മോന്റെ കയ്യിൽ പൈസ ഒന്നുമില്ല എന്നാണ് അവൻ പറഞ്ഞതെന്ന് തോന്നുന്നു. എന്താണ് കാര്യം എന്നറിയാൻ ഞാൻ അവരുടെ കയ്യിൽ നിന്നും മൊബൈൽ വാങ്ങി…….

എഴുത്ത് :- ഹക്കീം മൊറയൂർ

റമളാൻ അവസാനത്തെ പത്തിലാണ് ആ ഉമ്മ കടയിലേക്ക് വന്നത്. ഉമ്മയെന്നു പറഞ്ഞാൽ ഒരു വലിയുമ്മ. അവർക്ക് അറുപതിനു മുകളിൽ പ്രായം തോന്നിക്കുമായിരുന്നു. കൂടെ പത്തു വയസ്സോളം പ്രായം തോന്നിക്കുന്ന ഒരു ആൺ കുട്ടിയും ഉണ്ട്.

അവരുടെ കയ്യിലുള്ള ഇരുപത് രൂപയുടെ ഒരു മുഷിഞ്ഞ നോട്ട് അവർ എന്റെ നേരെ നീട്ടി. അതിന്റെ കൂടെ പഴയ ഒരു മൊബൈലും.

അവരുടെ ആവശ്യം 20 രൂപയുടെ റീചാർജ് ആണ്. ഞാൻ ജോലി ചെയ്യുന്ന കടയുടെ തൊട്ടടുത്തുള്ള മൊബൈൽ ഹോൾസെയിൽ കടയിൽ റീചാർജ് ചെയ്യുന്നുണ്ട് എന്ന് കരുതി വന്നതാണ്. അത് 9 മണിക്ക് ശേഷമേ തുറക്കൂ. സമയം എട്ടര ആവുന്നതേയുള്ളൂ. അവിടെ റീചാർജ് ഇല്ല എന്ന സത്യം ഈ ഉമ്മാക്ക് അറിയില്ലായിരുന്നു.

ടൂൾസ് കടയിൽ മൊബൈൽ റീചാർജ് ഉണ്ടാവില്ല എന്ന സത്യമൊന്നും ആ ഉമ്മാക്ക് അറിയില്ല. ആർക്കോ അത്യാവശ്യ മായി ഫോൺ ചെയ്യേണ്ട ആവശ്യം ഉള്ളത് കൊണ്ടാണ് അവർ മൊബൈൽ എടുത്തു ഓടി വന്നത്.

ഞാൻ എന്റെ ഗൂഗിൾ പേ ഉപയോഗിച്ച് ആ നമ്പറിലേക്ക് റീചാർജ് ചെയ്തു കൊടുത്തു. അവരുടെ കൂടെയുള്ള പയ്യൻ മൊബൈലിൽ തിരഞ്ഞു ഒരു നമ്പർ കണ്ടെത്തി അതിലേക്ക് വിളിച്ചു ആ ഉമ്മാക്ക് കൊടുക്കുന്നത് കണ്ടു.

എന്താണ് അവർ തമ്മിൽ സംസാരിച്ചത് എന്നറിയില്ല. ആ ഉമ്മയുടെ കണ്ണുകൾ നിറഞ്ഞിരുന്നു. ഞാൻ ആ പയ്യനോട് കാര്യം തിരക്കി. അവന്റെ ഉപ്പാക്ക് അതായത് ആ ഉമ്മയുടെ മോനാണ് അവർ വിളിക്കുന്നത്.

ഫോൺ വെച്ചതും ഞാൻ അവരോട് കാര്യങ്ങൾ ഒക്കെ തിരക്കി മനസ്സിലാക്കി.

ആ വലിയുമ്മ കാവനൂർ സ്വദേശിനിയല്ല. നിലമ്പൂർ ഭാഗത്ത്‌ എവിടെയോ ആണ് അവരുടെ വീട്. അവരുടെ പേര കുട്ടിയാണ് കൂട്ടത്തിൽ ഉള്ളത്. അവരുടെ മകന് നാട്ടിൽ എന്തൊക്കെയോ ചെറിയ കച്ചവടങ്ങൾ ഉണ്ടായിരുന്നു. എങ്ങനെയോ അത് നഷ്ടത്തിലായി. അത് ഒന്ന് നന്നാക്കി എടുക്കാൻ ഉള്ള വീടിന്റെ ആധാരം വെച്ചു ബാങ്കിൽ നിന്നും ലോണെടുത്തു.

