ എന്നിവരാണ് എനിക്ക് കളിക്കാൻ കൂട്ട്.

ഭക്ഷണ കാര്യങ്ങളിൽ വളരെ അധികം പ്രാധാന്യം ഉള്ള വീടായിരുന്നു അത്. അമ്മമ്മ വക പല കൂട്ടം പലഹാരങ്ങളും കറികളും ഉപ്പേരികളും എന്നുമാ വീടിന്റെ അടുക്കളയിൽ കാണും..അടുക്കളയുടെ അടുപ്പിന്റെ മുകളിൽ കുടമ്പുളി ഒണക്കാൻ ഇട്ടിരിക്കുന്നത് കാണാൻ എനിക്ക് വല്യ ഇഷ്ടമായിരുന്നു.

അമ്മവീട്ടിൽ നിക്കുമ്പോൾ രാവിലെ എണീക്കണം, എണീറ്റു കഴിഞ്ഞു ഉപ്പും ഉമിക്കരിയും ഇട്ടു പല്ല് തേക്കും അതവിടെ നിർബന്ധം ആണ്..അത് കഴിഞ്ഞു അടുക്കളയുടെ തിണ്ണയിൽ വന്നിരിക്കും ഉടനെ തന്നെ ഒരു ഗ്ലാസ്‌ ആട്ടിൻപാൽ ചെറു ചൂടോടെ കുടിക്കാൻ തരും അത് കുടിച്ചു കഴിഞ്ഞാൽ മുറ്റത്തൂടെ കുറച്ചു നേരം കളിച്ചു നടക്കും പിന്നെ കുളിക്കാനായി നേരെ പാടത്തിന്റെ അരികത്തുള്ള ഇരുവശത്തും കൈത വളർന്നു നില്കുന്ന തോട്ടിലേക്ക് കയ്യിൽ ഒരു മാർഗോ സോപ്പും വെളിച്ചെണ്ണക്കുപ്പിയും,ഒരു തോർത്തും തോളത്തിട്ടൊരോട്ടമാണ്.

ഏതാണ്ട് ഒരു ഒൻപതര വരെയൊക്കെ വിസ്തരിച്ചു താളിയൊക്കെ തേച്ച് ചാടിമറിഞ്ഞു ഞങ്ങൾ കുളിക്കും.കുളി കഴിഞീറനോടെയാണ് തിരിച്ചു വരിക ഇടാൻ ഉള്ള ഡ്രസ്സ്‌ ഒന്നും തോട്ടിലേക്കു കൊണ്ടുപോകാറില്ല പിള്ളേരൊക്കെ ഇട്ടിരുന്ന പാവാട മുകളിലേക്ക് കയറ്റി വെച്ചാണ് കുളിക്കുന്നത്,അതുപോലെ പാവാട മുകളിലേക്കു കയറ്റി കെട്ടി വെച്ച ശേഷം തോളു മറച്ചു തോർത്തിട്ടു തിരിച്ചു പാട വരമ്പിലൂടെ നടന്നു വരും.ഞങ്ങളുടെ തറവാടിന് താഴെ വലിയൊരു പാടം ഉണ്ട് ആ പാടത്താണുട്ടൊ ഈ തോട്.

തിരിച്ചു കുളി കഴിഞ്ഞു വന്ന ശേഷം തലേ ദിവസം മുല്ലപ്പൂവും പട്ടത്തി കനകാംബരവും ഒക്കെ കോർത്തുവെച്ച മാല ഞങ്ങൾ പെണ്ണുങ്ങൾ എല്ലാം ചേർന്നളന്നു മുറിച്ചു തലയിൽ ചൂടും. പിന്നെ കണ്ണാടി നോക്കി അന്നത്തെ കുട്ടിക്കൂറ പൌഡറും ഇട്ടു,നെറ്റിയിൽ ശിങ്കാറിന്റെ ചാന്തുപൊട്ടും ചന്ദനവും കുത്തിയ ശേഷം അല്പ്പം കണ്മഷിയും കണ്ണിൽ എഴുതിയാൽ അതോടെ അന്നത്തെ മേക്കപ്പ് തീർന്നു.

