മോള് പോണം. മരിക്കുന്നതിന് മുമ്പുള്ള ആസിഫിന്റെ അവസാനത്തെ ആഗ്രഹമല്ലേ, നിന്റെയും മക്കളുടെയും കൂടെ ഒരു ദിവസം ചിലവഴിക്കണമെന്ന്…..

Story written by Shaan Kabeer

“മോള് പോണം. മരിക്കുന്നതിന് മുമ്പുള്ള ആസിഫിന്റെ അവസാനത്തെ ആഗ്രഹമല്ലേ, നിന്റെയും മക്കളുടെയും കൂടെ ഒരു ദിവസം ചിലവഴിക്കണമെന്ന്”

ഷംന ഉപ്പയെ നോക്കി

“ഞാൻ എങ്ങനാ പോവാ ഉപ്പാ. എന്നേം മക്കളേം വേണ്ടാന്ന് പറഞ്ഞ് വീട് വിട്ട് ഇറങ്ങിയതല്ലേ ആസിഫിക്ക. അന്ന് ദേഷ്യം കൊണ്ട് ഞാൻ എന്തൊക്കെയോ പറഞ്ഞു ആ പാവത്തിനെ. എന്നോട് വെറുപ്പുണ്ടാവില്ലേ ഇക്കാക്ക്…?എനിക്കറിയില്ലായിരുന്നല്ലോ ഒന്നും”

ഷംന തേങ്ങി കരഞ്ഞു. ഉപ്പ അവളെ നോക്കി

ആസിഫിന് നിന്നോട് ഒരു ദേഷ്യവുമില്ല. നീ അവനെ വെറുത്തിട്ടെങ്കിലും മറ്റൊരു ജീവിതം തിരഞ്ഞെടുക്കുമെന്ന് കരുതിയാണ് അവനന്ന് അങ്ങനൊക്കെ ചെയ്തേ. അസിഫാണ് എന്നെ വിളിച്ച് നിന്നെ കൊണ്ട് സമ്മതിപ്പിക്കാൻ ആവശ്യപ്പെട്ടത്. ഒന്നുമില്ലേലും ആറേഴ് കൊല്ലം നിന്നേയും മക്കളേയും പൊന്നുപോലെ നോക്കിയതല്ലേ”

ഒന്ന് നിറുത്തിയിട്ട് ഉപ്പ ഷംനയെ നോക്കി

“നിന്നെയും മക്കളെയും കണ്ട് കുറച്ച് സമയം നിങ്ങളോടൊപ്പം ചിലവഴിച്ച് അവസാനത്തെ ആഗ്രഹവും സാധിച്ച് അവൻ സമാധാനത്തോടെ മരിക്കട്ടെ. അവന്റെ ആത്മാവെങ്കിലും സന്തോഷിക്കട്ടെ”

ഷംനയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. തന്നെയും മക്കളെയും ജീവന് തുല്യം സ്നേഹിച്ചിരുന്ന ആസിഫിക്ക ക്യാൻസർ എന്ന രോഗത്തിന് പിടി കൊടുത്ത് ഇനി ചികിത്സ കൊണ്ട് കാര്യമില്ല എന്ന് ഡോക്ടർ പറഞ്ഞപ്പോൾ തകർന്ന് പോകാതെ തന്റെ പാതിയേയും രണ്ട് പ്രാണനായ മക്കളേയും മറ്റൊരു സുരക്ഷിതമായ കൈകളിൽ ഏല്പിക്കാനാണ് ആസിഫ് ആദ്യം ശ്രമിച്ചത്. അതിന് അവൻ തന്റെ അസുഖം മറച്ചുവെച്ച് ഷംനയോട് അനാവശ്യമായി തർക്കിച്ചും മാനസികമായി വേദനിപ്പിച്ചും അവളെ തന്നിൽ നിന്നും അകറ്റാൻ ശ്രമിച്ചു.

