മോളെ നേഹ മോൾ വളർന്നു വരികയാണ്… പത്താം ക്ലാസ്സിൽ പഠിക്കുന്ന കുട്ടിയാണ് അവൾ… കുറേശ്ശേ വീട്ടുജോലികൾ അവളെക്കൊണ്ട് ചെയ്യിച്ചു കൂടെ……

അർപ്പിത

Story written by Jolly Shaji

ഹോസ്പിറ്റൽ ബിൽ അടച്ചു പപ്പാ റൂമിൽ എത്തുമ്പോൾ കാതറിൻ ബാഗിലേക്ക് ഡ്രസ്സ്‌ ഒക്കെ എടുത്തു വെക്കുകയാണ്..

“എന്തിനാ മോളെ നീ ഇതൊക്കെ ചെയ്യുന്നത്.. ഞാൻ വന്നിട്ട് ചെയ്‌തോളില്ലേ…”

“പപ്പാ ഇപ്പൊ തന്നെ എന്നേ ശുശ്രൂഷിച്ച് ആകെ ടയഡ് ആയി… ഇതൊക്ക എനിക്ക് ചെയ്യാൻ പറ്റുന്ന കാര്യമല്ലേ…”

അവൾ നേർത്ത പുഞ്ചിരിയോടെ പറഞ്ഞു..

“അതല്ല മോളെ.. നിനക്ക് നല്ല ഷീണം ഉണ്ട്‌… കീമോ കഴിഞ്ഞു കുറച്ചു ദിവസത്തേക്ക് ബുദ്ധിമുട്ട് ഉണ്ടാവുക പാതിവല്ലേ…”

“സാരമില്ല പപ്പാ… ഇന്ന് വീട്ടിലെത്തിയാലും ഒക്കെ ഞാൻ തന്നെ ചെയ്യേണ്ടേ…”

“മോളെ പപ്പാ പറയുമ്പോൾ മോൾക്ക് ബുദ്ധിമുട്ട് ഒന്നും തോന്നരുത്…”
.
പപ്പക്ക് എന്തോ പറയാൻ ഉണ്ടെന്നു കാതറിന് തോന്നി…

“എന്താ പപ്പാ ഇങ്ങനൊക്കെ പറയുന്നത്.. പപ്പാ പറയു..”

“മോളെ നേഹ മോൾ വളർന്നു വരികയാണ്… പത്താം ക്ലാസ്സിൽ പഠിക്കുന്ന കുട്ടിയാണ് അവൾ… കുറേശ്ശേ വീട്ടുജോലികൾ അവളെക്കൊണ്ട് ചെയ്യിച്ചു കൂടെ ഇനി..”

പെട്ടന്ന് കാതറിൻ തല താഴ്ത്തി…

“അതൊക്ക തന്നെ പഠിച്ചോളും പപ്പാ… റോയ്‌സിന് ഇഷ്ടമില്ല കുട്ടികളെകൊണ്ട് ജോലി ചെയ്യിക്കുന്നത്… അതുകൊണ്ട് ഞാനും നിർബന്ധിക്കാറില്ല…”

“പെൺകുട്ടി അല്ലെ മോളെ അവൾ.. നാളെ മറ്റൊരു വീട്ടിൽ ചെന്നു കേറേണ്ടവൾ… ആളുകൾ കുറ്റപ്പെടുത്തുക അമ്മയെ ആവും…”

“എല്ലാം എനിക്കറിയാം പപ്പാ… പക്ഷേ ഞാൻ വെറും വൈയ്സ്റ്റ് ആണ് ആ വീട്ടിൽ…”

പെട്ടന്ന് അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു….

“ആഹാ… കരയുന്നോ… നിന്നെ കരയിക്കാൻ അല്ല പപ്പാ പറഞ്ഞത്… മം അത് പൊട്ടെ… വേഗം പോകാൻ നോക്കാം നമുക്ക്…”

അയാൾ സാധനങ്ങൾ ഓരോന്ന് പെട്ടിയിൽ ആക്കി…അപ്പോളാണ് കാതറിന്റെ ഫോൺ ബെല്ലടിച്ചത്…

“ആഹാ നേഹ മോൾ ആണല്ലോ… അവളെക്കുറിച്ച് പറഞ്ഞു തീരും മുന്നേ ദേ വിളിച്ചല്ലോ…”

പപ്പ ഫോൺ എടുത്തു കാതറിന് നേരെ നീട്ടി..