അത് കഴിഞ്ഞു നേരെ അടുക്കളയിലേക്കോടും അവിടെ ചെന്നു ഞങ്ങൾ എല്ലാരും നിലത്തിരിക്കും.. (എപ്പഴും ഒരുമിച്ചാണ് ഭക്ഷണം)അമ്മമ്മ പറമ്പിലെ വാഴയില പറിച്ചു അതിൽ വെച്ചു നല്ല ചൂട് ദോശയും ചമ്മന്തിയും കഴിക്കാൻ തരും കൂടെ വീട്ടിലെ പറമ്പിൽ ഉണ്ടായ കാപ്പി ഉണക്കി പൊടിച്ചിട്ട പാൽ കാപ്പിയും… ആ കാപ്പിക്ക് ഒരു പ്രത്യേക തരo സ്വാദാണ്.അത് ഞാൻ ആർത്തിയോടെ കുടിക്കുമായിരുന്നു.

രാവിലത്തെ തീറ്റ കഴിഞ്ഞാൽ പിന്നെ നേരെ അടുത്തുള്ള കുമാരിച്ചേച്ചിയുടെ വീട്ടിലേക്ക് ഞാനും മാമന്റെ മക്കളും ചേച്ചിമാരും കൂടെ പാമ്പും കോണിയും കളിക്കാൻ പോകും.കുമാരിച്ചേച്ചിക്കു ഒരു മോൻ ഉണ്ട് ആ ചേട്ടന് ചേച്ചിമാരുടെ പ്രായമാണ്.അവിടേക്കു തൊട്ടപ്പുറത്തുള്ള കുഞ്ഞമ്മ ചേച്ചിയുടെ മൂന്നാണ്മക്കളും കളിക്കാൻ വരും അതിൽ ഇളയ ചെറുക്കൻ എന്നേക്കാൾ ഇളയവൻ ആണ് അവനാണെങ്കി എന്നെപ്പോലെ തന്നെ കള്ളക്കളിയുടെ ഉസ്താതാണ്.കളിയുടെ ഇടയിൽ ഞാനും അവനും ഇടികൂടും ഒടുവിൽ കുമാരി ചേച്ചി തിന്നാനായി വല്ല കപ്പ വറുത്തതൊ ചക്ക വറുത്തതോ ഒക്കെ കൊണ്ടുവരുമ്പോളാണ് ആ രംഗം ഒന്ന് ശാന്തമാകുക.

അന്നൊക്കെ കല്ലുകളി,തൊങ്കിതൊടൽ,ഒളിച്ചു കളി,കള്ളനും പോലീസും ഇതൊക്കെയാണ് ഞങ്ങൾ കളിക്കുക അതിൽ ആണ് പെണ്ണ് അങ്ങനെ വ്യത്യാസം ഒന്നും ഇല്ലാട്ടോ എല്ലാരും ഒരുമിച്ച് ആണ് കളിക്കുക.കളിയൊക്കെ കഴിഞ്ഞു ക്ഷീണിച്ചു ചോറുണ്ണാൻ വേണ്ടി വീട്ടിലേക്കോടി ചെല്ലും.

മുറ്റത്തു നിന്നും കയ്യൊക്കെ കഴുകി അടുക്കളയിലെ ഇറയത്താണ് ഞങ്ങൾ പിള്ളേരെല്ലാരും കൂടി ഭക്ഷണം കഴിക്കാനിരിക്കുക..

ഉച്ചക്ക് ഇലയിട്ടാണ് ഉണ്ണുന്നത്. അന്നൊക്കെ നമ്മടെ തറവാടിന്റെ താഴത്തെ പാടത്തെ നെല്ലുകുത്തിയ അരി അതായത് പുഴുക്കലരി ആണ് ഊണിനു വിളമ്പുക പിന്നെ കറിയായി ഉപ്പിലിട്ട മാങ്ങയും തേങ്ങയും കാന്താരിയും ഇട്ടരച്ച ഒരു “ചമ്മന്തി” തൊട്ടുകൂട്ടാൻ ഏതേലും ഒരു അച്ചാർ, ഒഴിച്ച് കൂട്ടാൻ “സാമ്പാറോ പുളിശേരിയോ” ഒക്കെ കാണും ട്ടൊ പിന്നെ പറമ്പിലെ അച്ചിങ്ങ,ചേന കപ്പങ്ങ,ഒക്കെ ഇട്ട ഒരു അവിയൽ എപ്പഴും ഉണ്ടാകും “കാട്ടവിയൽ” എന്നാണ് അതിനു പറയുക കൂടെ ഒരു “പപ്പടവും” ഇഞ്ചിയും കാന്താരിയും ചെറിയ ഉള്ളിയും ഉപ്പും ഇട്ടു ചതച്ച “മോരും” ആഹാ അന്തസ്…