പക്ഷേ തന്നെ ജീവനുതുല്യം സ്നേഹിച്ചിരുന്ന ആസിഫിന്റെ പെട്ടെന്നുള്ള സ്വഭാവ മാറ്റം അവളെ വേദനിപ്പിച്ചെങ്കിലും അവൾ ഒരിക്കലും ആസിഫിനെ ഉപേക്ഷിച്ച് പോവാൻ ഒരുക്കമല്ലായിരുന്നു. ആസിഫിന് തന്റെ അസുഖത്തിന്റെ കാര്യം ഭാര്യയോടും മക്കളോടും പറയാനുള്ള ധൈര്യം ഇല്ലായിരുന്നു. എങ്ങനെയൊക്കെ വെറുപ്പിച്ചിട്ടും ഷംന തന്നെവിട്ട് പോകുന്നില്ല എന്നുകണ്ട ആസിഫ് അവളെ കൂടുതൽ മാനസികമായി തളർത്താൻ തുടങ്ങിയപ്പോൾ ആസിഫിനോട് ദേഷ്യപ്പെട്ട് ഷംന കുട്ടികളേയും കൂട്ടി തന്റെ വീട്ടിലേക്ക് പോയി. താൻ വീട്ടിൽ പോയി കുറച്ച് ദിവസം നിന്നാൽ ആസിഫിന്റെ ഈ സ്വഭാവത്തിലെ മാറ്റം അവസാനിക്കും എന്നവൾ കരുതി.

സാമ്പത്തികമായി ഒരുപാട് ബുദ്ധിമുട്ടുള്ള കുടുംബമായിരുന്നു ഷംനയുടേത്. അസിഫാണ് അവളുടെ വീട്ടിലെ കാര്യങ്ങൾ നോക്കിയിരുന്നത്. ആസിഫിന്റെ മാതാപിതാക്കൾ നേരത്തേ മരണപ്പെട്ടിരുന്നു. തന്റെ കാലശേഷം ഷംനയും കുട്ടികളും വഴിയാധാരമായി പോവരുത് എന്ന് ആസിഫിന് നിർബന്ധം ഉണ്ടായിരുന്നു. തന്റെ അസുഖ വിവരം അറിഞ്ഞാൽ ഒരിക്കലും അവൾ മറ്റൊരു വിവാഹത്തിന് സമ്മതിക്കില്ല എന്ന് ആസിഫിന് ഉറപ്പുണ്ടായിരുന്നു. തന്റെ പ്രാണൻ മറ്റൊരുവന്റെ പെണ്ണാകുന്നത് ഓർക്കുമ്പോൾ നെഞ്ച് പിടയുന്നുണ്ടെങ്കിലും തന്റെ കാലശേഷം അവർ സുരക്ഷിതരാവുമല്ലോ എന്നോർത്ത് ആസിഫ് സന്തോഷിച്ചു.

ഇനി ചികിൽസിച്ചിട്ട് കാര്യമില്ല എന്ന് ഡോക്ടർ പറഞ്ഞപ്പോൾ നെഞ്ച് പൊട്ടുന്ന വേദനയിലും അവൻ ചിരിക്കാൻ ശ്രമിച്ചു. അവൻ ഒരുപാട് യാത്രകൾ ചെയ്തു. തന്റെ ഒരുവിധം ചെറിയ ചെറിയ ആഗ്രഹങ്ങൾ സാധിച്ചു. ഇതിനിടയിൽ ഷംനയും കുട്ടികളും ആസിഫിനെ നിരന്തരമായി ബന്ധപ്പെടാൻ ശ്രമിക്കുന്നുണ്ടായിരുന്നു. പക്ഷേ, ആസിഫ് ഔട്ട്‌ ഓഫ് റീച്ച് ആയിരുന്നു.

അസുഖം കൂടുതൽ മൂർച്ഛിച്ചപ്പോൾ ഡോക്ടർ വിധി എഴുതി

“ഇനി കൂടിയാൽ രണ്ടോ മൂന്നോ ദിവസം…”

അങ്ങനെയാണ് ആസിഫ് തന്റെ അസുഖ വിവരവും അവസാനത്തെ ആഗ്രഹവും ഉപ്പയെ വിളിച്ച് പറഞ്ഞത്.

നാല് വയസ്സുള്ള മകനും ആറ് വയസ്സുള്ള മകളും തങ്ങളുടെ ഉപ്പയെ കാണാന്‍ പോവാന്‍ തിടുക്കം കൂട്ടി. ആ പിഞ്ചു പൈതങ്ങൾക്ക് അറിയില്ലായിരുന്നു തങ്ങൾക്ക് തുണയാകേണ്ട, ബലമാകേണ്ട, ധൈര്യം പകരേണ്ട ഉപ്പ എന്ന സത്യം എന്നന്നേക്കുമായി അസ്തമിക്കാൻ പോവുകയാണെന്ന സത്യം.