“ഹലോ മോളെ… മമ്മ ദേ ഡിസ്ചാർജ് ആയി… ബിൽ അടച്ചു… ഒരു മണിക്കൂറിനുള്ളിൽ എത്തും കേട്ടോ…”

നേഹ ഇങ്ങോട് ഒന്നും ചോദിക്കും മുന്നേ കാതറിൻ സന്തോഷത്തോടെ അവളോട്‌ സംസാരിച്ചു…

“മമ്മാ ഞാൻ ഒരു കാര്യം പറയാനാണ് വിളിച്ചത്…”

നേഹയുടെ നേർത്ത ശബ്‍ദം കാതറിനിൽ പരിഭ്രാന്തി നിറച്ചു…

“എന്താ മോളെ എന്തുപറ്റി നോയലിന് എന്തേലും പ്രശ്നം ഉണ്ടോ.. മോള് ഫുഡ്‌ കഴിച്ചില്ലേ… എന്താ വല്ലാതെ റ്റയേഡ് ആയത് പോലെ സംസാരിക്കുന്നല്ലോ…”

“ഒന്നുല്ല മമ്മാ… പ്ലീസ് മമ്മാ എനിക്ക് ഒന്ന് പറയാൻ അവസരം തരൂ…”

നേഹയുടെ ശബ്ദം ദേഷ്യത്തോടെ ആയെന്നു കാതറിൻ തിരിച്ചറിഞ്ഞു..

“മം ശരി നീ പറയു…”

“പബ്ലിക് എക്സാം തുടങ്ങാൻ പോകുവല്ലേ… എനിക്ക് ഇനി സ്റ്റഡി ലീവ് ആണ്…”

“നന്നായി… പഠിക്കാൻ സമയം കിട്ടുമല്ലോ..”
.
“അതേ.. പക്ഷേ ഒരു പ്രശ്നം ഉണ്ട്‌…”

“എന്താ നേഹാ… മോള് പറയു…”

“മമ്മാ ടീച്ചർ പറഞ്ഞു കമ്പയിൻ സ്റ്റഡി ആവും പഠിക്കാൻ ഒന്നുകൂടെ ബെറ്റർ എന്ന്…”

“അതിനെന്താ മോളെ… നിന്റ ഫ്രണ്ട്‌സ് ഒക്കെ ആയി പഠിക്കാമല്ലോ നിനക്ക്…”

“പഠിക്കാം മമ്മാ പക്ഷേ അവർ പറയുന്നു നമ്മുടെ വീട്ടിലേക്കു വരാം എന്ന്..”

“അത് നന്നായി… മോൾടെ യാത്ര കുറയും.. എനിക്ക് ശ്രദ്ധിക്കുകയും ചെയ്യാമല്ലോ…”

“അത് ശേരിയാവില്ല മമ്മാ…”

“എന്താ കുട്ടി പ്രശ്നം… നീ തുറന്നു പറഞ്ഞാൽ അല്ലെ എനിക്ക് മനസ്സിലാകു…”

“അത് മമ്മാ… മമ്മയുടെ അസുഖത്തെ കുറിച്ച് ഞാൻ ആരോടും പറഞ്ഞട്ടില്ല…”

“അത് സാരമില്ല മോളെ… അവർ വരുമ്പോൾ അറിഞ്ഞാൽ മതി…”

“വേണ്ട…. അവർ അറിയേണ്ട എന്റെ മമ്മാ ഒരു ക്യാൻസർ പേഷ്യന്റ് ആണെന്ന്…. മമ്മയുടെ മുടിയില്ലാത്ത തലയും കഴുത്തിൽ തുളച്ചിട്ടിരിക്കുന്ന ട്യൂബും എനിക്ക് പലപ്പോളും വെറുപ്പ്‌ ഉണ്ടാക്കിയിട്ടുണ്ട്… അപ്പോൾ ആദ്യം കാണുന്ന അവർക്കോ…”

“മോളെ…. “

നേഹയുടെ സംസാരം കേട്ട കാതറിൻ ഞെട്ടി തരിച്ചു പോയി… അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി…

“മമ്മാ ഇമോഴണൽ ആകാൻ അല്ല ഞാൻ പറഞ്ഞത്… എനിക്ക് എന്റെ കാര്യം പറഞ്ഞെ പറ്റു… എനിക്ക് എന്റെ ലൈഫ് ആണ് വലുത്…”

തന്റെ മകൾ വളർന്നു തുടങ്ങിയിരിക്കുന്നു… ഫോൺ ചെവിയിൽ വെച്ച കാതറിൻ മിണ്ടാതെ എല്ലാം കേട്ടിരുന്നു…

“തത്കാലം മമ്മാ അപ്പാപ്പയുടെ കൂടെ പൊയ്ക്കോ… ഇവിടെ എനിക്കും നോയലിനും ഒരു കുറവും ഇല്ലാതെ പപ്പ നോക്കുന്നുണ്ട്… മമ്മ വന്നാൽ പപ്പക്ക് മാമ്മയേക്കൂടി നോക്കേണ്ടി വരും…”

“മോളെ ഞാൻ…”

