മോട്ടേന്ന് വിരിഞ്ഞില്ലല്ലോടാ അതിന് മുന്നേ പെമ്പിള്ളേരെ പി ഴപ്പിക്കാൻ നടക്കുന്നോ “‘നീട്ടിയ കയ്യിലേക്കും പിന്നെ കാലിലും……

ഒരിക്കൽ കൂടി ആ ഒറ്റയടിപ്പാതയിലൂടെ

Story written by Sebin Boss J

”സാറെ ഇവിടം വരെ ഉള്ളൂ കേട്ടോ . അങ്ങേക്കവലക്ക് പോകാനാളില്ല . സാറൊരുകാര്യം ചെയ്യാമോ . ദേ കടയുടെ മുന്നിൽ ട്രിപ്പ് ജീപ്പ് കാണും . അതിൽ പൊക്കോളാമോ ?”

നീട്ടിയ അൻപതുരൂപയുമായി നിൽക്കുന്ന കണ്ടക്ടറെയാണ് വാസുദേവൻ കണ്ണുതുറന്നപ്പോൾ കണ്ടത് .

സമയം ആറുമണി ആകുന്നു . വാസുദേവൻ ബസിന് പുറത്തേക്ക് നോക്കി . ആൽത്തറക്ക് മുന്നിലെ കെട്ടിൽ മൂന്നാലാളുകൾ ഇരുന്ന് വർത്തമാനം പറയുന്നുണ്ട് . ബസിൽ ആരുമില്ല .എല്ലാവരും ഇറങ്ങിയിരിക്കുന്നു

“‘ഞാൻ പൊക്കോളാം “‘ തുണിസഞ്ചിയും തോളിലിട്ട് വാസുദേവൻ എഴുന്നേറ്റു ഡോറിനരികിലേക്ക് നീങ്ങി .

“‘സാറേ ..ജീപ്പിന് പൊക്കോ . “‘ കണ്ടക്ടർ വീണ്ടും അൻപത് രൂപ നീട്ടി .

“‘ നൂറ്റിയിരുപതു രൂപാ ടിക്കറ്റിന് നിങ്ങൾ അൻപതുരൂപ തിരിച്ചു തരുന്നോ. വേണ്ടാ “” വാസുദേവൻ പുഞ്ചിരിച്ചു .

“‘ ഇതിവിടെ സ്ഥിരമാ സാറെ . ഡീസൽ ചാർജ് നോക്കുമ്പോ ഒന്നോ രണ്ടോ പേരെ ഉള്ളെങ്കിൽ ട്രിപ്പ് ജിപ്പിനാളെ കയറ്റിവിടുന്നതാ ലാഭം . ജീപ്പ് സാധാരണ ഉണ്ടാവാറില്ല . ഇത് ഞങ്ങടെ ട്രിപ്പും പ്രതീക്ഷിച്ചിരിക്കുന്നതാണ് . സാറ് കണ്ടില്ലേ ..ഇവിടംവരെയും ആളുകളില്ല . പെർമിറ്റ് മാമലക്കണ്ടത്തിനെ കിട്ടൂ .അതുകൊണ്ടെടുത്തതാ “‘

”ഹ്മ്മ് ..സാരമില്ല .. ഞാൻ പൊക്കോളാം “”‘ വാസുദേവൻ ബസിൽ നിന്നിറങ്ങി ആൽത്തറയുടെ അരികിലൂടെ മൂന്നായിത്തിരിയുന്ന സ്ഥലത്തേക്കെത്തി . നേരെ പോകുന്നത് മാമലക്കണ്ടത്തിനാണ് . ഇടത്തേക്കും വലത്തേക്കും ഉള്ള ഒറ്റയടിപ്പാതയെക്കാൾ കഷ്ടിച്ച് ഒരുബസിന് കയറിപോകാവുന്ന വീതിയുള്ള മാമലക്കണ്ടത്തേക്കുള്ള റോഡിൽ എന്നോ ചെയ്ത ടാറിംഗിന്റെ ബാക്കിപത്രങ്ങൾ കാണാം .

“” മാമലക്കണ്ടത്തിനാണോ ?” ബസും പ്രതീക്ഷിച്ചരുന്ന ജീപ്പ്കാരൻ അടുത്തെത്തി ചോദിച്ചു .

“‘അല്ല “” അല്ലെന്ന് പറയാൻ ആലോചിക്കേണ്ടിവന്നില്ല . അവിടെയാരിരിക്കുന്നു .

ജീപ്പുകാരൻ നിരാശയോടെ വണ്ടി സ്റ്റാർട്ട് ചെയ്തു . രണ്ടോ മൂന്നുപേരേയുള്ളൂ ജീപ്പിൽ .

ആൽത്തറയിലിരിക്കുനിന്നവരുടെ സൂഷ്മതയുള്ള കണ്ണുകൾ പതിയുന്നത് അവഗണിച്ച് വാസുദേവൻ വെളിച്ചം പൊഴിക്കുന്ന കടയിലേക്ക് നടന്നു.

തെക്കേലെ രഘൂന്റെ അനിയൻ ദത്തനല്ലേ അത് ? അവന്റെ അതേ ഛായയുണ്ട് ”’

“‘ഹേയ് … നമ്മുടെ രാജീവന്റെ അളിയൻ രമേശനാ അത് . ഇടക്കൊക്കെ വരുന്നത് കാണാം ”’

“” അത് സിറിയക്ക് മുതലാളീടെ മകൻ പൊറിഞ്ചുവാ . കഞ്ചാവ് .. നാട്ടിലെന്തേലും വയ്യാവേലിയുണ്ടാക്കീട്ട് വരുന്ന വരവാ . ജീപ്പെന്തിയെ പോലും ?”’

””കോലോത്തെ ലക്ഷ്മിയേടത്തീടെ മോൻ വാസുദേവൻ ആകുമോ ?”