കൊറോണ വന്നപ്പോ തിരിച്ചടവ് മുടങ്ങി. പ്രളയവും കൊറോണയും എല്ലാം കൂടെ അയാളുടെ കിടപ്പാടം നഷ്ടപ്പെടുത്തി. ആരുടെ യൊക്കെയോ സഹായം കൊണ്ട് ആധാരം തിരിച്ചെടുത്തു ആ വീട് വിറ്റ് കടം കുറച്ചു വീട്ടി ഇപ്പോൾ കാവനൂർ ഭാഗത്ത്‌ വാടക വീട്ടിൽ താമസിക്കുന്നു.

മകന്റെ ഭാര്യ അല്ലറ ചില്ലറ പണിക്ക് ഒക്കെ പോയാണ് ആ കുടുംബം ഇപ്പോൾ കഴിയുന്നത്. മകൻ ബാംഗ്ലൂരിലേക്ക് ജോലിക്ക് പോയിരിക്കുകയാണ്. അവിടെ നിന്നും അവൻ പൈസ ഒന്നും അയക്കുന്നില്ല എന്നാണ് അവരുടെ സങ്കടം. വീട്ടു വാടക കൊടുക്കാനും കുട്ടികൾക്ക് വസ്ത്രം എടുക്കാനും പെരുന്നാളിന് ചിലവിനുമൊക്കെയായി കുറച്ചു പൈസ അയക്കാനാണ് അവർ മോനോട് പറയുന്നത്.

മോന്റെ കയ്യിൽ പൈസ ഒന്നുമില്ല എന്നാണ് അവൻ പറഞ്ഞതെന്ന് തോന്നുന്നു. എന്താണ് കാര്യം എന്നറിയാൻ ഞാൻ അവരുടെ കയ്യിൽ നിന്നും മൊബൈൽ വാങ്ങി നമ്പർ എടുത്തു എന്റെ ഫോണിൽ നിന്നും വിളിച്ചു.

അപ്പോഴാണ് ഞാൻ ആ സത്യം അറിയുന്നത്. ജോലിക്കിടെ ഉണ്ടായ ഒരു അപകടത്തിൽ പെട്ട് അയാൾ ഇപ്പോൾ അവിടെ ഒരു ഹോസ്പിറ്റലിൽ അഡ്മിറ്റ് ആണ്. കയ്യിലുള്ള പൈസയൊക്കെ തീർന്നു. കൂടെയുള്ള ആൾക്കാരാണ് ഇപ്പോൾ അയാളെ നോക്കുന്നത്. സംസാരത്തിനിടെ അയാൾ കരയുന്നത് പോലെ തോന്നിയപ്പോൾ ഞാൻ ഫോൺ കട്ട് ചെയ്തു.

അവർ ഈ നാട്ടുകാർ അല്ലാത്തത് കൊണ്ടും വാടകക്ക് താമസിക്കുന്നത് കൊണ്ടും താമസിക്കുന്ന സ്ഥലത്തുള്ള ആളുകൾക്കൊന്നും അവരെ അറിയില്ല. അഭിമാനം കൊണ്ട് ആ സാധു സ്ത്രീ മറ്റുള്ളവരുടെ മുന്നിൽ കൈ നീട്ടാനും മടിക്കുന്നു. കയ്യിലുള്ള ഏകദേശ തുകയും തീർന്നതിനു ശേഷമാണ് അവർ മോനെ വിളിക്കാൻ മൊബൈൽ എടുത്തു വന്നത്. എന്നാൽ അയാളുടെ ഭാര്യക്ക് സത്യങ്ങൾ എല്ലാം അറിയാമായിരുന്നു. ഉമ്മയെ സങ്കടപ്പെടുത്തണ്ട എന്ന് കരുതി അവർ പറയാത്തതാണ്.

എനിക്കവരെ എങ്ങനെയെങ്കിലും സഹായിക്കണം എന്ന് തോന്നി. എന്റെ കയ്യിലാണെങ്കിൽ പൈസയും കുറവാണ്.

എങ്ങനെയാണു ഇവിടെ എത്തിയത് എന്ന് ചോദിച്ചപ്പോൾ അവർ അറിയുന്ന ഒരു സ്ത്രീ ഇവിടെ അടുത്ത് താമസം ഉണ്ടെന്നും അവരെ കാണാനാണ് വന്നതെന്നുമാണ് അവർ പറഞ്ഞത്. അവരുടെ വീട്ടിൽ ചെന്നപ്പോൾ അവർ സ്ഥലത്തില്ല.

അവരുടെ അവസ്ഥ കണ്ടപ്പോൾ എന്നേ കൊണ്ട് കഴിയുന്ന ഒരു സഹായം ഞാൻ ചെയ്തു കൊടുത്തു. അവർ താമസിക്കുന്ന സ്ഥലമൊക്കെ ഏകദേശം മനസ്സിലാക്കുകയും ആ ഉമ്മയുടെ നമ്പർ വാങ്ങി വെക്കുകയും ചെയ്തു.

ഈ വിഷയം ഞാൻ ഒരാളോട് സംസാരത്തിനിടെ സൂചിപ്പിച്ചു. മറ്റുള്ള കാര്യങ്ങൾ സംസാരിക്കുന്നതിനിടെ പറഞ്ഞു പോയതാണ്. അദ്ദേഹം അവരുടെ നമ്പർ വാങ്ങിയപ്പോൾ വെറുതെ വാങ്ങുകയാണ് എന്നാണ് ഞാൻ കരുതിയത്.

എന്നാൽ പിറ്റേ ദിവസം തന്നെ അദ്ദേഹം നേരിട്ട് പോയി കുറെ സാധനങ്ങളും തുണി എടുക്കാനുള്ള പൈസയും വീട്ട് വാടകയും ഒക്കെ കൊടുത്തു എന്നറിഞ്ഞപ്പോൾ ഞാൻ അത്ഭുതപ്പെട്ടു.

കാരണം ആ സുഹൃത്ത് അറുത്ത കൈക്ക് ഉപ്പ് തേക്കാത്തവ നാണ് എന്നാണ് ഞാൻ കരുതിയിരുന്നത്. പക്ഷെ ഈ വിഷയം അവൻ എന്നോട് ഇത് വരെ പറഞ്ഞില്ല. ഞാൻ അവനോടും ചോദിച്ചില്ല.

ഞാൻ ഇത് മനസ്സിലാക്കിയത് ആ ഉമ്മയിൽ നിന്നാണ്. സാധനം കൊണ്ട് വന്ന ആളുടെ അടയാളം പറഞ്ഞപ്പോൾ എനിക്കു പെട്ടെന്ന് തന്നെ ആളെ മനസ്സിലായി.

ചിലർ അങ്ങനെയാണ്. നാട്ടുകാർക്ക് അവൻ പിശുക്കനാണ്. പക്ഷെ ആവശ്യമുള്ളവർക്ക് ആവശ്യമുള്ള സമയത്ത് അവനെ കൊണ്ട് കഴിയുന്ന സഹായവുമായി അവനെത്തും. ആരും അറിയാതെ അവൻ അത് ചെയ്തിരിക്കും.

ഇന്നലെ കണ്ടപ്പോൾ ഞാൻ ഏറെ നേരം അവനോട് സംസാരിച്ചു. നല്ല ഹൃദയമുള്ളവരോട് സംസാരിക്കുമ്പോൾ മനസ്സിന് കിട്ടുന്ന റാഹത്ത് എന്താണെന്നു ഞാൻ ശരിക്കും അനുഭവിച്ചു.

പലപ്പോഴും അങ്ങനെയാണ്. ലോക മാന്യം കരുതാത്തവർ ചെയ്യുന്നത് പടപ്പുകൾ അറിയണമെന്നില്ല. പക്ഷെ പടച്ചവൻ അറിയണം എന്നവർ ആഗ്രഹിക്കുന്നു. പടച്ചവൻ മാത്രമേ അറിയാവൂ എന്നും.

സ്നേഹം സ്നേഹിതാ. നിറഞ്ഞ സ്നേഹം.

Related Posts

Leave a Reply

Your email address will not be published. Required fields are marked *