പേടിയാകുന്ന ചേച്ചി ഞാനിപ്പോൾ വീണു പോകും.. അവൻ പലതവണ അത് പറയുന്നുണ്ടായിരുന്നു.. ഒന്നുരണ്ടു മിഠായി ഒക്കെ അവൻറെ കയ്യിന്നു പോയിട്ടും വേഗത കുറയ്ക്കാൻ ഞാൻ തയ്യാറായിരുന്നില്ല…..

എഴുത്ത് :- അനുശ്രീ

അഞ്ചാം ക്ലാസിൽ നിന്നും ജയിച്ചപ്പോൾ അച്ഛൻ എനിക്ക് പുതിയൊരു ബിഎസ്എ ലേഡിസ് സൈക്കിൾ വാങ്ങിത്തന്നു.. പറഞ്ഞിട്ടെന്താ കാര്യം അതുമെടുത്ത് എപ്പോൾ പുറത്തിറങ്ങുന്നൊ അപ്പോൾ അനിയൻ കുട്ടാപ്പി‌ കൂടെ വരാൻ വാശിപിടിച്ച് നിലത്തുരുണ്ട് കരയാൻ തുടങ്ങും… അവനെ കൂടെ കൂട്ടാതിരിക്കാൻ അടവ് മുപ്പത്താറും പയറ്റുമെങ്കിലും.. കൂടെ കൂട്ടിയില്ലെങ്കിൽ സൈക്കിള് വീട്ടിന്റെ മച്ചിൻ പുറത്ത് കയറ്റി വെക്കുമെന്ന അമ്മയുടെ ശാസനക്കു മുന്നിൽ ഞാൻ തോറ്റുപോകും.

അന്നെനിക്ക് പത്തോ പന്ത്രണ്ടോ വയസ്സ് കുട്ടാപ്പിക്ക് അഞ്ചു വയസ്സ്… അവനെയും പേറി സൈക്കിളോടിക്കാനുള്ള ആരോഗ്യമൊന്നും അന്നെനിക്ക് ഉണ്ടായിരുന്നില്ല… സൈക്കിൾ റിക്ഷക്കാരനെ പോലെ വിയർത്തു കുളിച്ച് പണ്ടാരമടങ്ങിയിട്ടാണ് ഞാൻ വീട്ടിൽ തിരിച്ചെത്തുക..

അങ്ങനെയൊരു നട്ടുച്ച നേരത്ത് വൈകുന്നേരത്തെ ചായക്കടി ഉണ്ടാക്കാനായി അഞ്ച് മുട്ട വാങ്ങാൻ അമ്മ എന്നെ പറഞ്ഞു വിട്ടു.. സൈക്കിൾ എടുക്കാൻ പുറത്തിറങ്ങിയപ്പോൾ കുട്ടാപ്പി ഇരു കാലുകളും ആട്ടിക്കൊണ്ട് സൈക്കിളിന്റെ പിന്നിലെ കേരിയറിൽ ഇരിപ്പുണ്ടായിരുന്നു.

ആരെയൊക്കെയോ മുട്ടൻ തെ റിവിളിച്ച് പിറുപിറുത്തുകൊണ്ട് സൈക്കിളിൽ കയറി ചവിട്ടാൻ ആരംഭിച്ചു..

ഹോ അഞ്ചു വയസ്സാണെങ്കിലും ഈ പണ്ടാരത്തിന് മുടിഞ്ഞ വെയിറ്റാണല്ലോ.. എന്തൊക്കെയോ പിറുപിറുത്ത് കൊണ്ട് സൈക്കിൾ ചവിട്ടി കൊണ്ടേയിരുന്നു..

കടയിൽ പോകുന്ന വഴി അല്പം കയറ്റം ആയതുകൊണ്ട് തന്നെ പൊരിവെയിലിൽ വിയർത്തു കുളിച്ചിട്ടാണ് ഒരു വിധം ഹമീദ്കാക്കയുടെ കടയിൽ എത്തിയത്..

അന്ന് കുട്ടാപ്പിയെ കാണാൻ നല്ല ക്യൂട്ടായതുകൊണ്ട് നാട്ടിൽ നിറയെ അവന് ഫാൻസ് ആയിരുന്നു.. ഞാനവിടെ എത്തിയതും അവനെ പല ചേട്ടന്മാരും എടുക്കുന്നു മു ത്തം വയ്ക്കുന്നു മിഠായി വാങ്ങിക്കൊടുക്കുന്നു ഒന്നും പറയണ്ട…ഞാനവന്റെ ഏറ്റവും വലിയ ശത്രു ആയതുകൊണ്ട് തന്നെ കിട്ടിയ മിഠായിൽ നിന്നും ഒരു കഷണം പോലും എനിക്ക് തരത്തില്ലെന്ന് ഉറപ്പാണ്…

അതോടെ എന്റെ ഉള്ളിലെ ചെ കുത്താൻ ഉണർന്നു.. തിരികെ മടങ്ങുമ്പോൾ മുട്ട സൈക്കിളിന്റെ മുന്നിലെ ബാസ്കറ്റിൽ വെക്കാമായിരുന്നിട്ടും കൈനിറയെ മിഠായിയുമായി കേരിയറിൽ ഇരിക്കുന്ന അവൻറെ കയ്യിൽ തന്നെ മുട്ട കൊടുത്തു.. മുട്ടപൊട്ടി അമ്മയുടെ കയ്യിൽ നിന്ന് രണ്ടു വഴക്ക് കിട്ടട്ടെ അതായിരുന്നു എൻറെ ചിന്ത..

തിരികെ ഇറക്കം ആയതുകൊണ്ട് തന്നെ ബ്രേക്ക് പിടിക്കാതെ തന്നെ സൈക്കിൾ ഞാൻ മുന്നോട്ട് പായിച്ചു..

പേടിയാകുന്ന ചേച്ചി ഞാനിപ്പോൾ വീണു പോകും.. അവൻ പലതവണ അത് പറയുന്നുണ്ടായിരുന്നു.. ഒന്നുരണ്ടു മിഠായി ഒക്കെ അവൻറെ കയ്യിന്നു പോയിട്ടും വേഗത കുറയ്ക്കാൻ ഞാൻ തയ്യാറായിരുന്നില്ല.. ഒടുക്കം പത്ക്കോ എന്ന ശബ്ദത്തോടെ അവൻ താഴെ വീണു..

അടുത്ത വീട്ടിലെ സന്തോഷേട്ടൻ ഓട്ടോറിക്ഷയുമായി വരുമ്പോൾ കാണുന്നത് റോഡരികിൽ നിന്ന് നിലവിളിച്ച് കരയുന്ന കുട്ടാപ്പിയെയും പേടിച്ച് സമാധാനിപ്പിക്കാൻ ശ്രമിക്കുന്ന എന്നെയുമാണ്..

ഓടി വന്ന് സന്തോഷേട്ടൻ എന്നോട് ചോദിച്ചു..

എന്താ മോളെ എന്തുപറ്റി.. എന്തിനാ കുട്ടാപ്പി കരയുന്നേ.

നിറഞ്ഞ കണ്ണുകളോടെ ഞാൻ മറുപടി പറഞ്ഞു.. കുട്ടാപ്പി സൈക്കിളിൽ നിന്ന് വീണ് മുട്ട പൊട്ടി സന്തോഷേട്ടാ…

സന്തോഷേട്ടൻ അത് കേൾക്കേണ്ട താമസം നിലവിളിച്ച് കരയുകയായിരുന്ന കുട്ടാപ്പിയുടെ നി ക്കറ് വലിച്ചൂരിയെടുത്തു.. കുട്ടാപ്പിയും ഞാനും ഞെട്ടിത്തരിച്ച് നിശബ്ദരായി മുഖത്തോട് മുഖം നോക്കി..

എന്തോന്നിത് മുട്ട പൊട്ടിയതിന് ഇങ്ങേര് എന്തിനാ കുട്ടാപ്പിയുടെ നിക്കർ ഊരിയത്.

അങ്ങനെ അന്തംവിട്ടിരിക്കുമ്പോഴാണ് ഒന്ന് തൊട്ട് നോക്കിയതിനുശേഷം സന്തോഷേട്ടൻ പറഞ്ഞത്..

ങേ… മുട്ടക്കൊന്നും പറ്റിയില്ലല്ലോ.. നീ മനുഷ്യനെ വെറുതെ പേടിപ്പിച്ചല്ലോ.

അന്ന് ഞാൻ ആദ്യമായി തിരിച്ചറിഞ്ഞു മുട്ടക്ക് മറ്റൊരു അർത്ഥം കൂടിയുണ്ട്..

ഊരിയ നി ക്കർ അതുപോലെ തന്നെ ഇട്ടുകൊടുത്ത് മുട്ടയുടെ അവശിഷ്ടങ്ങളും പേറി.. നടന്ന സംഭവങ്ങളിൽ അന്തംവിട്ട് കുന്തം വിഴുങ്ങി അന്ന് ഞങ്ങൾ രണ്ടുപേരും വീട്ടിലേക്ക് മടങ്ങി..

കാലം ഒരുപാട് കഴിഞ്ഞു.

ലോക്ക്ഡൗണിന് മൂന്നുനാലു മാസം മുന്നേയാണ് അനിയൻ അഖിലിന്റെ ( കുട്ടാപ്പി) വിവാഹം കഴിഞ്ഞത്..

എല്ലാവരുടെയും കല്യാണത്തിന് പണി കൊടുക്കുന്ന അഖിലിന് ഒരു മുട്ടൻ പണി കൊടുക്കണമെന്ന് കുടുംബക്കാരും സുഹൃത്തുക്കളുമൊക്കെ പറയുന്നു ണ്ടായിരുന്നു. എല്ലാവരോടുമായി ഞാൻ പറഞ്ഞു..

നിങ്ങളാരും മെനക്കെടേണ്ട അവന്റെ ആദ്യരാത്രി ചളമാക്കാൻ ഒരു മുട്ടൻ പണി ഞാൻ കൊടുത്തോളാം…

എൻറെ കോൺഫിഡൻസ് കണ്ട് എല്ലാവരും സമ്മതിച്ചു..

കല്യാണം കഴിഞ്ഞ് പെണ്ണിനെ മുറിയിലേക്ക് കയറ്റുന്നതിന് മുന്നേ ഞാൻ അവളെ സ്വകാര്യമായി വിളിച്ചു..

വളരെ സന്തോഷവതിയായി ചിരിച്ചു കൊണ്ടായിരുന്നു അവൾ എൻറെ കൂടെ വന്നത്.. ഞാൻ അവളോട് വളരെ സീരിയസായ മുഖഭാവത്തോടെ പറഞ്ഞു..

മോളോട് ഈ കാര്യം കല്യാണത്തിന് മുന്നേ പറയണമെന്നുണ്ടായിരുന്നു. ഈ കഥകളൊക്കെ നാട്ടുകാർക്ക് അറിയുന്നതുകൊണ്ടാണ് അല്പം ദൂരെയുള്ള നിൻറെ ആലോചന തന്നെ തിരഞ്ഞെടുത്തത്.. ചിലതൊക്കെ മറച്ചുവച്ചാലല്ലേ കല്യാണം നടക്കുകയുള്ളൂ.. കല്യാണത്തിനു മുന്നേ ഇതൊക്കെ മറച്ചുവെച്ചതിൽ ക്ഷമ ചോദിക്കുന്നു… ആദ്യരാത്രിക്ക് മുന്നേ എങ്കിലും മോളോട് എല്ലാം തുറന്നു പറഞ്ഞില്ലെങ്കിൽ ഞാൻ മോളോട് ചെയ്യുന്ന ഏറ്റവും വലിയ ചതിയായി പോകും അത്..

അത് കേട്ടതും അവളുടെ മുഖത്തുള്ള ചിരിയൊക്കെ മാറി തുടങ്ങി..

വിളറിയ ശബ്ദത്തോടെ അവൾ ചോദിച്ചു.

അഖിലേട്ടന് എന്താണ് പ്രശ്നം ചേച്ചി..

മോളെ ചെറുപ്പത്തിൽ അവൻ എൻറെ കൂടെ സൈക്കിളിൽ യാത്ര ചെയ്യുമ്പോൾ ചെറുതായി ഒന്ന് വീണു.. ആ വീഴ്ചയിൽ മുbട്ടക്ക് സാരമായ പരിക്കുകൾ ഉണ്ടായിട്ടുണ്ട്.. അത് നിങ്ങളുടെ വൈവാഹിക ജീവിതത്തെ ബാധിക്കുമൊ എന്ന് എനിക്ക് അറിയില്ല.. അതുകൊണ്ട് മോള് എല്ലാം സഹിക്കാനും പൊറുക്കാനും തയ്യാറാകണം..

അതു കേട്ടതും അവളുടെ മുഖമൊക്കെ ചുവന്നു തുടങ്ങി.. അവളാകെ വിയർക്കുന്നുണ്ടായിരുന്നു…അവളെ മുറിയിലേക്ക് പറഞ്ഞയച്ച് കയറാൻ നേരം ഒന്നുകൂടി ചെവിയിൽ സൂചിപ്പിച്ചു..

മുട്ട പൊട്ടിയതാണ് സൂക്ഷിക്കണം..

ഇപ്പോൾ കരയും എന്ന മട്ടിൽ അവൾ കഥകടച്ചപ്പോഴാണ് എനിക്ക് സമാധാനമായത്..

ഹോ.. എൻറെ ആദ്യരാത്രിയടക്കം പണി തന്ന അവന് ഒരു മുട്ടൻ പണി തിരിച്ച് കൊടുത്ത സമാധാനത്തോടെ അന്ന് രാത്രി ഞാൻ കിടന്നുറങ്ങി..

രാവിലെ അവൻ വളരെ ദേഷ്യത്തോടെ എൻറെ അടുത്തു വന്നു പറഞ്ഞു..

ചേച്ചി ആയിപ്പോയി..Nഅല്ലെങ്കിൽ ഞാൻ അടിച്ചു മുഖത്തിന്റെ ഷേയ്പ്പ് മാറ്റിയെനെ…രാത്രി മുതൽ അവൾ ഇരുന്ന് കരയുകയായിരുന്നു..‌ വീട്ടുകാരെ വിട്ടുനിൽക്കുന്നതിന്റെ സങ്കടം ആണെന്ന് കരുതി കുറേ സമാധാനിപ്പിക്കാൻ ശ്രമിച്ചു.. കാലത്താണ് അവള് പറയുന്നത് ചേച്ചി എല്ലാം എന്നോട് തുറന്നു പറഞ്ഞെന്ന്… ചേച്ചി എന്തോ മുട്ടൻ പണി ഒപ്പിച്ചിട്ടുണ്ടെന്ന് അപ്പോഴാണ് മനസ്സിലായത്…എന്താ ചേച്ചി അവളോട് പറഞ്ഞത്..

ചൂടായി കൊണ്ടുള്ള അവന്റെ സംസാരം കേട്ടപ്പോൾ സംഗതി ഏറ്റിരിക്കുന്നു എന്ന് മനസ്സിലായി..

ചിരി സഹിക്കാനാവാതെ പൊട്ടിച്ചിരിച്ചു കൊണ്ട് ഞാൻ പറഞ്ഞു.. ഞാൻ നുണകൾ ഒന്നും പറഞ്ഞിട്ടില്ല.. അവള് തെറ്റിദ്ധരിച്ചതാണ്.. പണ്ട് മുട്ട വീണു പൊട്ടിയ കഥ പറഞ്ഞു അത്രതന്നെ.. വേണമെങ്കിൽ പോയി ചോദിച്ചു നോക്ക്…

ചോദിച്ചു നോക്കിയിട്ടാണോ അല്ല കാണിച്ചുകൊടുത്തിട്ടാണോ എന്നറിയില്ല വൈകുന്നേരം ആവുമ്പോഴേക്കും അവളുടെ തെറ്റിദ്ധാരണ മാറിയിട്ടുണ്ട്…

പ്രഗ്നൻസിയും ഡെലിവറിയുമൊക്കെ ആയതുകൊണ്ടാണ് കുറച്ചുനാൾ കഥയൊന്നും എഴുതാതെ വിട്ടു നിന്നത്.. സോറി ട്ടോ…. ❤

Related Posts

Leave a Reply

Your email address will not be published. Required fields are marked *