“‘ഏത് ..ആ നാടുവിട്ടവനോ ? അവൻ ചത്തെന്നല്ലേ പറഞ്ഞുകേട്ടത് ?”’

ആളുകൾ അടക്കം പറയുന്നതും കേട്ട് വാസുദേവൻ കടയിലേക്ക് കയറി .

പഴമയുടെ സാക്ഷ്യപത്രമെന്നോണം അഴുക്കുപിടിച്ച ചില്ല് ഭരണിയിൽ പപ്പടവടയും കടലമിട്ടായിയും ഒക്കെ നിരത്തിവെച്ചിരിക്കുന്നു . തൂക്കി ഇട്ടിരിക്കുന്ന പഴക്കുലയിൽ പാതിയും കറുത്തുപോയിട്ടുണ്ട് .

“‘ ചേട്ടാ ..ചായയുണ്ടോ ?”’ ആരെയും കാണാത്തതിനാൽ വാസുദേവൻ നീചായക്കടക്കുള്ളിൽ , പുറകിൽ തറനിരപ്പിൽ നിന്നൽപം താഴെയായുള്ള അടുക്കളയിലേക്ക് ചെന്നുചോദിച്ചു .

“‘ ഏഹ് !! ആരാ .. വരുവാ കേട്ടോ .. പാലുതീർന്നു . കട്ടൻചായ വല്ലതും മതിയോ ?”’ അസമയത്ത് പതിവില്ലാതെ ഒരപരിചതനെ കണ്ടതും നാളെത്തേക്കുള്ള മാവാട്ടിക്കൊണ്ടിരുന്ന സ്ത്രീ കയ്യിൽ പറ്റിയ മാവ് ഒരു തോർത്തിൽ തൂത്തിട്ട് എണീറ്റു .

“‘ ഊണുണ്ടോ ?”’ വിറകടുപ്പിന് മുകളിൽ തിളയ്ക്കുന്ന കരിപിടിച്ച അലുമിനിയംകലത്തിലേക്ക് നോക്കിയാണയാൾ ചോദിച്ചത്

“‘അയ്യോ .. ഇത് ഞങ്ങക്കുള്ളതാ ..സാറിരിക്ക് . ഞാൻ കട്ടനിടാം . ചെറുകടീം പഴവും ഉണ്ട് തിന്നാൻ “‘

വാസുദേവൻ ഉള്ളിലെ ആടുന്ന ബെഞ്ചിലിരുന്നു . നല്ല വിശപ്പുണ്ട് . രാവിലെ റെയിൽവെസ്റ്റേഷനിൽ നിന്നും ഒരു ചായയും വടയും കഴിച്ചു ബസിൽ കയറിയതാണ് .

“‘ പപ്പടവടയെടുക്കണോ സാറെ . പഴവും കൂട്ടിക്കഴിക്കാം . നാലുമണി പലഹാരം കഴിഞ്ഞാൽ വേറൊന്നുമില്ല . അല്ലേലും ഉച്ചയൂണിനും ആളുകുറവാ . എസ്റ്റേറ്റിലെ കങ്കാണിമാരോ കാണാൻ വരുന്നവരോ മറ്റോ ഉണ്ടാകാറുള്ളൂ . പണിക്കാർ ക്കൊക്കെ ഇപ്പോളവിടെയാ വെച്ചുവിളമ്പ് “‘ പഴകിയ തോർത്തുകൊണ്ട് ദേഹം തുടച്ച് മെലിഞ്ഞ പ്രായമുള്ളൊരാൾ വാസുദേവനടുത്തേക്ക് വന്നു .

“‘ സ്‌കൂളിലെ മാഷുമാരൊന്നുമില്ലേ ഇപ്പോൾ ?”

വാസുദേവൻ ചായക്കടക്കെതിരെയുള്ള ചെറിയ കുന്നിൽ കാണുന്ന പഴയ ഓടിട്ട കെട്ടിടത്തിലേക്ക് നോക്കി ചോദിച്ചു

“‘സ്‌കൂളൊക്കെ അടച്ചുപൂട്ടി സാറേ . സാറിവിടെ പഠിപ്പിച്ചിട്ടുള്ള ആളാണോ . അത്രയോർമകിട്ടുന്നില്ല .സാറിന് വേണേൽ ഞങ്ങൾക്കുണ്ടാക്കിയ ചോറിൽ കൂട്ടൽപം തരാം . കറിയൊക്കെ കണക്കാണെന്നേ ഉള്ളൂ . രമണീ … സാറുമുണ്ട് ഇന്ന് അത്താഴത്തിന് ” അയാൾ അടുക്കളയിലേക്ക് നോക്കി പറഞ്ഞു

“‘ മുകളിലാരും താമസക്കാരില്ലേ ദാമുവേട്ടാ “‘

”അയ്യോ .. മാഷുമ്മാരോന്നും ഇപ്പോളില്ലല്ലോ . സാറിവിടെ പഠിപ്പിച്ചിട്ടുള്ളതാ അല്ലെ ..പേരെന്നാ . മറന്നുപോയി .. വയസ്സായില്ലേ ?”’.പേര് വിളിച്ചപ്പോൾ ദാമു അമ്പരന്ന് പോയി . തോളിലെ തോർത്തെടുത്തു തെരുപ്പിടിച്ചുകൊണ്ട് ദാമു വിനയം പ്രകടിപ്പിച്ചു .