ഇതൊക്കെ കൂട്ടിക്കുഴച്ചു തീറ്റ കഴിഞ്ഞാൽ ഞങ്ങൾക്ക് അമ്മായി ഓരൊ കുഞ്ഞ് കുഞ്ഞ് പണികൾ തരും ചേച്ചിമാരിൽ ഒരാൾ ഓലയുടെ ഈർക്കിലി ചീമ്പുക,ഞാൻ മുറ്റത്തെ പറമ്പിൽ ഉണങ്ങാൻ വെച്ച കൊപ്ര കാക്ക കൊത്താതെ കാവൽ ഇരിക്കുക,ഇളയ ചേച്ചിക്കു അമ്മായിയുടെ ഏറ്റവും ഇളയ മോനെ ഉറക്കുക അങ്ങനെ അങ്ങനെ കുഞ്ഞ് കുഞ്ഞ് പണികൾ തരും. ഇതൊക്കെ ചെയ്യുമ്പോൾ അമ്മായി കാണാതെ ഞാൻ അടുക്കളയിൽ നിന്നും കട്ടെടുത്ത നുറുക്കിന്റെയോ കായ വറുത്തതിന്റെയോ കഷ്ണങ്ങൾ എന്റെ വായിൽ കിടന്നു ഞെരിഞ്ഞമരുന്നുണ്ടാകും..

രാത്രി ആയാൽ അമ്മമ്മ വക കഞ്ഞിയും പയറും അച്ചാറും അടുപ്പിൽ ചുട്ട പപ്പടവും ആണ് പിള്ളേർക്ക് കഴിക്കാൻ ഉണ്ടാവുക, ആ ഭക്ഷണം ആർത്തി പിടിച്ചു കഴിച്ച പോലെയൊന്നും ഇന്ന് ഞാൻ കഴിക്കുന്നില്ല എന്നതാണ് സത്യം..

ഇപ്പോൾ എനിക്കെന്തെങ്കിലും കഴിക്കണമെങ്കിൽ ഞാൻ തന്നെ വെച്ചുണ്ടാക്കണം.പിള്ളേരെയും നോക്കി എങ്ങനെയെങ്കിലും അതുണ്ടാക്കി വരുമ്പഴേക്കും ആർത്തി പോയിട്ട് വിശപ്പെങ്കിലും ഉണ്ടായ മതിയാരുന്നു..ഇടയ്ക്കമ്മയെ ഓർക്കും അമ്മയുടെ അടുത്ത് പോയി നിന്നാൽ ഇഷ്ടമുള്ളതൊക്കെ മുന്നിൽ വച്ചു തരുമല്ലോ എന്നോർത്തു വിഷമിക്കും..ഇവിടിപ്പോ എനിക്കാര സഹായം.ഒക്കെത്തിനും എന്റെ കൈകൾ തന്നെ ചെല്ലണം.

ഇടക്കൊക്കെ ഇഷ്ടപ്പെട്ട പലഹാരങ്ങൾ കഴിക്കാൻ തോന്നുമ്പോൾ ഞാൻ അടുക്കളയിലേക്കോടും വിചാരിച്ച പലഹാരം ഉണ്ടാക്കി പാത്രത്തിലേക്കു കോരിയിട്ടൊരു പ്രകാരത്തിൽ അതിന്റെ ചൂടാറ്റിയ ശേഷം ആർത്തിയോടെ വായിലേക്ക് വക്കുമ്പോൾ “അമ്മേ” എന്നു വിളിച്ചു നാല് കുഞ്ഞിക്കയ്കൾ എന്റെ നേരെ നീളും..നിഷ്കളങ്കമായി കൈകൾ നീട്ടുന്ന ആ അമ്മവിളികൾക്ക് മുന്നിൽ തീരുകയാണെന്റെ ആർത്തി..

Related Posts

Leave a Reply

Your email address will not be published. Required fields are marked *