“മമ്മ ഇനിയൊന്നും പറയേണ്ട… പപ്പാ ആവശ്യത്തിന് ക്യാഷ് ഇട്ടു തന്നോളും… ഇടയ്ക്കു ഞങ്ങൾ വിളിക്കാം… ട്യൂബൊക്കെ മാറ്റുമ്പോൾ മമ്മയെ ഇങ്ങു കൊണ്ടുവരാം… അപ്പാപ്പക്കും ഒരു കൂട്ട് ആവട്ടെ… ന്നാ ശരി…”

അത്രയും പറഞ്ഞു നേഹ ഫോൺ കട്ട് ചെയ്തു… അനക്കം ഒന്നുമില്ലാതെ ഇരിക്കുന്ന അവളെ പപ്പ വിളിച്ചു…

“മോളെ… അവളെന്തു പറഞ്ഞു…”

ഒരു പൊട്ടിക്കരച്ചിൽ ആയിരുന്നു കാതറിന്റെ മറുപടി…

“നീ കരയല്ലേ… ഞാൻ റോയ്‌സിനെ ഒന്ന് വിളിച്ചു നോക്കട്ടെ…”

“വേണ്ട പപ്പാ റോയിച്ചൻ എന്നെ എന്നേ മറന്നു തുടങ്ങി.. ഇപ്പൊ എന്റെ മക്കളും…. വാ പപ്പാ നമുക്ക് പോകാം…”

കാതറിൻ പപ്പയെയും കൂട്ടി ഹോസ്പിറ്റലിൽ നിന്നും ഇറങ്ങി… പപ്പയാണ് കാർ ഡ്രൈവ് ചെയ്യുന്നത്…

വളരെ ശ്രദ്ധയോടെ സൈലന്റ് ആയിരുന്നു ഡ്രൈവ് ചെയ്യുന്ന പപ്പയെ കാതറിൻ സൂക്ഷിച്ചു നോക്കി… ആ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് അവൾ തിരിച്ചറിഞ്ഞു…

“പപ്പാ… നമുക്ക് നേരെ വാഗമൺ പോകാം…”

“എന്താ മോളെ നീ പറയുന്നത്… വയ്യാത്ത നിന്നെയും കൊണ്ട് രണ്ടുമൂന്നു മണിക്കൂർ യാത്ര ചെയ്തു വാഗമൺ പോകാനോ…”

“സമയം അതിന്റെ വഴിക്കു പൊയ്ക്കോട്ടേ… നമുക്ക് നമ്മുടെ വഴിക്കും പോകാം പപ്പാ…”

കാതറിന്റെ നിർബന്ധങ്ങൾ എന്നും സാധിച്ചു കൊടുത്തിരുന്ന അവളുടെ പപ്പാ ഈ ആഗ്രഹവും സാധിച്ചു കൊടുക്കാൻ അവളെയും കൊണ്ട് കോട്ടയത്തുനിന്നും ഈരാറ്റുപേട്ട വഴിക്കു വണ്ടി തിരിച്ചു വിട്ടു… തീക്കോയി പിന്നിട്ടു കാർ വാഗമൺ കയറ്റത്തിലേക്കു കയറിതുടങ്ങിയപ്പോളേക്കും കാതറിൻ മറ്റേതോ ലോകത്തേക്ക് എത്തിയതുപോലെ ആയിതുടങ്ങിയിരുന്നു… കൊച്ചു കുട്ടികളെപ്പോലെ മലകളിലൂടെയുള്ള യാത്ര അവൾ ആസ്വദിക്കുകയായിരുന്നു…. ഇടയ്ക്കു വണ്ടി നിർത്തി അവർ ടൗണിൽ നിന്നും വാങ്ങിയ ജ്യുസും സ്നാക്സും കഴിച്ചു… ഇന്നലെ കീമോ കഴിഞ്ഞ ഒരു രോഗിയാണ് തന്റെ മകളെന്ന് ആ പിതാവിന് തോന്നിയതെ ഇല്ല..

വാഗമൺ മൊട്ട കുന്നിന് സമീപത്തു കാർ എത്തുമ്പോൾ സമയം മൂന്നരയോട് അടുത്തിരുന്നു…. വെയിലിന്റെ ചൂടു തീരെ കുറഞ്ഞിരുന്നു… തണുത്ത കാറ്റു വീശിയടിക്കുന്നതിനാൽ ചൂട് അനുഭവപ്പെട്ടെ ഇല്ല..

കുറച്ചു ദൂരെയുള്ള മൊട്ടക്കുന്നിലേക്ക് കൈചൂണ്ടി കാതറിൻ പപ്പയോടായി പറഞ്ഞു…

“നമുക്ക് ദേ അങ്ങോടു പോകാം… ആ കുന്നിൻ മുകളിൽ അൽപനേരം സ്വസ്ഥമായി എനിക്കിരിക്കണം….”

.. പെട്ടന്നാണ് അവളുടെ മമ്മിയുടെ ചിന്ത അയാളിലേക്ക് കടന്നുവന്നത്… കാതറിന്റെ അതേ അസുഖം ആയിരുന്നു അവളുടെ മമ്മിക്കും… കാതറിന് ഒൻപതു വയസ്സ് പ്രായം ഉള്ളപ്പോൾ അവളുടെ മമ്മി മരിച്ചു… പിന്നെ ഇങ്ങോട് ജീവിച്ചത് മോൾക്ക്‌ വേണ്ടിയായിരുന്നു…

കാതറിന്റെ മമ്മിയുടെ അവസാന നാളുകളിൽ അവൾക്കും ഈ മലമുകളിൽ കയറിയിരിക്കണം എന്ന ആഗ്രഹം ആയിരുന്നു… ആ വരവിനു ശേഷം ഒരാഴ്ച മാത്രമാണ് അവർക്ക് ആയുസ്സ് ഉണ്ടായിരുന്നത്… അയാളുടെ കണ്ണുകൾ നിറഞ്ഞൊഴുകി. അപ്പോളേക്കും കാതറിൻ അങ്ങ് മുകളിൽ എത്തിയിരുന്നു….

ഒരു കൊച്ചു കുട്ടിയെപ്പോലെ പൊട്ടിച്ചിരിച്ചുകൊണ്ട് അവൾ ആ മൊട്ടക്കുന്നിലൂടെ യദേഷ്ടം കറങ്ങി നടന്നു… താഴെ തടാകത്തിൽ ബോട്ട് സവാരിക്കൂ പോയി… അതെല്ലാം കണ്ട് ആ പിതാവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി… തന്റെ മകൾ വീണ്ടും ബാല്യത്തിലേക്കു തിരിച്ചെത്തിയിരിക്കുന്നു…

സൂര്യൻ അസ്തമിച്ചു തുടങ്ങിയപ്പോളാണ് അവർ അവിടുന്ന് മടങ്ങാൻ തീരുമാനിച്ചത്…

“പപ്പാ തിരിച്ചു പോകുമ്പോൾ കാർ ഞാൻ ഓടിക്കാം കേട്ടോ…”

അവളുടെ പെട്ടന്ന് ഉള്ള സംസാരം വല്ലാത്തൊരു ഉറപ്പോടെ ഉള്ളതായിരുന്നു…

“വേണ്ട മോളെ… നിനക്ക് റസ്റ്റ്‌ ആവശ്യമാണ്… ഞാൻ ഓടിക്കാം…”

പക്ഷേ അവളുടെ വാശിക്ക് മുന്നിൽ അദ്ദേഹത്തിന് വഴങ്ങിയേ പറ്റുമായിരുന്നുള്ളു…

ഒരുപാട് സംസാരിച്ച് അവൾ ഒരുപാട് സന്തോഷത്തോടെ ആയിരുന്നു യാത്ര..

“പപ്പാ പേടിയുണ്ടോ ഞാൻ ഓടിക്കുമ്പോൾ കൂടെ ഇരിക്കാൻ…”

“എന്തിനു പേടിക്കുന്നു എന്റെ മോൾ അല്ലെ കൂടെയുള്ളത്….”

“എല്ലാവർക്കും സ്വന്തം ജീവൻ അല്ലെ പപ്പാ വലുത്… അതുകൊണ്ട് ചോദിച്ചതാണ്…”

“എന്റെ ജീവൻ എന്റെ മോളാണ്… നിന്നോടൊപ്പമുള്ള സമയമാണ് ഞാൻ ഏറെ സന്തോഷിക്കുന്നത്…”

ഇരുട്ടുവീണ വഴികളിലൂടെ കാതറിൻ പപ്പയെയും കൊണ്ട് അത്യാവശ്യം വേഗത്തിൽ തന്നെ ആണ് കാർ ഓടിച്ച് വാഗമൺ മലനിരകൾക്ക് ഇടയിലൂടെ താഴേക്കു ഇറങ്ങിക്കൊണ്ടിരുന്നത്…

രണ്ടാം ദിവസത്തെ പ്രമുഖ പത്രങ്ങളിലെല്ലാം നിറഞ്ഞു നിന്നത് ആ വാർത്ത ആയിരുന്നു…

“വാഗമൺ പോയി തിരികെ വന്ന കാർ നിയന്ത്രണം വിട്ട് താഴെ കൊക്കയിലേക്ക് മറിഞ്ഞ് പിതാവും മകളും മരണമടഞ്ഞു…..”

Related Posts

Leave a Reply

Your email address will not be published. Required fields are marked *