“‘ഇന്നൊരു ദിവസത്തേക്ക് എനിക്കിവിടെ താമസിക്കാൻ പറ്റുമോ ? അത്താഴവും വേണം “‘ വാസുദേവൻ അഞ്ഞൂറിന്റെ രണ്ടു നോട്ടുകൾ ദാമുവിന് നേരെ നീട്ടി .അയാളുടെ കണ്ണുകൾ വിടർന്നു

“‘അയ്യോ .. ഒരെണ്ണം മതി .അത് തന്നെ ധാരാളമാ . രമണീ ഉണക്കമീൻ വല്ലതും ബാക്കിയുണ്ടോന്ന് നോക്കിക്കേടി . സാറെ കറിയൊന്നുമില്ല . ഉച്ചയൂണിന് വളർത്തുമീൻ ഉണ്ടാകും . എസ്റ്റേറ്റിലെയാ . ഇനിയവർ നാളെയല്ലേ കൊണ്ടുവരൂ . സാറിന് കുളിക്കണേൽ പുറകില് കിണറുണ്ട് . കുളിച്ചിട്ടു വരുമ്പോഴേക്കും ഞാൻ മുകളിലൊന്ന് തൂത്തുതുടച്ചിടാം “”

തടി കൊണ്ടുള്ള മച്ചിലേക്ക് നോക്കി ദാമു പറഞ്ഞു .

“‘ ടോർച്ചോ മറ്റോ ഉണ്ടേൽ തന്നാൽ മതി . ഞാൻ ആറ്റിൽ പോയി കുളിച്ചോളാം . കറിയൊന്നും വേണ്ട ദാമുവേട്ടാ ,ഇച്ചിരി മോരും കാന്താരിയും ധാരാളം “‘

“‘ശ്ശൊ ..അപ്പോൾ ഇവിടെ പഠിപ്പിച്ചിരുന്ന സാറല്ല . മോനേതാ .. ഇവിടെയെവിടെ വന്നതാ “”

“‘അങ്ങനെ പറഞ്ഞാൽ അറിയുമോന്ന് അറിയില്ല . ഞാൻ വാസുദേവൻ . ഗംഗാധരൻ മാഷിനെയൊന്ന് കാണാൻ വന്നതാ ഇവിടെ “”

“‘ ലക്ഷ്മിയേടത്തീടെ .. മകൻ “” ദാമു പിറുപിറുത്തു .

“‘ മോനെ .. ഗംഗാധരൻ മാഷിനെ … അയാളോടൊന്നും പറയണ്ട മോനെ ..അയാൾക്കുള്ളത് ദൈവം കൊടുത്തു . കല്യാണി ഇപ്പോൾ കൽക്കട്ടയിലെ ങ്ങാണ്ടൊ ആണ് . ഇങ്ങോട്ട് വരാറേയില്ല.”’

“” മാഷിന്റെ മോനും ഭാര്യയുമൊക്കെ “”

“‘ ഭാര്യ മരിച്ചുപോയി . മോൻ പുറത്തെങ്ങാണ്ടാണ് . അവനും തിരിഞ്ഞു നോക്കാറില്ല . നിങ്ങടെ അടുക്കളക്കാരി വിലാസിനിച്ചേച്ചീടെ മോള് ജയന്തിയാണ് സാറിനൊള്ള ഭക്ഷണമൊക്കെ കൊടുക്കുന്നെ . ജയന്തിയെ അറിയൂല്ലോ അല്ലെ ?”’

“”ഊം “‘ വാസുദേവൻ ഇരുത്തിയൊന്ന് മൂളിയിട്ട് ദാമു നീട്ടിയ ടോർച്ചും സഞ്ചിയിൽ നിന്ന് ടർക്കിയുമെടുത്തു പുറത്തേക്ക് നടന്നു .

ശവം നാറി പൂക്കളും ചെമ്പരത്തിയും കൊങ്ങിണിയും വളർന്നു നിൽക്കുന്ന ഒറ്റയടിപ്പാതയിലൂടെ താഴേക്ക് നടക്കുമ്പോൾ ദാമുവേട്ടൻ പറഞ്ഞ കാര്യങ്ങൾ അയാൾ മനസ്സിലിട്ട് കൂട്ടിയും കുറച്ചും നോക്കി .

പകരം വീട്ടാനാണോ താൻ വന്നത് ? അങ്ങനെയെങ്കിൽ സാറിനുള്ള പകരം വീട്ടൽ നടത്തിയത് ജയന്തിയല്ലെ ?

”’നീട്ടടാ കൈ … തെ മ്മാടി..പഴയ നാട്ടുപ്രമാണിയാണെന്നുള്ള അഹങ്കാരം കൊണ്ട് വന്നേക്കുന്നോ . അതൊക്കെ പണ്ട് . മോട്ടേന്ന് വിരിഞ്ഞില്ലല്ലോടാ അതിന് മുന്നേ പെമ്പിള്ളേരെ പി ഴപ്പിക്കാൻ നടക്കുന്നോ “‘നീട്ടിയ കയ്യിലേക്കും പിന്നെ കാലിലും പുറത്തുമൊക്കെ ഗംഗാധരൻ മാഷിന്റെ ചൂരൽ പതിക്കുമ്പോൾ സ്‌കൂളിലെ ക്‌ളാസ് മുറികളിൽ നിന്ന് അനേകം കണ്ണുകൾ ഉയരുന്നുണ്ടായിരുന്നു .

ജയന്തി വിമ്മിക്കരഞ്ഞുകൊണ്ടോടാൻ തുടങ്ങിയപ്പോൾ സാർ അവളെയും പിടിച്ചു നിർത്തി . കളറുമങ്ങിയ പാവാടച്ചുരുട്ടിപ്പിടിച്ചു കാൽവണ്ണയിലേക്ക് ചൂരൽ പതിക്കുമ്പോഴും ജയന്തി തന്റെ തന്റെ കയ്യിലെ ചുവന്നു തിണിർത്ത ചൂരൽപാടുകളിലേക്കാണ് നോക്കിയത്

”’ കീഴ്പ്പെട്ടു ജീവിക്കുന്നതും അടിയാനും ജന്മിയുമൊക്കെ അങ്ങുവീട്ടില് . സ്‌കൂളിലിതൊന്നും പറ്റുവേല ..ഡാ ചെറുക്കാ . നിന്റമ്മേനെ വിളിച്ചോണ്ട് വന്നാൽ മതി നാളെ . നിന്റെ കാർന്നോന്മാരുടെ സ്വഭാവം കൊണ്ടിങ്ങോട്ട് വന്നേക്കരുത് “”

ലിം ഗഭേ ദം വന്നതെന്ന് മുതലാണ് ? . ഓർമവെച്ച നാൾ മുതൽ കാണുന്നതാണ് വിലാസിനിചേച്ചീയേയും ജയന്തിയേയും . കളരി മുതൽ ഇതുവരെയും ഒരുമിച്ചാണ് വളർന്നതും പഠിച്ചതും . പറമ്പിന്റെ അങ്ങേയറ്റത്തുള്ള ഓലക്കുടിലിൽ നിന്ന് തൊണ്ടുകയറി ജയന്തി വരുമ്പോൾ ഇടവഴിയിൽ കമ്മ്യുണിസ്റ്റ് പള്ള ഒടിച്ചിട്ടിട്ടുണ്ടാകും . അതുകാണുമ്പോൾ ഒറ്റയോട്ടമാണ് . ഒന്നരമൈൽ ദൂരത്തിലുള്ള സ്‌കൂളിലേക്ക്, പിന്നെ അവിടുന്നുമിവിടുന്നും പിള്ളേർ ചേരും . സ്‌കൂളിലേക്ക് കയറുന്നതിന് മുന്നേ ആരും കാണാതെ വാഴയിലയിൽ പൊതിഞ്ഞ കാച്ചിലും ചേമ്പും കാന്താരിച്ചമ്മന്തിയും തന്നിട്ടവൾ സ്‌കൂളിലേക്ക് കയറും .

ജന്മികളായിരുന്ന അച്ഛനും മുത്തശ്ശനും ധൂർത്തടിച്ചതിന്റെ പരിണിതഫലമായി സ്ഥലം വിറ്റും കടം മേടിച്ചും തറവാട് കുത്തുപാളയെടുത്തപ്പോൾ പഴയ വിധേയത്വത്തിന്റെ സ്നേഹം കാണിച്ചത് വിലാസിനിച്ചേച്ചി മാത്രം . ക്ഷയിച്ച തറവാട്ടിൽ ബാക്കിയുള്ളത് ആസ്മയുടെ ആധിപത്യം പേറുന്ന അമ്മയും ഒരു പശുവും തൊഴുത്തും മാത്രം . വിലാസിനിച്ചേച്ചിയുടെ അപ്പുറത്തായി കുടികിടപ്പവകാശം ലഭിച്ച തറവാട്ടിലെ പഴയ കാര്യസ്ഥൻ നാരായണന്റെ മകൻ ഗംഗാധരൻ മാഷ് എന്തിനാണ് തന്നോടിത്ര ക്രൂരമായി പെരുമാറുന്നതെന്നറിയില്ലായിരുന്നു . ഓർമ വെക്കും മുൻപേ കുടിച്ചുമരിച്ച അച്ഛൻ കാര്യസ്ഥന്റെ വീട്ടുകാരോട് ചെയ്ത വല്ല തെറ്റിന്റെയോ ക്രൂരതയുടെയോ പകയാവാം സ്‌കൂളിൽ മാഷായി വന്നപ്പോൾ പഴയ ജന്മിയുടെ മകനോട് തീർക്കുന്നത് .

ക്‌ളാസിൽ താനെന്നും ഒന്നാമതായിരുന്നു . രണ്ടാമതായി കല്യാണി . ഗംഗാധരൻ മാഷിന്റെ മോൾ . ഇരുനിറമുള്ള സാറിന്റെ സ്വഭാവം വെളുത്തു മെലിഞ്ഞ ശാന്ത സ്വഭാവമുള്ള കല്യാണിക്കില്ലായിരുന്നു . തന്നെ വളരെ കാര്യമായിരുന്നു . വാലിട്ട് കണ്ണെഴുതിയ ആ മിഴികൾ എപ്പോഴോ തന്റെ ഹൃദയവും കവർന്നു . ജയന്തിയായിരുന്നു തങ്ങളുടെ കൂടിക്കാഴ്ചകൾക്കും സംസാരത്തിനും വഴിയൊരുക്കിയത് .

പത്താം ക്‌ളാസ്സ് പരീക്ഷക്ക് ഏതാനും ദിവസങ്ങൾക്ക് മുൻപാണ് അതുണ്ടായത് . വിലാസിനിചേച്ചിയോടൊപ്പം തങ്ങൾ മലബാറിലെ കമ്പനിക്ക് വിറ്റ എസ്റ്റേറ്റിൽ പണിക്ക് പോയിരുന്നതിനാൽ അന്ന് ജയന്തി ഇല്ലായിരുന്നു . വീട്ടിലെ പട്ടിണിയും ജയന്തി തനിക്ക് പൊതിച്ചോറ് തരുന്നതും സ്‌കൂളിൽ കല്യാണിക്ക് മാത്രമറിയാമായിരുന്നു . അതുകൊണ്ടാവും ജയന്തിയില്ലാത്തതിനാൽ അന്ന് കല്യാണി പൊതിച്ചോറ് സ്‌കൂളിലേക്ക് കയറും മുൻപേ ആരും കാണാതെ തന്നത് .