ഉപ്പയെ കാണാന്‍ പോവുമ്പോൾ പുത്തന്‍ ഉടുപ്പുകൾ അണിയണം എന്ന് മക്കള്‍ വാശിപിടിച്ചു. മുഖത്ത് പൗഡർ ഇടണം എന്ന് പറഞ്ഞ് മകള്‍ കരഞ്ഞു. മക്കള്‍ പറയുന്നതെല്ലാം ഷംന നിറകണ്ണുകളോടെ സാധിച്ചു കൊടുത്തു. അവളുടെ നെഞ്ച് പിടക്കുകയായിരുന്നു.

മക്കളെയും കൂട്ടി അവള്‍ താൻ പടിയിറങ്ങിയ വീട്ടിലേക്ക് ഒരിക്കൽ കൂടി കയറിച്ചെന്നു. തന്റെ ഒരുപാട് സ്വപ്‌നങ്ങൾ അവശേഷിച്ച ആ വീട്ടിലേക്ക്…

വീട് നന്നായി അലങ്കരിച്ചിട്ടുണ്ടായിരുന്നു. താടിയൊക്കെ ഒതുക്കി വെട്ടി ചിരിച്ച മുഖത്തോടെ ആസിഫ് അവളുടെ അടുത്തേക്ക് ചെന്നു. തങ്ങളുടെ ഉപ്പയെ കണ്ടതും മക്കള്‍ ഓടിപോയി കെട്ടിപ്പിടിച്ചു. ആസിഫ് തന്റെ മക്കളെ മാറി മാറി ചുംബിച്ചു. ഇതെല്ലാം കണ്ട് ഷംന തന്റെ കണ്ണില്‍ നിന്നും ഒഴുകുന്ന കണ്ണീര്‍ പിടിച്ചുവെക്കാൻ പാടുപെട്ടു. ആസിഫ് തന്റെ രണ്ടു മക്കളെയും എടുത്ത് ഷംനയുടെ അടുത്തേക്ക് പോയി

“എന്റെ ഷംന കരയാണോ..? അയ്യേ… കരഞ്ഞു കൊണ്ടാണോ എന്നെ യാത്രയാക്കുന്നത്…? വേണ്ട, കരയേണ്ട. ചിരിച്ച മുഖത്തോടെ നീയും മക്കളും എന്നെ യാത്രയാക്കണം. ഇനി മണിക്കൂറുകൾ മാത്രം അവശേഷിക്കുന്ന എന്റെ ഈ ജീവിതത്തില്‍ നിങ്ങളുടെ ചിരിച്ച മുഖങ്ങള്‍ മാത്രമേ എന്റെ മനസ്സില്‍ പാടൊള്ളൂ”

ഷംന തന്റെ ചുണ്ടുകള്‍ കടിച്ച് സങ്കടം ഉള്ളിലൊതുക്കി പുഞ്ചിരിച്ച് കൊണ്ട് തലയാട്ടി. ആസിഫ് കടയിൽ നിന്നും കൊണ്ടുവന്ന സാധങ്ങൾ അവൾക്ക് നേരെ നീട്ടി

“ന്റെ ഷംനാ, നിന്റെ കൈകൊണ്ട് ഉണ്ടാക്കിയ ഭക്ഷണം കഴിച്ചിട്ട് എത്ര കാലായി. നീ എന്തേലും ഉണ്ടാക്കിയെ. എന്നിട്ട് നമുക്ക് ഒന്നിച്ച് കഴിക്കാം”

അവൾ തലയാട്ടി സാധനങ്ങൾ എടുത്ത് കിച്ചണികേക്ക് പോയി. ആസിഫ് കുട്ടികളോടൊപ്പം കളിയും ചിരിയും പാട്ടുമായി ആഘോഷിച്ചു.

കുറച്ച് സമയത്തിന് ശേഷം ഷംന ഭക്ഷണം റെഡിയാക്കി ടേബിളിൽ നിരത്തി. ആസിഫ് അവരെ നോക്കി പുഞ്ചിരിച്ചു

“നിങ്ങള്‍ കഴിക്ക്, എനിക്ക് അത് കണ്ടാല്‍ മാത്രം മതി”

ഷംന ഒരുപിടി ചോറെടുത്ത് വായില്‍ വെച്ചു. പക്ഷെ അവള്‍ക്ക് അത് ചവച്ചിറക്കാനുള്ള ശക്തി ഇല്ലായിരുന്നു അപ്പോള്‍. അവള്‍ ദയനീയമായി ആസിഫിന്റെ ഒന്ന് നോക്കി. ആ സമയം അവരുടെ മകന്‍ ഒരുപിടി ചോറ് ആസിഫിന് നേരെ നീട്ടി

“ന്നാ ഉപ്പാ, ഉപ്പയും തിന്ന്, നല്ല രസണ്ട്”

ഇത് കണ്ടപ്പോള്‍ മകളും അവനു നേരെ ചോറ് നീട്ടി. രണ്ടു മക്കളും ആസിഫിന് മാറി മാറി ചോറൂട്ടി. പുഞ്ചിരിച്ച മുഖത്തോടെ അവന്‍ അത് കഴിച്ചു. ആസിഫ് ഷംനയെ അഭിമാനത്തോടെ നോക്കി

“ഈ മക്കൾ നിന്നെ കഷ്ടപ്പെടുത്തില്ലടീ”

ആസിഫിന്റെ സംസാരം കേട്ട് മക്കള്‍ രണ്ടു പേരും പരസ്പരം നോക്കി കണ്ണിറുക്കി ചിരിച്ചു. അവൻ രണ്ട് മക്കളേയും തുരുതുരാ ഉമ്മവെച്ചു.

“ന്റെ മക്കൾ വലുതായി കഴിഞ്ഞ് ഉമ്മാനെ പൊന്നുപോലെ നോക്കണം ട്ടൊ… ഈ ഉപ്പ നോക്കിയിരുന്ന പോലെ”

ആസിഫ് പറയുന്നത് കേട്ട് മക്കൾ തലയാട്ടി. അപ്പോഴേക്കും ഷംനയുടെ ഉപ്പ പുറത്ത് വന്ന് കാത്ത് നിൽക്കുന്നുണ്ടായിരുന്നു. ആസിഫ് അവരെ ഉപ്പയുടെ അടുത്താക്കി യാത്രയാക്കാൻ നേരം മക്കൾ ഉപ്പയും കൂടെ വാ എന്ന് പറഞ്ഞ് വാശിപിടിച്ച് കരഞ്ഞു. പക്ഷെ ആസിഫ് തിരിഞ്ഞു നോക്കിയില്ല. ഷംന എന്തോ പറയാന്‍ വന്നപ്പോള്‍ തന്റെ സ്വത്ത്‌ മുഴുവൻ ഷംനയുടെയും മക്കളുടേയും പേരിൽ ആക്കിയതിന്റെ രേഖകൾ ആസിഫ് അവളെ ഏൽപ്പിച്ച് അവരോട് തിരിച്ചു പോവാന്‍ ആവശ്യപ്പെട്ടു. മക്കളുടെ പൊട്ടിക്കരച്ചിൽ ആസിഫിന്റെ കാതുകളിൽ മുഴങ്ങി.

തിരിഞ്ഞ് നോക്കാതെ മുന്നോട്ട് നടന്ന ആസിഫ് അതുവരെ പിടിച്ചു വെച്ചിരുന്ന തന്റെ മനസ്സിനെ തുറന്നുവിട്ടു. കൊച്ചു കുട്ടികളെ പോലെ അവൻ തേങ്ങി കരഞ്ഞു.

തന്റെ ജീവനായ ഭാര്യയുടേയും മക്കളുടേയും ചിരിക്കുന്ന മുഖം മാത്രം മനസ്സില്‍ ഓര്‍ത്ത് തന്നെയും കാത്തിരിക്കുന്ന ഹോസ്പിറ്റൽ ആംബുലൻസിലേക്ക് ആസിഫ് നടന്നുനീങ്ങി. അപ്പോഴാണ് ആസിഫിന് ഒരുകാര്യം മനസിലായത് താൻ ഒറ്റക്കായിരുന്നില്ല, കൂടെ ഭാര്യയും കുട്ടികളും ഉണ്ടായിരുന്നു. ആസിഫ് അവരോട് പോവാൻ ആവശ്യപ്പെട്ടില്ല. തന്റെ ഭാര്യയെ ചേർത്ത് പിടിച്ച് അവൻ മുന്നോട്ട് നടന്നു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *