മെഴുകുതിരിയുടെ നാളം ഒന്നുലഞ്ഞു.. വീണ്ടും തെളിഞ്ഞുകത്തി.. ശ്വാസമെടുക്കാൻ പോലും മറന്നു ഞാനും അറിയാതെ പതുക്കെ പിറുപിറുത്തു.. “ഗുഡ് സ്പിരിറ്റ് ..പ്ലീസ് കം…….

ആത്മാവ്

എഴുത്ത്:-വിനീത അനിൽ

“ഗുഡ് സ്പിരിറ്റ്..പ്ലീസ് കം.. ഗുഡ് സ്പിരിറ്റ് ..പ്ലീസ് കം..”

മെഴുകുതിരിയുടെ നാളം ഒന്നുലഞ്ഞു.. വീണ്ടും തെളിഞ്ഞുകത്തി.. ശ്വാസമെടുക്കാൻ പോലും മറന്നു ഞാനും അറിയാതെ പതുക്കെ പിറുപിറുത്തു.. “ഗുഡ് സ്പിരിറ്റ് ..പ്ലീസ് കം..”

ആവേശം കൊണ്ട് രഞ്ജിനിയുടെയും, ഭയം കൊണ്ട് രമ്യയുടേയും സുറുമിയുടെയും മുഖം വിളറി വെളുത്തു മഞ്ഞച്ചിരുന്നു.. പുറത്തു മഴ കോരിച്ചൊരിഞ്ഞുകൊണ്ടേയിരുന്നു. കഴിഞ്ഞ വർഷം ഈ ദിവസം ഈ ഹോസ്റ്റലിൽ ഇതേ റൂമിൽ വച്ചാണ് രഞ്ജിനിയുടെ ഇരട്ടസഹോദരി രജനി ആത്മഹ ത്യ ചെയ്തത്. അതേ റൂമിൽ തൊട്ടടുത്ത് കിടന്ന രഞ്ജിനി അറിയാതെ ഞരമ്പ് മുറിച്ചു ര ക്തമൊഴുക്കിയവൾ മരണത്തിലേക്ക് നടന്നുപോയി.

അന്നുമുതലിന്നുവരെ ആർക്കുമറിയില്ല അതിനു പിറകിലെ രഹസ്യം. അതറിയാൻ വേണ്ടി രഞ്ജിനി കൊണ്ടുവന്ന അവളുടെ അവസാനത്തെ ആയുധമാണ് ഈ ഓജോ ബോർഡ്. അതിനുവേണ്ടി മാത്രമാണ് അതെ ദിവസം തന്നെ അതേ മുറിയിൽ ഞങ്ങൾ ഒത്തുകൂടിയത്. വൈകുന്നേരം തുടങ്ങിയ മഴ കാരണം കറന്റില്ലാത്തതിനാൽ ഹോസ്റ്റലിൽ എല്ലാവരും നേരത്തെ കിടന്നിരുന്നു. മുകളിൽ മാഡത്തിന്റെ മുറിയിലെ വെളിച്ചവും അണഞ്ഞ ശേഷമാണ് ഞങ്ങൾ രഞ്ജിനിയുടെ മുറിയിലേക്ക് വന്നത്.

“വരുന്നത് രജനിയുടെ ആത്മാവ് തന്നെയാവുമോ?”

എന്റെ ചെവിയിൽ രമ്യയുടെ ചൂടുശ്വാസമടിച്ചു. മരവിക്കുന്ന തണുപ്പ് കോയിനു മുകളിൽ നിന്ന് എന്റെ വിരലിലേക്ക് പടരുന്നത് ഞാനറിയുന്നുണ്ടായിരുന്നു. കാറ്റിന്റെ മൂളൽ പോലെന്തോ ചെവിയിൽ … കാതടപ്പിക്കുന്ന ഒരിടിവെട്ടി. എന്റെ കൈവിരൽത്തുമ്പിൽ ഞാനറിയാതെ നാണയം ഒന്നനങ്ങി.

രമ്യയുടെയും സുറുമിയുടെയും അലർച്ച കേട്ടപ്പോളാണ് അവരും അത് ശ്രദ്ധിച്ചെന്നു എനിക്ക് മനസിലായത്. സുറുമി “അല്ലാഹ്”എന്നൊരു വിളിയോടെ നിലത്തേക്ക് കുഴഞ്ഞുവീണു. ബോർഡിൽ നിന്ന് കൈ എടുത്തു ഞാനും അലറിക്കരഞ്ഞു.

ആരൊക്കെയോ വാതിലിൽ മുട്ടുന്നുണ്ടായിരുന്നു. രമ്യ ഓടിപോയി സാക്ഷ മാറ്റിയപ്പോളേക്കും മാഡവും പുറകെ മറ്റു മുറികളിലെ കുട്ടികളും റൂമിലേക്ക് തള്ളിക്കയറി. അതിനുമുന്നെ ഒറ്റവലിക്ക് ഞാൻ ഓജോബോഡ് മേശയുടെ താഴേക്ക് നീക്കിയിട്ടിരുന്നു. ഒന്നും സംഭവിക്കാത്തതുപോലെ,
പൂട്ടിയിട്ട മുറിയിൽ കയറിയതിനു മാഡത്തിന്റെ വഴക്ക് കൈകെട്ടിനിന്നു കേൾക്കുമ്പോളും ഞങ്ങളുടെ ഹൃദയം അതിദ്രുതം മിടിച്ചുകൊണ്ടേയിരുന്നു.

ഇരുട്ടിൽ ഉറക്കം പ്രതീക്ഷിച്ചു കിടക്കുമ്പോൾ തൊട്ടടുത്ത് രമ്യ ഉറക്കം പിടിച്ചതിന്റെ ശ്വാസോച്ഛാസശബ്ദം താളക്രമമായി ഉയർന്നു കേൾക്കാമായിരുന്നു. അതും ശ്രദ്ധിച്ചു കണ്ണുകളടച്ചു നിദ്രയുടെ കടാക്ഷത്തിനായി ഞാനും കാത്തുകിടന്നു. പെട്ടന്നാണ് ചെവിക്കരികിൽ..

“ഉറങ്ങല്ലേ നിതാ..എനിക്ക് പേടിച്ചിട്ട്ഉറക്കം വരുന്നില്ല”..

ഞാൻ ചാടിയെണീറ്റു ലൈറ്റിട്ടു.

“നീയല്ലേ ഉറങ്ങിയത് രമ്യ?”

അവൾ നിഷേധാർത്ഥത്തിൽ തലയാട്ടിക്കൊണ്ട് സംശയത്തോടെ എന്നെനോക്കിക്കൊണ്ട് പറഞ്ഞു.

“നിന്റെ കൂർക്കംവലി കേട്ടപ്പോളല്ലേ ഞാൻ പറഞ്ഞത്”..

എന്റെ നട്ടെല്ലിനുള്ളിലൂടെ ഒരു കുളിർ പാഞ്ഞുകയറി ,ചെവിക്കുള്ളിൽ വന്നു തരിച്ചുണർന്നു. ഒന്നും സംസാരിക്കാൻ കഴിയാതെ ഞങ്ങളിരുവരും പരസ്പരം നോക്കിക്കൊണ്ടിരുന്നു. പെട്ടന്നാണ് വാതിലിൽ മുട്ട് കേട്ടത്. അവളെന്റെ കൈകൾ മുറുക്കെപ്പിടിച്ചു..

“സുറുമിയാണ്.. വാതിൽ തുറക്കു നിത”..

ആശ്വാസത്തോടെ രമ്യ പോയി വാതിൽ തുറക്കും മുന്നേ സുറുമി ഉള്ളിലേക്ക് ഊളിയിട്ടു കഴിഞ്ഞിരുന്നു.കയ്യിൽ ചുരുട്ടിപ്പിടിച്ച ബെഡ്ഷീറ്റുമായി അവൾ കട്ടിലിൽ കേറി വിളറിയ മുഖത്തോടെ തളർന്നിരുന്നു.

“രഞ്ജിനി എവിടെ?”

“വന്നില്ല..അവിടെ റൂമിൽ ആരോ ഒരാൾ കൂടിയുണ്ട്..പക്ഷെ ഒന്നും കാണുന്നില്ല.?എത്ര വിളിച്ചിട്ടും അവൾ വന്നില്ല..?അവൾക്കും ഫീൽ ചെയ്യുന്നുണ്ട് . എന്നിട്ടും..”

നടുങ്ങിത്തരിച്ചു ഞാനും രമ്യയും കണ്ണിൽക്കണ്ണിൽ നോക്കി നിശബ്ദരായി ഇരുന്നു.. ആലോചനയോടെ സുറുമി തുടർന്നു

“പിന്നെ ആലോചിച്ചപ്പോ അവൾക്ക് വരാനാവില്ലെന്നുള്ളതാവും സത്യമെന്നു തോന്നി.അതാ ഞാൻ ഒറ്റയ്ക്ക് വന്നത്”

ഒരുനിമിഷം എന്റെ മനസും ആർദ്രമായി.. നാട്ടിലുള്ള അനിയത്തിക്കുട്ടിയും ഞാനുമാണ് ഈ സ്ഥാനത്തെങ്കിൽ… അവളെന്നെ ഭയപ്പെടില്ല…ഉറപ്പു…

“നമുക്ക് കിടക്കാം”..

രമ്യ കിടക്കയുടെ അരികിലേക്ക് നീങ്ങിക്കിടന്നു.അവളോട് പറ്റിച്ചേർന്നു സുറുമിയും. ഞാനൊറ്റയ്ക്ക് കിടക്കുന്ന സിംഗിൾ ബെഡിലാണ് ഇന്ന് മൂന്ന് പേര്.?ഞാനും ഒരരികിലായി ചേർന്നുകിടന്നു.

“ലൈറ്റ് ഓഫാക്കണ്ട..”

സുറുമി പതുക്കെ പറഞ്ഞു. രമ്യ തലതിരിച്ചെന്നെനോക്കി?പിന്നെ തളർച്ചയോടെ പറഞ്ഞു..

“ജനറേറ്റർ ആണ്. മാഡം മുകളിൽ നിന്ന് നോക്കുന്നുണ്ടാവും”..

മനസില്ലാമനസോടെ അവൾ പതുക്കെ കൈനീട്ടി സ്വിച്ച് ഓഫ് ചെയ്തു.. പുറത്തു മഴ കനത്തു പെയ്യുന്നുണ്ടായിരുന്നു. വീശിയടിക്കുന്ന കാറ്റിൽ ഇളകിയാടുന്ന മരച്ചില്ലകൾ മിന്നൽവെളിച്ചത്തിൽ രാക്ഷസരൂപികളെ അനുസ്മരിപ്പിച്ചു. ഞങ്ങൾ പരസ്പരം ഇറുകെപ്പുണർന്നു കണ്ണുകളടച്ചു കിടന്നു.

മിനിറ്റുകൾ മണിക്കൂറുകൾക്ക് വഴിമാറി.?എത്രനേരമായി കണ്ണുകളടച്ചു കിടക്കുന്നുവെന്നറിയില്ല.. അതോ ഒന്നുറങ്ങിത്തെളിഞ്ഞതാണോ… സുറുമിയുടെ പേടിച്ചരണ്ട ശബ്ദമാണ് മയക്കത്തിൽ നിന്നുണർത്തിയത്.. സുറുമിയും രമ്യയും കിടക്കയിൽ കെട്ടിപ്പുണർന്നിരിപ്പുണ്ട്.ജനൽഗ്ലാസിന് നേർക്കാണ് നോട്ടം. എന്റെ അനക്കം തിരിച്ചറിഞ്ഞാവാം സുറുമി എന്നെ ചേർത്തുപിടിച്ചു. അവളുടെ നിറഞ്ഞൊഴുകുന്ന കണ്ണുകളും വിയർത്തൊഴുകിയ മുഖവും എന്നെ കൂടുതൽ പരവശയാക്കി. ഞാനും ജനലിന് നേർക്ക് മുഖം തിരിച്ചു.

എനിക്കെന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. നെടുനീളത്തിൽ അതിനൊത്ത വീതിയുള്ള മനുഷ്യരൂപത്തിന്റേതുപോലെ തോന്നിപ്പിക്കുന്ന ഒരു നിഴലായിരുന്നു പുറത്തു. അത് ഒഴുകിനീങ്ങുംപോലെ പതുക്കെ ചലിക്കുന്നുണ്ടായിരുന്നു. ഓരോ രോമകൂപങ്ങളിലും ഭയം പടർന്നുകയറി അത് തൊണ്ടയിൽ വന്നടയുന്നത് ഞാനറിയുന്നുണ്ടായിരുന്നു. അലറിക്കരയാൻ
തോന്നുന്നുണ്ടെങ്കിലും അദൃശ്യമായൊരു ശക്തി എന്റെ തൊണ്ടക്കുഴിയിൽ കൈവച്ചമ ർത്തിയതുപോലെ.

പെട്ടന്നാണ് സുറുമി കുഴഞ്ഞുവീണത്. ബോധമറ്റുകിടക്കുന്ന അവളെ ചേർത്തുപിടിച്ചു ഞങ്ങൾ തലയുയർത്തിനോക്കിയപ്പോൾ ആ നിഴൽ… അതവിടെയുണ്ടായിരുന്നില്ല… ഹോസ്റ്റൽ മതിലിനപ്പുറെയുള്ള സെമിത്തേരിയിലെ വലിയ കുരിശുകളുടെ മുകൾഭാഗം മാത്രം മിന്നൽ വെളിച്ചത്തിൽ തെളിഞ്ഞുനിന്നു. ആ ഇരുട്ടിൽ ഒന്നെണീക്കുവാനോ ലൈറ്റിട്ട് ബോധരഹിതയായ സുറുമിയെ ഒന്ന് നോക്കുവാനോ ഉള്ള ശേഷിയില്ലാതെ ഞങ്ങളും തളർന്നിരുന്നു.

എത്രനേരമെന്നറിയില്ല… വാതിലിൽ തുടർച്ചയായി ആരോ മുട്ടുന്ന ശബ്ദമാണ്മ രവിച്ച ശരീരത്തെയും മനസിനെയും ഞെട്ടിച്ചുണർത്തിയത്. ഭയത്തോടെ രമ്യ എന്റെ വിരലുകളെ ഞെരിച്ചമർത്തി.

“രമ്യ, സുറുമി,നിതാ.. മാഡം വിളിക്കുന്നു”

മരുഭൂമിയിലെ നീരുറവ പോലെയാണ്സ രോജിനിച്ചേച്ചിയുടെ ശബ്ദം ഞങ്ങൾക്ക് തോന്നിയത്. ഒറ്റയോട്ടത്തിനു ഞാൻ ഡോർ ലോക്ക് മാറ്റി. രമ്യ ലൈറ്റ് ഓൺ ചെയ്തു കൂജയിൽനിന്നു വെള്ള മെടുത്തു സുറുമിയെ കുടിപ്പിക്കുകയായിരുന്നു അപ്പോൾ..

രഞ്ജിനിയുടെ റൂമിലേക്കാണ് സരോജിനി ചേച്ചി ഞങ്ങളെ കൊണ്ടുപോയത്. വാതിൽക്കൽവച്ചേ കാണാമായിരുന്നു കൈകെട്ടി കറുത്ത മുഖം ഒന്നുകൂടി കറുപ്പിച്ചു കലിതുള്ളി നിൽക്കുന്ന മാഡത്തെ.. സുറുമിയെ കണ്ടതോടെ ശബ്ദം കുറച്ചാണെങ്കിലും അട്ടഹസിച്ചുകൊണ്ട് അവർ ഞങ്ങളുടെ നേർക്ക് ചാടിവീണു.

“കൂട്ടുകാരിക്ക് കാമുകന് കിടക്കവിരിക്കാനുള്ള സൗകര്യത്തിനു വേണ്ടി നീ മാറിക്കൊടുത്തതാണല്ലേ?..?ഇതൊരു അച്ചടക്കമുള്ള ഹോസ്റ്റലാണ്ക ണ്ട അഴിഞ്ഞാട്ടക്കാരികൾക്ക് ആണുങ്ങളെ വിളിച്ചുകയറ്റാനുള്ളതല്ല”…

പിന്നീടങ്ങോട്ട് അവരുടെ ശബ്ദം ഉയർന്നും താഴ്ന്നും ആ മുറിയിൽ മുഴങ്ങിക്കൊണ്ടേയിരുന്നു. ഒന്നും മനസിലാകാതെ ഞങ്ങൾ ചുറ്റും നോക്കി. മുറിയുടെ മൂലയിൽ രഞ്ജിനി തലകുനിച്ചു നിൽക്കുന്നുണ്ട്. അവളുടെ പുറകിലായി ജീൻസ് മാത്രമിട്ട് നിൽക്കുന്ന ഇരുനിറത്തിൽ നല്ല ഉയരമുള്ള ഒരു യുവാവ്..

ഒറ്റനിമിഷം കൊണ്ട് എനിക്ക് കാര്യം മനസിലായി. ഞാനൊരു ഞെട്ടലോടെ സുറുമിയെയും രമ്യയെയും നോക്കി. അവരും അവനെ തുറിച്ചുനോക്കി ഇപ്പോൾ വീഴുമെന്ന മട്ടിൽ നിൽപ്പാണ്. അവന്റെ പുറകിലായി ചുവരിൽ ബൈക്ക് യാത്രക്കാർ ഉപയോഗിക്കുന്ന റെയിന്കോട്ട്
തൂക്കിയിട്ടുണ്ടായിരുന്നു. എനിക്ക് ചിരിക്കണോ കരയണോ എന്ന് പെട്ടന്ന് മനസിലായില്ല. മേട്രന്റെ ചീത്തപറയുന്ന മുഖത്തേക്ക് നോക്കി ഒരു വിഡ്ഢിയെപ്പോലെ ഞാൻ പുഞ്ചിരിച്ചു.

ഉച്ചയോടെ എത്തിച്ചേർന്ന അച്ഛനൊപ്പം പെട്ടിയും കിടക്കയുമായി കാറിൽ കയറിപ്പോകുന്ന രഞ്ജിനിയെ നോക്കി സുറുമി പതുക്കെ പറഞ്ഞു.

“എന്നാലുമെന്റള്ളോ.. ന്താ ആ കുരുപ്പിന്റെ ഒരഭിനയം.,ന്റുമ്മാന്റെ ഭാഗ്യത്തിന് ഇന്നലെ ഞാൻ പേടിച്ചു ചത്തില്ല.. ഓൾടെയൊരു ഓജോബോഡും ഒലക്കേടെ മൂടും.. കള്ളഹിമാറ്”..

രമ്യ എന്നെനോക്കി ഒരു കള്ളച്ചിരിയോടെ പറഞ്ഞു.

“ഓൾക്ക് മ്മളോടൊരു വാക്ക് പറഞ്ഞാൽ പോരായിരുന്നോ..ഇക്കണ്ട ലഹളയുടെ ഒക്കെ വല്ല കാര്യവുമുണ്ടായിരുന്നോ?”

ഞാനറിയാതെ ഒരു ചെറിയ ചിരി എന്റെ ചുണ്ടിലേക്ക് ഊറിവന്നു. ഞങ്ങൾ മൂവരും പരസ്പരം നോക്കി പുഞ്ചിരിച്ചു. പതുക്കെ പിന്നീടതൊരു പൊട്ടിച്ചിരിയ്ക്ക് വഴിമാറി.

Related Posts

Leave a Reply

Your email address will not be published. Required fields are marked *