വരാന്തയിൽ ഇരുന്ന് പൊതിച്ചോറഴിച്ചതേ വാട്ടിയ വാഴയിലയുടെ കൊതിപ്പിക്കുന്ന മണം പരന്നു . കുത്തരിച്ചോറും സാമ്പാറും മുട്ടപൊരിച്ചതും അവിയലും ചമ്മന്തിയും . വായിലൂറിയ വെള്ളം ഇറക്കവേ അമ്മയെയാണ് ഓർമവന്നത് . നാളുകളായി വായ്ക്കുരുചിയുള്ള ആഹാരം കഴിച്ചിട്ട് . ചുട്ടരച്ച തേങ്ങാച്ചമ്മന്തിയും പച്ചരിച്ചോറുമാണ് വീട്ടിലെന്നും . അമ്മയുടെ കാര്യമോർത്തിരിക്കവേ വരാന്തയിലൂടെ വന്ന ഗംഗാധരൻ മാഷിനെ കണ്ടില്ല . മുന്നോട്ട് നടന്നിട്ട് മാഷ് തിരികെവന്ന് ചൂരൽ കൊണ്ട് പൊതിച്ചോറ് തട്ടിനീക്കി

“‘എവിടുന്നാടാ ഇത് ?”’ ചൂരലിലേക്കും മാഷിന്റെ ഉണ്ടക്കണ്ണിലേക്കും നോക്കിയപ്പോൾ സത്യം പറയാതിരി ക്കാനായില്ല . മാഷിനും അതെ വിഭവങ്ങൾ തന്നെയാകുമല്ലോ . കാലുകൊണ്ട് പൊതിച്ചോറ് പുറത്തേക്ക് തൊഴിച്ചു തെറിപ്പിച്ചിട്ട് മാഷ് ഓഫീസിലേക്ക് അതിവേഗത്തിൽ നടന്നു . ബെല്ലടിക്കുന്നതിന് മുൻപേ വിളിവന്നു ഓഫീസിലേക്ക് . കയറിച്ചെല്ലുമ്പോൾ കണ്ണീരൊലിപ്പിച്ചിറങ്ങി വരുന്ന കല്യാണിയെയാണ് കാണുന്നത് . തിരിച്ചിറങ്ങുമ്പോൾ മുഖത്തുമാത്രമാണ് അടി കിട്ടാൻ ബാക്കിയുണ്ടായിരുന്നത് . സ്‌കൂളിൽ നിന്ന് പുറത്താക്കാൻ അതൊരു കാരണമല്ലാത്തതിനാൽ പുറത്താക്കിയില്ല . പക്ഷെ അധികനാൾ ആ സമാധാനത്തിനും ആയുസ്സുണ്ടായിരുന്നില്ല .

പതിവുപോലെ പൊതിച്ചോറ് കൈമാറുമ്പോഴാണ് ഗംഗാധരൻ സാറിന്റെ പിടിവീഴുന്നത് . തന്റെ മോൾക്ക് പകരം ജയന്തിയായിരുന്നതിനാൽ സാറിന്റെ ഒച്ചപൊങ്ങി . നാണക്കേടില്ലല്ലോ .സ്‌കൂളിന്റെ മുറ്റത്തു വെച്ചായതിനാൽ നാട്ടുകാരും കൂടി . അടിയാന്മാരുടെ കുടികളിലേക്ക് രാത്രിസഞ്ചാരം നടത്തിയിരുന്ന പിതാക്കന്മാരുടെ സൽപ്പേര് ഏക അവകാശിയായ തന്നിലും വീണു . നിലത്തു ചിതറിക്കിടക്കുന്ന വാഴയില പൊതിയിലെ കാച്ചിലും ചേമ്പുമൊക്കെ നാട്ടുകാർ കണ്ട നാണക്കേടിനെക്കാൾ വേദന, അപമാനം സഹിച്ചു നിൽക്കുന്ന ജയന്തിയായിരുന്നു . തന്റെ വയർ നിറയാനായി അപമാനം പേറിയവൾ .

അതേ തണുപ്പ് മാമലയാറിന് . ഒരു മാറ്റവുമില്ല . തണുത്ത വെള്ളത്തിൽ മുങ്ങിയപ്പോൾ ഓർമകളിൽ വെന്തുരുകിയിരുന്ന മനവും ശരീരവും തണുത്തു.

പത്താം ക്‌ളാസ് പരീക്ഷ കഴിയുന്നതിന്റെയന്ന് അമ്മ കൂടി പോയപ്പോൾ നാടുവിട്ടിരുന്നു .ഇരുപത്തിയഞ്ചു വർഷത്തിന് ശേഷം പിന്നെയിന്നാണ് ഈ നാട്ടിൽ . . ” ഇട്ടോ ചേച്ചീ . എനിക്കിപ്പഴുമിഷ്ടമാ ചേമ്പും കാച്ചിലുമൊക്കെ . ഒരു കാലത്ത് പട്ടിണിമാറ്റിയതിതൊക്കയല്ലേ”” ചേമ്പ് പുഴുങ്ങിയത് ചൂട് കഞ്ഞിയിലേക്കിടാൻ രമണി ചേച്ചിയൊന്ന് മടിച്ചപ്പോൾ പറഞ്ഞു .

തങ്ങളുടെയായിരുന്നു ഈ ചായക്കടയിരിക്കുന്ന കെട്ടിടവും സ്ഥലവുമെന്ന് അമ്മ പറഞ്ഞു കേട്ടിട്ടുണ്ട് . പിന്നീട് ചെറിയവിലക്ക് ദാമുവേട്ടന് വിറ്റതാണ് . നാട്ടിൽ വിലാസിനിച്ചേച്ചിയും ജയന്തിയും കഴിഞ്ഞാൽ അൽപം കൂറുകാണിക്കുന്നവരിൽ ഒരാളാണ് ദാമുവേട്ടനും .

മച്ചിനുപുറത്തെ കയറുകട്ടിലിൽ വിരിച്ച പുൽപ്പായയിൽ കിടക്കുമ്പോൾ മനസ്സിലേക്ക് പഴയ കാര്യങ്ങൾ പിന്നെയും തികട്ടിവന്നു .

നാടുവിട്ട് മദിരാശിയിലും പിന്നീട് ബോംബെയിലും . ചെന്നൈയിൽ പ്രെസ്സിലാണ് ചെന്നുപെട്ടത് . അവിടുന്ന് അച്ചടി മെഷീൻ പ്രവർത്തനം മുതൽ എഴുത്തുവരെ . വാരാന്ത്യ കോളങ്ങളിലെ സ്ഥിരം സാന്നിധ്യം അറിയപ്പെട്ടു തുടങ്ങിയപ്പോഴും മനസ്സിലോർമ്മ വന്നത് ഗംഗാധരൻ മാഷിനെയാണ് .

” പുതുമഴ നനഞ്ഞ ഒറ്റയടിപ്പാതയിലൂടെ ചാറ്റൽമഴ നനഞ്ഞു നിന്റെ കുടക്കീഴിൽ നിന്റെ വിരലുകളിൽ കൈകോർത്തു നടക്കണം . കൊറ്റിയും താറാവും നീന്തിത്തിമിർക്കുന്ന പാടവരമ്പിലൂടെ ഈചെളിമണ്ണിന്റെ ഗന്ധമേറ്റ് നിന്റെ മടിയിൽ കിടന്നുറങ്ങണം . “‘ കരിമഷി എഴുതിയ നീണ്ടു വിടർന്ന മിഴികളോർത്താണ് ആ വരികൾ എഴുതിയത് . പൊതിച്ചോറ് സംഭവത്തിൽ ഗംഗാധരൻ സാർ തന്റെ ഡയറിക്കുറിപ്പുകളും വലിച്ചുകീറിയപ്പോൾ ഇനിയെഴുതുന്നില്ലാ യെന്നോർത്തതാണ് . പിന്നീട് മുംബയിൽ എത്തി സ്വന്തം കാലിൽ നിൽക്കാവുന്ന അവസ്ഥയിലെ ത്തിയപ്പോൾ ഒരിക്കൽ കൂടി നാട്ടിലിലേക്ക് വരണമെന്ന് ആഗ്രഹിച്ചു . ഗംഗാധരൻ സാറിന്റെ മുന്നിൽ ചെന്ന് ആ കരിമഷിക്കണ്ണുള്ള പെണ്ണിനെ വിളിച്ചിറക്കണം . ഒരിക്കൽ കൂടി തന്നെയപമാനിച്ച ആ നാട് കാൺകെ ആ ഒറ്റയടിപ്പാതയിലൂടെ അവളുടെ കൈപിടിച്ച് നടക്കണം .

ആ മോഹം അധികനാൾ നീണ്ടുനിന്നില്ല . കല്യാണി പുറത്തെവിടെയോ പഠനത്തിനായി പോയെന്ന് നാട്ടുകാരിലൊരാൾ പറഞ്ഞറിഞ്ഞു . അവളില്ലാത്ത നാട്ടിലേക്ക് പോകാൻ തോന്നിയില്ല .

“‘ ആരാത് “”

പടിപ്പുരകേറിയപ്പോൾ വരാന്തയിലെ ചാരുകസേരയിൽ നിന്ന് മെലിഞ്ഞുണങ്ങിയ രൂപം എണീറ്റു .

ഗംഗാധരൻ മാഷ് !!

പിന്നെയും കറുത്തിരിക്കുന്നു . വീടാകെ പഴകിയിട്ടുണ്ട് . നാട്ടിലെയാദ്യത്തെ ഓടുമേഞ്ഞ വലിയ വീടായിരുന്നു .

“” വാസുക്കുഞ്ഞോ “” വാക്കുകളിൽ ഭവ്യത .മാഷിൽ നിന്നും പഴയ കാര്യസ്ഥന്റെ മകനിലേക്കുള്ള മാറ്റം

“” ഞാനൊരു കത്തിട്ടിരുന്നു . കിട്ടിയിട്ട് വന്നതാണോ ? എന്തോ പൊതിഞ്ഞു വന്ന കടലാസിലാണ് കുഞ്ഞിന്റെ എഴുത്ത് കണ്ടത് . പാത്രത്തിലേക്ക് എഴുതിയപ്പോൾ കിട്ടുമെന്നോർത്തില്ല . കുഞ്ഞിരിക്ക് . ഇവിടെ കുടിക്കാനൊന്നും … ജയന്തിമോൾ വരുന്നതേയുള്ളു .””

ജയന്തിമോൾ !!

അന്നം തരുന്നവൾ ഇപ്പോൾ മോളായിരിക്കുന്നു .

ദൈന്യത തുളുമ്പുന്ന മുഖത്ത് നോക്കി ഒന്നും പറയുവാൻ തോന്നിയില്ല. തിരിഞ്ഞു നടന്നു.

”വാസുക്കുഞ്ഞ് പോകുവാണോ?””

“” ഇല്ല ..രണ്ടുമൂന്നു ദിവസം ഇവിടെ കാണും.””

“”മോള്.. കല്യാണി ഇതുവരെ കല്യാണം കഴിച്ചിട്ടില്ല. നിങ്ങളത്രേം ഇഷ്ടത്തിലാണെന്നു ഞാനറിഞ്ഞില്ലായിരുന്നു””

“”ഊം “” തിരിഞ്ഞു നോക്കാതെ മുറ്റത്തിന് വെളിയിലിറങ്ങി നടന്നു.

ഒരാൾക്ക് നടക്കാവുന്ന നടപ്പ് വഴിയിലൂടെ കുത്തനെയുള്ള കയറ്റം കയറുമ്പോൾ ഒട്ടും മടുത്തില്ല. ആവേശമായിരുന്നു.

