മൂന്ന് കുട്ടികളെയും പിടിച്ചോണ്ട് രാജധാനി എക്സ്പ്രസിൽ കേറണ മാതിരി തള്ളിപ്പിടിച്ചു ഞാനും ഉള്ളിലേക്കു കേറി .. കെട്യോളുടെ പൊടിപോലും കാണാൻ…….

എഴുത്ത് :- സൽമാൻ സാലി

കെട്യോളേം കൊണ്ട് ലുലുവിൽ ഡ്രെസ്സെടുക്കാൻ കേറിയതാണ് . കേറിയപാടെ ഓള് വരാല് ചെളിയിൽ പൂണ്ടു പോണ മാതിരി ഇഴഞ്ഞിഴഞ് ഉള്ളിലോട്ട് കേറി ..

വെള്ളിയാഴ്ചയും വിഷുവും പെരുന്നാളും ഒന്നിച്ചു വന്നതുകൊണ്ടാണെന് തോന്നുന്നു ഊസുഫലിക്കന്റെ കടേൽ നല്ല തിരക്കാണ് ..

മൂന്ന് കുട്ടികളെയും പിടിച്ചോണ്ട് രാജധാനി എക്സ്പ്രസിൽ കേറണ മാതിരി തള്ളിപ്പിടിച്ചു ഞാനും ഉള്ളിലേക്കു കേറി .. കെട്യോളുടെ പൊടിപോലും കാണാൻ ഇല്ല .. അവസാനം ഇരിക്കാൻ ഒരു സ്ഥലം കിട്ടിയപ്പോ മക്കൾക്ക് ഫോണിൽ ടോം ആൻഡ് ജെറിയും വെച് കൊടുത്ത് ഓളെ വിളിച്ചു ഇരിക്കണ സ്ഥലത്തിന്റെ അടയാളവും പറഞ്ഞു കൊടുത്തു ഞാനും അവിടെ ഇരുന്ന് …

ഇടയ്ക്കിടെ ഓള് ഓരോ ഡ്രസ്സ് ഇട്ട് വാട്സാപ്പിൽ ഫോട്ടോ അയക്കും .. ഞാൻ കൊള്ളാം എന്ന് പറയും .. ഓള് അതെടുക്കാതെ വേറെ പിന്നേം നോക്കും …

അതിനിടയിൽ ഇളയ സന്തതി കരയാൻ തുടങ്ങിയപ്പോ പോക്കറ്റിലെ ചോക്ലേറ്റ് ഒന്ന് പൊട്ടിച്ചു ഓൾക് കൊടുത്തു .. ഞാനും ഓളും ടോം ആൻഡ് ജെറി കാണാൻ തുടങ്ങി ..

പൊതുവെ ഞാൻ ഈ കാർട്ടൂൺ ഒന്നും കാണാത്തതാണ് പക്ഷെ ലുലുവിലെ സ്ത്രീ ജനങ്ങൾ കാരണം നോമ്പ് മുറിയണ്ട എന്ന് കരുതി ഞാൻ വായ്നോട്ടം നിർത്തി ഫോൺ നോട്ടം തുടങ്ങിയത് …

എന്നാലും ഇടക്കിടെ മുന്നിൽ കൂടെ ഒരു നിഴൽ പോയാൽ ഞാൻ ഒന്ന് തല ഉയർത്തി നോക്കും .. ഏതേലും സുന്ദരി എന്നെ നോക്കി ചിരിക്കും .. ഞാൻ ആണേൽ നാണം കൊണ്ട് പിന്നേം ടോം ആൻഡ് ജെറി കാണും ..

ഫോണിൽ നോക്കി കഴുത്ത് വേദനിച്ചപ്പോ ഒന്ന് കഴുത്ത് നിവർത്താൻ വേണ്ടി ചുറ്റും നോക്കിയതാണ് എല്ലാവരും എന്നെ നോക്കുന്നു ചിരിക്കുന്നു മറ്റുള്ളവരോട് എന്തോ പറയുന്നു അവരും നോക്കുന്നു ചിരിക്കുന്നു .. എന്തിനാ പടച്ചോൻ എനിക്ക് ഇങ്ങനെ സൗന്ദര്യം തന്നെ എന്ന് ഞാൻ ചിന്തിച്ചുപോയ നിമിഷം …

ഫോണെടുത്ത് കെട്യോളെ വിളിച്ചു ..

” എടീ നീ വെഗം ഡ്രസ്സ് എടുക്കാൻ നോക്ക് ഇവിടേ പെണ്ണുങ്ങൾ മൊത്തം എന്നെ ലൈനടിക്കുന്നു .. അനക്കറിയാലോ ഞാനൊരു ദുർബലമനസ്സ് ഉള്ളവൻ ആണെന്ന് ആരേലും ന്നോട് നമ്പർ ചോതിച്ചാൽ ന്നോട് കൊടുത്തു പോവും ..

” ഹാ ഇങ്ങള് ദുർബലൻ ആയിരിക്കും പക്ഷെ അവിടെ ഇരുന്ന് എന്തേലും നമ്പറിറക്കിയാൽ ന്റെ കയ്യിന്റെ ബലം ഇങ്ങളറിയും .. എന്നാലും ഏത് കണ്ണ് പൊട്ടത്തിയ ഇങ്ങളെ നോക്കി ചിരിച്ചേ .. ന്റെ റബ്ബേ …

ഓളോട് പറഞ്ഞിട്ട് കാര്യമില്ല ഓൾക്ക് ചെരുപ്പ് പീടികയും തുണി പീടികയും കണ്ടാൽ പിന്നെ ഒന്നും ഓര്മ ണ്ടാവില്ല ..

ഞാൻ ഒന്നൂടെ ചുറ്റും നോക്കി .. എന്നെ നോക്കുന്ന കുരിപ്പുകള് എല്ലാം ചിരിക്കുന്നു ..

ഹാ എന്തേലും ആവട്ടെ അവർക്ക് ഉണ്ടാവില്ലേ മൊഞ്ചുള്ള ചുള്ളൻ ചെക്കനെ കണ്ടാൽ ഒന്ന് നോക്കാൻ പൂതി .. ഒര് പൂതി തീർക്കട്ടെ എന്ന് കരുതി ഞാൻ വീണ്ടും മക്കളോടൊപ്പം കാർട്ടൂൺ കാണാൻ ഇരുന്ന് ..

കുറച്ചു കഴിഞ്ഞു ഒരാൾ അടുത്ത് വന്നു ..

” ഹാലോ മലയാളി അല്ലെ ..

തല ഉയർത്തി നോക്കിയപ്പോ നേരത്തെ എന്നെ നോക്കി ചിരിച്ച പൂച്ചകണ്ണിയുടെ കെട്ടിയോൻ .. ഇനി ഓൾക് എന്നെ ഇഷ്ട്ടായോ എന്നൊക്കെ ആലോചിച്ചാണ് മറുപടി കൊടുത്തത് ..

” അതെ .. മലയാളി ആണ് …” ഇങ്ങക്ക് നാണമില്ലേ .. നോമ്പിന് ഇങ്ങനെ ഒരു മാളിൽ ഇരുന്ന് ചോക്ലേറ്റ് തിന്നാൻ ..?

അപ്പോഴാണ് കയ്യിലെ ചോക്ലേറ്റ് ഞാൻ ശ്രദ്ധിച്ചത് ..

” ഹേ .. ഇത് മോൾ തിന്നതാ മാഷേ ..

” ഹും .. എന്നിട്ടാണ് ചുണ്ടിൽ ഒക്കെ ആയത് അല്ലെ .. നിങ്ങൾ തിന്നുന്നത് കാണണോ എന്നും ചോദിച്ചു ഓൻ ഫോണെടുത്തു കാണിച്ചു തന്നു ..

ഫോൺ കണ്ട ഞാൻ തന്നെ ഞെട്ടി .. ടോം ആൻഡ് ജെറി കണ്ട് അതിൽ മുഴുകിയ ഞാൻ മോളുടെ ചോക്ലേറ്റ് കടിച്ചു തിന്നുന്നു .. ആ ബലാൽ ആണേൽ നന്നായി വീഡിയോ എടുത്തിട്ടുമുണ്ട് ..

” അതെയ് ഫോണിൽ നോക്കി അറിയാതെ പറ്റിയതാ .. നാറ്റിക്കരുത് .. എന്നും പറഞ്ഞു ഫോണെടുത്തു കെട്യോളെ വിളിച്ചു ..

” എടീ കഴിഞില്ലെ ..

” ഇല്ല ഇക്കാ ഒന്ന് ഇഷ്ടപ്പെട്ടിരുന്നു പക്ഷെ അതിന് ഇരുപത്തിയഞ്ച് റിയാൽ ആണ് .. അതോണ്ട് ഞാൻ വേറെ നോക്കുവാ ..

” ന്റെ. ഷഹീ അനക്ക് അത് ഇഷ്ട്ടമായെങ്കിൽ എടുത്തോ പൈസ നോക്കണ്ട എന്നും പറഞ്ഞു ഓളേം കൂട്ടി വെഗം പോയി ബില്ലടച്ചു ഇറങ്ങി പോന്നു … അല്ലേലും അയ്യായിരം ഉറുപ്പിയ കൊടുത്താൽ പോയ മാനം കിട്ടൂല്ലല്ലോ .. അല്ലാ പ്ന്നെ ..

nb : തുണിക്കടയിൽ വെച്ചു മിട്ടായി തിന്നുന്ന യുവാവിന്റെ വീഡിയോ കിട്ടിയാൽ നിങ്ങൾ ആരും ഷെയർ ചെയ്യരുത് അത് ഞ്യാൻ ആണ് ..

Related Posts

Leave a Reply

Your email address will not be published. Required fields are marked *