“”അമ്മേ… ആരാണ്ട് വന്നേക്കുന്നു”” കുത്തു കല്ല് കയറി മുറ്റത്തേക്ക് കാൽ വെച്ചപ്പോൾ, പൊളിഞ്ഞ വരാന്തയിൽ ഇരുന്ന് കല്ല് കളിക്കുകയായിരുന്ന പെൺകുട്ടി അകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞു. അതിന്റെയിളയത് ഏഴോ എട്ടോ വയസ് കാണും. നിക്കർ വലിച്ചു കയറ്റി സൈക്കിൾ ടയർ ഉരുട്ടിക്കൊണ്ടു മുറ്റത്തൂടെ നടപ്പുണ്ടായിരുന്നു.

“”ആരാ മോളെ ?””

ഒറ്റമുണ്ടും ബ്ലൗസുമിട്ടൊണ്ടിറങ്ങി വന്ന ജയന്തി മുന്നിൽ നിൽക്കുന്ന ആളെ കണ്ട് പരിഭ്രമിച്ചു.

വാസുവേട്ടൻ!!

മാറിന് മുകളിൽ കൈകൾ പിണച്ചുകൊണ്ടവൾ അകത്തേക്കോടി കയറി.

ഒരേ പ്രായം ആയിട്ടും തറവാട്ടിലെ അടുക്കളകാരിയായത് കൊണ്ടാവാം ജയന്തി പണ്ട് മുതലേ വാസുവേട്ടൻ എന്നായിരുന്നു വിളിച്ചിരുന്നെ.

“”മോളുടെ അച്ഛൻ?””

“” മരിച്ചു പോയി… വാസുവേട്ടൻ ഇരിക്ക്… കഴിച്ചോ വല്ലതും? ഇവിടെ പണ്ടുള്ളതൊക്കെയെ ഉള്ളൂ. “” നിറം മങ്ങിയ ഒരു തോർത്തു പുതച്ചു കൊണ്ട് ജയന്തി ഇറങ്ങി വന്നു വരാന്തയിൽ പുൽപ്പായ വിരിച്ചു.

“” മതി.. കൊതിയാണ് ചേമ്പും കാച്ചിലുമൊക്കെ. ആ രുചിയൊന്നും പിന്നീട് കിട്ടിയിട്ടില്ല ജയന്തീ. ബുദ്ധിമുട്ട് ഇല്ലെങ്കിൽ വാഴയില ഒന്ന് വാട്ടി അതിൽ എടുത്തോളൂ “”

വാസുദേവന്റെയും ജയന്തിയുടെയും കണ്ണുകൾ ഒരുമിച്ചു നിറഞ്ഞു .

“”എന്നാ തിരിച്ചു പോകുന്നത്.?””

“” രണ്ട് മൂന്ന് ദിവസം ഉണ്ടാകും.പോകുന്നതിന് മുൻപ് ഒന്ന് കൂടി വരും നിന്റെ ചേമ്പും കാച്ചിലും തിന്നാൻ.”” കൈ കഴുകി

ജയന്തിയുടെ തോളിൽ കിടന്ന തോർത്തിൽ കൈ തുടച്ചു കൊണ്ട് വാസുദേവൻ ചിരിച്ചു.

പോക്കറ്റിൽ നിന്ന് ഒരുപിടി നോട്ട് എടുത്തിട്ട് എന്തോ ആലോചിച്ചു അത് തിരികെയിട്ട് വാസുദേവൻ ഇറക്കമിറങ്ങി വന്ന വഴിയേ നടന്നു.

“”കുഞ്ഞ് വന്നോ… ഗംഗാധരൻ സാറിന്റെ മോൾ കല്യാണി വന്നിട്ടുണ്ട്. ഇവിടെ കേറിയിട്ടാണ് പോയത്. കുഞ്ഞ് വന്നാൽ ഒന്നത്രടം ചെല്ലാൻ പറഞ്ഞു””മൂന്നാല് ദിവസം കഴിഞ്ഞ് അന്തിക്ക് കടയിലേക്ക് വന്നു കയറിയ വാസുദേവനോട് ദാമു പറഞ്ഞു.

“”ഹമ്മ്.. ഞാൻ നാളെ ആദ്യത്തെ ട്രിപ്പിന് മടങ്ങും ദാമുവേട്ടാ .രാവിലെ പോകുന്ന വഴി സാറിനെ കണ്ടോളാം. കണക്കൊന്നും നോക്കണ്ട. പകരം ഒന്നുമാകില്ല നിങ്ങളുടെ സ്നേഹത്തിന്”” വാസുദേവൻ ഒരുപിടി നോട്ടെടുത്തു ദാമുവേട്ടന്റെ കയ്യിൽ പിടിപ്പിച്ചിട്ട് മച്ചിൻ പുറത്തേക്ക് കയറി.

“” മോളെ ..ദേ വാസുകുഞ്ഞ് .””

പുലർച്ചെ മുറ്റത്തേക്ക് കയറിയപ്പോൾ തന്നെ ഗംഗാധരൻ മാഷിന്റെ ആഹ്ലാദം നിറഞ്ഞ ശബ്ദം കേട്ടു.

“” ബോംബെയിലെ ഓഫീസിൽ ഞാൻ വിളിച്ചിരുന്നു. അപ്പോഴാണ് നാട്ടിലേക്ക് പോന്നെന്ന് അറിഞ്ഞത്”” ശബ്ദം കേട്ടാണ് തിരിഞ്ഞത്

കല്യാണി.

ആ വിടർന്ന കണ്ണുകളുടെ തിളക്കം ഒട്ടും കുറഞ്ഞിട്ടില്ല.

“”ഊം..””നീട്ടിയ ചായ മൊത്തിക്കൊണ്ട് മൂളി.

“” എനിക്ക് കൽക്കട്ടയിൽ ബാങ്കിലാണ് ജോലി .ബോംബേക്ക് മാറ്റം വേണേൽ കിട്ടും”” കല്യാണിയുടെ മുഖത്തെ തിളക്കം വാസുദേവൻ കണ്ടു.

“” സാറിന് ചൂടുവെള്ളം എടുത്തു വെച്ചിട്ടുണ്ട് കുളിക്കാൻ”” അകത്തുനിന്നും ജയന്തിയുടെ തല നീണ്ടു. തങ്ങൾക്ക് സംസാരിക്കാൻ അവസരം ഒരുക്കുന്നത് ആണെന്ന് വാസുദേവനു മനസിലായി.

“”നീയിവിടെയുണ്ടായിരുന്നോ ജയന്തീ… നന്നായി.””വാസുദേവൻ ചായ ഗ്ലാസ് വെച്ചിട്ട് എണീറ്റു.

” മാഷേ ..ഞാൻ ഇപ്പൊ തന്നെ മടങ്ങുവാണ് ബോംബെക്ക്. കൂടെ ജയന്തിയും പിള്ളേരും ഉണ്ടാകും””

“വാസുവേട്ടാ”

“”കുഞ്ഞേ””സാറിന്റെയും ജയന്തി യുടെയും അമ്പരന്ന ശബ്ദം അവഗണിച്ചയാൾ കല്യാണിക്ക് നേരെ തിരിഞ്ഞു

“” പെറ്റു വളർത്തിയ അമ്മയെയും അച്ഛനെ നോക്കാത്ത നീ എന്നെ നോക്കുമെന്ന് എന്തുറപ്പുണ്ട് കല്യാണി? . എനിക്ക് ഇഷ്ടമായിരുന്നു നിന്നെ. കരിമഷി എഴുതിയ ഈ കണ്ണുകൾ ഞാൻ സ്വപ്നം കണ്ടിരുന്നു. പക്ഷേ അതിനും മുകളിൽ എന്റെ വിശപ്പ് മാറ്റിയ, എനിക്ക് വേണ്ടി അപമാനം സഹിച്ച ജയന്തി , എപ്പോഴോ മനസ്സിൽ ഇടം പിടിച്ചിരുന്നു. ഒരിക്കലും ഇറങ്ങി പോകാനാവാത്ത വിധം. തന്റെ ഓർമയുറയ്ക്കും മുൻപേ മാതാപിതാക്കൾ പണിയെടുത്തിരുന്ന വീട്ടിലെ ചെറുക്കന് അന്നം തരാനായി ഇവൾക്കെന്തായിരുന്നു ബാധ്യത ? നമ്മുടെ കൂടിക്കാഴ്ചകളിൽ ഇവൾ കാവലായി നിക്കുമ്പോഴും ഈ മുഖത്ത് ഞാൻ കണ്ടത് നിറഞ്ഞ പ്രണയമോ ആരാധനയോ ആയിരുന്നു . തനിക്ക് അപ്രാപ്യമാണെന്നോർത്താവും ജയന്തിയത് മനസ്സിലൊളിപ്പിച്ചത് . മിന്നുന്നതെല്ലാം പൊന്നല്ല എന്ന് മനസ്സിലാക്കാൻ ഞാൻ വർഷങ്ങളെടുത്തു . കരിമഷിയെഴുതിയ നിന്റെയീ കണ്ണുകളേക്കാൾ തിളക്കം ഇവളുടെയീ കറുത്ത ശരീരത്തിനുള്ളിലെ വെണ്മയുള്ള മനസ്സിലുണ്ടെന്ന് ഞാനറിഞ്ഞു. അന്ന് തീരുമാനിച്ചതാണ് ഒരിക്കൽ കൂടിയീ നാട്ടിലേക്ക് വരണമെന്ന് . ഈ നാട്ടുവഴിയിലൂടെ എന്റെ കളിക്കൂട്ടുകാരിയുടെ കൈ പിടിച്ചൊരു വട്ടം കൂടി നടക്കണമെന്ന് ….””’

””’ മാഷിന്റെ കത്ത് കിട്ടിയിട്ടല്ല ഞാനിവിടെ വന്നത്. ജയന്തിയുടെ ഹസ്ബൻഡ് മരിച്ചത് പഴയ ഒരു കൂട്ടുകാരൻ പറഞ്ഞപ്പോഴാണ്. . ഒരു മകളുടെ കടമയാണ് ജയന്തി നിങ്ങൾക്കുവേണ്ടി ചെയ്തത് . അതിന് മുന്നിൽ കല്യാണിയുടെ കണ്ണീരൊരു ശാപമായി എന്നെ പിന്തുടരില്ലന്നറിയാം . ഞങ്ങളെ അനുഗ്രഹിക്കണം “””

“”ജയന്തീ ..അല്പം എങ്കിലുംപണ്ടെന്നോടുണ്ടായിരുന്ന ഇഷ്ടമുണ്ടേൽ നീ എന്റെയൊപ്പം വരണം. “”വാസുദേവൻ ജയന്തിയുടെ കൈ പിടിച്ചു.

അയാളുടെ കണ്ണുകളിൽ നോക്കി വിസമ്മതം പറയുവാൻ അവൾക്കാകു മായിരുന്നില്ല .തിരിഞ്ഞു നോക്കി നിറഞ്ഞ കണ്ണുകൾ കൊണ്ട് മാപ്പിരന്നു കൊണ്ട് അയാളുടെ കൈ പിടിച്ചവൾ ആ ഇടവഴിയിലൂടെ നടന്നപ്പോൾ വാസുദേവൻ കമ്മ്യൂണിസ്റ്റ് പച്ച റോഡിലേക്ക് കയറുന്ന സ്ഥലത്ത് ഒടിച്ചിടുന്നുണ്ടായിരുന്നു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *